ഒരിക്കല്‍ ഒരു ഉമ്മ മക്കളെ അടിക്കുന്നതു സംബന്ധിച്ച ചര്‍ച്ചക്കിടെ എന്നോട് ചോദിച്ചു: എന്റെ മകനെ ഞാന്‍ അടിക്കാറുണ്ട്, അതോര്‍ത്ത് ഇടക്ക് എനിക്ക് സങ്കടവും തോന്നാറുണ്ട്. ചോദിക്കാതെ പണം എടുത്തതിന് ബെല്‍റ്റ് ഉപയോഗിച്ച് ഞാനവനെ പൊതിരെ തല്ലി. അവന്‍ ഇനി കക്കാന്‍ പാടില്ല. ഇത്തരം സാഹചര്യത്തില്‍ പിന്നെ അടിക്കുകയല്ലാണ്ട് മറ്റെന്തു ചെയ്യും? അവന്‍ നന്നാവേണ്ടത് എന്റെ കൂടി ആവശ്യമല്ലേ?
ഞാന്‍: നിങ്ങളവനെ മറ്റെന്തെങ്കിലും കാര്യത്തിന് അടിച്ചിട്ടുണ്ടോ?
അവര്‍: അവന് ഇടക്കൊക്കെ പഠിക്കാത്തതിനും നമസ്‌കരിക്കാത്തതിനും പറഞ്ഞത് കേള്‍ക്കാത്തതിനും എല്ലാം അടി കൊടുക്കാറുണ്ട്.
ഞാന്‍: അവനെ ഇതുവരെ അടിച്ചിട്ടില്ലെങ്കില്‍ ഈ അവസരത്തില്‍ നിങ്ങള്‍ കൊടുക്കുന്ന ചെറിയ ശിക്ഷ പോലും അവന് വലിയ പാഠങ്ങള്‍ നല്‍കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ? ഇനി നാളെ അവനില്‍ ലഹരിയോ മറ്റെന്തെങ്കിലും വലിയ പിഴവോ കണ്ടുപിടിച്ചാല്‍, ഇപ്പോഴേ ഇത്ര വലിയ ശിക്ഷകള്‍ കൊടുത്താല്‍ അപ്പോള്‍ നമ്മള്‍ എന്തു ചെയ്യും?
അവര്‍: 'എങ്കില്‍ അവന്‍ എന്നെ ഉമ്മ എന്ന് വിളിക്കേണ്ട'!
ഓരോ മാതാപിതാക്കളുടെയും ആഗ്രഹമാണ് കഴിവുള്ള, നല്ല സ്വഭാവത്തിന് ഉടമയായ, നല്ല മനുഷ്യനായി തന്റെ മക്കളെ വളര്‍ത്തണമെന്നത്. അതിന് അവരെ തെറ്റുചെയ്താല്‍ ശിക്ഷിക്കേണ്ടതില്ലേ? അല്ലെങ്കില്‍ അവര്‍ വഴി പിഴക്കില്ലേ എന്നും നമ്മള്‍ ശങ്കിക്കാറുണ്ട്. യഥാര്‍ഥത്തില്‍ കുട്ടികള്‍ നന്നാവാന്‍ അവരെ ശിക്ഷിക്കേണ്ടതുണ്ടോ? മോഡേണ്‍ സൈക്കോളജിക്കും ഇസ് ലാമിനും എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളത്?
സൈക്കോളജിക്ക് പറയാനുള്ളത്
മക്കളെ ശിക്ഷിക്കുന്നത് കൊണ്ടുള്ള ഗുണമെന്തെന്നാല്‍ പേരെന്റ്സ് ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ പെട്ടെന്ന് നടക്കുന്നു. ഉദാഹരണം, നമസ്‌കരിക്കാത്തതിന്റെ പേരില്‍ അടി കിട്ടിയപാടെ കുട്ടി നമസ്‌കരിക്കുന്നു.
