മഹര്‍ ആലോചനകള്‍

എം.ടി ആയിശ No image

പണ്ട് കാലത്ത് ചിറ്റും ചങ്കേലസും ആഭരണമായി ഭര്‍തൃകുടുംബം ആവശ്യപ്പെട്ടിരുന്നു. കാറയും കുമ്മത്തും ഉയര്‍ന്ന തറവാട്ടുകാരന്റെ മോഹമായിരുന്നു അന്ന്. ക്രമേണ അത് പവനിലേക്കെത്തി. പിന്നീട് പവനുകളുടെ എണ്ണം കൂടി. വിവാഹ കമ്പോളത്തില്‍ പെണ്ണ് കാരണമായി ലഭിക്കുന്ന സമ്പത്തില്‍ ഹലാലും ഹറാമും ഇല്ലാതായി. പ്രവാചകന്‍ മുഹമ്മദ് (സ) മകള്‍ ഫാത്തിമക്ക് വിവാഹ സമ്മാനം നല്‍കിയിരുന്നു. ഒരു കമ്പിളി വസ്ത്രം, തോല്‍പാത്രം, വാസനപ്പുല്ല് നിറച്ച തലയണ ഇതായിരുന്നു നബി (സ) ഫാത്തിമക്ക് നല്‍കിയത്. ഈ തെളിവില്‍ സ്വയം തരാന്‍ തയ്യാറില്ലാത്ത രക്ഷിതാക്കളോട് ചോദിച്ച് വാങ്ങാം എന്നായി. ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. പണം കൊണ്ടും സാധിക്കാത്ത ദൈവത്തിന്റെ മറ്റൊരു വരദാനത്തിലാണ് നാം ഇപ്പോള്‍ മത്സരിച്ച് കൊണ്ടിരിക്കുന്നത്.
വിവാഹ വിപണിയിലെ ഇപ്പോഴത്തെ സ്ത്രീധനം സൗന്ദര്യമാണ്. ഇസ്‌ലാം കഠിനമായി നിരോധിച്ച സൗന്ദര്യം വെളിവാക്കി അലങ്കാരത്തോടെ പുറത്തിറങ്ങി നടക്കുന്ന പെണ്‍കുട്ടികള്‍ മാത്രം കല്യാണച്ചന്തയില്‍ സെലക്ട് ചെയ്യപ്പെടുന്നു. സമ്പത്തും തറവാടും ആത്മവിശുദ്ധിയുമുണ്ടായിട്ടും സൗന്ദര്യത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ തന്നെ കെട്ടിക്കിടക്കുന്നു.
ഇസ്‌ലാമിക വിവാഹ രീതിയുടെ നിബന്ധനയായ മഹര്‍ ഇതോടെ കേരള മുസ്‌ലിംകളില്‍ ചര്‍ച്ച ചെയ്യപ്പെടാത്തതായി. പ്രവാചകന്റെ കാലത്ത് മഹറായിരുന്നു വിവാഹത്തിലെ പ്രധാന വിഷയം. വിവാഹം ആഗ്രഹിക്കുന്ന ആണിനോട് നബി(സ) മഹര്‍ നല്‍കാന്‍ എന്താണുളളതെന്ന് ചോദിക്കാറുണ്ടായിരുന്നു. നമുക്കിടയില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അവരുടെ വിവാഹത്തിന് കഷ്ടപ്പെട്ട് പണം സ്വരൂപിക്കുന്നത് പോലെ ഭര്‍ത്താക്കന്മാര്‍ മഹറിന് വേണ്ടി അക്കാലത്ത് പ്രയാസപ്പെട്ടിരുന്നു.
