2024 ഫെബ്രുവരി 28-ന് രാത്രി മസ്‌കത്തില്‍ നിന്ന് ഞങ്ങള്‍ ഇറാനിലെ ചരിത്രപ്രസിദ്ധമായ ശീറാസ് നഗരത്തില്‍ പറന്നിറങ്ങി. സമയം ഏതാണ്ട് 11 മണി. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ നല്ല തണുപ്പ്. കാലാവസ്ഥയെ കുറിച്ച് നേരത്തെ അറിയാമായിരുന്നതിനാല്‍ മസ്‌കത്തില്‍ വച്ചേ അകത്തും പുറത്തും കമ്പിളി വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു. റോഡില്‍ അല്പം മുമ്പ് പെയ്ത മഴയുടെ നനവ്. ഇരുണ്ട അന്തരീക്ഷം. ചുറ്റിലും അധികം ഉയരമില്ലാത്ത മരങ്ങളും അവയുടെ നിഴലുകളും അല്ലാതെ കാര്യമായി ഒന്നും കാണാനില്ല. വീതി കുറഞ്ഞ ഒരു സാധാരണ നിരത്താണ് മുമ്പില്‍ നീണ്ടു കിടക്കുന്നത്. വരാനിരിക്കുന്ന അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച നിഗൂഢതയുടെ മുഖംമൂടിയായിരുന്നു ഈ ആദ്യ കാഴ്ച എന്ന് അപ്പോള്‍ മനസ്സിലായില്ല. അല്ലെങ്കിലും ഇറാനെ കുറിച്ച് കേട്ടതൊന്നുമായിരുന്നില്ലല്ലോ ഞങ്ങള്‍ അവിടെ കണ്ടത്. കേട്ടുറച്ച മുന്‍ധാരണകളെ മുഴുവന്‍ പൊളിച്ചടക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍. പാശ്ചാത്യ മാധ്യമങ്ങളും നാട്ടിലെ ഇറാന്‍ വിരോധികളും പറഞ്ഞു പ്രചരിപ്പിച്ച അപസര്‍പ്പക കഥകള്‍ ഒരു വേള വിശ്വസിച്ചു പോയെങ്കില്‍, തിരിച്ചു പോരുമ്പോള്‍, ഞങ്ങള്‍ ആ അവിവേകത്തിന് ഇറാനികളോട് മനസാ മാപ്പ് പറഞ്ഞു.
നേരത്തെ ഏര്‍പ്പാട് ചെയ്തിരുന്ന വാഹനം ഞങ്ങളെയും വഹിച്ചു ഹോട്ടല്‍ മുറി ലക്ഷ്യമാക്കി നീങ്ങി. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിരത്തും വഴിയോരങ്ങളും വിമാനത്താവളം ഉണ്ടാക്കിയ നിരാശയെ ബഹുദൂരം പിന്നിലാക്കി. തെരുവോരത്ത് കാഴ് ച നില്‍ക്കുന്ന ഓറഞ്ച് മരങ്ങള്‍. വസന്തം കാത്ത്, ഇല പൊഴിഞ്ഞ ആപ്പിള്‍ മരങ്ങള്‍. യാത്രയിലുടനീളം കാഴ്ചയില്‍ പെടുന്ന ഹരിതാഭമായ കൃഷിയിടങ്ങള്‍. സ്വയം പ്രവര്‍ത്തിക്കുന്ന ടോളുകള്‍ ഇറാന്റെ സാങ്കേതിക മികവ് വിളിച്ചോതുന്നുണ്ടായിരുന്നു. ഇറാനിലെ സര്‍വകലാശാലകള്‍ ശാസ്ത്ര ഗവേഷണത്തിന് മുന്‍തൂക്കം നല്‍കുന്നതായി നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. വിദ്യാസമ്പന്നരായ യുവതികളും യുവാക്കളും ഒന്നിലധികം ഭാഷകള്‍ അനായാസം സംസാരിക്കുന്നു. പള്ളികളിലെ മുല്ലമാര്‍ക്കു പോലും ഫ്രഞ്ചും ഇംഗ്ലീഷും നന്നായി വഴങ്ങും. സംഗീത സാന്ദ്രമാണ് ഇറാന്‍. എല്ലാ നഗരങ്ങളിലും ഉണ്ട് വാദ്യോപകരണങ്ങളുമായി തെരുവു ഗായകര്‍. വിശാലമായ തീനിടങ്ങളില്‍ ഗായകരും നര്‍ത്തകരും മാത്രമല്ല, ചേഷ്ടകള്‍ കൊണ്ട് നമ്മെ രസിപ്പിക്കുന്ന നര്‍മ രസികന്‍മാരും നിരവധി.
ശീറാസ്: കവികളുടെ നഗരം
വായനയുടെ വസന്തകാലത്ത് മനസ്സില്‍ ചേക്കേറിയ സഅദിയുടെയും ഹാഫിസിന്റെയും നാട്ടിലാണ്, സ്വപ്നത്തില്‍ എന്നപോലെ വന്നുചേര്‍ന്നിരിക്കുന്നത്. മൂന്ന് ദിവസം ശീറാസ് അതിന്റെ അതിശയങ്ങള്‍ ഞങ്ങളെ വിരുന്നൂട്ടി. കവികളുടെയും കലയുടെയും ഉദ്യാനങ്ങളുടെയും പൂക്കളുടെയും രാപ്പാടികളുടെയും ഈ നാട് കാല്പനികമായ അതിന്റെ സൗന്ദര്യം കെടാതെ, വാടാതെ, കേടാകാതെ കാത്തുസൂക്ഷിക്കുന്നു. പൗരാണികതയുടെ ഗരിമയും ആധുനികതയുടെ വശ്യതയും സമ്മോഹനമായി മേളിച്ച നഗരം എഴുത്തുകാരുടെയും തത്ത്വചിന്തകരുടെയും ബുദ്ധിജീവികളുടെയും ഇഷ്ടഗേഹം ആകയാല്‍ ഇറാന്റെ ഏഥന്‍സ് എന്നാണ് അറിയപ്പെടുന്നത്. ജനങ്ങള്‍ പൂത്തുമ്പികളെ പോലെ ഉല്ലാസഭരിതരും ഉറുമ്പുകളെ പോലെ കര്‍മനിരതരുമാണ്.
പരിസരം അനുപമമായ ശുചിത്വത്തിന്റെയും വൃത്തിയുടെയും പര്യായം. ആരോ അപ്പോള്‍ വന്നു തൂത്തുവാരി വൃത്തിയാക്കിയത് പോലെ തെരുവുകളും അങ്ങാടികളും നിരത്തുകളും. ആബാലവൃദ്ധം ജനങ്ങള്‍ ഏതോ മായിക സ്വപ്നത്തില്‍ എന്നപോലെ അലയുന്ന മാര്‍ക്കറ്റുകള്‍. തല മറച്ചവരേക്കാള്‍ മറയ്ക്കാത്ത യുവതികളും പെണ്‍കിടാങ്ങളും ആണ് തെരുവ് നിറയെ. മാളുകള്‍, റോസ്ട്രന്റുകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാർ-സ്വകാര്യ ഓഫീസുകള്‍, വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ പണിയിടങ്ങളിലെ പെണ്‍സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. പ്രണയജോഡികള്‍ ആരെയും പേടിക്കാതെ കൈകോര്‍ത്ത് നടന്നുപോകുന്നു. എവിടെയുമില്ല തുറിച്ചു നോക്കുന്ന പോലീസുകാരോ നാട്ടുകാരോ!
