കടവ്

ഹിബാനൂന്‍, ഫറോക്ക് No image

കടവുറോഡില്‍ ബസിറങ്ങി വേഗത്തില്‍ നടന്നു. മരണവീട്ടില്‍ ഒന്നുകയറി വേഗം തന്നെ ഇറങ്ങണം. ബന്ധുവീടുകള്‍ കുറേയുണ്ടെങ്കിലും കയറാന്‍ സമയമില്ല. നേരം ഇരുട്ടാകാറാകുന്നു. വാവിച്ചിയുടെ അടുത്ത സുഹൃത്ത് ആണ് മരിച്ചത്. കൂടെ വരാന്‍ ആളില്ലാഞ്ഞിട്ടും ഒറ്റക്കുതന്നെ പോന്നത് അതുകൊണ്ടാണ്. വളരെകാലത്തിനുശേഷമാണ് ഇതുവഴി വരുന്നത്, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്റെ സ്ഥിരം വഴിയായിരുന്നു. ഓരോ പുല്‍ക്കൊടിയും മണ്‍തരിയും പോലും തന്റെ പരിചയക്കാരായിരുന്നു. ഇപ്പോള്‍ ഇവിടം അപരിചിതമായി തോന്നുന്നു. പരിചയമുള്ള ഒരൊറ്റ മുഖവും ഇല്ല. നടത്തത്തിനു വേഗത കൂട്ടി.
റോഡിനിരുവശവുമുള്ള ഓല വീടുകളെല്ലാം ഭംഗിയുള്ള ഇരുനില വീടുകളായിരിക്കുന്നു. റോഡിന്റെ വലതുവശത്ത് ഏതാണ്ട് ഒരു മൂന്നേക്കറോളം വരുന്ന സ്ഥലത്ത് ചാലിയത്തെരുവ് ആണ്. അവിടെനിന്ന് എപ്പോഴും ടക്, ടക് എന്ന ശബ്ദം കേള്‍ക്കുമായിരുന്നു. ഇപ്പോഴാ ശബ്ദം കേള്‍ക്കുന്നില്ല. അവരുടെ തുണി നെയ്ത്തു സാമഗ്രികളുടെ ശബ്ദമായിരുന്നു അത്. അവര്‍ മറ്റെന്തോ നല്ല ജോലിയില്‍ ആയിരിക്കും. അവിടെ തനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. തങ്ക എന്നായിരുന്നു അവളുടെ പേര്. അവളുടെ പുരകെട്ടിന് തന്നെയും അവള്‍ ക്ഷണിക്കുമായിരുന്നു. നല്ല എരിവുള്ള മീന്‍കറിയും കൂട്ടി ചക്ക പുഴുക്കും ചോറും തിന്നാം എന്ന് പറഞ്ഞ് നിര്‍ബന്ധിക്കുമായിരുന്നു. അവള്‍ ഇപ്പോള്‍ എവിടെയായിരിക്കും?
റോഡിന്റെ ഇടതുവശത്ത് താന്‍ പഠിച്ച സ്‌കൂള്‍ കെട്ടിടം അടഞ്ഞുകിടക്കുന്നു. അതിലേക്കു നോക്കി നിന്നപ്പോള്‍ അന്നത്തെ അധ്യാപകരെയും സഹപാഠികളെയും ഓര്‍മ വന്നു. ബാല്യകാലം തിരിച്ചു വന്നെങ്കില്‍ എന്നാശിച്ചുപോയി. നടത്തത്തിനു വേഗത കൂട്ടി. ചാലിയത്തെരുവിന്റെ തൊട്ടപ്പുറത്ത് മൂസയുടെ വീടാണ്. എപ്പോഴും പിറുപിറുത്തുകൊണ്ട് ചെറുകല്ലുകള്‍ പെറുക്കി കൈയില്‍ പിടിച്ച് മുകളിലേക്ക് നോക്കി മതിലില്‍ ഇരിക്കാറുണ്ടായിരുന്നു മൂസ. മതില്‍ കാലിയാക്കി മൂസ മറഞ്ഞു പോയിരിക്കുന്നു. കുട്ടികള്‍ ഭ്രാന്തന്‍ മൂസേ എന്നുവിളിച്ചുകൊണ്ട് കല്ലെടുത്തെറിഞ്ഞാലും അക്ഷോഭ്യനായിക്കൊണ്ട് ഒരേ ഇരിപ്പ് എത്ര നേരമെങ്കിലും ഇരിക്കുമായിരുന്നു പാവം മൂസ.
