സ്വബ്ര്‍ വഴിയിലെ പെരുന്നാള്‍

സീനത്ത് ചെറുകോട് No image

ഇബ്റാഹീം പ്രവാചകന്റെ ക്ഷമയുടെയും ഈമാനിന്റെയും പടച്ചവനോടുള്ള ഇശ്ഖിന്റെയും ഓര്‍മകളിലേക്കുള്ള തീര്‍ഥയാത്രയാണ് ബലിപെരുന്നാള്‍. പ്രയാസങ്ങളുടെ പരീക്ഷണ കാലത്ത് ആശയും കരുത്തുമാണത്. ഇരുള്‍ വഴികള്‍ താണ്ടി റബ്ബിന്റെ സവിധത്തില്‍ എങ്ങനെ പുഞ്ചിരിച്ചെത്താമെന്ന വഴിവെളിച്ചം.
ഒഴുക്കിനനുസരിച്ചു നീന്തുക എന്നല്ല, സകല ഒഴുക്കുകള്‍ക്കുമെതിരെ നീന്തുക എന്നതാണ് ഇബ്റാഹീം നബിയും അദ്ദേഹത്തിന്റെ കുടുംബവും മനുഷ്യര്‍ക്കു നല്‍കുന്ന പാഠം. യുക്തിക്കു നിരക്കാത്ത പലതിനെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇബ്റാഹീം നബിയുടെ കുട്ടിക്കാലം. ആസറിന്റെ കൈകള്‍ കൊണ്ട് ഉണ്ടാക്കുകയോ വില്‍ക്കപ്പെടുകയോ ചെയ്യുന്ന 'ദൈവങ്ങളെ' പുഞ്ചിരിയോടെ ഇബ്റാഹീം (അ) ചെറുപ്പത്തില്‍ നോക്കിനിന്നിട്ടുണ്ടാവണം. കൊടുക്കാനോ തടുക്കാനോ കഴിയാത്ത കല്ലുകളോട് പ്രാര്‍ഥിക്കുന്നതിന്റെ നിരര്‍ഥകത ബോധ്യപ്പെട്ട അദ്ദേഹം പിതാവിന്റെ അയുക്തിക്കെതിരെ നിശ്ശബ്ദനായില്ല. 
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അന്ധവിശ്വാസങ്ങള്‍ക്കും നാട്ടുനടപ്പുകള്‍ക്കുമെതിരെയുള്ള കലഹമായിരുന്നു ഇബ്റാഹീം (അ) നടത്തിയത്. സന്ധിചെയ്ത് സുരക്ഷിത മേഖലയിലേക്ക് ഒതുങ്ങാതെ തുറന്നു പറഞ്ഞ് അനഭിമതനാവുക എന്ന ദൗത്യം തന്നെയാണ് അദ്ദേഹം ഏറ്റെടുത്തത്.
നക്ഷത്രത്തെയും ചന്ദ്രനെയും സൂര്യനെയും നോക്കി ഇതാണെന്റെ ദൈവമെന്നും ഓരോന്നു മാഞ്ഞുപോകുമ്പോഴും മായുന്നതിനെയും സ്വന്തമായി നിലനില്‍പ്പില്ലാത്തതിനെയും ദൈവമാക്കിക്കൂടാ എന്ന യുക്തി ഇബ്റാഹീം (അ) പറഞ്ഞുവെക്കുന്നുണ്ട്. അവിടെയാണ് സകല പ്രപഞ്ചങ്ങളുടെയും നാഥനായ ഏകനായ അല്ലാഹുവിനെ ഇബ്റാഹീം(അ) അവതരിപ്പിക്കുന്നത്. അത് കല്ലും മരവുമല്ല, ഉറക്കവും മയക്കവുമില്ലാത്തവന്‍. സകല ആവശ്യങ്ങളും നിവര്‍ത്തിച്ചു തരാന്‍ കഴിയുന്ന മഹാശക്തി. ആ ശക്തിയിലുള്ള വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും പേരായിരുന്നു ഇബ്റാഹീം (അ).
