നാവുകൊണ്ട് നാശം വിതക്കുന്നവര്‍

നജ്ദ നസീം No image

'വാളു കൊണ്ടുള്ള മുറിവ് ഉണങ്ങും, നാവു കൊണ്ടുള്ള മുറിവ് ഉണങ്ങില്ല' എന്ന അറബി വാമൊഴി പ്രസിദ്ധമാണ്. നാശഹേതുവായിത്തീരാവുന്ന നമ്മുടെ ഒരു അവയവത്തെക്കുറിച്ച  മുന്നറിയിപ്പാണിത്. നമുക്ക് ചുറ്റും, ഒരുപക്ഷേ നമ്മുടെ ജീവിതത്തില്‍ തന്നെയും ഇതിനെ സാധൂകരിക്കുന്ന അനുഭവങ്ങള്‍ പലതുണ്ട്. നാവുകൊണ്ട് മുറിവേറ്റ മനസ്സുകള്‍, തകര്‍ന്ന ബന്ധങ്ങള്‍, ക്ഷതപ്പെട്ട അഭിമാനം, നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ ഒട്ടേറെയാണ്. അവയുടെ കണക്കെടുപ്പ്, സ്വയം വിചാരണ നാവിന്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ നമ്മെ സഹായിക്കും.
നാവ് രൂപംകൊണ്ട് ചെറിയൊരു അവയവമാണ്. എല്ല് ഇല്ലാത്ത, കുഴഞ്ഞ് കിടക്കുന്ന, ചുറ്റും ബലമുള്ള പല്ലുകള്‍ കൊണ്ട് ഭിത്തി കെട്ടി, വായക്കകത്ത് സംരക്ഷിക്കപ്പെടുന്ന ഒരു മാംസക്കഷ്ണം. എന്നു വെച്ച്, നിസ്സാരക്കാരനല്ല നാവ്. ഏറ്റവും പ്രയോജനമുള്ളതും അത്യന്തം അപകടകാരിയും; ഇങ്ങനെ രണ്ട് വിരുദ്ധ വശങ്ങളുള്ള പ്രധാന അവയവമാണത്. 
മുഖം മനസ്സിന്റെ കണ്ണാടിയാണെങ്കില്‍ നാവ് മനസ്സിന്റെ പ്രഖ്യാപനമാണ്. യഹ്‌യ ബ്‌നു മുആദിന്റെ വാക്കുകള്‍ക്ക് മൂല്യമേറെയുണ്ട്; 'മനസ്സ് അടുപ്പില്‍ വെച്ച പാത്രം പോലെയാണ്. അതിങ്ങനെ തിളച്ച് മറിഞ്ഞു കൊണ്ടിരിക്കും. അതിന്റെ തവിയാണ്  (കോരി ) നാവ്. ഒരാള്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക, അയാളുടെ മനസ്സിലുള്ളതാണ് നാവ് നിനക്ക് കോരി വിളമ്പിത്തരുന്നത്, അത് മധുരമാകാം, പുളിയാകാം, രുചികരമാകാം, ഓരുള്ളതാകാം. മനസ്സിന്റെ രുചിയാണ് നാവ് പകര്‍ന്ന് തരുന്നത്'. കൊടികള്‍ പാര്‍ട്ടികളുടെയും രാഷ്ട്രങ്ങളുടെയും മറ്റും അടയാളങ്ങളൊണെങ്കില്‍, ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളക്കുറിയാണ് നാവും അത് പുറത്ത് വിടുന്ന വാക്കുകളും. അതായത്, നാം നല്ല മനുഷ്യരാണോ എന്ന് തീരുമാനിക്കുന്നതില്‍ നമ്മുടെ നാവിന്, സംസാരത്തിന് നിര്‍ണായക സ്ഥാനമാണുള്ളതെന്നര്‍ഥം. അബൂസഈദുല്‍ ഖുദ്‌രി നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു വചനമിങ്ങനെ; 'ഓരോ പ്രഭാതത്തിലും മനുഷ്യ ശരീരത്തിലെ അവയവങ്ങളെല്ലാം നാവിന് കീഴ്‌പ്പെട്ട് കൊണ്ട് ഇങ്ങനെ പറയും; ഞങ്ങളുടെ കാര്യത്തില്‍ നീ ദൈവത്തെ സൂക്ഷിക്കുക. കാരണം, നിന്നിലൂടെയാണ് ഞങ്ങളുണ്ടാക്കുന്നത്. നീ നേര്‍വഴിയിലായാല്‍ ഞങ്ങളും നേരെയാകും നീ വളഞ്ഞ് പോയാല്‍ ഞങ്ങള്‍ക്കും വക്രത വരും' (തിര്‍മിദി).
