ഹിജ്‌റ: ചില ശ്ലഥ ചിന്തകള്‍

പി.പി.അബ്ദുറഹ്മാന്‍, പെരിങ്ങാടി No image

ഹിജ്‌റ വര്‍ഷം 1438 പിറക്കാന്‍ പോകുകയാണ്. ഇതിന്റെ കാലഗണന ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയാണ്; നിത്യം പലനേരങ്ങളിലായി നിര്‍വഹിക്കേണ്ട നമസ്‌കാരം സൂര്യചലനത്തെ ആസ്പദിച്ചാണെങ്കില്‍ നോമ്പ്, ഹജ്ജ് എന്നീ അനുഷ്ഠാനങ്ങള്‍ ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ അനുസരിച്ചാണ്. നോമ്പ് ഒരു ഭൂപ്രദേശത്ത് സ്ഥിരം ഉഷ്ണകാലത്തും മറ്റൊരുപ്രദേശത്ത് സ്ഥിരമായി ശൈത്യകാലത്തും വരാതെ എല്ലാ പ്രദേശത്തും എല്ലാകാലവും മാറിമാറിവരുന്നു. എല്ലാവരും എല്ലാം അനുഭവിക്കുന്ന ഒരുതരം സാമൂഹ്യനീതി ഈ കലണ്ടറിന്റെ പ്രയോജനമാണ്. ചന്ദ്രപ്പിറവിയെ ആസ്പദിച്ച് തിയ്യതി നിര്‍ണയിക്കുന്ന ഹിജ്‌റാബ്ദ കലണ്ടറില്‍ സന്ധ്യയോടെയാണ് ദിവസം ആരംഭിക്കുന്നത്. ഖുര്‍ആനില്‍ ലൈല്‍, നഹാര്‍ എന്നിങ്ങനെ (രാവ്, പകല്‍)യാണ് പ്രയോഗമെന്നത് ഇതിനോട് ചേര്‍ത്ത് നാം മനസ്സിലാക്കേണ്ടതാണ്. ഒരിടത്ത് പോലും പകലും രാവും എന്ന പ്രയോഗമില്ല (മലയാളത്തില്‍ രാവും പകലുമെന്നോ രാപ്പകല്‍ എന്നോ ആണല്ലോ സാധാരണ പ്രയോഗം) ജൂതന്മാരുടെ കലണ്ടറിലും ദിനാരംഭം സന്ധ്യയോടെയാണ്. ക്രിസ്താബ്ദ കലണ്ടറിനേക്കാള്‍ പതിനൊന്ന് നാള്‍ കുറവാണ് ഹിജ്‌റ കലണ്ടറിന് (ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് 33 വയസ്സായ ഒരാള്‍ക്ക് ഹിജ്‌റ കലണ്ടറനുസരിച്ച് 34 വയസ്സായിരിക്കും.) 140 കോടി മുസ്‌ലിംകള്‍ തങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റും അവലംബിക്കുന്ന കലണ്ടറാണ് ഹിജ്‌റാബ്ദ കലണ്ടര്‍. ഇസ്‌ലാമിക ചരിത്രവും അറബ് ചരിത്രവുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത് ഈ കലണ്ടറിനെ ആധാരമാക്കിയാണ്.

