പ്രതീക്ഷയോടെ, പ്രതിരോധിച്ചുകൊണ്ട് മുന്നോട്ട്

അഫീദ അഹ്മദ് /  തസ്‌നി എ.എം.എസ് No image

ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന അധ്യക്ഷയായി വീണ്ടുംതെരഞ്ഞെടുക്കപ്പെട്ട അഫീദ അഹ്മദ് സംഘടനയുടെ വരുംകാല പ്രവര്‍ത്തന നിലപാടുകള്‍ വിശദീകരിക്കുന്നു.

ജി.ഐ.ഒ പുതിയൊരു പ്രവര്‍ത്തന കാലയളവിലേക്ക് കടന്നല്ലോ, പുതിയ നയപരിപാടികളിലെ പ്രധാന ഊന്നലുകള്‍  എന്തൊക്കെയാണ്?

വിശാലമായൊരു പ്രവര്‍ത്തന മണ്ഡലമാണ് ഗേള്‍സ്  ഇസ്‌ലാമിക് ഓര്‍ഗനൈസേഷനുള്ളത്. അത് കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളുടെ സംസ്‌കരണത്തിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുമില്ല. മറ്റു വിഷയങ്ങളെപോലെ തന്നെ അക്കാദമിക കലാ സാഹിത്യ മേഖലകള്‍ക്കും പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിക്കുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഉള്ളതിനേക്കാള്‍ കുറച്ച് കൂടി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രാദേശിക സംഘാടനവും സംഘടനാ വ്യാപനവും പ്രധാന ഊന്നലുകളാണ്.    

 

ഹാദിയയുടെ വിഷയത്തില്‍ ജി.ഐ.ഒ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. അതേ സമയത്ത് ഘര്‍വാപ്പസി പീഡന കേന്ദ്രങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരികയുണ്ടായി. എന്താണ് നിലവിലെ അവസ്ഥ?

ഹാദിയയുമായി ബന്ധപ്പെട്ട വിഷയത്തിലെ ജി.ഐ.ഒ ഇടപെടല്‍ അതിന്റെ സാമൂഹികവും രാഷ്ട്രീയപരവുമായ നിലപാടിനെ കൂടിയാണ് പ്രഖ്യാപിച്ചത്. ഇത്തരം വിഷയങ്ങളില്‍ ഇനിയും ഇടപെടാന്‍ തന്നെയാണ് തീരുമാനം. ഘര്‍വാപ്പസി പീഡന കേന്ദ്രങ്ങളെ കുറിച്ച് ഭീതിജനകമായ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. നമ്മുടെ മതേതരത്വത്തിന്റെ ചില കപട മുഖങ്ങളെ അത് ഒരിക്കല്‍ കൂടി അനാവൃതമാക്കുകയായിരുന്നു. എന്നാല്‍ നിയമ നടപടികള്‍ എങ്ങുമെത്താത്ത അവസ്ഥയാണ്. എത്ര വൈകിയാണ് അധികാരികള്‍  ഇതില്‍ ഇടപെട്ടതെന്നു നമ്മള്‍ കണ്ടതാണ്. ഇപ്പോഴും അതേക്കുറിച്ചൊന്നു മിണ്ടാന്‍ പോലും കഴിയാത്ത ഭരണകൂടമാണ് നമുക്ക് മുന്നില്‍. സോളിഡാരിറ്റി ആണ് ഘര്‍വാപ്പസി പീഡന കേന്ദ്രങ്ങളുടെ സത്യാവസ്ഥ ജനസമക്ഷത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഹാദിയ വിഷയത്തില്‍ ജി.ഐ.ഒ നേരിട്ട് തന്നെ ഇടപെടുകയായിരുന്നെങ്കില്‍ ഇവിടെ നമ്മള്‍ സോളിഡാരിറ്റിക്ക് ഒപ്പം നില്‍ക്കുകയാണ്. 

 

സ്ത്രീ ശാക്തീകരണവും നവോത്ഥാനവുമായി ചേര്‍ത്തു വെച്ച് വനിതാ മതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ജി.ഐ.ഒ വനിതാ മതിലിനൊപ്പമില്ല എന്ന് പ്രസ്താവനയിറക്കിയിരുന്നല്ലോ. നിലപാട്?   

