ജീവിച്ചതിന് അടയാളങ്ങള്‍ ബാക്കിയാക്കി സൗദ യാത്രയായി

ഫൗസിയ ശംസ് / അനുസ്മരണം No image

ദൈവസവിധത്തില്‍ തിരിച്ചുചെല്ലേണ്ടവരാണ് നാമെല്ലാവരും. പക്ഷേ, തങ്ങളുടെ ജീവിതംകൊണ്ട് കാല ത്തെ അടയാളപ്പെടുത്തിയായിരിക്കും ചിലര്‍ നമ്മോട് വിടപറയുക. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആസ്ഥാനമന്ദിരമായ കോഴിക്കോട് ഹിറാസെന്ററിന്റെ മുറ്റത്ത് വെച്ച് ആദ്യമായി നടന്ന മയ്യിത്ത് നമസ്‌കാരം അത്തരമൊരു ആത്മാവിനു വേണ്ടിയായിരുന്നു. അതിന് സാക്ഷിയാകാന്‍ മനസ്സിന്റെ ഭാരവുമായി കാത്തിരുന്ന സ്ത്രീപുരുഷന്മാര്‍ സമര്‍ഥിച്ചതും അതുതന്നെ. തന്നെ വളര്‍ത്തി വലുതാക്കിയ, തന്റെ ആയുസ്സും ആരോഗ്യവും സമയവും നീക്കിവെച്ച് ജീവിതത്തെ പ്രസ്ഥാനമാക്കി മാറ്റിയ, പടന്നയെന്ന ഗ്രാമത്തെ ഇസ്‌ലാമിക പ്രസ്ഥാനപ്രവര്‍ത്തകരില്‍ ആവേശമാക്കിമാറ്റാന്‍ ചവിട്ടിക്കയറിയ ഹിറയുടെ മുറ്റത്ത് നിന്നുതന്നെ സൗദ പടിയിറങ്ങി. 'ജീവിക്കുന്നെങ്കില്‍ അടയാളങ്ങള്‍ ബാക്കിവെച്ചുകൊണ്ട് ജീവിക്കണം' എന്ന വാക്കുകളെ അന്വര്‍ത്ഥമാക്കിയ വ്യക്തിത്വത്തിന് ലഭിച്ച അങ്ങേയറ്റത്തെ ആദരവായിരുന്നു അത്.
 പരസ്പരമുള്ള കൂടിക്കാഴ്ചകളില്‍ ഒരിക്കലും തന്നെ തളര്‍ത്തുന്ന മാരകരോഗത്തെ കുറിച്ചോ അതിന്റെ പ്രയാസങ്ങളെ കുറിച്ചോ സൂചനപോലും തരാതെ ഇസ്‌ലാമിലെ സ്ത്രീകള്‍ക്ക് മാറുന്ന കാലത്തോട് സംവദിക്കാന്‍ ദിശാബോധം നല്‍കേണ്ടതെങ്ങനെയെന്നും അതിനുള്ള കര്‍മപദ്ധതികളെന്താകണമെന്നും മാത്രം വാചാലമായി സംസാരിച്ച  സൗദക്ക് ശാരീരികമായി ചില പ്രയാസങ്ങളുണ്ടെന്ന് പറയുന്നത് കേട്ടപ്പോഴും അവസാനമായി എറണാകുളം  ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നപ്പോഴും ഇത്രപെട്ടെന്ന് നമ്മോട് വിടപറയാന്‍ മാത്രം ഗുരുതരമായിരുന്നു അതെന്ന് കരുതിയിരുന്നില്ല.  അതുകൊണ്ടുതന്നെ പിന്നീട് പോയിക്കാണാം എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ,  പിന്നീട് മരണവീട്ടിലേക്ക് പോകാനായിരുന്നു വിധി.
വീടറിയാത്തതിനാല്‍ പടന്നയിലെ പ്രസ്ഥാനപ്രവര്‍ത്തകയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അതിനിടയിലാണ് ആരാമത്തിലേക്ക് വന്ന ഒരു ഇ- മെയില്‍ ശ്രദ്ധയില്‍ പെട്ടത്. എഴുത്തിലെ വൈകാരികത കണ്ട് വെറുതെയൊന്ന് വിളിച്ചുനോക്കി. നന്മകള്‍ മാത്രം അവശേഷിപ്പിച്ച് പോയ തങ്ങളുടെ പ്രിയപ്പെട്ട അമ്മായിക്കുവേണ്ടി എ ന്തും ചെയ്യാന്‍ തയ്യാറായ ഫാറൂഖ് ഉസ്മാന്‍ ആയിരുന്നു മറുതലക്കല്‍.
