ദുനിയാവിലെ ഏറ്റവും സന്തോഷമുള്ള സ്ത്രീ

സല്‍വ കെ.പി No image

''ഞങ്ങളെ പെങ്കുട്ട്യക്കുംണ്ട് അഭിപ്രായും ആഗ്രഹും. ഓരെ കെട്ട്‌ണോര് ആരായിര്ക്കണംന്നും, എന്ത് ഉടുക്കണംന്നും എങ്ങനെ പെരുമാറണംന്നും ഒക്കെ. അതാണ് ഞങ്ങളാദ്യം നോക്കല്.'' മകളെപ്പോലെ അദബുള്ള (അടക്കവും ഒതുക്കവുമെന്ന് മലയാളം) പെണ്‍കെട്ടുകാരിയോട് ഇമ്മു തുടര്‍ന്നു. ''ആണ്ങ്ങള്‍ക്കൊക്കെ പ്പളും ആരും കാണാത്ത ആരും തൊടാത്ത പെണ്ണിനെ വേണംന്നായിരിക്കും പൂതി. അതുപോലെ പെങ്കുട്ട്യക്കുംണ്ടാവും... അതും നോക്കണം.''
ഇമ്മു സ്ത്രീ വാദിയൊന്നുമല്ല. ഒരു സാധാരണ വീട്ടമ്മ, 43 വയസ്സ്, നാല് കുട്ടികള്‍, പത്താം ക്ലാസ് കഴിഞ്ഞ് 2 വര്‍ഷം അറബിക്കോളേജില്‍ പഠിച്ചു. സദാ പുഞ്ചിരിയുള്ള മുഖം, നല്ല ഉയരം, പ്രിന്റുള്ള കോട്ടന്‍ ചുരിദാര്‍, തലവട്ടം ചുറ്റിയിട്ട തട്ടം കൈയിലും കാതിലും കഴുത്തിലുമൊക്കെ മൊഞ്ചുള്ള ആഭരണങ്ങള്‍, തിളങ്ങുന്ന കണ്ണില്‍ പച്ച സുറുമ. (പച്ച മാത്രമല്ല, നീല സുറുമയും ചുവപ്പ് സുറുമയുമെല്ലാം കാണുന്നത് തന്നെ ഇവിടെ വെച്ചാണ്) ഇത് ഇമ്മു അവരുടെ വീട്ടിലായിരിക്കുമ്പോഴുള്ള വേഷം. എന്റെ വീട്ടിലേക്കും പുറത്ത് മറ്റെവിടേക്കും അവര്‍ വരുന്നത് മറ്റൊരു വേഷത്തിലായിരിക്കും. കറുത്ത നീളന്‍ അബായക്ക് മുകളില്‍ കറുത്ത വലിയ മക്കന ധരിച്ചിട്ടുണ്ടാവും. അതിന് മുഖം മറക്കാന്‍ മൂന്ന് തട്ടുകളുള്ള നിഖാബ് ഉണ്ടായിരിക്കും. സ്ത്രീകള്‍ മാത്രമുള്ളിടത്ത് അവര്‍ മുഖം തുറന്നിടും. വാചാലയാവും. വിവാഹബന്ധം അനുവദനീയമായ പുരുഷന്മാരുള്ളിടത്ത് അവര്‍ മുഖം മറക്കും. അത്യാവശ്യത്തിന് സംസാരിക്കും. സ്ത്രീ പുരുഷന്മാര്‍ വല്ലാതെ ഇടപഴകുന്നിടം അവരൊഴിവാക്കും. വിനോദോപാധികള്‍ സെന്‍സര്‍ ചെയ്തുപയോഗിക്കും. ബസ്സ്, പാരന്റ്‌സ് മീറ്റിംഗ്, ടൂര്‍, ഷോപ്പിംഗ്... എല്ലാത്തിലും അവരുടെ വേഷം ഇതുതന്നെ. ഇതിനെ നിങ്ങള്‍ക്ക് 'അ'സ്വാതന്ത്ര്യമെന്നോ 'അ'സൗകര്യമെന്നോ വേറെയും ചില 'അ'കള്‍ ചേര്‍ത്തോ വിളിക്കാം. അപ്പോഴും ഇമ്മു പറയും, ''ഇനിക്ക് എപ്പളും തോന്നും. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ത്രീ ഞാനാണെന്ന്.'' അതിനവര്‍ക്ക് കാരണങ്ങളും ധാരാളം. ''ഇന്റെ വിശ്വാസം പോലെ ഇന്‍ക്ക് ജീവിക്കിം പെരുമാറിം ചെയ്യാം. ഇന്റെ ഭര്‍ത്താവും കുട്ട്യളും ചുറ്റുവട്ടും അതിന് സപ്പോര്‍ട്ടാണ്. ഞാന്‍ മനസ്സിലാക്ക്യത് ഇന്റെ എറ്റവും വല്ല്യ ഉത്തരവാദിത്തം കുടുംബത്തിനോടാണ്. നമ്മക്ക് എന്ത് ചെയ്യാനും റസൂലിന്റെ സുന്നത്തുണ്ട്. കുട്ടി ഗര്‍ഭത്തിലായത് മുതല്‍ വലുതാവുന്നതുവരെ റസൂലിന്റെ ചിട്ടകളും രീതികളും പരിശീലിപ്പിക്കാന്‍ കയ്യും. തബ്‌ലീഗ് ജമാഅത്ത്ന്നാണ് ഞാനത് പഠിക്ക്ണത്. പടച്ചോന് സ്തുതി. ഇന്നുവരെ മക്കളെ കാര്യത്തില് ഇന്‍ക്ക് സംതൃപ്തിണ്ട്.'' ഇമ്മുവിന് മൂന്ന്‌പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയും. മലബാറിലെ പ്രശസ്തമായ സി.ബി.എസ്.സി സ്‌കൂളില്‍ പഠിക്കുന്നു. പഠനത്തിലും കോ-കരിക്കുലറിലും മുന്‍പന്തിയിലായിരുന്ന മൂത്ത മകള്‍ ഏഴാം ക്ലാസ് കഴിഞ്ഞ വെക്കേഷനില്‍ ഖുര്‍ആന്‍ പഠിക്കാന്‍ പോയി. സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഖുര്‍ആനും അനുബന്ധങ്ങളും ആഴത്തില്‍ പഠിക്കുന്ന കോഴ്‌സ് തിരഞ്ഞെടുക്കാനായിരുന്നു പിന്നീടവള്‍ തീരുമാനിച്ചത്. ഇമ്മു അടക്കം വീട്ടുകാരും കുടുംബക്കാരും എതിര്‍ത്തു. പത്താംക്ലാസെങ്കിലും കഴിഞ്ഞില്ലെങ്കില്‍ മോശമാണ്. കല്ല്യാണം ശരിയാവുകയില്ല. സമൂഹത്തില്‍ ജീവിക്കാന്‍ പ്രയാസമാവും. എന്നൊക്കെയായിരുന്നു വാദങ്ങള്‍. പക്ഷേ അവള്‍ ഉറച്ചു തന്നെ. ഹാഫിളായ ഉടനെത്തന്നെ അവളുടെ വിവാഹവും കഴിഞ്ഞു. മൂന്ന് കുട്ടികളുള്ള അവള്‍ ആറുമാസം വരെ മുലപ്പാലല്ലാതെ മറ്റൊന്നും കൊടുക്കാറില്ല. എന്നിട്ടും അവള്‍ക്ക് പതിനേഴ് കുട്ടികള്‍ വേണമെന്നാണാഗ്രഹം. അതും ഒരാളുടെ മുലകുടി മാറുമ്പോഴേക്കും അടുത്തതിനെ പ്രസവിക്കണത്രെ. ചടുലയും വാചാലയുമായി ഖുര്‍ആന്‍ ആസ്വദിച്ച് ഉരുവിട്ടുകൊണ്ടേയിരിക്കുന്ന അവള്‍ക്ക് നാല് ഭാഷകള്‍ വഴങ്ങും. അനിയത്തിയും ഹാഫിളയാണ്. അഞ്ച് വര്‍ഷത്തെ 'ആലിം' കോഴ്‌സിന് പഠിക്കാനാണത്രെ ഇവളുടെ ആഗ്രഹം, തീരുമാനിച്ചിട്ടില്ല. തീരുമാനം വീട്ടുകാരൊരുമിച്ചിരിക്കുന്ന 'മശ്ഊറ'യില്‍ വെച്ചായിരിക്കും ഉണ്ടാവുക. എന്നും രാത്രി 'മശ്ഊറ' കൂടും. വീട്ടിലെ ഓരോരുത്തരും കാര്യങ്ങള്‍ പറയും. ഇഷ്ടവും ഇഷ്ടക്കേടുകളും, അനുഭവവും പരിഭവവുമെല്ലാം പങ്കുവെക്കും. ആശ്വാസവും അംഗീകാരവും വിട്ടുവീഴ്ചയും എല്ലാം ചേര്‍ന്ന് തീരുമാനങ്ങളുണ്ടാവും. ഒരുമിച്ച് പ്രാര്‍ഥിക്കും. തങ്ങളുടെ ഇഷ്ടത്തിന് എതിരായാലും ഈ തീരുമാനം എല്ലാവരും അംഗീകരിക്കും.
ഇമ്മു വെക്കേഷനുകളില്‍ കുട്ടികള്‍ക്ക് ഖുര്‍ആനും നബിചര്യയും പഠിപ്പിക്കാറുണ്ട്. മൂന്ന് പേര്‍ക്ക് തുടങ്ങിയത് മുപ്പതില്‍ എത്തി കഴിഞ്ഞ തവണ. അവര്‍ക്ക് സ്വന്തമായി വരുമാനമുണ്ട്. തന്റെ ചെറിയ വരുമാനവും ഭര്‍ത്താവിന്റെ വലിയ വരുമാനവും ഒരു പാത്രത്തില്‍ സൂക്ഷിക്കുകയും ആവശ്യത്തിന് ചെലവഴിക്കുകയും ചെയ്യുന്നു. പക്ഷേ, തന്റെ സ്വത്ത് വിറ്റ് മക്കളെ ഹജ്ജിന് കൊണ്ടുപോയപ്പോള്‍ ഭര്‍ത്താവ് അത് കോമ്പന്‍സേറ്റ് ചെയ്തു. അതിമധുരമാണ് അവര്‍ തമ്മിലുള്ള ബന്ധം. ''നിങ്ങളുടെ ആണ്‍കുട്ടികളില്‍ ഏറ്റവും നല്ലതിനെ കിട്ടിയത് ഇനിക്കാണെന്ന് ഞാനെപ്പോഴും അമ്മായിയമ്മനോട് പറ്യും. മൂപ്പരും പറ്യും.'' ദുനിയാവിലൊരു സ്വര്‍ഗണ്ടെങ്കില്‍ അതിനിക്ക് വീടാണ്. ഇവിടെ എത്തിയാലേ മനസ്സ് സ്വസ്ഥാവൂ; ഇതിനപ്പുറം ഒരുപെണ്ണിന് എന്താ വേണ്ട്യത്. ഹജ്ജുകേമ്പില്‍ സേവനത്തിനും തീര്‍ഥാടനങ്ങള്‍ക്കും പോകുമ്പോള്‍ വീടും കുട്ടികളെയും അദ്ദേഹം എറ്റെടുക്കും. വീട്ടുജോലിയില്‍ നന്നായി സഹായിക്കും. രണ്ടുപേരും തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുക്കാറുണ്ട്. നാല്‍പത് ദിവസം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരോടും പുരുഷന്മാര്‍ക്ക് ഭാര്യമാരോടും പെരുമാറേണ്ട രീതികളാണ് ഉപദേശിക്കുക. വിദൂരദേശങ്ങളില്‍ നടക്കുന്ന ജമാഅത്തുകള്‍ ഇമ്മുവിന് പരിശീലനം മാത്രമല്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും അവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടുന്നെല്ലാം സുഹൃത്തുക്കളുമുണ്ട്. ഇപ്പോള്‍ ഉര്‍ദുവും പഠിച്ചു. ഇതെല്ലാം അവരുടെ വീട്ടിലും കുട്ടികളിലും പ്രകടവുമാണ്. ഞങ്ങള്‍ക്ക് ഉച്ചഭക്ഷണം അവരുടെ വീട്ടിലായിരുന്നു. വലിയ 'ഷീനില്‍' (ഒന്നിലധികം പേര്‍ക്ക് ഒന്നിച്ചു തിന്നാവുന്ന തളിക) ചോറ്, ഒരു പാത്രത്തില്‍ കറി, മറ്റൊന്നില്‍ മീനും പപ്പടവും. ഞാനും സുഹൃത്തും ഇമ്മുവും മകനും മകളും അതിനു ചുറ്റുമിരുന്നു. മകള്‍ കറിയൊഴിച്ചു. ഇമ്മു: ''തുടങ്ങിക്കോളീം'' ഇമ്മു കുഴച്ചു. എല്ലാവരും അവരവരുടെ ഭാഗത്ത് നിന്നും കഴിച്ചു. ഒരു മീനെടുത്ത് ഷീനില്‍ വെച്ചു. ഓരോരുത്തരും ചെറിയ കഷ്ണങ്ങള്‍ നുള്ളിയെടുത്തു. അടുത്ത കഷ്ണം വെച്ചു. ഇടക്ക് പപ്പടമെടുക്കാന്‍ എന്റെയും ചെറിയ മകന്റെയും കൈകള്‍ ഒപ്പം നീണ്ടു. അവന്‍ കൈ പിന്‍വലിച്ചു, എനിക്ക് ശേഷം എടുത്തു. വീണ്ടും കറിയൊഴിച്ചു. ഒരാള്‍ കുഴക്കും എല്ലാവരും കഴിക്കും. അങ്ങനെ പാത്രം കാലിയാവുന്നതുവരെ വഴക്കത്തോടെ മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുത്ത് പാഴാക്കാതെ പങ്കുവെച്ച്... ''എന്തുചെയ്തിട്ടും