ഫലവത്തായ അയല്‍പക്കബന്ധം

എന്‍.പി ഹാഫിസ് മുഹമ്മദ് No image

ജയദേവന്‍ ഡല്‍ഹിയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ കേന്ദ്ര ആഫീസില്‍ ജോലിയെടുക്കുകയായിരുമന്നു. പതിനഞ്ചോളം കൊല്ലം മുമ്പാണ്. നഗരത്തിലെ പത്ത് നില ഫ്‌ളാറ്റില്‍ താമസിക്കുന്ന ജയദേവന്‍ അവിടെയൊരു പരിശീലനത്തിനെത്തിയ എന്നെ ഒരു വൈകുന്നേരച്ചായക്ക് ക്ഷണിച്ചു. ഫ്‌ളാറ്റിലെ ജീവിതത്തെക്കുറിച്ചും നഗരത്തിലെ അയല്‍പക്ക ബന്ധത്തെക്കുറിച്ചും സംസാരിച്ചു. ഏഴാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നിറങ്ങുമ്പോള്‍ ലിഫ്റ്റില്‍ വെച്ച് ജയദേവന്‍ പറഞ്ഞു: കഴിഞ്ഞ മാസം ഇതേ ലിഫ്റ്റില്‍ വെച്ച് ഒരു സംഭവമുണ്ടായി... ലിഫ്റ്റിലുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണു. താഴെയെത്തുമ്പോഴേക്കും ആള്‍ മരിച്ചിരുന്നു. മരിച്ചതാരാണെന്നറിയില്ലായിരുന്നു. ഒമ്പതാം നിലയിലാണ് താമസിക്കുന്നതെന്ന് മാത്രം ഒരാള്‍ പറഞ്ഞു. ഐഡന്റിറ്റി കാര്‍ഡെടുത്ത് നോക്കി വീട്ടിലേക്ക് വിളിച്ചു ചോദിച്ചാണ് അയാള്‍ എവിടെയാണെന്ന് മനസ്സിലാക്കിയത്.
മഹാനഗരങ്ങളിലെ അയല്‍പക്ക ബന്ധത്തിന്റെ രൂപപരിണാമങ്ങളിലൊന്നാണിത്. നഗരങ്ങളിലെ കോളനികളിലെ വീടുകളില്‍ താമസിക്കുന്നവര്‍ തമ്മിലുളള ബന്ധവും മാറ്റിമറിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിശ്ചിത അതിര്‍ത്തിക്കുളളില്‍ അടുത്തുരുമ്മിക്കിടക്കുന്ന വീടുകളിലുള്ളവര്‍ക്ക് അപരിചിതത്വം വേരുറച്ചു കിടക്കുന്നു. തൊട്ടടുത്ത വീട്ടുകാരെക്കുറിച്ച് അധികമൊന്നുമറിയില്ല. കണ്ടാലൊരു കൃത്രിമച്ചിരി. അല്ലെങ്കില്‍ ഒരു സുപ്രഭാതമോ, ശുഭരാത്രിയോ. ഏറിയാല്‍‘മക്കളാരെങ്കിലും വരുന്നോ’ എന്നൊരു കുശലാന്വേഷണം. നഗരങ്ങളിലെ അയല്‍പക്കങ്ങളില്‍ നിന്ന് ആത്മബന്ധവും സ്‌നേഹസൗഹൃദങ്ങളും നാടുനീങ്ങിപ്പോകുകയാണ്.