ദോഷങ്ങള്‍
- ശിക്ഷയെ പേടിച്ച് കുട്ടികളില്‍ കളവുപറയുന്ന സ്വഭാവം കൂടാന്‍ സാധ്യത കൂടുതലാണ്. നമസ്‌കരിച്ചുവോ എന്ന നിങ്ങളുടെ ചോദ്യത്തിന് അടി പേടിച്ച് അതെ എന്ന് പെട്ടെന്ന് കളവ് പറഞ്ഞേക്കാം, മാത്രമല്ല പിന്നെ പിന്നെ ചെറിയ കാര്യങ്ങള്‍ പോലും പേരെന്റ്സില്‍ നിന്ന് മറച്ചുവെക്കുന്ന പ്രകൃതവും തര്‍ക്കുത്തരങ്ങള്‍ പറയാനുള്ള പ്രവണതയും ഏറെയാണ്.
- ഇത്തരം ശിക്ഷാ നടപടികള്‍ മാതാപിതാക്കളോടുള്ള മക്കളുടെ ബന്ധത്തില്‍ വിള്ളല്‍ വരാനും കാരണമായേക്കാം. അമിതമായ ശിക്ഷകളും ആളുകളുടെ ഇടയില്‍ വെച്ചുള്ള വഴക്കുപറച്ചിലും അപകീര്‍ത്തിപ്പെടുത്തലും മക്കള്‍ (പ്രത്യേകിച്ചും കൗമാരപ്രായക്കാര്‍) തങ്ങളോടുള്ള മാതാപിതാക്കളുടെ സ്നേഹക്കുറവായി മനസ്സിലാക്കാനും അതുവഴി അവരുമായുള്ള തുറന്ന സംസാരങ്ങളും അടുപ്പവും വിശ്വാസ്യതയും തകരാനും കാരണമാവും.
- ഇത്തരം കുട്ടികളില്‍ ദേഷ്യവും മറ്റു സാമൂഹ്യ വിരുദ്ധ സ്വഭാവങ്ങളും കൂടുതല്‍ കണ്ടേക്കാം. അവരുടെ ശാരീരിക മാനസിക വളര്‍ച്ചക്കും ഇത്തരം ശിക്ഷാനടപടികള്‍ പോറലേല്‍പ്പിക്കും.
- ശിക്ഷാ നടപടികള്‍ കുട്ടികളിലെ സ്വാഭാവിക വളര്‍ച്ച തടയുന്നു. ശിക്ഷയില്‍നിന്ന് ഒഴിവാകാന്‍ വേണ്ടി മാത്രം കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് അവര്‍ ചുരുങ്ങുന്നു. വളരാന്‍ വേണ്ടി പഠിക്കുന്നതിന് പകരം അടികിട്ടാതിരിക്കാന്‍ വേണ്ടി മാത്രം പുസ്തകത്തിന്റെ മുന്നില്‍ ഇരിക്കുന്ന അവസ്ഥയുണ്ടായേക്കാം.
- ഇത്തരം ശിക്ഷാനടപടികള്‍ കുട്ടികള്‍ പഠിക്കുകയും അവരും ഇതേ സ്വഭാവവും ദേഷ്യവും കൊണ്ട് നടക്കുവാനും സാധ്യതയേറുന്നു. നിങ്ങള്‍ കുട്ടിയെ ഗ്ലാസ് പൊട്ടിച്ചതിന്റെ പേരില്‍ വഴക്ക് പറയുന്നയാളാണെങ്കില്‍ നാളെ അവന്‍ വാങ്ങിയ ഗ്ലാസ് വാര്‍ധക്യാവസ്ഥയില്‍ നിങ്ങളുടെ കൈയില്‍ നിന്ന് പൊട്ടിയാല്‍ അവനും അതേ രൂപത്തില്‍ തന്നെ പ്രതികരിക്കാനും അവരുടെ മക്കളെ ഇതുപോലെതന്നെ വളര്‍ത്താനും സാധ്യത ഏറെയാണ്.
