ജി.പി.എസ് നിത്യജീവിതത്തിലേക്ക്

വി.കെ. അബ്ദു No image

ഗ്ലോബല്‍ പോസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) എന്നറിയപ്പെടുന്ന ആഗോള സ്ഥാന നിര്‍ണയ സംവിധാനം ഇന്ന് ഏവര്‍ക്കും സുപരിചിതമാണ്. ലോകത്തെവിടെയാണെങ്കിലും ഏത് കാലാവസ്ഥയിലും ഏത് സമയത്തും കൃത്യമായ സ്ഥാനവും ദിശയും സമയവും നല്‍കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. നിലവില്‍ നാം ഉപയോഗിക്കുന്ന മിക്ക മൊബൈല്‍ ഫോണുകളും ജി.പി.എസ് സംവിധാനമുള്‍ക്കൊള്ളുന്നു. ഗൂഗ്ള്‍, ആപ്പിള്‍, നോക്കിയ തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന മാപ്പ്, നേവിഗേഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താത്തവര്‍ വിരളമായിരിക്കും. മൊബൈല്‍ ഫോണിലെ ക്യാമറ, എം.പി.ത്രീ പ്ലേയര്‍, വീഡിയോ എന്നിവ പോലെ ജി.പി.എസും നമ്മുടെ നിത്യജീവിതത്തിന്റെ  ഭാഗമായി മാറുകയാണ്. പുരാതന കാലത്ത് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയുമെല്ലാം ആശ്രയിച്ചായിരുന്നു മനുഷ്യന്‍ സ്ഥാന നിര്‍ണയം നടത്തിയിരുന്നതും വഴി കണ്ടെത്തിയിരുന്നതും. ഇതിന്റെ  ആധുനിക രൂപമായിട്ടാണ് ജി.പി.എസ് കടന്നു വരുന്നത്. പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോവുമ്പോള്‍ വഴികാട്ടിയായി ഇപ്പോള്‍ നമ്മോടൊപ്പം ജി.പി.എസ് സൗകര്യമുള്ള മൊബൈല്‍ ഫോണുണ്ട്. ജി.പി.എസ് നല്‍കുന്ന പ്രധാന സേവനം ലൊക്കേഷന്‍ ട്രാക്കിങ്ങാണ്. കാറിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ലൈവ് മാപ്പ് സേവനം നല്‍കാനും ജി.പി.എസ് ഫോണുകള്‍ക്ക് കഴിയും. ട്രാഫിക് ജാമുള്ള റോഡുകളൊഴിവാക്കി തിരക്കു കുറഞ്ഞതും എളുപ്പവുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇത് സഹായിക്കുന്നു.         

ജി.പി.എസ് ടെക്‌നോളജി

ശൂന്യാകാശത്ത് നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന സാറ്റലൈറ്റുകളും, അതിന്റെ  നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായി സ്ഥാപിച്ചിട്ടുള്ള ഭൗമകേന്ദ്രങ്ങളും ഉപയോക്താക്കളുടെ കരങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ജി.പി.എസ് റിസീവറുകളുമാണ് ഇതിന്റെ മുഖ്യഘടകങ്ങള്‍. മൊബൈല്‍ ഫോണ്‍ പോലെത്തന്നെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചാണ് ജി.പി.എസ് റിസീവറും പ്രവര്‍ത്തിക്കുന്നത്. പക്ഷെ ടവറുകളില്‍ നിന്നല്ല, ഉപഗ്രഹങ്ങളില്‍ നിന്നാണ് ഇത് സിഗ്‌നലുകള്‍ സ്വീകരിക്കുന്നത് എന്നതാണ് വ്യത്യാസം. ജി.പി.എസ് സൗകര്യം ലഭ്യമാക്കാന്‍ മൊബൈല്‍ ഫോണില്‍ നെറ്റ് കണക്ഷന്‍ ആവശ്യമാണ്.   