ട്രെയിന്‍ അല്‍പം വെകിയതിനാല്‍ വിചാരിച്ചതിലും വൈകിയായിരുന്നു യാത്ര. ആരാമം ലേ-ഔട്ട് ആര്‍ട്ടിസ്റ്റ് ഷിഫാനയും ഞാനും നേരെ പോയത് കണ്ണൂര്‍ പഴയങ്ങാടിയിലുള്ള സൗദയുടെ ഭര്‍തൃവീട്ടിലേക്കായിരുന്നു. അവരുടെ പ്രിയപ്പെട്ട മരുമകളുടെയും അമ്മായിയുടെയും വിശേഷങ്ങളറിയാന്‍ വന്നവ രെയും കാത്ത് ഉമ്മയും പെങ്ങന്മാരുമിരിക്കുന്നുണ്ടായിരുന്നു. പടന്നയെന്ന നാടിനെ കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമാക്കി സൗദ മാറ്റുമ്പോള്‍ തുണയായി നിന്ന സിദ്ധീഖെന്ന അവരുടെ ഭര്‍ത്താവ് വരാന്തയിലിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലാതെ നേരെ അകത്തേക്ക് കടന്നു. എല്ലാവരും ഒന്നിച്ചിരുന്നെങ്കിലും എന്ത് പറഞ്ഞാണ് തുടങ്ങേണ്ടതെന്ന ആശങ്കയിലിരിക്കുമ്പോള്‍ നിശ്ശബ്ദതയെ ഭേദിച്ചത് 'വീട്ടിലെ വിളക്ക് കെട്ടുപോയി'  എന്ന ഭര്‍തൃമാതാവിന്റെ തേങ്ങുന്ന സംസാരമായിരുന്നു. പതിനെട്ട് വര്‍ഷം മുമ്പ് മകന്റെ ഭാര്യയായി വന്ന ആ മകളെ കുറിച്ച ഓര്‍മകള്‍ വേദന അമര്‍ത്തിവെച്ച് ങ്കുവെക്കുമ്പോള്‍ സൗദ എത്ര ഭാഗ്യവതി എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. 1994 മാര്‍ച്ച് 24-നായിരുന്നു സൗദയെന്ന പെണ്‍കുട്ടി സിദ്ദീഖിന്റെ ഭാര്യയായി പഴയങ്ങാടി കോഴി ബസാറിലെ എസ്.എല്‍.പി കുടുംബത്തിലേക്ക് കയറിവന്നത്; പഴയങ്ങാടി വാദിഹുദാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ വി.കെ മൊയ്തു ഹാജിയുടെ മരുമകളായി. അദ്ദേഹത്തിന്റെ  മകന്‍ സിദ്ദീഖ് മനസ്സില്‍ സ്വപ്നംകണ്ട പെണ്ണു തന്നെയായിരുന്നു സൗദ. ''എല്ലാ കാര്യത്തിനും എനിക്കൊപ്പം നിന്നതും എന്റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി തന്നതും അവളായിരുന്നു. എറണാകുളം ഹോ സ്പിറ്റലില്‍ കിടക്കുമ്പോഴും രണ്ടു ദിവസം മുമ്പ് വരെ എന്നെ വിളിച്ച് കുറെ സംസാരിച്ചു....''കൂടുതലൊന്നും പറയാന്‍ ആ ഉമ്മക്കാവുന്നില്ല. ''അമ്മായി എന്ന് പറഞ്ഞ് മാറിനില്‍ക്കുന്ന ആളല്ല, എല്ലാ കാര്യത്തിനും അഭിപ്രായം പറഞ്ഞും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും വേണ്ടപ്പോഴൊക്കെ ശാസിച്ചും ഉപദേശിച്ചും ഞങ്ങളോടൊപ്പം തന്നെയായിരുന്നു അവര്‍.'' തന്നെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കേണ്ടെന്ന് കരുതി രോഗവിവരം എല്ലാവരില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതറിഞ്ഞപ്പോഴും രോഗം മാറുമെന്ന പ്രതീക്ഷ പുലര്‍ത്തിയ സൗദയുടെ ഭര്‍തൃസഹോദരികളായ ആയിശബിയും സാബിറയും ഒരേ സ്വരത്തില്‍ പറയുന്നു. രണ്ടരവര്‍ഷം മുമ്പ് കരളിന് കാന്‍സര്‍ വന്ന് മരണപ്പെട്ടുപോയ ഉപ്പയുടെ വിയോഗശേഷം പെട്ടെന്നുണ്ടായ ഈ ആഘാതത്തെ വിധിയെന്ന് പറഞ്ഞ് സമാധാനിക്കാന്‍ സ്വയം ശ്രമിക്കുമ്പോഴും അവര്‍ പതറിപ്പോകുന്നു. സ്‌കൂളില്‍ പോയിവരാനുള്ള സൗകര്യാര്‍ഥം പിലാത്തറയില്‍ താമസിച്ച കുറച്ചുവര്‍ഷങ്ങളും പിന്നെ രോഗം തീക്ഷ്ണമായ അവസ്ഥയില്‍ കുറച്ചുകാലം പടന്നയില്‍ താമസിച്ചതും ഒഴിച്ചു നിര്‍ത്തിയാല്‍ അവര്‍ മുഴുസമയവും ചെലവിട്ടത് ഭര്‍തൃകുടുംബത്തിന്റെ കൂടെത്തന്നെയാണ്. ''ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്കായിരുന്നു 'അറ'യുണ്ടാവുക. പക്ഷേ, സി ദ്ദീഖിന് ഇവിടെത്തന്നെയായിരുന്നു റൂം. മോനെ എന്റെ കൈകളിലേല്‍പ്പിച്ചാണ് അവള്‍ പ്രസ്ഥാനപ്രവര്‍ത്തനത്തി നായി പോകാറ്. ഈ പതിനെട്ട് വര്‍ഷം ഞങ്ങള്‍ക്കിടയില്‍ വഴികാട്ടിയായാണ് അവള്‍ ജീവിച്ചത്. എല്ലാരെയും കൂട്ടിയോജിപ്പിക്കാനാണ് എന്റെ കുട്ടി ശ്രമിച്ചത്. എന്റെ കുട്ടി കേറി വന്നതിന് ശേഷം ആരും അകന്ന് നിന്നിട്ടില്ല.'' ബന്ധങ്ങളുടെ പവിത്രത മാനിക്കാന്‍  സൗദയെ കണ്ട് പഠിക്കണമെന്നാണവര്‍ വീണ്ടും വീണ്ടും പറയുന്നത്.  
