മരിക്കാത്ത ഓര്‍മകള്‍ നല്‍കി സൗദ മടങ്ങി

എ.ടി സമീറ / അനുസ്മരണം No image

ല്ലാഹുവിന്റെ നടപടി ക്രമങ്ങളില്‍ മരണം മനുഷ്യന്‍ സ്വീകരിച്ചിരിക്കേണ്ട ഒരനിവാര്യതയാണ്്്. അതിനാല്‍, എത്ര പ്രിയപ്പെട്ടവരായാലും അവര്‍ എന്നെന്നും കൂടെയുണ്ടാവണമെന്ന് നാം ആഗ്രഹിച്ചുകൂടാ. ചിലര്‍ കുടെയുണ്ടാവില്ലെങ്കിലും അവരെക്കുറിച്ച ഓര്‍മകള്‍ എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
എ.ഐ.സിക്ക് ഞാന്‍ ചേന്ദമംഗല്ലൂരില്‍ പഠിക്കുമ്പോള്‍ അവിടെ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെന്ന നിലയില്‍ സൗദയെ അറിയുമായിരുന്നു. വിദ്യാഭ്യാസത്തിലെ എന്റെ സീനിയോറിറ്റി പ്രസ്ഥാനത്തില്‍ സൗദ പിന്തള്ളുന്നതാണ് പിന്നെ കണ്ടത്. കണ്ണൂരില്‍ സൗദയുടെ ശൈലിയില്‍നിന്നാണ് ഞാന്‍ പ്രസ്ഥാനത്തിന്റെ ചട്ടക്കൂടിലേക്ക് കൂടുതല്‍ അടുത്തത്. കുടുംബബന്ധു കൂടിയായപ്പോള്‍ സൗദയെ കൂടുതല്‍ അടുത്തറിയാനായി. 2004-ല്‍ തളിപ്പറമ്പില്‍ ഒരേ ഫ്‌ളാറ്റിലെ അയല്‍വാസികളായതോടെ ഞങ്ങളുടെ ബന്ധത്തിന് ബലമേറി. അന്നുമുതല്‍ മരണം വരെ ആ ബന്ധം നിലനിന്നു.
പ്രസ്ഥാനത്തിനുള്ളിലെ സന്തോഷങ്ങളും ദുഃഖങ്ങളും  പരസ്പരം പങ്കുവെക്കുകയും പ്രസ്ഥാന പരിപാടികളിലേക്ക് ഒരുമിച്ച് യാത്രചെയ്യുകയും ക്യാമ്പുകളില്‍ ഒരുമിച്ച് ഉറങ്ങുകയും ചെയ്ത സൗദയെ ഞാന്‍ അടുത്തിരുന്നുകൊണ്ട് പഠിക്കുകയായിരുന്നു. കരുത്തിന്റെയും ആത്മസംയമനത്തിന്റെയും പല സന്ദര്‍ഭങ്ങളും നേരില്‍ കാണാന്‍ സാധിച്ചു. സൗദ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായിരുന്ന കാലയളവില്‍ വനിതാ ജില്ലാ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അവരുടെ സംഘാടന വൈഭവം ഞങ്ങള്‍ ശരിക്കും അനുഭവിച്ചു. അഭിപ്രായ സുബദ്ധത കൊണ്ട് സൗദ ഏത് സങ്കീര്‍ണ വിഷയവും മയപ്പെടുത്തി. കേള്‍വിക്കാരെ പിടിച്ചിരുത്തുന്ന സൗദയുടെ വാക്ചാതുരി ആവേശമായിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിലുള്ള കൃത്യമായ കാഴ്ചപ്പാട് സൗദയുടെ പ്രഭാഷണങ്ങളില്‍ ഉയര്‍ന്നുനിന്നു. കാസര്‍കോട്ടെ പടന്നയാണ് ജന്മഗ്രാമമെങ്കിലും കണ്ണൂര്‍ ജില്ലാ സമിതിയുടെ സാരഥ്യത്തിലൂടെയാണ് സൗദ വളര്‍ന്നത്.
