എളുപ്പത്തില്‍ ഒരടുക്കളത്തോട്ടം

ബഹിയ പൂക്കില്ലത്ത് No image

വില്‍പനക്ക് വേണ്ടിയല്ലാത്തതിനാല്‍ മാരകമായ കീടനാശിനികളോ രാസവളമോ ഒന്നും അടുക്കളത്തോട്ടപച്ചക്കറികള്‍ക്ക് ഉപയോഗിക്കേണ്ടതില്ല. അതുപോലെത്തന്നെ സ്വന്തമായ കൃഷിഭൂമി ഇല്ലാത്തവരും വിഷമിക്കേണ്ടതില്ല. വേണ്ടത് കുറച്ച് മണ്ണും വെള്ളവും സൂര്യപ്രകാശമേല്‍ക്കുന്ന കുറച്ച് സ്ഥലവും മാത്രം. ഈ സ്ഥലം വീട്ടുമുറ്റത്തോ ഇറയത്തോ ബാല്‍ക്കണിയിലോ ടെറസ്സിലോ എവിടെയുമാകാം.
താഴെ മണ്ണില്‍ തടമെടുത്തും ടാര്‍പായ വിരിച്ച് അതില്‍ മണ്ണിട്ടും കവറിലും ചട്ടിയിലും ചാക്കിലും മണ്ണ് നിറച്ചും നമുക്ക് പച്ചക്കറിയുണ്ടാക്കാം. നമ്മള്‍ സ്വയം കൃഷിചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറി പറിച്ച് പച്ചപ്പോടെ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന രുചിയും മനസ്സുഖവും ഒന്ന് വേറെത്തന്നെ.
വിത്തും തൈകളും
വീട്ടാവശ്യത്തിനുള്ളത് മാത്രമായതിനാല്‍ ഒരുപാട് ശേഷിയുള്ള വിത്തുകളും തൈകളും തേടിപ്പോകുകയോ എവിടെ നിന്ന് ലഭിക്കുമെന്ന് തലപുകക്കുകയോ വേണ്ട. ഓരോ ഇനത്തിന്റെയും നാലോ അഞ്ചോ ചിലപ്പോള്‍ പത്തോ പതിനഞ്ചോ വിത്തുകള്‍ മതി നമുക്ക്. അത് കൃഷിചെയ്യുന്ന ആരും ചോദിച്ചാല്‍ തരുന്നതാണ്. മാത്രമല്ല, ഓരോ പഞ്ചായത്തും കൃഷിഭവന്‍ വഴിയും വിത്തുകള്‍, തൈകള്‍, അവക്ക് വേണ്ട നിര്‍ദേശങ്ങള്‍ എന്നിവ ലഭ്യമാക്കുന്നുണ്ട്. വീട്ടാവശ്യങ്ങള്‍ക്ക് വാങ്ങുന്ന പച്ചക്കറികളില്‍ മൂപ്പെത്തിയവയില്‍നിന്ന് വിത്തെടുക്കുകയുമാവാം.
ഒരു അടുക്കളത്തോട്ടത്തില്‍ എന്തെല്ലാം പച്ചക്കറികളാവാം എന്നതിനെക്കുറിച്ച് ചിലര്‍ക്ക് സംശയമാണ്. വീട്ടിലത്യാവശ്യമുള്ളതും എല്ലാവരും കഴിക്കുന്നതുമായ പച്ചക്കറികള്‍ക്കാണ് നമ്മള്‍ പ്രഥമസ്ഥാനം നല്‍കേണ്ടത്. അതിലൊന്നാംസ്ഥാനം പച്ചമുളക് തന്നെ. മുളകില്ലാതെ കറിവെക്കാന്‍ കഴിയില്ല. നൂറും നൂറ്റിയന്‍പതും ഗ്രാം വീതമാണെങ്കിലും ഒരുമാസം നാം 250-ഉം 300-ഉം രൂപയുടെയെങ്കിലും പച്ചമുളകും അതിലേറെ മുളകുപൊടിയും ഉപയോഗിക്കുന്നുണ്ട്.
കറിവേപ്പില മാരക കീടനാശിനികള്‍ തളിച്ചാണ് മാര്‍ക്കറ്റിലെത്തുന്നത്. പച്ചക്കറി പലതരമുണ്ട്. ദീര്‍ഘകാലം നില്‍ക്കുന്ന പച്ചമുളക്, വഴുതന, വെണ്ട, കറിവേപ്പില, പപ്പായ, മുരിങ്ങ തുടങ്ങിയവയും കുറച്ചുകാലം കൊണ്ട് വിളവ് തന്ന് നശിക്കുന്ന മത്തന്‍, കുമ്പളം, വെള്ളരി, പാവല്‍, പടവലം, ചുരങ്ങ, പീച്ചില്‍ തുടങ്ങിയവയും ഇതിന് രണ്ടിനും മധ്യേ നില്‍ക്കുന്ന ചീര, പയര്‍ തുടങ്ങിയവയും പച്ചക്കറിയുടെ വിവിധ തരങ്ങളാണ്.
