സൈറയുടെ കഥ

സോഫിയാ ബിന്ദ് No image

ദിവസേന നൂറുകണക്കിന് രോഗികളുമായി ഇടപഴകേണ്ടിവരുന്ന ഡോക്ടറാണ് വി.പി ഗംഗാധരന്‍. കാന്‍സറിന്റെ പല ഭാവങ്ങളുമായി വരുന്നവര്‍. ഇവരുടെ ഓരോരുത്തരുടെയും മുഖം ഓര്‍മയില്‍ സൂക്ഷിക്കുക, ജീവിത സാഹചര്യങ്ങളെ മനസ്സിലാക്കി അവരോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കുക എന്നൊക്കെ പറയുന്നത് അത്ര എളുപ്പമല്ല. ഡോ. ഗംഗാധരന്‍ സാറിനെ സംബന്ധിച്ചേടത്തോളം ഇതെല്ലാം സാധ്യമാകുന്നു എന്നതാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. മാത്രമല്ല ചില ജീവിതങ്ങളെക്കുറിച്ച്, അവ മാതൃകയാക്കാന്‍ അനുഭവക്കുറിപ്പുകളിലൂടെ സമൂഹത്തിന്റെ മുന്നിലേക്കെത്തിക്കുകയും ചെയ്യും. 
കാന്‍സര്‍ അതിജീവനകഥയെക്കുറിച്ച് ഒരു വാരികയിലെഴുതിക്കൊണ്ടിരുന്ന ഡോക്ടര്‍, യഥാര്‍ഥ പേരുപറയാതെ ഫാത്തിമ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ കഥയെഴുതി. എന്നാല്‍ അടുത്ത ലക്കത്തില്‍ അതേ വാരികയില്‍തന്നെ എന്തിനെന്നെ ഫാത്തിമയാക്കി എന്നു ചോദിച്ചുകൊണ്ട് ഫോട്ടോ സഹിതം ആ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. കാന്‍സറിനെ ഇപ്പോഴും ഒളിപ്പിച്ചുവെക്കുകയും പറയാന്‍ മടിക്കുകയും ചെയ്യുന്ന സമൂഹത്തിനു മുന്നിലേക്കായിരുന്നു ഫാത്തിമ എന്ന് ഡോക്ടര്‍ പേരുനല്‍കിയ ആ പെണ്‍കുട്ടി സ്വയം കടന്നുവന്നത്. വലിയ നിശ്ചയദാര്‍ഢ്യമുള്ള മനസ്സില്‍നിന്നുള്ള വെളിപ്പെടുത്തലായിരുന്നു അത്. സൈറാ ബാനു, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അകമ്പാടത്തുകാരിയായ സൈറാ ബാനുവായിരുന്നു ആ പെണ്‍കുട്ടി.  
കാന്‍സറിനെ അതിജീവിച്ച പെണ്‍കുട്ടി എന്ന് അതിലളിതമായി പറഞ്ഞുപോകാനാവുന്ന ഒന്നല്ല സൈറാ ബാനുവിന്റെ ജീവിതം. മനക്കരുത്തുകൊണ്ട് ജീവിതത്തെ താനാഗ്രഹിച്ച വഴിയേ കൊണ്ടുപോയ പെണ്‍കുട്ടി. തൊണ്ണൂറു ശതമാനം വികലാംഗ എന്ന് വിധിയെഴുതിയ പെണ്‍കുട്ടി, ഇന്ന് കൊരമ്പയില്‍ ആശുപത്രിയിലെ കാര്‍ഡിയോ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് ഇന്‍ചാര്‍ജാണ്.