മുമ്പ് ഇതായിരുന്നില്ല കഥ. നാട്ടിന്‍പുറങ്ങളില്‍ ചെന്ന് നാമൊരാളെക്കുറിച്ച് ചോദിച്ചാല്‍ ഞൊടിയിടകൊണ്ട് ഉത്തരം കിട്ടും. ആരെക്കുറിച്ചാണോ അന്വേഷിച്ചത് അയാളുടെ മുതുമുത്തച്ഛന്മാരെക്കുറിച്ച് വരെ അറിവ് കിട്ടും. വിത്തും വേരും അറിയുന്ന പരസ്പര ബന്ധങ്ങളായിരുന്നു അന്നത്തെ ആഘോഷം. നഗരവല്‍ക്കരണം ആകാശം തുളച്ചു കേറുന്ന കുറെ കെട്ടിടങ്ങള്‍ മാത്രമല്ല ഉണ്ടാക്കിയത്. ഇവ ഗ്രാമീണ വ്യവസ്ഥ നൂറ്റാണ്ടുകള്‍കൊണ്ട് വേരോടിച്ച സാമൂഹിക ബന്ധങ്ങളെ മാറ്റിമറിക്കുകയായിരുന്നു. നഗരം സമൂഹത്തിന് പകരം വ്യക്തിയെ പ്രധാന ഘടകവും ആദര്‍ശവുമാക്കി. വൈയക്തികമായ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. സാമൂഹിക ബോധത്തിന്റെ പരമ്പരാഗത ശീലങ്ങളെ കൈവെടിഞ്ഞ് വ്യക്തിയുടെ അഹംബോധത്തിന് പ്രാധാന്യം നല്‍കി. വ്യക്തിയുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും അവയുടെ സഫലീകരണത്തിനായി സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു.
വിവിധ ദേശങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുളള തൊഴില്‍പരമായ കുടിയേറ്റം പുതുനഗരത്തിന് ആത്മസൗഹൃദങ്ങളുടെ അടിത്തറ ഇല്ലാതാക്കി. ഔപചാരികമായ ബന്ധങ്ങളാണ് പുതിയ സംസ്‌കാരം രൂപപ്പെടുത്തിയെടുത്തത്. കാര്യനിര്‍വ്വഹണത്തിന്, ആവശ്യങ്ങളുടെ സഫലീകരണത്തിന് അനുയോജ്യമായ ഒരു സാമൂഹികതയാണ് നഗരം ചിട്ടപ്പെടുത്തിയത്. മറ്റൊരാളുടെ സ്വകാര്യത അവകാശമായി മാറി. ധൃതിയും തിരക്കും വേഗതയും പുതുജീവിതത്തിന്റെ ഭാഗമായി. വീടുകളിലോ, മുറികളിലോ ഫ്‌ളാറ്റുകളിലോ അടുത്തടുത്ത് താമസിക്കുമ്പോഴും മനസ്സുകൊണ്ട് രണ്ട് ദ്വീപുകളിലായി സഹജീവികള്‍ മാറിയത് ഇക്കാരണങ്ങള്‍ കൊണ്ടെല്ലാമാണ്.
സമാന താല്‍പര്യങ്ങളുളളവര്‍ക്ക് ഒന്നിക്കുവാനുളള താല്‍ക്കാലിക വേദികളോ, കാര്യനിര്‍വ്വഹണ സംഘങ്ങളോ ഉണ്ടാക്കപ്പെട്ടിരുന്നുവെങ്കിലും ഗ്രാമീണ ജീവിതത്തിലെ പരസ്പരമടുത്തറിയുന്ന അവസ്ഥയും സാമൂഹികാവശ്യങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചുനിന്നിരുന്ന വ്യവസ്ഥയും അതോടെ മാറ്റി മറിക്കപ്പെടുകയുണ്ടായി.
പാരമ്പര്യങ്ങളില്‍ വേരൂന്നിയ ഒരു സംസ്‌കാരം അടിമണ്ണായി കിടക്കുന്നതുകൊണ്ട് ഗൃഹാതുരതയോടെ പഴയ അയല്‍പക്ക ബന്ധത്തെ പലരും അയവിറക്കുന്നു. പുതിയ അവസ്ഥ പലര്‍ക്കും ആന്തരിക സംഘര്‍ഷത്തിനും അസ്വസ്ഥതയ്ക്കും കാരണമായിത്തീരുന്നത് അതുകൊണ്ടാണ്. സഹായമാവശ്യം വരുന്ന സന്ദര്‍ഭത്തില്‍ നിസ്സഹകരണം വേദനയായി മാറുന്നു. പുതിയ അയല്‍പക്ക ബന്ധങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലേക്കും ശത്രുതയിലേക്കും നീങ്ങിപ്പോകുന്നത് അങ്ങനെയാണ്.
ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും വേരോടിക്കിടന്ന സാമൂഹ്യവ്യവസ്ഥയ്ക്ക് പുതിയ അയല്‍പക്ക ബന്ധത്തെ എളുപ്പം സ്വീകരിക്കാനാവുന്നില്ല. പരമ്പരാഗതമായ മൂല്യപ്രമാണങ്ങളിലൂന്നിയ ജീവിത ശൈലിയില്‍ പുതിയ അയല്‍പക്ക ബന്ധങ്ങള്‍ പ്രതികരണങ്ങളോ പ്രത്യാഘാതങ്ങളോ ഉണ്ടാക്കുന്നതും ഇതുകൊണ്ട് തന്നെ. അടിസ്ഥാന സാമൂഹികാവബോധത്തെ പാടെ എടുത്തുമാറ്റാനാവാത്തതിനാലാണ് പുതിയ അയല്‍പക്ക ബന്ധം ചിലരുടെയെങ്കിലും അസ്വസ്ഥതയായി മാറുന്നത്. പുതിയ അയല്‍പക്ക സംസ്‌കാരം ആത്മസൗഹൃദങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പരസ്പരം തുറന്ന് പറയാനും എല്ലാം കേള്‍ക്കാനുമുളള ആളുകളെ ഇല്ലാതാക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും മെയ്മറന്നുളള സഹായങ്ങളില്ലാതാവുകയും ബന്ധങ്ങളെ ഔപചാരികവല്‍ക്കരിക്കുകയും ചെയ്യുന്നു.
പുതിയകാലം വളര്‍ത്തിയെടുത്ത സാമൂഹിക വ്യവസ്ഥയില്‍ പഴയബന്ധങ്ങള്‍ അതേപടി ഉണ്ടാക്കിയെടുക്കുക എന്നത് സാധ്യമല്ല. എന്നാല്‍ മാറിയ സാഹചര്യങ്ങളുടെ പരിമിതികളറിഞ്ഞ് അയല്‍പക്ക ബന്ധങ്ങളെ ഏതുവിധം ഫലവത്തും ആരോഗ്യകരവുമാക്കാമെന്നതാണ് ഇന്നത്തെ ആവശ്യമായ് മാറേണ്ടത്. ആര്‍ക്കുമുണ്ടാവുന്ന അസ്വസ്ഥതയുടേയോ നിസ്സഹായതയുടേയോ സന്ദര്‍ഭങ്ങളില്‍ ജീവിതത്തില്‍ നാം തനിച്ചല്ലെന്നറിയാന്‍ അയല്‍പക്ക ബന്ധത്തെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. അത് നല്‍കുന്ന ആശ്വാസമറിഞ്ഞ പല സന്ദര്‍ഭങ്ങളും ഉണ്ട്. ഓര്‍മയിലെത്തുന്നത് നമ്മുടെ അയല്‍പക്ക ജീവിതത്തിന്റെ നിര്‍മിതിയെയാണ്.
