സ്ത്രീകളും വസ്ത്രധാരണവും

ഇല്‍യാസ് മൗലവി No image

മാന്യമായി വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രതൃക്ഷപ്പെടുന്ന ഏത് സ്ത്രീകളെയും ജനങ്ങള്‍ മാന്യമായേ സമീപിക്കൂ. ഇങ്ങനെയുള്ള സഹോദരി മാരോട് സദാചാരമില്ലാത്തവര്‍ പോലും മാന്യത കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ശരീരഭാഗങ്ങള്‍ പുറത്ത് കാണിച്ച് പുരുഷന്മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധം വസ്ത്രം ധരിക്കുകയും സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ടാണ് സ്ത്രീകള്‍ പുറത്തിറങ്ങുന്നതെങ്കില്‍ അത്തരം സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധം കുറഞ്ഞ തോതിലേ അനുഭവപ്പെടൂ. കാമവെറിയന്മാ രുടെയും പൂവാലന്മാരുടെയും മാത്രമല്ല വെറുതെ ജോളിയടിച്ച് നടക്കുന്നവരുടെ പോലും തുറിച്ച് നോട്ടവും പരിഹാസയുക്തി കലര്‍ന്ന വര്‍ത്തമാന ങ്ങളും അവര്‍ നേരിടേണ്ടിവരും. സദാചാര ബോധമുള്ള സമൂഹത്തില്‍ ഇതിന് അല്‍പം കുറവുണ്ടായേക്കാമെങ്കിലും സദാചാര രംഗം വഷളായ സമൂഹത്തില്‍ സ്ത്രീകള്‍ ഇതിന്റെ പ്രയാസം ശരിക്കും അനുഭവിക്കും. ഇത്തരം പരിതസ്ഥിതിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അമുസ്‌ലിം സ്ത്രീകള്‍ വരെ ഇസ്‌ലാമിക വസ്ത്ര ധാരണരീതിയുടെ മെച്ചത്തെ സംബന്ധിച്ചും സ്ത്രീക്ക് അത് നല്‍കുന്ന സുരക്ഷിതത്വ ബോധത്തെ കുറിച്ചും വെട്ടിത്തുറന്ന് എഴുതിയി ട്ടുണ്ട്. സൃഷ്ടികളുടെ നന്മയും ക്ഷേമവും മാത്രം മുന്‍നിര്‍ത്തി സ്രഷ്ടാവായ അല്ലാഹു പറഞ്ഞതിന്റെ പൊരുള്‍ ഇവിടെ എന്തുമാത്രം പ്രസക്തമാണ്. അല്ലാഹു പറയുന്നു:'''നബിയേ, സ്വപത്‌നി മാരോടും, പുത്രിമാരോടും വിശ്വാസികളിലെ സ്ത്രീകളോടും പറയുക. അവര്‍ തങ്ങളുടെ മുഖപടങ്ങള്‍ താഴ്ത്തിയിടട്ടെ. അവര്‍ തിരിച്ചറിയ പ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്ന തിനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു. (അല്‍ അഹ്‌സാബ്: 59)
നിയമങ്ങളും നിര്‍ദേശങ്ങളും ഇല്ലാഞ്ഞിട്ടല്ല സ്ത്രീകള്‍ക്ക് നേരെ കയ്യേറ്റങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നത്. നിയമങ്ങളേയും നിര്‍ദേശങ്ങ ളേയും നിഷ്ഫലമാക്കുന്ന തരത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ സാമ്പത്തികലാഭം മുന്നില്‍ കണ്ട് നല്‍കുന്ന പരസ്യങ്ങള്‍, സിനിമകള്‍, വോട്ട് രാഷ്ട്രീയം ലക്ഷ്യം