മഞ്ചേരിയിലെ വീട്ടില്‍ വെച്ചാണ് സൈറാ ബാനുവിനെ കാണുന്നത്. പ്രായം 49.  വളരെ ചുറുചുറുക്കോടെ ജോലിക്ക് പോകാനൊരുങ്ങി നില്‍ക്കുന്നു. സൈറയുടെ  ഭര്‍ത്താവ് മുഹമ്മദ് നൗഫലിനെ കൂടാതെ സൈറയുടെ മാതാപിതാക്കളും അന്ന് വീട്ടിലുണ്ട്. അകമ്പാടത്ത് മുഹമ്മദ്-ഫാത്വിമ ദമ്പതികളുടെ രണ്ടാമത്തെ മകള്‍. അകമ്പാടം എന്ന ദേശം, നാട്ടുമ്പ്രദേശമാണ്. പെണ്‍കുട്ടികളെ പഠിപ്പിച്ച് ജോലിക്കയക്കാമെന്നൊന്നും കരുതുന്ന മാതാപിതാക്കളൊന്നുമില്ലാത്ത ദേശം.  എത്രയും പെട്ടെന്ന് വിവാഹം ചെയ്തയക്കുക എന്നതില്‍കവിഞ്ഞ സ്വപ്‌നങ്ങളൊന്നുമില്ലാത്തവര്‍. അവിടെ നിന്നാണ് സൈറയെപ്പോലെയുള്ള ഒരു പെണ്‍കുട്ടി തന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കുന്നത്. പഠിക്കണം, ജോലി നേടണം, അതും സേവനരംഗത്ത്. നഴ്‌സിംഗ് മേഖലയായിരുന്നു സ്വപ്‌നം. 1990-കളിലാണ് ഇതെല്ലാം നടക്കുന്നത്. കൊരമ്പയില്‍ ആശുപത്രിയിലെ നഴ്‌സിംഗ് കോളേജില്‍ സ്‌കോളര്‍ഷിപ്പോടെയായിരുന്നു സൈറ പഠിച്ചത്. സ്വപ്‌നങ്ങള്‍ ചിറകുവിടര്‍ത്തുന്നതു കണ്ട് സന്തോഷത്തോടെ നടന്ന പെണ്‍കുട്ടി.
ജീവിതം എങ്ങനെ മാറിമറയുന്നു എന്ന് പ്രവചിക്കാനാവില്ല എന്നത് യാഥാര്‍ഥ്യമാവുകയായിരുന്നു ഈ പെണ്‍കുട്ടിയുടെ ജീവിതത്തില്‍. തുടക്കം ഒരു വേദനയായിരുന്നു. ഇടയ്ക്കിടക്ക് വലതുകാലിനൊരു വേദന വരും. ചിലപ്പോള്‍ അതു കൂടിവരും. ആദ്യമൊന്നും കാര്യമാക്കിയില്ല. എന്തെങ്കിലും വേദനസംഹാരി കഴിച്ച് ആശുപത്രിയിലെ ജോലികളില്‍ മുഴുകും. എന്നാല്‍ വേദന കൂടിക്കൂടി വന്നത് സൈറ ശ്രദ്ധിച്ചു. ആശുപത്രിയിലെ തന്നെ ഡോക്ടര്‍മാരോട് കാര്യം പറഞ്ഞു. സര്‍ജനായിരുന്ന ഉമ്മര്‍ ഡോക്ടര്‍ എക്‌സ്‌റേ എടുക്കാനാവശ്യപ്പെട്ടു. എക്‌സ്‌റേയില്‍ വലതു തുടയെല്ലിന് വ്യതിയാനം. കുഴപ്പമുണ്ടെന്നു മനസ്സിലാക്കിയ ഡോക്ടര്‍ അവിടെനിന്നുതന്നെ എഫ്.എന്‍.എ.സി ടെസ്റ്റും നടത്തി. ചെറിയ കുഴപ്പമല്ലെന്ന് ഡോക്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ബയോപ്‌സി എടുത്തു. എല്ലിനെ ബാധിക്കുന്ന കാന്‍സര്‍-ഓസ്റ്റിയോ സര്‍കോമ തന്നെ. ചികിത്സക്കായി തിരുവനന്തപുരം ആര്‍.സി.സിയിലേക്ക്.