അതുകൊണ്ടാണ് ആളിക്കത്തുന്ന തീയിനെ സ്നേഹത്തോടെ, ആത്മവിശ്വാസത്തോടെ നോക്കാന്‍ ഇബ്റാഹീം പ്രവാചകന് കഴിഞ്ഞത്. 'ഹസ്ബിയല്ലാഹ്' എന്ന് പ്രതിസന്ധികളില്‍ മനസ്സുരുകിപ്പറയുന്ന ഒരാളെ കൈവിടാന്‍ പടച്ചവനാകില്ലല്ലോ. അവിടെ തീയിന്റെ സ്വാഭാവിക ഘടനയും സ്വഭാവവും മാറ്റിനിര്‍ത്തപ്പെട്ടു. ചൂടിനു പകരം തണുപ്പെന്ന മഹാത്ഭുതം. അധിക പ്രഹര ശേഷിക്കു പകരം സമാധാനത്തിന്റെ സ്വഛത. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അദമ്യമായ സ്നേഹത്തിനു മുമ്പില്‍ പ്രകൃതിയുടെ സ്വാഭാവികതകള്‍ റദ്ദു ചെയ്യപ്പെട്ടേക്കാം. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നിഷ്‌കളങ്കതയാണ് ഇബ്റാഹീനുണ്ടായിരുന്നത്. സൃഷ്ടിപ്പിലോ ഗുണത്തിലോ സത്തയിലോ ഒന്നിലും ഒരു പങ്കുമില്ലാത്തവന്‍ തന്റെ സൃഷ്ടിയിലൊരുവനെ എന്റെ കൂട്ടുകാരന്‍ എന്നു പറയാന്‍ മാത്രം ചന്തമുള്ള ദൃഢതയാണത്.

ഹാജറ ആദ്യം ജയിച്ച പെണ്ണ് 
ആറ്റുനോറ്റുണ്ടായ കുഞ്ഞിനെയും ജീവന്റെ പാതിയായ ഇണയെയും ഫലശൂന്യവും ജലശൂന്യവും ജനശൂന്യവുമായ മക്കയില്‍ ഉപേക്ഷിച്ചുപോകുമ്പോള്‍  വിരഹത്തിന്റെയും ഏകാന്തതയുടെയും നൊമ്പരം ഒരു മനുഷ്യന്‍ എന്ന നിലക്ക് അദ്ദേഹം എത്ര അനുഭവിച്ചിട്ടുണ്ടായിരിക്കണം. 'ഞങ്ങളെ ഇവിടെ വിട്ട് എങ്ങോട്ടാണു താങ്കള്‍' എന്ന പ്രിയതമയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അദ്ദേഹം പിടഞ്ഞിരിക്കണം. പക്ഷേ, എനിക്കല്ലാഹു മതി, അവനാണു രക്ഷകന്‍ എന്ന മഹബ്ബത്തിന്റെ തലത്തിലേക്കു റബ്ബിനെ ചേര്‍ത്തുവെച്ച 'പടച്ചവന്റെ കൂട്ടുകാരന്' റബ്ബ് പറഞ്ഞിട്ടാണോ എന്ന പ്രിയതമയുടെ ചോദ്യത്തിന് അതേ എന്ന് സംതൃ
പ്തിയുടെ ഉത്തരമുണ്ടായിരുന്നു.
റബ്ബ് പറഞ്ഞിട്ടാണോ എന്നു ചോദിച്ച ഹാജറ(റ)യാണ് നാഗരികതകളുടെ ഉമ്മയായി മാറുന്നത്. അവരുടെ ബുദ്ധിപരമായ ഇടപെടലുകൊണ്ടായിരുന്നു സംസം ലോകത്തിന്റെ മുഴുവ
നും സ്വത്തായി മാറിയത്. എക്കാലത്തെയും തവക്കുലിന്റെയും വിശ്വാസത്തിന്റെയും ചോദ്യമാണ് ഹാജറ ബീവി 
പ്രിയതമനോട് അന്ന് ചോദിച്ചത്. ഏതു പ്രതിസന്ധികളിലും റബ്ബ് എന്ന നാമം 
പ്രിയമായി മനസ്സില്‍ കൊണ്ടുനടക്കുന്ന സമര്‍പ്പിതര്‍ക്കു മാത്രമേ അങ്ങനെയൊരു ചോദ്യം സാധ്യമാകൂ.
കണ്ണെത്തുന്ന ദൂരമത്രയും മണല്‍ക്കാടു മാത്രമുള്ള, വെള്ളമില്ലാത്തതി
നാല്‍ മനുഷ്യന്‍ മാത്രമല്ല ഒരു ജീവിയുടെയും ചെറുശബ്ദങ്ങള്‍ പോലുമില്ലാത്ത വിജനതയില്‍, ഇത്തിരി വെള്ളവും കാരക്കയും മാത്രം വെച്ച് ഭയാനകമായ ഏകാന്തതയില്‍ എങ്ങനെയാണ് ഒരു പെണ്ണിന് ഇത്രയും ധൈര്യമുണ്ടാവുക, ഒരു പരാതിയുമില്ലാതെ എങ്ങനെയാവും പ്രിയതമനെ അവര്‍ യാത്രയാക്കിയിട്ടുണ്ടാവുക. റബ്ബിനോടുള്ള അങ്ങേയറ്റത്തെ സ്നേഹവും അടുപ്പവും കൊണ്ടുമാത്രം സാധ്യമാകുന്നതാണ് അത്. 
