നെറ്റ് ടൂറിസം, നെറ്റ് ഷോപ്പിംഗ്

കെ.വൈ.എ No image

ഈയിടെ ന്യൂജെന്‍ ചെക്കന്‍ എന്നെ ഒരു ടൂറിന് ക്ഷണിച്ചു. ന്യൂജെന്‍ എന്നാല്‍ എല്ലാവര്‍ക്കും അറിയും. കൂര്‍പ്പിച്ച തലമുടി. സ്മാര്‍ട്ട് ഫോണ്‍. ശ്രദ്ധാപൂര്‍വം കീറിപ്പറിച്ച ജീന്‍സ്.
അവനെ ധോണി എന്നാണ് വിളിക്കാറ്. ധനഞ്ജയന്‍ എന്നോ മറ്റോ ആണ് പേര്. വിളിപ്പേര് ചുരുക്കിയതിന് കുറ്റം പറഞ്ഞുകൂടാ. വിളിക്കേണ്ടവരോട് കാണിച്ച കരുണയാണ് ആ പേരുമാറ്റം.
ടൂറിന് കാലത്തേ എത്തണമെന്ന് പറഞ്ഞിരുന്നു. ഒരു ദിവസം മുഴുവന്‍ വേണ്ടിവരുമത്രെ.
എട്ടു മണിക്ക് ഞാനെത്തുമ്പോള്‍ ധോണി റെഡിയാണ്. എന്റെ കൈയില്‍ സ്വെറ്ററടക്കം കുറേ ഡ്രസ്സുകള്‍ ഇട്ട എയര്‍ബാഗും ചെറിയൊരു ഹാന്‍ഡ് ബാഗുമുണ്ട്. ധോണിക്ക് ബാഗില്ല.
ബാഗിന്റെ ആവശ്യമില്ലത്രെ. കാശിന് കാര്‍ഡുണ്ട്. മറ്റ് അത്യാവശ്യങ്ങള്‍ക്ക് ഫോണുണ്ട്. ഡ്രസ് ഇത് തന്നെ ധാരാളം.
ജീന്‍സും ടീ ഷര്‍ട്ടും!
വലിയൊരു ടീം ഉണ്ടെന്ന് പറഞ്ഞിട്ട്? - ഞാന്‍ ചോദിച്ചു.
വരും. അവര്‍ ഊട്ടിയില്‍ വെച്ച് ഒപ്പം ചേരും.
സ്വെറ്റര്‍ കരുതിയത് നന്നായി - ഞാനോര്‍ത്തു.
ആദ്യം എങ്ങോട്ടാ?
ഊട്ടിക്ക് തന്നെ.
വണ്ടിയോ?
ബൈക്കുണ്ടല്ലോ. കേറ്
ഞാന്‍ അമ്പരന്നു. ഇരുനൂറ് കിലോമീറ്റര്‍ ബൈക്കിലോ? ഹെല്‍മെറ്റ് പോലുമില്ലാതെ!
വരുന്നുണ്ടെങ്കില്‍ കേറ് - അവന്‍ വാച്ചില്‍ നോക്കി.
യാത്ര തുടങ്ങി രണ്ട് മിനിറ്റ് കഴിഞ്ഞില്ല, വണ്ടി നിര്‍ത്തി ധോണി പറഞ്ഞു: എത്തി. ഇറങ്ങ്.
മുന്നില്‍ ഊട്ടി റസ്റ്റോറന്റ്.
ഇതാണോ ഊട്ടി?
അതേ. ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. നല്ല തട്ട് ദോശ കിട്ടും.
അവന്‍ തട്ട് ദോശയും വടയും ഓര്‍ഡര്‍ ചെയ്തു. ടൂറിനുള്ള മറ്റുള്ളവര്‍ നാലഞ്ച് ബൈക്കുകളില്‍ ഇരമ്പി എത്തിയപ്പോഴേക്കും സമയം ഒമ്പതര.
എല്ലാവരും പരിപാടി തയാറാക്കി.
ആദ്യം കശ്മീരിലേക്ക്. പിന്നെ ട്രെക്കിംഗ്. ചൈന, ബാങ്കോക്ക്, തിരിച്ച് കൊടൈക്കനാല്‍. വൈകുന്നേരത്തോടെ പിരിയാം.
'ഊട്ടി'യില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഓടിയാല്‍ കശ്മീര്‍ കൂള്‍ബാര്‍ ആന്റ് ബേക്കറി എത്തും. ഐസ്‌ക്രീമും ബര്‍ഗറുമൊക്കെയായി വിശദമായ മെനു ഉണ്ട്.