മൂല്യവത്തായ ഒരു സമ്മാനം ഭാര്യക്ക് നല്‍കികൊണ്ടാണ് ഇസ്‌ലാമിലെ വിവാഹം ആരംഭിക്കുന്നത്. സാമ്പത്തിക മൂല്യമുളള ഒരു സാധനം തന്നെയാണ് മഹര്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. സ്‌നേഹത്തിന്റെ ആഴവും മധുരവും വെളിവാക്കുന്നത് ത്യാഗത്തിലൂടെയാണ്. അധ്വാനത്തിലൂടെ സമ്പാദിച്ചുണ്ടാക്കിയ ഒരു വസ്തു മഹറായി വരുമ്പോഴാണ് ഇണക്കബന്ധത്തിന്റെ കെട്ടുറപ്പും ശക്തിയും ബോധ്യപ്പെടുന്നത്.
ഭാര്യാഭര്‍തൃ ബന്ധത്തെ ഇസ്‌ലാം ആതിഥ്യത്തിന്റെ ഉപമയില്ലാത്ത ഒരു മാതൃകയാക്കിയാണ് വരച്ചുവെച്ചത്. പുരുഷന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന വിശിഷ്ടാതിഥിയായ ഇണക്ക് നല്‍കുന്ന സമ്മാനമായ മഹര്‍ ജീവിതത്തില്‍ മറ്റൊരാള്‍ക്കും നല്‍കാന്‍ കഴിയാത്ത സമാനതകളില്ലാത്ത സമ്മാനമാണ് വിശുദ്ധ ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം മനസംതൃപ്തിയോട് കൂടി ബാധ്യതയായി നല്‍കാന്‍ ആവശ്യപ്പെടുന്നു. മഹര്‍ ഒരു സാമ്പത്തിക ബാധ്യതയായി ഇസ്‌ലാം കാണുന്നില്ലെങ്കില്‍ ലളിതമായ ഒരു വസ്തുവിനെ ഇങ്ങനെ വിശദീകരിക്കുമായിരുന്നോ? ഇസ്‌ലാം പരിചയപ്പെടുത്തുന്ന മഹര്‍ തിരിച്ചെടുത്താല്‍ ഭര്‍ത്താവിന് ഉപകരിക്കുന്ന വസ്തുവാണ്. സൂറത്ത് നിസാഇലെ നാലാം സൂക്തത്തില്‍ 'ഭാര്യമാര്‍ക്ക് നിശ്ചയിച്ച മഹറില്‍ നിന്ന് അവര്‍ വല്ലതും നിങ്ങള്‍ക്ക് സ്വമനസ്സാലെ തിരിച്ച് നല്‍കുകയാണെങ്കില്‍ നിങ്ങളത് സന്തോഷപൂര്‍വം ഭക്ഷിക്കുക' എന്ന് പറയുന്നു.
മഹര്‍ സ്ത്രീയുടെ വ്യക്തിപരമായ അവകാശമാണ്. പണ്ട് നടപ്പുണ്ടായിരുന്ന പോലെ അത് ഭാര്യയുടെ രക്ഷിതാവിനെ ഏല്‍പിക്കുകയും കച്ചവടച്ചരക്ക് കൈമാറിയപോലെ അദ്ദേഹം അത് ഉപയോഗിക്കലുമല്ല ഇസ്‌ലാമിക വിധി. സ്വമനസ്സാലെ ഇഷ്ടപ്പെട്ട് അതില്‍ നിന്ന് വല്ലതും വരന് തിരിച്ച് കൊടുത്താല്‍ നിങ്ങള്‍ ഭക്ഷിച്ചു കൊളളുക എന്ന് കല്‍പിക്കുമ്പോള്‍ മഹര്‍ സാമ്പത്തിക മൂല്യമുളളത് തന്നെയാവണമെന്ന് വരുന്നു.
