പ്രതികരണം

മുഫീദ എം.എം

ബി.എം സുഹ്‌റ `ഭ്രാന്ത്‌' എന്ന കഥ 1990ല്‍ എഴുതിയതാണ്‌. ഭര്‍ത്താവും ഭാര്യയുമാണ്‌ കഥാപാത്രങ്ങള്‍. രാവിലെ പത്രം വായിച്ചിരിക്കുന്ന ഭര്‍ത്താവിനോട്‌ ഭാര്യ അലറി: `പേപ്പറും വായിച്ചിരിക്കുകയാണോ? അടുക്കളയിലേക്ക്‌ പോകുന്നില്ലേ? എട്ടു മണിക്ക്‌ കുട്ടികളുടെ സ്‌കൂള്‍ ബസ്‌ വരും'.....`പുട്ടിന്റെ പൊടി അലമാരയിലുണ്ട്‌. പഴവുമുണ്ട്‌. പുട്ടുണ്ടാക്കിയാല്‍ മതി. പപ്പടവും പൊരിച്ചോളൂ'. ഭര്‍ത്താവിന്‌ ആജ്ഞകള്‍ നല്‍കി അവള്‍ കുളിമുറിയിലേക്ക്‌ പോയി. ഭര്‍ത്താവിന്റെ കുഴമ്പെടുത്ത്‌ ദേഹം മുഴുവന്‍ പുരട്ടി. വെള്ളം ചൂടാക്കി. തലയില്‍ ഷാമ്പൂ തേച്ച്‌ വിസ്‌തരിച്ചൊരു കുളി. കുളി കഴിഞ്ഞ്‌ മേലാസകലം പൗഡര്‍ പുരട്ടി, സാരിയും ബ്ലൗസുമെല്ലാം മാറ്റി, തലമുടി ഭംഗിയായി കോതി വെച്ചു. കണ്ണാടിയില്‍ നോക്കി: `ഓഹോ, തരക്കേടില്ലല്ലോ' -അവള്‍ ആത്മഗതം പൂണ്ടു. അവള്‍ക്ക്‌ ഒരു പാട്ട്‌ പാടാന്‍ തോന്നി.
എപ്പോഴും ഭര്‍ത്താവിനെ അനുസരിച്ച്‌ വേണ്ട ഭക്ഷണങ്ങളെല്ലാം തയാറാക്കി, വീട്ടിലൊതുങ്ങിക്കഴിയുന്ന `യാഥാസ്ഥിക' ഭാര്യാ സങ്കല്‍പത്തിനെതിരായ വെടിക്കെട്ട്‌ എന്ന നിലക്കാണ്‌ സുഹ്‌റ 1990ല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. കഥക്കൊടുവില്‍, കുളി കഴിഞ്ഞ്‌ പാട്ടുപാടി മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന ഭാര്യയെ അമ്പരപ്പിച്ചു കൊണ്ട്‌ വാതില്‍ പുറത്ത്‌ നിന്ന്‌ പൂട്ടിയിരിക്കുന്നു. വാതില്‍ പാളിയില്‍ ചെവി വെച്ച്‌ അവള്‍ ഭര്‍ത്താവിന്റെ ശബ്‌ദം ശ്രദ്ധിച്ചു. അദ്ദേഹം ഫോണ്‍ ചെയ്യുകയാണ്‌. `ഹലോ, മൂര്‍ത്തിയല്ലേ? ഉടനെ വരണം. എന്താണെന്നറിയില്ല. ഭാര്യക്ക്‌ രാവിലെ മുതല്‍ പന്തിയില്ല...കഴിയുമെങ്കില്‍ നഴ്‌സിനെക്കൂടി കൊണ്ടുവരണം. ബലം പ്രയോഗിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ അവിടെ അഡ്‌മിറ്റ്‌ ചെയ്‌തേക്കാം....' അയാള്‍ തന്റെ സുഹൃത്തായ മനോരോഗ വിദഗ്‌ദനെ വിളിക്കുകയാണ്‌. അങ്ങിനെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി `പൊരുതുന്ന' ഭാര്യയെ ഭ്രാന്തിയാക്കുന്ന ഭര്‍ത്താവിനെതിരെയുള്ള `കരുത്തുറ്റ' സ്‌ത്രീ പ്രമേയവുമായാണ്‌ സുഹ്‌റയുടെ കഥ അവസാനിക്കുന്നത്‌.