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന വനിതാ നേതൃനി രയിലെ കരുത്തുറ്റ ആ പ്രതിഭയെ ഭൂമിയിലെ ജീവിതത്തില്‍ നിന്നും നാഥന്‍ തിരികെ വിളിച്ചത് സെപ്റ്റംബര്‍  ഇരുപതി ന് രാവിലെ പത്ത് മണിക്ക് എറണാകുളം ലേക്‌ഷോര്‍ ഹോ സ്പിറ്റലില്‍ വെച്ചാണ്. നാല്‍പത്തി ഒന്ന് വയസ്സായിരുന്നു അപ്പോഴവര്‍ക്ക്. അനുസരണയും വിനയത്തിന്റെയും കാരു ണ്യത്തിന്റെയും പ്രതീകമായി മാത്രം സ്ത്രീയെ അവത രിപ്പിക്കുന്ന പതിവ് നടപ്പുരീതികളില്‍നിന്നും മാറി സമ കാലിക സംഭവങ്ങളോട് ക്രിയാത്മകമായും രചനാത്മ കമായും സംവദിക്കാന്‍ കഴിയുന്ന കരുത്തുറ്റ വ്യക്തി ത്വത്തിനുടമയാണ് മുസ്‌ലിം പെണ്ണെന്ന്  ഇസ്‌ലാമിക ചരിത്രപാഠങ്ങളില്‍ പഠിച്ച സ്ത്രീരത്‌നങ്ങളെ ഉദാഹരിച്ച് പൊതുവേദികളിലും പൊതുസമൂഹത്തിലും നിരന്തരം സംവദിച്ചവളായിരുന്നു സൗദ. 'സാമൂഹ്യ വപ്ലത്തിന് സ്ത്രീശക്തി' എന്ന സന്ദേശമുയര്‍ത്തി കുറ്റിപ്പുറത്ത് നടന്ന പ്രസ്ഥാന വനിതാ സമ്മേളനത്തെ വളരെ തനിമയാര്‍ന്ന നിലയില്‍ അവതരിപ്പിക്കാന്‍ പാടുപെട്ടത് സൗദയിലെ ഈ കഴിവ് തന്നെയാണ്. പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന സ്ത്രീ ശാക്തീകരണം ഏത് രൂപത്തിലാവണമെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ സഹായിച്ചതും അതിന് ഊര്‍ജ്ജം കിട്ടിയതും സൗദ അതിനായി എഴുതിത്തയ്യാറാക്കിയ സിനോപ്‌സിസില്‍ നിന്നായിരുന്നു എന്നാണെന്റെ അറിവ്. രാഷ്ട്രീയ, സാമൂഹിക, ഭരണ, കച്ചവട രംഗത്ത് തിളങ്ങിയ മാതൃകാ വനിതകളെ ഇസ്‌ലാമിക ചരിത്രത്തില്‍ നിന്ന് എടുത്തുചേര്‍ത്ത് സമ്മേളനത്തിനായി അവര്‍ തയ്യാറാ ക്കിയ സിനോപ്‌സിസ് വീണ്ടുമൊന്ന് മറിച്ച് നോക്കിയപ്പോ ഴാണ് സൗദയിലെ ഉള്‍ക്കാഴ്ചയെയും കുടുംബത്തിനു മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാനത്തിന് തന്നെയും വലിയൊരു നഷ്ടമാണ് ആ വിയോഗത്തിലൂടെ ഉണ്ടായെ െതന്ന് തിരിച്ചറിഞ്ഞത്. സമ്മേളന സമയത്ത് സിനോപ്‌സി സ് അത്യാവശ്യമുണ്ടെന്നറിയിച്ചപ്പോള്‍ ഹിറാ സെന്ററി ലേക്ക് വന്ന് അതേല്‍പ്പിച്ച് തരുമ്പോഴും ആ ശരീരത്തില്‍  മരണത്തെ എളുപ്പമാക്കാന്‍ കാന്‍സര്‍ കോശം വളരുന്നു ണ്ടായിരുന്നു. അന്ന് തൊണ്ടക്ക് അസ്വസ്ഥത തോന്നി ഡോക്ടറെ കാണിച്ചപ്പോള്‍  അത് ഗൗരവത്തിലെടുക്ക ണമെന്ന് പറഞ്ഞ ഡോക്ടറോട് 'ഡോക്ടറെ എനിക്കൊരു സമ്മേളനം വരുന്നുണ്ട്. അതൊന്ന് കഴിഞ്ഞോട്ടെ' എന്നാണവര്‍ പറഞ്ഞത്.
അങ്ങനെ പറയാന്‍ മാത്രം പാകപ്പെട്ട കരുത്തുറ്റ മനസ്സിനെ വളര്‍ത്തിയെടുത്തത് അവരുടെ കുടുംബ പശ്ചാത്തലമാണെന്ന് തോന്നിയത് അന്നത്തെ യാത്രയിലൂടെയായിരുന്നു. ഫാറൂഖ് ഉസ്മാന്റെയും  അദ്ദേഹത്തിന്റെ ഭാര്യ ആയിശബിയുടെയും കൂടെ ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞുതന്ന പക്വതയും പാകതയും വിനയവുമുള്ള, ബൗദ്ധികമായി ഉന്നതിപ്രാപിച്ച ഒരു മകളെ വളര്‍ത്തിയ മാതാപിതാക്കളുടെയും അത് വളര്‍ന്ന് വികസിച്ച് നാടിന്റെ അഭിമാനമാക്കി മാറ്റാന്‍ പിന്തുണ നല്‍കിയ ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബത്തിന്റെയും വേദനയെ കുറിച്ചാണ് ഞാനേറെ ആലോചിച്ചത്. പല വേദികളില്‍ വെച്ചും സൗദയിലെ പ്രഭാഷണചാതുരിയെയും ഗഹനമായ ചിന്തകളെയും ദൂരെ നിന്ന് നോക്കിക്കണ്ടതല്ലാതെ അവരെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. വീട്ടുകാരുമായുള്ള സംസാരമധ്യേ കുടുംബകാര്യങ്ങള്‍ ഒരോന്നായി അവര്‍ പറയാന്‍ തുടങ്ങി.