നടന്ന് നടന്ന് മദ്‌റസയുടെ അടുത്തെത്തിയതറിഞ്ഞില്ല. മദ്‌റസയിലേക്ക് നോക്കി നിന്നപ്പോള്‍ സന്തോഷമോ സങ്കടമോ എന്തൊക്കെയോ തോന്നി. മദ്‌റസയുടെ തൊട്ടപ്പുറത്തുകൂടി ഒഴുകുന്ന തോട്ടിലേക്കു നോക്കി കുറേ സമയം നിന്നു. എത്ര പ്രാവശ്യം ഈ തോട്ടിലിറങ്ങി വെള്ളത്തില്‍ കളിച്ചിട്ടുണ്ട്. ചെറു മീനുകളായ കണ്ണാന്‍പോത്തിനെയും തോടനെയും പിടിക്കാന്‍ നോക്കിയിട്ടുണ്ട്. ഉടുത്ത പാവാടയുടെ ഒരുഭാഗം വെള്ളത്തിലാക്കി മീനിനെ പിടിക്കാന്‍ നോക്കും. വെള്ളമൊലിക്കുന്ന പാവാടയോടെയാണ് സ്‌കൂളില്‍ പോകാറുണ്ടായിരുന്നത്. തോടിന്റെ മറുകരയിലെ പള്ളിപ്പടര്‍പ്പിലെ കാളപൂക്കള്‍ പറിച്ച് കൈയിലിട്ട് മെല്ലെ തിരുമ്മി നെറ്റിയില്‍ കുത്തി 'ടിന്‍' എന്ന് പൊട്ടിക്കുമായിരുന്നു. അങ്ങ് തോടിന്റെ കര കെട്ടിയിരുന്ന കല്ലുകള്‍ ഇടിഞ്ഞ് ഒരു പടവുപോലെ രൂപപ്പെട്ടു കിടക്കുന്നുണ്ടാവും. ഇറങ്ങാന്‍ നല്ല സുഖമായിരുന്നു.
വേഗത്തില്‍ നടന്നു. ഖാദര്‍ക്കയുടെ ചായപ്പീടിക എത്താറായി. മദ്‌റസയില്‍ പുതുതായി കുട്ടികളെ ചേര്‍ക്കുമ്പോള്‍ അവരുടെ വക ചായയുണ്ടാകും. അത് ഖാദര്‍ക്കയുടെ കടയില്‍നിന്നായിരുന്നു കൊണ്ടുവന്നിരുന്നത്. അതിപ്പോള്‍ മറ്റേതോ കടയാണ്. ഖാദര്‍ക്ക സ്ഥലം വിട്ടിരിക്കുന്നു. ഖാദര്‍ക്കയുടെ കടയുടെ പിന്നിലാണ് ഖബ്‌റിസ്താനും പള്ളിയും. ചെറുപ്പത്തില്‍ ഞാന്‍ ഭയത്തോടെയും ജിജ്ഞാസയോടെയും ബഹുമാനത്തോടെയും മാത്രം നോക്കിയിരുന്ന പള്ളിയും ഖബ്‌റിസ്ഥാനും. വയറ്റില്‍ ഒരു കാളല്‍ അനുഭവപ്പെട്ടു. ഒരു നിമിഷം തരിച്ചു നിന്നുപോയി. പടച്ചവനേ, തന്റെ ആരെല്ലാമാണിവിടെ അന്ത്യനിദ്ര കൊള്ളുന്നത്. ഉമ്മാമ, ഉപ്പാപ്പ, മൂത്താപ്പമാര്‍, വാവിച്ചി, കൊല്ലംതോറും സുഗന്ധങ്ങളും വര്‍ണങ്ങളും നിറച്ച പെട്ടികളുമായി ഗള്‍ഫില്‍നിന്നും വരാറുണ്ടായിരുന്ന വാവിച്ചി. വാവിച്ചിയെ ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ സജലങ്ങളായി.
