സമ്പന്നര്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന സമുദായ നേതൃത്വം

നാസര്‍ കാരക്കാട്

നവോത്ഥാനമെന്നത് നിരന്തരം വെട്ടിയും തിരുത്തിയും മാറ്റിപ്പണിതും സൂക്ഷ്മമായ നിരീക്ഷണ നിരൂപണങ്ങള്‍ക്ക് വിധേയമാക്കി അനസ്യൂതം തുടരേണ്ട പ്രതിക്രിയയാണ്. അങ്ങനെയെങ്കില്‍ മുസ്‌ലിം നവോത്ഥാനം ആ സമുദായം നിലനില്‍ക്കുന്ന കാലത്തോളം തുടര്‍ന്നുകൊണ്ടേയിരിക്കും. 'വിവാഹങ്ങള്‍ ആരോപണത്തിനും ആഘോഷത്തിനുമിടയില്‍' എന്ന ലേഖനത്തില്‍ മുസ്‌ലിം സമുദായത്തെ ചവിട്ടിക്കലക്കി തട്ടിത്തെറിപ്പിച്ച ചെളി സമുദായത്തിലെ എല്ലാ സംഘടനാ നേതാക്കളുടെയും അവരുടെ മുഴുവന്‍ ആണ്‍-പെണ്‍ അണികളുടെയും കുപ്പായത്തിലേക്ക് തെറിച്ചു വീണിട്ടുണ്ട്. സമുദായമനുഭവിക്കുന്ന ദുരന്തത്തില്‍ ആത്മരോഷം പൂണ്ട ഒരു നവോത്ഥാന മനസ്സിന്റെ ചടുലമായ പ്രതികരണമായി സമുദായം അതിനെ ഏറ്റെടുക്കണം. ഒരു യുദ്ധത്തില്‍ തോറ്റോടിവരുന്ന പുരുഷപടയാളികളെ കൂടാരക്കുറ്റി പറിച്ചെടുത്ത് ശത്രുപാളയത്തില്‍ തന്നെ തുരത്തിയ ഒരു ധീര വനിതയെപ്പറ്റി ചരിത്രത്തില്‍ വായിച്ചത് ഓര്‍ത്തുപോയി.
സ്ത്രീധനത്തിന്റെ കാര്‍ക്കശ്യം അല്‍പം കുറഞ്ഞിട്ടുണ്ട് എന്നതൊഴിച്ചാല്‍ ഒരു തരത്തിലുള്ള നീക്കുപോക്കിനും വഴങ്ങാത്ത ഒന്നായി നിലനില്‍ക്കുകയാണ് സമുദായത്തിലെ വിവാഹങ്ങള്‍. ഇണകളുടെ തെരഞ്ഞെടുപ്പ്, സൗന്ദര്യസങ്കല്‍പ്പം, ഇളം പ്രായത്തോടുള്ള ആര്‍ത്തി, വിവാഹത്തോടുള്ള മനോഘടന, ധൂര്‍ത്ത് പൊങ്ങച്ചപ്രകടനം, ആചാരങ്ങളുടെ സംരക്ഷണം തുടങ്ങി ഇവയിലൊന്നും തന്നെ ആശാവഹമായ ഒരു മാറ്റവും ദൃശ്യമായിത്തുടങ്ങിയിട്ടില്ല. ഉല്‍പ്പതിഷ്ണുക്കള്‍ എന്നവകാശപ്പെടുന്നവരിലെ സമ്പന്നര്‍ പോലും പലവിധ ന്യായങ്ങള്‍ പറഞ്ഞ് തങ്ങളുടെ 'നിലവാരം' കാത്തുപോരുന്നവരാണ്. വിവാഹത്തിലും വീട് നിര്‍മാണത്തിലും ആഭരണഭ്രമത്തിലും അവരോട് ഇഞ്ചോടിഞ്ച് മത്സരിച്ച് മുന്നേറുന്നു മിഡില്‍ക്ലാസ്സും. സംഘടനയുടെ പ്രാദേശികതലം തൊട്ട് സംസ്ഥാനതലം വരെയുള്ള പരിപാടികള്‍ക്കും അതിനപ്പുറം ഏറ്റെടുക്കുന്ന വന്‍ പ്രൊജക്ടുകള്‍ക്കും പിന്നെ നൂറായിരം പിരിവ് റിലീഫുകള്‍ക്കും അവര്‍ നല്‍കുന്ന അക്കങ്ങളുടെ ഗാംഭീര്യം ഓര്‍ക്കുമ്പോള്‍ നേതൃത്വത്തിന് പലപ്പോഴും മൗനം പാലിക്കാനേ കഴിയുന്നുള്ളൂ. ഇനി വല്ലതും പറഞ്ഞാല്‍ തന്നെ പാറയില്‍ തട്ടി ചിതറുന്ന തിരമാലയുടെ അനുഭവത്തിനപ്പുറം ഒന്നും സംഭവിക്കുന്നില്ല.
സമുദായത്തിലെ ഒരു പ്രബല വിഭാഗം മഹല്ലുകള്‍ക്കൊരു മാര്‍ഗരേഖയുണ്ടാക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തൊരു വ്യക്തി 'സമ്പന്നരുടെ ഇത്തരം ലീലാവിലാസങ്ങള്‍ക്ക് തടയിടാതെ ഒരു കര്‍മരേഖയും ഫലവത്താകാന്‍ പോകുന്നില്ല' ഒന്ന് തുറന്നടിച്ചപ്പോല്‍ അവിടെ തളം കെട്ടിനിന്ന മൂകത ശ്മശാന സമാനമായിരുന്നുവെന്ന് അനുഭവ വിവരണം. അത്തരക്കാര്‍ക്കെതിരില്‍ ഒരു രേഖയും ഇന്നവരെ ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടില്ല. ഉണ്ടാക്കപ്പെടുന്ന എല്ലാ നിയമങ്ങള്‍ക്കും അതീതരാണവര്‍ എന്നാണവരുടെ ധാരണ.
ഒരു സമൂഹം നന്നാവുന്നതിന് അവരുടെ നേതൃത്വം നന്നാവുക എന്നത് അനിവാര്യമാണ്. കേരള മുസ്‌ലിംകള്‍ക്കെങ്കിലും ഒന്നടങ്കം അംഗീകരിക്കാന്‍ കഴിയുന്ന ആര്‍ജ്ജവവും ഇഛാശക്തിയുമുള്ള സമ്പത്തിന്റെ പളപളപ്പില്‍ മയങ്ങിപ്പോകാത്ത ഒരൊറ്റ നേതൃത്വം ഉയര്‍ന്നുവന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

ശ്രദ്ധിക്കുമല്ലോ...
കഴിഞ്ഞ ലക്കം പ്രസിദ്ധീകരിച്ച 'സര്‍ഗാത്മക വാര്‍ധക്യം' എന്ന എന്റെ ലേഖനത്തില്‍ ചില തെറ്റുകള്‍ കടന്നുകൂടിയത് ശ്രദ്ധയില്‍ പെടുത്തുന്നു. ഭാഗ്യപൂര്‍ണമായ വാര്‍ധക്യം സുശിക്ഷിതമായ യൗവ്വനത്തിനുള്ള പ്രതിഫലമാണെന്ന് എഴുതിയിരുന്നത് ലേഖനത്തില്‍ സുരക്ഷിതമായ എന്നായി മാറി. ഒന്നു തൊട്ടുണര്‍ത്തിയാല്‍ സമൂഹത്തിന് ഉപയുക്തമാകുന്ന പലതും അവരില്‍ നിന്നും കണ്ടെടുക്കാനാവുമെന്നത് വല്ലതുമെന്നാണ് അച്ചടിച്ചിട്ടുള്ളത്. സംസാരവും സമീപന രീതികളും ഹൃദയാര്‍ഥനകളും എന്നിടത്ത് 'സംസ്‌കാരവും ഹൃദയ യാതനകളും എന്ന് വന്നിരിക്കുന്നു. തഫ്‌സീറുല്‍ കബീര്‍ തഫ്‌സീറുല്‍ കസീര്‍ എന്നും. സഈദുബ്‌നു മുസയ്യബിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു ഉദ്ദരിച്ചിരുന്നത്: ''കുറ്റം ചെയ്ത അടിമ പരുഷസ്വഭാവിയായ യജമാനനോട് സംസാരിക്കുന്നതുപോലെ അവരെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കരുത്...'' എന്നത് കുറ്റം ചെയ്ത അടിമ പരുഷസ്വഭാവിയായ യജമാനനോട് സംസാരിക്കരുത് എന്നായി. വൃദ്ധജനങ്ങളുടെ സാന്നിധ്യം ശാപമായോ അരോചകമായോ കാണുന്നവരാണധികവും എന്ന വാചകം പാതിയില്‍ മുറിഞ്ഞുപോയിരിക്കുന്നു.
