പ്രവാസക്കാഴ്ചയിലെ കാണാക്കാഴ്ചകള്‍

ഖാസിദ കലാം No image

നുഷ്യ ചിന്തകള്‍ക്ക് കടിഞ്ഞാണില്ല. അലക്ഷ്യമായി അടുക്കുംചിട്ടയുമില്ലാതെ അവയങ്ങനെ കുതിച്ചുകൊണ്ടിരിക്കും. ഉപജീവനം തേടിയുള്ള അവന്റെ യാത്രകളിലെ ചിന്തകള്‍ക്കാകട്ടെ തീക്ഷ്ണ സൗന്ദര്യമാണുള്ളത്. അക്ഷരങ്ങള്‍ കൂട്ടിനുണ്ടെങ്കില്‍ അതിന് മാറ്റ് കൂടും. അത്തരമൊരു വായനാസുഖം പകരുന്ന കൃതിയാണ് യത്തീമിന്റെ നാരങ്ങാമിഠായി.
അന്നം തേടി കടല്‍ കടന്നവന്റെ അനുഭവങ്ങള്‍ അക്ഷരങ്ങളാകുമ്പോള്‍ പുഴ തന്റെ നിതാന്തസാന്നിധ്യമായി ഒഴുകി പരക്കുന്ന അപൂര്‍വകാഴ്ച വരികളില്‍ തെളിഞ്ഞു കാണാം. കടലിനക്കരെയില്‍ തുടങ്ങി ഇങ്ങ് പുഴക്കക്കരെയില്‍ അവസാനിക്കുന്ന ഓര്‍മകളാണ് ഇതിലെ കുറിപ്പുകളില്‍ പലതും. പ്രവാസം തുടങ്ങുന്നതിനു മുമ്പുള്ള ഒരു ഗ്രാമത്തിന്റെ അവസ്ഥ, പ്രവാസം നാടിനെ മാറ്റിമറിച്ചതെങ്ങനെ, നാടിന്റെ സംസ്‌ക്കാരം മാറിമറിയുന്നതെങ്ങനെ എന്നൊക്കെ എഴുത്തുകാരന്‍ കുറിപ്പുകളില്‍ സൂചിപ്പിക്കുന്നുണ്ട്.
കുറിപ്പുകളില്‍ തെളിയുന്ന കുട്ടിക്കാലം ചിലര്‍ക്കെങ്കിലും തങ്ങളുടെ കുട്ടിക്കാലത്തെ തിരിച്ചു നല്‍കിയേക്കാം. മറ്റുചിലര്‍ക്കാകട്ടെ, കണ്ടു മറന്ന ഏതോ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകള്‍ ആയിരിക്കും ഓര്‍മയില്‍ വരിക. പുരകെട്ടല്‍, വെള്ളപ്പൊക്കങ്ങള്‍, ഓലപ്പുരയുടെ വിടവിലൂടെ വീട്ടിനകത്തെ വട്ടപ്പാത്രങ്ങളില്‍ വന്നു പതിക്കുന്ന മഴത്തുള്ളികളുടെ സംഗീതം, വെയില്‍കാലങ്ങളില്‍ വെളിച്ചപ്പൊട്ടുകളായി അകത്ത് ഒളിച്ചുകളിക്കുന്ന സൂര്യനെ കൈക്കുമ്പിളിലൊതുക്കാന്‍ പായുന്ന കുഞ്ഞിക്കൈകള്‍, വക്കുകീറിയ പായ, മധുരമില്ലാത്ത ചായക്ക് പലഹാരമായി ശര്‍ക്കര കടിച്ചുകൂട്ടിയത്, നാരങ്ങാമിഠായി, ജാതീയത, അയിത്തം...