ഭക്ഷണവും വെള്ളവും തീര്‍ന്ന് വിശന്നു കരയുന്ന കുഞ്ഞിനെ നോക്കി പ്രതീക്ഷയോടെ സ്വഫായിലേക്കും അവിടെനിന്ന് മര്‍വയിലേക്കും ഓടുന്ന ഹാജറ എന്ന പെണ്ണിനെ ഓര്‍ക്കു. തന്നേക്കാള്‍ തന്റെ കുഞ്ഞിന്റെ ജീവനുവേണ്ടി തകര്‍ന്ന ഹൃദയവും പ്രത്യാശയുടെ കണ്ണുകളുമായി ഹാജറ ഓടിത്തീര്‍ന്ന വെ
പ്രാള വഴികള്‍. ഉള്ളുനൊന്തു റബ്ബിനോട് കരഞ്ഞ കണ്ണീര്‍ച്ചാലുകള്‍. സംസമിന്റെ കുളിര് അതിനു പകരം റബ്ബിന്റെ വാത്സല്യമായിരുന്നു. ഇലയനങ്ങാത്ത മരുഭൂമിയിലെ മഹാത്ഭുതം. 'അടങ്ങ് അടങ്ങ്' എന്ന് അതിനോടു വിളിച്ചു പറയുന്ന ഹാജറ ബീവിയുടെ സന്തോഷം എത്രത്തോളമായിരിക്കും. അവരുടെ ചുണ്ടുകള്‍ ശുക്റിന്റെ എത്ര ഹംദുകള്‍ ഉരുവിട്ടിട്ടുണ്ടാകും. അന്നോളവും ഇന്നോളവുമുള്ള ചരിത്രത്തില്‍ മറ്റാരേക്കാളും മുമ്പേ ഒരു പെണ്ണ് അവളുടെ റബ്ബിന്റെ കാരുണ്യം കൊണ്ട് ജയിച്ചുകയറിയ നാളായിരുന്നു അത്. 
സകല ഉമ്മമാരുടെയും പ്രതിനിധിയായി ഹാജറ എന്ന ഉമ്മ. സകല പെണ്ണുങ്ങള്‍ക്കും വഴികാട്ടിയായി ഹാജറ എന്ന പെണ്ണ്. ഹജ്ജിലും ഉംറയിലും ഏതു രാജാവും അവരുടെ കാലടികള്‍ പിന്തുടര്‍ന്നേ പറ്റൂ. റബ്ബിനോടുള്ള മഹബ്ബത്ത് കൊണ്ട് പവിത്രമാക്കപ്പെട്ട ഒരു പെണ്ണിന്റെ കാലടികള്‍. സഅ്യ് ചെയ്യുമ്പോള്‍ പച്ചത്തൂണുകള്‍ക്കിടയില്‍ പുരുഷന്മാര്‍ ഓടി,  എന്തൊരഭിമാനത്തിന്റെയും ഇശ്ഖിന്റെയും പാരമ്പര്യമാണ് മുസ്‌ലിം പെണ്ണിന്റേത്.
ഇസ്മാഈലിന്റെ  വളര്‍ച്ചാകാലത്തൊക്കെ ഇബ്റാഹീം എന്ന പിതാവ് മിക്കവാറും പുറത്തായിരുന്നു. ഇറാഖ് മുതല്‍ ഈജിപ്ത് വരെയും സിറിയ, ഫലസ്ത്വീന്‍ മുതല്‍ അറേബ്യന്‍ മരുഭൂമിയുടെ വിവിധ പ്രദേശങ്ങള്‍ വരെയും ചുറ്റിത്തിരിഞ്ഞ് പ്രബോധന പ്രവര്‍ത്തനങ്ങളിലായിരുന്നു മഹാനായ പ്രവാചകന്‍. പിന്നീട് കണ്‍കുളിര്‍മയേകുന്ന പ്രായത്തില്‍, വാര്‍ധക്യത്തിന്റെ പ്രയാസങ്ങളില്‍ തണലായി മകനെ പ്രതീക്ഷിക്കുന്ന സമയത്താണ് ആ പൊന്നോമന മകനെ ബലിനില്‍കാനുള്ള കല്‍പ്പന. സ്വന്തം മകനോടു തുറന്നു പറയുന്ന ഇബ്റാഹീം പ്രവാചകന് മകനായ ഇസ്മാഈലില്‍ നിന്നുകിട്ടുന്ന മറുപടി 'പ്രിയ പിതാവേ, താങ്കള്‍ കല്‍പിക്കപ്പെട്ടതു ചെയ്യുക. ഇന്‍ശാ അല്ലാഹ്, എന്നെ താങ്കള്‍ക്ക് ക്ഷമാലുക്കളില്‍ കാണാം' എന്നായിരുന്നു. ഇബ്റാഹീം നബിയുടെ നേരിട്ടുള്ള ശിക്ഷണത്തില്‍ വളര്‍ന്ന കുഞ്ഞല്ല ഇസ്മാഈല്‍. ഹാജറ എന്ന ഉമ്മ പിന്നെയും ജയിച്ചുനില്‍ക്കുന്നത് അവിടെയാണ്. മകന്റെ തര്‍ബിയത്തിലും ഈമാനിലും ആ ഉമ്മയുടെ സ്വാധീനം എത്രത്തോളം വലുതായിരിക്കും. ദൈവാനുസരണത്തില്‍ ഇണയും പുത്രനും ഇബ്റാഹീമി(അ)ന്റെ കൂടെ നില്‍ക്കുമ്പോള്‍ ഇസ്‌ലാമിക കുടുംബ സങ്കല്‍പത്തിന്റെ ഏറ്റവും വലിയ മാതൃകയായി ഇബ്റാഹീം കുടുംബം മാറുന്നു. 