നാവ് നല്ല രീതിയില്‍ ഉപയോഗിക്കുന്നവര്‍ നല്ല സംസാരത്തിന്റെ ഉടമകളായിരിക്കും. അവര്‍ നാവുകൊണ്ട് ഹ്യദയത്തിലേക്ക് പാലം പണിയും. അവരുടെ നല്ല വാക്ക് അമൃതായി, ഔഷധമായി അനുഭവപ്പെടും.  നല്ല സംസാരം മനുഷ്യരെ നമ്മിലേക്ക് ചേര്‍ത്തു നിര്‍ത്തും. നന്മയാഗ്രഹിക്കുന്നവര്‍ അതുവഴി നമ്മിലേക്ക് ആകര്‍ഷിക്കപ്പെടും, അവര്‍ നമുക്ക് ചുറ്റും കൂടും. ചിലരെ വീണ്ടും വീണ്ടും കാണാന്‍ നാമാഗ്രഹിക്കുന്നു. അതവരുടെ സംസാരത്തിന്റെ വശ്യതയും പെരുമാറ്റത്തിന്റെ ഹൃദ്യതയും കാരണമാണ്. 'സംസാരത്തില്‍ ഒരു മാസ്മരികതയുണ്ടെ'ന്ന് മുഹമ്മദ് നബി പറഞ്ഞതു കാണാം. അസ്വസ്ഥമനസ്സുകളിലേക്ക് നല്ല സംസാരം കുളിര്‍മഴയായി പെയ്തിറങ്ങും. മനസ്സ് വേദനിച്ചിരിക്കുമ്പോള്‍, പ്രയാസങ്ങളും സങ്കടങ്ങളും വേട്ടയാടുമ്പോള്‍ അത്തരം ആളുകളോട് സംസാരിക്കാന്‍ നിര്‍ദേശിക്കുന്നതും ആഗ്രഹിക്കുന്നതുമൊക്കെ അതുകൊണ്ടാണ്. പ്രഗത്ഭനായ ഡോക്ടര്‍ നിര്‍ദേശിച്ച വില കൂടിയ മരുന്നിനേക്കാള്‍,  ഡോക്ടറുടെയും മറ്റുള്ളവരുടെയും ആശ്വാസവാക്കുകള്‍ പലരുടെയും മനസ്സ് കുളിര്‍പ്പിക്കാറുണ്ട്.
നാവ് നന്നാവുന്നത് ജീവിതം മൊത്തം നന്നായിത്തീരുന്നതിന്റെ നിമിത്തവും അടയാളവുമാണ്. നല്ല കര്‍മങ്ങളുടെ മുന്നോടിയായി, ഭക്തിയോട് ചേര്‍ത്ത് ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നത് നല്ല സംസാരമാണ്. 'സത്യവിശ്വാസികളേ നിങ്ങള്‍ ധര്‍മബോധമുള്ളവരാവുക, നല്ല സംസാരത്തില്‍ ഏര്‍പ്പെടുക. അത് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തീര്‍ക്കും, നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരും. ദൈവത്തെയും ദൂതനെയും അനുസരിക്കുന്നവരാണ് തീര്‍ച്ചയായും മഹത്തായ വിജയം വരിച്ചവര്‍' (അല്‍ അഹ്‌സാബ് 70,71). ഒരാളുടെ ധാര്‍മികവിശുദ്ധി (തഖ്‌വ), ഇഹലോക വിജയം, മരണാനന്തര മോക്ഷം എന്നിവ നാവിന്റെ നന്മയുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് ഈ ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. നബി (സ) പറഞ്ഞു: 'അല്ലാഹുവിന് തൃപ്തിവരുംവിധം വാക്കുകള്‍ ഉപയോഗിക്കുന്നവന്റെ ജീവിതം, അതിലെ കാര്യങ്ങളെല്ലാം അവന്‍ ഉയര്‍ത്തിക്കൊടുക്കും. അല്ലാഹുവിന് വെറുപ്പുണ്ടാകുംവിധം വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ അവന്റെ ചെയ്തികള്‍ വഴി നരകാഗ്നിയില്‍ എത്തിപ്പെടും' (ബുഖാരി, മുസ്‌ലിം).
