സ്വന്തം മുറിയില്‍ നിന്നൊരു വിദേശ ടൂര്‍

സബിത ടീച്ചര്‍ No image

ഒരുപാട് സൗകര്യങ്ങളുടെ നടുവിലാണ് നാം. ഇനിയും ശാസ്ത്രം പുരോഗമിക്കും. ഒരുപാട് നേട്ടങ്ങളുണ്ടാകും. പ്രപഞ്ചത്തില്‍ പുരോഗതി എന്നത് മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്. ആയിരം വര്‍ഷം മുമ്പുള്ള കാക്കക്കും പുലിക്കും ജീവിത രീതികളില്‍ മാറ്റമില്ല. മനുഷ്യന്‍ എത്രമാത്രം മാറി! നമ്മുടെ ഓര്‍മകളില്‍ തന്നെ മനുഷ്യ വര്‍ഗത്തിന്റെ മാറ്റം അനുഭവ ഭേദ്യമാണ്. അരനൂറ്റാണ്ട് ഈ ഭൂമിയില്‍ ജീവിച്ച ഒരാള്‍ക്ക് തന്റെ കുലം പിന്നിട്ട നേട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ഏതു മേഖലയിലും മാറ്റം ദൃശ്യമാണ്. വിവര സാങ്കേതിക രംഗത്തും വാര്‍ത്താവിനിമയ രംഗത്തും ഭക്ഷ്യ രംഗത്തുമെല്ലാം ഇതു നാം അനുഭവിക്കുന്നു.
സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവര്‍ വിവര സാങ്കേതിക വിദ്യയെ എങ്ങനെയൊക്കെ ഗുണകരമായി ഉപയോഗിക്കുന്നു എന്ന് നോക്കാം. ഏതൊരു പ്രവര്‍ത്തനത്തിനും ഉപകരണത്തിനും ഗുണവും ദോഷവുമുണ്ട്. അതിന്റെ ഉപമ ഒരു കത്തി പോലെയാണ്. ഏത് സാങ്കേതിക വിദ്യയും ഗുണത്തിനും ദോഷത്തിനും എടുത്തുപയോഗിക്കാം. മതപ്രബോധന രംഗത്തുള്ളവര്‍ അബദ്ധവശാല്‍ പല സാങ്കേതിക വിദ്യയെയും അകറ്റി നിര്‍ത്തിയതായി കാണാം. അതിന്റെ കെടുതികള്‍ സമൂഹം മൊത്തത്തില്‍ അനുഭവിച്ചു എന്ന് പറയാതിരിക്കാനാവില്ല. ഉദാഹരണമായി സിനിമ. ഏറ്റവും ശക്തമായ ആ മാധ്യമത്തെ അകറ്റി നിര്‍ത്തിയതിനാല്‍ ആ ഇടം മൂല്യ ശോഷിതമായ ഇടമായി മാറി. ഇനി അതിനെ തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്നറിയില്ല. ചാനല്‍ പ്രളയം നാടിനെ നശിപ്പിച്ച് വെണ്ണീറാക്കിയപ്പോഴാണ് മതരംഗത്തുള്ളവരുടെ കണ്ണുതുറന്നത്. വിഭവവും ശക്തിയും വൈകി മാത്രമേ ലഭിച്ചുള്ളൂ എന്ന് കാരണം പറയാന്‍ നമുക്ക് സാധിച്ചേക്കാം. എന്നാലും നാമെല്ലാം പ്രതിഭാഗത്താണ്.
ഇവിടെയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെയും ഇന്റര്‍നെറ്റ് പോലുള്ള സംവിധാനങ്ങളുടെയും പ്രസക്തി. നാം മുന്‍ ചൊന്ന മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയ പോലെ അകറ്റി നിര്‍ത്തണോ അല്ല, അതുകൂടി ചേര്‍ത്തുപിടിച്ച് കൊണ്ട് നന്മയുടെ വ്യാപനത്തില്‍ പങ്കാളികളാകണോ എന്നതാണ് ചോദ്യം. തീര്‍ച്ചയായും രണ്ടാമത് പറഞ്ഞ കാര്യമാണ് നാം ചെയ്യേണ്ടത്. പക്ഷേ, അവിടെയും അതിരുകളും പരിധികളും സൂക്ഷിക്കുക എന്ന വലിയൊരു ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്.