പുതിയ വീടെടുത്തത് ഒരു കോളനിയിലായിരുന്നു. രണ്ട് ആത്മസുഹൃത്തുക്കളുടെ കുടുംബവുമുണ്ടായിരുന്നു എന്നതൊഴിച്ച് നേരത്തെ അടുത്തറിയുന്നവരായിരുന്നില്ല ഭൂരിപക്ഷവും. ഒറ്റപ്പെട്ട ദ്വീപുകള്‍ക്കിടയില്‍ പാലം പണിയാന്‍ അയല്‍പക്ക വേദിയുണ്ടാക്കി. പൊതു ആവശ്യങ്ങള്‍ നിറവേറ്റാനുളള സംവിധാനങ്ങള്‍ക്ക് ചിലര്‍ നേതൃത്വം കൊടുത്തു. മാസത്തിലൊരിക്കലെങ്കിലുമുളള ഒത്തുചേരലുകളും ഒന്നിച്ചുളള രാത്രി ഭക്ഷണങ്ങളും ഉണ്ടായി. കുട്ടികളുടെ കൂട്ടായ്മകള്‍ അവര്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനുളള അവസരങ്ങള്‍ നല്‍കി. വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേര്‍ന്ന് ഒന്നോ രണ്ടോ ദിവസത്തെ വിനോദയാത്ര നടത്തി. ഓരോ കുടുംബത്തിലുമുണ്ടാകുന്ന സന്തോഷങ്ങളും നേട്ടങ്ങളും പങ്കുവെച്ചു. വിജയങ്ങള്‍ ആഘോഷിക്കാന്‍ അവസരമുണ്ടാക്കി. മകനോ മകളോ പരീക്ഷയില്‍ ജയിച്ചാലോ അവര്‍ക്ക് ജോലി ലഭിച്ചാലോ ഓരോ കുടുംബവും മറ്റുളളവര്‍ക്ക് ആ ആഹ്ലാദം വിരുന്നൊരുക്കി പങ്കുവെച്ചു. കോളനി വൃത്തിയും വെടിപ്പുമുളളതാക്കുന്നതിനൊപ്പം വഴിയോരങ്ങളില്‍ മരം നട്ടുവളര്‍ത്താനെല്ലാവരുമുണ്ടായി. നഗരത്തിലെ വരണ്ട ജീവിതത്തിന് സജീവതയും പച്ചപ്പും നല്‍കി.
ഞങ്ങള്‍ ആശിക്കാതെ വന്ന ഒരു ദുരന്തവേളയില്‍ അയല്‍പക്കത്തിന്റെ സാന്ത്വന സ്പര്‍ശമറിയുകയും ചെയ്തു. അന്യസംസ്ഥാനത്തിലൊരിടത്ത് പഠിക്കുന്ന മകന്റെ ചില സുഹൃത്തുക്കള്‍ അവധിക്കാലത്ത് നാടുകാണാനെത്തിയതായിരുന്നു. അവരിലൊരാള്‍ ഒരു ജലാശയത്തില്‍ മുങ്ങി മരിച്ചു. ആ സുഹൃത്തിന്റെ കുടുംബത്തെക്കുറിച്ചോ വീടിനെക്കുറിച്ചോ മകനോ കൂട്ടുകാര്‍ക്കോ അടുത്തറിയില്ലായിരുന്നു. അവരെയറിയിക്കുകയും മൃതദേഹം നാട്ടിലെത്തിക്കുകയും ബോദ്ധ്യപ്പെടുത്തുകയും ചെയ്യുകയെന്ന പ്രയാസകരമായ കാര്യം ഒറ്റയ്ക്ക് ചെയ്യാനാവുമായിരുന്നില്ല. ആകസ്മികമായ ദുരന്തം വരുത്തിവെച്ച ആഘാതത്തെ അഭിമുഖികരിക്കാനും ആശ്വാസമേകി ഒപ്പം നില്‍ക്കുവാനും അയല്‍പക്കം കൂടെയുണ്ടായിരുന്നു.