വെച്ച് രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന നിസ്സംഗത തുടങ്ങിയവ കൂടി വരുന്നത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കു ന്നത്. നല്ല ചെറുപ്പക്കാരന്റെ നിശ്ചയ ദാര്‍ഢ്യവും സദാചാര ബോധവും മുങ്ങിപ്പോവാന്‍ മാത്രം ശക്തമാണിതെല്ലാം. അതിനാല്‍ പൈശാചിക ചിന്തകള്‍ തികട്ടിവരുമ്പോള്‍ അതിന്റെ പ്രത്യാ ഘാതത്തെ സംബന്ധിച്ചും അനന്തര ഫലത്തെ സംബന്ധിച്ചും ബോധം അത്തരം ചിലര്‍ക്ക് നഷ്ടപ്പെട്ട് പോവുകയും മനുഷ്യന്‍ മൃഗമായി പോവുകയും ചെയ്യുന്നു. ഇതിന് കുറ്റം പറയേണ്ടത് സമൂഹത്തെയും അവരെ തെറ്റായ ദിശയിലൂടെ നയിക്കുന്ന നേതാക്കളെയും ഇവരെ സൃഷ്ടിക്കുന്ന വ്യവസ്ഥയെയുമാണ്. പട്ടിണിപ്പാവ ങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അനന്തര നടപടികള്‍ സ്വീകരിക്കാനും പൊതുസ മൂഹം ചുമതലപ്പെടുത്തിയ സാമാജികര്‍ സഭയിലിരുന്ന് അശ്ശീല ചിത്രങ്ങള്‍ കണ്ടാസ്വദിച്ച് അതുണ്ടാക്കിയ കോളിളക്കം എത്ര നിസ്സാരമായിരുന്നുവെന്ന് ചിന്തിക്കുമ്പോഴാണ് പൊതുസമൂഹം എവിടെയെത്തിയെന്ന് ഓര്‍ക്കേണ്ടത്.
പര്‍ദ ഇസ്‌ലാമിക വസ്ത്രധാരണമാണ്, ചുരിദാര്‍, സാരി എന്നിവ ഇസ്‌ലാമികമല്ല. പര്‍ദ ധരിച്ച സ്ത്രീകള്‍ അതുകൊണ്ട് തന്നെ മറ്റു വസ്ത്രങ്ങള്‍ ധരിക്കുന്നവരെക്കാള്‍ ഇസ്‌ലാമിക വിധികള്‍ പാലിക്കുന്നവരാണ്. ഇത് തികച്ചും തെറ്റായ ഒരു ധാരണയാണ്. യഥാര്‍ഥത്തില്‍ പുതിയ രൂപത്തിലും കോലത്തിലും പലതരം മോഡലുകള്‍ മറ്റെല്ലാ വസ്ത്രങ്ങളിലുമെന്ന പോലെ പര്‍ദയിലും വന്നു തുടങ്ങിയപ്പോള്‍ ഇസ്‌ലാമിക ചൈതന്യം പര്‍ദയിലും പലപ്പോഴും ഇല്ലാതായി പോകുന്നുണ്ടെന്ന യാഥാര്‍ഥ്യം പലരും അറിയുന്നില്ല. പര്‍ദയായാല്‍ മതി അവര്‍ക്ക്.
എന്താണ് ഇസ്‌ലാമിക വസ്ത്രധാരണം!
യഥാര്‍ഥത്തില്‍ ഇസ്‌ലാമിക വസ്ത്രം എന്ന ഒരു വസ്ത്രം ഇല്ല. എന്നാല്‍ ഇസ്‌ലാമിക ദൃഷ്ട്യാ വസ്ത്രം ധരിക്കുന്നതില്‍ ചില ലക്ഷ്യങ്ങളും അതിന് ചില വ്യവസ്ഥകളും നിബന്ധനകളും മര്യാദകളും ഉണ്ട്. അവ പാലിക്കപ്പെട്ടാല്‍ ഏത് നാട്ടിലായാലും ഏത് വസ്ത്രവും ഒരു മുസ്‌ലിം സ്ത്രീക്ക് അണിയാവുന്നതാണ്. അണിയുന്ന വസ്ത്രത്തിന്റെ പേരോ ബ്രാന്റോ അല്ല, മറിച്ച് ഇസ്‌ലാം നിശ്ചയിച്ച ഉപാധികളും നിബന്ധനകളും പാലിക്കപ്പെടുന്നുണ്ടോ? ഇസ്‌ലാം വസ്ത്രധാരണത്തിന്റെ ലക്ഷ്യമായി കണക്കാക്കുന്ന കാര്യങ്ങള്‍ സാക്ഷാല്‍കരിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം.