1960 -കള്‍ക്ക് മുമ്പ് തന്നെ അമേരിക്കയില്‍ സൈനികാവശ്യങ്ങള്‍ക്കായി ഇത്തരം സംവിധാനങ്ങളുടെ പരീക്ഷണം നടന്നിരുന്നുവെങ്കിലും 1989-94 കാലഘട്ടത്തിലാണ് ഇന്നത്തെ രീതിയിലുള്ള ജി.പി.എസ് സംവിധാനം രൂപപ്പെടുന്നത്. ഭൂമണ്ഡലത്തില്‍നിന്ന് ഇരുപതിനായിരം കിലോമീറ്റര്‍ അകലെയായി നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന ഇരുപത്തിനാല് സാറ്റലൈറ്റുകളുടെ വ്യൂഹമാണ് ഇതിന്നായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത്. ഇവയിലേതെങ്കിലും പ്രവര്‍ത്തനരഹിതമായാല്‍ പകരം പ്രവര്‍ത്തിക്കാനായി വേറെ മൂന്ന് സാറ്റലൈറ്റുകളും സജ്ജമാണ്. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ  കീഴിലുള്ളതാണെങ്കിലും ഇവയുടെ സേവനം ലോകത്തെങ്ങും സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നു.     

ജി.പി.എസിന് സമാനമായ റഷ്യയുടെ നാവിഗേഷന്‍ സംവിധാനമായ 'ഗ്ലോനാസ്' ആഗോളാടിസ്ഥാനത്തില്‍ ലഭ്യമാണെങ്കിലും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ ഫോണുകളും ഇതര ഉപകരണങ്ങളും വിരളമാണ്. യൂറോപ്യന്‍ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ഗലീലിയോ, ചൈനയുടെ കോംപസ് എന്നിവയൊക്കെ പ്രാദേശികമായ സേവനം നല്‍കുന്നവയാണ്. ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും പ്രാദേശികമായ നാവിഗേഷന്‍ സംവിധാനം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു.

ഇന്ത്യയുടെ സ്വന്തം ജി.പി.എസ്

ജി.പി.എസിന് സമാനമായ സേവനം ലഭ്യമാക്കുന്നതിനുള്ള  ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യയാണ് 'ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം'. പൂര്‍ണമായും ഇന്ത്യാ ഗവണ്‍മെന്റിന്റെ  നിയന്ത്രണത്തിലുള്ള ഐ.എസ്.ആര്‍.ഒയാണ് ഇതിന്റെ  സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. നിര്‍ണായക ഘട്ടങ്ങളില്‍ ഇതര രാജ്യങ്ങളുടെ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് ബുദ്ധിപരമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഇതിന്റെ  ഉത്ഭവം. കാര്‍ഗില്‍ യുദ്ധവേളയില്‍ അമേരിക്ക ഇന്ത്യന്‍ സൈന്യത്തിന് ജി.പി.എസ് സഹായം നിഷേധിച്ച സംഭവമാണ് സ്വന്തമായി നാവിഗേഷന്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. ഏഴ് സാറ്റലൈറ്റ് ഉള്‍ക്കൊള്ളുന്ന ഇത് ഈ വര്‍ഷത്തോടെ പൂര്‍ണരീതിയില്‍ പ്രവര്‍ത്തന സജ്ജമാവുകയാണ്. തെക്കേ ഏഷ്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗതിനിര്‍ണയ സംവിധാനമാണ് ഇതിലുള്ളത്. സഞ്ചാരപഥ നിര്‍ണയം, ഭൂപട സേവനം, പാത അടയാളപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങളാകും പദ്ധതിയിലുണ്ടാവുക. രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്ത് 1500 കിലോമീറ്റര്‍ വരെ ഇതിന്റെ കവറേജ് ലഭിക്കും.    

