എം.ടിവിയില്‍ നിന്ന് ഇസ്‌ലാമിന്റെ തീരത്തേക്ക്‌

ഫസലുര്‍റഹ്മാന്‍ കൊടുവള്ളി No image

പടിഞ്ഞാറന്‍ ജനതയിലെ ബുദ്ധിജീവി വിഭാഗങ്ങള്‍ ഇസ്‌ലാമിനെ ആഴത്തില്‍ പഠിക്കുകയും ഇസ്‌ലാമിന്റെ കൊടിക്കൂറക്ക് കീഴില്‍ അണിനിരക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ഈ പ്രവണത നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയുമാണ്. സെപ്റ്റംബര്‍ 11-ന്റെ സംഭവങ്ങള്‍ക്ക് ശേഷം ഇസ്‌ലാം വിരുദ്ധ പ്രചാരവേലകള്‍ കരുത്താര്‍ജിച്ചപ്പോള്‍ നിഷ്പക്ഷമതികളായ ഒരു വലിയ സമൂഹം, ഇത്രമാത്രം അധിക്ഷേപിക്കപ്പെടാന്‍ മാത്രം എന്താണ് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമുള്ള കുഴപ്പമെന്ന് വസ്തുനിഷ്ഠമായി പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്തരം ശ്രമങ്ങള്‍ പലരെയും ഇസ്‌ലാമിലേക്കടുപ്പിച്ചു.
വിശുദ്ധഖുര്‍ആന്റെ മുന്‍വിധികളില്ലാത്ത പഠനം അവരില്‍ പലരുടെയും ജീവിതത്തിന്റെ ദിശ തന്നെ മാറ്റി മറിച്ചു. ജീവിതത്തിന്റെ അര്‍ഥമന്വേഷിച്ചു ഇരുട്ടില്‍ തപ്പുകയായിരുന്ന അവരെ അത് വെളിച്ചത്തിലേക്ക് നയിച്ചു. ഉത്തരം തേടിക്കൊണ്ടിരുന്ന ഒത്തിരി ജീവിത പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമായി. ഇസ്‌ലാം അനുഭവ വേദ്യമായി. ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ അനുഭവിച്ച ആത്മീയ അനുഭൂതി വാക്കുകള്‍ കൊണ്ട് വരഞ്ഞിടാന്‍ കഴിയുമായിരുന്നില്ലെന്ന് അവരില്‍ പലരും അഭിപ്രാ യപ്പെട്ടിട്ടുണ്ട്.
ഇസ്‌ലാം മനുഷ്യരില്‍ നട്ടു വളര്‍ത്താന്‍ ശ്രമിച്ച സ്വഭാവ ഗുണങ്ങളും സാമൂഹിക നന്മകളും പലരെയും അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തി. പാവങ്ങളോടും ദുര്‍ബലരോടുമുള്ള അനുഭാവം, പരക്ഷേമ തല്‍പരത, സഹാനുഭൂതി, കാരുണ്യം, മനുഷ്യ സ്‌നേഹം, സമര്‍പ്പണ വികാരം, ത്യാഗം തുടങ്ങിയ ഇസ്‌ലാമിക മൂല്യങ്ങള്‍ അവരെ ഏറെ ആകര്‍ഷിച്ചു.
ഇസ്‌ലാം ജീവിതരീതി അഭിമാനപൂര്‍വം നെഞ്ചേറ്റുന്ന ആയിരക്കണക്കിന് പാശ്ചാത്യ സ്ത്രീ പുരുഷന്മാരുടെ അനുഭവം ഇതാണ്. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന നന്മകളുടെ, പാശ്ചാത്യ ലോകത്തെ അംബാസഡര്‍മാരായി അവര്‍ നില കൊള്ളുന്നു. അവിടത്തെ ബുദ്ധി ജീവി വൃത്തങ്ങളില്‍ ഇസ്‌ലാമിനെ അവര്‍ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കുന്നു. ഇക്കൂട്ടത്തി ലെ നവ മുസ്‌ലിംകളില്‍ ശ്രദ്ധേയ സാന്നിധ്യ മാണ് പ്രമുഖ പത്രപ്രവര്‍ത്തകയും ടി.വി അവതാരകയുമായ ക്രിസ്ടിയാന ബേക്കര്‍.
