രക്തവാതപ്പനി

പ്രഫ. കെ. നസീമ No image

കൃത്യം എട്ടുമണിക്കു മുമ്പ് തന്നെ ഡ്യൂട്ടിക്ക് പഞ്ച് ചെയ്യണമെന്നതിനാല്‍ അതിരാവിലെ ഞാന്‍ തിരക്കിലായിരുന്നു. അപ്പോഴതാ ഫോണ്‍ ബെല്ല് അടിക്കുന്നു. അടുക്കളയിലെ തിരക്കിനിടയില്‍ ഫോണ്‍ എടുത്തു. എന്റെ സുഹൃത്തായ ഡോക്ടറായിരുന്നു അത്. 
'എന്താ ഇത്രയും വെളുപ്പിന് വിളിച്ചത്?' ഞാന്‍ ആരാഞ്ഞു.
ഡോക്ടര്‍: 'ഇന്നലെ രാത്രിയില്‍ ഞങ്ങളാരും തന്നെ ഉറങ്ങിയില്ല. ഇയ്യിടെ പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങിയ ആറു വയസ്സുകാരനായ എന്റെ ഏകമകന് അസഹനീയമായ തൊണ്ടവേദനയും പനിയും.'
ഡോക്ടര്‍ തുടര്‍ന്നു. 'എന്റെ സുഹൃത്തിന്റെ ക്ഷണപ്രകാരം കുറച്ചകലെയുള്ള ഒരു റെസ്റ്റോറന്റില്‍ ഞങ്ങള്‍ ഒരു ഗെറ്റുഗദറിന് ഇന്നലെ പോയിരുന്നു. മകന്റെ ഇഷ്ട ഭക്ഷണമായ പൊറോട്ടയും ചിക്കന്‍ ഫ്രൈയും ഐസ്‌ക്രീമുമൊക്കെ നന്നായി കഴിച്ച അവന്‍ കാറില്‍ കിടന്നുറങ്ങി. സസ്യാഹാരങ്ങളോട് മതിപ്പില്ലാത്ത അവന്‍ സംതൃപ്തനായിരുന്നു. കാറില്‍ എ.സി. ഇട്ടായിരുന്നു ഞങ്ങളുടെ മടക്കയാത്ര. വീട്ടിലെത്തിയ അവന്‍ വീണ്ടും ഉറക്കത്തിലായി. അര്‍ധരാത്രിയോടെ അവന്‍ ഉണര്‍ന്നു കരയാന്‍ തുടങ്ങി. തൊണ്ടവേദനയും പനിയും കാരണം അവന് ഉമിനീര്‍ ഇറക്കാന്‍ പോലും കഴിയുന്നില്ല. അവനെ നിങ്ങളുടെ ആശുപത്രിയില്‍ കൊണ്ടു വരട്ടെയോ? ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്ക് ഒരു റഫറല്‍ കേന്ദ്രമായ അവിടെ ഇതിന് പരിഹാരം ഉണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അവന്റെ ഒരു ത്രോട്ട് സ്വാബ് സ്‌പെസിമെന്‍ (Throat Swab Specimen)  എടുക്കാമോ?' ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.
രോഗലക്ഷണങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് കാര്യങ്ങള്‍ മനസ്സിലായി. എന്റെ ഡോക്ടറേറ്റ് പഠനകാലത്തായിരുന്നു മേല്‍പ്പറഞ്ഞ സംഭവം. കുട്ടികളിലുണ്ടാവുന്ന രക്തവാതപ്പനി എന്ന രോഗം എങ്ങനെയാണ് തുടങ്ങുന്നത്, അതിന്റെ പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെ എന്നതായിരുന്നു അതിന്റെ തലക്കെട്ട്. രോഗത്തിന്റെ ആരംഭഘട്ടത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു എന്റെ പഠനം. 
രാവിലെ തന്നെ മകനെ ആശുപത്രിയില്‍ കൊണ്ടു വരാന്‍ ഞാന്‍ പറഞ്ഞു. അവര്‍ കൃത്യം എട്ടുമണിക്കു തന്നെ എത്തി. ഞാന്‍ കുട്ടിയുടെ തൊണ്ടയില്‍നിന്ന് സ്‌പെസിമെന്‍ എടുത്ത് ലബോറട്ടറിയില്‍ കള്‍ച്ചര്‍ ചെയ്യുകയും രക്തസാമ്പിള്‍ എടുത്ത് രോഗനിര്‍ണയ പരിശോധനകള്‍ നടത്തുകയും ചെയ്തു.
