കുറച്ചു നാളുകള്‍ക്കു മുമ്പ് മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്. രാത്രി ഒമ്പത് മണിയോടടുത്ത സമയം. റോഡില്‍ അത്യാവശ്യം തിരക്കുണ്ട്. ട്രാഫിക് ബ്ലോക്കില്‍ വണ്ടികളൊക്കെ മെല്ലെയാണ് പോകുന്നത്. വയറു വിശന്നു കത്തിക്കാളുന്നുണ്ട്. രാവിലത്തെ പ്രാതല്‍ മാത്രമാണ് ആകെ കഴിച്ച ഭക്ഷണം. തെരുവോരത്തെ ഹോട്ടലുകളില്‍ നിന്നും കൊതിപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് തുളച്ചുകയറുന്നുണ്ട്. ചിലര്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ച് കടലാസോ മുണ്ടോ വെച്ച് മുഖം അമര്‍ത്തി തുടക്കുന്നത് കാണാം. ഓടിക്കൊണ്ടിരിക്കുന്ന ആ ബസ്സില്‍ ഞാന്‍ തീര്‍ത്തും ഫക്കീര്‍ ആണല്ലോ എന്നോര്‍ത്തുപോയി. ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ ഫക്കീര്‍ ആവാറുണ്ട്. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവരെ പോലെ. എല്ലാം ഉണ്ടായിട്ടും അതൊന്നും നമുക്ക് ഉപകാരപ്പെടാത്ത സന്ദര്‍ഭങ്ങള്‍. സമ്പത്തോ സ്വാധീനമോ ആള്‍ബലമോ നമുക്ക് ഉപകാരപ്പെടാത്ത വിധി തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന നിമിഷങ്ങള്‍. അങ്ങനെയുള്ള ഒരുപാട് മനുഷ്യരെ ചുറ്റും നമുക്ക് കാണാന്‍ സാധിക്കും. ആശുപത്രികളിലെ നീണ്ട വരാന്തകളില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് ജീവന്‍ തിരിച്ചുകൊടുക്കേണമേ എന്ന അകമഴിഞ്ഞ പ്രാര്‍ഥനകളില്‍ കഴിയുന്നവര്‍. അപരിചിതമായ പ്രദേശത്ത് ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒറ്റപ്പെടുന്നവര്‍. വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടിവരുന്നവര്‍. ഉരുള്‍പൊട്ടലിലും പ്രളയത്തിലുമെല്ലാം നാം കണ്ടത് അത്തരം മനുഷ്യരെയാണ്. ഉണ്ടായിരുന്നതെല്ലാം ഒരു നിമിഷംകൊണ്ട് കൈവെള്ളയില്‍നിന്ന് ഊര്‍ന്ന് പോകുന്നത് വേദനയോടെ കാണേണ്ടി വന്നവര്‍. നമ്മള്‍ തന്നെയും നിനച്ചിരിക്കാത്ത സമയത്ത് ഫക്കീറായേക്കാം. പടച്ചോന്റെ സഹായമല്ലാത്ത വേറൊന്നും പ്രതീക്ഷിക്കാനില്ലാത്ത നേരം.
മൂസാ നബി ഈജിപ്തില്‍നിന്ന് മദ് യനിലേക്ക് ഓടിരക്ഷപ്പെട്ടതിനു ശേഷം നടത്തുന്ന പ്രാര്‍ഥന അല്ലാഹു നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ആപത് ഘട്ടത്തിലും പ്രയാസങ്ങളിലും അകപ്പെട്ടപ്പോഴൊക്കെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോഴുള്ള ആദം നബിയുടെ പ്രാര്‍ഥനയും മകനു വേണ്ടിയുള്ള നൂഹ് നബിയുടെ പ്രാര്‍ഥനയും രോഗം മൂലമുള്ള അയ്യൂബ് നബിയുടെ പ്രാര്‍ഥനയും സന്താന പരമ്പരക്കു വേണ്ടിയുള്ള ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയും മീനിന്റെ വായില്‍ അകപ്പെട്ട യൂനുസ് നബിയുടെ പ്രാര്‍ഥനയും ആധിപത്യം നല്‍കിയതിനെ കുറിച്ചുള്ള യൂസുഫ് നബിയുടെയും സുലൈമാന്‍ നബിയുടെയും പ്രാര്‍ഥനയുമൊക്കെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. രാജകുമാരനായി ജീവിച്ചതിനുശേഷം തീര്‍ത്തും ഫക്കീര്‍ ആകുന്ന മൂസാ നബിയുടെ പ്രാര്‍ഥന സൂറഃ ഖസ്വസ്വില്‍ കാണാം. ''മൂസ അവരുടെ കാലികള്‍ക്ക് വെള്ളം കൊടുത്തു. ശേഷം ഒരു തണലില്‍ ചെന്നിരുന്നിട്ട് പ്രാര്‍ഥിച്ചു: നാഥാ നീ എനിക്ക് ഇറക്കിത്തരുന്ന ഏത് നന്മയും എനിക്കിപ്പോള്‍ ആവശ്യമാണ്'' (സൂറഃ ഖസ്വസ്വ് 24).