ഓരോ ചുവടുകള്‍ വയ്ക്കുമ്പോഴും ഹൃദയഹാരിയായ കാഴ്ചകള്‍ കണ്ണില്‍ നിറയുന്നുണ്ടായിരുന്നു. ഹാഫിസിന്റെ ശവകുടീരത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ റോസാപ്പൂക്കളുടെ സുഗന്ധവും മൃദുലമായ ശബ്ദത്തിലുള്ള കാവ്യാലാപനവും ആണ് ഞങ്ങളെ സ്വീകരിച്ചത്. ഹാഫിസ് എല്ലാവരോടുമാണ് സംസാരിക്കുന്നത്. അതിരുകളെ ഭേദിക്കുന്ന സ്‌നേഹത്തെക്കുറിച്ചാണല്ലോ ഹാഫിസിന്റെ കവനങ്ങളേറെയും.
ഗുലിസ്താനിലും ബോസ്താനിലുമായി നിരവധി ചിന്താശകലങ്ങളും സാരോപദേശ കഥകളും പകര്‍ന്നു തന്ന സഅദി ശീറാസിയുടെ അന്ത്യവിശ്രമസ്ഥാനം നഗരത്തില്‍ നിന്ന് അകലെയായതിനാല്‍ പോകാന്‍ സാധിച്ചില്ല എന്ന ഖേദം ബാക്കിയുണ്ട്. പക്ഷേ, ശീറാസിലെങ്ങും നിറഞ്ഞുനില്‍ക്കുന്ന കാവ്യാന്തരീക്ഷത്തില്‍നിന്ന് സഅദിയെ നമുക്ക് ശ്വസിച്ചെടുക്കാന്‍ സാധിക്കും. ഇറാം ഉദ്യാനം ജീവനുള്ള കവിതയായി അനുഭവപ്പെട്ടു. ആകാശത്ത് മുത്തമിടുന്ന സൈപ്രസ് മരങ്ങള്‍. ഹരിത കഞ്ചുകമണിഞ്ഞ അവയുടെ ശിഖരങ്ങള്‍ നര്‍ത്തകിയുടെ കരങ്ങള്‍ പോലെ കാറ്റില്‍ ആടിക്കളിക്കുന്നു. കനാലുകളിലൂടെ ഒഴുകുന്ന തെളിഞ്ഞ വെള്ളം വീണയുടെയും തബലയുടെയും മൃദു ശബ്ദങ്ങളായി കാതില്‍ സംഗീതമായി പെയ്യുന്നു. കൈയെത്താവുന്ന ഉയരത്തില്‍ നിന്ന് ചെറിയ മധുരനാരങ്ങ മാടിവിളിച്ചു. വിലക്കില്ലാത്തതിനാല്‍ നാലഞ്ചെണ്ണം പറിച്ചു തിന്നു. എന്തൊരു മധുരം! ശീറാസിന്റെ ആതിഥ്യം പോലെ.
ലോകത്തിലെ തന്നെ ഏറ്റവും അസാധാരണമായ വാസ്തുവിദ്യാ വിസ്മയങ്ങളില്‍ ഒന്നാണ് ശീറാസിന്റെ ഹൃദയഭാഗത്ത് രത്‌ന കിരീടം കണക്കെ തല ഉയര്‍ത്തി നില്‍ക്കുന്ന നസീര്‍ അല്‍മുല്‍ക്ക് മസ്ജിദ്. വെളിച്ചവും വര്‍ണവും ഒരുക്കുന്ന വിസ്മയ കാഴ്ചയാണ് 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ പിങ്ക് മസ്ജിദിന് സന്ദര്‍ശക ഹൃദയങ്ങളില്‍ ശാശ്വത ഇടം നേടിക്കൊടുക്കുന്നത്. ഏഴു നിറങ്ങളുള്ള ജാലകങ്ങളിലൂടെ അകത്തു കടക്കുന്ന സൂര്യപ്രകാശം നിലത്തുവിരിച്ച പരവതാനികളിലും ശില്പ ഭംഗിയുള്ള തൂണുകളിലും സൃഷ്ടിക്കുന്ന മഴവില്ലഴക് മിസ്റ്റിക് അനുഭൂതി പകരുന്നു. ആത്മീയതയുടെയും സര്‍ഗപരതയുടെയും ചാരുതയാര്‍ന്ന ഐക്യപ്പെടലിന് ഇവിടം സാക്ഷി.
ഇസ്‌നാ അശരി ശീഇകളുടെ ഏഴാമത്തെ ഇമാം മൂസല്‍ കാളിമിന്റെ മകന്‍ സയ്യിദ് അഹ്‌മദ് അന്ത്യവിശ്രമം കൊള്ളുന്ന ഷാ ചെരാഗ് ആരാധനാലയത്തില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതും അവര്‍ക്ക് വേണ്ടി ചരിത്രം വിശദീകരിക്കുന്നതും ഹിജാബ് ധരിച്ച സ്ത്രീകളാണ്. ഒഴുക്കുള്ള ഇംഗ്ലീഷില്‍ അവര്‍ ഷാ ചെരാഗിന്റെ ചരിത്രം വിശദീകരിച്ചു തന്നു. കൂട്ടത്തില്‍ ഹൃദ്യമായ ചായ സല്‍ക്കാരവും. നീല നിറത്തിലുള്ള ഗ്ലാസുകള്‍ കൊണ്ട് നിര്‍മിച്ച കുംഭഗോപുരവും ചുമരുകളും പള്ളിയകത്തിന് മാന്ത്രിക സ്പര്‍ശം സമ്മാനിക്കുന്നു. ചെറിയ ചെറിയ കഷണങ്ങള്‍ ചേര്‍ത്തുവെച്ച് ഒട്ടിച്ചാണ് ഈ മനോഹര ശില്പം നിര്‍മിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് കപ്പലില്‍ കൊണ്ടുവന്ന വലിയ ഗ്ലാസ് പാളികള്‍ ഉടഞ്ഞു പോയത്രെ. കലാകാരന്മാരുടെ കരവിരുത് വീണത് വിദ്യയാക്കിയപ്പോള്‍ നിസ്തുലമായ ഒരു വാസ്തുവിസ്മയം ശീറാസിന് ലഭിച്ചു.