കുഞ്ഞിന്റെ തൊണ്ട ചുവന്നു തുടുത്തിരുന്നു. വായ് തുറക്കാനും പ്രയാസമായിരുന്നു. അവന്റെ ടോണ്‍സിലുകള്‍ (Tonsils) രോഗാണുബാധയുടെ പ്രാരംഭഘട്ടത്തിലുമായിരുന്നു. ഒരു ഡോക്ടറായതിനാല്‍ എന്റെ സുഹൃത്തിന് ഈ രോഗത്തെയും അതിന്റെ പാര്‍ശ്വഫലങ്ങളുടെ സങ്കീര്‍ണതകളെയും പറ്റി നന്നായറിയാമായിരുന്നു. 
എത്രയും നേരത്തേ രോഗനിര്‍ണയ പരിശോധനകള്‍ ചെയ്യാന്‍ സാധിച്ചതില്‍ ഡോക്ടര്‍ സന്തോഷത്തോടെ മടങ്ങി. 
രണ്ടുമുതല്‍ പതിനഞ്ചു വയസ്സുവരെ പ്രായമുള്ള അവികസിത രാജ്യങ്ങളിലെ കുട്ടികളില്‍ കണ്ടുവരുന്ന ഒരു രോഗമാണ് രക്തവാതപ്പനി എന്ന റുമാറ്റിക് ഫീവര്‍ (Rheumatic Fever). ഈ രോഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നാമിന്ന് ആഗോളതലത്തില്‍ 'ആര്‍ത്രൈറ്റിസ് ദിനം' ആചരിക്കുന്നുണ്ട്. ഈ ദിനത്തില്‍ ക്യാമ്പുകള്‍, C.M.E പ്രോഗ്രാമുകള്‍ (Continuing Medical Education) എന്നിവയും സംഘടിപ്പിക്കുന്നു. രോഗനിര്‍ണയം, നിവാരണം, സങ്കീര്‍ണതകള്‍, രോഗീപരിചരണം എന്നിവയൊക്കെ ഈ ദിനത്തില്‍ നാം പഠനവിധേയമാക്കാറുണ്ട്. 
പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് ഏറക്കുറെ അപ്രത്യക്ഷമായ റുമാറ്റിക് ഡിസീസസ് (Rheumatic Diseases) വികസ്വര രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയവാല്‍വുകള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവക്ക് ഹേതുവാകുന്നു. കൊറോണറി ഹാര്‍ട്ട് ഡിസീസസ് (C.H.D), കാര്‍ഡിറ്റിസ് (Carditis), മയോ കാര്‍ഡയറ്റിസ് (Myocarditis), മയോകാര്‍ഡിയല്‍ ലീഷന്‍സ് (Myocardial Lesions), പള്‍മണറി ആര്‍ട്ടറി ഡിസീസ് (Pulmonary Artery Disease), മൈട്രല്‍ സ്റ്റീനോസിസ് (Mitral Stenosis), മൈട്രല്‍ വാല്‍വ് റീഗര്‍ജിറ്റേഷന്‍ (Mitral Valve Regurgitation) എന്നീ ഹൃദയസംബന്ധിയായ രോഗങ്ങള്‍ വാതപ്പനിയുടെ പിന്‍ഗാമികളാണ്. രക്തത്തെ ശരിയായ ദിശയിലേക്ക് കടത്തിവിടുന്ന വാല്‍വുകള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഈ രോഗംമൂലം ഉണ്ടാകുന്നത്. 