തൊണ്ണൂറുകളില്‍ യൂറോപ്പിലെ ഒന്നാംകിട ചാനല്‍ അവതാരകരില്‍ ഒരാളായിരുന്നു ക്രിസ്ടിയാന. വര്‍ഷങ്ങളോളം അന്താരാഷ്ട്ര സംഗീത മേഖലയില്‍ അവര്‍ അക്ഷരാര്‍ഥ ത്തില്‍ ജീവിക്കുകയായിരുന്നു. പൊടുന്നനവേ പ്രേക്ഷകരുടെ പ്രിയങ്കരിയും യൂറോപ്യന്‍ പ്രസ്സിന്റെ അവിഭാജ്യ ഘടകവുമായി അവര്‍ മാറി.
1965 ഡിസംബര്‍ 13-നു ജര്‍മനിയിലെ ഹംബര്‍ഗരില്‍ ജനിച്ച ക്രിസ്ടിയാന, യൂറോപ്പി ല്‍ ഏറെ വിശ്രുതമായ സംഗീത ചാനലായ എം.ടി.വിയുടെ അവതാരക എന്ന നിലയില്‍ 1996 വരെ വിവിധ പരിപാടികള്‍ ചെയ്തു. ഒരു തവണ ഗോള്‍ഡന്‍ കാമറ അവാര്‍ഡിനും രണ്ടു തവണ ഗോള്‍ഡന്‍ ഓള്‍ഡ് അവാര്‍ഡിനും അവര്‍ അര്‍ഹയായി.
ട്രാവല്‍ ചാനലിലും വിദേശ ചാനലുക ളിലും പ്രോഗ്രാമുകള്‍ ചെയ്തുവരുന്നു. സംഗീതവും ബിസിനസ്സുമാണ് ക്രിസ്ടിയാന ബേക്കറിന്റെ ഇഷ്ട വിഷയങ്ങള്‍. 1992-ല്‍ അവരുടെ ജീവിതം അപ്പാടെ മാറ്റി മറിച്ച സംഭവമുണ്ടായി. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ഖാനുമായി ലണ്ടനില്‍ നടന്ന കൂടിക്കാഴ് ചയായിരുന്നു അത്. പിന്നീട് ഇമ്രാന്‍ ഖാന്റെ അതിഥിയായി അവര്‍ പാകിസ്താനിലെത്തി. ഈ പാകിസ്താന്‍ യാത്ര ക്രിസ്ടിയാനയുടെ ജീവിതത്തി ല്‍ നിര്‍ണായക വഴിത്തിരിവായി. പാക് മുസ്‌ലിം കളുടെ സ്‌നേഹവും മനുഷ്യത്വവും സ്വഭാവ ഗുണങ്ങളും അവരെ അങ്ങേയറ്റം ആകര്‍ഷിച്ചു. അങ്ങനെയാണ് അവര്‍ ക്രിസ്തു മതം ഉപേക്ഷിച്ചു ഇസ്‌ലാം പുണര്‍ന്നത്. ഇസ്‌ലാമിക സൂഫിസത്തില്‍ തല്‍പരയാണ്.
'ആത്മീയതയുടെ അന്വേഷണ വഴിത്താരയില്‍ ഒടുവില്‍ ഇസ്‌ലാമിക സൂഫിസത്തിന്റെ രൂപത്തില്‍ ഞാന്‍ ആത്മീയതയുടെ തീരത്ത് എത്തിച്ചേരു കയായിരുന്നു'- അവര്‍ പറയുന്നു. മനുഷ്യത്വ ത്തിന്റെയും സ്‌നേഹത്തിന്റെയും പാഠങ്ങളാണ് സൂഫിസം പകര്‍ന്നു നല്‍കുന്നതെന്നാണ് ക്രിസ്ടി യാനയുടെ പക്ഷം. 1995-ല്‍ ഇസ്‌ലാം ആശ്ലേഷിച്ച ശേഷം സ്വന്തം പിതൃഭൂമിയായ ജര്‍മനിയിലേക്ക് പോയെങ്കിലും അവിടത്തെ പ്രതികരണങ്ങള്‍ ആശാവഹമായിരുന്നില്ല.
