തുരുമ്പെടുക്കുന്ന ഖല്‍ബുകള്‍

സി.ടി സുഹൈബ് No image

നമ്മളൊക്കെ നമ്മുടെ ജീവിതത്തിലെ സവിശേഷ അവസരങ്ങളില്‍ എന്തെങ്കിലും സ്‌പെഷാലിറ്റി കൊണ്ടുവരാന്‍ ശ്രമിക്കാറില്ലേ? അതുപോലെ ചില സ്‌പെഷാലിറ്റി നമ്മുടെ റമദാനിനുമുണ്ടാകണം.

നമുക്കറിയാവുന്നതാണെങ്കിലും ചില കാര്യങ്ങളെ കുറിച്ച് വീണ്ടും വീണ്ടും കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുകയെന്നത് ജീവിതത്തില്‍ പ്രധാനമാണ്. ഉദ്‌ബോധനം എന്നാണ് അത്തരം വര്‍ത്തമാനങ്ങളെ കുറിച്ച് പറയാറ്. ഉണര്‍ത്തലെന്നാണതിനര്‍ഥം. ജീവിതത്തിന്റെ തിരക്കുകള്‍ക്കും ഓട്ടപ്പാച്ചലിനും ആഘോഷങ്ങള്‍ക്കുമിടക്ക് നമ്മെ അശ്രദ്ധമാക്കിക്കളയുന്ന ചിലതുണ്ട്. ഇവിടെ നിന്നെപ്പോഴും തിരിച്ചു പോകേണ്ടതാണെന്ന ചിന്ത മുതല്‍, പടച്ചോനിഷ്ടപ്പെട്ട വഴിയില്‍ തന്നെയാണ് ഞാനെപ്പോഴുമുള്ളതെന്ന തിരിച്ചറിവ് വരെ അതിലുണ്ട്. അതിനിടക്ക് ചെയ്തുവെക്കേണ്ട ആരാധനാനുഷ്ഠാനങ്ങളുള്‍പ്പെടെയുള്ള ബാധ്യതകള്‍ പലതും നിര്‍വഹിച്ച് പോരുന്നുണ്ടാവും. പക്ഷേ, യാന്ത്രികമായി ചെയ്ത് തീര്‍ക്കലല്ലാതെ മനസ്സിലേക്കിറങ്ങിയും പടച്ചോനിലേക്കുയര്‍ന്നും പോകാതെ അന്തരീക്ഷത്തിലങ്ങനെ കെട്ടിക്കിടക്കുന്നുണ്ടാകും പലതും. ആത്മപരിശോധനകളില്ലാതാകുമ്പോള്‍, ഉണര്‍ത്തലുകളും ഉദ്‌ബോധനങ്ങളും ശ്രദ്ധിക്കാന്‍ മനസ്സില്ലാതാകുമ്പോള്‍ ഖല്‍ബിന് ചുറ്റിലും ക്ലാവ് പിടിക്കും. 'ഇരുമ്പ് തുരുമ്പെടുക്കും പോലെ ഖല്‍ബിലും തുരുമ്പ് പിടിക്കു'മെന്ന് റസൂല്‍ (സ)പറഞ്ഞപ്പോള്‍ 'അങ്ങനെ തുരുമ്പെടുത്താല്‍  അതെങ്ങനെ ഇല്ലാതാക്കും റസൂലേ' എന്ന സ്വഹാബത്തിന്റെ ചോദ്യത്തിന്, മരണത്തെ കുറിച്ചോര്‍ക്കുകയും അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നത് ശീലമാക്കുകയും ചെയ്യണമെന്നായിരുന്നു മറുപടി.

പടച്ചോന്‍ ഇടക്കൊക്കെ നമുക്ക് ചില അവസരങ്ങളൊരുക്കിത്തരാറുണ്ട്. പക്ഷേ, എഞ്ചിന്‍ സര്‍വീസ് ചെയ്യാതെ വാട്ടര്‍ സര്‍വീസ് മാത്രം ചെയ്യുന്നതു പോലെയാണ് അത്തരം സന്ദര്‍ഭങ്ങള്‍ പലരിലൂടെയും കടന്നു പോകാറുള്ളത്. സുന്നത്ത് നമസ്‌കാരങ്ങളുടെയും ദിക്‌റുകളുടെയും  പ്രാര്‍ഥനയുടേയുമൊക്കെ എണ്ണവും അളവും കൂടിക്കാണുമെങ്കിലും മനസ്സില്‍ തട്ടിയും ചൈതന്യമുള്‍ക്കൊണ്ടും അനുഭൂതിദായകമായ അനുഭവമായിത്തീരാതെ പോകുന്നത് കാണാം. 'നന്മകള്‍ മനസ്സിനെ സന്തോഷിപ്പിക്കുകയും തെറ്റുകള്‍ വേദനിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ വിശ്വാസിയായിത്തീരുന്നതെ'ന്ന് പ്രിയ റസൂല്‍ (സ).