കുതിച്ചുചാട്ടം എന്ന വാക്കിന് ഏറ്റവും പറ്റിയ സ്ഥലമാണ് വിവര സാങ്കേതിക വിദ്യ. വിജ്ഞാന സമ്പാദനത്തിന് വേണ്ടിയാണ് ഞാനീ മേഖലയെ തെരഞ്ഞടുത്തത്. എന്നാല്‍ അടുത്തറിഞ്ഞപ്പോഴാണ് നാം പ്രതീക്ഷിക്കുന്ന നന്മയുടെ സംസ്ഥാപനത്തിന് ഈ മാധ്യമം എത്രമാത്രം ഫലപ്രദമാണെന്ന് മനസ്സിലായത്. നൂറ് നൂറ് പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ പറയാന്‍ കഴിയും. ഇതൊരു മഹാ ലോകമാണ്. ഈ ലോകത്തില്‍ ശ്രദ്ധിച്ചു ചുവടുകള്‍ ഉറപ്പിച്ചു നിന്നാല്‍ ലോകം നമ്മുടെ 'വിരല്‍ത്തുമ്പില്‍' എന്നത് യാഥാര്‍ഥ്യമാകും. തീര്‍ത്തും ഗ്രാമപ്രദേശത്ത് ജീവിക്കുന്ന ഒരാള്‍ക്ക് വിശാലമായ ഭൂമിയുടെ ഏത് മേഖലയിലും സ്വന്തം മുറിയിലിരുന്ന് പോയിവരാമെന്ന വലിയൊരു നേട്ടം ഇന്റര്‍നെറ്റിനുണ്ട്. നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് മാങ്ങ മുറിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ കൈ മുറിയുമെന്ന് നമുക്കെല്ലാം അറിയാം. അത്തരമൊരു സൂക്ഷ്മത പാലിച്ചുകൊണ്ട് സാധ്യമാകുംവിധം മുന്നോട്ട് പോവുക.
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ അസംഖ്യമുണ്ട്. ധാര്‍മിക സദാചാര ജീവിതമാഗ്രഹിക്കുകയും സാഹചര്യങ്ങള്‍ തീര്‍ത്തും എതിരാവുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ഈ സംവിധാനം വളരെ ഉപകാരപ്രദമാണ്. ഇന്റര്‍നാഷണല്‍ തലത്തില്‍ ജപ്പാന്‍ മുതല്‍ പടിഞ്ഞാറോട്ട് ഒഹിയോ, കാലിഫോര്‍ണിയ വരെയുള്ള സുഹൃത്തുക്കള്‍ (എസ്.ഐ.ഒയുടെ പഴയ സുഹൃത്തുക്കള്‍) വാരാന്തയോഗം കൂടാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും അല്ലേ? ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന അവരുടെ യോഗത്തില്‍ പലപ്പോഴും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാവരും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍. ജപ്പാന്‍കാരന്‍ തറാവീഹിന് പോകാന്‍ സമയമായി എന്ന് പറയുമ്പോള്‍ പാരീസുകാരന് ചിലപ്പോള്‍ ഉച്ചയായിരിക്കും. എന്നാലും സ്വന്തം നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും കാതങ്ങള്‍ അകലെ കഴിയുന്നവര്‍ ഇങ്ങനെ ഒരുമിച്ചു കൂടി സ്‌നേഹം പങ്കിടുന്നത് ചില്ലറ കാര്യമല്ല. തങ്ങളുടെ ജനസേവന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ തീര്‍ച്ചയായും ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയും.