അല്ലാഹു നേരിട്ട് വിവരിച്ചുതന്ന ഈ ഖുര്‍ആനിക വിധിയും അതിന്റെ താല്‍പര്യവും ഇസ്‌ലാമിക സാംസര്‍ഗിക വ്യവസ്ഥയുടെ ഉന്നമെന്താണെന്ന് സ്പഷ്ടമായി അല്ലാഹു പറയുന്നു: ''സത്യ വിശ്വാസിനികളോട് പറയുക, അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്ത് സൂക്ഷിക്കണം. തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത്, സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിനു മീതേ താഴ്ത്തിയിടണം. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധതിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്.'' (സൂറതുന്നൂര്‍: 31 )''
സൂറ അഹ്‌സാബില്‍ അല്ലാഹു പറയുന്നു: ''നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മൂടുപടങ്ങള്‍ ശരീരത്തില്‍ താഴ്ത്തിയിടാന്‍ നിര്‍ദേശിക്കുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്. ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. ഇവിടെ ഉത്തരീയം താഴ്ത്തിയിടാനുള്ള കല്‍പനയുടെ ഉദ്ദേശ്യം അവരുടെ മുമ്പില്‍ സ്വന്തം സൗന്ദര്യം മറച്ചുവെക്കുകയാണെന്ന് വ്യക്തമാകും.
തുടര്‍ന്ന് ഈ വിധിയുടെ കാരണമായി അല്ലാഹു പറയുന്നു: അത് മുസ്‌ലിം സ്ത്രീകള്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും ഏറ്റവും ഉചിതമായ രീതിയാകുന്നു. ഈ നിര്‍ദേശങ്ങളെല്ലാം നല്‍കുന്നത് അന്യ പുരുഷന്മാരുടെ ശൃംഗാരചെയ്തികളിലും തുറിച്ചുനോട്ടത്തിലും കാമോത്സുകമായ കടാക്ഷങ്ങളിലും രസം കൊള്ളാത്തവരും അതൊക്കെ തങ്ങള്‍ക്ക് അസഹ്യമായ ശല്യമായി ഗണിക്കുന്നവരുമായ സ്ത്രീകളോടൊണെന്ന് ഇതില്‍നിന്ന് സ്വയം വ്യക്തമാകുന്നുണ്ട്.
വീട്ടില്‍നിന്ന് പുറത്തുപോകുമ്പോള്‍ ഹൃദയാവര്‍ജകമായ ഉടയാടകളും മനോഹരമായ ആഭരണങ്ങളുമണിഞ്ഞ് മണവാട്ടി ചമയാന്‍ ജാഗ്രത കാട്ടുന്ന യുവതിയുടെ ഉദ്ദേശ്യം നാട്ടിലെ പുരുഷന്മാര്‍ക്കെല്ലാം താനൊരു കാഴ്ചവസ്തുവാകണമെന്നും അവരുടെ കടാക്ഷങ്ങള്‍ ക്ഷണിച്ചുവരുത്തണമെന്നുമല്ലാതെ മറ്റെന്താണ്?