ജീവിതത്തെ കുറച്ചുകൂടെ നന്നാക്കണമെന്ന് തോന്നുമ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചല്ല ആദ്യമേ ചിന്തിക്കേണ്ടത്. നാളെ മുതല്‍ ഞാനത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെ തീരുമാനിക്കും മുമ്പ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ കുറിച്ച് ചിലതൊക്കെ ആലോചിക്കാനും തീരുമാനിക്കാനുമുണ്ട്. നമ്മുടെ നമസ്‌കാരമെടുത്തു നോക്കൂ. എന്നും അഞ്ച് നേരം നമസ്‌കരിക്കുന്നവര്‍ അക്കാര്യത്തില്‍ ഞാന്‍ പെര്‍ഫെക്റ്റ് ആണെന്ന് കരുതും. എന്നാല്‍, നമസ്‌കാരത്തില്‍ ചില കാര്യങ്ങള്‍ പ്രധാനമാണ്. ഒന്നാമത്, സമയം. 'തീര്‍ച്ചയായും നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു' എന്നാണ് ഖുര്‍ആന്‍ പറയുന്നത്. നമുക്ക് സൗകര്യമുണ്ടാകുമ്പോഴോ എല്ലാം കഴിഞ്ഞ് ഫ്രീ ആകുമ്പോഴോ ചെയ്യേണ്ടതല്ലെന്ന് സാരം. തിരക്കുകള്‍ക്കിടയില്‍ പടച്ചോന്‍ വിളിച്ചാല്‍ ചെയ്യുന്നതൊക്കെ തല്‍ക്കാലം നിര്‍ത്തിവെച്ച് അവനിലേക്ക് ചെന്നെത്താന്‍ നമുക്കാകണം. അതാകണം നമസ്‌കാരത്തിന്റെ തുടക്കത്തിലുള്ള തക്ബീറത്തുല്‍ ഇഹ്‌റാമിന്റെ ഉദ്ദേശ്യം. അല്ലാഹുവേ, നീയാണ് വലിയവന്‍ എന്ന് പറയുമ്പോള്‍ നമസ്‌കാരത്തിനായി വരുന്നതുവരെ ഞാന്‍ ചെയ്തുകൊണ്ടിരുന്നതിനെക്കാളെല്ലാം എനിക്ക് പ്രധാനം നീയാണെന്ന് ഉറപ്പിച്ചു പറയുകയാണ്. ഈ രൂപത്തില്‍ നമസ്‌കാരത്തെ പരിഗണിക്കാന്‍ നമുക്കാവാറുണ്ടോ?

നമസ്‌കാരത്തിന്റെ പ്രകടമായ രൂപങ്ങളൊക്കെ ശരിയായി ചെയ്യുന്നവരായിരിക്കും നമ്മള്‍. അതേസമയം അതിനൊരു ആന്തരിക രൂപം കൂടിയുണ്ട്. അത് എത്രമാത്രം ശരിയാകുന്നുണ്ട് എന്നത് നമസ്‌കാരത്തിന്റെ സ്വീകാര്യതയും ചൈതന്യവുമായി ബന്ധപ്പെട്ടതാണ്. നമസ്‌കാരം അല്ലാഹുവുമായുള്ള സ്വകാര്യ സംഭാഷണമാണെന്നും, അവന്‍ കാണുകയും കേള്‍ക്കുകയും മറുപടി പറയുകയും ചെയ്യുന്നുണ്ടെന്നുമുളള ബോധ്യം എത്രമാത്രം അന്നേരം നമുക്കുണ്ടാവാറുണ്ട്. ഭൂമിയോടും ഇവിടെയുള്ളതിനോടുമുള്ള ബന്ധങ്ങളില്‍ നിന്നെല്ലാം വേര്‍പെട്ട് അവനിലേക്ക് മാത്രമായുള്ള മിഅ്‌റാജാണല്ലോ അത്. നമസ്‌കരിക്കുന്ന നേരം എനിക്ക് അതിയായ സന്തോഷമനുഭവിക്കാനാകുന്നുണ്ടെന്ന് റസൂല്‍ (സ)ക്ക് പറയാനായത് നമസ്‌കാരത്തിന്റെ ആന്തരിക ചൈതന്യമുള്‍ക്കൊള്ളാനായതു കൊണ്ടാണ്. ഇതെല്ലാം മുന്‍നിര്‍ത്തി നമ്മുടെ നമസ്‌കാരങ്ങളെ കുറിച്ചൊന്ന് ആലോചിച്ച് നോക്കുക. കൈ കെട്ടിയാല്‍ മനസ്സിലേക്കോടി വരുന്ന ഒരുപാട് ചിന്തകള്‍. അതിനിടയില്‍ തെറ്റുപറ്റാതെ റുകൂഉം സുജൂദുമൊക്കെ ചെയ്യുന്നുണ്ടാകും. അതിലെല്ലാം ഒരു തരം യാന്ത്രികത നമ്മളിലുണ്ടായിത്തീര്‍ന്നിട്ടുണ്ട്. തിരുത്തപ്പെടേണ്ടതാണിതെല്ലാം. നിര്‍വഹിക്കുന്ന നമസ്‌കാരങ്ങള്‍ അല്ലാഹുവിലേക്കെത്താതെ പോയാല്‍ അതില്‍പരം നഷ്ടമെന്താണുള്ളത്! നമസ്‌കാരം കഴിഞ്ഞ ഉടന്‍ നാം 'അസ്തഗ്ഫിറുല്ലാഹ്' എന്ന് പറയുന്ന നേരം നമസ്‌കാരത്തില്‍ അല്ലാഹുവിനെ ഓര്‍ക്കാതെ പോയ നിമിഷങ്ങള്‍ ഓര്‍ത്തു വെക്കണം. അടുത്ത നമസ്‌കാരത്തില്‍ തിരുത്താന്‍ ശ്രമിക്കുമെന്ന തീരുമാനമുണ്ടാകണം. അത്ര എളുപ്പമുള്ള കാര്യമല്ല അത്. പക്ഷേ, നാം ശ്രമിച്ച് കൊണ്ടേയിരിക്കുമ്പോള്‍ അല്ലാഹു കൂടുതല്‍ പരിഗണിക്കും. നമ്മളങ്ങോട്ട് നടന്നു ചെല്ലുമ്പോള്‍ ഇങ്ങോട്ടോടി എത്തുന്നവനാണല്ലോ അവന്‍.

