ചേക്കുട്ടിപ്പാപ്പ

ഷബാനാ ബീഗം No image

ഞാനും റുക്യമ്മായിയും മദ്രസപ്പറമ്പില്‍ നിന്നും കുറേ ദൂരം പിന്നിട്ടിരിക്കുന്നു. എങ്കിലും ഉസ്താദിന്റെ വയളിന്റെ അലയൊലികള്‍ ഇപ്പോഴും കാതില്‍ വന്നലയ്ക്കുന്നുണ്ട്.
'വേം നട..!'
റുക്യമ്മായി ആഞ്ഞു നടന്നു. വൃശ്ചികക്കാറ്റില്‍ ഞാന്‍ കിടു കിടുത്തു.
രാവിന്റെ മാറില്‍ അവിടവിടെയായി ഓരോ നക്ഷത്രങ്ങള്‍.
അരയിലുറപ്പിച്ച അരഞ്ഞാണത്തിലേക്ക് മുണ്ടിന്റെ കോന്തല വലിച്ചു കുത്തി റുക്യമ്മായി വേഗം കൂട്ടി.
'ഇനിക്ക് അന്റെ പോലെ പതിനാറല്ല' എന്നൊക്കെ പറഞ്ഞാലും അവര്‍ ചെരിപ്പുകള്‍ ഇടാത്ത കാലുകള്‍ വലിച്ചു വെച്ച് ആഞ്ഞു നടക്കുകയാണ്.
'കുട്ടി ഇപ്പോള്‍ തൊള്ള കീറി കരേണുണ്ടാവും.'
കുട്ടിയോ, ആരുടെ കുട്ടി..
ഓ..
എന്റെ കുട്ടി..
ഞാന്‍ മറന്നു.
അവന്‍ ഇപ്പോള്‍ ഉണര്‍ന്നു കാണുമെന്ന് പറഞ്ഞാണല്ലോ റുക്യമ്മായി വയളിന്റെ ഇടയില്‍ നിന്നും എന്നെ വിളിച്ചു കൊണ്ടുപോന്നത്.
ഉണര്‍ന്നാലും അവനെ എന്റെ കൈയില്‍ തരില്ല.
ഒരു ദിവസം മടിയില്‍ കിടന്ന് ചിരിക്കുന്ന അവന്റെ വായില്‍ രണ്ടു കോമ്പല്ലുകള്‍ കണ്ടതു കൊണ്ടാണ് ഞാന്‍ അവനെ വലിച്ചെറിഞ്ഞത്.
മറ്റൊരിക്കല്‍ അവന്‍ പാല് കുടിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍ എന്റെ ചോര കൂടി ഊറ്റിക്കുടിക്കുമെന്നു തോന്നിയിട്ടാണ് അവനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയത്.
ഉമ്മ ഓടിവന്ന് അവനെ പൊക്കിയെടുത്തു.
സാബിറയും ഉമ്മയും അവനെയും കൊണ്ട് ആസ്പത്രിയിലേക്ക് ഓടി.
തിരിച്ചു വന്ന് റുക്യമ്മായിനോട് ഉമ്മ പറഞ്ഞു: 'പേറ് കയിഞ്ഞപ്പോ ഓളെ മേത്ത് ചേക്കുട്ടിപ്പാപ്പ കൂടിക്കുണ്..'
പിന്നെ മന്ത്രിച്ചൂത്തും ഉറുക്കും ഉഴിഞ്ഞിറക്കലുമെല്ലാം നടത്തി.
'പാപ്പ' മാത്രം പോയില്ല.
എപ്പോഴും കിനാക്കണ്ടിരിക്കലും കരച്ചിലും മാത്രമായി.
അങ്ങാടിയിലെ കൊച്ചുണ്ണി ഡോക്ടറെ കാണിക്കാന്‍ പറഞ്ഞ ജാനമ്മ സിസ്റ്ററെ 'വട്ടുള്ളോരെ നോക്കുന്ന ഡോക്ടറെ കാണിച്ചാല്‍ ഓളെ എല്ലാരും 'പിരാന്തത്തി'ന്ന് വിളിക്കൂലെ'ന്ന് പറഞ്ഞു ഉമ്മ ആട്ടിയോടിച്ചു.