1972-ലാണ് സൗദയെന്ന പെണ്‍കുട്ടി സുബൈദയുടെയും എം.കെ.സി അബ്ദുല്‍ ഖാദര്‍ഹാജിയുടെയും അഞ്ച് മക്കളില്‍ മൂന്നാമത്തവളായി കാസര്‍കോട് ജില്ലയിലെ ഉള്‍നാടന്‍  പ്രദേശമായ  പടന്നയെന്ന ഗ്രാമത്തില്‍ ജനിച്ചത്. ഉല്‍പതിഷ്ണുവായ അബ്ദുല്‍ഖാദര്‍ സാഹിബ് പ്രദേശത്ത് തുണിക്കച്ചവടം നടത്തുന്ന സമയത്ത് മുജാഹിദ്-ജമാഅത്ത് ആശയക്കാര്‍ പ്രസംഗിക്കാന്‍ വന്നിരുന്നു. അന്നവര്‍ക്ക് ആരും തന്നെ സ്ഥലം സൗകര്യപ്പെടുത്തിക്കൊടുത്തിരുന്നില്ല. പക്ഷേ, അബ്ദുല്‍ ഖാദര്‍ ഹാജി അദ്ദേഹത്തിന്റെ പീടികത്തിണ്ണയില്‍ പറയാനുള്ളവര്‍ ക്കൊക്കെ ഉറക്കെ പറയാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊടുത്തു. യഥാസ്ഥിതികരായ നാട്ടുകാര്‍ക്കത് അത്ര പിടിച്ചില്ല. അതോടെ യാഥാസ്ഥിതികത്വം കരുത്താര്‍ജിച്ച പ്രദേശത്തുനിന്നും മക്കള്‍ക്ക് ഉന്നതമൂല്യങ്ങള്‍ വിദ്യയിലൂടെ സ്വായത്തമാക്കിക്കൊടുക്കണമെന്ന് കരുതിയ ആ പിതാവ് മക്കളെയും കൂട്ടി ചേന്ദമംഗല്ലൂരിലേക്ക് പോയി. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളജില്‍ അവരെ പഠിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അഞ്ചാം ക്ലാസ്സിലായിരുന്നു സൗദ അവിടെ എത്തിയത്. ''എല്ലാ മക്കളെയും ഹോസ്റ്റലില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ വീട് വാടകക്കെടുത്താണ് ഞങ്ങള്‍ ചേന്ദമംഗല്ലൂരില്‍ താമസിച്ചത്. അന്നതിന് എല്ലാ സൗകര്യവും ചെയ്തുതന്നത് യു.കെ അബൂസഹ്‌ലയായിരുന്നു. 1982 മുതല്‍ 1990 വരെ അവിടെത്തന്നെയായിരുന്നു കുടുംബം'' ആ കാലങ്ങളെ സൗദയുടെ ഉമ്മ ഓര്‍ത്തെടുത്തു- ''എല്ലാ മക്കളും പഠിക്കുമെങ്കിലും സൗദയായിരുന്നു കൂടുതല്‍ മിടുക്കി. ചെറുതിലേ പലകയില്‍ കയറിനിന്ന് അവള്‍ പ്രസംഗിക്കുമായിരുന്നു. ഉപ്പാക്ക് അവളെ നല്ലൊരു പ്രാസംഗികയാക്കി മാറ്റണമെന്നായിരുന്നു ആഗ്രഹം. ആ ആഗ്രഹം പൂര്‍ത്തീകരിക്കുന്നത് കണ്ടാണ് അദ്ദേഹം മരിച്ചത്.'' പഠിക്കുന്ന കാലത്ത് സാഹിത്യസമാജ മത്സരത്തിലും മറ്റുപരിപാടികളിലും വീട്ടില്‍ എല്ലാരേക്കാളും അവള്‍ തന്നെയായിരുന്നു മുന്നില്‍. മദ്രസയില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ തന്നോട് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞ കുഞ്ഞുസൗദയെ കുറിച്ചുള്ള നല്ല നല്ല ഓര്‍മകള്‍ സഹോദരിമാരായ മുംതാസും ശഹര്‍ബാനുവും ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു.
എളാപ്പ ഖാതിമിനും പറയാനുള്ളത് സൗദയെന്ന മിടുക്കിയായ കുട്ടിയെ കുറിച്ചുതന്നെ.''സൗദയുടെ ഉപ്പ ഗള്‍ഫിലായിരുന്നു. രണ്ട് മാസത്തെ ലീവിന് വന്നാല്‍ മക്കളോട് പറയും; ഇന്ന സൂറത്ത് കാണാപ്പാഠം പഠിക്കുന്നവര്‍ക്ക് ഞാനൊരു സ്വര്‍ണവള തരുമെന്ന്. ആ സമ്മാനം നേടുന്നത് സൗദയായിരിക്കും.'' ചേന്ദമംഗല്ലൂരില്‍ അഞ്ചാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ വാര്‍ഡനും ഉസ്താദുമായ വി.കെ അഹ്മദ് ഉസ്താദ് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും സൗദ മറുപടി പറഞ്ഞു. അതുകേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഇങ്ങനെയുള്ള കുട്ടിയെ ആദ്യമായാണ് കാണുന്ന'തെന്ന്.
സൗദയുടെ വീട്ടിലേക്ക് പോകുമ്പോള്‍ മനസ്സിനുള്ളിലെ ഏറ്റവും വലിയ വിങ്ങല്‍ സൗദയുടെ മകനായിരുന്നു. ഓരോരുത്തരായി കയറിവരുമ്പോള്‍ ഉമ്മയുടെ ഓര്‍മകള്‍ കടന്നുവരുന്നത് അവന് വ്യസനമുണ്ടാക്കില്ലേ എന്നായിരുന്നു ചിന്ത. സൗദയെക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ സൗദയുടെ ജനനത്തിയതിയും അവരുടെ ബാപ്പയുടെ മരണദിവസവുമൊക്കെ സഹോദരിമാരും ഉമ്മയും പറയുമ്പോള്‍ വര്‍ഷങ്ങളില്‍ വന്ന തെറ്റുകള്‍ ആ ആറാം ക്ലാസ്സുകാരന്‍ തിരുത്തി. ഞങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ച്, ഉമ്മയുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്ത സി.ഡിയും ഫോട്ടോയും എടുത്ത് തരാനും അവന്‍ എളാമമാര്‍ക്കും ഉമ്മാമക്കും ഒപ്പം കൂടി. ഉമ്മയുടെ സാധനങ്ങള്‍ സൂക്ഷിച്ച അലമാര തുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് എളാമമാരോട് പറഞ്ഞതുപോലെ സി.ഡികളും ഫോട്ടോകളും നഷ്ടപ്പെടുത്താതെ തിരിച്ചേല്‍പ്പിക്കണേ എന്ന് ഞങ്ങളോട് പറയാനും അവന്‍ മറന്നില്ല. അടുത്തിരുന്ന സൗദയുടെ വല്ല്യുമ്മ ഇതൊന്നും കാണാനാവാതെ കണ്ണീര്‍ പൊഴിച്ചുകൊണ്ട് പറഞ്ഞു: ''അവനെല്ലാ ധൈര്യവും അവന്റുപ്പ കൊടുത്തിട്ടുണ്ട്.'' അതെ, താങ്ങും തണലുമായി നിന്ന് സൗദയെന്ന ഭാര്യയെ വളര്‍ത്തി വലുതാക്കിയ സിദ്ദീഖെന്ന അവന്റെ ഉപ്പ അവനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ പ്രയാസങ്ങളിലും വേദനകളിലും സ്വയം വേദന മറക്കാന്‍ പഠിച്ച സൗദ, പടന്ന ഐ.ടി.സി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയായ മകന്‍ സഅദിലും ആ ധൈര്യവും ക്ഷമയും പകര്‍ന്നുകൊണ്ടായിരിക്കും നമ്മില്‍നിന്നും വിട്ടുപോയിട്ടുണ്ടാവുക. ഈ വേര്‍പാട് താങ്ങാനുള്ള ശേഷി അവന്റെ കുഞ്ഞുമനസ്സിന്  നീ കൊടുക്കണേ നാഥാ എന്നു പ്രാര്‍ഥിക്കാനേ കഴിഞ്ഞുള്ളൂ.
