അന്ധവിശ്വാസം ചെറുക്കുന്ന വിശ്വാസദര്‍ശനം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

'പറയുക: അല്ലാഹുവിനല്ലാതെ ആകാശഭൂമികളിലാര്‍ക്കും തന്നെ അഭൗതിക കാര്യങ്ങളറിയുകയില്ല. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കറിയില്ല.' (27:65)
മനുഷ്യന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണ് അന്ധവിശ്വാസവും വ്യക്തിപൂജയും. രണ്ടും പരസ്പര ബന്ധിതമാണ്. വ്യക്തികളോടുള്ള ആദരവ്  അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ പരിധിവിടുന്നു. അവരുടെ മേല്‍ അമാനുഷികത ആരോപിക്കുന്നു.
ഒട്ടേറെ അഭൗതിക കാര്യങ്ങളും അത്ഭുത പ്രവൃത്തികളും അവരുടെ മേല്‍ കെട്ടിവെക്കുന്നു. അങ്ങനെയാണ് വ്യാജ ദൈവങ്ങള്‍ പിറവിയെടുക്കുന്നത്. അര്‍ധ ഭ്രാന്തന്മാരും മുഴു ഭ്രാന്തന്മാരും വരെ ദിവ്യപുരുഷന്മാരായി മാറുന്നു. നിരീശ്വരവാദികള്‍ പോലും ആരാധിക്കപ്പെടുന്ന ദൈവങ്ങളായിത്തീരുന്നു.
ലോകത്തെ ഏറ്റവും കൂടുതല്‍ കള്ളം പറയുന്നവര്‍ ഭരണാധികാരികളും രാഷ്ട്രീയക്കാരുമാണെന്നാണ് പൊതു ധാരണ. എന്നാല്‍, അമാനുഷികത ആരോപിക്കപ്പെടുന്നവരുടെ അനുയായികളോളം കള്ളം പറയുന്നവര്‍ വേറെ ഉണ്ടാവാന്‍ സാധ്യതയില്ല. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ മാറ്റം, ആരും കാണാതെയും ഉപകരണങ്ങളില്ലാതെയും ശസ്ത്രക്രിയ നടത്തി രോഗം സുഖപ്പെടുത്തല്‍, മരിച്ചു കിടക്കുന്നവര്‍ സംസാരിക്കല്‍, ഖബ്‌റില്‍ കിടക്കുന്നവര്‍ പരീക്ഷക്ക് ചോദ്യവും ഉത്തരവും പറഞ്ഞു കൊടുക്കല്‍, ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടി പിടിച്ചുനിര്‍ത്തല്‍, കാന്‍സറിനുള്‍പ്പെടെ ഏത് രോഗത്തിനും ഖബ്‌റില്‍ നിന്ന് എഴുന്നേറ്റ് വന്ന് ചികിത്സ നടത്തി തിരിച്ചു പോകല്‍ പോലുള്ള എന്ത് പെരുംനുണയും കള്ളക്കഥകളും കെട്ടിച്ചമക്കാന്‍ ഒട്ടും മടിയില്ലാത്തവരാണവര്‍.
ശാസ്ത്ര പുരോഗതിക്കോ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കോ വൈജ്ഞാനിക വികാസത്തിനോ ഒന്നും തന്നെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതി വരുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നല്ല, അവയെയെല്ലാം അന്ധവിശ്വാസങ്ങളുടെയും കള്ളക്കഥകളുടെയും പ്രചാരണത്തിനും വ്യാപനത്തിനുമാണ് ഉപയോഗിക്കുന്നത്. എവിടെയോ വെച്ച വെള്ളത്തിലേക്ക് വിദൂരതയില്‍നിന്ന് വാട്‌സാപ്പിലൂടെ ഊതി ദിവ്യ ഔഷധം അയച്ചു കൊടുത്ത് പണം പിടുങ്ങുന്ന സിദ്ധന്മാര്‍ വരെയുണ്ട്.