നഴ്‌സിംഗ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന സൈറക്ക് അന്ന് 21 വയസ്സാണ് പ്രായം. റാങ്ക് പ്രതീക്ഷിച്ച വിദ്യാര്‍ഥിനി. ഒന്നനങ്ങാന്‍പോലും പറ്റാതെ കിടക്കയില്‍ കിടക്കുന്ന സൈറയെ ഡോ. ഗംഗാധരന്‍ ഇന്നും ഓര്‍ക്കുന്നു. കീമോതെറാപ്പിയും സര്‍ജറിയുമെല്ലാമായി ഡോക്ടര്‍ അദ്ദേഹത്തിന്റെ ജോലി തുടങ്ങി. ജീവിതത്തിലേറെ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയ അവിവാഹിതയായ സൈറയുടെ മനക്കരുത്തിനു മുന്നില്‍ അര്‍ബുദം കീഴടങ്ങി എന്നു ഡോക്ടര്‍ ഗംഗാധരന്‍ പറയും. 
അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ടുള്ളവര്‍ ഏറെ പ്രയാസത്തോടെ ഓര്‍ക്കുന്ന നാളുകളാണ് കീമോതെറാപ്പിയുമായി മല്ലിടുന്ന നാളുകള്‍. മനുഷ്യന്റെ നീലഞരമ്പുകളിലൂടെ ഒഴുകിനീങ്ങുന്ന രാസവസ്തു, അത് ഇന്‍ജക്ഷനായോ ഗുളികയായോ ആണ് നല്‍കുന്നത്. ഇത് ശരീരത്തിലേക്കെത്തുന്ന ആദ്യനാളുകളില്‍ ഏതൊരു കാന്‍സര്‍ ബാധിതര്‍ക്കും താങ്ങാവുന്നതിലപ്പുറമായിരിക്കും അതിന്റെ ആഘാതം. ഭക്ഷണം കഴിക്കാനോ കുടിനീര്‍പോലും ഇറക്കാനോ സാധിക്കാത്ത രീതിയിലുള്ള അസ്വസ്ഥത. അതിനുപുറമെ ബാഹ്യശരീരത്തിനു വരുന്ന മാറ്റങ്ങള്‍. അതുള്‍ക്കൊള്ളാനാകാത്ത എത്രയോ കാന്‍സര്‍ ബാധിതര്‍ ഇന്നും നമുക്കു ചുറ്റുമുണ്ട്. മുടികൊഴിഞ്ഞും ശരീരം നഖമുള്‍പ്പെടെ നിറവ്യത്യാസം വന്നുമുണ്ടാകുന്ന മാറ്റങ്ങള്‍ ചെറുതായൊന്നുമല്ല ആ നാളുകളെ അസ്വസ്ഥപ്പെടുത്തിയിരുന്നത്. 
സൈറാ ബാനുവും ആ ദിനങ്ങളെക്കുറിച്ച് ഏറെ പറഞ്ഞു. ഛര്‍ദിയായിരുന്നു പ്രധാന വില്ലന്‍. ഡോക്ടറെ കാണുമ്പോള്‍തന്നെ ഛര്‍ദിക്കാന്‍ വരുമെന്ന് തമാശയായി ഗംഗാധരന്‍സാര്‍ പറയും. കീമോനാളുകളില്‍ ഒരു ദിവസം ബീറ്റ്‌റൂട്ട് അച്ചാര്‍ കഴിച്ചത്, അതേപോലെ ഛര്‍ദിച്ചുപോയത് സൈറ ഓര്‍ത്തെടുത്തു. അതിനുശേഷം പിന്നീടൊരിക്കലും ബീറ്റ്‌റൂട്ട് കഴിച്ചിട്ടില്ല. ഇങ്ങനെ എത്രമാത്രം അനുഭവങ്ങളിലൂടെയായിരിക്കും ഓരോ അര്‍ബുദബാധിതനും കടന്നിരിക്കുക. ഇന്ന് ഇതിനെല്ലൊം മെഡിസിന്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഓരോ പ്രയാസങ്ങള്‍ക്കും അതിനെ മറികടക്കാനുള്ള  മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 
ഇങ്ങനെയെല്ലാം അതിജീവനകഥ പറയുമ്പോള്‍ ഇവര്‍ക്കൊപ്പെം താങ്ങും തണലുമായി നില്‍ക്കുന്ന ഒരുപാടുപേര്‍ കൂടി ഫ്രെയിമിലുണ്ട്. സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും ഭാര്യമാരുടെയും ഭര്‍ത്താക്കന്മാരുടെയും ആഴത്തിലുള്ള ബന്ധങ്ങളുടെ ചിത്രങ്ങളടങ്ങിയ വലിയ ഫ്രെയിം. ഓരോ വിജയകഥകളും ഇവര്‍ക്കുകൂടി അവകാശപ്പെട്ടതാണ്. സൈറക്ക് ശക്തിയേകാന്‍ മാതാപിതാക്കളും സഹോദരങ്ങളുമായിരുന്നു പ്രധാനമായും കൂട്ടിനുണ്ടായിരുന്നത്. 