സുഹൃത്തുക്കളും ബന്ധുജനങ്ങളുമെല്ലാം അസഹിഷ്ണുതയോടെ നോക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ബ്രിട്ടനിലേക്ക് കുടിയേറി. ഇപ്പോള്‍ ലണ്ടനിലാണ് സ്ഥിര താമസം. ബ്രിട്ടന്റെ പൗരത്വവും നേടിയിട്ടുണ്ട്. പാശ്ചാത്യ സംഗീതം എന്നും അവരുടെ ഹരമായിരുന്നു. അതുവഴി ധാരാളം പണവും പ്രശസ്തിയും തനിക്കു നേടാന്‍ കഴിഞ്ഞുവെങ്കിലും തന്റെ നിഴലായി എപ്പോഴും ഒരു അസ്വസ്ഥത കൂട്ടിനുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു. ആ അന്തഃസംഘര്‍ഷം തന്റെ ഇസ്‌ലാം ആശ്ലേഷ ത്തിലൂടെയാണ് മറികടക്കാന്‍ സാധിച്ചത്. 1995-ല്‍ ഇസ്‌ലാം ഔദ്യോഗികമായി സ്വീകരിക്കുന്നതിനു മുമ്പ് തന്നെ 'ഞാന്‍ മുസ്‌ലിമാണ്' എന്ന ഒരു ആന്തരിക ബോധത്തിന്റെ തണലില്‍ ജീവിതത്തിന്റെ അസ്വസ്ഥ തകളില്‍ നിന്ന് മോചനം ലഭിക്കുന്നതായി തനിക്കു അനുഭവവേദ്യമായിരുന്നതായി അവര്‍ സാക്ഷ്യപ്പെ ടുത്തുന്നു.
തന്റെ ഇസ്‌ലാം ആശ്ലേഷ വിശേഷങ്ങളും ഇസ്‌ലാമിനെ കുറിച്ച് പാശ്ചാത്യസമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയും ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം ക്രിസ്ടിയാന ഈയിടെ പുറത്തിറക്കി. 'FROM M.T.V. TO MECCA' (എം.ടി.വിയില്‍ നിന്ന് മക്കയിലേക്ക്) എന്നാണു പുസ്തകത്തിന്റെ തല വാചകം. പാശ്ചാത്യലോകത്ത് ഈ കൃതി ഏറെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും ബ്രിട്ടന്‍ പാര്‍ലമെന്റിനു കീഴിലുള്ള 'ആള്‍ ഗ്രൂപ്പ് പാര്‍ലമെന്റ് കമ്മിറ്റി ' ഹാളില്‍ 2012 സെപ്റ്റംബര്‍ 3-നു നടന്നു. ബ്രിട്ടനിലെ ബുദ്ധിജീവികള്‍ പങ്കെടുത്ത പ്രസ്തുത സെമി നാറില്‍, ഇസ്‌ലാം ചൂടേറിയ ചര്‍ച്ചയായി. പുസ്ത കത്തിന്റെ അറബി, ജര്‍മന്‍, ഇന്തോനേഷ്യന്‍, മലേഷ്യന്‍ പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും. തന്റെ ജീവിതത്തെ ഇസ്‌ലാം എവ്വിധം സ്വാധീനിച്ചു എന്നാണു കൃതി മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. പ്രകാശന സമ്മേളനത്തില്‍ തന്റെ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും രചനാ പശ്ചാത്തലത്തെ കുറിച്ചും ഗ്രന്ഥകാരി സവിസ്തരം പ്രതിപാദിക്കുക യുണ്ടായി. 'ആത്മാന്വേഷിയായ ഒരു സ്ത്രീയുടെ വെളിച്ചത്തിലെക്കുള്ള യാത്ര' എന്നാണു ചിന്തകനായ താരിഖ് റമദാന്‍ കൃതിയെ വിശേഷിപ്പിച്ചത്.