തമ്മിലടി മാറാത്ത ഒരു ഗോത്രത്തോട് ഒരു പാത്രത്ത്ന്ന് തിന്നാനാണ് റസൂല്‍ പറഞ്ഞത്.'' അതിഥികളെ ആദരിക്കാന്‍, വലിയവരെ ബഹുമാനിക്കാന്‍, ദൈവനാമത്തില്‍ ആരംഭിക്കാന്‍, സ്തുതിച്ചുകൊണ്ടവസാനിപ്പിക്കാന്‍, ഭക്ഷണ മര്യാദകള്‍... തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ ഒറ്റയിരുപ്പില്‍ പഠിച്ചു. ''സാധാരണ നല്ലതും വല്ല്യതും ആണ്ങ്ങക്കായിരിക്കും വെളമ്പല്, ബാക്കി അട്യൂം പൊട്യും പെണ്ണ്ങ്ങക്കും. ഇങ്ങനാവുമ്പോ അതുണ്ടാവൂല, എല്ലാര്‍ക്കും ഒരുപോലെ കിട്ടും, മോറാനുള്ള പാത്രും കൊറ്യച്ചും'' ഇതാണോ റബ്ബേ ലിംഗ നീതി? അറിയില്ല, പക്ഷേ ഒരുകാര്യം ഉറപ്പായി. ഇമ്മു തന്നെയായിരിക്കും ദുനിയാവിലെ ഏറ്റവും സന്തോഷമുള്ള സ്ത്രീ.
ലോകത്തെമ്പാടുമുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് ഉത്തമ മാതൃകയായിട്ടല്ല ഇമ്മുവിനെ പരിചയപ്പെടുത്തുന്നത്. അത്തരമൊരു മാതൃക സാധ്യവുമല്ല. മുഖവും തലയും കാലും ഒക്കെ മറക്കുന്നവരും മറക്കാത്തവരും മുസ്‌ലിം സ്ത്രീകളിലുണ്ട്. കാലം, ദേശം, സംസ്‌കാരം, കാലാവസ്ഥ എന്നിവക്കൊത്ത് വ്യത്യാസപ്പെട്ടിരിക്കും മനുഷ്യന്‍. അതുകൊണ്ട് തന്നെ ഏതെങ്കിലും ചട്ടക്കൂടിനകത്തെ ഒരു വാര്‍പ്പ് മാതൃകയിലേക്കും മുസ്‌ലിം സ്ത്രീയെ ഒതുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ എക്കാലത്തും എവിടെയും ഇസ്‌ലാം ഭീഷണിയാണെന്ന പ്രചാരണത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിഹ്നമാണ് മതത്തിനകത്ത് (കറുത്ത വസ്ത്രത്തിനകത്ത്) അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീ. അതില്‍ തന്നെ അങ്ങേയറ്റം ഭീതിയും രോഷവും കലര്‍ത്തി അവതരിപ്പിക്കുന്ന രൂപമാണ് ഇമ്മുവിനെപ്പോലുള്ളവരുടേത്. തൊഴില്‍, വരുമാനം, സേവനപ്രവര്‍ത്തനം, സാമൂഹ്യ ഇടപെടലുകള്‍ തുടങ്ങി ഇന്ന് സ്ത്രീ പദവിയെ അളക്കുന്ന അളവുകോലുകള്‍ക്കൊന്നും വഴങ്ങുന്നതല്ല ഇമ്മുവിന്റെ ജീവിതം. ആ കണ്ണടകളിലൂടെ നോക്കിയാല്‍ മുഖം പോലും തുറന്നിടാന്‍ സ്വാതന്ത്ര്യമില്ലാത്ത വ്യക്തിത്വമില്ലാത്ത, പുരുഷമതത്തിന്റെ കീഴില്‍ വീര്‍പ്പുമുട്ടുന്ന, സ്വന്തമായി നിലനില്‍പ്പില്ലാത്ത ഒരു സ്ത്രീ ആയിരിക്കും ഇമ്മു. പക്ഷേ അവര്‍ക്ക് കിട്ടുന്നതുപോലുളള ആദരവും സംതൃപ്തിയും അനുഭവിക്കുന്നവര്‍ എത്രപേരുണ്ടായിരിക്കും? ഭക്തിയും കുടുംബവും ആത്മാവിഷ്‌കാരമായി മാറുന്ന ജീവിതത്തെ ഏത് പാത്രം കൊണ്ടാണ് നമുക്ക് അളക്കാനാവുക? സ്‌നേഹവും പൂരകത്വവും ഇഴയിടുന്ന കുടുംബങ്ങളില്‍ എവിടെയാണ് ആധിപത്യ വിധേയത്വ ബന്ധങ്ങള്‍ തിരയേണ്ടത്?

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top