പരസ്പരമറിയുന്ന, സഹായിക്കുന്ന, പരസ്പരം ആശ്വസിപ്പിക്കുന്ന, ഒരാളുടെ വിജയങ്ങളില്‍ സന്തോഷിക്കുന്ന അയല്‍പക്കം നമുക്കാവശ്യമുണ്ട്. ആപല്‍ഘട്ടത്തിലും ആഹ്ലാദവേളയിലും ഒറ്റക്കല്ലെന്നറിയിക്കാന്‍, നന്മകള്‍ പങ്കുവെയ്ക്കാന്‍ അയല്‍പക്കം ആവശ്യമാണ്. ഒരാളുടെ ശക്തിയുടെയും ദൗര്‍ബല്യങ്ങളുടെയും വേളകളില്‍ ഒന്നിച്ചു നില്‍ക്കുന്ന ഒരയല്‍പക്കബന്ധം. ജാതി-മത-വര്‍ഗ്ഗ സാംസ്‌കാരികതകളുടെ വൈജാത്യമറിയാനും വ്യത്യസ്തതയെ അംഗീകരിക്കാനുമുതകുന്ന അയല്‍പക്കബന്ധം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. പരസ്പരം പഠിക്കാനും അറിയാനുമത് സഹായിക്കും. കുട്ടികളുടെ സാമൂഹീകരണത്തില്‍ അത് നന്മയുടേയും ശക്തിയുടേയും പാഠങ്ങള്‍ കൈമാറാതിരിക്കില്ല.
വീടിനകത്തെ ആരോഗ്യം വീടുകളുരുമ്മിനിന്നതുകൊണ്ട് നേടാനാവില്ല. കുറേപ്പേര്‍ ഒരൊറ്റ കെട്ടിടത്തില്‍ ഒരു കൂരക്ക് കീഴെ കഴിഞ്ഞ് കൂടിയതുകൊണ്ടും ഉണ്ടാക്കാനാവില്ല. കുടുംബത്തിന്റെ മാനസികവും സാമൂഹികവുമായ ആരോഗ്യം നല്ല അയല്‍പക്കബന്ധത്തില്‍ നിന്ന് കൂടിയാണുണ്ടാവുന്നത്. വീടിനുളളിലുളളവരുടെ നന്മയും സ്വസ്ഥതയും അയല്‍പക്കത്തോടുകൂടി ബന്ധപ്പെട്ട് കിടക്കുന്നു. മറ്റ് പലതുമുണ്ടായിട്ടും കാര്യമില്ലെന്ന് വരാതിരിക്കാന്‍, പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് അയല്‍പക്ക ബന്ധങ്ങള്‍ കൂടുതല്‍ ആരോഗ്യകരവും ഫലവത്തുമാക്കാന്‍ സാധിക്കും. അപ്പോള്‍ അവിടെയെത്തുന്ന അതിഥികള്‍ ആശിച്ചു പോകും. ഈ വാസകേന്ദ്രത്തിലൊരിടത്തായിരുന്നു ഞങ്ങളെങ്കില്‍ ...
ശേഷക്രിയ
1. അയല്‍വാസിയെ കാണുമ്പോള്‍ പുഞ്ചിരിയോടെ അഭിമുഖീകരിക്കുക.
2. രണ്ടു പേര്‍ക്കും ധൃതിയില്ലാത്ത അവസരങ്ങളില്‍ കുടുംബകാര്യങ്ങളോ, ജോലിയെക്കുറിച്ചോ മക്കളുടെ ആരോഗ്യകാര്യങ്ങളോ അന്വേഷിച്ചു തുടങ്ങാം.
3. വര്‍ത്തമാനം പറയുന്നത് അനൗപചാരികമായിരിക്കണം. പറയുന്നതില്‍ മനസ്സും ശരീരവും ഇഴകിച്ചേര്‍ന്നിരിക്കണം. കേള്‍ക്കാനും പറയാനും സന്നദ്ധത കാണിക്കുക, മുറിവേല്‍പിക്കുന്ന വാക്കുകള്‍ ഒഴിവാക്കുക. പരദൂഷണം നടത്താതിരിക്കുക.
4. അയല്‍പക്കത്തുളള അംഗങ്ങളുടെ ഗുണവശങ്ങള്‍ കാണുകയും അറിയുകയും ചെയ്യുക. അവരുടെ നന്മകളുമായോ നേട്ടങ്ങളുമായോ സംവദിക്കുക.