പള്ളിക്കാട്ടിനരികെ കൂടിയുള്ള ഒറ്റയടിപ്പാത വീതികൂട്ടി ടാറിട്ടിരിക്കുന്നു. അതിലൂടെ കുറച്ചു മുന്നോട്ട് നടന്ന് വെറുതെ അവിടെനിന്നു. ചെറുപ്പത്തില്‍ തന്നെ വല്ലാതെ ആകര്‍ഷിച്ച ഒരിടമായിരുന്നു ഇവിടം. ഈ പള്ളിക്കുളവും കാടും എത്ര നോക്കി നിന്നാലും മതിയാവില്ലായിരുന്നു. കുളത്തിലിറങ്ങി വുദൂ ചെയ്ത് പള്ളിയില്‍ കയറാന്‍ തോന്നുമായിരുന്നു. പള്ളിക്കകത്ത് എന്തൊക്കെയാണ് ഉള്ളതെന്നറിയാന്‍ ജിജ്ഞാസയായിരുന്നു. പെണ്ണായിപ്പോയില്ലേ, ആണാണെങ്കില്‍ കയറാമല്ലോ എന്നോര്‍ത്ത് ഖേദിച്ചിട്ടുണ്ട്. ഉമ്മച്ചി പറഞ്ഞുകേട്ടിട്ടുണ്ട്, നീ ആണായിരുന്നെങ്കില്‍ നിനക്കിടാന്‍ കണ്ട പേര് മാമുക്കോയ എന്നായിരുന്നെന്ന്. ഓര്‍ത്തപ്പോള്‍ ചിരിവന്നുപോയി. കള്ളിച്ചെടിയും അരിപ്പുകാടും പാണല്‍ ചെടികളും നിറഞ്ഞ് കാടുപിടിച്ചുകിടക്കുന്നു. ഒരു കാറ്റ് വന്ന് കാട്ടുചെടികളെയും വള്ളികളെയും ഇളക്കി കടന്നുപോയി. സന്ധ്യയോടടുത്ത സമയവും ഏകാന്തതയും എല്ലാം കൂടെ എന്തോ ഒരു ഭയാനകത. പേടി തോന്നി. അവിടെനിന്നും തിരിഞ്ഞു റോഡിലേക്ക് കയറി നടത്തം തുടര്‍ന്നു. മുമ്പോട്ട് അല്‍പ്പം നടന്നാല്‍ കാണാറുണ്ടായിരുന്ന കാഴ്ചയായിരുന്നു കൈയില്‍ ഭാണ്ഡക്കെട്ടും തലയില്‍ തൊപ്പിക്കുടയും വെച്ച്  നടക്കാറുണ്ടായിരുന്ന മമ്മതിനെ. അവനിരിക്കാറുണ്ടായിരുന്ന പീടികക്കോലായ ഒഴിഞ്ഞുകിടക്കുന്നു. ഗ്രാമത്തിലെ വീടുകള്‍തോറും 'നാല്‍പതുകുളി' ഉണ്ടോ എന്നന്വേഷിച്ചു നടക്കുമായിരുന്നു. ബിരിഞ്ചിയും ഇറച്ചിക്കറിയും ഉണ്ടാവും നാല്‍പതുകുളി ഉള്ള വീടുകളില്‍. അത് കഴിക്കാനാണ് അവന്‍ അതന്വേഷിച്ച് നടക്കുന്നത്. ഏതോ കാരണത്താല്‍ അവന്‍ മനോരോഗി ആയതാവാം. അവനും മരണപ്പെട്ടു പോയിരിക്കുന്നു.