ശീറാസിലെ അല്‍ വക്കീല്‍ ബസാറിന് ഏകദേശം രണ്ടു നൂറ്റാണ്ട് പഴക്കമുണ്ട്. ചെറിയ ഗല്ലികളായി പല ദിക്കുകളിലേക്ക് നീണ്ട് പരന്നു കിടക്കുന്ന ഈ കവചിത വിപണി ഇറാന്റെ കരകൗശല വൈഭവങ്ങളുടെ പ്രദര്‍ശനാലയം കൂടിയാണ്. ഒന്നും വാങ്ങാനല്ലെങ്കിലും ഇതിലെ അലഞ്ഞു നടക്കുന്നത് വല്ലാത്ത അനുഭൂതിയാണ്.
പെര്‍സെപോളിസ്: പൗരാണിക മഹത്വത്തിന്റെ പ്രതിധ്വനികള്‍
ശീറാസില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ പെര്‍സെപോളിസില്‍ എത്താം. ഏറ്റവും പൗരാണികമായ പേര്‍ഷ്യന്‍ അക്കിമേനിയന്‍ രാജവംശത്തിന്റെ ആസ്ഥാനത്താണ് നാം ഇപ്പോള്‍. സൈറസും ഡാരിയസും പ്രതാപത്തോടെ ലോകം ഭരിച്ച ഇടം. ഇവിടെയാണ്, രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ്, കിഴക്കും പടിഞ്ഞാറും കണ്ടുമുട്ടിയത്. ആ ചരിത്രം മുഴുവന്‍ ദൃശ്യ ഭംഗിയോടെ അതിവിദഗ്ധരായ കലാകാരന്മാര്‍ ചുമരുകളില്‍ കൊത്തി വെച്ചിരിക്കുന്നു. കൂറ്റന്‍ ശിലാസ്തൂപങ്ങള്‍ അതികായന്മാരായ പുരാതന രാജാക്കന്മാരെ പോലെ ആകാശത്തോളം നിവര്‍ന്നു നില്‍ക്കുന്നു.
അലക്‌സാണ്ടര്‍ ദ ഗ്രേറ്റ ('നോട്ട് ദ ഗ്രേറ്റ്' എന്നേ ഇറാനികള്‍ പറയൂ) തകര്‍ത്തു കളഞ്ഞ മഹാ കൊട്ടാര സമുച്ചയത്തിന്റെ പ്രൗഢമായ പൂര്‍വ മാതൃക എ ഐ/വി ആര്‍ ക്യാമറ ഉപയോഗിച്ച് കാണാം. ക്യാമറക്കണ്ണിലൂടെ നോക്കുമ്പോള്‍ ശിലകള്‍ക്ക് ജീവന്‍ വെക്കുകയും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ആ ഇടനാഴികളില്‍ നടന്നവരെല്ലാം പുനര്‍ജനിക്കുകയും ചെയ്യുന്നു.
മനുഷ്യരാശിയുടെ മഹത്തായ ചരിത്രത്തിന്റെ ഭാഗമാവുകയാണ് നാം ഈ കല്‍പ്പടവുകള്‍ക്കും കടല്‍ത്തൂണുകള്‍ക്കും നടുവില്‍. പെര്‍സെപോളിസില്‍ നിന്ന് അധികം അകലെ അല്ലാതെ മഹാരാജാക്കന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന നഖ്‌ശെ റോസ്തം കാണാം. അക്കമെനിയന്‍ സാമ്രാജ്യത്തിലെ നാല് മഹാരാജാക്കന്മാരുടെ നിത്യവിശ്രമസ്ഥലമാണിത്. പാറച്ചരിവില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന ഗംഭീരമായ മുഖചിത്രങ്ങളാണ് അവരുടെ ശവകുടീരങ്ങള്‍. ശിലാചിത്രങ്ങളോടൊപ്പം ക്യൂനിഫോം ലിപിയിലുള്ള ലിഖിതങ്ങള്‍ വികാരനിര്‍ഭരമായ ഭാഷയില്‍ നമ്മോട് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു.
രാജകല്ലറകള്‍ക്ക് താഴെ കബാ-ഇ-സര്‍ദുഷ്ട് (സരാതുഷ്ടരുടെ കഅ്ബാലയം) മൗനം പുതച്ചു നില്‍ക്കുന്നു. ഇതൊരു ദേവാലയമായിരുന്നിരിക്കണം. പാസാര്‍ ഗൈഡ് ആണ് മറ്റൊരു പ്രധാന ചരിത്രശേഷിപ്പ്. മഹാനായ സൈറസിന്റെ കാലത്തെ അക്കമനീയന്‍ തലസ്ഥാനം ആയിരുന്നു, യുനസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെടുന്ന, ഈ ചരിത്ര സ്മാരകം. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ദുല്‍ഖര്‍നൈന്‍ ആണ് സൈറസ് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. സല്‍ജൂഖ്, സഫവി, സാസാനി, ഖാജര്‍ തുടങ്ങി പേര്‍ഷ്യ ഭരിച്ച പില്‍ക്കാല രാജവംശങ്ങളുടെ ശേഷിപ്പുകളും ഇറാന് വലിയ മുതല്‍ക്കൂട്ടാണ്. ചരിത്രമാണ് ഇറാന്റെ സാംസ്‌കാരിക സമ്പത്ത്. അത് ഒരുവിധം നന്നായി കാത്തുസൂക്ഷിക്കാനും അവര്‍ക്ക് സാധിച്ചിരിക്കുന്നു.