2007ല്‍ എത്തിയപ്പോള്‍ സുഹ്‌റ മറ്റൊരു കഥയെഴുതി, `കുഹൂ..കുഹൂ..' എന്ന പേരില്‍. അതൃമാന്‍കുട്ടിയും ഭാര്യ കുഞ്ഞാമിയുമാണ്‌ കഥാപാത്രങ്ങള്‍. കുഞ്ഞാമിയുടെ സാമൂഹിക പ്രവര്‍ത്തനവും ഫെമിനിസവുമെല്ലാം കത്തിക്കയറുന്നതിനിടയില്‍ വിഷണ്ണനായ അതൃമാന്‍ കുട്ടി ചോദിച്ചു: `നീ ഇങ്ങിനെയൊന്നുമായിരുന്നില്ലല്ലോ കുഞ്ഞാമീ?
`എങ്ങിനെയൊന്നുമായിരുന്നില്ലെന്ന്‌?'-കണ്ണില്‍ തീയുമായി അവള്‍ ചോദിച്ചു.
`അതായത്‌....പഴയ രീതികളൊക്കെ തെറ്റുകയാണല്ലോ?'
`സ്‌ത്രീകള്‍ രീതികളെല്ലാം തെറ്റിക്കണമെന്നാണ്‌ സാറ ടീച്ചര്‍ ഇന്നലെയും പ്രസംഗിച്ചത്‌'
ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ആ സൈദ്ധാന്തിക സംവാദം അങ്ങിനെ തുടര്‍ന്നു. ഒടുവില്‍ കുഞ്ഞാമി അതൃമാന്‍ കുട്ടിയുടെ മുഖത്ത്‌ നോക്കി കര്‍ശനമായി പറഞ്ഞു: `ഇതാ... നിങ്ങള്‌ വെറുതെ എന്നെ ഈറ പിടിപ്പിക്കല്ലേ. എനിക്കിന്ന്‌ കുടുംബശ്രീയില്‍ പ്രസംഗിക്കാനുള്ളതാ. മൂഡു പോയാ ഒരക്ഷരം നാക്കിന്‍ തുമ്പത്ത്‌ വരില്ല'.
പ്രസംഗിക്കാനുള്ള മൂഡ്‌ നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞാമി. പക്ഷേ, അതിനിടെ അതൃമാന്‍ കുട്ടിയുടെ ജീവിതത്തിന്റെ തന്നെ മൂഡ്‌ നഷ്‌ടപ്പെട്ടു കഴിഞ്ഞിരുന്നു. വീടിന്റെ ബാല്‍ക്കണിയില്‍ പോയിരുന്ന്‌ അതൃമാന്‍ കുട്ടി കുഹൂ..കുഹൂ എന്ന്‌ പാടി വരുന്ന കുയിലുകളോട്‌ സംസാരിക്കാന്‍ തുടങ്ങി. ഇന്ദുലേഖയുടെ മടിയില്‍ തലവെച്ചു കിടക്കുന്ന മാധവന്റെ പ്രണയത്തെക്കുറിച്ചും ഉമ്മാച്ചുവിന്റെയും ബീരാന്റെയും സ്‌നേഹത്തെക്കുറിച്ചും പൂന്തോട്ടത്തില്‍ പണി ചെയ്യുന്ന സുഹ്‌റയെയും മജീദിനെയും കുറിച്ചെല്ലാം അതൃമാന്‍ കുട്ടി കുയിലിനോട്‌ സംസാരിച്ചു കൊണ്ടിരുന്നു. പോകെപ്പോകെ, ഇങ്ങിനെ ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടിരിക്കുന്നത്‌ അതൃമാന്റെ ശീലമായി. കുഞ്ഞാമി പിന്നെ ആലോചിച്ചില്ല. നാട്ടിലെ പ്രശസ്‌തനായ മനോരോഗ വിദഗ്‌ദനെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു വന്നു അവള്‍.