കടവെത്താറായി. ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. മരണവീട്ടിലേക്കു വന്ന വണ്ടികളായിരിക്കും. അങ്ങോട്ടു കയറാതെ നേരെ കടവിനടുത്തേക്കു നടന്നു. മുമ്പ് പുഴ അടുക്കുംതോറും വല്ലാത്തൊരു ദുര്‍ഗന്ധമായിരുന്നു. ഇപ്പോഴതില്ല. പുഴയില്‍ കരയോടു ചേര്‍ന്ന ഭാഗത്ത് വലിയ കുഴികളില്‍ പച്ച ചകിരി കല്ലില്‍ വെച്ച് ഉരുളന്‍ വടികൊണ്ട് അടിച്ചടിച്ച് തുപ്പാക്കും. കുറേ അടിക്കുമ്പോള്‍ ചകിരിയുടെ മേലെയുള്ള തൊലി പൊളിഞ്ഞ് നാരുകള്‍ വേറിടും. ഈ നാരുകള്‍ പുഴക്കരയിലിട്ടുണക്കി വലിയ കെട്ടുകളാക്കി വീടുകളില്‍ എത്തിക്കും. വീട്ടുകാര്‍ അത് പിരിച്ച് ചൂടിയാക്കി തിരികെയെത്തിക്കും. ഇങ്ങനെ ചകിരി തല്ലി തുപ്പാക്കാന്‍ ധാരാളം പാവപ്പെട്ട സ്ത്രീകള്‍ ജോലി ചെയ്തിരുന്നു. ചകിരി ഉണ്ടാക്കി കെട്ടാക്കി വീടുകളില്‍ എത്തിക്കാന്‍ പുരുഷ തൊഴിലാളികളും. തിരികെ എത്തിക്കുന്ന ചൂടി വലിയ വള്ളങ്ങളില്‍ കയറ്റി മുള കുത്തി തുഴഞ്ഞ് ദൂരെക്കെങ്ങോ കൊണ്ടുപോകുന്നത് കാണാമായിരുന്നു. അതൊക്കെ പഴയ കാഴ്ചകള്‍.
ചകിരി തല്ലുന്ന  സ്ത്രീകള്‍ പാവങ്ങളായിരുന്നു. അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും. ചെറ്റപ്പുരയില്‍ താമസിക്കുന്നവര്‍. ചകിരി തല്ലാന്‍ പുഴക്കരക്കു വരുമ്പോള്‍ അലൂമിനിയം പാത്രത്തില്‍ കൊണ്ടുവരുന്ന കഞ്ഞിയും പുഴുങ്ങിയ കിഴങ്ങോ ആയിരുന്നു അവരുടെ ഉച്ചഭക്ഷണം. പ്ലാവില ഈര്‍ക്കില്‍കുത്തി കയിലാക്കി അതുകൊണ്ടായിരുന്നു കഞ്ഞി കോരിക്കുടിക്കുക. അതുകഴിഞ്ഞ് മടിയില്‍നിന്ന് മുറുക്കാന്‍ പൊതിയെടുത്ത് നിവര്‍ത്തി വെറ്റിലയും അടക്കയും ചുണ്ണാമ്പും കൂട്ടി ചവയ്ക്കുന്നതു കാണാന്‍ നല്ല രസമായിരുന്നു. ആ മനുഷ്യരൊക്കെ എവിടെയോ മറഞ്ഞു. ഒന്നുകില്‍ മരണപ്പെട്ടിരിക്കാം. അല്ലെങ്കില്‍ പ്രായാധിക്യത്താല്‍ വീട്ടിലിരിപ്പായിരിക്കും. അന്ന് ബഹളവും ദുര്‍ഗന്ധവും ഒക്കെ ആയിരുന്ന പുഴക്കര ഇന്ന് നിശ്ശബ്ദമാണ്. ക്ലാസില്‍ ദുര്‍ഗന്ധമുണ്ടായാല്‍ സാര്‍ ആണ്‍കുട്ടികളെ നോക്കി ചോദിക്കുമായിരുന്നു, ആരാടാ ചകിരിക്കുഴി തുറന്നതെന്ന്. കുറച്ചുകൂടി