സ്വര്‍ഗത്താക്കോല്‍ വൃദ്ധമാതാപിതാക്കളുടെ കൈകളില്‍

ഹൈദരലി ശാന്തപുരം No image

മാതാപിതാക്കളെ അനാദരിക്കുകയും ഉപദ്രവിക്കുകയും അവരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേല്‍പിക്കുകയും ചെയ്യുന്ന അനേകം സംഭവങ്ങള്‍ സമകാലിക ലോകത്ത് നാം കണ്ടുവരുന്നു. ഈ സവിശേഷ സാഹചര്യത്തില്‍ മാതാപിതാക്കളോടുളള ബാധ്യതകള്‍ എന്തെല്ലാമാണെന്ന് വിശുദ്ധ ഖുര്‍ആന്റെയും പ്രവാചകാധ്യാപനങ്ങളുടെയും വെളിച്ചത്തില്‍ പഠനവിധേയമാക്കുന്നത് ഏറെ പ്രസക്തമാണ്.
വിശുദ്ധ ഖുര്‍ആനിലെ വിവിധ അധ്യായങ്ങളില്‍ അല്ലാഹുവോടുള്ള മൗലിക ബാധ്യത വ്യക്തമാക്കിയ ഉടനെ മാതാപിതാക്കളോടുള്ള ബാധ്യതയെക്കുറിച്ചാണ് പറയുന്നത്.
അന്നിസാഅ് അധ്യായത്തിലെ 36-ാം സൂക്തത്തില്‍ അല്ലാഹു പറയുന്നു: ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുക. അവനോട് ഒന്നിനെയും പങ്ക് ചേര്‍ക്കരുത്. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക.''
മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: ''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു, നിങ്ങള്‍ അവന് മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം. നിന്റെ അടുക്കല്‍ അവരില്‍ ഒരാളോ രണ്ട് പേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍ അപ്പോള്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. അവരോട് പരുഷമായി സംസാരിക്കുകയുമരുത്. മറിച്ച്, അവരോട് ആദരവോടെ സംസാരിക്കുക, കാരുണ്യത്തിന്റെ ചിറകുകള്‍ വിനയപൂര്‍വം നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുക. 'എന്റെ നാഥാ, കുഞ്ഞായിരിക്കുമ്പോള്‍ അവര്‍ എന്നെ വളര്‍ത്തിയതുപോലെ അവര്‍ രണ്ടുപേരോടും നീ കരുണ കാണിക്കേണമേ' എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക'' (അല്‍ ഇസ്‌റാഅ്: 23,24).
മാതാപിതാക്കളോട് വര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാനപരമായ ചില കാര്യങ്ങളാണ് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒന്നാമതായി, അല്ലാഹുവിനു മാത്രം ഇബാദത്ത് ചെയ്യുക എന്ന കല്‍പനയോടടുത്തുനില്‍ക്കുന്ന കാര്യമാണ് മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്യുക എന്നത്. രണ്ടാമതായി, മാതാപിതാക്കളുടെ വാക്കിലും പ്രവൃത്തിയിലുമെല്ലാം അനിഷ്ടകരമായ അവസ്ഥകള്‍ സംജാതമാവുന്ന കാലമാണ് വാര്‍ധക്യം. വാര്‍ധക്യകാലത്ത് അവരുടെ സംസാരത്തിലോ പെരുമാറ്റത്തിലോ അനിഷ്ടം തോന്നിയാല്‍ അവരോട് നീരസം പ്രകടിപ്പിക്കുന്നതും അവരെ ശകാരിക്കുന്നതും നിരോധിച്ചിരിക്കുന്നു. മൂന്നാമതായി, ഏതവസ്ഥയിലും മാതാപിതാക്കളോട് സംസാരിക്കുന്നത് മാന്യമായും ആദരവോടുകൂടിയും ആയിരിക്കേണ്ടതാണ്. നാലാമതായി, അവരോട് വിനയവും കാരുണ്യവും കാണിക്കേണ്ടതാണ്. അഞ്ചാമതായി, മാതാപിതാക്കള്‍ക്ക് കാരുണ്യം പ്രദാനം ചെയ്യാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കല്‍ സന്താനങ്ങളുടെ ബാധ്യതയാണ്.
മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും അവര്‍ക്ക് നന്മചെയ്യണമെന്നും നിര്‍ദേശിക്കുന്ന ധാരാളം നബിവചനങ്ങള്‍ വന്നിട്ടുണ്ട്. 
അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദൂതനോട് ചോദിച്ചു: 'അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കര്‍മം ഏതാണ്?' അദ്ദേഹം പറഞ്ഞു: 'നമസ്‌കാരം സമയത്ത് നിര്‍വഹിക്കല്‍.' ഞാന്‍ ചോദിച്ചു: 'പിന്നെ ഏതാണ്?' അപ്പോള്‍ തിരുമേനി പറഞ്ഞു: 'മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക.' ഞാന്‍ വീണ്ടും ചോദിച്ചു: 'പിന്നെ ഏതാണ്?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പുണ്യസമരം' (ബുഖാരി, മുസ്‌ലിം).
അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കര്‍മങ്ങളിലൊന്നാണ് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലെന്ന് ഈ നബിവചനം പഠിപ്പിക്കുന്നു.
ദീര്‍ഘായുസ്സും ജീവിതവിഭവങ്ങളില്‍ വര്‍ധനവും ലഭ്യമാകാന്‍ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യലും കുടുംബ ബന്ധം ചേര്‍ക്കലും സഹായകമാകുമെന്ന് മറ്റൊരു നബിവചനം പഠിപ്പിക്കുന്നു:
അനസുബ്‌നു മാലികി(റ)വില്‍നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ പ്രസ്താവിച്ചു: 'തന്റെ ആയുസ്സില്‍ ദൈര്‍ഘ്യവും ജീവിത വിഭവങ്ങളില്‍ വര്‍ധനവും ലഭ്യമാകുന്നത് ആരെയെങ്കിലും സന്തുഷ്ടമാക്കുന്നുവെങ്കില്‍ അവന്‍ തന്റെ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുകയും തന്റെ കുടുംബ ബന്ധം ചേര്‍ക്കുകയും ചെയ്തുകൊള്ളട്ടെ' (അഹ്മദ്).
അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. എങ്കില്‍ നിങ്ങളുടെ സന്താനങ്ങള്‍ നിങ്ങള്‍ക്കും നന്മ ചെയ്യുന്നതാണ്. നിങ്ങള്‍ ജീവിത വിശുദ്ധി പുലര്‍ത്തുക. എങ്കില്‍ നിങ്ങളുടെ സ്ത്രീകളും ജീവിത വിശുദ്ധി പുലര്‍ത്തും' (ത്വബറാനി).
വാര്‍ധക്യകാലത്ത് മാതാപിതാക്കളെ സേവിക്കാന്‍ അവസരം ലഭിക്കുക എന്നത് മഹാഭാഗ്യമാണ്. ആ സുവര്‍ണാവസരം ഉപയോഗപ്പെടുത്തുക സ്വര്‍ഗപ്രവേശനത്തിന് സഹായകമാകുന്നതാണ്. അത് പാഴാക്കിക്കളയല്‍ നാശഹേതുകമാണ്.
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: 'അവന് നാശം, അവന് നാശം, അവന് നാശം.'' അപ്പോള്‍ ആരോ ചോദിച്ചു: 'ആരാണവന്‍ പ്രവാചകരേ?' നബി പറഞ്ഞു: 'തന്റെ മാതാപിതാക്കളെ രണ്ടുപേരെയുമോ അല്ലെങ്കില്‍ അവരില്‍ ഒരാളെയോ വാര്‍ധക്യകാലത്ത് ലഭിച്ചിട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കാത്തവനാണവന്‍' (മുസ്‌ലിം).
മാതാപിതാക്കളോട് ധിക്കാരം പ്രവര്‍ത്തിക്കലും അനുസരണക്കേട് കാണിക്കലും മഹാ പാപമാണെന്ന് നബി(സ) പ്രസ്താവിച്ചു.