ശഅ്ബാനിലാണ് നമ്മളുള്ളത്. റമദാനിലേക്കൊരുങ്ങുന്നതിന്റെ ഭാഗമായി വീടും പുരയിടവുമൊക്കെ വൃത്തിയാക്കുന്ന ശീലം ഉണ്ടാവാറുണ്ട്. മലബാര്‍ ഭാഗത്തൊക്കെ 'നനച്ചു കുളി' എന്നാണതിനെ പറയാറ്. പള്ളികളൊക്കെ വൃത്തിയാക്കി പെയ്ന്റ് ചെയ്യും. അതൊക്കെ നല്ലതാണ്. പക്ഷേ, അതിലേറെ ഒരുങ്ങേണ്ടതും വൃത്തിയാവേണ്ടതും നമ്മള്‍ തന്നെയാണ്.
പടച്ചോന്‍ ഒരുക്കിത്തരുന്ന അവസരത്തെ എന്റെ ജീവിതത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പ്രത്യേകം ചിന്തിക്കണം. നമ്മളൊക്കെ നമ്മുടെ ജീവിതത്തിലെ സവിശേഷ അവസരങ്ങളില്‍ എന്തെങ്കിലും സ്‌പെഷാലിറ്റി കൊണ്ടുവരാന്‍ ശ്രമിക്കാറില്ലേ? അതുപോലെ ചില സ്‌പെഷാലിറ്റി നമ്മുടെ റമദാനിനുമുണ്ടാകണം. അതെന്താണെന്ന് നമ്മള്‍ തന്നെ കണ്ടെത്തണം. അതിന് മറ്റെല്ലാ തിരക്കുകളില്‍ നിന്നും മാറി ഒറ്റക്ക് കുറച്ച് സമയമിരിക്കണം. നമ്മളും അല്ലാഹുവും മാത്രമാകുന്നൊരു വേള. അവനെ മുന്‍നിര്‍ത്തി നമ്മെ കുറിച്ചൊന്ന് മനസ്സിരുത്തി ആലോചിക്കണം. ഈമാനും നമസ്‌കാരവും ബന്ധങ്ങളും സ്വഭാവ പെരുമാറ്റങ്ങളും ഇടപാടുകളുമെല്ലാം അതില്‍ വരണം. കുറവുകളെയും പോരായ്മകളെയും കണ്ടെത്തണം. ചിലതെല്ലാം റമദാനിന്റെ സവിശേഷാന്തരീക്ഷം ഉപയോഗപ്പെടുത്തി ശരിയാക്കണമെന്ന തീരുമാനത്തിലെത്തണം. എല്ലാം ഒറ്റയടിക്ക് ശരിയാക്കാം എന്നൊന്നും വിചാരിക്കരുത്. പല തെറ്റായ ശീലങ്ങളും നമ്മളുടെ സ്വഭാവത്തിന്റെ ഭാഗമായത് കുറേ സമയമെടുത്താകും. അത് മാറ്റിയെടുക്കാനും സമയമെടുക്കും. പക്ഷേ, മാറ്റിയെടുക്കാനാകുമെന്ന പ്രത്യാശ മനസ്സിലുണ്ടാകണം. തെറ്റുകള്‍ തിരുത്തി  അല്ലാഹുവിലേക്കടുക്കാന്‍ തീരുമാനിക്കുന്നവര്‍ക്കൊപ്പം സഹായിയായി അവനുണ്ടാകും, തീര്‍ച്ച. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top