ലോകത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിവിധ കലണ്ടറുകളുണ്ടെങ്കിലും അവക്കിടയിലെ സമാനതകള്‍ മാനവതയുടെ ഏകതയാണ് വിളംബരം ചെയ്യുന്നത്. ആദിയില്‍ ജനങ്ങളെല്ലാം ഒരൊറ്റ സമുദായം ആയിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഒരൊറ്റ മാതാപിതാക്കളില്‍ (ആദം - ഹവ്വ) നിന്നുള്ള സന്തതിപരമ്പരകളാണ് മനുഷ്യരെല്ലാം. ഇവരൊക്കെ ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരുമാണ്. കാലത്തിന്റെ കറക്കത്തില്‍ പല വ്യതിയാനങ്ങള്‍ മൂലം സമൂഹങ്ങള്‍ ദുഷിക്കുകയും പിഴക്കുകയും തല്‍ഫലമായി ഭിന്നിക്കുകയും ചെയ്തുവെന്നത് ചരിത്രസത്യം. വ്യക്തിപൂജ, വീരാരാധന, വിഗ്രഹവല്‍ക്കരണം, വിഗ്രഹപൂജ എന്നിങ്ങനെ ക്രമാനുഗതമായി ജീര്‍ണതകള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ഒന്നായിരുന്ന സമൂഹം പലതായി പിരിയുകയാണുണ്ടായത്. ജീര്‍ണതകള്‍ക്കെതിരെ ജാഗ്രതയില്ലാത്തപ്പോഴെല്ലാം മനുഷ്യര്‍ ഭിന്നിച്ചിട്ടുണ്ട്. സകലമനുഷ്യരും സദാ ആശ്രയിക്കുന്നത് പ്രപഞ്ചനാഥന്‍ കനിഞ്ഞേകിയ ഒരേ വായുവും വെള്ളവും വെളിച്ചവും തന്നെയാണ്. എന്നിട്ടും മനുഷ്യര്‍ ഭിന്നിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാന്‍ സത്യശുദ്ധവും സമഗ്ര-സമ്പൂര്‍ണവുമായ ഏകദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് എക്കാലത്തെയും ചിന്താശീലര്‍ ഉല്‍ബോധിപ്പിച്ചിട്ടുണ്ട്.

പലകാരണങ്ങളാല്‍ മനുഷ്യര്‍ ഭിന്നിച്ചെങ്കിലും പൊതുവായ പല ഘടകങ്ങളും അവരെ ഒരളവോളം ഒന്നിപ്പിക്കുന്നുണ്ട്. എതു നാഗരികതയിലും ഏതു കാലത്തും ഏതു കലണ്ടറിലും ഒരാണ്ടില്‍ പന്ത്രണ്ട് മാസമേ ഉള്ളൂ. ആഴ്ചയില്‍ സപ്ത ദിനങ്ങളേ ഉള്ളൂ. ഇത്തരത്തിലുള്ള വേറെയും സമാനതകള്‍ പല മേഖലകളിലും ദര്‍ശിക്കാവുന്നതാണ്. ഈ ഏകീഭാവവും മറ്റും മനുഷ്യര്‍ ഒരൊറ്റ സമുദായമാണെന്നും അവരുടെ സ്രഷ്ടാവ് ഏകനാണെന്നുമുള്ളതിനുള്ള ദൃഷ്ടാന്തം കൂടിയാണ്. വാനഭൂമികളുടെ സൃഷ്ടിദിനം മുതല്‍ അല്ലാഹുവിങ്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാസങ്ങളാണ്. അതാണ് ഋജുവായ ദീന്‍ (ദീനുല്‍ ഖയ്യിം). ആകയാല്‍ പ്രസ്തുത ചതുര്‍മാസങ്ങളില്‍ നിങ്ങള്‍ ആരോടും അതിക്രമം കാണിക്കാതിരിക്കുക. (9:36)

വര്‍ഷത്തിലെ പ്രഥമ മാസമായ മുഹറമും ഏഴാം മാസമായ റജബും ഹജ്ജിന്റെ മാസങ്ങളായ ദുല്‍ഖഅദും ദുല്‍ഹജ്ജും യുദ്ധ നിരോധിത ചതുര്‍മാസങ്ങളാണ്. (അടിയന്തരമായി വളരെ അത്യാവശ്യമെങ്കില്‍ അനിവാര്യമായ തിന്മ എന്ന നിലയില്‍ പ്രതിരോധാര്‍ഥം അനുവാദമുണ്ടെന്ന് മാത്രം) ഇസ്‌ലാം (ശാന്തി) എന്ന മഹദ്‌നാമത്തെ അന്വര്‍ഥമാക്കുന്ന ഒരു ചട്ടമാണിത്. ഒമ്പതാമത്തെ മാസമായ റമറമദാന്‍ വ്രതാനുഷ്ഠാനമുള്‍പ്പെടെയുള്ള സല്‍ക്കര്‍മങ്ങള്‍ വര്‍ധിപ്പിക്കേണ്ട സന്ദര്‍ഭമാണ്; പുണ്യത്തിന്റെ പൂക്കാലമാണ്.

മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം കേവലം ഒരു ദര്‍ശനമോ ആശയമോ അല്ല. സമഗ്ര-സമ്പൂര്‍ണ്ണ ജീവിതപദ്ധതി കൂടിയാണ്. ഏതാണ്ട് ഇരുപത്തിമൂന്ന് വര്‍ഷക്കാലം കൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ദീനിനെ സമ്പൂര്‍ണാര്‍ഥത്തില്‍ സംസ്ഥാപിക്കുകയും ഒരു സുശിക്ഷിത സമൂഹത്തെ വാര്‍ത്തെടുക്കുകയും സവിശേഷമായ നാഗരികതക്കും ഭരണക്രമത്തിനും അടിത്തറയിടുകയും ചെയ്തു. നബിയുടെ വിയോഗാനന്തരം ഒരു ദശകത്തിനകം ഇസ്‌ലാമിക രാഷ്ട്രം വളരെ വിശാലമായി.

ഉമര്‍(റ)ന്റെ കാലത്ത് തലസ്ഥാനത്തേക്ക് വരുന്ന കത്തുകളില്‍ പല തിയ്യതികള്‍ രേഖപ്പെടുത്തുകയും ആയത് അവ്യക്തതകള്‍ക്കിടം നല്‍കുന്നതായും ശ്രദ്ധയില്‍പെട്ടു. ഇക്കാര്യത്തില്‍ സ്വന്തമായ, ആദര്‍ശാടിസ്ഥാനത്തിലുള്ള ഒരു ഏകക്രമം പാലിക്കപ്പെടേണ്ടതുണ്ടെന്നും ഉമറിന് തോന്നി. തദടിസ്ഥാനത്തില്‍ കൂടിയാലോചന നടന്നു. കാലഗണന എവിടുന്ന് ആരംഭിക്കണമെന്ന ചര്‍ച്ചവന്നു. ചിലര്‍ നബി (സ) യുടെ ജനനത്തെയും വേറെ ചിലര്‍ തിരുമേനിയുടെ വിയോഗത്തെയും തുടക്കമാക്കാമെന്ന് നിര്‍ദേശിച്ചു. ഉമറിന് ഈ നിര്‍ദേശം സ്വീകാര്യമായില്ല. ഇസ്‌ലാം ശക്തിയായി വിലക്കുന്ന വ്യക്തിപൂജ, വീരാരാധന, തുടങ്ങിയ ദുഷ്പ്രവണതകള്‍ക്ക് ഇത് വഴിവെക്കുമെന്നതായിരുന്നു ഉമറിന്റെ ആശങ്ക. നബി (സ) ഏറെ വെറുത്തതും ജാഗ്രത പുലര്‍ത്തിയതുമായ സംഗതിയാണിത്. നബി (സ) അരുളി: ക്രൈസ്തവര്‍ മര്‍യമിന്റെ പുത്രന്‍ ഈസയെ വാഴ്ത്തിയതുപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. മുഹമ്മദ് ദൈവദാസനും ദൈവദൂതനുമാണെന്ന് പറയുക. (ഹദീസ്)