ഗ്രൂപ്പ് എ-യില്‍പെട്ട ബീറ്റാ ഹീമോലിറ്റിക് സ്‌ട്രെപ്‌റ്റോകോക്കസ് ആണ് രക്തവാതപ്പനി ഉണ്ടാക്കുന്നത്. നാസാദ്വാരത്തിലൂടെ തൊണ്ടയിലെത്തുന്ന രോഗാണുക്കള്‍ രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍തന്നെ തൊണ്ടവേദന, പനി, സന്ധിവീക്കം എന്നിവ ഉണ്ടാക്കുന്നു. ചിലപ്പോള്‍ രോഗിയുടെ ഹൃദയം, കിഡ്‌നി എന്നിവക്കും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം രോഗാണുബാധ പലതവണ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ രോഗാണുബാധ ഒരിക്കല്‍ ഉണ്ടായാല്‍ രക്തവാതം പിടിപെടാനുള്ള സാധ്യത 0.3 മുതല്‍ മൂന്ന് ശതമാനം വരെയാണ്. നമ്മുടെ രാജ്യത്ത് ആയിരത്തില്‍ രണ്ടു മുതല്‍ പതിനൊന്നു ശതമാനം വരെ കുട്ടികളിലും, രണ്ടു ശതമാനം മുതിര്‍ന്നവരിലും രക്തവാതമോ ഹൃദയവാല്‍വുകള്‍ക്കുള്ള അസുഖമോ കണ്ടുവരുന്നു. രോഗാണുബാധയുടെ തോത് ഇരുപത് ശതമാനം വരെയാണ് രാജ്യത്ത്. രണ്ട് ദശലക്ഷത്തിലേറെ കുട്ടികളാണ് രക്തവാതത്തിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. 
തൊണ്ടയിലെ കോശങ്ങളുടെ ഉപരിതലത്തിലുള്ള ഫൈബ്രോനെക്റ്റിന്‍ (Fibronectin) തന്മാത്രകള്‍ക്ക് രോഗാണുവിനോടുള്ള അഭിനിവേശം കാരണം രോഗാണു ഇത്തരം കോശങ്ങളില്‍ ഒട്ടിപ്പിടിക്കുകയും ചുറ്റുമുള്ള കലകളിലേക്ക് രോഗാണുബാധ വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ രോഗിക്ക് ചെവിവേദനയും വരാന്‍ സാധ്യതയുണ്ട്. 
രോഗാണുക്കളെ നശിപ്പിക്കാന്‍ നമ്മുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍  രോഗാണുക്കളെ നശിപ്പിക്കുന്നതോടൊപ്പം രോഗാണുക്കളിലുള്ള മറ്റ് രാസപദാര്‍ഥങ്ങളുമായി ചേര്‍ന്ന് ഹൃദയത്തിലെയും സന്ധികളിലേയും രാസപദാര്‍ഥങ്ങളെയും കൂടി നശിപ്പിക്കുന്നു. ഇത് ഭാവിയില്‍ ഹൃദയവാല്‍വുകളുടെ പ്രവര്‍ത്തന വൈകല്യത്തിന് വഴിതെളിക്കുന്നു. ഈ അവസരത്തില്‍ വാല്‍വു മാറ്റിവെക്കല്‍ ശസ്ത്രക്രിയ വരെ വേണ്ടിവരുന്നു. ചിലപ്പോള്‍ ഹൃദയവാല്‍വുകളുടെയും ഹൃദയപേശികളുടെയും നാശവും തുടര്‍ന്ന് ഹൃദയത്തില്‍ വൃണങ്ങളും (Myocardial Lesions)  ഉണ്ടാവാം. 
തൊണ്ടയിലൂടെ കൂടെക്കൂടെ ഉണ്ടാവുന്ന രോഗാണുബാധ രോഗിയില്‍ മേല്‍പ്പറഞ്ഞ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. അതിനാല്‍ എത്രയും പെട്ടെന്ന് രോഗനിര്‍ണയം സാധ്യമാക്കുന്ന രക്തപരിശോധന, എ.എസ്.ഒ ലാറ്റക്‌സ് പരിശോധന (Anti Streptolysin - O Latex Test) ചെയ്യേണ്ടത് അത്യാവശ്യമാണ്. 

രോഗപ്പകര്‍ച്ച  (Transmission)
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ (Direct Contact) വൃത്തിഹീനമായ വിരലുകളിലൂടെയോ, ഷഡ്പദങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അഞ്ചു മുതല്‍ എട്ടു വയസ്സുവരെയുള്ള കുട്ടികളിലാണ് ഈ രോഗാണുബാധ കൂടുതലായി കാണപ്പെടുന്നത്. അതുപോലെ തിരക്കുള്ള സ്ഥലങ്ങളില്‍ രോഗപ്പകര്‍ച്ച കൂടുതലാണ്. 