സൈനിക ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ചതാണെങ്കിലും ഇതിന്റെ സേവനം പൊതുജനങ്ങള്‍ക്കും ലഭ്യമായിരിക്കും. ഉയര്‍ന്ന നിലവാരമുള്ള നാവിഗേഷന്‍ സൗകര്യമാണ് ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക. ഭൂതല ഘടകമായ ഉപഗ്രഹ ഗതിനിര്‍ണയ കേന്ദ്രം ബാംഗ്ലൂരിന് സമീപമുള്ള ഐ.എസ്.ആര്‍.ഒ കാമ്പസില്‍ സജ്ജീകരിച്ചു കഴിഞ്ഞു. ഇന്ത്യാ മഹാസമുദ്രത്തിന് മുകളിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലാണ് ഉപഗ്രഹ വ്യൂഹത്തിലെ മൂന്നെണ്ണം സ്ഥിതിചെയ്യുന്നത്. ജി.പി.എസ്, ഗലീലിയോ തുടങ്ങിയ ഇതര നാവിഗേഷന്‍ സാങ്കേതിക സംവിധാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും ഇതിന് കഴിയും.

ജി.പി.എസ് മൊബൈല്‍ ഫോണുകളില്‍

കോഴിക്കോട്ടിരുന്ന് 'ഞാന്‍ എറണാകുളത്താണ്, ചൈന്നൈയിലാണ്...' എന്നൊക്കെ മൊബൈല്‍ ഫോണിലൂടെ കള്ളം പറഞ്ഞിരുന്ന കാലം അവസാനിച്ചിരിക്കുന്നു. നിങ്ങളെവിടെയാണുള്ളതെന്ന് മറുഭാഗത്തുള്ളവര്‍ക്ക് തങ്ങളുടെ ഫോണിലൂടെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. മൊബൈല്‍ ഫോണുകളില്‍ ജി.പി.എസ് സംവിധാനം കൂടി വേണമെന്ന് ആദ്യമായി നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് അമേരിക്കന്‍ ഭരണകൂടമാണ്. അപകട വേളയിലും മറ്റും പൊതുസുരക്ഷാ കേന്ദ്രത്തിലേക്ക് വ്യക്തികളുടെ ലൊക്കേഷന്‍ സംബന്ധമായ വിവരങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നിര്‍ദേശം നല്‍കുന്നതെന്നാണ് ഇതിന് പറഞ്ഞ ന്യായം. ഏതായാലും ഇന്നത്തെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ മുഴുക്കെ ജി.പി.എസ് സംവിധാനമുള്‍ക്കൊള്ളുന്നവയാണ്. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മൊബൈല്‍ ഫോണിലൂടെ രക്ഷിതാക്കള്‍ക്ക് വേണമെങ്കില്‍ അവരുടെ സഞ്ചാരം നിരീക്ഷിക്കാം. ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ എവിടെയായാലും ലോകത്തെവിടെ നിന്നും അവരുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ ആര്‍ക്കും സാധ്യമാണ്. അപരിചിത സ്ഥലങ്ങളിലെത്തിപ്പെടുമ്പോള്‍ നമ്മുടെ ലൊക്കേഷന്‍ മറ്റുള്ളവര്‍ക്ക് കണ്ടെത്താനും ഇത് സഹായകമാകുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയും ഹാജറും മറ്റും അതാത് സമയത്ത് രക്ഷിതാക്കളെ എം.എം.എസായി അറിയിക്കുന്നതടക്കമുള്ള ഒട്ടേറെ ഉപകരണങ്ങള്‍ ഈ രംഗത്ത് വരാനിരിക്കുന്നേയുള്ളൂ.