സുപ്രധാനമായ സത്യസാക്ഷ്യ (ശഹാദത്ത്) വാക്യത്തിലെ രണ്ടാം ഭാഗം മുഹമ്മദ് അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നാണ്. ഇവിടെ നബി (സ) ഏതൊരാളെയും പോലെ അല്ലാഹുവിന്റെ അടിമ (അബ്ദ്) ആണെന്ന വസ്തുത മുന്തിച്ച് ഊന്നിപ്പറഞ്ഞ ശേഷമാണ് വളരെ മൗലികമായ പ്രവാചകത്വത്തെ അംഗീകരിക്കുന്നത്. മുസ്‌ലിംകളെ മുഹമ്മദീയര്‍ (ങീവമാാലറമി)െ എന്ന് സംബോധന ചെയ്യുന്നതിനെ എക്കാലവും എല്ലാ പണ്ഡിതരും എതിര്‍ക്കുന്നതും പ്രവാചകന്റെ ഈ അധ്യാപനത്തിന്റെ സല്‍ഫലമാണ്. ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം, സൊരാഷ്ട്രമതം, ബഹായിസം, മാര്‍ക്‌സിസം, ഗാന്ധിസം തുടങ്ങി പലതും ചരിത്രപുരുഷന്മാരുടെ മേല്‍വിലാസത്തില്‍ അറിയപ്പെടുമ്പോള്‍ ഇസ്‌ലാം അങ്ങനെ മഹാപുരുഷന്മാരുടെ പേരിലല്ല അറിയപ്പെടുന്നത് എന്ന വസ്തുതയും നബി (സ)യുടെ അധ്യാപനത്തിന്റെ ഫലം തന്നെ. ഈ വക കാര്യങ്ങള്‍ മറ്റാരേക്കാളും നന്നായി ഗ്രഹിച്ച ബുദ്ധിമാനായ ഉമര്‍ (റ) ഇസ്‌ലാമിന്റെ തനിമയും പ്രവാചകാധ്യാപനത്തിന്റെ സത്തയും കാത്തുസൂക്ഷിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയതിനാലാണ് നബി (സ) യുടെ ജന്മമോ വിയോഗമോ കാലഗണനയുടെ പ്രാരംഭമാക്കാന്‍ വിസമ്മതിച്ചത്. പ്രവാചകന്‍ (സ) മൃതിയടഞ്ഞപ്പോള്‍, നബി (സ) യോടുള്ള അതിരറ്റ സ്‌നേഹത്താല്‍ ആ വസ്തുത ഉള്‍ക്കൊള്ളാനാവാതെ നബി (സ) മരിച്ചുവെന്ന് പറയുന്നവരുടെ തലകൊയ്യുമെന്ന് വരെ അല്‍പനേരം പറഞ്ഞുപോയ ഉമര്‍ (റ) ബുദ്ധിപൂര്‍വം സ്വീകരിച്ച ഈ നിലപാട് പ്രവാചക കേശം (?) വെച്ച് ചൂഷണവും മോഷണവും നടത്തുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ്. (മഹാനായ പ്രവാചകന്‍ ഈസയെ വിഗ്രഹവല്‍ക്കരിച്ച ക്രിസ്ത്യാനികളായ പാശ്ചാത്യര്‍ പ്രചരിപ്പിച്ച ഇംഗ്ലീഷ് കലണ്ടര്‍ വീരാരാധനയിലധിഷ്ഠിതമാണ്)