ലോകത്തിലെ ഏറ്റവും കടുത്ത അന്ധവിശ്വാസം നിലനില്‍ക്കുന്ന നാടുകളിലൊന്നാണ് നമ്മുടേത്. ഇവിടെ ശാസ്ത്രം പോലും കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് അന്ധവിശ്വാസത്തിന്മേലാണ്. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടുപിടിക്കുന്ന ബഹിരാകാശ വാഹനങ്ങള്‍ നിര്‍മിക്കുന്നതും വിക്ഷേപിക്കുന്നതും രാവും രാശിയും ശകുനവും നക്ഷത്രഫലവും  ചൊവ്വാദോഷവും മറ്റുമൊക്കെ നോക്കിയാണ്. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അര്‍ധരാത്രിയിലായത് പോലും അന്ധവിശ്വാസങ്ങള്‍ കാരണമായാണ്.
നാസ്തികതക്ക് പോലും മനുഷ്യമനസ്സുകളില്‍നിന്ന് അന്ധവിശ്വാസങ്ങള്‍ പിഴുതുമാറ്റാന്‍ സാധ്യമല്ല. അതുകൊണ്ടാണല്ലോ നാസ്തികരായിരുന്ന നക്‌സലുകള്‍ വളരെ പെട്ടെന്ന് വ്യാജ ദൈവങ്ങളുടെ അനുയായികളായി മാറുന്നത്.
എന്നാല്‍, കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ, അഥവാ അഭൗതികമായ അറിവോ കഴിവോ പ്രപഞ്ചസ്രഷ്ടാവും നാഥനും നിയന്താവുമായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ലെന്ന ഇസ് ലാമിലെ ഏകദൈവ വിശ്വാസം എല്ലാവിധ അന്ധവിശ്വാസങ്ങള്‍ക്കും പൂര്‍ണമായും അറുതിവരുത്തുന്നു.
കൊറോണ ഉണ്ടാകുന്നതിന് മുമ്പ് അത്തരമൊരു മാരകരോഗം പടര്‍ന്നുപിടിക്കുമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. പ്രളയം, ഭൂകമ്പം, കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളുള്‍പ്പെടെ ഭാവിയില്‍ എന്താണ് ലോകത്ത് സംഭവിക്കുകയെന്ന് ഒരു ജ്യോത്സ്യനും സിദ്ധനും പുരോഹിതനും ഔലിയക്കും മനുഷ്യ ദൈവത്തിനും അറിയില്ല, പ്രവചിക്കാനാവില്ല. മോഷണം പോയ വസ്തു എവിടെയെന്നോ ആരാണ് എടുത്തതെന്നോ അഭൗതിക മാര്‍ഗത്തിലൂടെ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല. അതുകൊണ്ടാണല്ലോ നമ്മുടെ നാട്ടില്‍ പോലീസും പോലീസ് നായ്ക്കളും കേസ് അന്വേഷകരുമൊക്കെ വേണ്ടിവരുന്നത്. കളവ് പോയ വസ്തുക്കള്‍ ഭൗതികാതീത മാര്‍ഗത്തിലൂടെ കണ്ടെത്തുമെന്ന് അവകാശപ്പെടുന്നവരുടെ വീടുകളില്‍ പോലും സി.സി.ടി.വി സ്ഥാപിക്കുന്നത് അതിനാണല്ലോ.
കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അഭൗതിക മാര്‍ഗത്തിലൂടെ എന്തെങ്കിലും ഗുണമോ ദോഷമോ ചെയ്യാനും ആര്‍ക്കും സാധ്യമല്ല. തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് നടക്കാനോ സംസാരിക്കാനോ സാധ്യമല്ലാത്ത എന്തെങ്കിലും അസുഖം ഉണ്ടാക്കാന്‍ ലോകത്താര്‍ക്കെങ്കിലും കഴിയുമായിരുന്നുവെങ്കില്‍ എങ്ങും എവിടെയും തെരഞ്ഞെടുപ്പ് പോലും അനാവശ്യവും അപ്രസക്തവുമാകുമായിരുന്നു; അപ്രകാരം തന്നെ യുദ്ധം  ആവശ്യമാകുമായിരുന്നില്ല. യുദ്ധത്തിന് ഒരുങ്ങുന്ന ഭരണാധികാരിക്ക് മാറാത്ത തലവേദനയോ വരട്ട് ചൊറിയോ നല്‍കിയാല്‍ മതിയല്ലോ.
