സത്യസന്ധതയുടെ പ്രവാചക മാതൃക

ജമാല്‍ മുഹമ്മദ് ഹുസൈന്‍ No image

സത്യമാകുന്ന പന്ഥാവിലൂടെയാണ് മഹത്തുക്കള്‍ ദേവപദം പ്രാപിക്കുന്നത്. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിച്ച് പരമസത്യത്തെ പ്രാപിക്കുന്നത്.
വ്യക്തി, കുടുംബം, സമൂഹം, രാജ്യം എന്ന ശ്രേണീബദ്ധമായ ഘടനയില്‍ നിലനില്‍ക്കുന്ന മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ സത്യത്തിന് ഇന്നുള്ള സ്ഥാനമെന്താണ്? അസത്യത്തെ സത്യമായും അധര്‍മത്തെ ധര്‍മമായും കാണുന്ന ഈ കാലഘട്ടത്തില്‍ നേരിന്ന് നേരിട്ട ആപത്തിന് നേര്‍സാക്ഷികളായാണ് നാം ജീവിക്കുന്നത്. സത്യാനന്തര കാലഘട്ടത്തിലാണ് നമ്മുടെ ജീവിതം. ഈ നൂറ്റാണ്ടില്‍ സാമൂഹിക വ്യവഹാരങ്ങളില്‍ പ്രചുരപ്രചാരം നേടിയ വാക്കാണ് സത്യാനന്തരം അഥവാ പോസ്റ്റ് ട്രൂത്ത്. വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ഥ്യത്തിനും മുകളില്‍ വിശ്വാസങ്ങള്‍ക്കും വികാരാവേശങ്ങള്‍ക്കും മേല്‍ക്കൈ ലഭിക്കുന്ന സന്ദര്‍ഭമാണ് ഓക്‌സ്‌ഫെഡ് നിഘണ്ടു നല്‍കിയ നിര്‍വചനമനുസരിച്ച് സത്യാനന്തരകാലഘട്ടം. പൊതുജീവിതത്തിലെ അഭിപ്രായ രൂപവല്‍ക്കരണത്തില്‍ വസ്തുതകള്‍ക്ക് വികാരങ്ങളേക്കാളും വിശ്വാസങ്ങളേക്കാളും കുറഞ്ഞ സ്വാധീനം മാത്രം ചെലുത്താന്‍ സാധിക്കുന്ന സ്ഥിതിവിശേഷം എന്ന് ഓക്‌സഫെഡ് നിഘണ്ടു 'പോസ്റ്റ് ട്രൂത്ത്' കാലഘട്ടത്തിന് അര്‍ഥം നല്‍കുന്നു. നവഫാഷിസത്തിന് ചുവടുറപ്പിക്കാന്‍ കഴിഞ്ഞ ഇന്നത്തെ ലോകസാഹചര്യം, സത്യം ഏതു വിധത്തില്‍ തമസ്‌കരിക്കപ്പെടുന്നു എന്നും അസത്യം ഏതു വിധം സ്വകാര്യമായിത്തീരുന്നു എന്നും നമുക്ക് വ്യക്തമായി കാണിച്ചുതരുന്നുണ്ട്.