ചര്‍ച്ചക്കൊടുവില്‍ നബി (സ) യുടെ പിതൃവ്യപുത്രനും പുത്രീഭര്‍ത്താവും നാലാം ഖലീഫയുമായ അലി (റ) ഹിജ്‌റയെ അടയാളമാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഈ ആദര്‍ശ സമൂഹത്തിന്റെ ഒന്നാം തലമുറ ആദര്‍ശമാര്‍ഗത്തില്‍ വരിച്ച ഉജ്വല ത്യാഗത്തിന്റെ ആവേശകരമായ സ്മരണ ലോകാന്ത്യം വരെ നിലനിര്‍ത്തുകയും അങ്ങനെ അത് നിത്യ പ്രചോദനമായിത്തീരുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ലാക്കാക്കിയത്. പക്ഷെ ഇന്ന് ആ സദുദ്ദേശം വേണ്ടുംവിധം നിറവേറ്റുന്നുണ്ടോ എന്ന് നാം ഗൗരവപൂര്‍വം ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ഹിജ്‌റ ഒളിച്ചോട്ടമോ പാലായനമോ അല്ല. അതൊരു മഹാത്യാഗമാണ്. ദേശസ്‌നേഹം വളരെ നല്ലതാണ്. വേണ്ടതുമാണ്. എന്നാല്‍ എല്ലാ സ്‌നേഹബന്ധങ്ങള്‍ക്കുമുപരിയാണ് അല്ലാഹുവിനോടുള്ള സ്‌നേഹം. അല്ലാഹുവിന് വേണ്ടി പ്രിയപ്പെട്ട പലതും നാം ത്യജിക്കും പോലെ അനിവാര്യ ഘട്ടത്തില്‍ മാതൃരാജ്യത്തെയും ത്യജിക്കാന്‍ സന്നദ്ധരാവേണ്ടതുണ്ട്. ആരോടോ അല്ലെങ്കില്‍ എന്തിനോടോ ഉള്ള സ്‌നേഹത്തിന്റെ പേരില്‍ തിന്മകളോടും അക്രമങ്ങളോടും രാജിയാവുകയെന്നത് ധാര്‍മിക മനസ്സാക്ഷിക്ക് നിരക്കുന്നതല്ല. ദേശസ്‌നേഹത്തെ മറയാക്കി വരേണ്യവര്‍ഗവും അധികാരിവര്‍ഗവും സകല കൊള്ളരുതായ്മകളെയും അനീതികളെയും താങ്ങിനിര്‍ത്തുന്ന പ്രവണത എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇതിനായി ദേശസ്‌നേഹത്തെ ദേശീയത (ചമശേീിമഹശാെ)യാക്കി മാറ്റുന്ന വേലയാണ് ഇക്കാലത്ത് നടക്കുന്നത്. ദേശീയതയെ വിഗ്രഹവല്‍ക്കരിച്ച് അനന്തരം ആ വിഗ്രഹത്തെ അങ്ങേയറ്റം മഹത്വവല്‍ക്കരിച്ച് ബഹുജനങ്ങളെ ദേശീയതയെന്ന വ്യാജ വിഗ്രഹത്തിന്റെ ഉപാസകരാക്കി മാറ്റുന്ന ഇക്കാലത്ത് ഹിജ്‌റയുടെ പൊരുള്‍ അതിന്റെ സകല വിശദാംശങ്ങളോടെ നാം ഗ്രഹിക്കേണ്ടതുണ്ട്. ഖലീലുല്ലാഹി ഇബ്രാഹീം (അ) പുരോഹിതന്മാര്‍ നിര്‍മിച്ച കളിമണ്‍ വിഗ്രഹത്തെ, അതിന്റെ അര്‍ഥശൂന്യത തെര്യപ്പെടുത്താന്‍ തകര്‍ത്തതുപോലെ ദേശസ്‌നേഹത്തില്‍ പൊതിഞ്ഞ ദേശീയതയുടെ വിഗ്രഹങ്ങളെ തകര്‍ത്തു, തന്റെ ഹിജ്‌റയിലൂടെ ഇതേ സംഗതി ഇബ്‌റാഹീം നബിയുടെ പേരക്കുട്ടിയായ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയും ചെയ്തു. വിഗ്രഹപൂജയെ നഖശിഖാന്തം എതിര്‍ത്തു തോല്‍പിച്ചപോലെ ദേശീയത എന്ന വിഗ്രഹത്തെയും നബി (സ) വളരെ വിജയകരമായ രീതിയില്‍ തകര്‍ത്തു.

സത്യപ്രബോധനത്തെ എതിര്‍ക്കാന്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുക, അതുവഴി പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുക, വിഷയത്തെ അതിന്റെ മര്‍മത്തില്‍ നിന്നും തെറ്റിക്കുക തുടങ്ങിയ കുതന്ത്രങ്ങള്‍ സത്യനിഷേധികള്‍ പ്രയോഗിക്കാറുണ്ട്. പ്രബോധകന്മാര്‍ പ്രകോപിതരാവുകയോ പ്രകോപനം സൃഷ്ടിക്കുകയോ ചെയ്യരുതെന്നത് വളരെ മൗലികമായ നിലപാടാണ്. പ്രതിയോഗികളൊരുക്കുന്ന കെണികളില്‍ കുടുങ്ങി വഴിതെറ്റരുത്. അവരുടെ ലക്ഷ്യം മുഖ്യവിഷയത്തില്‍ നിന്ന് ശ്രദ്ധതെറ്റിക്കുക എന്നതാണ്. അത് വിജയിക്കാനനുവദിക്കരുത്. അങ്ങനെ വരുമ്പോള്‍ ശത്രുക്കളുടെ ഹീനമായ കുതന്ത്രങ്ങളില്‍ നിന്ന് വിവേകപൂര്‍വം ഒഴിഞ്ഞുമാറുക എന്ന ഒരടവ് വേണ്ടിവരും. ഹിജ്‌റ ആ അര്‍ത്ഥത്തിലുള്ള നല്ലൊരു അടവ് കൂടിയാണ്. എക്കാലത്തും ആവശ്യമായേക്കാവുന്ന ഒരടവാണിത്.

