ഇദ്ദാകാലം അവളെവിടെയാണ്?

പി. റുക്‌സാന No image

'മോളെ ഓന്‍ ത്വലാഖ് ചൊല്ലിയല്ലേ, അവള്‍ എവിടെയാണിപ്പോള്‍?' ഈ ചോദ്യത്തിനുള്ള സ്ഥിരം മറുപടി, 'അവള്‍ വീട്ടിലുണ്ട്; ഓന്‍ ഓന്റെ വീട്ടിലും' എന്നാണ്. വിവാഹം ദൃഢമായ കരാറിലൂടെ കൂട്ടിയിണക്കപ്പെട്ട ഒരു ബന്ധമാണെന്നതുപോലെ വിവാഹമോചനത്തെയും ഗൗരവപൂര്‍വം സമീപിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയെ വീട്ടില്‍ നിന്ന് പുറത്താക്കുകയോ അവള്‍ സ്വയം പുറത്തുപോവുകയോ ചെയ്യാതെ ഇണയുടെ കൂടെയായിരിക്കണം ഇദ്ദാ കാലത്ത് ചെലവഴിക്കേണ്ടതെന്ന ഭദ്രവും യൂക്തിപൂര്‍വവുമായ നിര്‍ദേശമാണ് ഇസ്ലാമിന്റെത്. പക്ഷേ, യുക്തിഭദ്രമായ ഈ നിര്‍ദേശത്തെ വളരെ ലാഘവത്തോടെയാണ് പലപ്പോഴും മുസ്ലിം സമുദായം സമീപിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ അവനോടൊപ്പം ജീവിക്കണമെന്ന ലോകസ്രഷ്ടാവിന്റെ കല്‍പ്പനയെ എങ്ങനെയാണ് ഇത്ര നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കുന്നത്?
'അല്ലയോ പ്രവാചകരേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുമ്പോള്‍ അവരുടെ ഇദ്ദക്കുവേണ്ടി ചെയ്യുക. വിവാഹമുക്തകളുടെ ഇദ്ദാ കാലം കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക. ഇദ്ദാ വേളയില്‍ അവരെ അവരുടെ വീടുകളില്‍നിന്ന് ഇറക്കിവിടാവതല്ല. അവര്‍ സ്വയം ഇറങ്ങിപ്പോവുകയുമരുത്; അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടെങ്കിലല്ലാതെ. ഇവ അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നവന്‍ തീര്‍ച്ചയായും തന്നോടുതന്നെയാണ് അക്രമം ചെയ്തത്.  നിങ്ങള്‍ക്കറിയില്ല, ഒരു പക്ഷേ അല്ലാഹു അതിനുശേഷം ഒരു അനുരഞ്ജന മാര്‍ഗം ഉണ്ടാക്കിയേക്കാം. ഇനി അവരുടെ (ഇദ്ദയുടെ) കാലാവധി തീര്‍ന്നാലോ, ഒന്നുകില്‍ അവരെ മാന്യമായി (നിങ്ങളുമായുള്ള ദാമ്പത്യത്തില്‍) പിടിച്ചുനിര്‍ത്തുകയോ അല്ലെങ്കില്‍ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യേണ്ടതാകുന്നു. നിങ്ങളില്‍ നീതിമാന്മാരായ രണ്ടാളുകളെ അതിനു സാക്ഷികളാക്കുകയും വേണം...' (അത്ത്വലാഖ് 1,2)
