മൊബൈല്‍ ഫോണ്‍ ആരോഗ്യ വിചാരങ്ങള്‍

ടി.കെ. യൂസുഫ് No image

മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ആഗോള തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒട്ടുമിക്ക വൈദ്യശാസ്ത്ര പഠനങ്ങളും ഇതിന്റെ ദൂഷ്യഫലങ്ങള്‍ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ വിപത്തുകളെക്കുറിച്ചുളള ഗവേഷണഫലങ്ങള്‍ അതിശയോക്തി നിറഞ്ഞതും ശാസ്ത്രീയ പിന്‍ബലമില്ലാത്തതെന്നുമാണ് ചിലരുടെ അഭിപ്രായം. ഗവേഷണ ഫലങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടാകാനുളള പ്രധാന കാരണം പരീക്ഷണം ചില ജീവികളില്‍ നടത്തുന്നത് കൊണ്ടോ അല്ലെങ്കില്‍ പഠന ഗവേഷണങ്ങള്‍ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ചെലവില്‍ ആവുകയോ ചെയ്യുന്നതുകൊണ്ടാണ്. ബ്രിട്ടണിലെ നാഷണല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഏറ്റവും പുതിയ പഠനങ്ങളില്‍ വ്യത്യസ്ത കമ്പനികളുടെ ഹാന്റ് സെറ്റുകള്‍ വിവിധ തരത്തിലുളള സ്വാധീനമാണ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹാന്‍ഡ് സെറ്റിലെ ആന്റിനയുടെ രൂപവും നിര്‍ണായകമാണ്. ഉയര്‍ന്ന ആന്റിനയുളള സെറ്റുകള്‍ താരതമ്യേന ദോഷം കുറഞ്ഞവയാണ്.
സെല്‍ഫോണുകളെ മിനി പ്രസരണ സ്റ്റേഷനുകളെന്ന് വിശേഷിപ്പിക്കാം. വൈദ്യുത കാന്തിക തരംഗങ്ങള്‍ അയക്കുകയും സ്വീകരിക്കുകയുമാണ് അത് ചെയ്യുന്നത്. അതിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രസാരണം വളരെ അനിവാര്യമാണ്. മൈക്രോ വേവ് ഗണത്തില്‍ പെട്ട ഇതിന്റെ തരംഗങ്ങള്‍ മനുഷ്യ ശരീരത്തിലെ കോര്‍ട്ടിസോണ്‍ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ടെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഹെന്റി ലീയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ മനുഷ്യന്റെ ആന്തരിക സമ്മര്‍ദത്തിന് കാരണമാകുന്ന വേദനകള്‍, അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ധനവ് എന്നിവയാണ് ശരീരത്തില്‍ ഈ ഹോര്‍മോണ്‍ ഉത്പാദനത്തിന് കാരണമായിത്തീരാറുളളത്.
മനുഷ്യ മസ്തിഷ്‌കത്തില്‍ നടക്കുന്ന വൈദ്യുത രാസ പ്രവര്‍ത്തനത്തില്‍ വ്യതിയാനമുണ്ടാക്കാന്‍ മൊബൈല്‍ തരംഗങ്ങള്‍ക്ക് കഴിയും എന്നത് സംശയാതീതമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. പല കമ്പനികളും അതീവ ബൗദ്ധിക ശ്രദ്ധയും മാനസിക സാന്നിധ്യവും ആവശ്യമുളള ജോലി ചെയ്യുന്ന അവരുടെ ജീവനക്കാരെ ജോലിക്കിടയില്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കാറുണ്ട്. ദീര്‍ഘസമയം മൊബൈല്‍ തരംഗങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന ശരീരഭാഗങ്ങളിലെ നാഡീ സംവേദനം മന്ദഗതിയിലാകുകയും തന്മൂലം ജോലിക്കാരുടെ സൂക്ഷ്മതയും കാര്യക്ഷമതയും കുറയുകയും ചെയ്യും.