സത്യം, നീതി, വിശ്വസ്തത, നേര്, നന്മ തുടങ്ങിയ വിശിഷ്ട സ്വഭാവങ്ങളുടെയും സംസ്‌കാരത്തിന്റെയും സംസ്ഥാപനത്തിന് നിയോഗിതനായ പ്രവാചകന്‍ മുഹമ്മദ്‌നബി(സ)യുടെ അധ്യാപനങ്ങള്‍ 'സത്യാനന്തര കാലഘട്ട'ത്തില്‍ ഏറെ പ്രസക്തമായിത്തീരുന്ന സാഹചര്യമാണ് ഇന്നുള്ളത്. വിശിഷ്ട മൂല്യങ്ങള്‍ അഥവാ 'ഹൈ മോറല്‍സ്' എന്ന് വിശേഷിപ്പിക്കാവുന്ന സനാതന സത്യങ്ങളുടെ ആവിഷ്‌കാരത്തിനാണ് തന്റെ നിയോഗമെന്ന് മുഹമ്മദ് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. 'വിശിഷ്ട സ്വഭാവങ്ങളുടെയും സംസ്‌കാരങ്ങളുടെയും സാക്ഷാല്‍ക്കാരമാണ് എന്റെ നിയോഗദൗത്യം' എന്ന് തന്റെ ജീവിതത്തെ പരിചയപ്പെടുത്തിയ പ്രവാചകന്‍, ദേശ-കാലാതിവര്‍ത്തിയായി നിലകൊള്ളേണ്ട മൂല്യങ്ങളെ അടയാളപ്പെടുത്തുകയായിരുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും അതിജീവനമന്ത്രമായി പ്രവാചകന്‍ നിര്‍ദേശിച്ചത് 'സത്യ'മാണ്. 'സ്വിദ്ഖ്' എന്ന് അറബിയില്‍ പറയാവുന്ന സത്യത്തിന് വിശാലമായ അര്‍ഥതലങ്ങളുണ്ടെന്ന് ഖുര്‍ആനും പ്രവാചക വചനങ്ങളും ജീവിത ചരിത്രവും വ്യക്തമാക്കുന്നു. സത്യാധിഷ്ഠിതമായ മൂല്യബോധം നഷ്ടമായ സമൂഹം നാശഗര്‍ത്തത്തില്‍ ആപതിക്കും എന്നതിന് ചരിത്രം സാക്ഷി.
സ്രഷ്ടാവായ ദൈവത്തോട് സത്യസന്ധമായ സമീപനം സ്വീകരിക്കുകയാണ് പരമപ്രധാനം. പ്രകടനവാഞ്ഛയോ പ്രശസ്തിമോഹമോ ഇല്ലാതെ ദൈവത്തെ അനുസരിച്ച് ജീവിക്കുകയും അവന്റെ തൃപ്തി ലക്ഷ്യമാക്കുകയും ചെയ്യുന്ന ആത്മാര്‍ഥവും സത്യസന്ധവുമായ ജീവിതമാണ് വിവക്ഷ.
മനുഷ്യന്‍ തന്നോട് പുലര്‍ത്തുന്ന സത്യസന്ധതയാണ് രണ്ടാമത്. മനഃസാക്ഷിയോട് നീതിപുലര്‍ത്തുന്ന വ്യക്തി ഓരോ നിമിഷവും സ്വയം തിരുത്തുകയും ശരിയായ പന്ഥാവിലൂടെ ചരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. സത്യത്തോട് പുലര്‍ത്തുന്ന പ്രതിബദ്ധത ഓരോ ജീവിതചലനത്തിലും ദൃശ്യമാവും.
സമസൃഷ്ടികളോട് പുലര്‍ത്തുന്ന സത്യസന്ധതയാണ് വ്യക്തിയിലും സമൂഹത്തിലും നന്മയുടെ നിഴലാട്ടമായി പ്രതിഫലിപ്പിക്കുന്നത്. പെരുമാറ്റത്തിലും സാമ്പത്തിക ഇടപാടുകളിലും ക്രയവിക്രയങ്ങളിലും വ്യാപാരത്തിലും എന്നു വേണ്ട ജീവിതത്തിന്റെ സര്‍വ മേഖലകളിലും സത്യസന്ധത പുലര്‍ത്തണമെന്ന നിര്‍ബന്ധമാണ് വ്യക്തിയെ വിശിഷ്ട മൂല്യങ്ങളുടെ ഉന്നത സോപാനത്തിലേക്ക് ഉയര്‍ത്തുന്നത്.