ചികിത്സക്കുശേഷം ജീവിതത്തില്‍ ആഗ്രഹിച്ചതുപോലെ നഴ്‌സിംഗ് ജോലി തന്നെ നേടി. 13 വര്‍ഷത്തോളം ഹോസ്റ്റല്‍ ജീവിതം. വിവാഹജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായില്ല. എന്നാല്‍ ചില ജീവിതങ്ങളില്‍ അപ്രതീക്ഷിതമായി ചിലത് സംഭവിക്കുന്നതുപോലെ ഒന്നായി സൈറയുടെ വിവാഹം. മുംബൈ സ്വദേശിയായ മുഹമ്മദ് നൗഫല്‍ ജീവിതത്തിലേക്ക് കടന്നുവന്നതിനെ അങ്ങനെ വേണം കരുതാന്‍. സൈറയും നൗഫലും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ട്. എല്ലാവരും നിനക്കൊരു ജീവിതം തരാമെന്ന് പറയുമ്പോള്‍ എന്റെ ജീവിതത്തിന് നീ കൂട്ടാകുമെന്നായിരുന്നു നൗഫല്‍ സൈറയോട് പറഞ്ഞത്. എല്ലാ അര്‍ഥത്തിലും തന്നെ മനസ്സിലാക്കാനും കൂടെ നില്‍ക്കാനും നൗഫലിനപ്പുറം ഒരാളില്ല എന്ന് സൈറയും തീരുമാനിച്ചു. തിരുവനന്തപുരത്ത് കമ്പ്യൂട്ടര്‍ ഷോപ്പും ബിസിനസ്സുമായി നീങ്ങുകയായിരുന്ന മുഹമ്മദ് നൗഫല്‍ അങ്ങനെ സൈറയുടെ ജീവിതത്തിലേക്ക് കടന്നുവരികയായി. ഇന്ന് തിരൂര്‍ക്കാട് സ്വകാര്യ സ്‌കൂളില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുകയാണ് മുഹമ്മദ് നൗഫല്‍. താന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും കരുത്തും സ്‌നേഹവും നിറഞ്ഞ സ്ത്രീ സൈറയാണ് എന്ന് സന്തോഷത്തില്‍ നിറഞ്ഞ കണ്ണുനീരുകൊണ്ട്, വിതുമ്പലോടെ മാത്രമേ  മുഹമ്മദ് നൗഫലിന് പറഞ്ഞു പൂര്‍ത്തീകരിക്കാനായുള്ളൂ. 
സൈറയുടെ ജീവിതത്തിന് ഈ മനുഷ്യന്‍ നല്‍കുന്ന കരുതലും തണലും അത്രത്തോളം വലുതാണ്. ചില ബന്ധങ്ങള്‍ അങ്ങനെയാണ്. നമുക്കൊന്നും നിര്‍വചിക്കാനാവുന്നതിലുമപ്പുറം ത്രീവ്രമായിരിക്കും അത്. നമുക്കറിയാത്ത എത്രയോ മനുഷ്യര്‍ ഈ തരത്തില്‍ ചുറ്റുമുണ്ടാകും. ജീവിതം എന്നത് സ്വന്തം സന്തോഷം മാത്രം അല്ല എന്നും മറ്റുള്ളവര്‍ക്കുകൂടി സന്തോഷം നല്‍കേണ്ടതാണെന്നുമുള്ള ബോധ്യത്തോടെ ജീവിക്കുന്ന വലിയ മനുഷ്യരും കൂടിയുള്ള ലോകം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top