''രോഗം തുടങ്ങിയിട്ട് മൂന്നര വര്‍ഷത്തോളമായി. പക്ഷേ, ഞങ്ങളാരോടും അമ്മായി ഒന്നും പറഞ്ഞിരുന്നില്ല. ഇക്കാക്ക സിദ്ദീഖ് എന്ത് പ്രയാസമുണ്ടായാലും ആരെയും അറിയിക്കാതെ സ്വയം സഹിക്കുന്ന ആളായിരുന്നു. ബാപ്പ ഉംറക്ക് പോകുമ്പോള്‍ ചെറിയൊരു സൂചന നല്‍കിയതായും പ്രാര്‍ഥിക്കണമെന്ന് പറഞ്ഞതും ഞങ്ങള്‍ പിന്നീടാണറിഞ്ഞത്. സ്തനാര്‍ബുദമാണെന്നറിഞ്ഞപ്പോഴും വലിയ പ്രതീക്ഷയോടെ തന്നെയായിരുന്നു ഞങ്ങള്‍. യാതൊരു വേദനയും അവരാരെയും അറിയിച്ചില്ല. ചികിത്സയുടെ ഭാഗമായി കീമോയും റേഡിയേഷനും നല്‍കേണ്ട ആവശ്യത്തിന് 10 ദിവസമെങ്കിലും ലീവെടുക്കും. തുടര്‍ന്നും എല്ലാ രംഗത്തും അവരാകുംവിധം സജീവമായി ഉണ്ടാകും. അവസാനമായി പെരുന്നാളിനും ഞങ്ങളെല്ലാവരും ഒന്നിച്ച് ഈ വീട്ടില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും അവരാ യിരുന്നു നിവാരണം തന്നിരുന്നത്. ഉപ്പയോട് അവര്‍ കൂടു തലും സ്‌കൂളിന്റെ കാര്യങ്ങളും പ്രസ്ഥാനകാര്യങ്ങളുമൊ ക്കെയായിരുന്നു സംസാരിച്ചിരുന്നത്.'' സിദ്ദീഖിന്റെ പെങ്ങള്‍ ആയിശബി അതുപറയുമ്പോള്‍ ചേന്ദമംഗല്ലൂരില്‍ സൗദയോടൊപ്പം പഠിച്ച സാബിറ മറ്റൊരു കസേരയിലിരുന്ന്, കഴിഞ്ഞവര്‍ഷം സൗദ അവരുടെ കൂടെ സിംഗപ്പൂരില്‍ പോയി കുറച്ച് ദിവസം താമസിച്ചതിന്റെ ഓര്‍മകളുമായി വിതുമ്പുകയായിരുന്നു. എല്ലാവരും കൂടെ ഒരു കുടുംബയോഗം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. പക്ഷേ, കുടുംബവും നാടും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് അവസാന യാത്രാമൊഴി നേരാനായിരുന്നു പടച്ചവന്റെ വിധി.
 ചേന്ദമംഗല്ലൂരില്‍ നിന്നും ബി.എ അറബിക് ആന്റ് ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ ഡബിള്‍മെയിന്‍ ബിരുദം നേടിയ ശേഷമായിരുന്നു സൗദയുടെ വിവാഹം. പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് കെട്ടിച്ചയച്ചില്ലെങ്കില്‍ കേടുവരുമെന്ന ചിന്താഗതിയൊന്നും സൗദയുടെ ഉപ്പാക്കുണ്ടായിരുന്നില്ല. അതുകൊണ്ട് പല ആലോചനകളും വന്നപ്പോഴും സൗദക്ക് ഏറ്റവും അനുയോജ്യനായ ആളെന്ന് തോന്നിയവനെ കിട്ടും വരെ ആ ബാപ്പ കാത്തിരുന്നു. അങ്ങനെയാണ് വിദ്യാഭ്യാസ ഭൂപടത്തില്‍ ഉത്തരമലബാറിന്റെ തിലകക്കുറിയായി നില്‍ക്കുന്ന പഴയങ്ങാടി വാദിഹുദാ സ്ഥാപനങ്ങള്‍ക്ക് വിത്തിട്ട ധിഷണാശാലിയായ ജ. വി.കെ മൊയ്തുഹാജിയുടെ രണ്ടാമത്തെ മരുമകളായി സൗദ 'ശാന്തിനികേതന്‍' എന്ന ആ വീട്ടിലേക്കെത്തുന്നത്. തികച്ചും ശാന്തിയുടെയും സമാ ധാനത്തിന്റേതുമായ ഭൂമിയിലെ ഭവനം തന്നെയായിരുന്നു സൗദക്ക് അല്ലാഹു നല്‍കിയത്.
''ഒരു പെണ്ണ് പ്രസംഗിക്കാന്‍ വരുന്നുണ്ട;് അവളെ പെണ്ണ് കാണാന്‍ പോണം.'' സൗദയുടെ പെണ്ണുകാണല്‍ ചടങ്ങിനെ പെങ്ങള്‍ ആയിശബി വിശേഷിപ്പിച്ചതിങ്ങനെയാണ്.  സൗദയുടെ ഓരോ ഉയര്‍ച്ചയിലും സിദ്ദീഖും അദ്ദേഹത്തിന്റെ കുടുംബവും കൂടെയുണ്ടായിരുന്നു. അദ്ദേഹമാണ് സൗദയെ ബി.എഡ് പഠനത്തിനായി കോഴിക്കോട് യൂനിവേഴ്‌സിറ്റി കോളജിലേക്കയച്ചത്. അതിനടുത്തുള്ള ഹോസ്റ്റലില്‍ താമസിച്ചായിരുന്നു സൗദ പഠിച്ചിരുന്നത്. അധ്യാപക ബിരുദത്തിനു ശേഷം ആദ്യമായി ജോലി ചെയ്തത്  ദീനീ സംസ്‌കാരത്തിനു വിത്തിട്ട പഴയങ്ങാടി വാദിഹുദാ സ്‌കൂളിലായിരുന്നു. പന്നീട് കണ്ണൂര്‍ ജില്ലയിലെ വിളയങ്കോടുള്ള 'കാരുണ്യനികേതന്‍ സ്‌കൂള്‍ ഫോര്‍ ദി ഡെഫ്' എന്ന സ്ഥാപനത്തില്‍ ചേര്‍ന്നു. അവിടത്തെ ഹെഡ്മിസ്ട്രസ്സായിരിക്കെയാണ്  ജീവിതത്തില്‍നിന്നും വിരമിക്കേണ്ടി വന്നത്.