മൊബൈല്‍ ഫോണില്‍ ഇരുപത് മിനിറ്റിലധികം സംസാരിക്കുന്നവര്‍ക്ക് തലച്ചോറിന് കാന്‍സര്‍ ബാധിക്കാനുളള സാധ്യത വളരെ കൂടുതലാണ്. ബ്രിട്ടണിലെ നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡേവിഡ് ബാമിറോയുടെ കീഴിലുളള ശാസ്ത്ര സംഘം മൊബൈല്‍ തരംഗങ്ങള്‍ ചില പുഴുക്കളുടെ ശരീരത്തിലുണ്ടാക്കുന്ന സ്വാധീനം പഠന വിധേയമാക്കിയപ്പോള്‍ ഇവയുടെ ശാരീരിക വളര്‍ച്ച ഇതര പുഴുക്കളെ അപേക്ഷിച്ച് അമ്പത് ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. മൊബൈല്‍ തരംഗങ്ങള്‍ കോശവിഭജനത്തിനും തന്മൂലം കാന്‍സറിനും കാരണമാകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മൊബൈല്‍ തരംഗങ്ങളെ അത്ര നിസ്സാരമായി ഗണിക്കേണ്ടതില്ല എന്നാണ് വികിരണങ്ങള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഫിന്‍ലാന്റിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇവരുടെ പരീക്ഷണ ഫലം മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് അത്ര സന്തോഷകരമായ ഒന്നല്ല. മനുഷ്യശരീരത്തിലെ കോശങ്ങളിലെ പ്രോട്ടീന്‍ വ്യവസ്ഥയുടെ താളം തെറ്റിക്കാന്‍ മൊബൈല്‍ വികിരണം കാരണമാകുകയും കോശങ്ങളുടെ പ്രവര്‍ത്തനത്തിനും കാര്യക്ഷമതക്കും മങ്ങലേല്‍പിക്കുകയും ചെയ്യുന്നു. കോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുക മാത്രമല്ല കോശഘടനക്ക് ഒരു പിരിമുറുക്കമുണ്ടാക്കുകയും തന്മൂലം മുഴകള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ശരീരത്തിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് തലച്ചോറിലെ കോശങ്ങള്‍ക്കാണ് ഈ വിപത്ത് കാര്യമായി ബാധിക്കാനിടയുളളത്. മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് തനിക്ക് തലച്ചോറില്‍ മുഴയുണ്ടാകാന്‍ കാരണമായതെന്ന് പറഞ്ഞ് ഒരു വ്യക്തി സെല്‍ഫോണ്‍ കമ്പനിക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത സംഭവവും അമേരിക്കയിലുണ്ടായിട്ടുണ്ട്.
ഇയര്‍ ഫോണ്‍ കൂടുതല്‍ അപകടം.
മൊബൈല്‍ ഫോണില്‍ നിന്ന് പ്രസരിക്കുന്ന വികിരണത്തിന്റെ ശക്തി കുറക്കാന്‍ വേണ്ടി ചിലര്‍ സംസാരിക്കുന്ന സമയത്ത് ഹെഡ് സെറ്റ് അല്ലെങ്കില്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ഫോണില്‍ നിന്ന് ശരീരത്തിലേക്ക് ബാധിക്കുന്ന റേഡിയേഷന്റെ അളവ് കുറക്കുകയല്ല. മറിച്ച് കുറച്ച് കൂടി അധികരിപ്പിക്കുകയാണ് ചെയ്യുന്നത്. കാതുകളില്‍ ഇയര്‍ ഫോണ്‍ ഘടിപ്പിച്ച് കൊണ്ട് മൊബൈലില്‍ സംസാരിക്കുന്നവര്‍ക്ക് അതിന്റെ ദൂഷ്യങ്ങള്‍ ഏല്‍ക്കാതിരിക്കുകയല്ല അത് മൂലമുളള അപകടം മൂന്നിരട്ടിയോളം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സുരക്ഷിത മാര്‍ഗം എന്ന നിലക്കാണ് ചില കമ്പനികളും ആളുകളും ഇയര്‍ ഫോണിനെ പരിചയപ്പെടുത്താറുളളത്. അതുകൊണ്ട് തന്നെ അധികസമയം മൊബൈലില്‍ സംസാരിക്കുന്നവര്‍ കാതുകളില്‍ ഇത് ഘടിപ്പിച്ചു കൊണ്ടാണ് യാത്ര ചെയ്യുകയും സംസാരിക്കുകയും ചെയ്യാറുളളത്. എന്നാല്‍ ഫോണ്‍ കൈയില്‍ പിടിച്ച് സംസാരിക്കുന്നതിലെ അസൗകര്യം ഇല്ലാതാകും എന്നല്ലാതെ ആത്യന്തികമായി ഇത് ശരീരത്തിന് ഏല്‍ക്കുന്ന വികിരണത്തില്‍ നിന്നും യാതൊരുവിധ സംരക്ഷണവും നല്‍കുന്നില്ല.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ആരോഗ്യ സുരക്ഷക്ക് ആകെ ചെയ്യാന്‍ കഴിയുന്ന കാര്യം സാധ്യമായത്ര അതിന്റെ ഉപയോഗം കുറക്കുക എന്നതാണ്. കുട്ടികളെ ഇതിന്റെ ഉപയോഗത്തില്‍ നിന്നും തീര്‍ത്തും വിലക്കുന്നതായിരിക്കും ഉത്തമം.