ജാനമ്മ സിസ്റ്റര്‍ ദീനത്തിന്റെ പേരും പെറ്റ്കിടക്കണ പെണ്ണുങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ഉണ്ടാവും എന്നൊക്കെ പറഞ്ഞെങ്കിലും ചെവി രണ്ടും പൊത്തി ഉമ്മ വളപ്പിന് പുറത്തേക്ക് വിരല്‍ ചൂണ്ടി.
ജിന്നിറക്കിണ സൂപ്പിമൂപ്പന്‍ പിന്നെയും വന്നു. ചൂരല് കൊണ്ട് മുതുകുംപുറം പൊളിച്ചു. ഇറങ്ങിപ്പോവാന്‍ ആജ്ഞാപിച്ചു.
എങ്ങോട്ട് പോവാന്‍..?!
കലി കയറിയപ്പോള്‍ ഇരുന്ന പുല്‍പ്പായ കീറിപ്പൊളിച്ചു. കൂവിയാര്‍ത്തു. ഉമ്മയും സില്‍ബന്ധികളും ചേക്കുട്ടിപ്പാപ്പാന്റെ കളികള്‍ കണ്ട് മൂക്കത്തു വിരല്‍ വെച്ചു.
സങ്കടം മാറ്റാന്‍ റുക്യമ്മായിയാണ് ഇടക്കൊക്കെ അങ്ങാടിയില്‍ കൊണ്ടുപോവുന്നത്. കടകളില്‍ കൊണ്ടുപോയി മുടിയില്‍ തേക്കാന്‍ പൂവെണ്ണയും മുടികെട്ടാന്‍ ശീലയും സുറുമയും വളകളും വാങ്ങിത്തന്ന് കൈവിടാതെ വീട്ടിലാക്കും.

*** ***
ബദര്‍ പടപ്പാട്ടാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
അബൂജഹല്‍ ബദ്‌റിന്റെ രണാങ്കണത്തില്‍ വീണുകഴിഞ്ഞു.
പര്‍വത സമാനനായി, യുദ്ധഭൂമിയില്‍ വീണുകിടക്കുന്ന അതികായന്റെ അടുത്തേക്ക് നബിയും അനുചരന്മാരും നടന്നടുക്കുകയാണ്.
അപ്പോഴാണ് റുക്യമ്മായി എന്നെ തോണ്ടിയത്.
'കുഞ്ഞെണ്ണെ, കുട്ടി ഒണന്നിറ്റുണ്ടാവും... ഞമ്മക്ക് പോയാലോ..'എന്ന്.
'നിക്കീ.. കുട്ടിക്ക് സാബിറ കുപ്പിപ്പാലു കൊടുത്തോളും. അല്ലെങ്കിലും ഉമ്മ ഓനെ എനിക്ക് തരൂല്ല.'
'ഇതിപ്പോന്നും കയ്യൂല്ല..'
'ഇങ്ങള് നടന്നൂടീ.'
റുക്യമ്മായി വെളിച്ചത്തില്‍ നിന്നും അകന്ന് എന്നെ കാത്തു നില്‍ക്കുന്നു. ഞാന്‍ പതുക്കെ എണീറ്റു.
മദ്രസ തൊടിയിലെ ആലില്‍ ചാരി നിക്കാണ് റുക്യമ്മായി. രാക്കാറ്റില്‍ അവരുടെ തട്ടം പറന്നു, നിലാവില്‍ കാതിലെ വെള്ളിച്ചിറ്റുകള്‍ തിളങ്ങി.
'ബാ..'
കോച്ചുന്ന തണുപ്പുള്ള കൈകളാല്‍ റുക്യമ്മായി എന്നെ വലിച്ചുകൊണ്ട് നടന്നു.
ഞാന്‍ കൈകള്‍ തിരുമ്മി ചൂടാക്കി.
കുറെയായല്ലോ നടക്കുന്നു. എവിടെയാ എത്തിയത്.
കയ്യിലാണെങ്കില്‍ ഒരു ടോര്‍ച്ച് പോലുമില്ല. നിലാവെട്ടത്തിലാണ് നടത്തം.
ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി.
'വേം നടക്കൂട്..'
റുക്യമ്മായിനെ ആട്ടിന്‍ ചൂരടിച്ചു.
മുന്നിലാരോ ടോര്‍ച്ചുമായി നടക്കുന്നുണ്ടല്ലോ. ആലി മൊല്ലാക്കയാണ്. ഞങ്ങള്‍ ഓടി ഒപ്പമെത്തി.