കഴിഞ്ഞ ലക്കം ആരാമത്തില്‍ എന്‍.പി ഹാഫിസ്‌ മുഹമ്മദ്‌, നസ്‌റുള്ള വാഴക്കാട്‌ എന്നീ രണ്ട്‌ പുരുഷന്‍മാര്‍ എഴുതിയ ലേഖനങ്ങള്‍ (വീട്ടുജോലിയും നാട്ടുജോലിയും, പെണ്‍ പ്രതിഭകള്‍ എങ്ങോട്ട്‌ പോകുന്നു) വായിച്ചപ്പോഴാണ്‌ സുഹറയുടെ കഥകള്‍ ഓര്‍ത്തു പോയത്‌. പഠിച്ചിട്ടും, കഴിവുണ്ടായിട്ടും വീട്ടില്‍ `ഒതുങ്ങി'പ്പോവുന്ന പെണ്‍കുട്ടികളെക്കുറിച്ചാണ്‌ രണ്ട്‌ ലേഖനങ്ങളും പൊതുവെ ഉത്‌കണ്‌ഠപ്പെടുന്നത്‌. സ്‌ത്രീകള്‍ വീട്ടിലിരിക്കുന്നത്‌, അവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്‌ എന്തോ അപരാധമെന്ന മട്ടിലാണ്‌ ലേഖകര്‍ കാണുന്നത്‌. പഠിപ്പും വിദ്യാഭ്യാസവുമുള്ള സ്‌ത്രീകള്‍ വീട്ടുകാര്യങ്ങളില്‍ പരിമിതപ്പെട്ടു പോകുന്നത്‌ വലിയ അബദ്ധമായി വിശേഷിപ്പിക്ക്‌പ്പെടുന്നു.
വീട്ടിലെ ജോലികളും ഉത്തരവാദിത്തങ്ങളും മോശവും പൊതുതൊഴില്‍ മഹത്തരവുമെന്ന അന്ധവിശ്വാസത്തിലാണ്‌ ഈ ആശയം പടുത്തുയര്‍ത്തിയിരിക്കുന്നത്‌. ഒരു സ്‌ത്രീ കുടുംബത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തി, കുട്ടികളെ പരിചരിച്ച്‌, അവരെ സമയമെടുത്ത്‌ ശ്രദ്ധിച്ച്‌, പരിപാലിച്ച്‌ വളര്‍ത്തുന്നതും ഭര്‍ത്താവിനും വീട്ടിലെ മറ്റുള്ളവര്‍ക്കും ആവശ്യമായ സേവനങ്ങള്‍ ചെയ്യുന്നതും `ഒതുങ്ങലാ'വുകയും തനിക്ക്‌ കേട്ടുകേള്‍വി പോലുമില്ലാത്ത മേലുദ്യോഗസ്ഥന്റെ ആജ്ഞകള്‍ അനുസരിച്ച്‌ പകല്‍ മുഴുവന്‍ തൊഴിലെടുക്കുന്നത്‌ പുരോഗമനമാവുകയും ചെയ്യുന്നത്‌ എങ്ങിനെയാണെന്ന്‌ മനസ്സിലാവുന്നില്ല. ആദ്യത്തെത്‌ മോശമാണെങ്കില്‍ രണ്ടാമത്തെത്‌ അതിലും മോശമാണ്‌. കുട്ടികളെ വളര്‍ത്തുന്നതും പത്തിരി ചുടുന്നതും വീട്‌ വെടിപ്പില്‍ കൊണ്ടു നടക്കുന്നതുമെല്ലാം ഉപകാരമില്ലാത്ത, അനാവശ്യ കാര്യങ്ങളാണെന്ന്‌ ഇവര്‍ ധരിക്കുന്നുണ്ടോ? അതല്ല, വീട്ടിലെ കുട്ടികളുടെ പരിചരണം ആയയെയും പ്രായമായ മാതാപിതാക്കളുടെ ശുശ്രൂഷ ഹോം നഴ്‌സുമാരെയും വൃദ്ധസദന നടത്തിപ്പുകാരെയും ഏല്‍പിക്കുന്നതാണ്‌ ഗുണകരമെന്ന്‌ പറയുകയാണോ ഈ സൈദ്ധാന്തികര്‍?