അന്യരുടെ മുമ്പില്‍ അവരുടെ ആശാഭരിതമായ കടാക്ഷം ക്ഷണിച്ചുവരുത്തുംമട്ടില്‍ അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ ആ പ്രവൃത്തിതന്നെ അതിന്റെ പിന്നിലുള്ള പ്രേരകമെന്തെന്ന് സ്വയം വ്യക്തമാക്കുന്നു. അങ്ങനെ ദുര്‍വൃത്തികളാഗ്രഹിക്കുന്നവര്‍ അത്തരം സ്ത്രീകളുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നു. നിങ്ങള്‍ക്ക് ഒരേസമയം പരിശുദ്ധകളായ കുലസ്ത്രീകളും, സമൂഹത്തിലെ വിലാസവതികളുമായി വാഴുക സാധ്യമല്ല എന്നാണ് ഖുര്‍ആന്‍ സ്ത്രീകളോട് പറയുന്നത്. പരിശുദ്ധകളായിരിക്കണമെങ്കില്‍ ചന്തംകാട്ടി വിലസിനടക്കുന്നവര്‍ക്ക് ഭൂഷണമായ സമ്പ്രദായങ്ങള്‍ വര്‍ജിക്കുക തന്നെ വേണം. എന്നിട്ട് കുലീനതക്കും വിശുദ്ധിക്കും അനുയോജ്യമായ സമ്പ്രദായം സ്വീകരിക്കുകയും വേണം. (തഫ്ഹീമുല്‍ ഖുര്‍ആന്‍: സൂറത്തുന്നൂര്‍, സൂറത്തുല്‍ അഹ്‌സാബ്)
ജാഹിലിയ്യാ കാലത്ത് സ്ത്രീകള്‍ ഒരുതരം വസ്ത്രംകൊണ്ട് തല മറയ്ക്കുകയും അതിന്റെ ബാക്കിഭാഗം പിറകിലേക്കുതന്നെ മടക്കിയിടുകയുമാണ് ചെയ്തിരുന്നത്. മുന്നിലാകട്ടെ, നെഞ്ചിന്റെ മേല്‍ഭാഗം തുറന്നു കിടന്നിരുന്നു. തന്മൂലം കഴുത്തും നെഞ്ചിന്റെ മുകള്‍ഭാഗവും നല്ലവണ്ണം വെളിപ്പെടുമായിരുന്നു. ഈ സൂക്തം അവതരിച്ചശേഷം മുസ്‌ലിംസ്ത്രീകളില്‍ മേല്‍പ്പുടവ നടപ്പായി.
ഇന്നത്തെ കുമാരികളെപ്പോലെ ചുരുട്ടി കഴുത്തിലിടാനല്ല; അതുകൊണ്ട് പുതച്ച് തലയും അരയും മാറും നല്ലവണ്ണം മറയ്ക്കാന്‍. ഖുര്‍ആനിന്റെ ഈ ശാസന ശ്രവിച്ച മാത്രയില്‍തന്നെ സത്യവിശ്വാസിനികളായ സ്ത്രീകള്‍ അത് ശ്രദ്ധിച്ചിരുന്നു. അവരെ അഭിനന്ദിച്ചുകൊണ്ട് ആഇശ(റ) പറയുന്നു: 'സൂറതുന്നൂര്‍ അവതരിച്ചപ്പോള്‍ നബി(സ)യില്‍ നിന്ന് കേട്ട് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിച്ചെന്ന് തങ്ങളുടെ ഭാര്യമാരെയും പെണ്‍കുട്ടികളെയും സഹോദരിമാരെയും പ്രസ്തുത സൂക്തങ്ങള്‍ കേള്‍പ്പിച്ചു. ശിരോവസ്ത്രം മാറിന് മീതെ താഴ്ത്തിയിടണം' എന്ന ആയത്തുകേട്ട് സ്വസ്ഥാനത്ത് അടങ്ങിയിരുന്ന ഒരു