പ്രവാസവും അതിജീവനും ഗൃഹാതുരമായ ഓര്‍മകളും ചേര്‍ന്ന കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം എന്ന് ഒറ്റ വായനയില്‍ വിലയിരുത്തപ്പെടുമെങ്കിലും അക്ഷരങ്ങളിലൂടെ തെളിയുന്നത് മറ്റൊരു ചിത്രമാണ്- കണ്ണീരിന്റെ നീര്‍ചാലുകള്‍ ഉണങ്ങിയിട്ടില്ലാത്ത കവിളുമായി ജീവിക്കുന്ന കുറേ പെണ്‍മുഖങ്ങള്‍... പതിമൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ കെട്ടാന്‍ വരുന്ന ചെറുക്കനെ സ്വപ്നം കണ്ട, നാല്‍പത്തിനാലാം വയസ്സിലും അവിവാഹിതയായി തുടരുന്ന ഉമ്മുസല്‍മ. ഏതു നാട്ടുകാരിയാണെന്നതിന് യാതൊരു രേഖയുമില്ലാതെ, അഞ്ചു മക്കളുമായി എന്തു ചെയ്യണമെന്നറിയാതെ പതിനെട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം പകച്ചു നില്‍ക്കുന്ന ഹൈദരാബാദിലെ പ്രാന്തങ്ങളിലെവിടെയോ ജനിച്ചുവളര്‍ന്ന റസിയ.
മൊബൈല്‍ ഫോണിലൂടെ എന്നും രാത്രി ഭര്‍ത്താവ് ജമാലുദ്ദീന്റെ ഉമ്മകള്‍ക്കായി കാത്തുകിടക്കുന്ന സഫിയ, വിശന്ന ശരീരവുമായി തനിക്കടുത്തു വരുന്ന പുരുഷന് വശംവദയായി നില്‍ക്കവെ, വിശക്കുന്നു, രണ്ടുദിവസമായി ഒന്നും കഴിച്ചിട്ടില്ല എന്നു പറയുന്ന പേരില്ലാത്ത ഇന്തോനേഷ്യന്‍ പെണ്‍കുട്ടി. വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിനിപ്പുറം ഒരുമിച്ച് ജീവിച്ചത് ഏഴുമാസവും 22 ദിവസവുമാണെന്ന ഓര്‍മയില്‍ ജീവിക്കുന്ന ആമിന. പ്രസവിച്ച് 36-ാം ദിവസം കുഞ്ഞിനെ ഉപേക്ഷിച്ച് റിയാദിലേക്ക് പറന്നിറങ്ങേണ്ടി വന്ന എലിസബത്ത്.
തനിക്ക് ഒരു നേരത്തെ മരുന്നിനും ഭക്ഷണത്തിനുമായി കടല്‍ കടന്ന മകന്‍, ഇഖാമയും പാസ്‌പോര്‍ട്ടും ഒരു നേരത്തെ ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുകയാണെന്ന് അറിയാതെ സര്‍ക്കാര്‍ ആശുപത്രിയിലെ ഇരുമ്പുകട്ടിലില്‍ കിടന്ന് മരണത്തെ പുല്‍കിയ നാഗമ്മ. കുട്ടിക്കാലങ്ങളില്‍ വലിയ പെട്ടികളുമായി വന്നു പോകുന്ന ഗള്‍ഫുകാരി ഉമ്മയെ കണ്ടതിനാല്‍ മനസ്സിന്റെ താളം തെറ്റിയ ഷൗക്കത്ത.് എതോ പിണക്കത്തിനു ശേഷം ഫൈനല്‍ എക്‌സിറ്റ് അടിച്ച് മറുനാട്ടുകാരിയായ ഉമ്മയെ ബാപ്പ കയറ്റിവിട്ടത് ഏതു നാട്ടിലേക്കാണെന്ന് അറിയാതെ, കാത്തിരിക്കുന്ന മുഹമ്മദ് സാലിഹ്... ഈ അനുഭവങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു സൗദി അറേബ്യന്‍ വനിതയായ ഫര്‍യല്‍ മസ്‌രിയുടെ ആത്മായനങ്ങളും പ്രവാസവും അടങ്ങിയ ജീവിതയാത്രകള്‍. ഒന്നരനൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാര്‍ നാടുകടത്തിയ മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ പിന്‍ഗാമികള്‍ തിരിച്ചുവരാന്‍ ഇവിടെ പലരും ആഗ്രഹിക്കുന്നില്ല എന്ന ഓര്‍മപ്പെടുത്തലാണ് 'മമ്പുറം തങ്ങന്മാര്‍ മടങ്ങിവരുമ്പോള്‍' എന്ന ലേഖനം.