കാശാന്‍: അത്ഭുതങ്ങളിലേക്കു തുറക്കുന്ന വാതില്‍
കഴുകന്മാര്‍ പാര്‍ക്കുന്ന കാക്കസസ് പര്‍വതനിരകള്‍ക്ക് സമാന്തരമായി വാഹനം ചരിത്രമുറങ്ങുന്ന കാശാനിലേക്കു പരമാവധി വേഗത്തില്‍ നീങ്ങി. 3895 മീറ്റര്‍ ഉയരമുള്ള കൊടുമുടി കണ്ടുകൊണ്ടായിരുന്നു യാത്ര. പല വര്‍ണങ്ങളിലുള്ള റോസാപ്പൂക്കള്‍ വാറ്റിക്കുറുക്കി തയാര്‍ ചെയ്ത മധുരപാനീയങ്ങള്‍ ആണ് കാശാനില്‍ ഞങ്ങളെ വരവേറ്റത്. വസന്തകാലത്ത് ടണ്‍ കണക്കിന് പുഷ്പങ്ങള്‍ ഇതിനായി ശേഖരിക്കുന്നു. റൂഹഫ്‌സിനു സമാനമായ ഈ പാനീയം ഉണ്ടാക്കുന്നത് ലൈവ് ആയി കാണാം. കാര്‍പ്പെറ്റ് നെയ്ത്തുകാരുടെ തട്ടികളുടെ മാന്ത്രികശബ്ദം സദാ പ്രതിധ്വനിക്കുന്ന നഗരപ്രാന്തങ്ങള്‍. പരമ്പരാഗതമായി കൈമാറിക്കിട്ടിയ കരകൗശല വിരുതിന്റെ പ്രദര്‍ശനാലയങ്ങള്‍. നൂറ്റാണ്ടുകളുടെ പ്രണയ കഥകള്‍ പറയുന്ന പൂന്തോട്ടങ്ങള്‍, ജീവന്‍ തുടിക്കുന്ന വാസ്തു ശില്പങ്ങള്‍.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൗഢിയും ഉന്നതമായ അഭിരുചിയും വാസ്തു വൈദഗ്ധ്യവും വെളിപ്പെടുത്തുന്ന ചില അപൂര്‍വ ഭവനങ്ങള്‍ ഉണ്ട് കാശാനില്‍. ബുറുജേര്‍ദി, അബ്ബാസി, തബതബായ് ഭവനങ്ങള്‍ എടുത്തു പറയണം. വാസ്തുവിദ്യാ നൈപുണിയുടെ മകുടോദാഹരണങ്ങളാണ് ഓരോ വീടും. താഴെ നിലയിലെ കുളത്തില്‍ നിന്ന് തുരങ്ക തൂണുകള്‍ വഴി ശീതീകരിച്ച വായു എല്ലാ മുറികളിലും എത്തിക്കുന്ന സാങ്കേതികവിദ്യയാണ് ഏറെ അത്ഭുതപ്പെടുത്തിയത്. ചുവരുകളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്ന കൈവേലകള്‍, നിലത്തും ചുമരിലും നിറകേളികള്‍ കൊണ്ട് മഴവില്ല് വരയ്ക്കുന്ന ചില്ലു ജാലകങ്ങള്‍, ചൂടും തണുപ്പും മാറി മാറി അരുളുന്ന മാര്‍ബിള്‍ വിരിച്ച തറകള്‍, കുടുംബാംഗങ്ങളുടെ പദവിക്കും പത്രാസിനും ഒത്ത അലങ്കാരങ്ങളോടു കൂടിയ സ്വകാര്യ സ്വീകരണ മുറികള്‍, ഭൃത്യ ജനങ്ങള്‍ക്കുള്ള കിടപ്പുമുറികള്‍- പുറമേ നിന്ന് നോക്കിയാല്‍ ചെറുതെന്ന് തോന്നുന്ന വീടുകളുടെ അകം ഇങ്ങനെയൊക്കെയാണ്. ഖാജര്‍ യുഗത്തിലെ ഇസ്ലാമിക വാസ്തുവിദ്യയുടെ അത്യുജ്ജ്വല ഈടുവെപ്പാണ് ആഗാ ബുസുര്‍ഗ് മസ്ജിദ്. അദ്വിതീയമാണ് സമമിതിയിലുള്ള ഇതിന്റെ രൂപകല്‍പ്പന. മാസ്റ്റര്‍ ആര്‍ക്കിടെക്റ്റ് ഉസ്താദ് ഹാജ് സബാന്‍ അലി 1844-നും 1850-നും ഇടയില്‍ നിര്‍മിച്ചു എന്ന് ചരിത്രം. അതിമനോഹരങ്ങളായ കൊത്തുപണികളും വര്‍ണമനോഹരമായ അലങ്കാരങ്ങളും ഉള്ള ഈ ആരാധനാലയം നാനാദിക്കുകളില്‍ നിന്നുള്ള അനേകം വിദ്യാര്‍ഥികള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത പാഠശാല കൂടിയായിരുന്നു. ഇസ്ലാമിക വാസ്തുവിദ്യയുടെ സ്പന്ദിക്കുന്ന പ്രതിരൂപമായ ഈ പള്ളിയങ്കണം എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നിന്ന് ശാന്തമായി ചിന്തിക്കാനും ധ്യാനിക്കാനുമുള്ള ഇടം ഒരുക്കുന്നു. സല്‍ജൂഖ് കാലഘട്ടത്തിലെ ബസാര്‍, മോഹിപ്പിക്കുന്ന പഴങ്ങള്‍, പലഹാരങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കൊതിപ്പിക്കുന്ന ഭക്ഷണ വിഭവങ്ങള്‍, ബസാറിനുള്ളിലെ കാരവന്‍ സറായ് (വ്യാപാരികളായ സഞ്ചാരികള്‍ക്കുള്ള പഴയകാല സത്രം), ആയിരത്തി അഞ്ഞൂറു വര്‍ഷം പഴക്കമുള്ള നുഷാബാദ് ഭൂഗര്‍ഭ നഗരം അങ്ങനെ എന്തെല്ലാം! ഇവിടെ കാറ്റിനു സുഗന്ധമാണ്. ജീവിതം അയത്‌ന ലളിതം, സുന്ദരം. കാശാനിലെ പുരാതന സാംസ്‌കാരിക പൈതൃകത്തിന്റെ ശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഫിന്‍ ഗാര്‍ഡന്‍ (ഫിന്‍ ബാഗ്). തോട്ടത്തിനകത്തെ നടവഴികളിലൂടെ നടക്കുമ്പോള്‍ സൈപ്രസ് മരങ്ങളും വിവിധ വര്‍ണങ്ങളിലുള്ള പൂക്കളും നമ്മളോട് പഴയ കഥകള്‍ പറയുന്നു. ഷാ അബ്ബാസ് ഒന്നാമന്റെ ഭരണകാലത്ത്, 1590-ല്‍ പൂര്‍ത്തിയായ ഈ ഉദ്യാനമാണ് ഇറാനിലെ ഏറ്റവും പഴക്കമുള്ള പൂന്തോട്ടം. പ്രകൃതിയും വാസ്തുവിദ്യയും സംഗമിക്കുന്ന ഇടമാണിത്. ചരിത്രത്തില്‍ ഒരു രാഷ്ട്രീയ കൊലപാതകത്തിന് സാക്ഷ്യം വഹിച്ച ഫിന്‍ബാത്ത് ഇവിടെയാണ്. പ്രകൃതിദത്ത നീരുറവയില്‍ നിന്ന് ഉടലെടുക്കുന്ന കുളങ്ങളും ജലധാരകളും ഫിന്‍ബാഗിനു മരുപ്പച്ചയുടെ പ്രതീതി സമ്മാനിക്കുന്നു.
ഇസ്ഫഹാന്‍: കലകളുടെ പറുദീസ
ഇസ്ഫഹാന്‍- നിസ്‌ഫെ ജഹാന്‍ എന്നാണ് പണ്ടേയുള്ള മൊഴി. ലോകത്തിന്റെ പകുതിയാണ് ഇസ്ഫഹാന്‍ എന്നര്‍ഥം. പുതുമാരന്റെ വരവ് പ്രതീക്ഷിച്ചിരിക്കുന്ന പുതുമണവാട്ടിയെ പോലെ പൂത്തുലഞ്ഞു നില്‍ക്കുന്നു ചിത്രകലയുടെയും പരവതാനികളുടെയും ഈ മഹാ നഗരം.