അബൂബക്‌റി(റ)ല്‍നിന്ന് നിവേദനം. നബി(സ) ചോദിച്ചു: 'ഞാന്‍ നിങ്ങള്‍ക്ക് മഹാപാപങ്ങളെക്കുറിച്ച് പറഞ്ഞുതരട്ടെയോ?' ഞങ്ങള്‍ പറഞ്ഞു: 'അതേ' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവോട് പങ്ക് ചേര്‍ക്കലും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കലും.' ചാരിയിരിക്കുകയായിരുന്ന തിരുമേനി നേരെ ഇരുന്നുകൊണ്ട് പറഞ്ഞു: 'അറിയുക, കള്ളം പറയലും കള്ളസാക്ഷ്യം വഹിക്കലും.' അതദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹമൊന്ന് മൗനം ദീക്ഷിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ പറയുന്നതുവരെ (ബുഖാരി, മുസ്‌ലിം).
മാതാപിതാക്കളെ ആക്ഷേപിക്കുന്നതുപോലെത്തന്നെ പാപമാണ് മാതാപിതാക്കളെ ആക്ഷേപിക്കുന്നതിന് ഹേതുവാകുന്ന കാര്യം ചെയ്യലുമെന്ന് നബി(സ) പറയുകയുണ്ടായി.
റസൂല്‍(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വി(റ)ല്‍നിന്ന് നിവേദനം: 'ഒരു വ്യക്തി സ്വന്തം മാതാപിതാക്കളെ ചീത്ത പറയല്‍ വന്‍പാപങ്ങളില്‍ പെട്ടതാണ്.' അനുചരന്മാര്‍ ചോദിച്ചു: 'പ്രവാചകരേ, ഒരാള്‍ തന്റെ മാതാപിതാക്കളെ ചീത്ത പറയുമോ?' അവിടുന്ന് പറഞ്ഞു: 'അതേ, മറ്റൊരാളുടെ പിതാവിനെ ഒരാള്‍ ചീത്ത പറയുമ്പോള്‍ അയാള്‍ ഇയാളുടെ പിതാവിനെയും ചീത്ത പറയും. ഇവന്‍ അന്യന്റെ മാതാവിനെ ചീത്ത പറയുമ്പോള്‍ അവന്‍ ഇവന്റെ മാതാവിനെയും ചീത്തപറയും' (ബുഖാരി, മുസ്‌ലിം).
ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ കാര്യങ്ങളിലൂടെ മാതാവ് അനുഭവിക്കുന്ന വിഷമവും പ്രയാസവും പരിഗണിച്ച് മാതാവിനോടുള്ള ബാധ്യതാ നിര്‍വഹണത്തിന് ഇസ്‌ലാം പ്രഥമ പ്രാധാന്യം നല്‍കിയിരിക്കുന്നു. പിതാവിനെ അപേക്ഷിച്ച് മാതാവ് അനുഭവിക്കേണ്ടിവരുന്ന വിഷമാവസ്ഥകളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''അവന്റെ മാതാവ് അവശതക്കുമേല്‍ അവശത സഹിച്ചുകൊണ്ടാണ് അവനെ ഗര്‍ഭം ചുമന്നത്. രണ്ട് വര്‍ഷം അവനെ മുലയൂട്ടുന്നതില്‍ കഴിയുന്നു'' (ലുഖ്മാന്‍ 14).
അതിനാല്‍ മാതാപിതാക്കളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാതാവിന് നല്‍കിയശേഷം നാലാം സ്ഥാനമാണ് നബി(സ) പിതാവിന് നല്‍കിയിട്ടുള്ളത്.
മാതാപിതാക്കള്‍ മുസ്‌ലിംകള്‍ അല്ലെങ്കില്‍ പോലും അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും എന്നാല്‍ ഇസ്‌ലാമിനു വിരുദ്ധമായ കാര്യങ്ങള്‍ക്ക് അവര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അതനുസരിക്കരുതെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു:
''എന്നാല്‍ അവര്‍ നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അതിന് നീ ഒട്ടും വഴങ്ങരുത്. ഇഹലോകത്ത് അവരോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും വേണം'' (ലുഖ്മാന്‍ 15).
''ദീനിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ നിങ്ങളുടെ വസതികളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നിങ്ങള്‍ നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുന്നില്ല. നിശ്ചയം, അല്ലാഹു നീതിനിഷ്ഠയുള്ളവരെ സ്‌നേഹിക്കുന്നു'' (അല്‍ മുംതഹിന: 8).
ഈ ഖുര്‍ആന്‍ സൂക്തം അവതരിച്ച പശ്ചാത്തലം വിവരിച്ചുകൊണ്ട് അബൂബക്‌റി(റ)ന്റെ മകള്‍ അസ്മാഅ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''എന്റെ മാതാവ് എന്നോട് ബന്ധം ചേര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് എന്റെയടുക്കല്‍ വന്നു. അപ്പോള്‍ ഞാന്‍ നബിയോട് ചേദിച്ചു: 'ഞാന്‍ അവരുമായി ബന്ധം ചേര്‍ക്കുകയോ?' തിരുമേനി പറഞ്ഞു: 'അതേ.' തദവസരത്തില്‍ അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചു'' (ബുഖാരി).
ഈ സംഭവം വിശദീകരിച്ചുകൊണ്ട് ഇമാം സുയൂത്വി 'അസ്ബാബുന്നുസൂല്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ല്‍നിന്ന് അഹ്മദ്, ബസ്സാര്‍, ഹാകിം എന്നിവര്‍ ഉദ്ധരിച്ചിരിക്കുന്നു: ''അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) പറഞ്ഞു: ഖബീല അവരുടെ മകള്‍ അസ്മാഅ് ബിന്‍ത് അബീബക്‌റിന്റെ അടുക്കല്‍ ചെന്നു. അബൂബക്ര്‍ അവരെ ജാഹിലിയ്യാ കാലത്ത് വിവാഹമോചനം ചെയ്തതായിരുന്നു. അവര്‍ അവരുടെ മകളുടെ അടുത്ത് ചില പാരിതോഷികങ്ങളുമായിട്ടാണ് ചെന്നത്. അപ്പോള്‍ ആ പാരിതോഷികങ്ങള്‍ സ്വീകരിക്കാനും അവരെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാനും അസ്മാഅ് വൈമനസ്യം കാണിക്കുകയും തദ്വിഷയകമായി നബി(സ)യോട് ചോദിക്കാന്‍ ആഇശ(റ)യുടെ അടുത്തേക്ക് ആളെ അയക്കുകയും ചെയ്തു. അവര്‍ പറഞ്ഞതനുസരിച്ച് നബി(സ) അസ്മാഇനോട് മാതാവിന്റെ പാരിതോഷികങ്ങള്‍ സ്വീകരിക്കാനും അവരെ വീട്ടില്‍ പ്രവേശിപ്പിക്കാനും കല്‍പിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് മുന്‍പറഞ്ഞ ഖുര്‍ആനിക സൂക്തം അവതരിച്ചത്.''
ദൈവമാര്‍ഗത്തിലുള്ള പുണ്യസമരത്തേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് മാതാപിതാക്കള്‍ക്കുള്ള സേവനമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
അനസുബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ)യുടെ അടുത്ത് ഒരാള്‍ വന്നുകൊണ്ട് പറഞ്ഞു: 'ഞാന്‍ പുണ്യസമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ എനിക്കതിന് സാധിക്കുകയില്ല.' അപ്പോള്‍ പ്രവാചകന്‍(സ) ചോദിച്ചു: 'താങ്കളുടെ മാതാപിതാക്കളില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?' അയാള്‍ പറഞ്ഞു: 'അതേ, എന്റെ മാതാവ് ജീവിച്ചിരിപ്പുണ്ട്.' തിരുമേനി പറഞ്ഞു: 'എങ്കില്‍ താങ്കള്‍ അവര്‍ക്ക് ഗുണം ചെയ്തുകൊണ്ട് അല്ലാഹുവെ കണ്ടുമുട്ടുക. താങ്കള്‍ അങ്ങനെ ചെയ്താല്‍ താങ്കള്‍ ഹജ്ജും ഉംറയും പുണ്യസമരവും നിര്‍വഹിച്ചവനായി' (ത്വബറാനി).