കളവ്, ചതി, വഞ്ചന തുടങ്ങിയ തമോഗുണങ്ങളില്‍നിന്ന് വ്യക്തിയെ രക്ഷിച്ച് ജീവിത വ്യാപാരങ്ങളില്‍ ശരിയായ ദിശ നിര്‍ണയിച്ചുനല്‍കുന്നു സത്യം എന്ന ഉന്നത സ്വഭാവം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്‌നേഹബന്ധം വളര്‍ന്നുവരികയും ചെയ്യുന്നു എന്നതാണ് ഈ സമീപനത്തിന്റെ സ്വാഭാവിക ഫലം. സ്വാസ്ഥ്യവും മനഃശാന്തിയും സമാധാനവും നല്‍കുന്നു എന്നതാണ് എടുത്തു പറയേണ്ട നേട്ടം. അസത്യവും കളവും ജീവിതത്തിലെ ഓരോ നിമിഷത്തെയും വേട്ടയാടുകയും ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്യും. പരിഭ്രാന്തിയുടെയും ഭയാശങ്കകളുടെയും മധ്യത്തില്‍ ഉരുകിത്തീരുന്നതിനേക്കാള്‍ അഭികാമ്യമല്ലേ സത്യത്തിന്റെ സുതാര്യതയില്‍ ജീവിക്കുന്നത്? അതാണ് നബി(സ) ഉപദേശിച്ചത്: ''സംശയമുളവാക്കുന്നത് വര്‍ജിക്കുക, സംശയരഹിതമായത് ജീവിത വ്രതമാക്കുക. സത്യം സമാധാനമാണ്, സ്വാസ്ഥ്യമാണ്, മനഃശാന്തിയാണ്. കളവാകട്ടെ നിത്യമായ ആശങ്കയും അശാന്തിയുമാണ്.''
സത്യസന്ധരുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന വിശ്വാസിയുടെ ദൈവവുമായുള്ള ബന്ധം ശക്തമായിരിക്കും. ദൈവത്തിന്റെ ഉറങ്ങാത്ത കണ്ണുകള്‍ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയുടെ വിചാരങ്ങളും കര്‍മങ്ങളും സത്യപൂര്‍ണമായിരിക്കും. വ്യാജത്തിനും നാട്യത്തിനും അസത്യത്തിനും അവിടെ ഇടമുണ്ടാവില്ല.

ജീവിതവിശുദ്ധി
സത്യസന്ധനായ വ്യക്തിയുടെ രഹസ്യജീവിതവും പരസ്യജീവിതവും സ്വഛസുന്ദരമായിരിക്കും. ദാമ്പത്യജീവിതത്തില്‍ ഇണകളുടെ സത്യസന്ധത കുടുംബത്തില്‍ പ്രതിഫലിക്കും. പരസ്പരം വഞ്ചിക്കാത്ത ദമ്പതികള്‍ സത്യസന്ധതക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. നവസാമൂഹിക മാധ്യമങ്ങളുടെ കടന്നുകയറ്റം സ്വകാര്യജീവിതത്തില്‍ പോലും യാഥാര്‍ഥ്യമായിക്കഴിഞ്ഞ ഈ കാലഘട്ടത്തില്‍ സ്ത്രീയും പുരുഷനും വീണുപോയേക്കാവുന്ന ചതിക്കുഴികള്‍ ഏറെയാണ്. ആരോരുമറിയാത്ത സ്വകാര്യലോകത്ത് പരസ്പരം വഞ്ചിക്കുന്ന ഇണകള്‍ പെരുകിവരുന്ന ഇക്കാലത്ത് സത്യസന്ധമായ ദാമ്പത്യജീവിതം ഇല്ലാതായിവരികയാണ്. കുടുംബ ഭദ്രത തകര്‍ന്നു തലമുറകള്‍ നശിക്കുന്ന പരിണതിയാണ് അതുണ്ടാക്കുന്നത്. സത്യത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന ദമ്പതികള്‍ക്ക് ഒളിച്ചുവെക്കാന്‍ ഒന്നുമുണ്ടാവില്ല. 