പുണ്യ റമദാനെയും പേര്‍ഷ്യന്‍ പുതുവത്സരത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങുന്ന നാടും നഗരവും. റമദാന്‍ കരീം എന്ന് കലാപരമായി എഴുതി വെച്ച ചെറിയ ചെറിയ ബൂത്തുകള്‍ കാണാം പാതയോരങ്ങളില്‍. നവറോസ് ഗാനങ്ങള്‍ പാടി വിചിത്ര വേഷധാരികളായ പാട്ടുകാര്‍ കവലകളെ കോരിത്തരിപ്പിക്കുന്നു. തെരുവുകളില്‍ തിര മുറിയാതെ ഒഴുകുന്ന ആബാലവൃദ്ധം ജനങ്ങള്‍. രാജവംശങ്ങളുടെ ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും സാക്ഷ്യം വഹിച്ച സായന്‍ദറുദ് നദി ജലസമൃദ്ധിയുടെ ഓര്‍മകള്‍ പേറി, വരണ്ടുണങ്ങി കിടക്കുന്നു. വസന്തം വരണം നദി വീണ്ടും ഉണരാന്‍. കാജു മേല്‍പാലത്തിനു താഴെ, വസന്തത്തെ വിളിച്ചു വരുത്താന്‍, പാട്ടു പാടുന്ന യുവതീ യുവാക്കള്‍. അതിശയങ്ങള്‍ വില്‍ക്കുന്ന കടകള്‍ കയറിയിറങ്ങി തെരുവിലൂടെ നടക്കുമ്പോള്‍ ഒരു മിനിയേച്ചര്‍ പെയ്ന്റിംഗ് ഷോപ്പിനു പുറത്ത് കവിയോ കലാകാരനോ ആണെന്ന് തോന്നിക്കുന്ന ഒരാള്‍ ഇരുന്നു ചായ കുടിക്കുന്നു. ആ മുഖത്ത് സ്വാഗതത്തിന്റെ പുഞ്ചിരി. അടുത്തു ചെന്നപ്പോള്‍ എഴുന്നേറ്റു നിന്ന് ഹാര്‍ദമായി സ്വീകരിച്ചു. പരിചയപ്പെട്ടു. ചിത്രകാരന്‍ തന്നെ. പേര് തോഗി റാസ ഇസ്ഫഹാനി. ജര്‍മനിയില്‍ ഒരു പ്രദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയതേയുള്ളൂ. സംസാരത്തിനു ശേഷം അകത്തേക്ക് ക്ഷണിച്ചു. ചിത്രങ്ങള്‍ കാണിച്ചു തന്നു. പ്രകൃതി ദത്തമായ നിറങ്ങള്‍ ഉപയോഗിച്ച് ഒട്ടകത്തിന്റെ അസ്ഥി, ആനക്കൊമ്പ് ഇവയില്‍ ആണ് വര. പൂച്ചയുടെ കഴുത്തിലെ രോമം കൊണ്ടുണ്ടാക്കിയ ബ്രഷ്. ചിത്രങ്ങളുടെ ഒരു മായാലോകം. ഇങ്ങനെയുള്ള ചിത്രകടകള്‍ ധാരാളമുണ്ട് ഇസ്ഫഹാനിലെ തെരുവുകളില്‍. എല്ലാ ഇടങ്ങളിലും പ്രസിദ്ധരായ ചിത്രകാരന്മാര്‍ ഇരുന്നു പണിയെടുക്കുന്നു. നല്ല വിലയായിട്ടും ചിത്രങ്ങള്‍ യഥേഷ്ടം വിറ്റ് പോകുന്നുണ്ട്. അത്യധികം ഊഷ്മളമാണ് ഇറാനികളുടെ സ്‌നേഹവായ്പ്. നമ്മള്‍ ഒന്നും വാങ്ങില്ലെന്ന് ഉറപ്പുണ്ടായിട്ടും പരവതാനി വില്‍പ്പനക്കാര്‍ ലക്ഷങ്ങള്‍ വിലയുള്ള പരവതാനികളുടെ വിശേഷങ്ങളും നിര്‍മാണ രീതികളും വിസ്തരിച്ചു പറഞ്ഞുതരുന്നു. പോരാത്തതിന് സംഘത്തിലെ എല്ലാവര്‍ക്കും ചായയും! നമ്മള്‍ അവര്‍ക്ക് വെറും ഉപഭോക്താക്കള്‍ അല്ല; മറിച്ച്, അവരുടെ നഗരത്തിലെത്തിയ, ഷാറൂഖ് ഖാന്റെ നാട്ടുകാരായ അതിഥികളാണ്. അതെ, ഷാറൂഖ് ഖാനെ കുറിച്ചു പറയാന്‍ അവര്‍ക്ക് നൂറ് നാവുകളാണ്. പരവതാനികള്‍ കൊണ്ടുപോയിക്കൊള്ളൂ, നാട്ടിലെത്തിയിട്ട് പണം അയച്ചു തന്നാല്‍ മതി എന്നും അവര്‍ പറയും.
ഇസ്ഫഹാനിലെ ന്യൂ ജുല്‍ഫയില്‍ സ്ഥിതി ചെയ്യുന്ന അര്‍മീനിയന്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്ന് ഖുബ്ബയുടെ മുകളിലെ കുരിശ് മാടിവിളിക്കുന്നു. പഴക്കം ചെന്ന ക്രിസ്തീയ ദേവാലയം ആണിത്. കല്‍ക്കുരിശ് (സ്റ്റോണ്‍ ക്രോസ്), ബൈബിള്‍ കഥകള്‍ പറയുന്ന കമനീയമായ ചിത്രാലങ്കാരങ്ങള്‍ എന്നിവയാണ് ഇവിടത്തെ അതിശയങ്ങള്‍. പതിനാറ് ചര്‍ച്ചുകള്‍ ഉണ്ട് ഇവിടെ. അര്‍മേനിയന്‍ സ്വത്വം, ഭാഷ, ഭക്ഷണരീതി, സംസ്‌കാരം എന്നിവ തനിമയോടെ ഇന്നും നിലനില്‍ക്കുന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജൂതന്മാര്‍ നിഷ്‌കരുണം പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവര്‍ ഏറ്റവും സന്തോഷത്തോടെ ജീവിച്ച പട്ടണം കൂടിയായിരുന്നു ഇസ്ഫഹാന്‍. ഇറാനിലെ അംഗീകൃത മത ന്യൂനപക്ഷമാണ് ജൂതന്മാര്‍. പാര്‍ലമെന്റില്‍ ഒരു സീറ്റ് അവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ജൂത ആരാധനാലയങ്ങളും സ്‌കൂളുകളും കോശര്‍ ഭക്ഷണ ശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ ജൂതര്‍ പ്രത്യക്ഷത്തില്‍ ഇസ്രാഈലിനെ പിന്തുണയ്ക്കുന്നില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാതെ സ്വന്തം മത-കുടുംബ-സാമൂഹിക കാര്യങ്ങളുമായി കഴിയുകയാണ് അവര്‍.
