മാരണവും മായാവേലകളും

ഡോ. ജാസിമുല്‍ മുത്വവ്വ No image

ഒരു സ്ത്രീ എന്നോട് ചോദിച്ചു: 'താങ്കള്‍ റകി ചികിത്സ* ചെയ്യുന്നുണ്ടോ?'
ഞാന്‍: 'ഇല്ല''
അവര്‍: 'ഞാന്‍ ഒരു യുവാവിനെ പ്രേമിക്കുന്നുണ്ട്. അയാള്‍ എന്നെയും പ്രേമിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അയാളെ എന്നിലേക്ക് ആകര്‍ഷിക്കുന്ന വശീകരണ വിദ്യ എനിക്ക് പഠിപ്പിച്ചു തരാമോ?'
ഞാന്‍: 'നിങ്ങള്‍ ഉദ്ദേശിക്കുന്നത് വശീകരണ വിദ്യയാണോ പരിശ്രമ വിദ്യയാണോ?'
അവര്‍: 'എന്താണ് അവ തമ്മിലുള്ള വ്യത്യാസം? '
ഞാന്‍: 'വലിയ വ്യത്യാസമുണ്ട്. വശീകരണ വിദ്യ എന്നാല്‍ നീ പ്രവര്‍ത്തിക്കുകയും അതിന്റെ ഫലങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയുമാണ്. വശീകരണം നിങ്ങള്‍ ചിന്തിച്ച് തീരുമാനിച്ച് പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ പരിശ്രമ നിയമം (വോള്‍ട്ടേജ് ലോ) ആക്ഷനാണ്. അതായത്, നിങ്ങളുടെ പ്രവൃത്തി നിങ്ങൾ ചെയ്യുക. കര്‍മം അനുഷ്ഠിച്ച് ഫലം അല്ലാഹുവിനെ ഏല്‍പ്പിക്കുക. അവനാണല്ലോ കാര്യങ്ങള്‍ നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും.'
അവര്‍: 'ഇത് രണ്ടും ഒരേ പോലെയുണ്ടല്ലോ?'
ഞാന്‍: 'അല്ല, അവ തമ്മില്‍ വലിയ അന്തരമുണ്ട്. ആകര്‍ഷണ നിയമമോ വശീകരണ വിദ്യയോ എന്താവട്ടെ നിങ്ങള്‍ നിങ്ങളുടെ ചിന്തയും തീരുമാനവും അനുസരിച്ച് മുന്നോട്ട് പോവുകയാണ്. അവിടെ ഫലങ്ങള്‍ ഉളവാക്കുന്നതും നിങ്ങളുടെ ഇച്ഛയും താല്‍പര്യങ്ങളുമാണ്. എന്നാല്‍, 'കര്‍മ നിയമ'ത്തിലാവട്ടെ നിങ്ങള്‍ പ്രവര്‍ത്തിച്ചു ഫലങ്ങള്‍ നല്‍കാന്‍ ദൈവത്തെ ചുമതലപ്പെടുത്തുകയാണ്. അതായത്, ഫലങ്ങള്‍ ഉളവാക്കുന്നതില്‍ നിങ്ങള്‍ക്ക് പങ്കില്ലെന്ന് സാരം.'
അവര്‍: 'ഇപ്പോള്‍ മനസ്സിലായി. ഞാന്‍ മുസ്ലിം ആവണം. എന്റെ കാര്യങ്ങള്‍ അല്ലാഹുവിനെ ഏല്‍പ്പിക്കണം. അതോടൊപ്പം വശീകരണവിദ്യയും ചെയ്യാം. എന്നല്ലേ? '
ഞാന്‍: 'ഈ രീതിക്ക് നാം വശീകരണവിദ്യ എന്നല്ല പറയുക. കര്‍മ നിയമം, തവക്കുല്‍ നിയമം, പ്രാര്‍ഥനാ നിയമം എന്നൊക്കെ പറയാം.
അവര്‍: 'പേരൊന്നും പ്രധാനമല്ല.'
ഞാന്‍: 'പേരാണ് പ്രധാനം. ഓരോ വസ്തുവിനെയും അവയുടെ പേര് കൊണ്ടല്ലേ നാം തിരിച്ചറിയുക? ഉദാഹരണമായി നിങ്ങള്‍ പറയുന്നു: 'ചലിക്കുന്ന ഊര്‍ജ വാഹനത്തില്‍ കയറാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. കാര്‍ എന്നാണ് നിങ്ങളുടെ മനസ്സില്‍. നിങ്ങളുടെ വര്‍ത്തമാനം വല്ലവര്‍ക്കും തിരിയുമോ? ഒരു വസ്തുവിനെ അതിന്റെ യഥാര്‍ഥ നാമം ഉപയോഗിച്ച് തന്നെ പറയണം.'
