മധുരക്കച്ചവടത്തിന്റെ ഇരുപത് വര്‍ഷം

എം.കെ. സുഹൈല No image

ജീവിതത്തിന്റെ നല്ലൊരു പങ്കും കഥ പറഞ്ഞും ടെലിവിഷനു മുമ്പിലിരുന്നും കഴിഞ്ഞുകൂടുന്ന വീട്ടമ്മമാര്‍ക്ക് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മാതൃകയാവുകയാണ് കോഴിക്കോട് പാലാഴിക്കടുത്ത ശോഭ. കഴിഞ്ഞ ഇരുപത് വര്‍ഷമായി 'ശാസ്ത ഐസ്‌ക്രീം' എന്ന പേരില്‍ ഐസ്‌ക്രീം കമ്പനി നടത്തിവരികയാണിവര്‍. കമ്പനി തുടങ്ങാനും അതു തളരാതെ മുന്നോട്ട് കൊണ്ടുപോകാനും ശോഭ നടത്തിയ പരിശ്രമങ്ങള്‍ ചെറുതല്ല. സ്വന്തം ജീവിതം കൊണ്ട് അവര്‍ നല്‍കുന്ന കുറെ പാഠങ്ങളുണ്ട്. ആത്മാര്‍പണത്തിന്റെയും സ്വാശ്രയബോധത്തിന്റെയും തിരിച്ചറിവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഒത്തൊരുമയുടെയും അനുഭവപാഠങ്ങള്‍
'സ്‌നോബോള്‍ ഐസ്‌ക്രീം' എന്നാണ് ശോഭ തന്റെ ഉല്‍പന്നത്തിന് പേരിട്ടിരിക്കുന്നത്. ബോള്‍, കോണ്‍, കസാട്ട തുടങ്ങിയ ഏതു തരത്തിലുള്ളതും ഇവര്‍ നിര്‍മിക്കും. കോഴിക്കോട് ബീച്ചില്‍ പ്രത്യേക ഔട്ട്‌ലെറ്റ് തന്നെ ഇവര്‍ക്കുണ്ട്. വിവാഹ പാര്‍ട്ടികളിലും മറ്റും ഓര്‍ഡര്‍ സ്വീകരിച്ചും ഔട്ട്‌ലെറ്റുകള്‍ വഴിയുമാണ് വിപണനം നടത്തുന്നത്. നേരത്തെ നഗരത്തിലെ വന്‍ ഷോറൂമുകളില്‍ വിതരണം നടത്തിയിരുന്നെങ്കിലും സാമ്പത്തിക ഭാരം വന്നതിനാല്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഉണ്ടാക്കിയ ഐസ്‌ക്രീം വിറ്റുപോകാത്ത അവസ്ഥ ഉണ്ടായിട്ടില്ല. 1990-ലാണ് ഐസ്‌ക്രീം നിര്‍മാണം തുടങ്ങുന്നത്. 1993-ല്‍ കെട്ടിടം നിര്‍മിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദനം തുടങ്ങി.
'ഡയറി ഇന്റസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റ്' ഐസ്‌ക്രീം നിര്‍മാണം പഠിപ്പിക്കുന്നതായുള്ള പത്രവാര്‍ത്ത കണ്ട് ഒന്ന് പോയി നോക്കാമെന്ന് കരുതിയതാണ് ശോഭ. അവിടുന്നങ്ങോട്ട് ഇന്നുവരെയും ഈ സംരംഭത്തിനായുള്ള ഓട്ടത്തിലായിരുന്നു. ഭര്‍ത്താവ് ഗോപാലകൃഷ്ണനും മക്കളും നല്‍കിയ പൂര്‍ണ പിന്തുണ ഇവിടംവരെ എത്തിക്കുന്നതില്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. കെ.എഫ്.സിയുടെ ലോണ്‍ ഉപയോഗിച്ചാണ് തുടങ്ങിയത്. ഡയറി ഉദ്യോഗസ്ഥരുടെ സഹകരണവും തുണയായി. പഴയ നായര്‍ തറവാട്ടിലെ അന്തഃപുരത്തില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ശോഭ ഒരിക്കലും ഇത്തരം രംഗപ്രവേശം സ്വപ്നം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. ഭര്‍ത്താവിന് ഒരു ഘട്ടത്തിലുണ്ടായിരുന്ന പ്രയാസങ്ങള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കിറങ്ങാന്‍ അവരെ നിര്‍ബന്ധിക്കുകയായിരുന്നു.