നക്ശെ ജഹാന്‍ ആണ് ഇസ്ഫഹാന്റെ ഹൃദയം. അടുത്തടുത്തു സ്ഥിതി ചെയ്യുന്ന ശൈഖ് ലുത്ഫുല്ലാ, ഷാ മസ്ജിദുകളുടെ നീല ഖുബ്ബകള്‍ സൂര്യപ്രകാശത്തില്‍, അലൗകികമായ കാന്തി ചിതറി, വെട്ടിത്തിളങ്ങുന്നത് ദൂരെ നിന്നേ കാണാം. പടിഞ്ഞാറുഭാഗത്ത് മഹാനായ അബ്ബാസ് പണികഴിപ്പിച്ച അലി ഖാനും കൊട്ടാരം. സഫവി കാലഘട്ടത്തിന്റെ അനശ്വരമായ ഈ ശേഷിപ്പ് ചുറ്റിക്കാണാന്‍ നല്ല എടുപ്പും തലപ്പുമുള്ള കുതിരകളെ പൂട്ടിയ അലംകൃത വണ്ടികള്‍ സന്ദര്‍ശകരെ കാത്തുനില്‍ക്കുന്നു. നൂറ്റാണ്ടുകളുടെ ഹൃദയ സ്പന്ദനങ്ങള്‍ക്ക് ചെവിയോര്‍ത്ത് കൊണ്ട് രാജകീയ പ്രൗഢിയോടെ നമുക്കാ ചത്വരം ചുറ്റിക്കാണാം. 'ലോകത്തിന്റെ ചിത്രം' എന്ന ഈ ചത്വരത്തിന്റെ പേര് അന്വര്‍ത്ഥമാണ്.
ഖും: ആത്മീയ നഗരം; വിജ്ഞാനത്തിന്റെയും
ശീറാസ്, കാശാന്‍, ഇസ്ഫഹാന്‍ നഗരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇറാന്റെ ആത്മീയ നഗരമായ ഖും. ആത്മീയമായ അച്ചടക്കത്തിന്റെ പരിമളം ഇവിടെ നിറഞ്ഞു നില്‍ക്കുന്നു. പൂര്‍ണ ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ഇവിടെയെങ്ങും കാണാനില്ല. പ്രാര്‍ഥനാ നിരതരായാണ് ആളുകളുടെ നടപ്പ്. മിക്കവരുടെയും കൈയില്‍ തസ്ബീഹ് മാലയുണ്ട്. ഫാത്തിമാ മസോളിയവും അനുബന്ധ മതപാഠശാലകളും ആണ് ഈ നഗരത്തെ പ്രശസ്തമാക്കുന്നത്. എട്ടാമത്തെ ശീഈ ഇമാം റസായുടെ സഹോദരി ഫാത്തിമ മഅ്സൂമ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ആണ്‍, പെണ്‍ പുണ്യാത്മാക്കളുടെ മഖ്ബറകള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് ശീഇകള്‍. ദര്‍ഗകളെല്ലാം ജനനിബിഡങ്ങളായി കാണപ്പെടുന്നു.
ശീഈ മതമീമാംസാ പഠനത്തിന്റെ ആഗോള ആസ്ഥാനം എന്നതിനോടൊപ്പം വൈദ്യം, എന്‍ജിനീയറിങ്, വിവിധ ശാസ്ത്ര ശാഖകള്‍, നിയമം, മാനവിക വിഷയങ്ങള്‍, ഭാഷ, സാഹിത്യം എന്നിവയെല്ലാം പഠിപ്പിക്കുന്ന സര്‍വകലാശാലകളുടെ കേന്ദ്രം കൂടിയാണ് ഖും. സര്‍വകലാശാലാ അധ്യാപകരും വിദ്യാര്‍ഥികളും നിറഞ്ഞൊഴുകുന്ന തെരുവുകളും തിരക്കുപിടിച്ച പുസ്തക കടകളും വൈജ്ഞാനിക ചര്‍ച്ചകളാല്‍ മുഖരിതമായ കഫേകളും. വിജ്ഞാനം ആണ് ഈ പട്ടണത്തിന്റെ ഊര്‍ജം. 1979-ലെ ഇറാന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു ഈ നഗരം. വിപ്ലവത്തിന്റെ ആധ്യാത്മിക നായകന്‍ ഇമാം ആയത്തുല്ലാ റൂഹുല്ലാ ഖുമൈനി 1922-ല്‍ അറാക്ക് പട്ടണത്തിലെ പ്രശസ്ത പണ്ഡിതനായ ആയത്തുല്ല ഹഈരി യസ്ദിയുടെ ശിഷ്യത്വം സ്വീകരിച്ച് ഖൂം നഗരത്തിലെത്തി. ഈ നഗരം കേന്ദ്രീകരിച്ചാണ്, 1960-കള്‍ മുതല്‍, അദ്ദേഹം റിസാ ഷാ പഹ്ലവിയുടെ ഏകാധിപത്യ വാഴ്ചക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്. ഖൂം നഗരത്തിലെ മതസ്ഥാപനങ്ങളും പണ്ഡിത സമൂഹവും ഖുമൈനിയുടെ വിപ്ലവ ദര്‍ശനത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയത്. ഖൂം നഗരം ഇറാനിലെ മത-രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറയും, ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ശക്തികേന്ദ്രവുമാണ്. ഖുമ്മില്‍ നിന്ന് തെഹ്‌റാനിലേക്ക് പോകുന്ന വഴി ഞങ്ങള്‍ ഖുമൈനിയുടെ മഖ്ബറ സന്ദര്‍ശിച്ചു. രണ്ടോ മൂന്നോ പേരൊഴിച്ചാല്‍ ആ മഹാ സൗധ സമുച്ചയം വിജനമായിരുന്നു. 20 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ഈ കൂറ്റന്‍ നിര്‍മിതി ഖുമൈനിയുടെ ഹിതത്തിനെതിരായാണ് നിര്‍മിക്കപ്പെട്ടത് എന്ന് ഗൈഡ് ഹാമിദ് വിശദീകരിച്ചു. തെഹ്‌റാനില്‍ സാധാരണക്കാരുടെ ഖബര്‍സ്ഥാനില്‍ ഒരിടം മാത്രമായിരുന്നുവത്രേ അദ്ദേഹം ആഗ്രഹിച്ചത്. അത് പരിഗണിക്കാതെ ഭരണകൂടം ഇങ്ങനെ ഒരു മഹാഗേഹം പണിതു. ഖുമൈനിയുടെ പത്‌നിയും മകനും ഇവിടെ അദ്ദേഹത്തോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു.