ഇതേ സൂറത്തിലെ തന്നെ ഇരുപത്, ഇരുപത്തി ഒന്ന് സൂക്തങ്ങള്‍ വീണ്ടും വിവരിക്കുന്നു: ''നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ നിശ്ചയിച്ചാല്‍, ആദ്യ ഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ നിന്ന് യാതൊന്നും തിരിച്ച് വാങ്ങാവുന്നതല്ല. ദുര്‍ന്യായങ്ങളുന്നയിച്ചും വ്യക്തമായ അക്രമമായും നിങ്ങളതു തിരിച്ചുവാങ്ങുകയാണോ. നിങ്ങള്‍ പരസ്പരം അലിഞ്ഞ് ജീവിക്കുകയും സ്ത്രീകളില്‍ നിന്ന് ബലിഷ്ഠമായ കരാര്‍ വാങ്ങുകയും ചെയ്ത ശേഷം നിങ്ങള്‍ക്കെങ്ങിനെ അതിന് കഴിയും. എന്ന് കൂടി ചോദിക്കുന്നു. സ്വത്തും പണവും ഇതര സാമ്പത്തിക സ്രോതസ്സുകളും ഉണ്ടായിട്ടും വിശുദ്ധ ഖുര്‍ആനും താരതമ്യേന സാമ്പത്തിക മൂല്യം കുറഞ്ഞ വസ്തുക്കളും മഹറാക്കുന്നവരുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ വൈജ്ഞാനിക സാഹിത്യ അതിമാനുഷിക മൂല്യങ്ങളിലാണ് നാം അത്ഭുതം കൊളളുന്നത്. അത് മേലുദ്ധരിച്ച പ്രകാരം ആഹരിക്കുവാനോ, തിരിച്ചെടുത്താല്‍ ഭാര്യയെ പ്രയാസപ്പെടുത്തുന്നതോ അല്ല.
പ്രവാചകന്‍ മുഹമ്മദ് (സ) വിവാഹം കഴിക്കാന്‍ സന്നദ്ധരായി വന്ന പല സ്വഹാബിമാരോടും മഹര്‍ കൊടുക്കാന്‍ നിന്റെ കൈയില്‍ എന്തുണ്ട് എന്ന് ചോദിച്ചിരുന്നു. അപ്പോഴൊക്കെ സാമ്പത്തിക വില കൂടിയ വസ്തുക്കളില്‍ നിന്ന് കുറഞ്ഞതിലേക്ക് ഇറങ്ങി വരികയാണ് ചെയ്തത്. അവസാനം ഒരു ഇരുമ്പ് മോതിരം പോലും ഇല്ലെന്ന് പറയുമ്പോഴാണ് നബി (സ) ഖുര്‍ആനിലെ ചില അദ്ധ്യായങ്ങളെ മഹറാക്കുന്നത്.
വിവാഹ മാമാങ്കത്തിന് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നവര്‍ മഹര്‍ മാത്രം ലഘൂകരിച്ച് വിവാഹം ലളിതമാക്കുന്നതിലെ വൈരുധ്യമാണ് നാം ചിന്തിക്കേണ്ടത്. ഉത്തമമായ വിവാഹമാണ് നബി (സ) പഠിപ്പിച്ചത്. മഹര്‍പോലും കൊടുക്കാനില്ലാത്ത പുരുഷന്റെ ദാരിദ്ര്യാവസ്ഥക്ക് പരിഹാരമായാണ് അവസാനം ഖുര്‍ആനെങ്കിലും മഹറാക്കിയത്. അനിവാര്യമായ വിവാഹം നടക്കട്ടെ എന്നും ദാരിദ്ര്യം വിവാഹത്തിന് തടസ്സമാകാതിരിക്കട്ടെ എന്നും കരുതിയാണിത്. ബാക്കിയുളള എല്ലാ മേഖലകളിലും ധൂര്‍ത്തും പൊങ്ങച്ചവും കാണിക്കുന്നവര്‍ മഹര്‍ മാത്രം ലളിതമാക്കുന്നതിലെ അനൗചിത്യമാണ് നാം ചര്‍ച്ച ചെയ്യേണ്ടത്. അഞ്ച് ദിര്‍ഹം തൂക്കം വരുന്ന സ്വര്‍ണം മഹറായി നല്‍കിയ അബ്ദുറഹ്മാനുബ്‌നു ഔഫിനോട് ഒരാടെങ്കിലും അറുത്ത് വലീമത്ത് നല്‍കാനാണ് നബി(സ) ആവശ്യപ്പെടുന്നത്.