ചികിത്സ
വാതപ്പനിയാണെന്ന് ഉറപ്പിച്ചാല്‍ മൂന്ന് ആഴ്ചയിലൊരിക്കല്‍ എടുക്കുന്ന പെനിസിലിന്‍ ഇഞ്ചക്ഷനോ (പെനിഡുവര്‍), ദിവസേന കഴിക്കാവുന്ന പെന്റിഡ്‌സ് (Pentids), കെയ്പന്‍ (Keypen) എന്നീ ഗുളികകളോ ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗി വര്‍ഷങ്ങളോളം മുടങ്ങാതെ കഴിക്കുകയും വിശ്രമിക്കുകയും വേണം. കൃത്യമായ ഇടവേളകളില്‍ പരിശോധനയും തക്കസമയത്തുള്ള ചികിത്സയും നടത്തിയാല്‍ രോഗിയെ ഈ അസുഖത്തില്‍നിന്ന് രക്ഷിക്കാം. ചികിത്സയില്‍ വീഴ്ചവരുത്തിയാല്‍ രോഗം പെട്ടെന്ന് മൂര്‍ഛിച്ച് (Reactivation)  അതിഗുരുതരാവസ്ഥയില്‍ എത്തുന്നതാണ്. ആ സമയത്ത് രോഗാണു ഹൃദയപേശികളെ ബാധിച്ചാല്‍ ശ്വാസതടസ്സം, അമിതമായ നെഞ്ചിടിപ്പ് എന്നിവ ഉണ്ടാകുന്നു. ഹൃദയസ്തംഭനം ക്രമീകരിക്കാനുള്ള പ്രത്യേക കണ്ടക്ഷന്‍ കലകള്‍ (Conduction Tissues), ഹൃദയത്തിന്റെ ആവരണമായ പെരികാര്‍ഡിയം, ഹൃദയപേശികള്‍ എന്നിവയെയും വാതപ്പനിയുടെ ദൂഷ്യഫലങ്ങള്‍ ബാധിച്ചേക്കാം. പ്രധാനമായും ഹൃദയത്തിന്റെ ഇടത് മേലറയും കീഴറയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൈട്രല്‍ വാല്‍വ് (Mitral Valve), അയോട്ടിക് വാല്‍വ് എന്നിവയിലൊക്കെയാണ് രോഗം ബാധിക്കുന്നത്. വാല്‍വുകള്‍ ചുരുങ്ങിപ്പോവുകയോ (Stenosis) അടയാതിരിക്കുകയോ (Incompitence)  ചെയ്യുന്നത് രക്തത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ചിലപ്പോള്‍ ഹൃദയം അമിതമായി വികസിക്കുകയും ചെയ്യുന്നു.

തടയാം
എ ഗ്രൂപ്പില്‍പെട്ട ബീറ്റാ ഹീമോലിറ്റിക് സ്‌ട്രെപ്‌റ്റോകോക്കസ് മൂലമുണ്ടാകുന്ന തൊണ്ടയിലെ അണുബാധ തടഞ്ഞാല്‍ രക്തവാതത്തെത്തന്നെ നമുക്ക് തടയാനാവും. നമ്മുടെ ജനസംഖ്യയുടെ മുപ്പതു ശതമാനം ആളുകളുടെ തൊണ്ടയിലും രക്തവാതത്തിന്റെ അണുക്കള്‍ കുടികൊള്ളുന്നുണ്ട്. രോഗമില്ലാത്ത ഇവര്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഫലം ചെയ്യില്ല. വാക്‌സിനുകളാണ് ഉപയോഗിക്കേണ്ടത്.
ഓരോ തവണയും ഉണ്ടാകുന്ന രക്തവാതം ഹൃദയവാല്‍വുകളെ തകരാറിലാക്കുന്നു. അതിനാല്‍ വാക്‌സിനുകള്‍ക്ക് ഇവിടെ പ്രസക്തി ഉണ്ട്. ടൈപ്പ് സ്‌പെസിഫിക് ഇമ്മ്യൂണോ ഡിറ്റര്‍മിനെന്റിനെതിരായി ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികള്‍ രക്തവാതരോഗാണുവിനെതിരെ മാത്രം പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്നവയാണ്. ഇവ ശരീരകലകളുമായി പ്രതിപ്രവര്‍ത്തിക്കുകയുമില്ല. അതിനാല്‍ ഇത്തരം വാക്‌സിനുകള്‍ കൊണ്ട് ശരീരത്തില്‍ ആന്റിബോഡികള്‍ ഉണ്ടാക്കിയാല്‍ രക്തവാതാണുബാധ പൂര്‍ണമായി തടയാന്‍ കഴിയും.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top