നിലമൊരുക്കലും നടലും
മണ്ണ്, ചാണകം, കോഴിക്കാഷ്ടം, ചകിരിച്ചോറ്, അല്‍പം പച്ചില, വീട്ടിലെ ജൈവാവശിഷ്ടങ്ങള്‍, ചപ്പിലകള്‍ എന്നിവ ചേര്‍ത്ത മിശ്രിതം കവറുകള്‍, ചാക്ക്, ചട്ടി ഇവയിലേതിലെങ്കിലും അല്ലെങ്കില്‍ ടെറസ്സില്‍ ചെരിച്ചുവെച്ച ഇഷ്ടികകളാല്‍ തീര്‍ത്ത തടത്തില്‍ ടാര്‍പായ വിരിച്ചതില്‍ നിറച്ച ശേഷം അതിലും തൈകള്‍ നടാം. വെണ്ട, പയര്‍, പാവല്‍, പടവലം തുടങ്ങിയവ ഇവയില്‍ നേരിട്ട് നടാം. മുളക്, വഴുതന, തക്കാളി, ചീര തുടങ്ങിയവ അല്‍പം മണ്ണുചേര്‍ത്ത് വിതച്ച് തൈകള്‍ക്ക് പത്ത് സെന്റീമീറ്റര്‍ (നാല് ഇല പരുവം) ഉയരമായാല്‍ പറിച്ചുനടാം.
ദിവസേന രണ്ടുനേരം നനക്കണം. ഇല്ലെങ്കില്‍ ഒരു നേരം നന്നായി വെള്ളമൊഴിച്ചു കൊടുക്കുക. നേരിട്ട് തടത്തില്‍ നടുന്ന വിത്തുകള്‍ ഒരു ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് തുണിയില്‍ കിഴി കെട്ടി മൂന്ന് ദിവസം വെച്ചാല്‍ വേഗം മുള പുറത്തുവരും. ശേഷം നടുകയാണെങ്കില്‍ വളര്‍ച്ച കൂടും. കൃഷിക്കനുയോജ്യമായ കവറുകളും ചട്ടികളും വിപണികളില്‍ ലഭ്യമാണ്. പഴയ പ്ലാസ്റ്റിക്ക് ചാക്കും പൊട്ടിയ കലവും ബേയ്‌സിനുകളുമെല്ലാം ഉപയോഗിക്കാം. ചീരയാണെങ്കില്‍ ഒരു ചാക്കില്‍ നാലോ അഞ്ചോ ചുവട് വീതം നടാം. പച്ചമുളക്, വഴുതന, വെണ്ട തുടങ്ങിയവ ഒരു ചാക്കില്‍ ഒന്ന് നടുകയും ചുറ്റുമായി രണ്ടുമൂന്ന് ചീരകള്‍ നടുകയുമാവാം. മിക്ക പച്ചക്കറികളും ഒന്ന് മുതല്‍ രണ്ട് മാസത്തിനുള്ളില്‍ വിളവ് തന്നു തുടങ്ങും.
ടെറസിലെ പന്തലൊരുക്കല്‍
പഴയ നാല് ടിന്നുകളോ ബക്കറ്റുകളോ ഉണ്ടെങ്കില്‍ ചിലയിനം പച്ചക്കറികള്‍ക്ക് വളരാന്‍ ആവശ്യമായ പന്തലുകള്‍ നിര്‍മിക്കാം. പന്തലിന്റെ നാലു കാലുകള്‍ ബക്കറ്റില്‍/ടിന്നില്‍ ഇറക്കിവെച്ച് ചുറ്റും കല്ലുകളും മണ്ണും ഇട്ട് നിറച്ച് ഉറപ്പിക്കുക. അവയുടെ നാലു കാലുകളും തമ്മില്‍ ചുള്ളിക്കമ്പുകള്‍ വെച്ചോ കയറോ പ്ലാസ്റ്റിക്ക് വള്ളികളോ ഉപയോഗിച്ചോ കൂട്ടിക്കെട്ടിയാല്‍ പന്തല്‍ റെഡി. നിലത്ത് പടരുന്ന വള്ളികളാണെങ്കില്‍ ടെറസിലെ ചൂടേറ്റ് അവയും കായയും വാടാന്‍ സാധ്യതയുള്ളതിനാല്‍ അവക്ക് താഴെ ഉണങ്ങിയ ഓല ഇട്ടുകൊടുക്കുന്നത് നല്ലതാണ്.