സുകൃതങ്ങളും സദ്‌വചനങ്ങളും തമ്മിലുള്ള ബന്ധത്തെ ഖുര്‍ആന്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രതാപവാനായ അല്ലാഹുവിലേക്ക് പരസ്പര പൂരകങ്ങളായിട്ടാണ്, ഒന്ന് മറ്റൊന്നിന്റെ അകമ്പടിയോടെയാണ് ഇവ രണ്ടും ഉയര്‍ന്നു പോകുന്നത്. 'അല്ലാഹുവിലേക്ക് കയറിപ്പോകുന്നത് സദ്‌വചനം മാത്രമാകുന്നു. സല്‍ക്കര്‍മം അതിനെ മേലോട്ടുയര്‍ത്തുന്നു' (ഖുര്‍ആന്‍ 35:10 ). ആദര്‍ശ, വിശ്വാസത്തിന്റെ വിശുദ്ധി ഉദ്‌ഘോഷിക്കുന്ന സദ്‌വചനമാണ് ഇതിലെ സൂചകങ്ങളിലൊന്ന്. മനുഷ്യരുടെ സംസാരത്തിലെ വിശുദ്ധിയാണ് സദ്‌വചനത്തിന്റെ  വിശാലമായ അര്‍ഥങ്ങളില്‍ നമ്മുടെ ജീവിതത്തോട് ഒട്ടിനില്‍ക്കുന്നത്. ചീത്ത വാക്കുകളും മോശം വര്‍ത്തമാനങ്ങളും നമ്മെ അല്ലാഹുവിലേക്ക് എത്തിക്കുകയില്ല, സല്‍ക്കര്‍മങ്ങള്‍ അവക്ക് അകമ്പടി പോരുകയുമില്ല. പ്രതാപത്തെക്കുറിച്ച് മുന്നിലും ദുഷ്ടത്തരത്തെയും ശിക്ഷയെയും കുറിച്ച് പിന്നിലും ചേര്‍ത്തുകൊണ്ടാണ് സദ്‌വചനത്തെക്കുറിച്ച് ഇവിടെ പ്രതിപാദിച്ചത്; 'പ്രതാപം കാംക്ഷിക്കുന്നവര്‍ പ്രതാപമഖിലം അല്ലാഹുവിനുള്ളതാണെന്ന്  അറിഞ്ഞിരിക്കട്ടെ.... ദുഷ്ടമായ കുതന്ത്രങ്ങള്‍ അനുവര്‍ത്തിക്കുന്നവര്‍ക്കായി ഘോരമായ ശിക്ഷയുണ്ട്' (അതേ സൂക്തം).
ചിലര്‍ക്ക് നാവ് മൂര്‍ച്ചയുള്ള ഒരായുധമാണ്. കൂരമ്പ് പോലെ അവരത് മറ്റുള്ളവരുടെ മനസ്സിലേക്ക് എയ്തു വിടും. മുള്ള് മരം പോലെ അത് പലരുടെയും ഹ്യദയത്തിലും അഭിമാനത്തിലും കൊളുത്തി വലിക്കും. പൊക്ലയ്ന്‍ യന്ത്രമോ, ബോംബോ പോലെ അത് പലതും തകര്‍ത്ത് തരിപ്പണമാക്കും. ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടും. മുന കൂര്‍പ്പിച്ച വാക്കുകള്‍ ഉപയോഗിക്കും ചിലര്‍. സ്വകാര്യസംസാരത്തിലോ, അതിലേറെ ആള്‍ക്കൂട്ടത്തിനിടയിലോ. കേള്‍ക്കുന്ന പലര്‍ക്കും അസാധാരണത്വം അധികമൊന്നും തോന്നാത്ത വര്‍ത്തമാനമായിരിക്കാം. പക്ഷേ, വിഷം പുരട്ടിയ അമ്പു പോലെ ഭത്സനവും പരിഹാസവും കുറ്റപ്പെടുത്തലും കുത്തിനോവിക്കലുമൊക്കെ അതിനു പിന്നില്‍ കൃത്യമായി ഒളിപ്പിച്ചുവെച്ചിരിക്കും. ഇത്തരം വാക്കുകള്‍ എയ്തുവിടുന്നവര്‍ ക്രൂരമായ ഒരു തരം ആനന്ദം അതില്‍നിന്ന് കണ്ടെത്തുന്നുണ്ടാകും. പക്ഷേ, ആ വാക്കുകള്‍ കൊണ്ട് മുറിവേറ്റവന്റെ മനസ്സില്‍നിന്ന് പൊടിയുന്ന ചോരയുണ്ട്, നാളുകളിലേക്ക് നീളുന്ന