കുഞ്ഞുമകനെയുമെടുത്ത് പെങ്ങള്‍ ആയിശബിയും ഭര്‍ത്താവ് ഫാറൂഖ് ഉസ്മാനും ഞങ്ങളെയും കൂട്ടി അവര്‍ ആദ്യമായി ജോലി ചെയ്ത പഴയങ്ങാടി വാദിഹുദയിലും  വിളയങ്കോട് കാരുണ്യനികേതന്‍ സ്‌കൂളിലും കൊണ്ടുപോയി. അവിടെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് തപിക്കുന്ന ഹൃദയവുമായി സൗദയുടെ നന്മകള്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നവരെയായിരുന്നു.  സ്ഥാപനത്തിന്റെ വളര്‍ച്ചയും കുട്ടികളുടെ വികാസവും മാത്രം ലക്ഷ്യം വെച്ച് സഹപ്രവര്‍ത്തകരെയും രക്ഷിതാക്കളെയും കൂടെ നിര്‍ത്തി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുകൊണ്ടി രിക്കെ നിനച്ചിരിക്കാതെ അവരുടെ പ്രിയപ്പെട്ട സൗദ ടീച്ച ര്‍ വിടവാങ്ങിയപ്പോള്‍ അവര്‍ പഠിപ്പിച്ച കുട്ടികള്‍ക്കൊന്നും സഹിക്കാനായില്ല. അവിടെ ചേര്‍ന്ന അനുശോചനയോഗത്തില്‍ നമ്മുടെ പ്രിയപ്പെട്ട ടീച്ചര്‍ക്കെന്താണ് പറ്റിയതെന്നവര്‍ വേദനയോടെ അവരുടേതായ ഭാഷയിലൂടെ ചോദിച്ചത് രക്ഷിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഓര്‍ക്കുമ്പോള്‍ മറ്റൊരു വിങ്ങലാണ്.
കീമോ ചെയ്യാനും റേഡിയേഷനും വേണ്ടിയല്ലാതെ കൂടുതല്‍ സമയം ടീച്ചര്‍ സ്‌കൂളില്‍നിന്നും വിട്ടുനിന്നിട്ടുണ്ടായിരുന്നില്ല.  ടീച്ചറുടെ 'മക്കള്‍' കലാ കായിക രംഗത്ത് തിളങ്ങുന്നത് കാണുമ്പോള്‍  സന്തോഷത്തിന് അതിരുണ്ടാവില്ല. സ്‌കൂളില്‍ കീഴുദ്യോഗസ്ഥരോട്് കാര്യങ്ങള്‍  അടിച്ചേല്‍പ്പിക്കുന്ന ശൈലിയേ അവര്‍ക്കുണ്ടായിരുന്നില്ല. സൗഹൃദങ്ങള്‍ നിലനിര്‍ത്തിയും കുട്ടികളോട് തമാശ പറഞ്ഞും സഹപ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും മനസ്സറിഞ്ഞും അവര്‍ പെരുമാറി. സ്‌കൂളില്‍ ഞങ്ങള്‍ ക്കഭിമുഖമായിരുന്ന് ദുഃഖഭാരത്തോടെ ഇത് പറയുമ്പോള്‍ അലംഘനീയമായ ദൈവവിധി മാറ്റാന്‍ കഴിയാത്ത നിസ്സഹാമായ മനുഷ്യജന്മത്തെയോര്‍ത്ത് അവരുടെ മുന്നില്‍ തലകുമ്പിട്ട് ഞങ്ങളുമിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍- ചാര്‍ജ്ജുളള സുനീറ ടീച്ചറെ സംബന്ധിച്ചിടത്തോളം ജാഥ നയിക്കാന്‍ നേതാവില്ലാത്തതു പോലെയാണ.് ആവശ്യമുള്ളവന് എങ്ങനെ ദാനം ചെയ്യണമെന്ന് അവരെ പഠിപ്പിച്ചത് സൗദയായിരുന്നു. കൊടുക്കുമ്പോള്‍ കണക്കു നോക്കാതെ കൈയിലുള്ളതൊക്കെ കൊടുക്കുന്നതാണ് സൗദയുടെ ദാനരീതി. അതുകൊണ്ടാണ് എത്ര പോകാത്തവനും പള്ളിയിലേക്ക് പോകുന്ന ദിവസമായ വെള്ളിയാഴ്ച എല്ലാവരുടെയും പ്രാര്‍ഥന കിട്ടുമാറ് അല്ലാഹുവിലേക്ക് ടീച്ചര്‍ യാത്രയായത് എന്നവര്‍ വിശ്വസിക്കുന്നത്.  സന്തോഷമുള്ള സമയത്തെക്കാള്‍ മറ്റുള്ളവര്‍ സങ്കടപ്പെടുന്ന സമയത്തായിരുന്നു ടീച്ചറുടെ അടുപ്പം കൂടുതലു ണ്ടാവുകയെന്ന് അനുഭവിച്ചറിഞ്ഞ സഹപ്രവര്‍ത്തക യാണ് പ്രീത. അന്യമതക്കാരിയായ അവര്‍ ആദ്യമായി ആ സ്‌കൂളില്‍ ചെല്ലുമ്പോള്‍ തെല്ലൊന്ന് ഭയന്നിരുന്നു. എന്നാല്‍, സൗദ എന്ന ഹെഡ്മിസ്ട്രസ്സിന്റെ  മനുഷ്യപ്പറ്റ് നല്ലോണം അനുഭവിക്കാനുള്ള ഭാഗ്യമാണവര്‍ക്കവിടെ നിന്നുണ്ടായത്. ശമ്പളമില്ലാതെ കുറച്ചുകാലം