അനുഭവങ്ങള്‍
പലപ്പോഴും ആത്മസുഹൃത്തിന്റെയോ മൂത്ത സഹോദരിയുടെയോ മാതാവിന്റെയോ സ്ഥാനത്തിരുന്നുകൊണ്ട് ലോകത്തിന്റെ പല കോണുകളില്‍ ജീവിക്കുന്നവരുടെ സന്തോഷ സന്താപങ്ങളില്‍ പങ്കുചേരാന്‍ എനിക്ക് കഴിയാറുണ്ട്. മറ്റാരോടും പറയാന്‍ പറ്റാത്ത ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഈ കൊച്ചു പെട്ടിയിലൂടെ പരിഹാരമുണ്ടാക്കിക്കൊടുത്ത എത്രയോ അനുഭവങ്ങള്‍ എനിക്കുണ്ട്. മൂന്നാല് കൊല്ലമായി നല്ല നിലയില്‍ മാധ്യമത്തെ ഉപയോഗിക്കുകയും ഒരുപാട് നിഷ്‌കളങ്കരായ മനുഷ്യരെ കണ്ടുമുട്ടുകയും ലഭ്യമാകുന്ന വിജ്ഞാനങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന നല്ലൊരു സംഘം ഉണ്ടായിത്തീരുകയും ചെയ്യുക എന്നത് എന്നെപ്പോലുള്ള സാധാരണ സ്ത്രീയെ സംബന്ധിച്ച് സന്തോഷകരമാണ്. ഓരോ വ്യക്തിയും ഓരോ പ്രപഞ്ചമാണ്. അവരുടെ പ്രശ്‌നങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണ്. അതിനനുസരിച്ച് അവരോട് സംവദിക്കുവാനും ഇടപെടാനും സാധിക്കുക എന്നത് വലിയ കാര്യമാണ്.
2011-ജനുവരി 26-ന്റെ ഈജിപ്ഷ്യന്‍ വിപ്ലവം വിജയം കണ്ട ആ വെള്ളിയാഴ്ച ബഹുമാന്യനായ ഡോ: യൂസുഫുല്‍ ഖര്‍ദാവി തഹ്‌രീര്‍ സ്‌ക്വയറില്‍ ചെയ്ത ജുമുഅഃ ഖുതുബ ശനിയാഴ്ച കാലത്ത് വിവര്‍ത്തനം ചെയ്ത് തണല്‍ എന്ന എന്റെ ബ്ലോഗിലിടാന്‍ സാധിച്ചത് ഏറ്റവും അഭിമാനാര്‍ഹമായ കാര്യമായി ഞാന്‍ മനസ്സിലാക്കുന്നു. 'എനിക്കാ കൈകള്‍ മുത്തണം' എന്നാണ് ആ പോസ്റ്റിന്റെ തലക്കെട്ട്. ലോകത്തിന്റെ നാനാ ഭാഗത്തുള്ള മലയാളികള്‍ ആ ലേഖനം വായിക്കുകയുണ്ടായി. വിപ്ലവത്തെ ഞാന്‍ ശരിക്കും നിരീക്ഷിച്ചിരുന്നു. അതോടനുബന്ധിച്ച് ധാരാളം ലേഖനങ്ങള്‍ ചൂടാറാതെ വായനക്കാര്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇടക്ക് അറബിയിലും എഴുതുമ്പോള്‍ പലയിടങ്ങളിലുള്ള അറബി സുഹൃത്തുക്കള്‍ സന്തോഷപൂര്‍വം മറുപടി അയക്കാറുണ്ട്. നമ്മുടെ മുന്‍ പ്രസിഡണ്ട് എ.പി.ജെ അബുല്‍ കലാമിനെ പറ്റി അറബിയിലെഴുതിയ ലേഖനം പല അറബി സുഹൃത്തുക്കള്‍ക്കും പുതിയ അനുഭവമായിരുന്നു.