'ക്രിസ്ടിയാനയ്ക്ക് ഇസ്‌ലാം മതത്തെയും അതിന്റെ സംസ്‌കാരത്തെയും പരിചയപ്പെടുത്താന്‍ എനിക്ക് അവസരമുണ്ടായി. ഭക്തിഗാനത്തിലും പ്രാദേശിക ഭക്ഷണത്തിലും മാത്രമല്ല അവരുടെ ഇഷ്ടം ഞാന്‍ കണ്ടറിഞ്ഞത്. കാര്യങ്ങള്‍ പഠിക്കാനുള്ള തുറന്ന ഹൃദയവും മുന്‍വിധികളില്ലാത്ത നിലപാടു കളും അവരുടെ പ്രത്യേകതയായി തോന്നി. നിരന്തര അന്വേഷണ സപര്യയിലൂടെ തന്റെ വിശ്വാസത്തിന്റെ വഴികണ്ടെത്താനുള്ള അവരുടെ ആത്മാര്‍ഥമായ സാധനയോട് എനിക്ക് അങ്ങേയറ്റത്തെ ആദരവാണു ള്ളത്. ഈ കൃതി മുസ്‌ലിംകളെയും ഇതര ജന വിഭാഗങ്ങളെയും ഒരുപോലെ ആകര്‍ഷിക്കും എന്ന് തീര്‍ച്ച. അവരെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വിജയവും പ്രദാനം ചെയ്യട്ടെ.' ഇമ്രാന്‍ ഖാന്‍ പുസ്തകത്തെ പ്രശംസിച്ചത് ഇങ്ങനെ.
ഇസ്‌ലാമിലെ 'ഹിജാബി'നെ കുറിച്ച് ഒരു ചര്‍ച്ചയില്‍ ക്രിസ്ടിയാന പറയുന്നു: 'ഇസ്‌ലാം സ്ത്രീയോട് സംസ്‌കാരത്തോടു ചേര്‍ന്ന് നില്‍ക്കുന്ന വസ്ത്രം ധരിക്കാന്‍ ഊന്നിപ്പറയുന്നു. ഹിജാബിനെ അപഹസിക്കുന്നവര്‍ സ്വന്തം സംസ്‌കാരത്തെ പരിഹാസപാത്രമാക്കുകയാണ് ചെയ്യുന്നത്. കാരണം സംസ്‌കാര സമ്പന്നരായ ഒരു സമൂഹവും ഇതര സമൂഹത്തെ അപഹസിക്കുന്നവരാവില്ല'. ഹിജാബ് വിമര്‍ശകരെ അടച്ചാക്ഷേപിക്കുന്നതിനു പകരം സ്ത്രീകളുടെ സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശം പരിക്കേല്‍ക്കാതെ അവര്‍ക്ക് തന്നെ വിട്ടുകൊടുത്തുകൂടെ എന്ന് ചോദിക്കുന്നതാണ് ക്രിസ്ടിയാനയുടെ ശൈലി. നാല്‍പത്താറുകാരിയായ അവര്‍ ഹോമിയോപതി ഡോക്ടര്‍ കൂടിയാണ്. ഇപ്പോള്‍ എന്‍.ബി.സി യൂറോപ്പ് പോലുള്ള ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. യൂറോപ്പില്‍ കുറച്ചു മുമ്പ് നടന്ന, പ്രവാചക കാമ്പയിനില്‍ ക്രിസ്ടിയാന വ്യാപകമായ തോതില്‍ പങ്കെടുക്കു കയുണ്ടായി. ഈ കാമ്പയിനിലൂടെ ഇസ്‌ലാമിലെ സ്ത്രീയുടെ ഉന്നത പദവി, പ്രാവചകന്‍ സാധിച്ച സ്ത്രീ വിമോചനത്തിന്റെ സവിശേഷതകള്‍ തുടങ്ങിയ വിഷയങ്ങള്‍ അവര്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം, ജീവജാലങ്ങളോടുള്ള കാരുണ്യം, ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കുമുള്ള പരിരക്ഷ തുടങ്ങിയ ഒട്ടേറെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്‌ലാം, അതിനാല്‍ തന്നെയാണ് സാര്‍വജനീന ജീവിതക്രമം എന്ന നിലയില്‍ വിജയ പതാക പാറിച്ചുകൊ ണ്ടിരിക്കുന്നതെന്നു അവര്‍ ഉദാഹരണസഹിതം സമര്‍ഥിക്കുകയുണ്ടായി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top