കുട്ടികള്‍ ഇല്ലാതിരുന്ന ഫറോവക്കും ആസിയക്കും ലഭിച്ച വളര്‍ത്തു പുത്രനാണ് മൂസാ നബി. രാജകീയ പ്രൗഢിയോടെ വളര്‍ത്തപ്പെട്ട സുന്ദരനായ യുവാവ്. രാജകീയ ഭക്ഷണവും വസ്ത്രവും സേവനത്തിനായി പരിചാരകരും. രാജകൊട്ടാരത്തിലെ ജീവിതം സമ്മാനിച്ച യോഗ്യതകളെ സംബന്ധിച്ച്, ബൈബിള്‍ അവലംബിച്ച സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഇപ്രകാരം എഴുതുന്നുണ്ട്: ''അദ്ദേഹം ഈജിപ്തിലെ എല്ലാ ശാസ്ത്രങ്ങളിലും വ്യുല്‍പത്തി നേടിയെന്നും, വചനത്തിലും കര്‍മത്തിലും കരുത്തനായി എന്നും ബൈബിള്‍ വ്യക്തമാക്കുന്നു. ഫറോവയുടെ ഭവനത്തില്‍ മൂസ ഒരു സുന്ദരനായി വളര്‍ന്നുവെന്നാണ് തല്‍മൂദ് പ്രസ്താവിക്കുന്നത്. രാജകുമാരന്മാരുടെ ഉടുപ്പുകള്‍ ധരിച്ച് രാജകീയമായി ജീവിച്ചു. ജനം അദ്ദേഹത്തെ ആദരിച്ചു വണങ്ങി'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, ഭാഗം:3. പേജ്: 596). 'ഇസ്രാഈലികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജുഷന്‍ മേഖലയില്‍ അദ്ദേഹം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്മാര്‍ അവരോട് കാണിക്കുന്ന ക്രൂരതകളും പീഡനങ്ങളും അദ്ദേഹം നേരില്‍ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഫറോവ ഇസ്രാഈല്യര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിച്ചു കൊടുക്കുകയുണ്ടായി. അദ്ദേഹം ഫറോവയോട് പറഞ്ഞു: ''നിരന്തരം അധ്വാനിക്കുക മൂലം ഈ ജനത്തിന്റെ ശക്തി ക്ഷയിച്ചുപോകും. സര്‍ക്കാറിന് തന്നെയാണ് ഇതുകൊണ്ട് നഷ്ടം ഉണ്ടാവുക. അവരുടെ അധ്വാന ശേഷി നിലനില്‍ക്കുന്നതിന് ആഴ്ചയില്‍ ഒരുനാള്‍ അവരെ വിശ്രമിക്കാന്‍ അനുവദിക്കേണ്ടതാകുന്നു. ഈ വിധം അവബോധത്തിലൂടെയും നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹത്തിന് ഈജിപ്തിലാകമാനം പ്രശസ്തിയുണ്ടായി.''
ഖിബ്തികളില്‍പ്പെട്ട ഒരാള്‍ അബദ്ധവശാല്‍ തന്റെ കൈകള്‍ കൊണ്ട് കൊല ചെയ്യപ്പെട്ടപ്പോള്‍ ഫറോവയുടെ പടയാളികളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മൂസാ നബി മദ് യനിലേക്ക് ഓടിപ്പോകുന്നത്. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങി ജീവന്‍ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള യാത്ര. ജീവഭയവും ആത്മ സംഘര്‍ഷവും കുറ്റബോധവും വേട്ടയാടിയ യാത്രക്കൊടുവില്‍ അദ്ദേഹം മദ് യനില്‍ എത്തിച്ചേരുന്നുണ്ട്. അവിടെ എത്തിയപ്പോഴാണ് ഒരു കിണറിന് ചുറ്റും ആള്‍ക്കൂട്ടത്തെ അദ്ദേഹം കാണുന്നത്. ആള്‍ക്കൂട്ടത്തില്‍ പെടാതെ കുതറി മാറുന്ന കന്നുകാലികളെ തടുത്ത് നിര്‍ത്തി കുറച്ചു ദൂരെയായി മാറി നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളെയും. എന്തുപറ്റിയെന്ന് അവരോട് അന്വേഷിച്ച പ്രവാചകന്‍ അവരുടെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ് അവരുടെ കന്നുകാലികള്‍ക്ക് വെള്ളം കൊടുക്കുന്നുണ്ട്. തുടര്‍ന്ന് കടുത്ത ദാഹവും വിശപ്പും അനാഥത്വവും അനുഭവപ്പെട്ടപ്പോഴാണ് മൂസാ നബി പ്രാര്‍ഥിക്കുന്നത്. ഏതൊരു കുഞ്ഞു അനുഗ്രഹവും ആവശ്യമായി വരുന്ന ഒരു മനുഷ്യന്റെ അങ്ങേയറ്റത്തെ നിസ്സഹായാവസ്ഥയിലുള്ള തേട്ടം. രാജകുമാരനില്‍നിന്ന് മാറി ഫക്കീറായ ഒരു മനുഷ്യന്റെ ഉള്ളുലഞ്ഞ ആവലാതി. ആ പെണ്‍കുട്ടികള്‍ തിരിച്ചു വരുന്നതും അവരുടെ പിതാവ് അദ്ദേഹത്തിന് അഭയം നല്‍കുന്നതും തുടര്‍ന്ന് നാഥന്‍ വിശദീകരിക്കുന്നുണ്ട്. വിജനമായ മരുഭൂമിയില്‍ തീര്‍ത്തും ഒറ്റപ്പെട്ട് വിശന്നു മരിച്ചുപോകും എന്ന് കരുതിയേടത്തു നിന്ന്, സ്വേച്ഛാധിപതിയായ ഭരണാധികാരിയില്‍ നിന്ന് ഒരു ജനതയെ രക്ഷിച്ചെടുക്കാന്‍ നിയോഗിക്കുന്ന പ്രവാചകനിലേക്കുള്ള ജീവിതയാത്രയുടെ രണ്ടാം ഘട്ടമായിരുന്നു അത്.