എന്തെല്ലാം ചെയ്യണം?
| സ്‌നേഹം പ്രകടിപ്പിക്കുകനമ്മുടെ ഉള്ളിലെ ഈ സ്നേഹസാഗരത്തെക്കുറിച്ച് മക്കള്‍ക്ക് അറിയുമോ? കൗണ്‍സലിങ്ങിന് വരുന്ന അധിക കൗമാരക്കാരും പറയാറുള്ള പരാതിയാണ് എന്റെ പാരന്‍സിന് എന്നെ ഇഷ്ടമല്ല എന്ന്. അവരറിയുന്ന തരത്തില്‍ അവരെ സ്നേഹിക്കുകയാണ് അവരെ തെറ്റില്‍നിന്നും തടയുന്നതിന്റെ ആദ്യപടി. പാരന്‍സുമായി അടുപ്പമുള്ള കുട്ടികളെ ലഹരികളില്‍ നിന്നും മറ്റു വഴിവിട്ട ബന്ധങ്ങളില്‍ നിന്നും തെറ്റിലേക്കുള്ള പ്രവണതകളില്‍ നിന്നും തടയുന്നു. സ്നേഹം കൊടുത്ത ശേഷം മാത്രം അവരുടെ തെറ്റ് തിരുത്തുന്നത് മാതാപിതാക്കളോടുള്ള അനുസരണം കൂടാന്‍ സഹായകമാണെന്ന് പഠനങ്ങള്‍ പറയുന്നു. നബി (സ) മകള്‍ ഫാത്തിമയെയും പേരക്കിടാങ്ങളെയും മറ്റു കുട്ടികളെയും ലാളിച്ചതും പ്രകടമായിത്തന്നെ സ്നേഹിച്ചതുമായ സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.
| ചില കൗണ്‍സലിംഗ് കേസുകളില്‍ കുട്ടികള്‍ പറയാറുണ്ട്, ഇതെന്റെ പാരന്‍സ് അറിയാതെ പരിഹരിച്ചു തരണം, അവരറിഞ്ഞാല്‍ എനിക്ക് പേടിയാണ് എന്നെല്ലാം. ഒരു പ്രശ്നത്തിന്റെ തുടക്കത്തിലേ അത് വീട്ടില്‍ പറയാനുള്ള ഇത്തരം പേടി കാരണം ലഹരി, പ്രണയം തുടങ്ങിയ പല കുഴികളിലും കുട്ടികള്‍ ചാടാറുണ്ട്. അതിനാല്‍ 'എന്തുണ്ടെങ്കിലും ഞങ്ങളോട് നിനക്ക് പറയാം' എന്ന ഒരു ഉറപ്പും അതിനുള്ള ഇടവും സുരക്ഷിതത്വവും മക്കള്‍ക്ക് നല്‍കുന്നത് കൂടുതല്‍ അടുപ്പവും മുളയിലേ അവരില്‍ വരുന്ന മാറ്റങ്ങളോ തെറ്റുകളോ മനസ്സിലാക്കാനും തിരുത്താനും സഹായിക്കുന്നു. നമ്മള്‍ അതിനുള്ള ഇടം കൊടുക്കുകയും അവരോട് ഏറ്റവും നല്ല നിലയില്‍ ഇടപെടുകയും വേണം. കീഴുദ്യോഗസ്ഥന്‍ കാണാന്‍ ചെന്നപ്പോള്‍ ഉമറി(റ )ന്റെ ചുറ്റിലും കുട്ടികള്‍ ബഹളം വെച്ച് ഓടിക്കളിക്കുന്നതാണ് കണ്ടത.് ഖലീഫ അത് തടയാത്തതിനെ കുറിച്ച് അദ്ദേഹം പരാതിപ്പെട്ടു. അപ്പോള്‍ ഉമറിന്റെ മറുചോദ്യം, നിങ്ങള്‍ വീട്ടില്‍ എങ്ങനെയാണ്? അദ്ദേഹം ഇത്തിരി അഭിമാനത്തോടെ പറഞ്ഞു, ഞാന്‍ വീട്ടില്‍ ചെന്ന് കയറിയാല്‍ പിന്നെ ആരും ഒന്നും സംസാരിക്കുകയേ ഇല്ല. ഉടന്‍ ഉമര്‍ (റ) ഉത്തരവിട്ടു. നിങ്ങള്‍ ജോലി രാജിവെക്കണം സ്വന്തം കുടുംബത്തോടും മക്കളോടും കൃപ കാണിക്കാത്ത താങ്കള്‍ക്ക് രാജ്യത്തെ ജനങ്ങളോട് എങ്ങനെ ദയാപൂര്‍വം പെരുമാറാന്‍ കഴിയും?