വ്യാജവും കളവും കൈമുതലായി ജീവിക്കുന്നവര്‍ ദ്വന്ദവ്യക്തിത്വമുള്ളവരാകും. അവര്‍ക്ക് മറച്ചുവെക്കാന്‍ പലതുമുണ്ട്. ഉള്ളില്‍ പേറുന്ന സത്യത്തിന്റെയും അസത്യത്തിന്റെയും ഘടകങ്ങള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ആന്തരസംഘര്‍ഷങ്ങള്‍ക്ക് ഇരയായി കഴിയേണ്ട വ്യക്തിയുടെ ജീവിതം എത്ര ദുരിതപൂര്‍ണമാണ്!
സത്യസന്ധത നേടിത്തരുന്ന ഐഹികവും പാരത്രികവുമായ നേട്ടങ്ങള്‍ വിശദീകരിച്ച് നബി(സ); ''സത്യം പുണ്യത്തിലേക്ക് നയിക്കുന്നു. പുണ്യം സ്വര്‍ഗത്തിലേക്ക് വഴികാട്ടുന്നു. വ്യക്തി, അല്ലാഹുവിന്റെ സന്നിധിയില്‍ 'സത്യസന്ധന്‍' എന്ന് രേഖപ്പെടുത്തും വരെ സത്യസന്ധതയോടു പ്രതിബദ്ധത പുലര്‍ത്തി ജീവിക്കും.'' 'കയ്പ്പുറ്റതാണെങ്കിലും സത്യം മാത്രം പറയുക' എന്ന് അനുശാസിക്കുന്ന പ്രവാചകന്‍ കുറ്റമറ്റ സ്വഭാവസൃഷ്ടി നടത്തുകയാണ്. ഒരാള്‍ നബിയോട് ചോദിച്ചു; 'പ്രവാചകരേ വിശ്വാസി ഭീരുവാകുമോ?' നബി പ്രതിവചിച്ചു: 'അതേ, വിശ്വാസി ഭീരുവായേക്കാം.' അടുത്ത ചോദ്യം: 'വിശ്വാസി ലുബ്ധനാകുമോ?' നബി(സ)യുടെ മറുപടി: 'അതേ വിശ്വാസി ലുബ്ധനായേക്കാം.' വീണ്ടും ചോദ്യം: 'വിശ്വാസി കളവു പറയുന്നവനും വ്യാജവാദിയും ആകുമോ?' നബി(സ): 'ഒരിക്കലും ഒരു വിശ്വാസി കള്ളനാവില്ല.' വിശ്വാസത്തിന്റെ നിരാകരണമാണ് അസത്യവും വ്യാജവും. 'വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, സത്യസന്ധരോടൊപ്പം നിലകൊള്ളുകയും ചെയ്യുക' എന്ന ദൈവിക നിര്‍ദേശം ഉത്തമ വ്യക്തിയുടെയും ഉത്തമ സമൂഹത്തിന്റെയും സൃഷ്ടി ലക്ഷ്യമാക്കിയാണ്. ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച പ്രവാചകന് മക്കാ സമൂഹം നല്‍കിയ സാക്ഷ്യപത്രമാണ് 'സത്യസന്ധനും വിശ്വസ്തനും' എന്ന പട്ടം. ഏതു ഘട്ടത്തിലും സത്യത്തോട് നീതിപുലര്‍ത്താനുള്ള പ്രവാചകന്റെ നിര്‍ബന്ധം പ്രതിയോഗികളുടെ ഹൃദയത്തിലും ആദരം വളര്‍ത്തി. അനുയായികളില്‍ സത്യസന്ധതയുടെ വിശിഷ്ട ഗുണം വളര്‍ത്താന്‍ പ്രവാചകന്‍ പ്രത്യേക നിഷ്ഠ പുലര്‍ത്തി. ''നാലു കാര്യങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ഐഹികജീവിതത്തില്‍ നഷ്ടമായതൊന്നും പ്രശ്‌നമാക്കേണ്ട. വിശ്വാസ്യത, സംസാരത്തിലെ സത്യസന്ധത, സദ്‌സ്വഭാവം, ജീവിത വിശുദ്ധി.'' അല്ലാഹു പ്രവാചകനെ പഠിപ്പിച്ച പ്രാര്‍ഥന സത്യസന്ധ നിലപാടിന് അടിവരയിടുന്നു: ''നബിയേ, പ്രാര്‍ഥിക്കുക; രക്ഷിതാവേ, സത്യസന്ധതയുടെ പ്രവേശന കവാടങ്ങളില്‍ നീ എന്നെ പ്രവേശിപ്പിക്കേണമേ, സത്യത്തിന്റെ ബഹിര്‍ഗമന മാര്‍ഗത്തിലൂടെ നീയെന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ, നിന്റെ പക്കല്‍നിന്ന് എനിക്ക് പിന്തുണയേകുന്ന ഒരു അധികാരശക്തി നീ ഏര്‍പ്പെടുത്തുകയും ചെയ്യേണമേ'' (ഇസ്രാഅ്: 80). പ്രവാചകന്മാരുടെ ജീവിതം വിശദമായി പ്രതിപാദിച്ച ഖുര്‍ആന്‍ സൂക്തഭാഗങ്ങള്‍ സമാപിക്കുന്നത് ഇങ്ങനെ: ''നമ്മുടെ കാരുണ്യത്തില്‍നിന്ന് നാം അവര്‍ക്ക് കനിഞ്ഞേകുകയും അവര്‍ക്ക് നാം സത്യസന്ധതയുടെ ഖ്യാതി ഉണ്ടാക്കുകയും ചെയ്തു'' (മര്‍യം 50).
ആദര്‍ശപരമായ സത്യസന്ധത പുലര്‍ത്തി ജീവിച്ചവരെ ശ്ലാഘിച്ച് ഖുര്‍ആന്‍: ''വിശ്വാസികളുടെ ഗണത്തില്‍ ചില പുരുഷ കേസരികളുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവിനോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ രക്തസാക്ഷിത്വത്തിലൂടെ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ അത് കാത്തിരിക്കുന്നു. അവര്‍ തങ്ങളുടെ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല'' (അഹ്‌സാബ്: 23)
സത്യസന്ധമായ ജീവിതത്തിലൂടെ മുന്നേറി പരലോകത്തെത്തുമ്പോള്‍ ലഭിക്കുന്ന സമുന്നത സ്ഥാനത്തെക്കുറിച്ച ഖുര്‍ആനിന്റെ പ്രതിപാദനം ഇങ്ങനെ: ''തീര്‍ച്ചയായും ധര്‍മനിഷ്ഠ പുലര്‍ത്തിയവര്‍ ഉദ്യാനങ്ങൡലും അരുവികളിലുമായിരിക്കും, സത്യത്തിന്റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്റെ സന്നിധാനത്തില്‍'' (അല്‍ഖമര്‍: 54,55).
സത്യസന്ധതക്ക് സമുന്നത സ്ഥാനം നല്‍കിയ ദൈവികാധ്യാപനങ്ങളില്‍നിന്ന് എത്രയകലെയാണ് സമകാലിക ജീവിതം എന്ന് അനുഭവങ്ങള്‍ വിളിച്ചുപറയുന്നു. സമൂഹത്തെയും രാഷ്ട്രത്തെയും നശിപ്പിക്കുന്നു സത്യത്തിനു നിരക്കാത്ത സമീപനങ്ങള്‍. 'സത്യമേവ ജയതേ' ആത്മാവില്ലാത്ത അക്ഷരങ്ങളായി ചരമമടയുന്നതും ഇവിടെത്തന്നെ. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top