ഇത്തരം ചില മനുഷ്യരെ നമ്മളും ജീവിതത്തില്‍ കാണാറുണ്ട്. ഇനിയൊരിക്കലും രക്ഷപ്പെടില്ല എന്ന് കരുതിയേടത്തു നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ റബ്ബ് നിശ്ചയിക്കുന്ന ചില മനുഷ്യര്‍. അല്ലാഹു ആവശ്യപ്പെടുന്നത് നമ്മുടെ പ്രാര്‍ഥനയാണ്. 'ഞാന്‍ തീര്‍ത്തും ഫക്കീറാണ് നാഥാ.... ഏതൊരു ചെറിയ സഹായവും ആവശ്യമുള്ളവനാണ് ഞാനിപ്പോള്‍. എനിക്ക് ലഭിക്കുന്ന ഏതു കുഞ്ഞു സഹായവും വളരെ വിലപ്പെട്ടതാണ്' എന്ന നെഞ്ചുരുകിയുള്ള പ്രാര്‍ഥന. ഈ ആയത്തിനെ കുറിച്ച് സംസാരിച്ചപ്പോള്‍ 1990-കളില്‍ കുവൈത്തില്‍ യുദ്ധം നടന്ന സമയത്ത് 30 ദിവസം പ്രായമുള്ള കുഞ്ഞുമായി ഇറാഖ് ബോര്‍ഡറിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് പോകേണ്ടി വന്ന അനുഭവം ഒരു സഹപ്രവര്‍ത്തക പങ്കുവെക്കുകയുണ്ടായി. കുവൈത്തിലെ ദീനാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൈയില്‍ പണം ഉണ്ടായിട്ടും തീര്‍ത്തും ഫക്കീറായി മാറിയ അവസ്ഥയാണ് അവര്‍ ഓര്‍മിച്ചത്. മരുഭൂമിയിലെ അഭയാര്‍ഥി ക്യാമ്പില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പോലും രാത്രിയാകാന്‍ കാത്തിരിക്കുന്ന ദുഷ്‌കരമായ അവസ്ഥ. കുവൈത്തിലെ ഗോള്‍ഡ് സൂക്കിലെ അതിസമ്പന്നരായ മനുഷ്യര്‍ പട്ടുസാരി കൊണ്ട് ടെന്റുണ്ടാക്കി ജീവിക്കുന്നത് കണ്ട അനുഭവം. കുഞ്ഞുമായുള്ള ടെന്റിലെ ജീവിതത്തിനിടയില്‍ അവര്‍ അകമറിഞ്ഞ് പ്രാര്‍ഥിച്ചതില്‍ ഈ പ്രാര്‍ഥനയും ഉണ്ടായിരുന്നു. ഫക്കീറായ അടിമയുടെ പ്രാര്‍ഥന നാഥന്‍ കേള്‍ക്കുക തന്നെ ചെയ്യും. ജീവിതത്തിന്റെ പ്രയാസങ്ങളില്‍ നിരാശയുടെ പടുകുഴിയില്‍ ആണ്ടു പോവാതെ അല്ലാഹുവിന്റെ സഹായകരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഹൃദയമുരുകുന്ന അടിമയുടെ പ്രാര്‍ഥന ശുഭപ്രതീക്ഷ കൂടിയാണ്. ഇതിനെക്കാള്‍ മികച്ചത് സ്രഷ്ടാവ് തനിക്കായി കരുതിവെച്ചിട്ടുണ്ട് എന്ന വിശ്വാസിയുടെ ശുഭപ്രതീക്ഷ!