ഒരു കമ്പനി തുടങ്ങുന്നതിന് ഇത്രയേറെ പ്രയാസങ്ങളുണ്ടെന്ന് ശോഭ അറിയുന്നത് അതിലേക്കിറങ്ങിയപ്പോഴാണ്. നിരുല്‍സാഹപ്പെടുത്തലുകളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. 'പാല്‍ പെട്ടെന്ന് കേടുവരില്ലേ, വൃത്തിയാക്കുന്നതില്‍ അല്‍പം പിഴവ് മതി കമ്പനി പൂട്ടിപ്പോവാന്‍, ലോണ്‍ എങ്ങനെ തിരിച്ചടക്കും' അങ്ങനെ തുടങ്ങി തടസ്സവാദങ്ങള്‍. ഐസ്‌ക്രീം കമ്പനി തുടങ്ങി പൂട്ടിപ്പോയ അനുഭവങ്ങള്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും പങ്കുവെച്ചു. പക്ഷേ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. അവര്‍ അതുവരെയും പുറത്തിറങ്ങി ശീലിച്ചിട്ടില്ലാത്തയാളാണ്, പലവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതോടെ മടുപ്പ് തോന്നി, അവസാനം വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചു. ഡയറി ഡവലപ്‌മെന്റിലെ അരുണ പിഷാരടിയോട് ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. 'ഏതായാലും നനഞ്ഞില്ലേ ഇനി കുളിച്ചു കയറാം' എന്ന അവരുടെ വാക്കുകള്‍ പല സന്നിഗ്ദ ഘട്ടത്തിലും ഓര്‍ക്കാറുണ്ട് ശോഭ.
കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ശോഭ ഉറച്ച് വിശ്വസിക്കുന്നു. 'സ്‌നോബോള്‍ ഐസ്‌ക്രീം' കമ്പനിയുടെ മേധാവിയായ ശോഭ ഇനി ചാരുകസേരയില്‍ ഇരുന്ന് ആജ്ഞാപിച്ചാല്‍ മതിയെന്ന് ആരും കരുതേണ്ട. പല ദിവസങ്ങളിലും രാത്രി രണ്ടുമണി വരെയോ മൂന്നുമണി വരെയോ പണിയെടുക്കേണ്ടി വരാറുണ്ട്. പിറ്റെ ദിവസത്തേക്കുള്ള ഓര്‍ഡര്‍ തയ്യാറാക്കിക്കൊടുക്കാനുണ്ടാവും. ചില സമയത്ത് പണിക്കാരെക്കാള്‍ കൂടുതല്‍ ജോലി ശോഭ ചെയ്യാറുമുണ്ട്. തുടങ്ങിവെച്ച സംരംഭം നിര്‍ത്തി പോവരുതെന്ന നിര്‍ബന്ധബുദ്ധി ഇവര്‍ക്കുണ്ട്.
വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മിന്നി മറഞ്ഞ ഈ വിജയപാതയില്‍ നിന്ന് പിന്‍മാറില്ലെന്ന് അവര്‍ മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ട്. മകന്‍ ഇടക്ക് ചോദിക്കാറുണ്ട്, ''അമ്മ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് ഞങ്ങളൊക്കെ ഇല്ലേ എന്ന്.'' പക്ഷേ, ആരോഗ്യമുള്ളേടത്തോളം അധ്വാനിക്കണമെന്നാണ് ശോഭയുടെ പക്ഷം. അതോടൊപ്പം സാമ്പത്തിക സ്വാശ്രയത്വത്തിന്റെ മധുരവും നമ്മോട് പങ്കുവെക്കുന്നു. ഈ രംഗത്തെ പ്രവര്‍ത്തനം കൊണ്ട് തനിക്ക് കിട്ടിയ സുഹൃത്തുക്കളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യവും പ്രോത്സാഹനവുമെന്ന് ശോഭ പറയുന്നു. വന്‍കിട കമ്പനികള്‍ വാഴുന്ന ലോകത്ത് സധൈര്യം കാലെടുത്തു വെച്ച് കൂടുതല്‍ ഊര്‍ജസ്വലതയോടെ ആരോടും പരിഭവമില്ലാതെ എവിടെയും വീണുപോകാതെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ശോഭ യാത്ര തുടരുകയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top