നവോത്ഥാന മതില്‍ പോലുള്ളവയുടെ രാഷ്ട്രീയം എല്ലാവര്‍ക്കുമറിയാവുന്നതാണ്. നിങ്ങള്‍ തന്നെ ആലോചിച്ചുനോക്കൂ, ഇപ്പോള്‍ നമ്മള്‍ പറഞ്ഞുവെച്ച ഘര്‍വാപസി കേന്ദ്രങ്ങള്‍, അവിടങ്ങളില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകളാണ്. ഹാദിയയുടെ കാര്യത്തില്‍ സംഘ്പരിവാറിന് ഒത്താശ ചെയ്തവര്‍, മനുഷ്യത്വപരമായ പരിഗണന പോലും നല്‍കിയില്ല. മുസ്ലിം പെണ്ണിനെ ഇര സ്ഥാനത്തു നിര്‍ത്താനാണ് എല്ലാവര്‍ക്കും താല്‍പര്യം. അവള്‍ക്കുള്ളില്‍ നടക്കുന്ന സ്വയം കണ്ടെത്തലുകളോ ശാക്തീകരണമോ വൈജ്ഞാനികമായ വളര്‍ച്ചയോ ഒന്നും അംഗീകരിക്കാന്‍ ആര്‍ക്കും  കഴിയുന്നില്ല. നവോത്ഥാനത്തിന്റെ ഒരു കള്ളി കോളങ്ങളിലും അവളെ അറിഞ്ഞോ അറിയാതെയോ ആരും എണ്ണില്ല. നാലുകെട്ടുകള്‍ക്കുള്ളില്‍ മാത്രം നടക്കുന്ന ഈ നവോത്ഥാന മതിലുകള്‍ കാപട്യമാണ്. 

 

മുസ്ലിം സ്ത്രീയെ ഇരവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രവണത കൂടിവരുന്നതായി തോന്നുന്നുണ്ടോ?


മുസ്ലിം ആയതുകൊണ്ടും സ്ത്രീ ആയതുകൊണ്ടും രണ്ട് തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കാണ് അവള്‍ ഇരയാകുന്നത്. എല്ലാ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് ഇസ്‌ലാമിനുള്ളില്‍ സ്ത്രീ അസ്വതന്ത്രയാണെന്ന സന്ദേശമാണ്. വിശ്വാസ പ്രമാണങ്ങളാലും വസ്ത്രധാരണം, മുത്ത്വലാഖ് തുടങ്ങിയവയൊക്കെ കൊണ്ടും മുസ്ലിം സ്ത്രീ വീര്‍പ്പുമുട്ടുന്നതായി അവതരിപ്പിക്കപ്പെടുന്നു. മറ്റ് ലിബറല്‍ വ്യവഹാരങ്ങളെ എല്ലാം ശരിയായി അംഗീകരിക്കുകയും അത് മാത്രമാണ് ശരി എന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് ഇതൊക്കെയും പ്രശ്‌നവത്കരിക്കപ്പെടുന്നത്. 

 

മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണ വിവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചില പ്രത്യേക കേസുകളില്‍ അനുകൂല വിധിക്കപ്പുറം ഹിജാബുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ഒരു അവസാനവുമില്ലെന്നാണോ?

ഈ പ്രവര്‍ത്തന കാലയളവില്‍ ഹിജാബുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും പഠിക്കാനും അനുകൂല വിധിക്കായി  കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിന്റെ നടപടികളും തുടങ്ങി ക്കഴിഞ്ഞു. ഒരു ജനാധിപത്യ രാജ്യം അതിന്റെ പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. മാറേണ്ടത് നിയമ സംവിധാനങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ മനോഭാവം കൂടിയാണ്. ഹിജാബ് ധരിക്കുന്നവര്‍ക്കില്ലാത്ത ബേജാര്‍ കാണുന്നവര്‍ക്കാണ്. ശരീരം മറയ്ക്കുന്നത് അടിച്ചമര്‍ത്തലും അസ്വാതന്ത്ര്യവുമാണെന്ന ചിന്താധാരകള്‍ സ്ത്രീ ശാക്തീകരണത്തിന്റെ മുഖംമൂടിയണിഞ്ഞ് ഒരു വിശ്വാസത്തെ തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. 

 

സര്‍ഗാത്മകമായ പ്രതിരോധങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങള്‍ ഏറെയാണ്. ക്രിയാത്മകവും കലാപരവുമായ ആവിഷ്‌കാരങ്ങളുടെ പ്രാധാന്യത്തെ എങ്ങനെ മനസ്സിലാക്കുന്നു? 