വനിതയും അന്‍സാറുകളില്‍ ഉണ്ടായിരുന്നില്ല. എല്ലാവരും എഴുന്നേറ്റ്, ചിലര്‍ തങ്ങളുടെ അരയിലെ വസ്ത്രങ്ങളും ചിലര്‍ തട്ടങ്ങളുമെടുത്ത് മക്കനയായുപയോഗിച്ചു. പിറ്റെ ദിവസം സുബ്ഹ് നമസ്‌കാരത്തിന് മസ്ജിദുന്നബവിയില്‍ വന്ന സ്ത്രീകളെല്ലാം മേല്‍പുടവകളുപയോഗിച്ചിരുന്നു. ഇവ്വിഷയകമായി വന്ന മറ്റൊരു നിവേദനത്തില്‍ ആഇശ (റ)യില്‍നിന്ന് ഈ വിവരണം കൂടിയുണ്ട്: '''സ്ത്രീകള്‍ നേരിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും അവകൊണ്ട് ഉത്തരീയങ്ങളുണ്ടാക്കുകയും ചെയ്തു.'' (ഇബ്‌നു കസീര്‍, അബൂദാവൂദ് , കിതാബുല്ലിബാസ്)
മക്കന നേരിയ തുണിയായിരിക്കരുത് എന്നത് ഈ നിയമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ചിന്തിക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണ്. അന്‍സാരി സ്ത്രീകള്‍ ഈ വിധി കേട്ടപാടെ ഏതു തരത്തിലുള്ള വസ്ത്രങ്ങളാണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കി. എന്നിരുന്നാലും, തിരുമേനി ആളുകളുടെ ഗ്രഹണശക്തിക്ക് വിട്ടുകൊടുക്കാതെ സ്വയം അത് വ്യക്തമാക്കുകയുണ്ടായി. ദിഹ്‌യത്തുല്‍ കല്‍ബി524 പറയുന്നു: ''നബിതിരുമേനിയുടെ അടുത്ത് ഈജിപ്തില്‍ നിര്‍മിക്കപ്പെട്ട നേര്‍ത്ത മല്‍മല്‍ കൊണ്ടുവന്നു. അതില്‍നിന്ന് ഒരു കഷ്ണം അവിടുന്ന് എനിക്ക് നല്‍കി. എന്നിട്ട് അതു മുറിച്ച് ഒരു കഷ്ണംകൊണ്ട് എനിക്ക് കുപ്പായം തുന്നാനും ഒരു കഷ്ണം എന്റെ ഭാര്യക്ക് മക്കന തുന്നാനും പറഞ്ഞു. ശരീരത്തിന്റെ ആകൃതി ഉള്ളിലൂടെ കാണാതിരിക്കാന്‍ അവളോട് അതിന്റെ ചുവട്ടില്‍ മറ്റൊരു വസ്ത്രവും അണിയണമെന്ന് പറയാന്‍കൂടി നിര്‍ദേശിക്കുകയുണ്ടായി.'' (അബൂദാവൂദ്, കിതാബുല്ലിബാസ്)
പൃഷ്ടഭാഗം, അരഭാഗം, സ്തനങ്ങള്‍ തുടങ്ങി വികാരോത്തേജകങ്ങളായ ശരീരഭാഗങ്ങള്‍ വ്യക്തമായി മനസ്സിലാകത്തക്ക വിധം പ്രകടമാവുകയും തെളിഞ്ഞു കാണുകയും ചെയ്യുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു. നബി(സ) പറഞ്ഞിരിക്കുന്നു: ''രണ്ട് വിഭാഗം നരകാവകാശികളാണ്. ആ രണ്ട് കൂട്ടരെയും ഞാന്‍ കണ്ടിട്ടില്ല. പശുവിന്റെ വാലുകള്‍ പോലുള്ള ചാട്ടവാറുകളുള്ള ഒരു ജനത, അവര്‍ അതുകൊണ്ട് ജനങ്ങളെ അടിക്കുന്നു. (ജനശത്രുക്കളായ മര്‍ദക ഭരണാധികാരികളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.) ഉടുത്ത നഗ്നകളായ, ആടിക്കുഴയുന്ന, അങ്ങോട്ടുമിങ്ങോട്ടും ചായുന്ന ഒട്ടകത്തിന്റെ പൂഞ്ഞകളെ പോലെ ചെരിയുന്ന തലയോടു കൂടിയ സ്ത്രീകള്‍, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്റെ വാസന കുറച്ചൊക്കെ ദൂരെ അനുഭവപ്പെടുന്നതാണ്.'' (മുസ്‌ലിം)
ഇവിടെ അവരെപ്പറ്റി വസ്ത്രം അണിഞ്ഞവരെന്ന് പറഞ്ഞിരിക്കുന്നു. അതോടൊപ്പം അവര്‍ നഗ്നകളുമാണ്. കാരണം, അവരുടെ ശരീരത്തില്‍ വസ്ത്രങ്ങളുണ്ട്. പക്ഷെ, അവയുടെ ധര്‍മമായ ശരീരം മറക്കല്‍ അവ നിര്‍വഹിക്കുന്നില്ല. ഇക്കാലത്ത് അധിക സ്ത്രീകളുടെയും വസ്ത്രം ഉള്ളിലുള്ളത് വ്യക്തമാക്കുന്ന വിധം നേരിയതും നിഴലിച്ചു കാണുന്നതുമാണ്.
അവരുടെ തലകളെ വലിയ പൂഞ്ഞകളോട് കൂടിയ ഒരുതരം ഒട്ടകത്തിനോടാണ് ഉപമിച്ചിരിക്കുന്നത്. തലയുടെ മദ്ധ്യത്തില്‍ തങ്ങളുടെ മുടി ഉയര്‍ത്തി വെക്കുന്നതിനാലാണിത്. സ്ത്രീകളുടെ മുടി നിരയൊപ്പിക്കാനും മോടി പിടിപ്പിക്കാനും രൂപഭംഗി വരുത്താനും ശ്രമിക്കുന്ന, വളരെ കൂടുതല്‍ പ്രതിഫലം വാങ്ങി പുരുഷന്മാര്‍ നിര്‍വഹിച്ചു കൊടുക്കുന്ന ഹെയര്‍ ഡ്രസ്സിംഗ് സലൂണുകളുടെയും സുന്ദരിയും മോഹിനിയും മനോഹരിയുമായിത്തീരാന്‍ കൂടുതല്‍ കേശമുണ്ടെന്ന് തോന്നിക്കാനായി, അല്ലാഹു പ്രകൃത്യാ നല്‍കിയ മുടികൊണ്ട് തൃപ്തിപ്പെടാതെ കൃതിമ മുടി വാങ്ങി അവ കൂടി സ്വന്തം മുടിയില്‍ ചേര്‍ത്ത് വെക്കുന്നതിന്റേതുമായ ഈ കാലഘട്ടത്തെ പ്രവാചകന്‍ (സ) അദൃശ്യതയുടെ പിന്നില്‍ നിന്ന് നോക്കിക്കണ്ടതുപോലെ തോന്നുന്നു.
സ്ത്രീയുടെ ഇസ്‌ലാമിക വസ്ത്രധാരണത്തിന്റെ സവിശേഷതകള്‍;
1. ശരീരം മുഴുവനും (മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍) മുടുക.
2. ഉള്ളിലുള്ളത് നിഴലിച്ച് കാണുകയും വ്യക്തമാവുകയും ചെയ്യാതിരിക്കുക.