മഹറിന് കൂടിയതോ കുറഞ്ഞതോ ആയ ഒരു പരിധിയും ശരീഅത്ത് നിശ്ചയിച്ചിട്ടില്ല. ഓരോരുത്തരും അവരുടെ കഴിവിനും കുടുംബ സമ്പ്രദായത്തിനുമനുസരിച്ച് നല്‍കാറാണ് പതിവ്. ഇരുകക്ഷികളും തൃപ്തിപ്പെടുകയാണെങ്കില്‍ ഏറ്റവും ലളിതമായ വസ്തുക്കളും സന്ദര്‍ഭത്തിനനുസരിച്ച് മഹറാക്കി നല്‍കിയ അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. മക്കയില്‍ നിന്ന് മദീനയിലേക്ക് വന്ന മുഹാജിറുകള്‍ക്ക് ഭാര്യമാരില്ലാതായപ്പോള്‍ രണ്ട് ഭാര്യമാരുളള അന്‍സാറുകള്‍ ഒരാളെ അപരന് വിവാഹം ചെയ്ത് കൊടുക്കാന്‍ പോലും സന്നദ്ധമായ ഒരു കാലം. അന്ന് മതപരിവര്‍ത്തനം പോലും സ്വഹാബികള്‍ മഹറാക്കിയിട്ടുണ്ട്. സ്വഹാബി വനിതയായ ഉമ്മുസുലൈമിന് ഇണയാകാന്‍ പോകുന്ന അബൂത്വല്‍ഹയില്‍ നിന്ന് ലഭിക്കുന്ന ധനത്തേക്കാള്‍ ആ അവസരത്തില്‍ വിലപ്പെട്ടത് ത്വല്‍ഹയുടെ ഇസ്‌ലാം സ്വീകരണമായിരുന്നു. വിജ്ഞാനവും ദീനും ഭര്‍ത്താവിന്റെ മതംമാറ്റവും ഏറ്റവും ശ്രേഷ്ഠമായതാണ്. പക്ഷെ അത് വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശങ്ങളോട് തട്ടിച്ചു നോക്കുമ്പോഴും ജീവിതത്തിന്റെ ഭൗതിക തലത്തിലുളള പ്രയോജനം വിലയിരുത്തുമ്പോഴും സാധാരണാവസ്ഥയില്‍ ഇത് മതിയാകുന്നില്ല. അതുകൊണ്ട് തന്നെയായിരിക്കും പണ്ഡിതന്മാരില്‍ ചിലര്‍ ചുരുങ്ങിയ മഹര്‍ മൂന്ന് ദിര്‍ഹമോ പത്ത് ദിര്‍ഹമോ അഥവാ ഒമ്പതോ മുപ്പതോ ഗ്രാം വെളളിയില്‍ പരിമിതപ്പെടുത്തുന്നത്.
എന്നാല്‍ മഹറിന്റെ കൂടിയ അളവിന് ഒരു പരിധിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. ഉമര്‍(റ)ന്റെ കാലത്ത് നടന്ന പ്രസിദ്ധമായ ഒരു സംഭവമുണ്ടല്ലോ. അദ്ദേഹം നാനൂറ് ദിര്‍ഹമിലധികം മഹര്‍ വാങ്ങുന്നത് നിരോധിച്ചു. കൂടുതലുളളത് പൊതുഖജനാവിലേക്ക് കണ്ട് കെട്ടണമെന്നായിരുന്നു ഉത്തരവ്. ഇത് കേട്ട ഒരു ഖുറൈശി വനിത അദ്ദേഹത്തോട് ചോദിച്ചു: ''നിങ്ങള്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തി. മറ്റൊരുവളെ വിവാഹം കഴിക്കുകയാണെങ്കില്‍ ആദ്യസ്ത്രീക്ക് ധനത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍ നിന്ന് ഒന്നും തിരിച്ചെടുക്കാവുന്നതല്ല എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചത് നിങ്ങള്‍ കണ്ടിട്ടില്ലേ? ഉമറിന് തെറ്റ് ബോധ്യമായി സ്വയം തിരുത്തി. ''നിങ്ങളുടെ ധനത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുളളത് മഹറാക്കി നല്‍കാം'' എന്ന് ഉടനെ പ്രസ്താവിച്ചു.
