കര്‍മനിരതമായ ജീവിതം

ശൈഖ് മുഹമ്മദ് കാരകുന്ന് / അനുസ്മരണം No image

പ്രിയസഹോദരി സൗദ പടന്നയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നില്ല. ദീര്‍ഘകാലമായി അര്‍ബുദരോഗത്തിന്റെ പിടിയിലായിരുന്നുവല്ലോ അവര്‍. എന്നിട്ടും മരണവാര്‍ത്ത മനസ്സില്‍ വല്ലാത്ത നീറ്റലുണ്ടാക്കി. അവരുടെ ചെറുപ്രായത്തിലെ വിയോഗം ഇസ്‌ലാമിക സമൂഹത്തിനും പ്രസ്ഥാനത്തിനും വന്‍നഷ്ടമാണ് വരുത്തിയിട്ടുള്ളത്.
കേരളത്തിലെ ഇസ്‌ലാമിക വനിതാ പ്രവര്‍ത്തന രംഗത്തെ തിളക്കമുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് സൗദ പടന്ന. കര്‍മനിരതമായിരുന്നു ആ ജീവിതം. മാരകരോഗത്തിന് അടിപ്പെട്ട ശേഷവും കഴിവിന്റെ പരമാവധി അവര്‍ പ്രവര്‍ത്തനരംഗത്ത് ഉറച്ചുനിന്നു.
ജമാഅത്തെ ഇസ്‌ലാമി വനിതാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടിവന്ന 2001 മുതല്‍ 2006 വരെയുള്ള നാലു വര്‍ഷവും സൗദയായിരുന്നു ജി.ഐ.ഒവിന്റെ പ്രസിഡണ്ട്. അതുകൊണ്ടുതന്നെ അവരുടെ വ്യതിരിക്തമായ വ്യക്തിത്വം തിരിച്ചറിയാന്‍ വേണ്ടുവോളം അവസരം ലഭിച്ചു. പഠന പരിശീലന ക്ലാസുകളിലെ നിറസാന്നിധ്യമായിരുന്നു സൗദ. പൊതുസമൂഹത്തില്‍ ഇസ്‌ലാമിന്റെ പ്രതിനിധാനം നിര്‍വഹിക്കാന്‍ പ്രാപ്തരായ വനിതാ പ്രവര്‍ത്തകരുടെ മുന്നണിയിലായിരുന്നു അവരുടെ സ്ഥാനം. പ്രഗത്ഭരായ നേതാക്കളും സാംസ്‌കാരിക നായകന്മാരും പങ്കെടുക്കുന്ന പരിപാടിയില്‍ ഇസ്‌ലാമിനെയും പ്രസ്ഥാനത്തെയും ഫലപ്രദമായി പ്രതിനിധീകരിക്കാന്‍ അവര്‍ക്കൊട്ടും പ്രയാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൊതുസമൂഹം സംഘടിപ്പിക്കുകയോ അവരുടെ പ്രതിനിധികളെ പങ്കെടുപ്പിക്കുകയോ ചെയ്യുന്ന ചര്‍ച്ചകളിലും സെമിനാറുകളിലും പൊതുയോഗങ്ങളിലും ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും പ്രതിനിധീകരിക്കുന്ന വനിതകളെ സംബന്ധിച്ച ആലോചനകളില്‍ ഒന്നാമതായി കടന്നുവന്നിരുന്നത് സൗദ പടന്നയുടെ പേരാണ്. അവരുടെ പ്രഭാഷണങ്ങള്‍ ഏറെ ആകര്‍ഷകവും മൗലികവും യുക്തിഭദ്രവും ആശയധന്യവും വ്യക്തവും ലളിതവുമായിരുന്നു; അതുകൊണ്ടുതന്നെ ഏറെ ഫലപ്രദവും. 2010 ജനുവരി 24-ന് കുറ്റിപ്പുറം സ്വഫനഗറില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി വനിതാ സംസ്ഥാന സമ്മേളനത്തില്‍ സൗദ ചെയ്ത പ്രസംഗം അതിന്റെ ഒഴുക്കുകൊണ്ടും ആശയസംപുഷ്ടതകൊണ്ടും അനായാസതകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. ശ്രോതാക്കളെ ചിന്തിപ്പിക്കാന്‍ പര്യാപ്തമായ ആ പ്രഭാഷണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ഒരു നല്ല സംഘാടക കൂടിയാണ് സൗദ. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജി.ഐ.ഒയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അവര്‍ക്കു സാധിച്ചു. വായനയിലും പഠനത്തിലും ഏറെ തല്‍പരയായിരുന്നതിനാല്‍ ഏതു വിഷയത്തെ സംബന്ധിച്ചും അത്യാവശ്യമായ അറിവും കാഴ്ചപ്പാടും അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പത്രസമ്മേളനങ്ങളിലും ടേബിള്‍ടോക്കുകളിലും ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല.
സൗദയുടെ സംഘടനാ പ്രവര്‍ത്തനം വ്യവസ്ഥാപിതവും ക്രമബന്ധിതവും പുതുകാലത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. സഹപ്രവര്‍ത്തകരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും അവര്‍ക്ക് അവസരം നല്‍കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തി. സമയത്തിന്റെയും കര്‍മശേഷിയുടെയും വില നന്നായി മനസ്സിലാക്കി അവയെ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ അവര്‍ വിജയം വരിച്ചു. സൗദയുടെ സംഭാഷണം സരസമായിരുന്നു. രചനാത്മകമായ ചുവടുവെപ്പുകളിലൂടെ, വിപ്ലവാത്മകമായ സമീപനങ്ങളിലൂടെ കൂടെയുള്ളവരെ കര്‍മോത്സുകരും പുതുമയുള്ള പരിപാടികളുടെ നടത്തിപ്പുകാരുമാക്കാന്‍ അവര്‍ക്ക് സാധിച്ചു.