ജോലി ചെയ്യേണ്ടി വന്നപ്പോഴാണത്. അമ്മയെന്നും ഉടുത്തൊരുങ്ങി ജോലിക്ക് വരുന്നതു കാണുന്ന മക്കള്‍ക്ക് ആ അമ്മ എന്തെങ്കിലും വാങ്ങിക്കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടാകുമെന്ന് മനുഷ്യപ്പറ്റുള്ള സൗദ ടീച്ചര്‍ തിരിച്ചറിഞ്ഞതും, എല്ലാവര്‍ക്കും ഓണ അലവന്‍സ് കൊടുത്ത സമയത്ത് അതു കിട്ടാത്ത തന്നെ അടുത്തേക്കു വിളിച്ച്, തന്റെ കൈയിലേക്ക് ആരും കാണാതെ 2000 രൂപ പിടിപ്പിച്ചതും  കണ്ണുകള്‍ തുടച്ചുകൊണ്ട് പ്രീത പറയുന്നു. ചേര്‍ത്തുപിടിക്കാന്‍ ആളില്ലാതായിപ്പോയ അവസ്ഥയാണ് ശ്രീലജ ടീച്ചര്‍ക്ക്. എല്ലാം വാരിപ്പിടിച്ച് ഒറ്റക്ക് ചെയ്യണമെന്ന വാശിയില്‍ ഒരിക്കലും സൗദ ടീച്ചര്‍ നിന്നിട്ടില്ല. എല്ലാവര്‍ക്കും വകുപ്പുകള്‍ ഏല്‍പ്പിച്ച് തരും. ജനാധിപത്യപരമായി മാത്രം കാര്യങ്ങള്‍ ചെയ്യുന്നതായിരുന്നു ടീച്ചറുടെരീതി. പലവട്ടം സൗദയുടെ കൂടെ ഹിറാ സെന്ററില്‍  വന്ന, സൗദ പങ്കെടുക്കുന്ന പല പൊതുപരിപാടികളിലും കൂടെപ്പോയ  ശ്രീലജക്ക്  പൊതുസമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാനുള്ള സൗദ ടീച്ചറുടെ കഴിവില്‍  എന്നും അത്ഭുതം തന്നെയായിരുന്നു.
വളരെ പ്രയാസം സഹിച്ചുവരുന്ന രക്ഷിതാക്കള്‍ക്ക് താങ്ങാകുന്ന വിധത്തില്‍ സൗദ കാര്യങ്ങള്‍ കൈകാര്യം ചെയ്തുവെന്നതിന് തെളിവാണ് അവിടെ കണ്ട സഹോദരിമാര്‍. വളരെ ദൂരെനിന്നും രാവിലെ മകനെയും കൊണ്ട് സ്‌കൂളില്‍ വന്ന മാതാവ് വൈകുന്നേരം വരെ അവിടെ നില്‍ക്കുന്നത് കണ്ട് അവരുടെ സാമ്പത്തിക സഥിതി ചോദിച്ചറിഞ്ഞ് അവരെ നിര്‍ബന്ധിച്ച് തുന്നല്‍ പഠിക്കാന്‍ പറഞ്ഞയച്ചതും പിന്നീട് സ്‌കൂളില്‍ പാചകം ചെയ്യുന്ന ജോലികൊടുത്ത് സഹായിച്ചതും പറയുമ്പോള്‍ സൗദയെന്ന രക്ഷിതാവ് വിതുമ്പി. ഒരുപാട് നല്ല  അനുഭവങ്ങള്‍ ഗൗരിയെന്ന രക്ഷിതാവില്‍ ബാക്കിയാക്കി യാണ് സൗദ കടന്നുപോയത്. പല രക്ഷിതാക്കള്‍ക്കും ദൂരെ നിന്നും മക്കളെയും കൊണ്ട് സ്‌കൂളില്‍ വരാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി സഹപ്രവര്‍ത്തകരോട് ആലോചിച്ച് സ്‌കൂളിനടുത്തു തന്നെ ചെറിയ വാടകക്ക് വീട് തരപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഈ നന്മകള്‍ ചെയ്യാന്‍ ഇനി ടീച്ചറുണ്ടാവില്ലെന്ന തിരിച്ചറിവ് അവര്‍ക്കൊക്കെ വേദനയുണ്ടാക്കുന്നു. ഓഫീസ്  മുറികള്‍ എന്നും സ്ത്രീ ശാക്തീകരണ ചിന്തകള്‍കൊണ്ട് ചടുലമാക്കുന്ന ടീച്ചറാണവര്‍. വികലാംഗ മേളയില്‍ സ്റ്റേറ്റ് ലെവലില്‍  ഞങ്ങളുടെ സ്‌കൂള്‍ ഓവറോള്‍ ചാമ്പന്‍മാരായതറിഞ്ഞപ്പോള്‍ ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അസുഖമായിക്കിടന്ന സമയ ത്ത് കഴിഞ്ഞുപോയ ബാച്ചിന് ഒരു മൊമെന്റൊ കൊടുക്കണമെന്ന് പറഞ്ഞു. അതിലെഴുതാനുള്ള ആശയം പറഞ്ഞു തന്നു; 'ജീവിച്ചു തീര്‍ത്തുവെന്നതിന് അടയാളങ്ങള്‍ ബാക്കിവെക്കണമെന്നായിരുന്നു' അത്. പരിയാരം മെഡിക്കല്‍ കോളജില്‍ ശ്വാസംമുട്ടലുണ്ടായി അഡ്മിറ്റാകുന്ന സമയത്തൊക്കെ കൂടെയുണ്ടായിരുന്ന സൗബാന ടീച്ചര്‍ കൂടുതലൊന്നും പറയാനാകാതെ മുഖംതിരിച്ചു.