മെച്ചപ്പെട്ട ബദലിന് വേണ്ടിയുള്ള തെരച്ചില്‍, നല്ല മേച്ചില്‍പുറങ്ങള്‍ തേടിയുള്ള അന്വേഷണം, തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള മാറ്റം എന്നീ അര്‍ഥങ്ങളിലെല്ലാം ഹിജ്‌റ വളരെ പ്രസക്തമാകുന്നുണ്ട്.

വിള മെച്ചപ്പെടാന്‍ വേണ്ടി കൃഷിയില്‍ പറിച്ചുനടല്‍ എന്ന പ്രക്രിയയുണ്ട്. ഇതുപോലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫലം കിട്ടാന്‍ പറിച്ചുനടല്‍ വേണ്ടിവരും. ഹിജ്‌റ ഒരുതരം ഠൃമിുെഹമിമേശേീി കൂടിയാണ്.

വൃത്തികെട്ട ഒരു ചളിക്കുണ്ടില്‍ നമ്മള്‍ വീണാല്‍ അവിടെ നിന്നുകൊണ്ട് വൃത്തിയാക്കാന്‍ ശ്രമിച്ചാല്‍ പൂര്‍ണമായും വൃത്തിയായെന്നുവരില്ല എന്നാല്‍ അതില്‍നിന്ന് കരകയറി മറ്റൊരു പ്രതലത്തില്‍വെച്ച് വൃത്തിയാക്കിയാല്‍ വേഗം വൃത്തിയായെന്ന് വരും. ദുഷിച്ച സാഹചര്യത്തില്‍ നിന്ന് നല്ല സാഹചര്യത്തിലേക്ക് പറിച്ചുനടലും ഹിജ്‌റയുടെ ഇനമാണ്.

തൈര് കടഞ്ഞാല്‍ വെണ്ണകിട്ടും പിന്നെയുള്ളത് മോരാണ്. അത് വീണ്ടും കടഞ്ഞ് സമയം കളയരുത്. മറിച്ച് പുതിയ തൈര് കണ്ടെത്തി കടയണം. അതേപോല നിന്നേടത്ത് തന്നെ നിന്ന് തിരിഞ്ഞുകളിക്കരുത്. പുതിയ മനുഷ്യരെ തേടണം. പുതിയ പ്രദേശങ്ങളെയും പുതിയ വൃത്തങ്ങളെയും തേടണം. 

ഞങ്ങള്‍ ദുര്‍ബലരായിരുന്നു; ന്യൂനപക്ഷമായിരുന്നു; എന്നിത്യാദി ക്ഷമാപണ ന്യായങ്ങള്‍ ആദര്‍ശബോധമുളള ഒരാള്‍ക്ക് എക്കാലവും പറയാവുന്ന ഒന്നല്ല. ഒന്നുകില്‍ സാഹചര്യത്തെയും ചുറ്റുപാടുകളെയും മാറ്റിപ്പണിയാന്‍ പരമാവധി യത്‌നിക്കുക. അല്ലെങ്കില്‍ അനുകൂലമായ മെച്ചപ്പെട്ട മേച്ചില്‍പുറങ്ങള്‍ തേടി പറിച്ചുനടലിന് ത്യാഗപൂര്‍വം സന്നദ്ധനാവുക. ഈ വിഷയത്തില്‍ ബന്ധുമിത്രാദികള്‍ ദേശസ്‌നേഹം പാരമ്പര്യം, സൗകര്യങ്ങള്‍ എന്നിവ പ്രതിബന്ധമാവരുത്. ഖുര്‍ആന്‍ 4: 97 വിശകലനം ചെയ്താല്‍ ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്. 