വിവാഹമോചനം നടത്താനുദ്ദേശിക്കുന്ന സത്യവിശ്വാസിയോട് ഇസ്ലാം ചില കാര്യങ്ങള്‍ ഗൗരവപൂര്‍വം നിര്‍ദേശിക്കുന്നത് കാണാം.  അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) തന്റെ ഭാര്യയെ ആര്‍ത്തവകാലത്ത് വിവാഹമോചനം ചെയ്ത സന്ദര്‍ഭത്തില്‍ നബി(സ) ഈ വാക്യത്തിന്റെ താല്‍പര്യം  വ്യക്തമാക്കിത്തന്നിട്ടുണ്ട്. ഉമര്‍(റ) ഇക്കാര്യം നബി(സ)യെ അറിയിച്ചപ്പോള്‍ കടുത്ത അപ്രീതി പ്രകടിപ്പിച്ചുകൊണ്ട് പ്രവാചകൻ പറഞ്ഞു:  'അയാള്‍ ഭാര്യയെ തിരികെ സ്വീകരിച്ച് കൂടെ താമസിപ്പിക്കട്ടെ. അവള്‍ ശുദ്ധിയാകുന്നതുവരെ. പിന്നെ അവള്‍ക്ക് വീണ്ടും ആര്‍ത്തവമുണ്ടാവുകയും അതില്‍ നിന്ന് മുക്തയാവുകയും ചെയ്യട്ടെ. അതിനുശേഷം അവളെ വിവാഹമോചനം ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ശാരീരിക ബന്ധം നടക്കാത്ത ശുദ്ധിവേളയില്‍ വിവാഹമോചനം ചെയ്തു കൊള്ളട്ടെ.' ഇതാണ് ഇദ്ദക്ക് വേണ്ടി ത്വലാഖ് ചെയ്യണമെന്ന് അല്ലാഹു കല്‍പ്പിച്ചതിന്റെ താല്‍പര്യം.
സൃഷ്ടിച്ച റബ്ബിനാണ് മനുഷ്യരുടെ മാനസിക ശാരീരിക സ്വഭാവ സവിശേഷതകളെക്കുറിച്ച് നന്നായി അറിയുക. ആര്‍ത്തവ കാലത്ത് നിങ്ങള്‍ വിവാഹമോചനം ചെയ്യരുത് എന്ന് സത്യവിശ്വാസികളോട് വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിക്കുമ്പോള്‍ ഈ സവിശേഷതകളെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ എന്ന് കാണാം. ആര്‍ത്തവാവസ്ഥയില്‍ പെണ്ണിന്റെ മാനസികാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുന്നു. ആ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്താല്‍ അമിതമായ മനസ്സംഘര്‍ഷം, അസ്വസ്ഥത, വിഷാദം, ശരീര വേദന, നിയന്ത്രിക്കാനാവാത്ത ദേഷ്യം എന്നിവ സ്ത്രീകളെ ബാധിക്കുന്നു.
ഈ അവസ്ഥയില്‍ വല്ല വഴക്കുമുണ്ടായാല്‍ അത് പരിഹരിക്കുന്ന കാര്യത്തില്‍  വലിയൊരളവോളം ദമ്പതികള്‍ നിസ്സഹായരാകുന്നു. ഈ ഹോര്‍മോണ്‍ മാറ്റം, ഒരുമിച്ചിരിക്കുകയും സംസാരിക്കുകയും പ്രേമ സല്ലാപങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതില്‍ നിന്ന് അവളെ ചിലപ്പോള്‍ വിലക്കുമെന്ന് മാത്രമല്ല, പുരുഷന്റെ സാമീപ്യം പോലും ചില സ്ത്രീകള്‍ക്ക് ദുസ്സഹമാകുന്ന നാളുകളാണത്.