| നല്ല മാതൃകയാവുക. ഭാഷ മുതല്‍ എല്ലാം മാതാപിതാക്കളെ അനുകരിച്ചാണ് മക്കള്‍ പഠിക്കുന്നത്. 40 മുതല്‍ 60% സമയവും അവര്‍ ഇത്തരത്തില്‍ കണ്ടു പഠിക്കുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ അവരില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്ന മൂല്യങ്ങള്‍ ആദ്യം നമ്മളുടെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാം. മക്കള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമ്മളും അത്തരം സമയങ്ങളില്‍ എന്തെങ്കിലും വായിക്കാന്‍ ശ്രമിക്കാം. അതുകൊണ്ടാണ് മക്കളുടെ മുന്നില്‍ വെച്ച് നിങ്ങള്‍ ശണ്ഠ കൂടരുതെന്നും നുണ പറയരുതെന്നും നബി (സ) പഠിപ്പിച്ചത്. മകന്‍ അപമര്യാദയായി പെരുമാറുന്നു എന്ന പരാതിയുമായി ഉമറി(റ )നെ സമീപിച്ച പരാതിക്കാരനായ പിതാവിനോട് നീ നിന്റെ മകനോട് ചെറുപ്പത്തില്‍ മര്യാദകേട് കാണിച്ചിട്ടുണ്ടാവാം എന്നാണ് മറുപടി പറഞ്ഞത്.
| ക്ഷമയും ഉപാധികള്‍ ഇല്ലാത്ത ബന്ധവും: മക്കള്‍ തെറ്റു ചെയ്താല്‍ അവരെ ചേര്‍ത്തുനിര്‍ത്തി തോളത്ത് തട്ടി തിരുത്തി കൊടുക്കാന്‍ മാതാപിതാക്കള്‍ അല്ലാതെ ആരുണ്ട്? എത്ര തവണ തെറ്റു ചെയ്തു ചെന്നാലും കൈകള്‍ നീട്ടിയാല്‍ വാരിപ്പുണരുന്ന ഒരു നാഥന്‍ ഉള്ളതല്ലേ നമ്മുടെ ബലം? അതല്ലേ നമ്മെ കൂടുതല്‍ അവനിലേക്ക് അടുപ്പിക്കുന്നത്? അതല്ലേ പിന്നീട് നന്മയില്‍ ഉറച്ചുനില്‍ക്കാന്‍ നമുക്ക് പ്രേരണയാവുന്നത്? ട്രാന്‍സ്ജെന്‍ഡര്‍ ആയിത്തീര്‍ന്നതിന്റെ പേരില്‍ സമൂഹവും കുടുംബവും ഒറ്റപ്പെടുത്തി വീട്ടില്‍ നിന്നും പുറത്താക്കിയ ഒരു വ്യക്തി എന്നെ പിന്നീട് ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്വീകരിച്ചു എന്നും എന്റെ ദൈവം എന്നോട് അനീതി കാണിക്കില്ലെന്ന് എനിക്കുറപ്പുണ്ട്, സമൂഹമാണ് എന്നെ ഒറ്റപ്പെടുത്തിയതെന്നും പറഞ്ഞത് കേട്ടപ്പോള്‍ ഒരു വേള അവരുടെ കുടുംബം അവരെ ചേര്‍ത്തു നിര്‍ത്തുകയും ശരീഅ പ്രകാരമുള്ള നിയമങ്ങളും ചികിത്സകളും നല്‍കിയിരുന്നെങ്കില്‍ അവര്‍ ഒരുപക്ഷേ നാഥന് സുജൂദ് ചെയ്യുന്നവരില്‍ ഇപ്പോഴും ഉണ്ടായേനെ എന്ന് തോന്നിയിട്ടുണ്ട്. തിന്മയെ നന്മ കൊണ്ടേ തടയാനാവൂ. അതിനാല്‍ 'നീ ഇനി എന്റെ മകനല്ല' എന്ന് പറയുന്നതിന് പകരം 'നീ എന്റെ കുഞ്ഞുമകനാണ.് നീ ഇത് ചെയ്തത് ശരിയായില്ല' എന്ന സമീപനം വീണ്ടു വിചാരത്തിനുള്ള ഇടവും തെറ്റു തിരുത്താന്‍ അവസരവും നല്‍കുന്നു.
|അവരില്‍ പ്രതീക്ഷയുണ്ടെന്നും അവരെ പ്രോത്സാഹിപ്പിക്കുന്നതും പാരന്‍സിന്റെ പ്രതീക്ഷ അനുസരിച്ച് വളരാന്‍ അവരെ പ്രേരിപ്പിക്കും. എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ താന്‍ ഒന്നിനും പോരാത്തവനാണെന്ന ചിന്ത ഉണ്ടാക്കാന്‍ കാരണമാവുകയും കൂടുതല്‍ പിന്നിലോട്ട് പോകാനും ഇടയാക്കിയേക്കാം.