വിദ്യാഭ്യാസ പ്രവര്‍ത്തക എന്ന നിലയിലും പ്രഗത്ഭയായ അധ്യാപിക എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സൗദ പടന്നക്ക് സാധിച്ചു. പതിനഞ്ചു വര്‍ഷത്തോളം കണ്ണൂര്‍ വിളയങ്കോട് കാരുണ്യ നികേതന്‍ സ്‌പെഷല്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ആയ അവര്‍ക്ക് മൂന്ന് വിഷയങ്ങളില്‍ അധ്യാപന പരിശീലനയോഗ്യതയുണ്ട്. ഭിന്ന ശേഷിയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള പരിശീലനവും ഇതില്‍ ഉള്‍പ്പെടുന്നു. സൗദ അറബിക്കിലാണ് ബിരുദം നേടിയിരുന്നത്.
ഉജ്വലമായ പ്രഭാഷണങ്ങളിലൂടെ മനസ്സുകളില്‍ ഇടംനേടിയ അവര്‍ വിദ്യാര്‍ഥി ജീവിതകാലം തൊട്ടുതന്നെ സംഘടനാ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളജിലായിരുന്നു ഉന്നതപഠനം. അനുയായികള്‍ക്ക് എന്നും കരുത്തും ആവേശവും പകര്‍ന്നുനല്‍കിയ സൗദ ചാനല്‍ ചര്‍ച്ചകളിലും, കണ്ണൂര്‍ റേഡിയോ പരിപാടികളിലും ധാരാളമായി പങ്കെടുത്തിരുന്നു. ജീവിതാവസാനം വരെ ആത്മധൈര്യം മങ്ങാതെ കാത്തുസൂക്ഷിച്ച അവരെ തളര്‍ത്താന്‍, ശരീരം കാര്‍ന്നുതിന്നുകയും കഠിനമായ വേദന വരുത്തുകയും ചെയ്യുന്ന അര്‍ബുദരോഗത്തിന് പോലും സാധിച്ചില്ല.
സ്വന്തമായി പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിലും അനിതരസാധാരണമായ മിടുക്ക് കാണിച്ചു. കുറ്റിപ്പുറം സ്വഫാനഗര്‍ സമ്മേളനത്തിന്റെ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും അവര്‍ വഹിച്ച പങ്ക് അനല്‍പമാണ്. പുരുഷ സാന്നിധ്യമോ പങ്കാളിത്തമോ ഇല്ലാതെ എഴുപതിനായിരത്തിലേറെ സഹോദരിമാര്‍ സംബന്ധിച്ച സമ്മേളനം പൂര്‍ണവിജയമാക്കി തീര്‍ക്കുന്നതില്‍ വനിതാ നേതൃത്വത്തോടൊപ്പം സൗദയും സജീവമായി പങ്കുവഹിച്ചു. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം നടത്തിയ വനിതാ മുന്നേറ്റത്തിന്റെ കാണപ്പെടുന്ന ആള്‍രൂപമായിരുന്നു അവര്‍.   
സ്ത്രീകള്‍ പൊതുവേദിയില്‍ വരാന്‍ ഏറ്റവും കൂടുതല്‍ അവസരം നിഷേധിക്കപ്പെടുന്ന അത്യുത്തര കേരളത്തില്‍ നിന്നാണ് സൗദയുടെ രംഗപ്രവേശമെന്നത് ഏറെ ശ്രദ്ധേയമത്രെ. കൂരിരുളില്‍ ഉദിച്ചുയര്‍ന്ന് പ്രഭപരത്തി പെട്ടെന്ന് പൊലിഞ്ഞുപോയ താരകം പോലെ വിപ്ലവകാരിയായ ഒരു വനിതക്ക് ഒരായുസ്സില്‍ ചെയ്യാവുന്നതൊക്കെയും പൂര്‍ത്തീകരിച്ച് പെട്ടെന്ന് വിടപറയുകയായിരുന്നു സൗദ പടന്ന. വിനയവും വിവേകവും ചടുലതയും പക്വതയും വിചാരശീലവും വിപ്ലവബോധവും ഭക്തിയും ശക്തിയും ഒത്തിണങ്ങിയ മാതൃകായോഗ്യയായ ഇസ്‌ലാമിക പ്രവര്‍ത്തകയായിരുന്നു അവര്‍.
ഒരു പിതാവിനോടെന്നപോലെ എല്ലാം തുറന്നുപറയുകയും ചര്‍ച്ച ചെയ്യുകയും ചോദിച്ചറിയുകയും കൂടിയാലോചിക്കുകയും ചെയ്തിരുന്ന സൗദ എനിക്കെന്നും മകളെ പോലെയായിരുന്നു. അവരോടൊപ്പം യോഗത്തില്‍ നിത്യ സാന്നിധ്യമായിരുന്ന മകന്‍ സഹദ് എന്നെ 'ഉപ്പാപ്പാ' എന്നാണ് വിളിച്ചിരുന്നത്. അഥവാ സൗദ അങ്ങനെയായിരുന്നു അവനെ പഠിപ്പിച്ചിരുന്നത്. സൗദയുടെ കുടുംബമെന്ന പോലെ ഭര്‍ത്താവ് എസ്.എല്‍.പി സിദ്ദീഖിന്റെ കുടുംബവും അടുത്ത ബന്ധം പുലര്‍ത്തുന്നു. പ്രപഞ്ചനാഥന്‍ അവര്‍ക്ക് തന്റെ ഉത്തമ ദാസന്മാരോടൊപ്പം സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.         

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top