തലസ്ഥാന നഗരി: തെഹ്‌റാന്‍
ഇറാന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് തെഹ്‌റാന്‍. റയ്യ് എന്ന പുരാതന നഗരത്തിന് സമീപമുള്ള ചെറിയ ഗ്രാമമായിരുന്നു മുമ്പ് തെഹ്‌റാന്‍. സഫവി രാജാക്കന്മാര്‍ മതിലുകളും കോട്ടകളും കെട്ടി വ്യാപാര- സാംസ്‌കാരിക കേന്ദ്രമായി വികസിപ്പിച്ചു. ഖാജാര്‍ കാലത്ത് കൂടുതല്‍ നിര്‍മിതികള്‍ വന്നു, തലസ്ഥാനമായി വികസിച്ചു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ആധുനിക നഗരമായി മാറി. അവസാനത്തെ ഷാ ചക്രവര്‍ത്തി റിസാ ഷാ പഹ്്‌ലവി പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ 2500-ാം വാര്‍ഷികം പ്രമാണിച്ച് നിര്‍മിച്ച ഷാഹ്യാദ് സ്‌ക്വയര്‍ (വിപ്ലവാനന്തരം ആസാദ് സ്‌ക്വയര്‍ എന്ന് പേരുമാറ്റി) ആണ് പടിഞ്ഞാറുഭാഗത്ത് നഗരത്തിലേക്കുള്ള പ്രവേശനകവാടം. മഞ്ഞു പുതച്ച അല്‍ബോര്‍സ് പര്‍വതശ്രേണിയുടെ അടിവാരത്താണ് നഗരം സ്ഥിതിചെയ്യുന്നത്. പ്രകൃതി രമണീയമാണ് നഗര പരിസരം. വിപ്ലവകാലത്ത് വിദ്യാര്‍ഥികള്‍ പിടിച്ചെടുത്ത അമേരിക്കന്‍ എംബസിയാണ് ആദ്യം സന്ദര്‍ശിച്ചത്. ഷാ ഭരണ കാലത്ത് എംബസി സി.ഐ.എ ചാരന്മാരുടെ താവളം ആയിരുന്നു എന്നതിനുള്ള തെളിവുകള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 'യു.എസ് ഡെന്‍ ഓഫ് എസ്പിയനേജ് മ്യൂസിയം' എന്നാണ് ഇപ്പോള്‍ ഇതിന്റ പേര്. വിപ്ലവത്തിന്റെ നാള്‍വഴികളും വിപ്ലവത്തിന് പ്രചോദനമേകിയ ചെഗുവേര ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഫോട്ടോകളും ഇവിടെ പ്രദര്‍ശിപ്പിച്ചതായി കാണാം. തിരക്ക് കാരണം വളരെ ദൂരെ വാഹനം നിര്‍ത്തി നടന്നാണ് തെഹ്‌റാനിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് ബസാറില്‍ എത്തിയത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വിശാലവും ഊര്‍ജസ്വലവുമാണ് വിപണി. 'വഴി കണ്ടുപിടിക്കുക' കളിയിലെ കളങ്ങളെപ്പോലെ ഏതു വഴി പോയാല്‍ എവിടെയെത്തും എന്ന് പറയാനാവാത്ത വീതി കുറഞ്ഞ ദീര്‍ഘപാതകള്‍. ഓരോ പാതയുടെയും ഇരുവശങ്ങളിലായി ആയിരക്കണക്കിന് കടകള്‍. പരമ്പരാഗത പേര്‍ഷ്യന്‍ ശൈലിയിലുള്ള പലതരം നിര്‍മിതികള്‍. പേര്‍ഷ്യന്‍ കരകൗശല വസ്തുക്കള്‍, മസാലകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ മുതല്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ വരെ വൈവിധ്യമാര്‍ന്ന സാധനങ്ങള്‍ സുലഭം. ആലീസിന്റെ അത്ഭുത ലോകത്ത് എത്തിപ്പെട്ട പ്രതീതി. ബസാറിലെ നിറഞ്ഞു കവിയുന്ന ഭക്ഷണശാലകളും ചായക്കടകളും ഇറാനിയന്‍ വിഭവങ്ങളായ കബാബുകള്‍, സ്റ്റ്യൂകള്‍, മധുര പലഹാരങ്ങള്‍, സുഗന്ധമേറിയ സഫ്‌റോണ്‍ ചോറ് എന്നിവ നിരത്തി വെച്ചു കൊതിപ്പിക്കുന്നു. നാനാ തരം റൊട്ടികളും വൈവിധ്യമാര്‍ന്ന ചോറുകളും വ്യത്യസ്ത രുചികളുള്ള കബാബുകളും ഇറാന്റെ നിത്യഭക്ഷണത്തിന്റെ ഭാഗമാണ്. ഉണക്കപ്പഴങ്ങളും നട്‌സും പലതരം വിത്തുകളും പച്ചക്കറികളും പഴസത്തുകളും സര്‍ബത്തുകളും ചായകളും ഇറാനിയന്‍ ഭക്ഷണത്തിന്റെ വൈവിധ്യം വര്‍ധിപ്പിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇറാന്‍ കഴിഞ്ഞേ മറ്റേതൊരു നാടുമുള്ളൂ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. ഒരു നൂറ്റാണ്ട് പഴക്കമുള്ള പ്രസിദ്ധമായ ഒരു ചായക്കട ഉണ്ട് ഈ ബസാറില്‍. ഹാജി അലി ദര്‍വീഷ് ടീ ഹൗസ് എന്നാണ് പേര്. അവിടെ ചെന്ന് ഒരു ചായ കുടിക്കാതെ തെഹ്‌റാന്‍ സന്ദര്‍ശനം പൂര്‍ണമാവില്ല എന്ന് ഗൈഡ് തീര്‍ത്തു പറഞ്ഞു. തിരക്കുള്ള ഇടവഴിയില്‍, തുണിക്കടയ്ക്കും പള്ളിയുടെ വാതിലിനുമിടയില്‍, ഒന്നര മീറ്റര്‍ നീളവും വീതിയും മാത്രമുള്ള ഒരു ചിന്ന കട. അവിടേക്കായി ചെന്നെങ്കില്‍ മാത്രമേ കാണൂ. എന്നിട്ടും തലസ്ഥാന നഗരിയില്‍ എത്തുന്ന ചായ ആസ്വാദകര്‍ക്കിടയില്‍ ഇത് പ്രസിദ്ധമാണ്. നിശ്ശബ്ദം ചായ പകര്‍ന്നു കൊണ്ടിരിക്കുന്ന ടീ മേക്കര്‍ക്ക് ചുറ്റും കപ്പുകളും ടീപ്പോകളും ചായയുടെ പെട്ടികളും സമോവറും വാട്ടര്‍ ഹീറ്ററും ക്രമീകരിച്ചിരിക്കുന്നു. ചുവരില്‍ ഒട്ടിച്ചു വെച്ച, ടൂറിസം മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഈ സ്ഥലം 'ദേശീയ സംസ്‌കാരത്തിന്റെ അദൃശ്യ പൈതൃകത്തിന്റെ ഭാഗമാണ്' എന്ന് സാക്ഷ്യപ്പെടുത്തുന്നു. പരമ്പരാഗത ഇറാനിയന്‍ കട്ടന്‍ ചായയ്ക്ക് പുറമെ കുങ്കുമം, ഏലക്ക, കറുവപ്പട്ട, പുതിന, കാശിത്തുമ്പ, ചെമ്പരത്തി, ചെറുനാരങ്ങ, തേന്‍ ചായകളും തയ്യാര്‍. ദിവസം ചുരുങ്ങിയത് 9 ചായ എങ്കിലും കുടിക്കുമത്രെ ഇറാനികള്‍! അവര്‍ക്ക് ഇതൊരു തീര്‍ഥാടന കേന്ദ്രം തന്നെ. തിരക്കുപിടിച്ച തലസ്ഥാന നഗരിയില്‍ പോലും പോലീസ് സാന്നിധ്യം വിരളമായിരുന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. ചീറിപ്പായുന്ന ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കുന്നില്ല എന്നത് ഗൈഡിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇടക്കാലത്ത് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു എന്നും എന്നാല്‍ ചെക്കന്മാര്‍ പോലീസിനെ കൈകാര്യം ചെയ്തതോടുകൂടി ആ പരിപാടി നിര്‍ത്തി എന്നുമാണ് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. നീണ്ട ഉപരോധങ്ങള്‍ക്ക് ശേഷവും നല്ല കാറുകള്‍ റോഡുകള്‍ നിറഞ്ഞ് ഓടുന്നുണ്ട്. ഒന്നും ഇറക്കുമതിയല്ല. എല്ലാം സ്വന്തമായി നിര്‍മിക്കുന്നവയാണ് എന്ന് അഭിമാനപൂര്‍വം ഇറാനികള്‍ പറയുന്നു. വാഹന നിര്‍മാണരംഗത്ത് ഇറാന്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഖോഡ്രോ, സൈപ, പാര്‍സ് ഖോഡ്രോ, ബഹ്‌മാന്‍ മോട്ടോര്‍, കെര്‍മാന്‍ മോട്ടോര്‍ എന്നിവയാണ് രാജ്യത്തെ പ്രധാന കാര്‍ നിര്‍മാതാക്കള്‍. ചൈനയൂടെ പങ്കാളിത്തത്തോടെയാണ് ബൈക്ക് നിര്‍മാണം.
പെപ്‌സിയും കൊക്കക്കോലയും പോലും അവര്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നു, അതേ ബ്രാന്‍ഡ് പേരില്‍ തന്നെ. ഉപരോധം നിലനില്‍ക്കുന്നതിനാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഒന്നും കൊടുക്കേണ്ടതില്ലത്രേ.
ഞങ്ങള്‍ സായാഹ്നം ചെലവഴിച്ചത് നഗരത്തിരക്കുകളില്‍ നിന്നകലെ, മഞ്ഞണിഞ്ഞ മലയടിവാരത്തിലെ ദാര്‍ബന്ദ് ഗ്രാമത്തിലാണ്. തെഹ്‌റാനു മീതെ തലയുയര്‍ത്തി നില്‍ക്കുന്ന ടോച്ചല്‍ പര്‍വതത്തിലേക്കുള്ള കാല്‍നടയാത്രയുടെ തുടക്ക സ്ഥാനമാണിത്. 'പര്‍വതത്തിന്റെ വാതില്‍' എന്നാണ് ദാര്‍ബന്ദിന്റെ മലയാളം. ഉല്ലാസ സവാരിക്കാര്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങി, വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന മധുരപലഹാരക്കടകളും കഫേകളും റെസ്റ്റോറന്റുകളും സന്ദര്‍ശകരെ മാടി വിളിക്കുന്നു. നടന്നു വില്പനക്കാരായ ധാരാളം ചെറിയ കുട്ടികളെ ഇവിടെ കണ്ടു. കുടുംബവും കുട്ടികളുമായി ധാരാളം പേര്‍ ഇവിടെ സായാഹ്നം ചെലവഴിക്കാന്‍ എത്തിയിട്ടുണ്ട്. ഇടയ്ക്ക് അപ്രതീക്ഷിതമായി നല്ല മഴ. ദാര്‍ബന്ദ് ഗ്രാമത്തിന്റെ കുളിര്‍ നുകര്‍ന്ന് ആസാദി ഗോപുരം ചുറ്റി ഇത്രയും ദിവസങ്ങള്‍ കൂടെ നിന്ന വഴികാട്ടി ഹാമിദിനു ഗാഢാശ്‌ളേഷത്തിലൂടെ നന്ദി പറഞ്ഞു ഒരു പിടി മറക്കാനാവാത്ത സ്മരണകളുമായി ഞങ്ങള്‍ ഇറാന്റെ മഞ്ഞു മലകളോട് വിട പറഞ്ഞു.
''ഈ പെണ്‍കുട്ടികളുടെയൊക്കെ മൂക്കിന് എന്തുപറ്റി?'' വിമാനത്താവളം മുതലുള്ള സംശയമാണ്. പോയ നഗരങ്ങളിലെല്ലാം പെണ്‍കുട്ടികളുടെ മൂക്കില്‍ ബാന്‍ഡേജ് കാണുന്നു. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടി മൂക്ക് സര്‍ജറി ചെയ്ത് ഷേപ്പ് ആക്കുക ഇറാന്‍ പെണ്‍കുട്ടികള്‍ക്കിടയിലെ ട്രെന്‍ഡ് ആണ്. 'നിങ്ങള്‍ എഴുത്തുകാരനാണല്ലോ. ഞങ്ങളുടെ നാടിനെ കുറിച്ച് എഴുതുകയാണെങ്കില്‍ ദയവായി, 'വാര്‍ത്തകളില്‍ കാണുന്നതല്ല ഇറാന്‍. ജീവിതത്തെ സ്‌നേഹിക്കുന്ന, കലാ ഹൃദയമുള്ള, സൗന്ദര്യം ഇഷ്ടപ്പെടുന്ന, കവിത എഴുതുന്ന, പാട്ട് പാടുന്ന, നൃത്തം ചെയ്യുന്ന, അപരിചിതരെ സുഹൃത്തുക്കളായി സ്വീകരിക്കുന്ന, ആരുടെ മുമ്പിലും തലകുനിക്കാത്ത, പ്രണയിക്കുന്ന, സ്വന്തം ആവശ്യങ്ങള്‍ക്കുള്ളതെല്ലാം സ്വയം ഉണ്ടാക്കുന്ന ആളുകളാണ് ഇറാനികള്‍ എന്ന് നിങ്ങളുടെ നാട്ടുകാരോട് പറയുക' - മൂക്ക് ശസ്ത്രക്രിയ ചെയ്ത പെണ്‍കുട്ടികള്‍ എന്നോട് പറയുന്നതായി എനിക്ക് തോന്നി.