വാഹന നിയന്ത്രണം ജി.പി.എസ് മുഖേന

കമ്പനികള്‍ തങ്ങളുടെ ബിസിനസ് എക്‌സിക്യൂട്ടിവുമാരുടെയും ഡ്രൈവര്‍മാരുടെയും യാത്രയും മറ്റും നിരീക്ഷിക്കാനും ഇതുപയോഗിക്കുന്നു. സര്‍ക്കാര്‍ വാഹനങ്ങളില്‍ ജി.പി.എസ് ഉപയോഗിക്കുന്നതോടെ ഓഫീസ് മേധാവികള്‍ക്ക് തങ്ങളുടെ ഓഫീസിലിരുന്ന് വാഹനങ്ങളുടെ യാത്ര ക്രമപ്പെടുത്താം. പാര്‍സല്‍, ചരക്ക് വാഹനങ്ങളിലും ഇപ്പോള്‍ ജി.പി.എസ് സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നു. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസ്. സംവിധാനത്തിലൂടെ ഉടമക്ക് തന്റെ വാഹനത്തെ എവിടെനിന്നും നിയന്ത്രിക്കാവുന്നതാണ്. പുത്തന്‍ തലമുറയിലെ 'വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റ'ങ്ങളില്‍ വാഹനത്തിന്റെ  കൃത്യമായ സ്ഥാനം ലഭ്യമാക്കാനായി ഈ സംവിധാനമാണുപയോഗിക്കുന്നത്.  ഇത്തരം സംവിധാനം ഉള്‍ക്കൊണ്ട വാഹനങ്ങള്‍ എവിടെ ഓടുകയാണെങ്കിലും ഉടമക്ക് വേണ്ട എല്ലാ വിവരങ്ങളും സെല്ലുലാര്‍ ഫോണിലെ നെറ്റ് കണക്ഷന്‍ വഴി ഒരു സെര്‍വര്‍ കമ്പ്യൂട്ടറിലേക്ക് നിരന്തരം അയച്ചുകൊണ്ടിരിക്കും. ഈ വിവരങ്ങള്‍ ഉടമയുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഏത് സമയത്തും പ്രത്യക്ഷമാക്കാവുന്നതാണ്. തുടര്‍ച്ചയായി അയച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളില്‍ വാഹനത്തിന്റെ  കൃത്യമായ സ്ഥാനം, വേഗത, സഞ്ചരിച്ച ദൂരം, സഞ്ചരിക്കുന്ന ദിശ, അവശേഷിക്കുന്ന ഇന്ധനത്തിന്റെ അളവ് എന്നിങ്ങനെ എല്ലാ വിവരങ്ങളും അടങ്ങിയിരിക്കും. സോഫറ്റ്‌വെയറിന്റെ സഹായത്തോടെ ഉടമക്ക് ഈ വാഹനത്തിന്റെ  വേഗത വിദൂരത്ത് നിന്ന് തന്നെ നിയന്ത്രിക്കുകയും ചെയ്യാം. ആവശ്യമായ നിര്‍ദേശങ്ങള്‍ അതാത് സമയത്ത് തന്നെ ഡ്രൈവര്‍ക്ക് നല്‍കാം. വാഹനത്തിനകത്തുള്ളവരോട് ആശയ വിനിമയം നടത്താം, ആവശ്യമെങ്കില്‍ വാഹനത്തിന്റെ  എഞ്ചിന്‍ തന്നെ ഓഫാക്കുകയും ചെയ്യാം. വാഹന മോഷ്ടാക്കളെ പിടികൂടാനും ഈ ടെക്‌നോളജി സഹായിക്കുന്നു. വിമാനങ്ങളിലും ആഡംബര കപ്പലുകളിലും മറ്റും യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ ഈ ടെക്‌നോളജി പ്രയോജനപ്പെടുത്തിവരുന്നു.  

ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തിന് ശേഷം സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് നമ്മുടെ ബസ്സുകളിലെല്ലാം ജി.പി.എസ് സംവിധാനം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ 16000 സ്വകാര്യ ബസ്സുകളില്‍ ജി.പി.എസ് സൗകര്യം നിലവില്‍ വരുമെന്നും വാര്‍ത്തയുണ്ടായിരുന്നു. വാഹനങ്ങളിലെ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, വാഹനാപകടങ്ങള്‍ ഒഴിവാക്കുക, വേഗം നിയന്ത്രിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും ജി.പി.എസ് സംവിധാനമേര്‍പ്പെടുത്തുകയാണല്ലോ. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിലെ ബസ്സുകളിലാണ് ആദ്യഘട്ടത്തില്‍ ഇത് പ്രാവര്‍ത്തികമാക്കുന്നത്. തങ്ങള്‍ കാത്തിരിക്കുന്ന ബസ്സ് എവിടെയെത്തിയെന്ന് ഇതുമുഖേന യാത്രക്കാര്‍ക്ക് ഏത് സമയവും അറിയാനാവും.