ഇബ്രാഹീം നബി, മൂസാ നബി ഉള്‍പ്പെടെ പല പ്രവാചകന്മാരും ഹിജ്‌റ പോയവരാണ്. മദീനയിലേക്കുളള ഹിജ്‌റക്കുമുമ്പ് നബിയുടെ അനുചരന്മാര്‍ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയിരുന്നു. നമ്മുടെ കലണ്ടറിനെ അടിസ്ഥാനമാക്കിയത് മക്കയില്‍ നിന്ന് യസ്‌രിബിലേക്കുളള ഹിജ്‌റയാണ്. ഇത് നടന്നത്. ക്രി: 622 സെപ്റ്റംബര്‍ - റബീഉല്‍ അവ്വല്‍ 8-നാണ്. 

സമ്പൂര്‍ണ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിച്ച് നബി നടത്തിയ പ്രബോധനം ശത്രുക്കളെ നബി (സ)യെ വകവരുത്തി ഇസ്‌ലാമിനെ നിഷ്‌കാസനം ചെയ്യണമെന്ന തീവ്ര നിലപാടിലെത്തിച്ചു. യസ്‌രിബില്‍നിന്ന് വന്ന പ്രമുഖരുമായി നബി(സ) കരാറിലേര്‍പ്പെടുകയും അന്നാട്ടുകാര്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാനായി മിസ്അബുബ്‌നു ഉമൈറിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിന് മദീനയില്‍ ക്രമേണ അനുയായികള്‍ വര്‍ധിക്കുകയും മദീന ഒരു കേന്ദ്രമാവുകയും ചെയ്തപ്പോള്‍ നബി (സ) തന്റെ അനുയായികള്‍ക്ക് അവിടേക്ക് ഹിജ്‌റ ചെയ്യാന്‍ അനുമതി നല്‍കി. ബഹുദൈവവിശ്വാസികളുടെ നേതാക്കള്‍ ദാറുന്നദ്‌വയില്‍ ഒത്തുചേര്‍ന്ന് നബി(സ)യുടെ പ്രവര്‍ത്തനം തീര്‍ത്തും അവസാനിപ്പിക്കാന്‍ മക്കയിലെ സകല ഗോത്രങ്ങളിലുമുളള ശക്തരും സായുധരുമായ ഒരു സംഘം യുവാക്കള്‍ നബി(സ)യെ വധിക്കാനുളള രഹസ്യ തീരുമാനമെടുത്തു. ഈ വിവരം അല്ലാഹു നബി(സ)യെ അറിയിക്കുകയും മദീനയിലേക്ക് ഹിജ്‌റ പോകാന്‍ അനുമതി നല്‍കുകയും ചെയ്തു. ഹിജ്‌റക്കുളള ആസൂത്രണം അതീവരഹസ്യമായി പ്രവാചകനും അനുയായികളും നടത്തി. നബി (സ)യുടെ സുദീര്‍ഘമായ ആസൂത്രണങ്ങളും തന്ത്രങ്ങളും മുന്നൊരുക്കങ്ങളും മുസ്‌ലിംകള്‍ക്ക് നിത്യപ്രസക്ത പാഠമാണ്. ചിന്താശൂന്യരായി പെട്ടെന്ന് എടുത്തുചാടി പ്രവര്‍ത്തിക്കരുതെന്നും ആസൂത്രിതമായും ഫലപ്രദമായും പ്രവര്‍ത്തിക്കണമെന്നും വിദഗ്ദ തന്ത്രങ്ങള്‍ മെനയണമെന്നും എന്നിട്ട് അല്ലാഹുവിന്റെ അപാരമായ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അല്ലാഹുവിനെ ഭരമേല്‍പ്പിക്കണമെന്നുളള സന്ദേശം സമുദായം പാലിക്കേണ്ട സുപ്രധാന പാഠമാണ്. നബി(സ)യെ അത്ഭുതകരമായ രീതിയില്‍ ഇസ്‌റാഅ് മിഅ്‌റാജ് യാത്രക്ക് സന്നദ്ധനാക്കിയ അല്ലാഹുവിന് ക്ഷണനേരം കൊണ്ട് അദ്ഭുതരീതിയില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുവാന്‍ സാധിക്കും. എന്നിട്ടും അല്ലാഹു നബി(സ)യെക്കൊണ്ട് ക്ലേശപൂര്‍വം ഹിജ്‌റ ചെയ്യിച്ചത് സമുദായത്തിന് മാതൃക നല്‍കാന്‍ തന്നെയാണ്. നബി(സ) യാത്രക്കുമുമ്പെ തന്റെ പക്കല്‍ ആളുകളേല്‍പ്പിച്ച സൂക്ഷിപ്പുമുതലുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ അലി (റ)യെ ചുമതലപ്പെടുത്തിയത് വാഗ്ദത്ത പാലനം, വിശ്വസ്ഥത തുടങ്ങിയവക്കുളള മാതൃകയാണ്. വീടും സ്വത്തുക്കളും ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാകുമാറ് ഉപദ്രവിച്ചവരോട് കണക്കുതീര്‍ക്കാന്‍വേണ്ടി അത് പിടിച്ചുവെക്കാമായിരുന്നു. നബി(സ) അത് ചെയ്തില്ലെന്നു മാത്രമല്ല, മാന്യമായും ഭദ്രമായും യഥാവിധി തിരിച്ചേല്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കുകയാണ് ചെയ്തത്.