ഓരോ സ്ത്രീയും അര്‍ഹിക്കുന്ന ഒരു നിശ്ചിത മഹറുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ സാങ്കേതിക പ്രയോഗത്തില്‍ അതിനെ മഹര്‍ മിസ്‌ല് എന്നാണ് പറയാറുളളത്. ഇത് വിവാഹം നടക്കുന്ന അവസരത്തില്‍ സ്ത്രീയുടെ ധനം, ദീന്‍, കുടുംബം, ബുദ്ധിവൈദഗ്ധ്യം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. നബി പത്‌നിമാര്‍ക്ക് കൊടുത്ത മഹര്‍ അഞ്ഞൂറ് ദിര്‍ഹമായിരുന്നു. അഥവാ ഒന്നരകിലോ വെളളി ഇന്നത്തെ വിലയനുസരിച്ച് എണ്‍പത്തിയെട്ടായിരത്തോളം രൂപയോ അതിനെക്കാള്‍ കൂടുതലോ ഇതിന് വില ഉണ്ടായേക്കാം. ഖദീജാബീവിക്ക് നബി (സ) നല്‍കിയ മഹര്‍ ഇരുപത് ഒട്ടകങ്ങളായിരുന്നു എന്ന് ചരിത്രം പറയുന്നു. ആയിശ(റ)ക്ക് മഹര്‍ കൊടുക്കാന്‍ വേണ്ടി നബി (സ) അബൂബക്കറില്‍ നിന്ന് നാനൂറ്റി എണ്‍പത് ദിര്‍ഹം കടം വാങ്ങിയതായും മഹറായി അമ്പത് ദിര്‍ഹം വിലയുളള വീട് നല്‍കി എന്നും ഇബ്‌നുസഅ്ദും നാനൂറ് ദിര്‍ഹം എന്ന് ഇബ്‌നു ഇസ്ഹാഖും റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം സകാത്തിന്റെ പരിധി അഞ്ച് ഒട്ടകങ്ങളും ഇരുനൂറ് ദിര്‍ഹവുമാണെന്ന് നാം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഫാത്വിമയെ വിവാഹം കഴിക്കാന്‍ പോകുന്ന അലിയോട് നിന്റെ 'പടയങ്കി' എവിടെ എന്നാണ് നബി ചോദിച്ചത്.
അതേ സമയം മഹര്‍ അന്യായമായി കൂടുതല്‍ ആവശ്യപ്പെടുന്നതിനെ ഇസ്‌ലാം വെറുക്കുന്നു. മാത്രമല്ല മഹര്‍ കുറയുന്തോറും ദാമ്പത്യം അനുഗ്രഹീതമാകുമെന്നും മഹറിന്റെയും ജീവിത ചെലവുകളുടെയും കുറവ് സ്ത്രീയുടെ ശുഭലക്ഷണമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഭര്‍ത്താവിന്റെ വരുമാനത്തില്‍ ദൈവത്തെ ഭയപ്പെടുന്ന സ്ത്രീ, കുടുംബ ജീവിതത്തില്‍ ക്ഷമാലുവും സമൂഹത്തിന് മാതൃകായോഗ്യയുമായ സ്ത്രീ, ജീവിതത്തിന്റെ കടുത്ത പ്രാരാബ്ധങ്ങളില്‍ ഇണക്ക് നിഴലും തണലുമാകുന്ന സ്ത്രീ അവള്‍ എന്നും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഐശ്വര്യമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top