5. വീട്ടിലേക്ക് ക്ഷണിക്കുക. സ്വീകരിക്കുക. മറ്റുളളവരുടെ ക്ഷണം സ്വീകരിക്കുകയും ചെയ്യുക.
6. അയല്‍പക്ക വേദിക്ക് രൂപം നല്‍കുന്നതില്‍ പങ്കാളികളാവുക. അയല്‍പക്ക വേദികളില്‍ എമ്പാടും കുടുംബങ്ങള്‍ അംഗങ്ങളാണെങ്കില്‍ അടുത്തുളള പത്തിരുപത് കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാനും അടുക്കുവാനും ഒരു പ്രത്യേക വേദി ഉണ്ടാക്കുക. ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ക്ക് പൊതുവേദി ഉണ്ടാക്കുക. ഓരോ നിലയിലുളള ഫ്‌ളാറ്റുകള്‍ക്ക് ഒരു കൊച്ചു വേദിയുണ്ടാക്കാനും അയല്‍പക്കവേദികള്‍ സജീവമാക്കാനും വ്യത്യസ്ത പരിപാടികള്‍ ഉണ്ടായിരിക്കണം.
7. കുട്ടികളുടെ പാഠ്യേതര വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും, കുട്ടികളെ കൊണ്ട് തന്നെ അത്തരം പരിപാടികള്‍ക്ക് നേതൃത്വം കൊടുപ്പിക്കുകയും ചെയ്യണം.
8. സ്ത്രീകളുടെ ഒത്തുചേരലുകള്‍ക്ക് പ്രത്യേക സന്ദര്‍ഭങ്ങളൊരുക്കുക. അവരുടെ ക്രിയാത്മകമായ പരിപാടികള്‍ക്കും വ്യക്തിത്വ വികസന മാര്‍ഗ്ഗങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍ നടത്തുക.
9. മരണം, രോഗം, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അയല്‍പക്കത്തുളളവരോടൊപ്പം ഉണ്ടാവുക. മതപരമായ ആഘോഷ വേളയില്‍ ഇതര മതസ്ഥരെ ക്ഷണിക്കുക. ഉപഹാരങ്ങള്‍ കൈമാറുക.
10. മാസത്തിലൊരിക്കലെങ്കിലും ഒത്തുചേരാനവസരമൊരുക്കുക. ഓരോ മാസത്തേയും ഒത്തു ചേരലിലെ ഭക്ഷണം ഓരോ വീട്ടുകാര്‍ക്ക് ഒരുക്കാവുന്നതാണ്.
11. പൊതു ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു നിര്‍വ്വാഹക സമിതിയുണ്ടാക്കുക. വരിസംഖ്യയായും കാര്യ നിര്‍വ്വഹണത്തിനുളള വിഹിതമായും പണം സ്വരൂപിച്ച്, ആവശ്യാനുസരണം ഉപയോഗിക്കുക. കൃത്യമായ കണക്ക് സൂക്ഷിക്കുകയും സംഘസമക്ഷം അവതരിപ്പിക്കുകയും ചെയ്യുക.
12. അയല്‍പക്കക്കാരുടെ അച്ഛനമ്മമാരടങ്ങുന്ന കുടുംബങ്ങളുമായി ബന്ധപ്പെടുകയും അടുക്കുകയും ചെയ്യുക. അവരുടെ വീടുകളും സന്ദര്‍ശിക്കുക.
13. പത്തോ പതിനഞ്ചോ കുടുംബങ്ങളൊത്ത് ചേര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ ഒരു വിനോദയാത്ര നടത്തുക.
14. അയല്‍പക്ക കുടുംബങ്ങള്‍ക്കിടയിലുണ്ടാവാനിടയുളള സംഘര്‍ഷത്തെ ലഘൂകരിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കുക. ആവശ്യമെങ്കില്‍ കൗണ്‍സിലര്‍മാരുടേയോ വിദഗ്ധരുടേയോ സഹായം തേടുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top