ഞാന്‍ ബന്ധങ്ങളെ റകി ചികിത്സകൊണ്ടും ഊര്‍ജ ചികിത്സ കൊണ്ടും കൈകാര്യം ചെയ്യുന്നവര്‍ കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ ആവുമെന്ന് സ്വയം പ്രചാരണം നടത്തുകയാണ്. അത് കമ്പോള വിദ്യയാണ്. നിങ്ങള്‍ പ്രേമിക്കുന്നവരെ വശീകരണ വിദ്യയിലൂടെ നിങ്ങളിലേക്ക് അടുപ്പിക്കാം എന്നും അവര്‍ പറയും. അത് മനുഷ്യമനസ്സിനെ ചൂഷണം ചെയ്യുന്ന ഒരു കലയാണ്. ചിലര്‍, തങ്ങള്‍ ഏതെങ്കിലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നിരാശരാവുകയും മോഹഭംഗത്തില്‍ അകപ്പെടുകയും ചെയ്യും. പ്രശ്‌നപരിഹാരത്തിന് അസാധാരണ ആളുകളെ സമീപിച്ചാല്‍ എല്ലാം ശരിയാകും എന്ന് അവര്‍ ധരിച്ചുവശാവുന്നു. തെറ്റാണ് ഈ ധാരണ. ഊര്‍ജ ചികിത്സ, റകി ചികിത്സ, വശീകരണ വിദ്യ എന്നെല്ലാം പറയുന്നത് ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമോ ഉപകരണങ്ങള്‍ കൊണ്ട് അളക്കാവുന്നതോ അല്ല. ചിലതൊക്കെ പൗരസ്ത്യ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തതോ അവിടെയുള്ള മതങ്ങളും ഇതിഹാസങ്ങളും പ്രചരിപ്പിച്ചതോ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വിളയാട്ടമോ ആയി കൊട്ടിഘോഷിച്ചതാണ്. ഫിസിക്‌സ് എന്ന ശാസ്ത്ര വിജ്ഞാന ശാഖയുമായി ഇതിന് ഒരു ബന്ധവുമില്ല. ചിലര്‍ ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാനും പ്രേമസാക്ഷാത്കാരത്തിനും ഉത്തമ വിശ്വാസത്തോടെ ഇത്തരം മിഥ്യാ ചികിത്സാ രീതികളെ ആശ്രയിക്കുന്നത് കാണാം. ആഭിചാരവൃത്തിക്കാരും മാരണ വിദ്യക്കാരും വ്യാജ ചികിത്സകരും ഇവരെ പല രഹസ്യ നീക്കങ്ങളിലൂടെയും തങ്ങളുടെ കെണിയില്‍ വീഴ്ത്താന്‍ സമര്‍ഥരുമാണ്. തങ്ങള്‍ പ്രകൃത്യതീത ശക്തികളുമായി സംവേദനം നടത്താന്‍ കഴിവുറ്റവരാണെന്ന് പറഞ്ഞ് ഈ പാവങ്ങളെ അവര്‍ പറ്റിക്കും.'
അവര്‍: 'ഞാന്‍ ഒരു വിവാഹമോചിതയാണ്. എന്റെ ആദ്യ ഭര്‍ത്താവിനെ തിരിച്ചു കിട്ടാന്‍ ഞാന്‍ വശീകരണ വിദ്യയടക്കം പലതും പരീക്ഷിച്ചു നോക്കി. ഒന്നും വിജയിച്ചില്ല.'
ഞാന്‍: 'ബിഹേവിയറല്‍ സൈക്കോളജിയും ഇത്തരം വ്യാജന്മാരുടെ അവകാശവാദങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. ബിഹേവിയറല്‍ സൈക്കോളജിക്ക് അതിന്റെതായ ശാസ്ത്രീയ നിയമങ്ങളും മാനദണ്ഡങ്ങളുമുണ്ട്. ഇവരുടെ കള്ള വേലകള്‍ പോലെയല്ല അത്. ഉദാഹരണമായി, വീട്ടിലെ അടുക്കളയില്‍ ജലസംഭരണിയും അടുപ്പും