മുമ്പോട്ട് നടന്ന് കടവിലെത്തിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. അക്കരെയുമായി ബന്ധിപ്പിക്കുന്ന പാലം നീണ്ടുകിടക്കുന്നു. മുമ്പ് ബസ് എത്തിയിട്ടില്ലാത്ത കാലത്ത് ഉമ്മയൊന്നിച്ച് എത്രയോ പ്രാവശ്യം ഈ കടവ് കടന്നിട്ടുണ്ട്. തോണിയില്‍ യാത്ര ചെയ്യുമ്പോള്‍ വിരല്‍ വെള്ളത്തില്‍ മുക്കി വെറുതെ രുചിച്ചു നോക്കുമായിരുന്നു. തോണി കരക്കടുക്കാറായാല്‍ ശ് ശ് ശ് എന്ന ശബ്ദമുണ്ടാവും. തോണിയുടെ അടി നിലത്തു തട്ടുന്ന ശബ്ദമാണത്. തോണിക്കാരന്‍ കോരന്റെ രൂപം ഇന്നും ഓര്‍മയിലുണ്ട്. നരച്ച കുറ്റിത്തലമുടിയുള്ള കോളറില്ലാത്ത വെള്ള അരക്കൈയന്‍ ഷര്‍ട്ടിടുന്ന കോരന്‍. കോരന്റെ കുഴിനഖമുള്ള മടമ്പിന് വിള്ളലുള്ള കാല്‍ സദാ ഉപ്പുവെള്ളം തട്ടി പൊതിര്‍ന്നിരിക്കും. അക്കരെക്ക് പോകാന്‍ വേണ്ടി തോണിയില്‍ കയറിയിരുന്ന് 'കോരാ പോക്വാ' എന്നു പറഞ്ഞാല്‍ 'ങ്ആ ഉമ്മറ്റിയാരേ' എന്നു പറയുന്ന കോരന്‍ മുമ്പില്‍ നില്‍ക്കുന്നപോലെ തോന്നി. പുഴക്കരയിലുണ്ടായിരുന്ന ചായപ്പീടിക ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു. മുമ്പവിടെ റെസ്‌ക്കും പപ്പടബിസ്‌ക്കറ്റും കാപ്പിയും മറ്റും ഉണ്ടാകുമായിരുന്നു. കടവുകടന്നെത്തുന്ന യാത്രക്കാര്‍ക്ക് അതൊരാശ്വാസമായിരുന്നു. നോക്കി നില്‍ക്കെ 'കാപ്പാട്, ചീക്കിലോട്' ബോര്‍ഡ്‌വെച്ച മിനിബസ് പാലത്തിലൂടെ ഓടിപ്പോയി. വടക്കുനിന്നു വരുന്ന ഒന്നു രണ്ട് ആംബുലന്‍സുകളും നിലവിളിയോടെ പാഞ്ഞുപോയി. നഗരത്തിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു.
നമ്മുടെ പ്രിയങ്കരനായ ഇന്നാട്ടുകാരന്‍ തന്നെയായ നമ്മുടെ മന്ത്രി ഈ പാലം ഉദ്ഘാടനം ചെയ്തത് പത്രത്തില്‍ വായിച്ചിരുന്നു. അന്നത്തെ ആ തൊഴിലാളികളും തോണിക്കാരനും എല്ലാം പോയ് മറഞ്ഞു. നിശ്ശബ്ദമായ ഈ തീരത്ത് വെള്ളത്തിലേക്കു നോക്കി നില്‍ക്കുന്ന ഒരു കൊക്ക് മാത്രമുണ്ട്. മനസ്സിന് എന്തോ ഒരു വിഷമം പിടികൂടി. ഉടനെ മനസ്സിനെ തിരുത്തി. എത്രമാത്രം സൗകര്യമായി, പാലം വന്നതുകൊണ്ട് എത്ര ദൂരം കുറഞ്ഞു. എന്നാലും കോരനും തോണിയും ഇല്ലാത്ത ഈ കടവ്....

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top