നബി (സ) പറഞ്ഞിരിക്കുന്നു.'വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നവരും ആടിക്കുഴയുന്നവരും കൊഞ്ചിക്കുഴയുന്നവരുമായ സ്ത്രീകള്‍ നരകാവകാശികളില്‍ പെട്ടവരാണ്. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്റെ ഗന്ധം പോലും അനുഭവിക്കുകയില്ല. ബനൂതമീം ഗോത്രത്തില്‍പെട്ട ഏതാനും സ്ത്രീകള്‍ ആയിശ (റ) യുടെ അടുക്കല്‍ വന്നു. നേരിയ വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. അപ്പോള്‍ ആയിശ(റ) പറഞ്ഞു. ''നിങ്ങള്‍ സത്യവിശ്വാസിനികളെങ്കില്‍ ഇത് വിശ്വാസിനികളുടെ വസ്ത്രമല്ല.''
ഈയൊരു നിബന്ധന തങ്ങളുടെ പെണ്‍മക്കള്‍ക്ക് ഡ്രസ്സുകള്‍ വാങ്ങിക്കുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. നന്നെ ചെറിയ കുട്ടികളല്ല ഇവിടെ ഉദ്ദേശ്യം, മറിച്ച് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലെങ്കിലും കാമവെറിയന്മാരുടെ ശല്യത്തില്‍ നിന്ന് തങ്ങളുടെ മക്കളെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കുട്ടികളുടെ ഡ്രസ്സുകള്‍ അവരെ ശല്യപ്പെടുത്താത്തതായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നാണിപ്പിക്കുന്ന പലതരം വാര്‍ത്തകള്‍ നിത്യേന വായിച്ച് ആശങ്കപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. മാത്രമല്ല വസ്ത്രധാരണത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്ന വസ്ത്രധാരണ ശീലം ചെറുപ്പത്തിലേ ശീലിപ്പിക്കുന്നതും എന്തുകൊണ്ടും ഉത്തമമാണ്.
3. ശരീര വടിവ് മുഴച്ചു കാണുകയും ഭംഗി പ്രകടമാവുകയും ചെയ്യാതിരിക്കുക. വസ്ത്രം നിഴലിച്ച് കാണുന്നതും നേരിയതുമല്ലെങ്കിലും വികാരം ഇളക്കി വിടുകയും കാമാസക്തി ഉത്തേജിപ്പിക്കുകയും ചെയ്യുന്ന, സ്തനങ്ങള്‍, അരക്കെട്ട്, നിതംബം തുടങ്ങിയ ഭാഗങ്ങള്‍ വളരെ വ്യക്തമായി കാണിക്കുന്ന ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നവരും നഗ്നത കാണിക്കുന്ന വസ്ത്ര ധാരിണികളിലുള്‍പ്പെടുന്നു.
ഇന്ന് ഓരോ ദിവസവും വിപണിയില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന വസ്ത്രങ്ങളുടെ ഫാഷന്‍ രീതികള്‍, ഏറ്റവും സുരക്ഷിതം എന്ന് പറയപ്പെട്ടിരുന്ന പര്‍ദ, അപായ തുടങ്ങിയവയിലും കാണപ്പെടുന്നു. ഇതാകട്ടെ ശരീരഭാഗങ്ങള്‍ പരമാവധി മുഴപ്പിച്ച് കാണിക്കുന്ന രൂപത്തിലായിരിക്കുകയും ചെയ്യും.
ചുരിദാറാവട്ടെ വളരെ സുരക്ഷിതവും മാന്യവുമായ ഒരു വസ്ത്രമാണ് എന്നാല്‍ അതും സ്ലിറ്റുകള്‍ പരമാവധി മേലോട്ട് നീട്ടിയും നടക്കുമ്പോഴും കാറ്റു വീശുമ്പോഴും അരക്കെട്ട് പ്രകടമാവുകയും ചെയ്യുന്ന വിധത്തിലായിട്ടുണ്ട്. സാരി ഉടുക്കുന്ന സഹോദരിമാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ഇടുങ്ങിയതും വയറ് വെളിവാകുന്ന രൂപത്തില്‍ നീളം കുറഞ്ഞതുമായ ബ്ലൗസും ധരിക്കുമ്പോള്‍ പൂര്‍ണമായും മാറിലേക്ക് മക്കന താഴ്ത്തിയിടുകയും വയറ് വെളിവാകാത്ത രൂപത്തില്‍ സാരി ഉടുക്കുകയും ചെയ്യുക എന്നത്.