ദാമ്പത്യ ജീവിതത്തിലെ പല പിണക്കങ്ങളും പിഴുതുകളയാനും ഒന്നാവാനും പ്രേരിപ്പിക്കുന്ന ഒരു ഘടകം ദമ്പതികള്‍ക്കിടയിലെ ശാരീരിക ബന്ധമാണ്. ഈ സാധ്യതകളെക്കൂടി ഇല്ലാതാക്കുന്ന അവസ്ഥയില്‍ വിവാഹമോചനം നടത്തരുത് എന്ന ഇസ്ലാമികാധ്യാപനം സൂക്ഷ്മമായ മാനുഷിക ഇടപെടല്‍ കൂടിയാണ്. ഹൃദ്യമായ ദാമ്പത്യ ജീവിതത്തിനും കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനും പ്രാധാന്യം നല്‍കുന്ന ഇസ്ലാം ഇണകളെ ചേര്‍ത്തു നിര്‍ത്താനാവശ്യമായ എല്ലാ ഘടകങ്ങളെയും അതീവ ജാഗ്രതയോടെയാണ് സമീപിക്കുന്നത്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരായ രീതിയില്‍ വിവാഹമോചനം നടത്തരുത് എന്ന് പറയുന്നതും ഇക്കാരണത്താലാണ്. ഇത്, പൊട്ടിച്ചെറിയാന്‍ തീരുമാനിച്ച ദാമ്പത്യത്തെക്കുറിച്ച വീണ്ടുവിചാരത്തിനുള്ള ഒരവസരം കൂടിയാണ് ദമ്പതികള്‍ക്ക് സമ്മാനിക്കുന്നത്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട അവസ്ഥയില്‍ വിവാഹമോചനം നടക്കുകയും (ബിദ്ഈയായ ത്വലാഖ്) മടക്കിയെടുക്കാനുള്ള സാധ്യതകളെല്ലാം അടയുകയും ചെയ്ത അവസ്ഥയില്‍, തന്റെ കുഞ്ഞിനെ അവള്‍ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന അറിവ് പുരുഷനും, ഒരു പുതിയ സ്വപ്‌നത്തിലേക്ക് മനസ്സിനെ ചേര്‍ക്കാന്‍ ഒരുങ്ങുന്ന പെണ്ണിന്റെ മനസ്സിനും ഏല്‍പ്പിക്കുന്ന മുറിവ് ചെറുതായിരിക്കില്ല. ഇത്തരത്തില്‍ കുറ്റബോധത്തിനും നിലക്കാത്ത ആത്മസംഘര്‍ഷത്തിനും ഇടയാക്കുന്ന അവസ്ഥയില്‍ വന്നുപെടാതിരിക്കാനുള്ള നാഥന്റെ കല്‍പ്പനയായിട്ടാണ് ഇസ്ലാം ഈ കര്‍ശന നിര്‍ദേശങ്ങളൊക്കെയും വിശ്വാസി സമൂഹത്തെ പഠിപ്പിക്കുന്നത്. ഇദ്ദാ കാലയളവിലെ അവളുടെ ഭക്ഷണവും പാര്‍പ്പിടവും സുരക്ഷിതത്വവും ഭര്‍ത്താവിന്റെ ചുമതലയില്‍പ്പെട്ടതാണ്.
താന്‍ മനസ്സ് കൊണ്ട് വെറുത്ത് ബന്ധം വിഛേദിക്കാന്‍ തയ്യാറായിക്കഴിഞ്ഞ ഒരു സ്ത്രീക്ക് വേണ്ടി പണം ചെലവഴിക്കുന്നത് പുരുഷനെ സംബന്ധിച്ചേടത്തോളം അസ്വസ്ഥതയും ആത്മസംഘര്‍ഷവും സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ആ മാനസികാവസ്ഥയെയും ഭദ്രമായിട്ടാണ് ലോക രക്ഷിതാവ് കൈകാര്യം ചെയ്യുന്നത്. 'അവന്‍ ഊഹിക്കപോലും ചെയ്യാത്ത മാര്‍ഗങ്ങളിലൂടെ വിഭവങ്ങളരുളുകയും ചെയ്യും. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവന്ന് അല്ലാഹുതന്നെ എത്രയും മതിയായവനാകുന്നു. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. സകല കാര്യത്തിനും അല്ലാഹു കണക്കു നിശ്ചയിച്ചുവെച്ചിട്ടുണ്ട്.' (സൂറ അത്ത്വലാഖ് 3)
എല്ലാം സഹിച്ച്  ഒരുമിച്ച് തന്നെ ജീവിക്കാം എന്ന് തീരുമാനിക്കുമ്പോഴും, മാന്യമായി മുന്നോട്ട് അല്ലെങ്കില്‍ മാന്യമായി പിരിയുക എന്ന ഒപ്ഷന്‍ മാത്രം മുന്നില്‍ കാണുമ്പോഴും ഉള്ള മനുഷ്യന്റെ വികാരാവസ്ഥകള്‍ വ്യത്യസ്തമാണ്. ആദ്യത്തെ അവസ്ഥയില്‍ മനസ്സില്‍ ഉരുണ്ടുകൂടുന്ന അമര്‍ഷവും വെറുപ്പുമായിരിക്കില്ല ഇദ്ദാകാലത്തെ ദമ്പതികളുടെ മാനസികാവസ്ഥ. ഇത്ര കാലവും ഒന്നായി ജീവിച്ച തങ്ങള്‍ പിരിയാന്‍ പോവുകയാണെന്ന ചിന്ത സ്വാഭാവികമായും ചില വീണ്ടുവിചാരങ്ങള്‍ക്കും ഗൗരവപ്പെട്ട ചില ആലോചനകള്‍ക്കും അവരെ പ്രേരിപ്പിക്കും.