എല്ലാറ്റിനുമുപരി തെറ്റുകളില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താനും നന്മയില്‍ അവരെ മുന്തിപ്പിക്കാനും പ്രാര്‍ഥിക്കുക. പ്രാര്‍ഥനകള്‍ നാഥന്റെ സഹായത്തിനു കാരണമാവും.
| തെറ്റുപറ്റിയാല്‍ അത് സംഭവിക്കാന്‍ കാരണമായ സാഹചര്യവും കാരണവും (അത്തരം കൂട്ടുകെട്ട്, ഏകാന്തത, നിരാശ...) മനസ്സിലാക്കി അവ തിരുത്തുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്യുക. പ്രായത്തിനനുസരിച്ച് കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം.
| തെറ്റുകളില്‍നിന്ന് അവരെ മാറ്റിനിര്‍ത്താനും നന്മയില്‍ മുന്തിപ്പിക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. പ്രാര്‍ത്ഥനകള്‍ നാഥന്റെ സഹായത്തിനു കാരണമാവും എന്നതിലപ്പുറം അതിനുവേണ്ട മനസ്സൊരുക്കങ്ങള്‍ക്കും കാരണമാവുന്നു.
നമ്മെ അല്ലാഹു വിശ്വസിച്ചേല്‍പ്പിച്ച അമാനത്താണ് കുഞ്ഞുങ്ങള്‍. അവരെ കാരുണ്യത്തോടെയും സ്നേഹത്തോടെയും നയിക്കുക മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം. മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന പോലും ഖുര്‍ആന്‍ പഠിപ്പിച്ചത് നാഥാ, എന്റെ കുട്ടിക്കാലത്തു അവര്‍ എന്നെ എവ്വിധം സ്നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ.. വെറും കാരുണ്യം കാണിക്കാന്‍ ആവശ്യപ്പെടുന്നതിന് പകരം രക്ഷിതാക്കള്‍ തന്നോട് കാണിച്ചത് പോലുള്ള കാരുണ്യമാണ് തിരിച്ചും അല്ലാഹുവിനോട് കാണിക്കാന്‍ ആവശ്യപ്പെടുന്നത്. നമ്മള്‍ അത് കാണിച്ചിട്ടില്ലെങ്കില്‍ അത് നമുക്കെങ്ങനെ നല്‍കപ്പെടും?
ഇസ് ലാമിന്റെ കാഴ്ചപ്പാട്
മാനവ ജനതയുടെ മാതൃകയായ പ്രവാചകന്‍ ഒരു തവണ പോലും കുഞ്ഞുങ്ങളെ അടിക്കുകയോ ഉച്ചത്തില്‍ ചീത്ത പറയുകയോ ചെയ്തിട്ടില്ല. അദ്ദേഹം കുട്ടികളെ വളര്‍ത്തിയത് റഹ്‌മത്ത് (കാരുണ്യം), ഹിക്മത്ത് (യുക്തി) & തര്‍ബിയത്ത് എന്നിവയിലൂന്നിയായിരുന്നു. ഫിര്‍ഔനോട് പോലും 'ഏറ്റവും നല്ല സൗമ്യമുള്ള വാക്ക് നീ പറയുക, ഒരു വേള അവന്‍ ചിന്തിച്ചേക്കാം' (20:44) എന്ന് അല്ലാഹു പറയുന്നു. ഏറ്റവും ധിക്കാരിയും നികൃഷ്ടനുമായ ഫിര്‍ഔനോടുള്ള ഭാഷ ഇതാവണമെങ്കില്‍ നിഷ്‌കളങ്കരായ നമ്മളുടെ മക്കളോടുള്ള ശൈലിയോ? ഇതിനുദാഹരണമാണ് ലുഖ്മാന്‍ (റ) മകന് നല്‍കിയ ഉപദേശങ്ങളെല്ലാം. എന്റെ 'കുഞ്ഞു മകനേ' എന്ന അഭിസംബോധനയോടെ ആയിരുന്നു അദ്ദേഹം മകനെ ഉപദേശിച്ചത് എന്ന് ഖുര്‍ആന്‍ മൂന്നുതവണ എടുത്തു പറഞ്ഞിട്ടുണ്ട് -31: 13,16,17). അറബി ഭാഷയില്‍ ഒരു ആപ്തവാചകമുണ്ട്. നിന്റെ കുട്ടിയുമായി ഏഴ് വയസ്സുവരെ കളിക്കുക, അടുത്ത ഏഴുവര്‍ഷം അവനെ മര്യാദ പഠിപ്പിക്കുക, തുടര്‍ന്നുള്ള ഏഴുവര്‍ഷം അവനോട് സാഹോദര്യസമാനമായി ഇടപെടുക, പിന്നീട് മാത്രം അവന്റെ നിയന്ത്രണം അവന്റെ സ്‌കന്ദത്തില്‍ ഏല്‍പ്പിക്കുക എന്ന്. ബുദ്ധിമാനായ മനുഷ്യനെ തിരുത്തേണ്ടത് വിനയത്തോടെയുള്ള ശിക്ഷണത്തിലൂടെയാണ്.
വയസ്സിന് അനുസരിച്ച പാരന്റിങ് ആണ് നബി (സ) പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. 7 വയസ്സ് ആയാല്‍ അവരെ നമസ്‌കരിക്കാന്‍ ശീലിപ്പിക്കുക, 10 വയസ്സിലും നമസ്‌കരിച്ചില്ലെങ്കില്‍ അവരെ അടിക്കുക എന്ന പ്രവാചക അധ്യാപനത്തിന്റെ വിശദീകരണമായി 7-10 വയസ്സുവരെ അഥവാ മൂന്നു വര്‍ഷത്തോളം ആദ്യം കാരുണ്യത്തോടെയുള്ള ഓര്‍മപ്പെടുത്തല്‍, പിന്നീട് ഉപദേശം, പിന്നീട് ശാസന- എന്ന ക്രമവും. ഇത് മൂന്നു കൊല്ലത്തോളം തുടര്‍ന്നിട്ടും അവര്‍ നമസ്‌കരിച്ചില്ലെങ്കില്‍, രൂക്ഷമല്ലാത്ത രീതിയില്‍ അടി ആവാം, അതും മുഖവും മറ്റു മൃദുലമായ ഇടങ്ങളിലും അടിക്കരുതെന്നുമാണ് പണ്ഡിതന്മാര്‍ ഉറപ്പിച്ചു പറയുന്നത്.
ഏത് വീക്ഷണത്തിലൂടെ നോക്കിയാലും ശിക്ഷണം കുഞ്ഞിന് വളരെ അത്യാവശ്യമാണെന്ന് തന്നെയാണ് നിലപാട്. അത് നല്‍കേണ്ടത് പാരന്‍സ് ആണ് താനും. എന്നാല്‍ ശിക്ഷണത്തിന് ശിക്ഷ എപ്പോഴും ഒരു നല്ല ഉപാധി അല്ലെന്നു മാത്രം. കാരണം, ശിക്ഷ നല്‍കുന്നതിന് അതിന്റെ ഗുണത്തെക്കാള്‍ ദോഷങ്ങളാണുള്ളത്. ശിക്ഷണം എന്നത് സ്നേഹത്തിലും വഴികാട്ടലിലും ദീര്‍ഘകാലത്തിലേക്കുള്ള വളര്‍ച്ചയിലും ഊന്നിയതും റഹ്‌മത്തും ഹിക്മത്തും തര്‍ബിയത്തും നിറഞ്ഞതും ആണെങ്കില്‍ ശിക്ഷ ദേഷ്യത്തില്‍ നിന്നും നിയന്ത്രിക്കാനുള്ള ത്വരയില്‍ നിന്നും ഉടലെടുക്കുന്നതാണ്.