ഇബ്റാഹീം നബിയുടെ പ്രാര്‍ഥനകള്‍
സന്തോഷത്തിലും സന്താപത്തിലും പ്രാര്‍ഥനയുടെ ദിക്റുകളാല്‍ ബന്ധിതമാണ് വിശ്വാസിയുടെ ജീവിതം. 
പ്രാര്‍ഥനയില്ലെങ്കില്‍ വറ്റിവരണ്ടുപോയ മരുഭൂമി കണക്കെ ഉണങ്ങി നില്‍ക്കുമത്. പ്രാര്‍ഥനയുടെ ശാദ്വലതയാണ് സകല ചുട്ടുപൊള്ളലിലും വിശ്വാസിയുടെ കുളിര്. ആദ്യത്തെ ദൈവിക ഭവനമായ കഅ്ബ പണിതു തീരുമ്പോള്‍ ആകാശലോകത്തേക്കുയര്‍ന്ന ഇബ്റാഹീം പ്രവാചകന്റെയും പുത്രന്റെയും കൈകള്‍ ചോദിച്ചത് റബ്ബേ സ്വീകരിക്കണേ എന്നായിരുന്നു. സ്വീകരിക്കുമെന്നുറപ്പായിട്ടും വിനയത്തിന്റെ തേട്ടം. റബ്ബ് സ്വീകരിച്ചില്ലെങ്കില്‍ പിന്നെ കര്‍മങ്ങള്‍ എന്തിന്? വാക്കും നോക്കും എന്തിന്? ഇതാണ് ഇബ്റാഹീം പ്രവാചകന്‍ പഠിപ്പിക്കുന്നത്.
മക്കയുടെ വിജനതയില്‍ ഇണയെയും മകനെയും നിര്‍ത്തി തിരിഞ്ഞു നടക്കുമ്പോഴും ആ കൈകള്‍ ആകാശത്തേക്കുയര്‍ന്നിരുന്നു. ഇബ്റാഹീം നബിയുടെ പ്രാര്‍ഥനകളില്‍ എല്ലാം അദ്ദേഹത്തിന്റെ സന്താനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതു കാണാം. പടച്ചവന്റെ കാരുണ്യം അവര്‍ക്കു കൂടി ചോദിക്കുന്നതു കാണാം. വാത്സല്യമുള്ള പിതാവിനെയും കുടുംബനാഥനെയും നമുക്കവിടെ ദര്‍ശിക്കാം. കുടുംബം വലിയ ബാധ്യതയാവുകയും സ്വതന്ത്ര ജീവിതത്തിന് കുടുംബം തടസ്സമാണെന്നു വാദിക്കുകയും ചെയ്യുന്ന നവലിബറലിസത്തിന്റെ കാലത്ത് 
പ്രാര്‍ഥനയുടെ സൂക്ഷ്മതലത്തില്‍ പോലും കുടുംബത്തെ ചേര്‍ത്തുനിര്‍ത്തിയ ഇബ്റാഹീം പ്രവാചകനില്‍ വലിയ മാതൃകയുണ്ട്.
പരീക്ഷണങ്ങളുടെ പെരുന്നാള്‍ കാലം കടന്നുപോകുമ്പോള്‍ ഇബ്റാഹീം പ്രവാചകനും അദ്ദേഹത്തിന്റെ കുടുംബവും എങ്ങനെയാണ് സ്വബ്റ് കൊണ്ടും ഈമാന്‍ കൊണ്ടും ജീവിതത്തിന്റെ തീക്കാടുകള്‍ മറികടന്നതെന്ന് നാം കാണാതിരുന്നുകൂടാ.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top