ആ സ്‌കൂള്‍മുറ്റത്ത്‌വെച്ച് ഞങ്ങള്‍ വേറൊരാളെ കണ്ടുമുട്ടി. അയല്‍പക്കബന്ധത്തിന് സൗദ കല്‍പ്പിച്ച പവിത്രതയുടെ തെളിവായി വന്ന ഗൗരി. കെ.കെ.എന്‍ പരിയാരം മെമ്മോറിയല്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന സമയത്ത് സൗദ വാടകക്ക് താമസിക്കുന്നിടത്ത് അവരും കുറച്ച് കാലം താമ സിച്ചിരുന്നു. റിട്ടയര്‍മെന്റിനു ശേഷം എറണാകുളത്തുള്ള മക്കളുടെ കൂടെ താമസിക്കാനായി അവര്‍ പോയി. പല തിരക്കിനിടയിലും മൂന്നാല് ദിവസത്തെ പത്രം വായിക്കാനവര്‍ക്ക് സാധിച്ചിരുന്നില്ല. വെറുതെ പത്രം മറിച്ചുനോക്കിയപ്പോഴാണ് തന്റെ സ്‌നേഹനിധിയായ അയല്‍ക്കാ രിയുടെ വേര്‍പാട് അറിഞ്ഞത്. എന്താണവര്‍ക്ക് പറ്റിയതെന്നറിയാന്‍ അവര്‍ സ്‌കൂളിലേക്ക് ഓടി വന്നു. എറണാകുളം ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ഒന്നറിയിച്ചെങ്കില്‍ അവസാനമായി ഒരു നോക്കുകാണാനാകുമായിരുന്നില്ലേ എന്ന ചോദ്യമാണവര്‍ ഓരോരുത്തരോടും ചോദിച്ചത്. യാത്രക്കിടയില്‍ നമുക്കറിയാത്ത ഒരുകാര്യം കൂടി ഫാറൂഖ് ഉസ്മാന്‍ പറഞ്ഞു; പടന്നയെന്ന ഗ്രാമത്തിലെ സൗദയെന്ന പെണ്‍കുട്ടി ലോകത്തോളം ഉയര്‍ന്നത്. ഹിറാ നഗരിയില്‍ വെച്ച് നടന്ന പ്രസ്ഥാന സമ്മേളനത്തില്‍ അന്ന് ജി.ഐ.ഒക്കാരിയായിരുന്ന സൗദ നടത്തിയ പ്രഭാഷണത്തി ലെ വീര്യം പിന്നീട് വീഡിയോയിലൂടെ ശ്രദ്ധയില്‍പെട്ട ബഹുമാനപ്പെട്ട മുഹമ്മദ് ഖുതുബ് ലോക വേദിയിലൊരിടത്ത് വെച്ച് സൗദയുടെ പേരെടുത്ത് പറഞ്ഞ് അനുമോദിച്ച കാര്യമായിരുന്നു അത്. അതുപോലെ ഭൂമിയില്‍ വെച്ച് സൗദക്ക് നിര്‍വ്വഹിക്കാനാവാതെ പോയൊരു കാര്യമായി രുന്നു പരിശുദ്ധ ഹജ്ജ.് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ തിനിടയിലായിരുന്നു അക്കൊല്ലം അവര്‍ പോകാനുദ്ദേശിച്ച ഗ്രൂപ്പിന് സര്‍ക്കാരില്‍നിന്നും അനുമതി കിട്ടാതെപോയത്.
  സൗദയുടെ ഇത്താത്തമാര്‍ക്കും അനിയത്തിക്കും എത്ര പറഞ്ഞിട്ടും തീരുന്നില്ല. കല്ല്യാണം കഴിഞ്ഞതു മുതലേ ഭര്‍തൃവീട്ടുകാരുടെ പരിലാളനയില്‍ ജീവിച്ച സൗദ പടന്നയിലെ വീട്ടില്‍ വരുമ്പോള്‍ 'പുതിയാപ്ല' വീട്ടില്‍ വരുന്നതുപോലെയുള്ള സന്തോഷമാണവര്‍ക്ക.് അതുകൊണ്ട് അവള്‍ അവിടെത്തന്നെയുണ്ട,് ഈ ഭൂമിയില്‍നിന്നും അവരെ വിട്ട് അവളെവിടെയും പോയിട്ടില്ല എന്നവര്‍ സ്വന്തം മനസ്സിനെ വിശ്വസിപ്പിച്ചിരിക്കയാണ്. അസര്‍ നമസ്‌കരിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരുങ്ങുമ്പോഴും സൗദയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന ഇത്താത്ത ഞങ്ങ ള്‍ക്കൊരു തുണ്ട് കടലാസ് തന്നു. നന്നേ പഴകിയ ആ കടലാസ് വീട് വൃത്തിയാക്കുമ്പോഴാണവര്‍ക്ക് കിട്ടിയത്.
'ആയത്തും ഹദീസുകളും ഓതിയതുകൊണ്ടു മാത്രം ഒന്നുമുണ്ടാകില്ല,
മുസ്ഹഫിന് മാത്രം ഒന്നും ചെയ്യാനാകില്ല,
തത്വങ്ങള്‍ തനിയെ ജീവിക്കുകയില്ല,
അതൊരു ജീവിത ചര്യയാക്കുന്നത്  വരെ.
സംഘടനക്ക് വേണ്ടിയുള്ളതല്ല നമ്മുടെ സംഘടന. നമുക്ക് സ്വര്‍ഗത്തില്‍ പോകണം.
 മറ്റുള്ളവരെ സ്വര്‍ഗത്തില്‍ കൊണ്ടുപോകണം.'
തര്‍ബിയ്യത്ത് കൈപുസ്തകത്തിലെ ഈ വാചകങ്ങള്‍ കുറിച്ചിട്ടതായിരുന്നു ആ കടലാസു കഷ്ണം. തപിക്കുന്ന മനസ്സുമായി നില്‍ക്കുമ്പോഴും ആതിഥ്യത്തിന്റെ എല്ലാ മര്യാദയും പാലിച്ച് നല്ല ഭക്ഷണവും നല്ല യാത്രാ സൗകര്യങ്ങ ളും ഒരുക്കിത്തന്ന് ഒരു പ്രയാസവുമില്ലാതെ  വീട്ടിലെത്താന്‍   ഞങ്ങളെ സഹായിച്ച സൗദയുടെ ഇരു കുടംബത്തിന്റെയും താല്‍പര്യം, കുടുംബ-രക്തബന്ധങ്ങളും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളും തീര്‍ത്തും ഇസ്‌ലാമികമാക്കി  തത്വങ്ങളെ ജീവിതചര്യയാക്കി മാറ്റിയവള്‍ക്കുള്ള നീക്കിയിരിപ്പായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top