വിശേഷങ്ങള്‍ പറഞ്ഞു നടന്നു.
മൊല്ലാക്കന്റെ ശബ്ദം കുടത്തില്‍ തലയിട്ട പോലെ.
'മൊല്ലാക്കയെന്താ കിസ്സ തീരും മുന്നേ ഇറങ്ങിപ്പോന്നത്..?'
'ഓ.. ഒന്നൂല്ല.. മറക്കിരിക്കാന്‍ മുട്ടി.. അതാ..'
ഒച്ച കുടത്തില്‍ കിടന്നു മുഴങ്ങി.
ഈ ഇട്ടിലികളൊക്കെ ഏതാണ്. വീട്ടിലേക്ക് ഇനി എത്ര ദൂരം കാണും. വഴി മനസ്സിലാവുന്നേയില്ലല്ലോ.
കുട്ടി കരഞ്ഞു തളര്‍ന്നു മയങ്ങിക്കാണും.
മിനിഞ്ഞാന്ന് റുക്യമ്മായിയെ കാണാന്‍ പോയപ്പോളാണ് പറഞ്ഞത്' 'മദ്രസപ്പറമ്പില്‍ വയള് ഉണ്ട് നാളെ' ഞമ്മക്ക് പോവാം കുഞ്ഞെണ്ണേ..' എന്ന്.
ഉമ്മ അപ്പഴേ റുക്യമ്മായിയോട് മന്ത്രിച്ചു: 'റുഖിയാ... വെളിവില്ലാത്ത പെണ്ണാ... നോക്കിക്കോണം എന്ന്.'
ഉമ്മാനെ ഞാന്‍ രൂക്ഷമായി നോക്കി.
റുക്യമ്മായി ആട്ടിന്‍കൂട്ടില്‍ നിന്നും വെള്ളപ്പെടച്ചിയെ പുറത്തേക്ക് കെട്ടി. കൈയിലെ സ്റ്റീല്‍ പാത്രത്തിലേക്ക് പാല്‍ കറക്കുന്ന കമ്പിയൊച്ച.
ഞാന്‍ മുന്നിലെ പാടത്തേക്ക് നോക്കി. കൊലായിലെ മണ്ണിന്റെ ചുമരില്‍ ചാരി ഇരുന്നു.
പോക്കു വെയിലും കാറ്റും പാടത്തെ പരവതാനിയില്‍ ഓളങ്ങള്‍ വിടര്‍ത്തി.
ആട്ടിന്‍പാലൊഴിച്ചു കാച്ചിയ ചക്കരക്കാപ്പി റുക്യമ്മായി തിണ്ടത്തു കൊണ്ടുവെച്ചു.
പിന്നെ രാവിലെ തീ കൂട്ടാനുള്ള ചുള്ളിയൊടിക്കാന്‍ തൊടിയിലേക്ക് പോയി.
റുക്യമ്മായിയുടെ വീടിന്റെ കോലായില്‍ ഞാന്‍ ഒറ്റക്കിരുന്നു. മെല്ലെ മയങ്ങി.
ഈര്‍ക്കിലിച്ചൂലിന്റെ ഒച്ച കേട്ട് ഞാന്‍ ഉണര്‍ന്നു.
ഇരുള്‍ വന്ന് മൂടുകയായി.
മഗ് രിബിന് മുമ്പായി റുക്യമ്മായി  മുറ്റം തൂത്തു വൃത്തിയാക്കുന്നു.
ഞാന്‍ ചെരുപ്പുകള്‍ ഇട്ട് മുറ്റത്തേക്കിറങ്ങി.
'നാളത്തെ വയള് മറക്കണ്ട ട്ടൊ കുഞ്ഞെണ്ണേ..'
'ആം'
ഞാന്‍ പറങ്കി മൂച്ചികള്‍ക്കിടയിലൂടെ ഓടി വീടെത്തി. വടക്കിനിയിലേക്ക് ഓടിക്കയറി.
യാസീനോതുന്ന ഉമ്മ ഇടങ്കണ്ണിട്ടു നോക്കി.
ഉമ്മക്ക് വല്ലാത്ത പേടിയാണ്. പാപ്പ കൂടിയ പെണ്ണാണ്..!