തണല്‍ എന്ന എന്റെ ബ്ലോഗില്‍ 'എന്റെ സ്‌കൂള്‍' എന്ന പേരില്‍ ഞാനൊരു ലേഖനമെഴുതിയിരുന്നു. അകാലത്തില്‍ വിധവയായ ഒരധ്യാപിക ജോലിചെയ്യുന്ന വിദ്യാലയത്തിലെ അധ്യാപകന്‍ ആ പോസ്റ്റ് വായിച്ചു. എന്നിട്ടദ്ദേഹം തന്റെ സ്‌കൂളിലെ വിധവയായ അധ്യാപികയുടെ നമ്പര്‍ തന്നു. വളരെ അധികം തവണ ഫോണിലൂടെ സംസാരിക്കുകയും അവരീലോകത്ത് ഒറ്റക്കല്ല, പ്രയാസങ്ങളില്‍ അനുകമ്പാപൂര്‍വം പെരുമാറാന്‍ ലോകത്തിന്റെ പല ഭാഗത്തും സുഹൃത്തുക്കളുണ്ടെന്നും ബോധ്യപ്പെടുത്താനും സാധാരണ ജീവിതത്തിലേക്ക് ഒരു പരിധിവരെ അവരെ തിരിച്ചുകൊണ്ടുവരാനും കഴിയുകയുണ്ടായി.
കത്തുകള്‍, ഫോട്ടോകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ സുഹൃത്തുക്കള്‍ക്കയക്കാന്‍ വളരെയേറെ ഉപകാരപ്പെടുന്ന സംവിധാനമാണ് 'ജി മെയില്‍'. പഴയ പോലെ പോസ്റ്റോഫീസില്‍ പോയി സ്റ്റാമ്പോ കവറോ വാങ്ങി എഴുതി അയക്കേണ്ട ആവശ്യമില്ല. ഞൊടിയിടയില്‍ വിലാസക്കാരന് സന്ദേശമെത്തിക്കാന്‍ ലോകം വളര്‍ന്നിരിക്കെ എന്തിനാണ് പ്രബോധനപ്രവര്‍ത്തകര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നത്? എത്രയോ ജി.മെയില്‍ സന്ദേശങ്ങള്‍ പല ജീവിതങ്ങള്‍ക്കും പച്ചപ്പ് കൊടുത്തതായി എനിക്കറിയാം. ഒരിക്കല്‍ ഒരു പെണ്‍കുട്ടി തന്റെ സുഹൃത്തിന് വേണ്ടി ഇങ്ങനെ എഴുതി. 'ടീച്ചര്‍ ഞങ്ങളൊരു പ്രതിസന്ധിയിലാണ്. വിവാഹത്തിന് മുമ്പുണ്ടായിരുന്ന ഒരു ബന്ധം എന്റെ സുഹൃത്ത് ഭര്‍ത്താവിനോട് പറഞ്ഞതിന്റെ പേരില്‍ അവളുടെ ജീവിതം ആകെ തുലാസിലാടുകയാണ്. ടീച്ചറുടെ ലേഖനങ്ങള്‍ ഞാനവള്‍ക്ക് പെന്‍ഡ്രൈവിലാക്കി വായിക്കാന്‍ കൊടുക്കാറുണ്ട്. (ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ലത്രെ) എന്തെങ്കിലും പരിഹാരം തേടാന്‍ അവളാഗ്രഹിക്കുന്നു. ഖുര്‍ആനും ഹദീസും വെച്ച് ജീവിതത്തില്‍ പാലിക്കേണ്ട പരിധികളും മറ്റും സ്‌നേഹപൂര്‍വം വിശദീകരിച്ച് ഒന്ന് രണ്ട് കത്ത് ഞാനവര്‍ക്ക് എഴുതി. വളരെ സമാധാനപരമായിരുന്നു മറുപടി. നമ്മുടെ കുട്ടികള്‍ പലപ്പോഴും ചെന്നുചാടാറുള്ള സംഘര്‍ഷങ്ങളില്‍ പരിഹാരമില്ലാതെ ഉഴറുമ്പോള്‍ തീര്‍ച്ചയായും ഈ 'കൊച്ചു പെട്ടി' കരുത്തുറ്റ ഒരു സംരക്ഷണമായി മാറാറുണ്ട്.