ഒരു പ്രവാസിയുടെ ഓര്‍മക്കുറിപ്പുകള്‍ എന്നതിനേക്കാള്‍ ഈ സമാഹാരത്തിന്റെ പ്രസക്തി പ്രവാസത്തിന്റെ രാഷ്ട്രീയമാണ്, അതിജീവനത്തിന്റെ നിയോഗങ്ങളാണ് എന്ന് അവതാരകന്‍ പറയുന്നുണ്ടെങ്കിലും അതിലും വലിയ ചില നിയോഗങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട് ഈ പുസ്തകം. ദാരിദ്ര്യം വിധിക്കുന്ന ഏറ്റവും വലിയ ശിക്ഷ പട്ടിണിയല്ലെന്ന് ഉമ്മുസല്‍മയെ ഓര്‍ക്കുമ്പോഴൊക്കെ എഴുത്തുകാരന് തോന്നുന്നത് അതുകൊണ്ടാണ്. പാവപ്പെട്ട പെണ്‍കുട്ടികളുടെ മംഗല്യസ്വപ്നങ്ങളെ തല്ലിക്കൊഴിച്ചും ചുട്ടെരിച്ചും കളയുന്ന ക്രൂരമായ വിധിയാണ് ദാരിദ്ര്യം. പട്ടിണിയെ മുണ്ടു മുറുക്കിയുടുത്തു തോല്‍പ്പിക്കാന്‍ നോക്കാം. സ്വപ്നങ്ങള്‍ കരിഞ്ഞുവീണ മനസ്സിന്റെ ഭാരം താങ്ങി ഒരു പെണ്‍കുട്ടിക്ക് ജീവിക്കാന്‍ പറ്റില്ല.
ആരാണ് നമ്മുടെ പെണ്‍മക്കള്‍ക്ക് ഇത്തരം വിധികള്‍ നിശ്ചയിച്ചു നല്‍കുന്നത്? വാണിഭകേന്ദ്രങ്ങളില്‍ വിറ്റഴിക്കേണ്ട വില്‍പനച്ചരക്കായി പെണ്‍കുട്ടികള്‍ മാറാന്‍ തുടങ്ങിയത് എന്നാണ്? ചുമലിലെ ഭാരം തത്ക്കാലത്തേക്കെങ്കിലും ഒന്നൊഴിഞ്ഞു കിട്ടുമെങ്കില്‍ ഏതു കടലിനക്കരേക്കും അവരെ കപ്പലേറ്റി വിടാന്‍ നമുക്ക് നെഞ്ചുറയ്ക്കുന്നതെങ്ങനെയാണ്? ഒരു ജീവിതം കൊടുക്കേണ്ടി വരുമ്പോള്‍ മാത്രം എങ്ങനെയാണ് നമ്മള്‍ അവര്‍ക്കു മുന്നില്‍ വലിയ സംശയാലുക്കളായി മാറുന്നത്?
റേഷന്‍കടയിലെ ക്യൂവില്‍ നിന്നാണെങ്കില്‍ അടിയില്‍ കിടക്കുന്ന അവളുടെ കാര്‍ഡ് ക്രമം തെറ്റി മുകളിലെത്തും. പാല്‍സൊസൈറ്റിയിലാണെങ്കില്‍ അവളുടെ പാലില്‍ ഒളിച്ചിരിക്കുന്ന വെള്ളം പരാതികളില്ലാതെയളന്നു കിട്ടും. റോഡുപണിക്കിടയിലാണെങ്കില്‍ ഭാരിച്ച ജോലിയും വെയിലും അവളോടു മിണ്ടാതെ മാറി നടക്കും. പക്ഷേ, അണിഞ്ഞൊരുങ്ങി മുന്‍പേക്കാളും ഭംഗിയില്‍ ഒന്ന് ചുണ്ടില്‍ ചേര്‍ത്തുവെച്ചു തന്നെ പെണ്ണുകാണാന്‍ വരുന്നവര്‍ക്കിടയില്‍വെച്ചാണെങ്കില്‍ ഇല്ല, പുതുതായിട്ട് ഒന്നും സംഭവിക്കുന്നില്ല. എല്ലാം പഴയപടിത്തന്നെ.
അതെ... 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top