യുവത്വത്തിലെ പ്രസരിപ്പാര്‍ന്ന  പ്രവത്തനങ്ങളെ അല്ലാഹുവിന് ഏറെ ഇഷ്ടമാണല്ലോ. അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന ഈ കാലയളവിനെ സൗദ അമലുകളുടെ വര്‍ണംകൊണ്ട് മനോഹരമാക്കുകയായിരുന്നു. ഒരു പക്ഷേ, മറ്റേതൊരു നഷ്ടവും യുവത്വത്തിന്റെ കര്‍മസൗഭാഗ്യം കൊണ്ട് നികത്താനാവുമെന്ന് സൗദ തെളിയിച്ചു. ശരീരശാസ്ത്രഗണിതത്തില്‍ യുവത്വത്തിന് നിശ്ചയിച്ച പ്രായപരിധി നാല്‍പതാണ്. ഈ കാലയളവ് സൗദയുടെ അല്ലാഹുവിലേക്കുള്ള മടക്കത്തിന്റെ വഴിത്തിരിവായത് യാദൃച്ഛികമായിരിക്കില്ല. അല്ലാഹുവിന്റെ നിശ്ചയമായിരുന്നു. അവശതയില്ലാത്ത കര്‍മത്തിന്റെ നിത്യയൗവനത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള നിശ്ചയം. അല്ലാഹുവിന്റെ പ്രീതിയാല്‍ അതെത്ര ചേതോഹരം.!!
എല്ലാം കൃത്യമായി അടയാളപ്പെടുത്തിയാണ് സൗദ മടങ്ങിയത്. ഇത് വരുംതലമുറക്ക് പ്രചോദനമാവണം. പ്രസ്ഥാന പ്രവര്‍ത്തനരംഗത്തും ഉത്തരവാദിത്തത്തിലും ഒരുപോലെ തന്റെ എല്ലാ കഴിവുകളും സൗദ സമര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ ഇടയിലും തന്റെ അധ്യാപക സുഹൃത്തുക്കളിലും വിദ്യാര്‍ഥികളിലും മറക്കാനാവാത്ത വ്യക്തിത്വമായി സൗദ.
ജി.ഐ.ഒവിന്റെ നേതൃപദവിയില്‍നിന്ന് ഒഴിവായപ്പോഴും പിന്നാലെ വന്ന ജി.ഐ.ഒ നേതൃത്വത്തിന്റെ ആശയസ്രോതസ്സായിരുന്നു സൗദ. കാലാനുസൃതമായ മാറ്റം പ്രസ്ഥാനരംഗത്ത് ഉണ്ടാകണമെന്ന് സൗദ നിരന്തരം ഓര്‍മിപ്പിക്കുമായിരുന്നു. സോഷ്യല്‍ മീഡിയകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും തലമുറയെ വഴിതെറ്റിക്കുമെന്ന് പറഞ്ഞ് അതിന്റെ സാധ്യതകളെ നിരാകരിക്കരുതെന്ന നിലപാട് സൗദയാണ് ശക്തമായി വളര്‍ത്തിയത്. ഫെയ്‌സ്ബുക്കും ഔട്ട്‌ലുക്കും നന്മനിറഞ്ഞ സന്ദേശങ്ങള്‍ കൈമാറുന്നതാവണമെന്ന് അവര്‍ പറഞ്ഞു. പുതിയ തലമുറയിലെ ഈ ശൈലിയെ അവര്‍ വിപ്ലവകരമായി കണ്ടു.
രോഗാവസ്ഥയില്‍ പോലും തന്റെ ശാരീരിക പ്രയാസങ്ങളെക്കാള്‍ സൗദയെ അലട്ടിയിരുന്നത് പൊതുസമൂഹത്തിലെ കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയായിരുന്നു. കണ്ണൂര്‍ ജില്ലാ സമിതിയുടെ പരിപാടികളില്‍ ഇതിനനുസരിച്ച കര്‍മരേഖ സൗദ നല്‍കി. ഒരു കാമ്പയിനില്‍ ഒതുങ്ങാത്തതായിരുന്നു ഈ കര്‍മരേഖ. ബഹളമയമായ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഫാമിലി കൗണ്‍സലിംഗ് പരിപാടികള്‍ക്കും അത്തരം പരിപാടികളുടെ നേതൃപരമായ കഴിവ് ആര്‍ജിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കുന്നതായിരുന്നു ഈ പദ്ധതി.