എച്ച്. നുസ്‌റത്ത്   

ഹൈജാക്ക് ചെയ്യപ്പെട്ട
'മാണിക്യമലരായ പൂവി'
സെപ്തംബര്‍ ലക്കം 'ഇവിടെ ഇങ്ങനെ ഒരു കവി' എന്ന ലേഖനത്തിലെ ഭീമമായ ഒരു കളവ് ശ്രദ്ധയില്‍പെട്ടു. വര്‍ഷങ്ങളായി ഞാന്‍ പാടി ഹിറ്റാക്കിയ 'മാണിക്യമലരായ പൂവി' എന്ന ഗാനം ഹൈജാക്ക് ചെയ്യപ്പെട്ടതില്‍ എനിക്കുള്ള പ്രതിഷേധമാണ് ഈ കുറിപ്പ്. എട്ടു വയസ്സുമുതല്‍ പാടിവരുന്ന ഞാന്‍ 1979-ല്‍ ആകാശവാണിയിലും 1989-ല്‍ തിരുവനന്തപുരം ദൂരദര്‍ശനിലും പാടി ഹിറ്റാക്കിയ മാപ്പിളപ്പാട്ട് രംഗത്തെ ഏറെ ജനപ്രീതി നേടിയൊരു ഗാനമാണിത്. കൊടുങ്ങല്ലൂരിലെ കരൂപ്പടന്നക്കാരനായ പി.എം.എ ജബ്ബാര്‍ എന്നയാള്‍ എഴുതി ഞാന്‍ തന്നെ ട്യൂണ്‍ ചെയ്ത് പാടിയ ഈ ഗാനത്തെകുറിച്ച് തെറ്റായ രൂപത്തില്‍ വന്നത് നന്നായില്ല. 1973-ല്‍ കരൂപ്പടന്നയില്‍ ഒരു ചന്ദനക്കുട നേര്‍ച്ചക്ക് എന്റെ ഗാനമേളയുണ്ടായിരുന്നു. ആയിരങ്ങള്‍ പങ്കെടുത്ത സദസ്സ്. പ്രശസ്ത സീനിയര്‍ കാഥിക ആയിശാബീഗത്തിന്റെ കഥാപ്രസംഗവും ഉണ്ടായിരുന്നു. എന്റെ കല്ല്യാണത്തിന് നിമിത്തമായ ഒരു പരിപാടികൂടിയായിരുന്നു അത്. പി.എം.എ ജബ്ബാറിന്റെ ബന്ധുവായ പെണ്‍കുട്ടിയെ ആണ് ഞാന്‍ കല്ല്യാണം കഴിച്ചത്.  എന്റെ  കല്ല്യാണം കഴിഞ്ഞതു മുതലാണ് ജബ്ബാറുമായി ഞാന്‍ ബന്ധപ്പെടുന്നത്. അദ്ദേഹമന്ന് കരൂപ്പടന്നയിലെ മദ്രസാധ്യാപകനായിരുന്നു. അങ്ങനെയാണ് ഒരുനാള്‍ അദ്ദേഹം എഴുതിവെച്ച മാപ്പിളപ്പാട്ടുകള്‍ എനിക്ക് തന്നത്. ഇന്നും അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ഡയറി എന്റെ കൈവശമുണ്ട്. ഞാനല്ലാത്ത ഒരു ഗായകന്‍ ഇദ്ദേഹത്തിന്റെ പാട്ട് ടി.വി ചാനലുകളില്‍ പാടിയിട്ടില്ല. അദ്ദേഹത്തിന്റെ ഇരുപത്തഞ്ചില്‍പരം ഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. മലബാറില്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതും ഞാനാണ്. 'മാണിക്യമലരായ പൂവി' എന്ന ഗാനം വീണ്ടും 1990-ല്‍ അയലത്തെ മൊഞ്ചത്തി എന്നപേരില്‍ വീണ്ടും ഞാന്‍ സോളെ പാടിയ കാസറ്റും പുറത്തിറക്കി. 1999-ല്‍ തലശ്ശേരി ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് മാളിയേക്കല്‍ തറവാട്ടിലെ കല്ല്യാണത്തോടനുബന്ധിച്ച് സ്റ്റേജില്‍ എന്റെ ഗാനമേളയായിരുന്നു. സ്‌റ്റേജില്‍ നിന്നും 'മാണിക്യാമലരായ പൂവി' എന്ന ഗാനം ഞാന്‍ പാടുന്ന സന്ദര്‍ഭത്തിലാണ് എന്റെ സുഹൃത്ത് കൂടിയായ മൂസ എരഞ്ഞോളി സ്റ്റേജിലേക്ക് കയറിവരുന്നത്.
പ്രശസ്ത ഗായകന്‍ പീര്‍ മുഹമ്മദും അന്ന് സ്ഥലത്തുണ്ടായിരുന്നു. കോഴിക്കോട് ഷറാറ കോംപ്ലക്‌സിന്റെ ഉടമ ഷറഫുദ്ദീന്റെ സഹോദരിയുടെ രണ്ട് പെണ്‍കുട്ടികളായിരുന്നു കോറസ്സ് പാടിയിരുന്നത്. സ്റ്റേജില്‍ വെച്ച് തന്നെ എന്റെ പാട്ട് ഇഷ്ടപ്പെട്ട് ഡയറി വാങ്ങി മൂസ എരഞ്ഞോളി അത് പകര്‍ത്തിയെടുത്തു. പിറ്റേ ദിവസം കാലത്ത് അദ്ദേഹം വന്ന് ഗാനം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നും ഈ ഗാനം എനിക്കും കാസറ്റില്‍ പാടാന്‍ ആഗ്രഹമുണ്ടെന്നും പറയുകയും ദയവുചെയ്ത് ജബ്ബാറിന്റെ സമ്മതപത്രം വാങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ തന്നെയാണ് സ്വന്തം കൈയക്ഷരത്തില്‍ ജബ്ബാറിന്റെ പേരുവെച്ച് സമ്മതപത്രം മൂസക്ക് നല്‍കിയത്. ജബ്ബാര്‍ അന്ന് വിദേശത്തായിരുന്നു. ഇതാണ് സത്യം. ഈ കാര്യം ജബ്ബാറിന്റെ  മുന്നില്‍വെച്ച് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്.  ഇത്ര പോപ്പുലറായ എന്റെ ഗാനത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ മുതിര്‍ന്നത് കടുത്ത അനീതിയായിപ്പോയി. മറ്റു ഗായകരില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരു ഗായകനാണ് ഞാന്‍. എന്റെ പാട്ടല്ലാതെ മറ്റൊരാളുടെ പാട്ടും ഞാന്‍ കടമെടുത്ത് പാടാറില്ല.
മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ചന്ദ്രിക, രാഷ്ട്രദീപിക, പീപ്പിള്‍സ് റിവ്യൂ, അകം തുടങ്ങി  ഒട്ടനേകം പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ പാടി ഹിറ്റാക്കിയ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തെകുറിച്ച് പലരും എഴുതി പലതവണ പ്രസിദ്ധീകരിച്ചതാണ്. ദയവു ചെയ്ത് സത്യത്തിന് നേരെ മുഖം തിരിക്കരുത്.
തലശ്ശേരി കെ.റഫീഖ്‌

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top