മറ്റൊരു നെറ്റ്‌വര്‍ക്കാണ് ബൈലക്‌സ് മെസഞ്ചര്‍. അതില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും ഏത് ക്ലാസ്‌റൂമുകളിലും കയറുകയും സംസാരിക്കുകയും ചെയ്യാം. ആളുകള്‍ വെടിപറയുമ്പോള്‍ നമുക്കെന്തേ നമ്മുടെ കൈയിലുള്ള വെളിച്ചം ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചു കൂടാ? വ്യക്തിതല സംഭാഷണത്തിനും സംസ്‌കരണത്തിനുമുള്ള വലിയൊരിടമാണിത്. തികഞ്ഞ സാധ്യതയുള്ള അവിടെ ജീവന്‍രക്ഷാ പ്രവര്‍ത്തകരുടെ റോളാണ് സത്യത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ളത്. ചെളിയില്‍ ആണ്ടുപോകുന്ന ആളെ ചെളിയിലിറങ്ങാതെ പൊക്കിയെടുക്കാനാവില്ല. വഴിതെറ്റിപ്പോകുന്നു എന്നാക്രോശിക്കാതെ നേരെ ചെന്ന് സ്‌നേഹപൂര്‍വം കൈപിടിക്കുന്നവനല്ലേ യഥാര്‍ഥ സുഹൃത്ത്? മുഖം കാണാതെ എല്ലാം തുറന്ന് പറയാന്‍ കഴിയുന്നു എന്ന ഗുണവും ഇതിനുണ്ട്. ബൈലക്‌സില്‍ ഞാന്‍ സ്ഥിരമായി അരമണിക്കൂര്‍ വീതം ഖുര്‍ആന്‍ ക്ലാസ്സെടുത്തിരുന്നു. 'സൂറത്തു യൂസുഫ്, ശുഅറാഅ്' തുടങ്ങിയവയായിരുന്നു എടുത്തിരുന്നത്. ജീവിതത്തിലെ ഏറ്റവും വലുതും ഏകവുമായ ആഗ്രഹം ഖുര്‍ആന്‍ പഠനങ്ങളാണ്. പണികളെല്ലാം കഴിഞ്ഞ് അരമണിക്കൂര്‍ അതിന് വേണ്ടി സമയം കണ്ടെത്തുക എന്നത് സ്ത്രീകളെ സംബന്ധിച്ച് എത്രമാത്രം ഫലപ്രദമാണ്. ഐ.പി.എച്ച് ഇറക്കിയ 'നൈലിന്റെയും ഒലീവിന്റെയും നാട്ടിലൂടെ' എന്ന എന്റെ യാത്രാ വിവരണം ഫലസ്തീന്‍, ഈജിപ്ത് യാത്ര കഴിഞ്ഞ ഉടന്‍ ഇന്റര്‍നെറ്റിലൂടെ സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്തുകളാണ്.
നെറ്റിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളില്‍ തികച്ചും വ്യത്യസ്ത ആശയ ആദര്‍ശക്കാരുണ്ട്. അവരുടെ ആശയങ്ങളെ മനസ്സിലാക്കാനും മാന്യമായും വിശാലതയോടെയും പെരുമാറാനും സാധിക്കാറുണ്ട്. വിമര്‍ശനത്തിലൂടെ നമ്മെ പരിചയപ്പെട്ട പലരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മേന്മ എടുത്തു പറഞ്ഞ ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സൗമ്യയുടെ കൊലപാതകത്തോടനുബന്ധിച്ച് ബൈലക്‌സ് റൂമില്‍ ഒരു ചര്‍ച്ചയുണ്ടായിരുന്നു. ചില കാര്യങ്ങള്‍ അതിലൂടെ ഞാന്‍ സംസാരിക്കുകയുണ്ടായി. ഇതുകേട്ട് ദീര്‍ഘ കാലമായി ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി ഡോക്ടര്‍ (അദ്ദേഹം അവിടെ വരുന്നത് മലയാളം കേള്‍ക്കാനും സംസാരിക്കാനുമാണ്) എന്നെ വിളിച്ച് ഒരു