1. മൊബൈലില്‍ സംസാരിക്കാത്ത സമയത്ത് ഇയര്‍ ഫോണ്‍ ചെവിയില്‍ നിന്ന് ഒഴിവാക്കുക. ഹാന്‍ഡ് സെറ്റിന്റെ ആന്റിനയുടെ ‘ഭാഗം സാധ്യമായത്ര ശരീരത്തില്‍ തട്ടാതിരിക്കാന്‍ ശ്രമിക്കുക. അനിവാര്യ ഘട്ടങ്ങളില്‍ കീപാഡിന്റെ ‘ഭാഗം മേനിയില്‍ തട്ടുന്നവിധം വെക്കുക.
2. ഉപയോഗ സമയം പരമാവധി കുറക്കുക. തലച്ചോറിലെ സ്വാഭാവിക വൈദ്യുത പ്രവര്‍ത്തനത്തിന് മാറ്റം വരുത്താന്‍ കേവലം രണ്ട് മിനുട്ട് ദൈര്‍ഘ്യമുളള കോള്‍ തന്നെ മതിയാകും. അനാവശ്യമായ ദീര്‍ഘസംസാരം ആത്മഹത്യക്ക് സമാനമാണ്. ആവശ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ആവശ്യമാണെങ്കില്‍ ആവശ്യത്തിന് മാത്രം സംസാരിക്കുക എന്ന നയമാണ് ഈ രംഗത്ത് ആരോഗ്യകരം. ദീര്‍ഘമായ സംസാരത്തിന് ലാന്റ് ലൈന്‍ ഉപയോഗിക്കുകയാണ് ഉചിതം. മൊബൈലിലെ സംസാര സമയം ഒരു മിനുട്ടില്‍ പരിമിതപ്പെടുത്തുകയും ഒരു ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ സംസാരിക്കാതിരിക്കുകയുമാണെങ്കില്‍ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടാകുകയില്ല. കോളുകള്‍ അറ്റന്റു ചെയ്യാന്‍ പറ്റാത്ത മീറ്റിംഗ്, പ്രാര്‍ത്ഥന, അധ്യയനം തുടങ്ങിയ വേളകളില്‍ സൈലന്റാക്കുന്നതിന് പകരം സ്വിച്ച് ഓഫ് ചെയ്യുക.
3. കുട്ടികള്‍ക്ക് ഒരിക്കലും മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക. കാരണം അവരുടെ മസ്തിഷ്‌കം വളര്‍ച്ചയുടെ ഘട്ടത്തിലായത് കൊണ്ട് പ്രായ പൂര്‍ത്തിയായവരെക്കാള്‍ അവര്‍ക്കത് ദോഷം ചെയ്യും.