കലാ സാഹിത്യ ആവിഷ്‌കാരങ്ങള്‍ക്ക്  സമൂഹത്തില്‍ ഒട്ടേറെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നാടകോത്സവങ്ങളും ചിത്രപ്രദര്‍ശനങ്ങളും കാലിഗ്രഫി ശില്‍പശാലകളും ഒക്കെ ജി.ഐ.ഒ വളരെ മുന്നേ തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ പാരായണ മത്സരമായ തര്‍ത്തീല്‍ തീര്‍ത്ത വിപ്ലവം ചെറുതല്ല. ഏറ്റവും ഒടുവില്‍ ഇസ്‌ലാമിക് കാമ്പസിലെ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച കലോത്സവം 'പര്‍വാസും' ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതെല്ലാം തന്നെ കാലിക പ്രസക്തിയുള്ളവയാണ്.  

 

അക്കാദമിക മേഖലയിലെ പെണ്‍കുട്ടികളുടെ, പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ള മുസ്ലിം പെണ്‍കുട്ടികളുടെ കടന്നുവരവിനെ എങ്ങനെ നോക്കിക്കാണുന്നു?

കേന്ദ്ര സര്‍വകലാശാലകളിലും വിദേശ സര്‍വകലാശാലകളിലുമൊക്കെ വര്‍ധിച്ചുവരുന്ന മുസ്ലിം പെണ്‍കുട്ടികളുടെ സാന്നിധ്യം പ്രതീക്ഷ നല്‍കുന്നുണ്ട്. ഒരു വശത്ത് അടിച്ചമര്‍ത്തപ്പെടുന്നുവെന്ന ആക്ഷേപം ഉയരുമ്പോള്‍ മറുഭാഗത്ത് ഇത്തരം മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നത് വിസ്മരിക്കാന്‍ പാടില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാലകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ഒരു കൂട്ടായ്മ തന്നെ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. വൈജ്ഞാനിക മേഖലയിലെ ഉണര്‍വിന് അത് സഹായകമാകും. 

 

കാമ്പസുകളിലെ ജി.ഐ.ഒ പ്രാതിനിധ്യം ഇടക്കിടെ ചര്‍ച്ചക്ക് വിഷയമാകാറുണ്ടല്ലോ. ജി.ഐ.ഒ കാമ്പസ് പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്താണ്?

ജി.ഐ.ഒയുടെ കാമ്പസ് നയം വളരെ വ്യക്തമാണ്. ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന, വേണമെങ്കില്‍ ജനാധിപത്യത്തിന്റെ ഒരു നെടുംതൂണായി തന്നെ വിശേഷിപ്പിക്കാവുന്ന കാമ്പസുകളില്‍നിന്ന് ജി.ഐ.ഒക്ക് മറിനില്‍ക്കാന്‍ കഴിയി്ല്ല. കാമ്പസുകളില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനമുണ്ടായിരിക്കും. ഇടങ്ങളെയും അവസരങ്ങളെയും പ്രയോജനപ്പെടുത്തി പഠന കൂട്ടായ്മകള്‍ സംഘടിപ്പിക്കും. അനുയോജ്യമായ വിഷയങ്ങളില്‍ ഇടപെടും. 'സൗന്ദര്യമുള്ള ജീവിതത്തിന് വിശ്വാസത്തിന്റെ കരുത്ത്' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒയുമായി ചേര്‍ന്ന്  കഴിഞ്ഞ ഡിസംബറില്‍ സംഘടിപ്പിച്ച കാമ്പസ് കോണ്‍ഫറന്‍സ് വലിയൊരു മുന്നേറ്റമായിരുന്നു. 

 

സമകാലിക ദേശീയ സാഹചര്യത്തെ എങ്ങനെയാണു വിലയിരുത്തുന്നത്? ജി.ഐ.ഒക്ക് ആശങ്കകളുണ്ടോ?

രാജ്യത്ത് മുസ്ലിമായി ജീവിക്കുക എന്നത് ശ്രമകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ശരിക്കും പേടിക്കേണ്ട ഒരു സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. എല്ലാറ്റിനോടും അസഹിഷ്ണുത നിറഞ്ഞ വര്‍ഗീയ മുതലെടുപ്പുകള്‍ നടക്കുന്ന സമയം. പേടി ജനിപ്പിക്കാന്‍ തന്നെയാണ് ഫാഷിസം ശ്രമിക്കുന്നത്. എന്നാല്‍ ഇവിടെ നമ്മള്‍ പേടിക്കുകയല്ല, മറിച്ച് പ്രതീക്ഷയോടെ ആശയ-ആവിഷ്‌കാരങ്ങളെ മുന്‍നിര്‍ത്തി  പ്രതിരോധിച്ചുകൊണ്ട് മുന്നോട്ടു പോകണം. നജീബിന്റെയും സകരിയ്യയുടെയും രോഹിത് വെമുലയുടെയും മാതാക്കള്‍ നമുക്ക് പ്രതീക്ഷകള്‍ തന്നെയാണ്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top