അടുത്തടുത്തായതാണ് നിങ്ങളുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അടുക്കളയുടെ വാസ്തു ശരിയല്ലെന്നും അത് മാറ്റിപ്പണിതാലേ നിങ്ങള്‍ക്കിടയില്‍ സ്‌നേഹമുണ്ടാവൂ എന്നും ഈ വിദ്വാന്മാര്‍ വെച്ച് കാച്ചും. ഇല്ലെങ്കില്‍ വിവാഹമോചനമായിരിക്കും ഫലം എന്നുകൂടി ചേര്‍ത്ത് പറയുമ്പോള്‍ നിങ്ങള്‍ അങ്കലാപ്പിലായി. പ്രത്യേക തരം സുഗന്ധം വീട്ടില്‍ പുകക്കണം, ഉപ്പ് വെള്ളം തളിക്കണം, ദുഷ്ട തരംഗങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്ന പൂച്ചകളെ വളര്‍ത്തണം തുടങ്ങിയ പരിഹാരക്രിയകളും ഈ വ്യാജ ചികിത്സകര്‍ നിര്‍ദേശിക്കും. ശരിയുടെ ഒരംശം പോലുമില്ലാത്ത ശിര്‍ക്കാണ് ഇവയെല്ലാം.
റകി ചികിത്സകളില്‍ ചിലത് മായാജാലം, കൂടോത്രം, ആഭിചാരം എന്നിവയുമായി ബന്ധമുള്ളതാണ്. സമൂഹത്തില്‍ സ്വീകാര്യത കിട്ടാന്‍ അവര്‍ അവയ്ക്ക് പുതിയ പേരിടും. റകി ചികിത്സയുടെ പട്ടികയില്‍ പെടുത്തിയാണ് അവരുടെ ബിസിനസ്.'
അവര്‍: 'റകി ചികിത്സ ഇസ്ലാമിക മന്ത്ര ചികിത്സക്ക് സമാനമല്ലേ?'
ഞാന്‍: 'മന്ത്രം ഖുര്‍ആന്‍, ഹദീസ് വചനങ്ങളില്‍ വന്നിട്ടുള്ളതാവണം. അതിനു ചില ദൈവിക സവിശേഷതകള്‍ ഉണ്ട്. നമ്മുടെ വിശ്വാസമനുസരിച്ച് ചില മുത്തുമാലകള്‍ അണിഞ്ഞതുകൊണ്ടോ പ്രത്യേക തരം 'പ്രഷ്യസ് സ്റ്റോണ്‍സ്' കൈവശം വെക്കുന്നത് കൊണ്ടോ, അസൂയയോ അനിഷ്ട സംഭവങ്ങളോ ഇല്ലാതാവുന്നില്ല. ആരുടെയെങ്കിലും പ്രേമം ഉണ്ടാക്കുകയും വീട്ടില്‍ സമാധാനം കൈവരുത്തുകയും ചെയ്യില്ല.'
അവര്‍: 'ഖുര്‍ആനില്‍ റകി ചികിത്സയെക്കുറിച്ചും ഊര്‍ജ ചികിത്സയെക്കുറിച്ചുമൊക്കെ പരാമര്‍ശമുണ്ടല്ലോ?'
ഞാന്‍: 'നിങ്ങള്‍ ഉദ്ദേശിച്ചത് 'റബ്ബനാ വലാ തുഹമ്മില്‍നാ മാലാ ത്വാഖത്ത ലനാ ബിഹി' എന്ന സൂറത്തുല്‍ ബഖറയിലെ സൂക്ത ഭാഗമല്ലേ? സഹോദരീ, അതിനര്‍ഥം 'ഞങ്ങള്‍ക്ക് വഹിക്കാനാവാത്ത ഭാരം ഞങ്ങളെ വഹിപ്പിക്കരുതേ രക്ഷിതാവേ' എന്നാണ്. 'ത്വാഖത്ത്' എന്നാല്‍ ഭാരം വഹിക്കാനുള്ള ശേഷി, കഴിവ്, ശക്തി എന്നൊക്കെയാണര്‍ഥം.'
അവര്‍: 'നിങ്ങള്‍ക്ക് നന്ദി. വിശദീകരണത്തോടെ അല്പം വ്യക്തമായി. ഞാന്‍ ഇനി വശീകരണ വലയിലേക്ക് പോകില്ല. വശീകരണ വിദ്യയും അറിയേണ്ട. വിശ്വാസത്തിന്റെയും തവക്കുലിന്റെയും പരിശ്രമങ്ങളുടെയും വഴി മതി എനിക്ക്.'

*റകി ചികിത്സ: PALM HEALING എന്ന പേരില്‍ അറിയപ്പെടുന്ന പുരാതന ജാപ്പനീസ് ആത്മീയ ചികിത്സാ രീതിയാണ്. അറബിയില്‍ ഈലാജുത്ത്വാഖത്ത് എന്നു പറയും.

വിവ: ജെ

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top