പുരുഷന്മാരെ ആകര്‍ഷിക്കാന്‍ എന്തെല്ലാം രീതികളാണോ വസ്ത്ര ഡിസൈനില്‍ ചെയ്യാന്‍ കഴിയുക അതെല്ലാം ചെയ്തുകൊണ്ടുള്ള മോഡലുകളായിരിക്കും പുതുതായി ഇറങ്ങുന്നവയില്‍ മിക്കതും. കാരണം സ്ത്രീകളുടെ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് പലപ്പോഴും പുരുഷന്മാരായിരിക്കും.
4. ഇക്കാലഘട്ടത്തില്‍ തെരഞ്ഞെടുക്കുന്നത് പാന്റ്‌സ് പോലെ പുരുഷന്മാര്‍ക്ക് പ്രത്യേകമായുള്ള വസ്ത്രങ്ങളാവാതിരിക്കുക. കാരണം സ്ത്രീകളോട് സാദൃശ്യം പുലര്‍ത്തുന്ന പുരുഷന്മാരെ ശപിച്ചത് പോലെത്തന്നെ പുരുഷന്മാരോട് സാദൃശ്യം പുലര്‍ത്തുന്ന സ്ത്രീകളെയും നബി(സ) ശപിച്ചിട്ടുണ്ട്. സ്ത്രീ പുരുഷന്റെയും പുരുഷന്‍ സ്ത്രീയുടെയും വസ്ത്രം ധരിക്കുന്നത് അവിടുന്ന് നിരോധിക്കുകയും ചെയ്തിരിക്കുന്നു.
എന്നാല്‍ അറബി രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി തയ്യാറാക്കപ്പെടുന്ന പാന്റ് മോഡലുകള്‍ കാണാറുണ്ട്. ഇന്തോനേഷ്യ പോലുള്ള നാടുകളിലെയും സഹോദരിമാര്‍ അത്തരം പാന്റ്‌സുകള്‍ അണിയാറുണ്ട്. അവയൊക്കെ നല്ല ഒതുക്കമായതും കാഴ്ചയില്‍ തന്നെ സ്ത്രീകളുടെ വസ്ത്രമാണെന്ന് ബോധ്യപ്പെടുന്നവയുമാണ്. പാന്റ്‌സ് എന്നതല്ല പ്രശ്‌നം.
5. വിഗ്രഹാരാധകര്‍, ജൂതന്മാര്‍, ക്രൈസ്തവര്‍ തുടങ്ങിയ അവിശ്വാസിനികള്‍ക്ക് പ്രത്യേകമായുള്ള വസ്ത്രമാവാതിരിക്കുക. രൂപത്തിലും ഭാവത്തിലും മുസ്‌ലിം സ്ത്രീ പുരുഷന്മാര്‍ക്ക് സ്വതന്ത്രവും സവിശേഷവുമായ വ്യക്തിത്വമുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഇസ്‌ലാമില്‍ അത്തരക്കാരുമായി സാദൃശ്യം പുലര്‍ത്തുന്നത് വിരോധിക്കപ്പെട്ട കാര്യമാണ്. അതുകൊണ്ടാണ് നിരവധി കാര്യങ്ങളില്‍ ഇസ്‌ലാം സത്യ നിഷേധികളുമായി ഭിന്നത പുലര്‍ത്താനാവശ്യപ്പെട്ടത്. നബി(സ) ഇങ്ങനെ പറഞ്ഞിരിക്കുന്നു. ആരെങ്കിലും ഒരു ജനതയുമായി സാദൃശ്യം പുലര്‍ത്തിയാല്‍ അയാള്‍ അവരില്‍ പെട്ടവനാണ്.'


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top