മാതാപിതാക്കളുടെ അനുവാദത്തോടെ മാത്രമേ ഹിജ്‌റ (പലായനം) ചെയ്യാന്‍ പാടുള്ളൂ എന്നും നബി(സ) പറഞ്ഞിരിക്കുന്നു.
അബൂസഈദി(റ)ല്‍നിന്ന് നിവേദനം. യമന്‍കാരനായ ഒരാള്‍ റസൂലിന്റെ(സ) അടുക്കല്‍ ഹിജ്‌റ ചെയ്തുകൊണ്ടെത്തി. അപ്പോള്‍ റസൂല്‍ തിരുമേനി ചോദിച്ചു: 'താങ്കള്‍ക്ക് യമനില്‍ ആരെങ്കിലുമുണ്ടോ?' അയാള്‍ പ്രതിവചിച്ചു: 'എന്റെ മാതാപിതാക്കള്‍.' തിരുമേനി ചോദ്യം തുടര്‍ന്നു: 'അവര്‍ രണ്ടുപേരും താങ്കള്‍ക്ക് ഹിജ്‌റ ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ടോ?' അയാള്‍ പറഞ്ഞു: 'ഇല്ല.' പ്രവാചകന്‍ പറഞ്ഞു: 'എങ്കില്‍ അവരുടെ അടുത്ത് തിരിച്ചുപോയി അനുവാദം ചോദിക്കുക. അവര്‍ അനുവാദം നല്‍കിയാല്‍ താങ്കള്‍ പുണ്യസമരത്തിന് പുറപ്പെടുക. ഇല്ലെങ്കില്‍ അവര്‍ക്ക് നന്മ ചെയ്യുക' (അബൂദാവൂദ്).
ഒരു മനുഷ്യന് തന്റെ മാതാവിനോടുള്ള കടപ്പാട് എത്ര വലുതാണെന്ന് സൂചിപ്പിക്കുന്ന ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നു:
സഈദുബ്‌നു അബീബുര്‍ദയില്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് പറയുന്നതായി ഞാന്‍ കേട്ടു. യമന്‍കാരനായ ഒരാള്‍ തന്റെ മാതാവിനെ തന്റെ മുതുകില്‍ ചുമന്നുകൊണ്ട് കഅ്ബ പ്രദക്ഷിണം ചെയ്യുന്നതായി ഞാന്‍ കണ്ടു. പിന്നീടദ്ദേഹം ചോദിച്ചു: 'ഇബ്‌നു ഉമറേ, ഞാന്‍ എന്റെ മാതാവിന് പൂര്‍ണമായ പ്രതിഫലം നല്‍കിയിരിക്കുന്നതായി താങ്കള്‍ കാണുന്നില്ലേ?' ഇബ്‌നു ഉമര്‍ മറുപടി പറഞ്ഞു: 'ഇല്ല. താങ്കളെ അവര്‍ പ്രസവിച്ച സന്ദര്‍ഭത്തില്‍ അനുഭവിച്ച ഒരൊറ്റ വേദനക്കു പോലും അത് പകരമാവുകയില്ല.'
മാതാപിതാക്കള്‍ ഇഹലോകവാസം വെടിഞ്ഞ ശേഷവും അവരോട് ചില ബാധ്യതകളുണ്ടെന്ന് നബി(സ) പഠിപ്പിച്ചിരിക്കുന്നു. അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക, നമസ്‌കരിക്കുക, ദാനധര്‍മങ്ങള്‍ ചെയ്യുക, അവരുടെ സ്‌നേഹജനങ്ങളെ സ്‌നേഹിക്കുക, ആദരിക്കുക എന്നിവ അവയില്‍ ചിലതാണ്.
നബി(സ) പ്രസ്താവിച്ചു: 'ഒരു മനുഷ്യന്‍ മരിച്ചുപോയാല്‍ മൂന്ന് കാര്യങ്ങളൊഴികെ അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മുറിഞ്ഞുപോകുന്നു. തുടര്‍ച്ചയായി പ്രയോജനം ലഭിക്കുന്ന ദാനധര്‍മം, ഉപയോഗപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സന്താനം എന്നിവയാണ് ആ മൂന്ന് കാര്യങ്ങള്‍' (മുസ്‌ലിം).
അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരാള്‍ നബി(സ)യോട് ചോദിച്ചു: 'എന്റെ പിതാവ് വസ്വിയ്യത്ത് ചെയ്യാതെ മരിച്ചു. ഞാന്‍ അദ്ദേഹത്തിനുവേണ്ടി ദാനം ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് പ്രയോജനം ലഭിക്കുമോ?' നബി തിരുമേനി പറഞ്ഞു: 'അതേ' (മുസ്‌ലിം).
അബൂബുര്‍ദ(റ) പറയുന്നു: ഞാന്‍ മദീനയില്‍ ചെന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ എന്റെയടുത്ത് വന്നു. എന്നിട്ട് ചോദിച്ചു: 'ഞാനെന്തിനാണ് താങ്കളുടെ അടുക്കല്‍ വന്നതെന്ന് അറിയാമോ?' ഞാന്‍ പറഞ്ഞു: 'ഇല്ല.' അദ്ദേഹം പറഞ്ഞു: 'ആരെങ്കിലും ഖബ്‌റിലുള്ള തന്റെ പിതാവിനോട് ബന്ധം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്‍ തന്റെ പിതാവിന്റെ കാലശേഷം അദ്ദേഹത്തിന്റെ സഹോദരങ്ങളോട് ബന്ധം ചേര്‍ത്തുകൊള്ളട്ടെ എന്ന് റസൂല്‍(സ) പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു. എന്റെ പിതാവ് ഉമറിനും താങ്കളുടെ പിതാവിനുമിടയില്‍ സൗഹൃദവും സ്‌നേഹബന്ധവുമുണ്ടായിരുന്നു. അത് ചേര്‍ക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്' (ഇബ്‌നുമാജ).
മാലികുബ്‌നു റബീഅസ്സാഇദീ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ നബി(സ)യുടെ അരികിലിരിക്കുമ്പോള്‍ ബനൂസലമ ഗോത്രക്കാരില്‍പെട്ട ഒരാള്‍ വന്നുകൊണ്ട് റസൂലി(സ)നോട് ചോദിച്ചു: 'എന്റെ മാതാപിതാക്കളുടെ വിയോഗശേഷം അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവശേഷിക്കുന്നുവോ?' നബി(സ) പറഞ്ഞു: 'അതേ, അവര്‍ക്കു വേണ്ടി നമസ്‌കരിക്കുക, പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുക, അവരുടെ കരാറുകള്‍ പാലിക്കുക, അവര്‍ വഴിയായുള്ള കുടുംബബന്ധം ചേര്‍ക്കുക, അവരുടെ സ്‌നേഹജനങ്ങളെ ആദരിക്കുക എന്നീ കാര്യങ്ങള്‍' (അബൂദാവൂദ്).
അബ്ദുല്ലാഹിബ്‌നു ദീനാര്‍ അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: അബ്ദുല്ലാഹിബ്‌നു ഉമറി(റ)നെ മക്കയിലേക്കുള്ള യാത്രാമധ്യേ ഒരു ഗ്രാമീണ അറബി (അഅ്‌റാബി) കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം അയാള്‍ക്ക് സലാം പറയുകയും താന്‍ സവാരിയായി ഉപയോഗിച്ചിരുന്ന കഴുതപ്പുറത്ത് അയാളെ കയറ്റുകയും തന്റെ തലപ്പാവ് അയാള്‍ക്ക് നല്‍കുകയും ചെയ്തു. ഇബ്‌നു ദീനാര്‍ തുടരുന്നു: ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു: 'അല്ലാഹു താങ്കളെ നന്നാക്കട്ടെ. ഇവര്‍ (ഗ്രാമീണ അറബികള്‍) ലഘുവായ വല്ലതും നല്‍കുന്നതുകൊണ്ട് തൃപ്തിപ്പെടുന്നവരാണ്.' അപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: 'ഇയാളുടെ പിതാവ് എന്റെ പിതാവ് ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ സ്‌നേഹിതനായിരുന്നു. പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്; ഏറ്റവും നല്ല പുണ്യം ഒരു മകന്‍ തന്റെ പിതാവിന്റെ സ്‌നേഹജനങ്ങളോട് ബന്ധം ചേര്‍ക്കലാണ്.'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top