രോഗം കൃത്യമായി തരിച്ചറിഞ്ഞപ്പോഴും അടിയന്തര ചികില്‍സ ആവശ്യമുള്ളപ്പോഴും സൗദ വ്യക്തിപരമായി പ്രസ്ഥാന പരിപാടികളെ നിയന്ത്രിച്ചില്ല. എല്ലായിടത്തും അവശതയോടെ ഓടിയെത്തി. ഏതാനും മാസം മുമ്പ് സംസ്ഥാന സമിതി യോഗത്തിലേക്കുള്ള പതിവ് ട്രെയിന്‍ യാത്ര  ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന യാത്രയാവുമെന്ന് നിനച്ചിരുന്നില്ല. സൗദയുടെ ആദര്‍ശ സമര്‍പ്പണത്തിന്റെ കരുത്ത് തെളിയിക്കുന്നതാണ് ആ യാത്ര. നീരുവന്ന് ചീര്‍ത്ത ശരീരത്തില്‍ സ്വന്തം പര്‍ദ പാകമാവാതിരുന്നപ്പോള്‍ സഹോദരിയുടെ വലിയ പര്‍ദയണിഞ്ഞാണ് സൗദ അന്ന് ഹിറയില്‍ വന്നത്. യാത്ര തിരിക്കാന്‍ ചെറുവത്തൂര്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു. പക്ഷേ, സൗദ വീട്ടിലേക്ക് തിരിച്ചില്ല. ഒന്നര മണിക്കൂറോളം അടുത്ത വണ്ടിക്കുവേണ്ടി സ്‌റ്റേഷനില്‍ കാത്തിരുന്നു. ഈ അവശതയോടെയാണ് സംസ്ഥാന സമിതി യോഗത്തില്‍ സൗദ കയറിവന്നത്. തൊട്ടടുത്ത സംസ്ഥാന സമിതി യോഗത്തിലേക്കുള്ള ഖുര്‍ആന്‍ ക്ലാസും ഏറ്റാണ് അന്ന് മടങ്ങിയത്. ആരാണ് ഖുര്‍ആന്‍ ക്ലാസ് ഏറ്റെടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍' എന്ന് സൗദ വിളിച്ചു പറഞ്ഞു. സംസ്ഥാന കാമ്പയിനുമായി ബന്ധപ്പെട്ട ഡി 4 മീഡിയ കുടുംബകാസറ്റ് കിറ്റ് പുറത്തിറക്കാന്‍ വേണ്ടി സമിതി അംഗങ്ങള്‍  വിഷയം തീരുമാനിച്ചപ്പോള്‍ സൗദയുടെ ശബ്ദപ്രയാസം പരിഗണിച്ചിരുന്നു. പക്ഷേ, സൗദ വിഷയം സ്വയം ഏറ്റെടുത്തു. 'മാതാപിതാക്കളും മക്കളും' എന്ന വിഷയം അവതരിപ്പിക്കാന്‍ ഏറ്റ സൗദ അടുത്ത യോഗത്തില്‍ അതിന്റെ റെക്കോര്‍ഡിംഗിന് ഒരുങ്ങിയാണ് വന്നത്. പക്ഷേ, ക്യാമ്പിന്റെ അജണ്ട ഒരു ദിവസത്തേക്ക് ചുരുക്കി എല്ലാവരും പിരിഞ്ഞപ്പോള്‍ സൗദക്ക് അതിനവസരം കിട്ടിയില്ല. പിന്നീട് ഒരുദിവസം വന്ന് ഞാന്‍ റെക്കോര്‍ഡ് ചെയ്യാം എന്ന് സൗദ ഏറ്റു. പക്ഷെ, വിധി അതിന് അനുവദിച്ചില്ല.
ശരീരത്തിന്റെ അവശത മനസ്സിന്റെ വിപ്ലവബോധത്തെ ഉലച്ചിട്ടില്ലെന്ന് സൗദയുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ അടയാളപ്പെടുത്തുന്നു. നിര്‍ബന്ധമായും വര്‍ജിക്കേണ്ട പട്ടികയില്‍ കുറിച്ച വാക്കുകള്‍ ഇതായിരുന്നു: 'ആദര്‍ശമില്ലാത്ത രാഷ്ട്രീയം, മേലനങ്ങാതെ നേടുന്ന സമ്പാദ്യം, സ്വഭാവശുദ്ധിയില്ലാത്ത അറിവ്.'
മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കുറിച്ചിടാന്‍ ഇനി വാക്കുകളില്ല.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top