ഉറക്കിലും ഉണര്‍ച്ചയിലും അനുഭവിക്കേണ്ടിവരുന്ന ഒരു നീറ്റലുണ്ട്, അസഹ്യമാണത്. വ്യക്തിയുടെ മനസ്സ്, ബന്ധങ്ങള്‍, ഭൂമിയിലെ ജീവിതം തന്നെ കലങ്ങിപ്പോകുന്നതാണ് നാവ് വരുത്തുന്ന നാശങ്ങളില്‍ ഒന്നാമത്തേത്. ആഇശാ ബീവിയെ നബി കടുത്ത രീതിയില്‍ ശാസിച്ചില്ലേ ഒരിക്കല്‍! ഏതോ ഒരാളെക്കുറിച്ച വര്‍ത്തമാനത്തിനിടയില്‍ ആഇശ ബീവി നബിയുടെ മുമ്പില്‍ സ്വഫിയ്യയെക്കുറിച്ച് മോശപ്പെട്ട ഒരു പദം ഉപയോഗിച്ചു പോയി. ഉടന്‍ വന്നു നബിയുടെ തിരുത്ത്, കര്‍ക്കശമായ ഭാഷയില്‍; 'വല്ലാത്തൊരു വാക്കാണല്ലോ നീ ഉപയോഗിച്ചത്, അതെങ്ങാനും കടലില്‍ ഇട്ടിരുന്നെങ്കില്‍ അത് കലങ്ങിപ്പോകുമായിരുന്നു' (തിര്‍മിദി, അബൂദാവൂദ്). 
കെട്ട മനസ്സില്‍ നിറഞ്ഞ അസൂയ, പക, വിദ്വേഷം, വ്യക്തിവൈരാഗ്യം, തെറ്റിദ്ധാരണ, ഊഹാപോഹങ്ങള്‍ തുടങ്ങിയ മലിന വികാരങ്ങളുടെ ബഹിര്‍സ്ഫുരണമായിരിക്കും പൊതുവെ ദുഷിച്ച സംസാരങ്ങള്‍. ശരീരത്തിനകത്ത് വയറിനോ മറ്റോ ബാധിച്ച ചില രോഗങ്ങളുടെ ലക്ഷണങ്ങളാണ് നാവിലെ വെളുത്ത കുമിളകളും മുറിവുകളുമായി പ്രത്യക്ഷപ്പെടാറുള്ളത്. അതുപോലെ, മനസ്സിനെ ബാധിച്ച രോഗങ്ങളാണ് നാവിലെ ദുഷിച്ച വാക്കുകളായി പുറത്തുവരിക. അപ്പോള്‍, നല്ല സംസാരം ആഗ്രഹിക്കുന്നവര്‍ നല്ല മനസ്സിന്റ ഉടമകളാകാന്‍ ശ്രമിക്കണം. നമ്മുടെ മനസ്സ് മലിനമാണെങ്കില്‍ അതിന്റെ ദുരിതം നമ്മെത്തന്നെയാണ് കൂടുതല്‍ ബാധിക്കുക; നന്മുടെ വീടും പരിസരവും മാലിന്യം നിറഞ്ഞാല്‍ രോഗികളാകുന്നത് നാം തന്നെയെന്ന പോലെ. മനസ്സില്‍ മാലിന്യം നിറച്ച് നടക്കുമ്പോള്‍ നമ്മുടെ ജീവിതം ഭാരമുള്ളതായിത്തീരും, അസ്വസ്ഥതകള്‍ നമ്മെ വിട്ടുമാറാതെ പിടികൂടും, സമൂഹത്തിലാരോടെങ്കിലുമൊക്കെ എന്നും ഉടക്കിക്കൊണ്ടിരിക്കും. ഇത് നമുക്കുണ്ടാക്കുന്ന നഷ്ടങ്ങള്‍ നാം പോലുമറിയാത്തത്ര വലുതായിരിക്കും. ജീവിതകാലം മുഴുവന്‍ ചെയ്തു കൂട്ടിയ ആരാധനകള്‍, നമ്മുടെ നാവിനാല്‍ ക്രൂശിക്കപ്പെട്ടവന് പകരം നല്‍കി, അവന്റെ കടം വീട്ടുന്ന അവസ്ഥയെക്കുറിച്ച് നബി (സ) പറഞ്ഞിട്ടുണ്ട്. നാം പറഞ്ഞു പോയ തെറ്റായ വാക്കുകള്‍ക്ക് ഹജ്ജ്് യാത്രാവേളയില്‍ നേരിട്ടും, മരണാനന്തരം ബന്ധുക്കള്‍ വഴിയും മാപ്പ് ചോദിക്കാനുണ്ട്, പൊരുത്തപ്പെട്ട് തരണമെന്ന് അപേക്ഷിക്കാറുണ്ട്. എങ്കിലേ നമ്മുടെ കര്‍മങ്ങള്‍ സ്വീകാര്യമാകൂ. ചിലരോട് നമുക്ക് പൊരുത്തപ്പെടുവിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ മറ്റു ചിലര്‍ മനസ്സിലേറ്റ മുറിവിന്റെ ആഴം കാരണം പൊരുത്തപ്പെട്ട് തരാന്‍ തയാറായില്ലെങ്കിലോ, എത്ര വലിയ നാശമായിരിക്കുമത്. ചീത്ത സംസാരത്തിന്റെ കടം വീട്ടി ആരാധനകള്‍ നഷ്ടപ്പെടുത്തുകയെന്നതാണ് നാവിന്റെ നാശങ്ങളില്‍ രണ്ടാമത്തേത്. അതുകൊണ്ടാകണം നബി ഇങ്ങനെ പഠിപ്പിച്ചത്; 'നാളെ മാപ്പ് ചോദിക്കേണ്ടി വരുന്ന ഒരു വാക്കും ആരോടും പറയാതിരിക്കുക.' ഇബ്‌നു അബ്ബാസ് തന്റെ നാവ് പിടിച്ചുവെക്കും, എന്നിട്ടിങ്ങനെ ശാസിക്കും; 'നാവേ നിനക്ക് നാശം. നല്ല വാക്ക് പറയുക, നിനക്ക് ഐശ്വര്യവാനാകാം. അല്ലെങ്കില്‍ മിണ്ടാതിരിക്കുക, നിനക്ക് ആപത്തില്‍നിന്ന് രക്ഷപ്പെടാം. ഇല്ലെങ്കില്‍, ഓര്‍ത്തോളൂ നിനക്ക് ദുഃഖിക്കേണ്ടി വരും.' ഇതു കേട്ട് ഒരാള്‍ ചോദിച്ചു; 'എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?' ഒരാള്‍ക്ക് വിചാരണാ നാളില്‍ തന്റെ ശരീരത്തില്‍ നാവിനോളം ദേഷ്യവും വെറുപ്പുമുണ്ടാകുന്ന മറ്റൊരു അവയവവുമുണ്ടാകില്ല. നന്മ പറഞ്ഞ നാവൊഴികെ. നാവിനോളം നീണ്ട തടവറ ആവശ്യമുള്ള മറ്റൊന്നുമില്ലെന്ന് അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞതു കാണാം. 
അല്ലെങ്കിലും, വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് നാമെന്താണ് നേടുന്നത്? ക്രൂരമായ ആനന്ദമോ? അത് പിശാചിന്റെ ചിരിയല്ലേ. ആ നിഗൂഢമായ ചിരിക്കപ്പുറം അത്തരക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും തീരെ കുറവായിരിക്കും. മറ്റുള്ളവരെ ഏതെങ്കിലുമര്‍ഥത്തില്‍ ഉപദ്രവിക്കുന്നവര്‍ക്ക് ജീവിതത്തിന്റെ നന്മ നഷ്ടപ്പെട്ടു പോകുന്നതിന്റെ ഭാഗമാണത്. പിന്നെ, മുറിവേല്‍പ്പിച്ചവനെതിരെ ദൈവത്തിന്റെ കോടതിയില്‍ ആ വേദനകളും  ചോരത്തുള്ളികളും സാക്ഷിയാവുകയും ചെയ്യും. അതു കൊണ്ട്, 'മുആദ്,  നിര്‍ത്തൂ. നിന്റെ നാവിനെ നിയന്ത്രിക്കൂ. നാവുകള്‍ കൊയ്‌തെടുക്കുന്നതിന്റെ ഫലമായാണ് മനുഷ്യര്‍ നരകത്തില്‍ മുഖം കുത്തി വീഴുന്നത്.' മുആദുബ്‌നു ജബലിനോട് താക്കീതിന്റെ സ്വരത്തില്‍ നബി ഇത് പറഞ്ഞത്, നാവ് കാരണം മരണാനന്തര ജീവിതത്തില്‍  സംഭവിക്കാവുന്ന നിത്യനാശത്തില്‍നിന്ന് രക്ഷപ്പെടാനാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top