പടിഞ്ഞാറ് സൂര്യന്‍ കെടാനൊരുങ്ങുമ്പോള്‍ ആ സങ്കടമഞ്ഞയിലുള്ള വെളിച്ചം കാണുമ്പോള്‍ കാറിക്കരയാന്‍ തോന്നും.
കുട്ടിയോട് വെറുപ്പാവും.
പാപ്പ മേത്ത് കൂടിയ പെണ്ണിനെ വേണ്ടാന്ന് 'ഓലും' ഒഴിഞ്ഞു.
എന്താണാവോ മനസ്സിന്റകത്ത് ഇങ്ങനത്തെ വിചാരങ്ങള്‍ വരാന്‍...?
ഹോജ രാജാവായ പടച്ചോന് മാത്രം അറിയാം, മനസ്സിന്റകത്തെ കളികള്‍.

*** *** ***
മദ്രസപ്പറമ്പില്‍ നിന്നും ഞങ്ങള്‍ ബഹുദൂരം പിന്നിട്ടിരിക്കുന്നു. വയളിന്റെ ഒച്ചയനക്കമൊന്നും കേള്‍ക്കാനില്ല. ഞങ്ങളുടെ തന്നെ കിതപ്പുകളല്ലാതെ.
'വീടെത്താറായോ മൊല്ലാക്കാ...?'
മൊല്ലാക്ക തിരിഞ്ഞു നിന്നു. എന്റെ മുഖത്തേക്ക് മൂന്നു ബാറ്ററിയുടെ ടോര്‍ച്ചടിച്ചു. ഒന്നല്ല രണ്ടു ടോര്‍ച്ചുകള്‍.
ഞാന്‍ കല്ലായി..! അനങ്ങാന്‍ പറ്റുന്നില്ല. മൊല്ലാക്ക കൈകള്‍ നെഞ്ചില്‍ പിണച്ചു കെട്ടി. കൈകളില്‍ ടോര്‍ച്ചില്ല.
ആ കണ്ണുകളാണ് ടോര്‍ച്ച്..!
ആട്ടിന്‍ ചൂര് രൂക്ഷമായി.
റുക്യമ്മായി എവിടെ...? കാണുന്നില്ലല്ലോ...
റുക്യമ്മായി അല്ലെങ്കിലും അങ്ങനെയാണ്. എവിടെ നിന്നോ വന്നവര്‍.
വീടിനടുത്ത് വല്ലിപ്പ ഒരു കൂര വെച്ചു കൊടുത്തതാണ്.
ഒരു ആടിനെയും വാങ്ങിക്കൊടുത്തു.
വീട്ടില്‍ ചില്ലറ സഹായമൊക്കെ ചെയ്യാറുണ്ട്.
അവര്‍ക്ക് ആരുമില്ല എന്ന തോന്നല് വേണ്ട എന്ന് വിചാരിച്ച് ഉമ്മയിലെ മനുഷ്യ സ്‌നേഹിയാണ് അവരെ റുക്യമ്മായി എന്ന് വിളിപ്പിച്ചത്.
അതവിടെ നില്‍ക്കട്ടെ..
അഞ്ചാറു നക്ഷത്രങ്ങള്‍ മിന്നുന്ന മാനത്തിനു കീഴെ നിഴലും നിലാവും കെട്ടുപിണഞ്ഞ അജ്ഞാതമായ ഏതോ ഇടവഴിയില്‍ ആലി മൊല്ലാക്ക എന്റെ മുഖത്തേക്ക് ടോര്‍ച്ചടിച്ചു നിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍.

*** *** ***
വിജനമായ മദ്രസപ്പറമ്പില്‍, ഖബറുകള്‍ പോലെ നിരത്തിയിട്ട ബെഞ്ചുകള്‍ വെറുങ്ങലിച്ചു കിടന്നു. വമ്പനാലിന്റെ കൊമ്പത്തിരുന്ന് ഒരു റൂഹാനിപ്പക്ഷി കരഞ്ഞു.
പട പടാ മിടിക്കുന്ന ഹൃദയവുമായി, നാട്ടു വെളിച്ചത്തില്‍ റുക്യമ്മായി,
ആളുകള്‍ പിരിഞ്ഞ മദ്രസപ്പറമ്പിലൂടെ കുഞ്ഞെണ്ണിനെയും തെരഞ്ഞുനടന്നു...
l

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top