ഏകസിവില്‍കോഡ് പ്രായോഗികമല്ല

വിവ. സുകൈന  പി No image

അഭിഭാഷകയും എഴുത്തുകാരിയുമായ ഫഌവിയ ആഗ്‌നസ് സംസാരിക്കുന്നു

$ മീഡിയയിലും പൊതുരംഗത്തും പുതിയ നിയമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണല്ലോ, പ്രത്യേകിച്ച് ഏക സിവില്‍കോഡ്, മതപരിവര്‍ത്തന നിയമങ്ങള്‍ തുടങ്ങിയവ. നമുക്ക് ആദ്യത്തേതില്‍നിന്ന് തുടങ്ങാം. ലിംഗനീതി ഉറപ്പുവരുത്തുന്നതിന് ഏക സിവില്‍കോഡ് സഹായകമാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഇവ്വിഷയകമായി മുമ്പ് ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്. നിയമങ്ങളുടെ ഏകീകരണം ലിംഗനീതി നടപ്പാക്കുന്നതിന് അത്യാവശ്യമല്ല എന്നാണ് മനസ്സിലാക്കുന്നത്. വലതുപക്ഷ ഹിന്ദുത്വവാദികള്‍ മുസ്‌ലിംകളെ അടിക്കുന്നതിനുള്ള  വടിയായി ഇതിനെ കണക്കാക്കുന്നു എന്നതാണ് പ്രശ്‌നം. ലിംഗനീതിയുടെ പേരില്‍ ഒരേ വിഭാഗങ്ങള്‍ക്കെതിരെ, വ്യക്തികള്‍ക്കെതിരെ സ്ഥാപിത താല്‍പര്യങ്ങളോടെ ഇതുപയോഗിച്ചുവരുന്നു.

$ ഏക സിവില്‍ കോഡ് ഹിന്ദുത്വ ഭൂരിപക്ഷ വര്‍ഗീയതയുടെ  ദീര്‍ഘകാല അജണ്ടയാണോ അതോ ആളുകളുടെ ശ്രദ്ധതിരിക്കുന്നതിനുള്ള വോട്ടുബാങ്ക് രാഷ്ട്രീയമാണോ? വിദഗ്ധരായ ചില ആളുകള്‍ പറയുന്നത്, ഇന്ത്യയിലെ മതവൈവിധ്യങ്ങളെയും വ്യക്തിനിയമങ്ങളെയും പരിഗണിക്കുമ്പോള്‍ ഏക സിവില്‍ കോഡ് പ്രായോഗികമല്ല എന്നാണ്.

2018ല്‍ നിയമ കമ്മീഷന്‍ ഗവണ്‍മെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നത് ഇന്ത്യയിലെ വ്യക്തിനിയമങ്ങളെയും മത വൈവിധ്യങ്ങളെയും പരിഗണിക്കുമ്പോള്‍ ഏക സിവില്‍കോഡ് പ്രായോഗികമല്ല എന്നു തന്നെയാണ്. ഇത് ഹിന്ദുത്വവാദികളുടെ ഒരു ദീര്‍ഘകാല അജണ്ടയാണ്. ഇപ്പോള്‍  വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായും അവര്‍ ഇത് ഉപയോഗിച്ചുവരുന്നു.

$ ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഭാവിയിലേക്കുള്ള താങ്കളുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്?
'നിര്‍ഭയ കേസ് പോലുള്ള അക്രമ സംഭവങ്ങളുടെ വെളിച്ചത്തില്‍ പുതിയ നിയമങ്ങള്‍ വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് വനിതാ പ്രസ്ഥാനത്തിനുള്ളിലെ ചര്‍ച്ചകളെ കുറിച്ച് നിങ്ങള്‍ എഴുതിയിട്ടുണ്ട്. സമീപകാലങ്ങളില്‍ നടന്ന മറ്റു കേസുകള്‍ക്കും ഇതേ അവസ്ഥ തന്നെയാണെന്ന് കരുതുന്നുണ്ടോ?

മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അസഹിഷ്ണുത പെരുകിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ലഭിക്കുന്നത് എങ്ങനെയായിരിക്കുമെന്നത് ആശങ്കയുണര്‍ത്തുന്നത് തന്നെയാണ്.
നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംവാദങ്ങളല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മതഭേദമന്യേ ഇപ്പോഴുഉള്ള ഗാര്‍ഹിക പീഡന കേസുകളെയൊക്കെ ലൗജിഹാദ് എന്ന പേരില്‍ വര്‍ഗീയവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്.

$ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്കു വരുമ്പോള്‍, ഈ പരിവര്‍ത്തന നിരോധന നിയമങ്ങളൊക്കെ സ്ത്രീകള്‍ക്കു മേല്‍ അധികാരം സ്ഥാപിക്കുന്നതിനോ,  ഇസ്‌ലാമോഫോബിയ പരത്തുന്നതിനോ ഒക്കെ വേണ്ടിയാണെന്ന്  കരുതുന്നുണ്ടോ?

ഈ ഘടകങ്ങളെല്ലാം കൂടിച്ചേര്‍ന്നതാണ് അതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണിത്. ഇസ്ലാമോഫോബിയയും സ്ത്രീകളുടെ മേലുള്ള പുരുഷാധിപത്യ നിയന്ത്രണവും ഇവിടെ  പ്രധാന പങ്ക് വഹിക്കുന്നു.  അടിസ്ഥാനപരമായി അവയെല്ലാം മുസ്ലീം വിരുദ്ധ അജണ്ടയായി കാണപ്പെടുന്നു, ഹിന്ദു സ്ത്രീകളുടെ ലൈംഗിക തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കാനുള്ള നീക്കമായും  ഇത് മാറുന്നു.
(ഓറ ഓണ്‍ലൈന്‍ മാഗസിനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്)

 


 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top