മുസ്‌ലിം സ്ത്രീ ഇത്ര ശക്തമായി പറഞ്ഞത് തന്നെ സന്തോഷിപ്പിച്ചെന്ന് പറയുകയുണ്ടായി. തികഞ്ഞ യുക്തിവാദിയായ അദ്ദേഹം നാട്ടില്‍ വന്നപ്പോള്‍ എന്റെ വീട്ടില്‍ വരികയും ദീര്‍ഘമായി സംസാരിക്കുകയും ചെയ്തു. സാമൂഹ്യ സേവന രംഗത്തെ അന്താരാഷ്ട്ര വ്യക്തിത്വങ്ങളാണ് അദ്ദേഹത്തിന്റെ മക്കള്‍. സോമാലിയ, ഹെര്‍സഗോവിന, ജപ്പാന്‍, എന്നിവിടങ്ങളില്‍ ഉണ്ടായ വര്‍ഗീയ ലഹളകളിലും പ്രകൃതി ദുരന്തങ്ങളിലും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ആ കുടുംബം മൊത്തത്തില്‍ ചെയ്യുന്ന സേവനങ്ങള്‍ കേട്ടാല്‍ നാം അത്ഭുതപ്പെട്ടു പോകും. തെയിംസ് നദിയുടെ മുകളില്‍ കയറി തൂങ്ങി സഞ്ചരിക്കുക, ആഫ്രിക്കയുടെ കിളിമഞ്ചാരോ കൊടുമുടിയില്‍ കയറുക എന്നീ സാഹസികമായ പരിപാടികളിലൂടെ തുക സമാഹരിക്കുകയും, അവര്‍ നേരിട്ട് ദുരന്ത ബാധിത പ്രദേശങ്ങളില്‍ പോയി മാസങ്ങള്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ആ മലയാളി കുടുംബം ചെയ്യുന്ന സേവനം എത്ര മഹത്തരമാണ്.
ഇതോടൊപ്പം ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. പ്രകോപനപരമായ പോസ്റ്റുകള്‍ കണ്ടാല്‍ മിണ്ടാതിരിക്കുക. പ്രകോപിപ്പിക്കുക എന്നത് ഒരു തന്ത്രമാണെന്ന് പറയപ്പെടുന്നു. നമ്മള്‍ അതിനോട് പ്രതികരിക്കുന്നതിലൂടെ നമ്മുടെ സുഹൃത്തുക്കളുടെയും അവിടെ നിന്ന് അവരുടെ സുഹൃത്തുക്കളുടെയും ഐ.ഡികളിലേക്ക് എത്തിപ്പെടുകയും പ്രകോപിപ്പിച്ച പോസ്റ്റ് ധാരാളം കൈകളിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് സൂക്ഷിക്കേണ്ടതാണ്. ഇന്റര്‍നെറ്റില്‍ രഹസ്യമെന്നതില്ല. ഇതും മനസ്സിലാക്കുക. അതിലും എത്രയോ സുരക്ഷിതമാണ് നാം ഇന്‍ലന്റിലോ കാര്‍ഡിലോ അയക്കുന്ന സന്ദേശം.
മഹത്തായ ഒരു സംവിധാനത്തെ മറ്റെല്ലാ സംവിധാനങ്ങളെയും പോലെ നന്മക്കും ധര്‍മത്തിനും വേണ്ടി എടുത്തുപയോഗിക്കുകയും കുടുംബം, സമൂഹം എന്നിവയോടുള്ള സന്തുലനം പാലിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യണം. വേറിട്ട രീതികളെ ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് പ്രയാസമാണ്. അതിനാല്‍, ഏത് കാര്യവും ചെയ്യുന്നവര്‍ക്കും ആദ്യം ഏല്‍ക്കേണ്ടിവരിക പരിഹാസവും സംശയവുമായിരിക്കും. അത് അവഗണിച്ചുകൊണ്ട് ഈ ആയുധത്തെ നന്മക്ക് വേണ്ടി എടുത്ത് അണിയുക. തിന്മയാണെന്ന് സംശയം തോന്നിയാല്‍ ഉപേക്ഷിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top