കുഴിയില്‍ വീഴാതെ നോക്കാം

ജി.പി.എസിന് ചില മറുവശങ്ങളുമുണ്ട്. പരിചയമില്ലാത്ത റൂട്ടില്‍ ജി.പി.എസ് സഹായത്തോടെ വാഹനമോടിച്ച യുവതിയുടെ കാര്‍ കായലില്‍ വീണ വാര്‍ത്ത നാം പത്രങ്ങളില്‍ വായിച്ചു. കാനഡയിലെ ഒന്റാരിയോവിലാണ് സംഭവം. കനത്ത മൂടല്‍ മഞ്ഞും മഴയുമുണ്ടായതാണ് ഇങ്ങനെയൊരു വീഴ്ചക്ക് കാരണമായി പറഞ്ഞത്. കാര്‍ മുപ്പതടി താഴ്ചയിലേക്ക് മുങ്ങിപ്പോവുന്നതിന് മുമ്പായി പുറത്തിറങ്ങാനായതിനാല്‍ പരുക്കൊന്നും കൂടാതെ യുവതി രക്ഷപ്പെട്ടു. ടെക്‌നോളജിയെ പൂര്‍ണമായും ആശ്രയിച്ചാല്‍ ചിലപ്പോള്‍ കുഴിയില്‍ വീഴാനും സാധ്യതയുണ്ടെന്ന് ഈ സംഭവം നമ്മെ ഓര്‍മപ്പെടുത്തുന്നു. ടെക്‌നോളജി ഉപയോഗിക്കുന്നതോടൊപ്പം അല്‍പം ശ്രദ്ധയും വേണമെന്ന് സാരം. 

ജി.പി.എസിന് തന്നെ വഴി തെറ്റിയാല്‍ പിന്തുടരുന്നവരും വഴിയറിയാതെ വിഷമിക്കുമല്ലോ. 'ജി.പി.എസ് ജാമിംഗ്' എന്ന സൂത്രം ഉപയോഗിച്ച് ജി.പി.എസ് സിഗ്‌നലുകളെ നിര്‍വീര്യമാക്കുന്ന വിരുതന്‍മാരുണ്ട്. ഈ അവസ്ഥയില്‍ ജി.പി.എസിലൂടെ വഴിയറിയാന്‍ സാധ്യമായില്ലെങ്കിലും കരുതലോടെ മുന്നോട്ടു പോകാനാവും. അതേസമയം വ്യാജ സിഗ്‌നലുകള്‍ നല്‍കി ജി.പി.എസിനെ വഴി തെറ്റിക്കുന്ന ഹൈടെക് വിദ്യയും ലോകത്തെങ്ങും ഇപ്പോള്‍ തലവേദനയായി മാറിയിരിക്കുന്നു. ജി.പി.എസ് സ്പൂഫിംഗ് എന്നാണ് ഇതറിയപ്പെടുന്നത്. ബോധപൂര്‍വമുള്ള വഴിതെറ്റിക്കലാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കാര്‍ഗോ വാഹനങ്ങളും മറ്റും വഴിതെറ്റിച്ച് കൊള്ളയടിക്കാനും മറ്റ് വിനാശകരമായ കൃത്യങ്ങള്‍ക്കും ഇതുപയോഗിക്കുന്നു. ടെക്‌നോളജി നല്‍കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം അതിന്റെ ദോഷവശങ്ങളെ സംബന്ധിച്ചും നാം ബോധവാന്‍മാരാകേണ്ടതുണ്ട്. 


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top