അവധിക്കാലം

2012 ഏപ്രില്‍

രീക്ഷാ ചൂടാറിയ ആശ്വാസത്തിലാണ് രക്ഷിതാക്കളും കുട്ടികളും. കൊച്ചു കുട്ടികള്‍ക്കൊക്കെ ആഘോഷത്തിമര്‍പ്പിന്റെതാണ് ഇനിയുള്ള രണ്ട് മാസക്കാലം. റിസല്‍ട്ടിന്റെ വേവലാതിയുണ്ടെങ്കിലും പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസ്സും കഴിഞ്ഞവരുടെ മനസ്സുകള്‍ അല്‍പം തണുക്കുന്നത് വെക്കേഷന്‍ കാലത്തെ സവാരികളോര്‍ത്താണ്. ട്യൂഷനും കോച്ചിംഗ് ക്ലാസ്സും കൊണ്ട് സമ്മര്‍ദ്ദത്തിലടിപ്പെടുന്നവരും കുറച്ച് ദിവസത്തേക്കൊരു യാത്ര സ്വപ്നം കാണുന്നവരാണ്. അമ്യൂസ്‌മെന്റ് പാര്‍ക്കും ബീച്ചും പ്രകൃതിയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പുഴയും കാടും മേടും എത്ര തിരക്കിനിടയിലും ഒന്നെത്തിനോക്കാന്‍ ആരും മടികാണിക്കാറില്ല. ദൈവിക വരദാനങ്ങളായ പ്രകൃതിയുടെ മടിത്തട്ടിലൂടെ മനസ്സ് കുളിര്‍പ്പിച്ചൊരു യാത്ര പലരും പ്ലാന്‍ ചെയ്യുന്നത് വെക്കേഷന്‍ കാലത്താണ്.
ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മക്കളുടെ പഠിത്തത്തിനും പത്രാസിനും ആഘോഷങ്ങള്‍ക്കും പരക്കംപായുന്നതിനിടയില്‍ വേണമെന്ന് വെച്ചിട്ടും നടക്കാത്തൊരു കാര്യമാണ് ബന്ധുസന്ദര്‍ശനങ്ങള്‍. ഈ യാത്രകളില്‍ ഇത്തിരി നേരം മക്കളെയും കൂട്ടി കുടുംബ വേരുകള്‍ തേടിപോവുന്നതാണെങ്കില്‍ അത് കൂറെക്കൂടി മനസ്സ് കുളിര്‍പ്പിക്കും. അണുകുടുംബത്തില്‍ അച്ഛനും അമ്മക്കും, കൂടിയാല്‍, ഒരു സഹോദരനോ സഹോദരിക്കോ അപ്പുറം ബന്ധങ്ങള്‍ അറിയാത്തവരാണ് നമ്മുടെ മക്കളില്‍ ഏറെപ്പേരും. അവര്‍ക്കീയാത്ര പുതിയൊരറിവും ആകാംക്ഷയുമാകും.
സാമൂഹ്യഘടനയുടെ ആദ്യവരി തുടങ്ങുന്നത് കുടുംബങ്ങളില്‍ നിന്നാണ്. എവിടെപ്പോയാലും ഏതെങ്കിലും തരത്തിലൊരു ബന്ധു ഉണ്ടെന്നത് അവര്‍ക്കൊരു ധൈര്യം നല്‍കും. കാരണം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും പരസ്പരമുള്ള സ്‌നേഹവും നല്‍കുന്ന സുരക്ഷിതത്വമാണ് സമൂഹത്തിന്റെ നന്മയുടെ അളവുകോല്‍. അറ്റുപോയതും അറിയപ്പെടാതെ പോയതുമായ കണ്ണികളെ മക്കള്‍ കാണ്‍കെ വിളക്കിച്ചേര്‍ക്കുമ്പോള്‍ അതവരില്‍ നന്മയുടെ പ്രകാശം പരത്തും.
കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ പറ്റിയ സമയമാണ് വെക്കേഷന്‍. ആനന്ദവും അറിവും പകരുന്ന ഒരുപാട് പുസ്തകങ്ങള്‍ വിവിധ പ്രസിദ്ധീകരണാലയങ്ങളില്‍ നിന്ന് പുറത്തുവരുന്നുണ്ട്. സമയത്തിന്റെ ചെറിയ പങ്ക് വായനക്കായി മാറ്റിവെക്കുന്ന തരത്തില്‍ നല്ല പുസ്തകങ്ങളെ മക്കള്‍ക്ക് പരിചയപ്പെടുത്താന്‍ അവധിക്കാലം ഉപയോഗപ്പെടുത്താം. ഇന്ന പുസ്തകം ഇത്ര സമയത്തിനുള്ളില്‍ വായിക്കണമെന്ന് വാശിപിടിക്കണമെന്നൊന്നുമില്ല. കുട്ടികള്‍ക്കിഷ്ടപ്പെടുന്നതും നന്മ വിതറുന്നതുമായ പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കണമെന്നു മാത്രം. ഒന്നിച്ചിരുന്ന് അതിലെ കഥയും കാര്യവും അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയണം. അവര്‍ തനിയേ വായിച്ചുകൊള്ളും. യാത്രകളാലും വായനയാലും പ്രകൃതിയെയും ബന്ധങ്ങളെയും അടുത്തറിയാനും ഭാവിയിലേക്ക് മുതല്‍ക്കൂട്ടാനും കഴിയുന്നതാവട്ടെ നമ്മുടെ അവധി ദിനങ്ങള്‍.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media