രോഗം ഭേദമാക്കുന്ന കാര്യവും ഇപ്രകാരം തന്നെ. അന്ധവിശ്വാസികളായ ആളുകളില്‍ മനക്കരുത്തും ഇച്ഛാശക്തിയും മറ്റും ഉണ്ടാക്കാന്‍ അവര്‍ വിശ്വാസമര്‍പ്പിച്ച വ്യക്തികള്‍ക്ക് കഴിഞ്ഞേക്കാം. മനസ്സിലെ മാറ്റം രോഗാവസ്ഥയിലും  സ്വാധീനം ചെലുത്തിയേക്കാം. മാനസികമായ അസ്വസ്ഥതയും ഭയവും ആശങ്കയും കാരണമായുണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ക്കും മനോവിഷമങ്ങള്‍ക്കും അല്‍പ്പം ആശ്വാസം ലഭിച്ചേക്കാം. അത് പറഞ്ഞാണ് അന്ധവിശ്വാസ കേന്ദ്രങ്ങളെ മാര്‍ക്കറ്റ് ചെയ്യാറുള്ളത്.
എന്നാല്‍, ഏകനായ ദൈവത്തോട് നടത്തുന്ന പ്രാര്‍ഥനകളാണ് മറ്റെന്തിനെക്കാളും ഫലപ്രദം. അത്ഭുത സിദ്ധികള്‍ ആരോപിക്കപ്പെടുന്നവര്‍ക്ക് രോഗം വന്നാല്‍ അവര്‍ ആശുപത്രികളെയാണ് ആശ്രയിക്കാറുള്ളത്. എന്നല്ല, ഇത്തരം വ്യാജ അഭൗതിക ചികിത്സാ കേന്ദ്രങ്ങളിലെല്ലാം ആശുപത്രികളുണ്ടെന്നത് മറക്കാവതല്ല. രോഗം മാറണമെങ്കില്‍ ആശുപത്രികളിലെ ചികിത്സ തന്നെ വേണമെന്നാണ് ഇതൊക്കെയും വ്യക്തമാക്കുന്നത്. ഇസ്‌ലാം ആവശ്യപ്പെടുന്നതും അവ്വിധം രോഗത്തെ ചികിത്സിക്കണമെന്നാണ്.

ഏറ്റുമുട്ടേണ്ടിവന്നത് 
പുരോഹിത മതത്തോട്
അല്ലാഹു അറിയിച്ചുകൊടുക്കുന്നതല്ലാത്ത അഭൗതിക കാര്യങ്ങള്‍ പ്രവാചകന്മാര്‍ക്ക് പോലുമറിയില്ല. വടി നിലത്തിട്ടാല്‍ പാമ്പായ അമാനുഷ സിദ്ധി അല്ലാഹു തനിക്ക് നല്‍കിയിട്ടുണ്ടെന്ന് അങ്ങനെ സംഭവിക്കുന്നതു വരെ മൂസാ നബിക്ക് അറിയുമായിരുന്നില്ല. അതിനാലാണല്ലോ വടി പാമ്പായപ്പോള്‍ അദ്ദേഹം ഭയപ്പെട്ടത്. അല്ലാഹുവിന്റെ അന്ത്യ ദൂതനായ മുഹമ്മദ് നബിയുടെ പ്രിയതമ ആഇശാ ബീവിക്കെതിരെ അപവാദാരോപണമുണ്ടായപ്പോള്‍ വസ്തുസ്ഥിതി വ്യക്തമാക്കാന്‍ അദ്ദേഹം ദിവ്യ ബോധനം വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു. തങ്ങള്‍ക്ക് അഭൗതിക കാര്യങ്ങള്‍ അറിയില്ലെന്ന് തുറന്ന് പറയാന്‍ പ്രവാചകന്മാര്‍ പോലും കല്‍പ്പിക്കപ്പെട്ടിരുന്നു:
''അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ വശമുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. എനിക്ക് അഭൗതിക കാര്യങ്ങളറിയുകയുമില്ല.'' (11:31)
'നീ പറയുക: ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.'' (7:18)
അല്ലാഹു ദിവ്യ ബോധനത്തിലൂടെ അറിയിച്ചുകൊടുക്കുന്നതല്ലാത്ത അഭൗതികമായ അറിവുകള്‍ ആര്‍ക്കുമില്ല. 'അഭൗതിക കാര്യങ്ങളുടെ താക്കോലുകള്‍ അല്ലാഹുവിന്റെ വശമാണ്. അവനല്ലാതെ അതറിയുകയില്ല. കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു.' (6:59)