ഈ കാലയളവില്‍ കൈമാറുന്ന ഒരു നോട്ടമോ അവിചാരിതമായ സ്പര്‍ശനമോ കരുതലോ പോലും അവരുടെ ഉള്ളിലുള്ള ഇഷ്ടത്തെയോ പ്രണയത്തെയോ ഉണര്‍ത്താന്‍ കാരണമായേക്കും. ഇദ്ദാകാലത്ത്, തങ്ങള്‍ക്കിടയില്‍ സന്തോഷപൂര്‍വം ജീവിക്കുന്ന മക്കളുടെ കുസൃതികളും കളികളും തന്നെ മതിയാകും പരസ്പരം തുറന്നുപറഞ്ഞ് തിരുത്തി വീണ്ടും ഒന്നിക്കാനുള്ള തീരുമാനത്തിലേക്ക് അവരെ വഴിനടത്താന്‍. വീണ്ടുവിചാരമില്ലാതെ ദൈവധിക്കാരത്തോടെ തീരുമാനമെടുക്കുന്ന മനുഷ്യരോട് അതുകൊണ്ടാണ്, ഇവ അല്ലാഹു നിശ്ചയിച്ച പരിധികളാണെന്നും രഞ്ജിപ്പിനുള്ള അവസരമുണ്ടാക്കിയേക്കാം എന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.
മടക്കിയെടുക്കുന്ന വിഷയത്തില്‍ മദ്ഹബുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇമാം ശാഫിഈയുടെ വീക്ഷണത്തില്‍, പ്രസ്താവന കൊണ്ടേ സ്ത്രീയെ തിരിച്ചെടുക്കല്‍ നടക്കൂ. കര്‍മങ്ങള്‍ കൊണ്ട് നടക്കുകയില്ല. താന്‍ വിവാഹമോചനത്തില്‍നിന്ന് മടങ്ങുകയാണെന്ന് വ്യക്തമായി പ്രസ്താവിക്കാതെ പുരുഷന്‍ തന്റെ വിവാഹമുക്തയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ സഹവസിക്കുകയോ ചെയ്താല്‍, അത് മടങ്ങുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതാണെങ്കില്‍ പോലും മടക്കമായി അംഗീകരിക്കപ്പെടുന്നതല്ല. എന്നല്ല, ആ അവസ്ഥയില്‍ ഭാര്യയില്‍നിന്ന് ഏതുവിധം സുഖമനുഭവിക്കലും നിഷിദ്ധമാകുന്നു. ഇമാം മാലികിന്റെ അഭിപ്രായത്തില്‍, വിവാഹമോചനത്തില്‍ നിന്നുള്ള മടക്കം വാക്കാലും കര്‍മത്താലുമാകാം. വാക്കാലാണ് മടങ്ങുന്നതെങ്കില്‍ പുരുഷന്‍ വ്യക്തമായ പദങ്ങളുപയോഗിച്ചാല്‍, അയാള്‍ മടക്കം ഉദ്ദേശിച്ചാലും ഇല്ലെങ്കിലും മടക്കമാകും. തമാശക്കുവേണ്ടി പോലും മടങ്ങലിന്റെ സ്പഷ്ടമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ മടക്കമായി അംഗീകരിക്കപ്പെടുന്നതാണ്. എന്നാല്‍, വാക്കുകള്‍ മടക്കത്തെ സ്പഷ്ടമായി കുറിക്കുന്നതല്ലെങ്കില്‍ അതു പറഞ്ഞത് മടങ്ങുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണെങ്കിലേ മടങ്ങലായി പരിഗണിക്കപ്പെടൂ. ഇടകലര്‍ന്ന പെരുമാറ്റം, ലൈംഗിക ബന്ധം തുടങ്ങിയ കര്‍മങ്ങള്‍കൊണ്ടുള്ള മടക്കം, ആ കര്‍മങ്ങള്‍ മടങ്ങുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതാകുമ്പോള്‍ മാത്രമേ നിയമപരമായി മടക്കമാവുകയുള്ളൂ.