കീടനിയന്ത്രണവും രോഗനിവാരണവും
വീട്ടു കൃഷിയില്‍ രോഗബാധ താരതമ്യേന കുറവായിരിക്കും. എങ്കിലും രോഗങ്ങളോ കീടങ്ങളോ ബാധിച്ചുകൂടാ എന്നില്ല. പാവല്‍, പടവലം, ചുരങ്ങ, മത്തന്‍, വെള്ളരി, കുമ്പളം തുടങ്ങിയവയിലെ പെണ്‍ പൂക്കള്‍ക്ക് കായ് പിടിച്ചാലുടന്‍ പത്രക്കടലാസ്സുകൊണ്ട് മറയുണ്ടാക്കാം. അതുപോലെ രോഗവും കീടവും ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം, കാന്താരി മുളക് അരച്ചു കലക്കിയത്, മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളിയും കലക്കിയ വെള്ളം, ചാണക വെള്ളം, പുകയില കഷായം, വേപ്പിന്‍ കുരു സത്ത് എന്നിവ തളിക്കാം. ഇത്തരം പ്രയോഗങ്ങള്‍ കീടങ്ങളെ തടയുകയും രോഗം നിയന്ത്രിക്കുകയും മാത്രമല്ല, ശരീരത്തിന് ദോഷകരമായ മറ്റു പല രാസവസ്തുക്കളില്‍നിന്നും വിഷവസ്തുക്കളില്‍നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.
ടെറസ്സിലെ കൃഷി വാര്‍പ്പിന് ദോഷമോ?
പലരുടെയും പേടി ടെറസ്സിലെ കൃഷി വാര്‍പ്പിനെ നശിപ്പിക്കുമെന്നാണ്. അത് തികച്ചും തെറ്റായ ഒരു ധാരണയാണ്. പ്ലാസ്റ്റിക്ക് ഷീറ്റും കവറും ചട്ടിയുമൊക്കെ ഉള്ളതിനാല്‍ വേരുകള്‍ ടെറസ്സില്‍ ആഴത്തിലിറങ്ങി വിള്ളലുണ്ടാക്കില്ല. എന്നാല്‍ രാസവളവും ചാരവും കീടനാശിനിയും ഉപയോഗിക്കുകയാണെങ്കില്‍ അവ ടെറസ്സിനെ നശിപ്പിക്കുകയും ചോര്‍ച്ച ഉണ്ടാക്കുകയും ചെയ്യും.
ടെറസ്സിലെ കൃഷി ദോഷകരമല്ലെന്ന് മാത്രമല്ല, വാര്‍പ്പിനും നമുക്കും ഗുണകരവുമാണ്. ടെറസ്സില്‍ ചെടികളും പച്ചക്കറികളും വളര്‍ത്തുമ്പോള്‍ അവയുടെ തണലുകാരണം വെയില്‍ ടെറസ്സില്‍ നേരിട്ട് പതിക്കുന്നത് തടയുന്നു. ഇത് ടെറസ്സ് വികസിക്കുന്നത് വഴി വിള്ളലുണ്ടാവുകയും പിന്നീട് ചോര്‍ച്ച ഉണ്ടാവുകയും ചെയ്യുന്നത് തടയുന്നു. മാത്രമല്ല, വീടിനകത്തെ ചൂട് കുറയാനും കാരണമാകുന്നു.
ഇന്ന് പല വീടുകളുടെയും ടെറസ്സില്‍ വാഴയും ചേമ്പും ചേനയും മാവും പ്ലാവും സപ്പോട്ടയുംവരെ വിളയുന്നുണ്ട്. ഏതു വന്‍മരത്തിന്റെയും രണ്ടും മൂന്നും കൊല്ലം കൊണ്ട് കായ്ക്കുന്ന തൈകള്‍ ഇന്ന് ലഭ്യമാണ്. അവ കവറിലും ചട്ടിയിലും വളര്‍ത്തുകയും ചെയ്യാം. എന്നാല്‍ ഇങ്ങനെ വളര്‍ത്തുന്ന ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ഇടക്ക് വളപ്രയോഗം നടത്തണം. അത് അടുക്കള വേയ്സ്റ്റും പിണ്ണാക്കും എല്ലിന്‍പൊടിയും മീനിന്റെ അവശിഷ്ടങ്ങളും ചാണകവും കോഴിവളവും എന്തുമാവാം. അവ വിളവും വളര്‍ച്ചയും കൂട്ടി കണ്ണിനും കരളിനും ആനന്ദം തരുമെന്നുറപ്പ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top