'അവന്‍ അഭൗതിക കാര്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അഭൗതിക കാര്യങ്ങള്‍ ആര്‍ക്കും വെളിവാക്കിക്കൊടുക്കുകയില്ല.' (72:26)
ഈ ആദര്‍ശത്തിലധിഷ്ഠിതമായ പ്രവാചക മതത്തിന് എന്നും എവിടെയും ഏറ്റുമുട്ടേണ്ടി വന്നത് പുരോഹിത മതത്തോടാണ്. എല്ലാവിധ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജന്മം നല്‍കുന്നതും അവയെ പോറ്റിവളര്‍ത്തുന്നതും പുരോഹിത മതമാണ്. അതിന്റെ ലക്ഷ്യം എന്നും എവിടെയും ഭൗതിക നേട്ടങ്ങളാണ്. ആത്മീയമായ വളര്‍ച്ചക്കോ പരലോക രക്ഷക്കോ വേണ്ടി ആരും അന്ധവിശ്വാസ വിപണന കേന്ദ്രങ്ങളില്‍ പോകാറില്ല. മനുഷ്യ ദൈവങ്ങളെ ആരാധിക്കാറില്ല. സിദ്ധന്മാരെയും ജ്യോത്സ്യന്മാരെയും വ്യാജ ഔലിയാക്കളെയും അമാനുഷികത ആരോപിക്കപ്പെടുന്നവരെയും പുണ്യവാളന്മാരുടെ ഖബ്‌റിടങ്ങളെയും നേര്‍ച്ച വഴിപാട് കേന്ദ്രങ്ങളെയും സമീപിക്കാറില്ല. എല്ലാം ഭൗതിക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് ചെയ്യാറുള്ളത്. രോഗം മാറുക, കച്ചവടം മെച്ചപ്പെടുക, നല്ല ജോലി ലഭിക്കുക, ഉദ്ദേശിച്ച വിവാഹം നടക്കുക, എതിരാളികള്‍ പരാജയപ്പെടുക പോലുള്ള ഐഹിക താല്‍പര്യങ്ങള്‍ക്കാണ് ആളുകള്‍ അന്ധവിശ്വാസങ്ങളില്‍ അഭയം തേടാറുള്ളത്. ഇസ് ലാം ഇതിനെയെല്ലാം ശക്തമായി എതിര്‍ക്കുന്നു. എല്ലാം വ്യാജവും അല്ലാഹുവില്‍ നിന്നകറ്റുന്ന ഏറ്റവും ഗുരുതരമായ തെറ്റും കുറ്റവുമാണെന്ന് പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാചക മതത്തിന്റെ അനുയായികള്‍ സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ബഹുദൈവ വിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്താന്‍ ബാധ്യസ്ഥരാണ്. ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ സേവനവും നല്‍കാവുന്ന ഉജ്ജ്വലമായ സമ്മാനവും അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അതിനടിപ്പെട്ടവരെ രക്ഷപ്പെടുത്തുകയെന്നതാണ്. അങ്ങനെ ശുദ്ധമായ ഏക ദൈവ വിശ്വാസത്തിലേക്കും ഏകദൈവാരാധനയിലേക്കും ഇരു ലോക വിജയത്തിലേക്കും അവരെ നയിക്കലുമാണ്. അങ്ങനെ മാനവ സമൂഹത്തിന്റെ യഥാര്‍ഥ മോചനം സാധ്യമാക്കലാണ്. നാം മറ്റെന്തിനേക്കാളുമേറെ ഊന്നല്‍ നല്‍കേണ്ടതും അതിനു തന്നെ.
l

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top