എല്ലാറ്റിനോടും ആവുന്നത്ര നീതി ചെയ്തു കഴിഞ്ഞപ്പോള്‍ സമയം പത്തര.
ഇനിയാണ് ട്രക്കിംഗ്. അകത്തു ചെന്നതെല്ലാം ദഹിക്കാനാണത്രെ ഇത്. വിവരണം കേട്ടപ്പോള്‍ തോന്നിയത്, ഹിമാലയം പോലൊരു മല ചെങ്കുത്തായ പാതകളിലൂടെ നടന്നുകയറാന്‍ പോകുന്നു എന്നാണ്.
ബൈക്ക് എല്ലാം താഴെ. എല്ലാവരും ഇറങ്ങി നടക്കേണ്ടി വരും - ധോണി മുന്നറിയിപ്പ് തന്നു.
ഒരു മഹായുദ്ധത്തിനിറങ്ങുന്ന പോരാളിയുടെ ദൃഢനിശ്ചയമുണ്ടായിരുന്നു ആ വാക്കുകളില്‍.
സ്ഥലത്ത് എത്തിയപ്പോഴാണ് അറിയുന്നത് - ചെറുപ്പത്തില്‍ ഞാന്‍ സ്‌കൂളിലേക്കും തിരിച്ചും പതിവായി നടന്നിരുന്ന വഴിയാണ്. കുന്ന് എന്നുപോലും പറയാനാകാത്ത ചെറിയ കയറ്റം - ഒരു ഇരുപത് അടി.
ധോണി 'മുകളിലേക്ക്' ഒന്നു നോക്കി. മനക്കരുത്ത് ആര്‍ജിക്കുകയാണ്. എന്നിട്ട് സ്വയം എന്ന പോലെ പറഞ്ഞു:
- വണ്ടി എടുക്കാന്‍ പാടില്ല. നടക്കണം. ധൈര്യക്കുറവൊന്നുമില്ലല്ലോ?
പത്തടി നടന്നശേഷം ധോണി പിന്നിലേക്ക് നോക്കി. വണ്ടി അവിടെ ഉണ്ട്. എന്നിട്ടാണ്.....
എല്ലാവരും കിതച്ചു കിതച്ച് 'മുകളിലെ'ത്തിയപ്പോള്‍ ധോണി ഉറക്കെ ചോദിച്ചു: 'തുടങ്ങുകയല്ലേ?'
എനിക്ക് മനസ്സിലായില്ല.
അവര്‍ ഓരോ സെല്‍ഫി സ്റ്റിക്കുകള്‍ എടുത്ത് ഒരു പാറയുടെ പുറത്തേക്ക് കയറി. പ്രാക്തനമായ ഏതോ മതാചാരം പോലെ പല പോസുകളില്‍ നിന്നു. അനുഷ്ഠാനപ്രകാരം ഇടക്ക് ചിരിയും ഇടക്ക് അട്ടഹാസവും, കുറേ സെല്‍ഫികളെടുത്തു.
തീര്‍ഥാടകരുടെ മടക്കം പോലെ അവരാ പാറയും കുന്നും ഇറങ്ങി.
ഞാന്‍ ചോദിച്ചു: ടൂര്‍ കഴിഞ്ഞോ?
കഴിഞ്ഞില്ല. ഇനിയാണ് ചൈന.
'ചൈന ഹോട്ടലി'ല്‍ ഇരുന്ന് ഞണ്ടും കപ്പയും കഴിച്ചു. പിന്നെ 'ബാങ്കോക്ക് സൂപ്പര്‍ മക്കാനി'യില്‍നിന്ന് വിസ്തരിച്ച് ലെമണ്‍ സോഡയും നൂഡ്ല്‍സും. അതുകഴിഞ്ഞ്, 'കൊടൈക്കനാല്‍ ഹൈപ്പര്‍ അടുക്കള'യില്‍നിന്ന് നാടന്‍ ചോറും ചിക്കനും.
ആചാരത്തിന്റെ ഭാഗമായിത്തന്നെ, എല്ലാവരും മിനിറ്റ് തോറുമുള്ള ടൂര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഇടുന്നുണ്ടായിരുന്നു. വിവിധ ഭക്ഷണങ്ങള്‍, പ്ലേറ്റുകള്‍, തീന്മേശകള്‍, കഴിക്കുന്നതിനു മുമ്പും ശേഷവും....
ഒടുവില്‍ പിരിയുന്നതിനു മുമ്പ് മറ്റൊരു ചടങ്ങ് കൂടി. എല്ലാവരും ചേര്‍ന്ന് യൂ ട്യൂബ് തുറന്നു. അതില്‍ ഊട്ടിയിലെയും ബാങ്കോക്കിലെയും ചൈനയിലെയും കൊടൈക്കനാലിലെയും മനോഹരമായ കാഴ്ചകള്‍ ഇരുന്ന് കണ്ടു.
ടൂര്‍ വിശേഷങ്ങള്‍ ചോദിക്കുന്ന അരസികന്മാരെ കരുതിയായിരുന്നു ആ ചടങ്ങ്.
നാലു കിലോമീറ്റര്‍ ചുറ്റളവില്‍ നടന്ന ടൂറിന് എണ്ണൂറ്റി അറുപത് രൂപവീതം ഓരോരുത്തരും ചെലവു വിഹിതമായി ധോണിയെ ഏല്‍പ്പിക്കുമ്പോള്‍ അവന്‍ പറഞ്ഞു:
'അടുത്ത യാത്ര യൂറോപ്പിലേക്കോ സ്റ്റേറ്റ്‌സിലേക്കോ ആക്കാം - എന്താ?'
ഇന്റര്‍നെറ്റ് കൊണ്ട് ഇങ്ങനെയൊക്കെ സൗകര്യമുണ്ടെങ്കിലും ചില കാര്യത്തില്‍ അത് ഭയങ്കര മുഷിപ്പനാണ്. ഷോപ്പിംഗിന്റെ കാര്യമെടുക്കാം. ഷോപ്പിംഗ് എന്ന വിനോദ സഞ്ചാരത്തിന്റെ ഹരം അപ്പടി ഇല്ലാതാക്കിയിരിക്കുന്നു ഇന്റര്‍നെറ്റ്.
ഒരുപാട് പൂതികളും ഇത്തിരി കാശുമായി ഷോപ്പിംഗ് നടത്താന്‍ ഇന്റര്‍നെറ്റ് കൊള്ളില്ല.
വലിയ കടകളില്‍ തൂക്കിയിട്ട ഉടുപ്പുകള്‍ നോക്കിനോക്കി അങ്ങനെ നടക്കുന്നത് എന്തൊരു രസമാണ്! ഇടക്ക്, വിലകൂടിയ ഇനങ്ങളെടുത്ത് തിരിച്ചും മറിച്ചും നിവര്‍ത്തിയും, മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന് ഉറപ്പുവരുത്തിയും, വെറുതെ വിലചോദിച്ചും ഒടുവില്‍ ഇത്രേയുള്ളൂ എന്ന പുഛത്തോടെ അത് തിരിച്ചുവെച്ചുമുള്ള ആ മുന്നേറ്റമുണ്ടല്ലോ. അതിലുണ്ട് ഷോപ്പിംഗിന്റെ ലഹരി.
മറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗോ? ആമസോണിലും ഫഌപ്പ്കാര്‍ട്ടിലുമുള്ള പട്ടിക പരതുമ്പോള്‍, എന്തെങ്കിലുമൊരു സാധനം കൈയില്‍പിടിച്ച്, ഇപ്പോ വാങ്ങും എന്ന മട്ടില്‍ നില്‍ക്കാനുള്ള വകയുണ്ടോ? ഇല്ല. ഒന്നുകില്‍ വാങ്ങുക, അല്ലെങ്കില്‍ വാങ്ങാതിരിക്കുക.
ഷോപ്പിംഗ് എന്നാല്‍ ഉടുത്തൊരുങ്ങിയിറങ്ങലാണ്. കടകള്‍ തോറും സന്ദര്‍ശിക്കലാണ്. ഇടക്കുള്ള സോഡ കുടിയാണ്. കടക്കാരനോട് പിശകിപ്പിശകി പത്ത് രൂപ കുറപ്പിക്കലാണ്. തിളക്കമുള്ള വര്‍ണ സഞ്ചികളില്‍ പുറമേക്ക് തള്ളിനില്‍ക്കുന്ന തരത്തില്‍ സാധനങ്ങളുമായുള്ള തിരിച്ചു നടത്തമാണ്. അല്ലാതെ വീട്ടിനകത്തിരുന്ന് ഏതോ ഒരാള്‍ വന്ന് ബെല്ലടിക്കുമ്പോള്‍ ചെന്ന് ഒപ്പിട്ട് വാങ്ങുന്ന, പൊതിഞ്ഞുകെട്ടിയ വസ്തുവല്ല.
രസച്ചരട് മുറിച്ചുകളയുന്നു, ഈ ഇന്റര്‍നെറ്റ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top