സ്‌ത്രീയുടെ പൊതുപ്രവേശം, പൊതുതൊഴില്‍ എന്നൊക്കെയുള്ള സങ്കീര്‍ണ്ണമായ പ്രശ്‌നത്തെ ഫെമിനിസത്തിന്റെ ലളിത സൂത്രം കൊണ്ട്‌ നമുക്ക്‌ പരിഹരിക്കാനാവില്ല. ധാരാളം വിദ്യാഭ്യാസം നേടിയ മുസ്‌ലിം സ്‌ത്രീകള്‍ വീട്ടില്‍ `ഒതുങ്ങി'പ്പോവുന്നുവെന്നതാണ്‌ പുതിയ പരിഭവത്തിന്റെ അടിസ്ഥാനം. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത്‌ തൊഴിലെടുക്കാന്‍ വേണ്ടി മാത്രമാണെന്നാണോ? കുട്ടികളെ വളര്‍ത്തുകയും ഭര്‍ത്താവിനെ സഹായിക്കുകയും ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ വിദ്യാഭ്യാസം ആവശ്യമില്ലെന്നാണോ ഇവര്‍ പറയുന്നത്‌? വിദ്യാഭ്യാസമുള്ള സ്‌ത്രീകള്‍ വീട്ടിലെ ഉത്തരവാദിത്തമേല്‍ക്കുമ്പോഴാണ്‌ കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയാവുക. കുട്ടികളുടെ പഠനത്തില്‍ അവര്‍ക്ക്‌ ഏറെ ശ്രദ്ധിക്കാനും അവരെ സഹായിക്കാനും കഴിയും. സ്‌കൂള്‍ അധികൃതരുമായി ഇടപെടാനും കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിലും ഇടപെടാനും കഴിയുക വിദ്യാഭ്യാസമുള്ള, നേരമൊഴിഞ്ഞു കിട്ടുന്ന ഉമ്മമാര്‍ക്കാണ്‌. എങ്ങു നിന്നോ വരുന്ന ട്യൂഷന്‍ മാസ്റ്ററെ വീട്ടിനകത്ത്‌ കയറ്റിയിരുത്താതെ ഉമ്മാക്ക്‌ തന്നെ നല്ലൊരു ട്യൂട്ടറാകാന്‍ കഴിയും. ഉദ്യോഗത്തിലോ ബിസിനസിലോ ഉള്ള ഭര്‍ത്താവിനെ അയാളുടെ പ്രഫഷന്റെ കാര്യത്തില്‍ സഹായിക്കാന്‍ കഴിയുക വിദ്യാഭ്യാസമുള്ള ഭാര്യക്കാണ്‌. അതിനാല്‍ വിദ്യാഭ്യാസം നേടിയവര്‍ വീട്ടിലൊതുങ്ങിപ്പോവുന്നതിനെ നമ്മള്‍ അത്രകണ്ട്‌ ഭയക്കേണ്ടതില്ല. പുരോഗമനത്തിന്റെ പേരിലാണ്‌ നാട്ടുജോലിക്ക്‌ സ്‌ത്രീകളെ പറഞ്ഞയക്കുന്നത്‌. പക്ഷേ, സത്യത്തില്‍ ഇത്‌ സ്‌ത്രീകള്‍ക്ക്‌ ഇരട്ടി ഭാരം സമ്മാനിക്കുകയാണെന്നതാണ്‌ യാഥാര്‍ഥ്യം. വീട്ടുകാര്യങ്ങള്‍ നിര്‍വഹിക്കുന്നതൊടൊപ്പം തൊഴിലിന്റെ ടെന്‍ഷനുകളും ഭാരങ്ങളും അവര്‍ പേറേണ്ടി വരുന്നു. ഫലത്തില്‍ അവര്‍ രണ്ടിലും പരാജയപ്പെടുന്നു. പുറത്തെ തൊഴിലില്‍ പരാജയപ്പെട്ടാല്‍ നമുക്ക്‌ അത്‌ വലിയ പ്രശ്‌നമായെന്ന്‌ വരില്ല. എന്നാല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ നാം പരാജയപ്പെടുമ്പോള്‍ ഒരു തലമുറയാണ്‌ നശിക്കുന്നത്‌, നമ്മെത്തന്നെയാണ്‌ നാം നശിപ്പിക്കുന്നത്‌ എന്ന്‌ മനസ്സിലാക്കണം. മറ്റാര്‍ക്കും ചെയ്‌തു തരാന്‍ കഴിയാത്ത അതിമഹത്തായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സ്‌ത്രീകളെ അവമതിക്കുന്ന തരത്തിലുള്ള, അവരെ രണ്ടാം കിടക്കാരായി കാണുന്ന മട്ടിലുള്ള നിരീക്ഷണങ്ങള്‍ ശരിയല്ല. മുസ്‌ലിം സമൂഹത്തില്‍ താരതമ്യേന കുടുംബ ഘടന ഭദ്രമായി നിലനില്‍ക്കാന്‍ കാരണം, പഠിപ്പുണ്ടായിട്ടും പണിക്കു പോകാത്ത സ്‌ത്രീകള്‍ ആ സമൂഹത്തില്‍ ധാരാളമുണ്ട്‌ എന്നത്‌ തന്നെയാണ്‌.
സ്‌ത്രീകളെ വീട്ടില്‍ `ഒതുക്കാതെ' നാട്ടില്‍ പറഞ്ഞുവിടുന്നവരില്‍ മുമ്പന്മാരായിരുന്നു കമ്യൂണിസ്റ്റുകള്‍. സോവിയറ്റ്‌ യൂനിയനില്‍ യാതൊരു വിവേചനവുമില്ലാതെ സ്‌ത്രീകളും പുരുഷന്മാരും പൊതുരംഗത്ത്‌ സജീവമായി. ഒടുവില്‍ അതിന്റെ കെടുതികള്‍ ആ മഹാരാജ്യം അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സോവിയറ്റ്‌ പ്രസിഡന്റായ മിഖായേല്‍ ഗോര്‍ബച്ചേവ്‌ എഴുതിയത്‌ നാം വായിക്കുന്നത്‌ നന്നാവും: ``ഞങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും-കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങളിലും സംസ്‌കാരത്തിലും ഉല്‍പാദനത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും-ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണന്ന്‌ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്‌ത്രീയെ പുരുഷന്‌ തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്‌ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ്‌ ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്‌ത്രോയിക്കയുടെ പ്രക്രിയയില്‍ ഈ കുറവ്‌ ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീകളെന്ന നിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക്‌ മടങ്ങാന്‍ സാധ്യമാക്കുന്നതിന്‌ എന്തു ചെയ്യണമെന്ന പ്രശ്‌നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത്‌ അതിനാലാണ്‌'- (ഗോര്‍ബച്ചേവ്‌ എഴുതിയ `പെരിസ്‌ത്രോയ്‌ക്ക' എന്ന പുസ്‌തകത്തില്‍ നിന്ന്‌, പ്രസാധനം, പ്രഭാത്‌ ബുക്ക്‌ ഹൗസ്‌) ആണവായുധങ്ങള്‍ പോലും കൈവശമുള്ള ലോക വന്‍ശക്തിയായ ഒരു രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയായി തിരിച്ചറിഞ്ഞത്‌ കുടുംബത്തിന്റെ തകര്‍ച്ചയായിരുന്നുവെന്നത്‌ നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. പക്ഷേ ഗോര്‍ബച്ചേവ്‌ ഉദ്ദേശിച്ച രീതിയില്‍ രാജ്യത്തെ പുനസംഘടിപ്പിക്കുന്നതിന്‌ മുന്നോടിയായി ആ രാജ്യം തന്നെയങ്ങ്‌ തകര്‍ന്നു പോയി. സോവിയറ്റ്‌ യൂനിയന്‍ പൊടിപൊടിയായപ്പോള്‍ ബാക്കിയായ രാജ്യങ്ങളില്‍ ഏറ്റവും പ്രബലമാണ്‌ റഷ്യ. ആ റഷ്യയില്‍ കഴിഞ്ഞ ജൂണ്‍ 29, 30 തിയ്യതികളില്‍ ഒരു ഉച്ചകോടി നടന്നിരുന്നു-ജനസംഖ്യാ ഉച്ചകോടി. ജനസംഖ്യ എങ്ങിനെ കുറക്കാം എന്നതിനെക്കുറിച്ചല്ല, എങ്ങിനെ കൂട്ടാം എന്നതിനെക്കുറിച്ചാണ്‌ ആ ഉച്ചകോടി ചര്‍ച്ച ചെയ്‌തത്‌. വിദ്യാഭ്യാസമുള്ള പെണ്ണുങ്ങളെല്ലാം വീട്ടില്‍ `ഒതുങ്ങാതെ' ജോലിക്ക്‌ പോയ ആ സമൂഹത്തില്‍ പ്രസവിക്കാനും കുട്ടികളെ പോറ്റാനും ആളെ കിട്ടാതായി. ആ രാജ്യം ഇന്ന്‌ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുട്ടികളുടെ കമ്മിയാണ്‌. പ്രസവത്തെക്കാള്‍ കൂടുതല്‍ ഗര്‍ഭഛിദ്രം നടക്കുന്ന ലോകത്തെ അപൂര്‍വം രാജ്യങ്ങളിലൊന്നാണ്‌ ഇന്ന്‌ റഷ്യ. ഒരു വര്‍ഷം നാല്‌ മില്യന്‍ ഗര്‍ഭഛിദ്രം നടക്കുമ്പോള്‍ 1.7 മില്യന്‍ പ്രസവങ്ങള്‍ മാത്രമാണ്‌ അവിടെ നടക്കുന്നത്‌. അതിനാല്‍ പ്രസവിക്കുന്ന മുഴുവന്‍ സ്‌ത്രീകള്‍ക്കും-ദരിദ്ര, ധനിക വ്യത്യാസമില്ലാതെ-വമ്പിച്ച ആനുകൂല്യങ്ങളാണ്‌ റഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്നത്‌.
സ്‌ത്രീകള്‍ തൊഴിലിന്‌ പോകരുതെന്ന്‌ പറയുകയല്ല. താല്‍പര്യമുള്ളവര്‍ തൊഴിലിന്‌ പോകുന്നത്‌ തന്നെയാണ്‌ നല്ലത്‌. പക്ഷേ, സ്‌ത്രീകള്‍ക്ക്‌ അവരുടെ കുടുംബ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച്‌ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല നമ്മുടെ നാട്ടിലുള്ളത്‌. അവളുടെ പ്രകൃതത്തെ പരിഗണിക്കുന്നതല്ല നമ്മുടെ നാട്ടിലെ തൊഴില്‍ സാഹചര്യം. അത്തരം സാഹചര്യം സൃഷ്‌ടിക്കാനാണ്‌ യഥാര്‍ഥ വനിതാ വിമോചകര്‍ ശ്രമിക്കേണ്ടത്‌.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top