വാക്കാലുള്ള മടക്കം സംബന്ധിച്ച്  മാലികി മദ്ഹബിന്റെ നിലപാട് തന്നെയാണ് ഹനഫീ ഹമ്പലി മദ്ഹബുകള്‍ക്കുള്ളത്. എന്നാല്‍, കര്‍മംകൊണ്ടുള്ള മടക്കത്തെക്കുറിച്ച് ഈ രണ്ട് മദ്ഹബുകളും വിധിക്കുന്നതിങ്ങനെയാണ്: റജ്ഇയായ വിവാഹ മുക്തയുമായി ഇദ്ദാവേളയില്‍ ഭര്‍ത്താവ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അതു തന്നെ മടക്കമാകുന്നു. അതുകൊണ്ട് അയാള്‍ മടക്കം ഉദ്ദേശിക്കുന്നുവോ ഇല്ലേ എന്നത് പ്രസക്തമല്ല.
ഏതായിരുന്നാലും ഇദ്ദാ കാലയളവില്‍ ഇണയെ പുറത്താക്കരുതെന്നും അവള്‍ സ്വയം പുറത്തുപോകരുതെന്നും പറയുന്ന ഇസ്ലാം നിരുത്തരവാദിത്വപരമായ വിശ്വാസിയുടെ സമീപനങ്ങളെ ദൈവധിക്കാരം എന്നാണ്  വിശേഷിപ്പിക്കുന്നത്. ഒരാള്‍ സുന്നത്തിലെ നിര്‍ദേശങ്ങള്‍ക്കെതിരായി ത്വലാഖ് ചെയ്യുക, ഇദ്ദാകാലം കണക്കാക്കാതിരിക്കുക, ഭാര്യയെ അകാരണമായി വീട്ടില്‍ നിന്നിറക്കി വിടുക, ഇദ്ദ കഴിയുമ്പോള്‍ സ്ത്രീയെ പീഡിപ്പിക്കുന്നതിനുവേണ്ടി വിവാഹമോചനത്തില്‍നിന്ന് പിന്‍വാങ്ങുക, ത്വലാഖിനോ പിന്‍വാങ്ങലിനോ സാക്ഷികളില്ലാതിരിക്കുക... ഇങ്ങനെയൊക്കെ ചെയ്യുന്നയാള്‍ അല്ലാഹുവിന്റെ ഉപദേശത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. 
സത്യസന്ധരായ വിശ്വാസികള്‍ ജീവിതത്തിന്റെ സര്‍വ മേഖലകളിലും സൂക്ഷ്മമായി അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരുന്നവരാണ്. അല്ലാത്ത പക്ഷം പിരിയാന്‍ തീരുമാനിക്കുന്ന മാത്രയില്‍ പരസ്പരം ചെളി വാരിയെറിഞ്ഞ് ശത്രുക്കളായി പ്രഖ്യാപിച്ച് ആജീവനാന്തം വെറുപ്പ് പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കും. വേര്‍പിരിഞ്ഞാലും ആദരവോടെയും മനോഹരമായും ഓര്‍ക്കാനുള്ളതായിരിക്കണം നമ്മുടെ ഓരോ ഇഴയടുപ്പങ്ങളും.
l

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top