4. ഗര്‍ഭിണികള്‍ സുദീര്‍ഘമായതും ആവര്‍ത്തിച്ചുളളതുമായ മൊബൈല്‍ സംസാരം ഒഴിവാക്കുകയും, വയറിന്റെ‘ഭാഗത്ത് വെക്കാതിരിക്കുകയും ചെയ്യുക. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിലുളള പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ഭ്രൂണത്തിന് മൊബൈലിലെ വൈദ്യുത കാന്തിക തരംഗങ്ങള്‍ വളരെ ഹാനികരമാണ്.
5. റബര്‍ ട്യൂബ് ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുക. സ്റ്റെതസ്‌കോപ് പോലുളള ഇതിന്റെ റബര്‍ കുഴലുകള്‍ ശബ്ദത്തെ പരമ്പരാഗതമായ രൂപത്തില്‍ മാത്രമെ കടത്തിവിടുകയുളളൂ. എന്നാല്‍ സാധാരണ ഇയര്‍ ഫോണുകള്‍ വികിരണങ്ങള്‍ പ്രസരണം ചെയ്യുന്നതോടൊപ്പം കാന്തിക തരംഗങ്ങളെ വലിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
6. ഹാന്‍ഡ് സെറ്റ് ഒരിക്കലും ഹൃദയത്തിനടുത്ത് വെക്കരുത്. മൊബൈല്‍ തരംഗങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലനമുണ്ടാക്കുന്ന അവയവം ഹൃദയമാണ്. ബാഗില്‍ വെച്ച് ഹൃദയത്തില്‍ നിന്ന് 50 സെന്റീ മീറ്റര്‍ അകലമെങ്കിലും പാലിക്കാന്‍ ശ്രമിക്കണം.
7. മൊബൈല്‍ അരയിലോ പാന്റ്‌സിന്റെ പോക്കറ്റിലോ നിക്ഷേപിക്കുന്നതും സുരക്ഷിതമല്ല. സ്ഥിരമായി ഈ ഭാഗങ്ങളില്‍ ഫോണ്‍ വെക്കുന്നവരുടെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
8. ഫോണ്‍ ചെയ്യുമ്പോള്‍ വിളിക്കുന്ന സബ്‌സ്‌ക്രൈബര്‍ കാള്‍ അറ്റന്റ് ചെയ്തതിന് ശേഷം മാത്രം ഫോണ്‍ കാതുകളില്‍ വെക്കുക.
9. ലിഫ്റ്റ്, വിമാനം തുടങ്ങിയ ലോഹങ്ങള്‍ കൊണ്ട് മൂടിയ സ്ഥലങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കാതിരിക്കുക. കാരണം ഇത്തരം ലോഹമതിലുകള്‍ വികിരണത്തെ തടയുകയും സ്രോതസ്സിലേക്ക് തന്നെ അതിനെ തിരിച്ചുവിടുകയും ചെയ്യും.
10. നെറ്റ്‌വര്‍ക്ക് സിഗ്‌നലുകള്‍ കുറവുളള പ്രദേശങ്ങളില്‍ വെച്ച് ഫോണ്‍ ചെയ്യാതിരിക്കുക. കാരണം ഇത്തരം സന്ദര്‍ഭങ്ങളിലാണ് മൊബൈല്‍ കൂടുതല്‍ തരംഗങ്ങള്‍ പ്രസരണം ചെയ്ത് പ്രവര്‍ത്തിക്കുക.
11. ഉപയോഗശൂന്യമായ മൊബൈല്‍ ഫോണ്‍ ബാറ്ററി ജനവാസ സ്ഥലങ്ങളില്‍ ഉപേക്ഷിക്കാതിരിക്കുക. അത് പരിസ്ഥിതിക്കും മനുഷ്യനും ദോഷം ചെയ്യുന്നതാണ്.
12. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, അപസ്മാരം, മാനസിക രോഗങ്ങള്‍ എന്നിവക്ക് ചികിത്സിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തീര്‍ത്തും വര്‍ജിക്കേണ്ടതാണ്. വൈദ്യുത കാന്തിക തരംഗങ്ങള്‍ ചികിത്സയില്‍ ഇടപെടാന്‍ സാധ്യതയുണ്ട്.
അവലംബം: മജല്ലത് അല്‍ കുവൈത്ത്

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top