അബൂബക്കറും പ്രവാചകനും അസാധാരണമായ വഴിയിലൂടെ സഞ്ചരിച്ച് സൗര്‍ ഗുഹയിലെത്തുകയും അവിടെ മൂന്നു നാള്‍ തങ്ങുകയും ചെയ്തും. നബി(സ)യുടെ ധൈര്യവും മനക്കരുത്തും അസാധാരണമായിരുന്നു. അബൂബക്കര്‍ (റ) നബി(സ)യുടെ കാര്യത്തില്‍ വളരെ ജാഗരൂഗനും. പകല്‍വേളയില്‍ മക്കയിലുളള ചലനങ്ങളറിയാനും കുടിക്കാനുളള പാലെത്തിക്കാനും വ്യക്തമായ സംവിധാനമൊരുക്കിയിരുന്നു. ഗുഹയിലേക്ക് വരുന്നവരുടെ കാലടികള്‍ തിരിച്ചറിയായിരിക്കാന്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തി. നേരം പുലര്‍ന്നപ്പോള്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടതില്‍ അരിശം പൂണ്ട ശത്രുക്കള്‍ നബി(സ)യെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്ക് മുന്തിയ ഇനം 100 ഒട്ടകങ്ങള്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. ആര്‍ത്തിപൂണ്ട് പലരും പല വഴിക്ക് തിരിഞ്ഞു. ചിലര്‍ സൗര്‍ ഗുഹയുടെ പരിസരത്തുമെത്തി. പരിഭ്രമചിത്തനായ അബൂബക്കറിനെ നബി (സ) സമാശ്വസിപ്പിച്ചതുമെല്ലാം വിശദമായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. 

മൂന്ന് രാത്രികള്‍ ഗുഹയില്‍ കഴിച്ചുകൂട്ടി നാലാം നാള്‍ യാത്ര തുടര്‍ന്നു. വഴികാട്ടിയായി ഉണ്ടായിരുന്നത് അമുസ്‌ലിമായ അബ്ദുല്ലാഹിബ്‌നു ഉറൈക്കിള് ആയിരുന്നു. നേരത്തെ അമുസ്‌ലിമായ പിതൃവ്യന്റെ പിന്തുണ സ്വീകരിച്ച നബി(സ) അതീവരഹസ്യവും സുപ്രധാനവുമായ യാത്രയില്‍ ഒരമുസ്‌ലിം സഹോദരന്റെ സഹായം സ്വീകരിച്ചതില്‍ ഒരു സന്ദേശമുണ്ട്. ഇസ്‌ലാമിന്റെ വ്യാപനത്തിന് നല്ലവരായ അമുസ്‌ലിം സഹോദരങ്ങളുടെ സേവനവും സഹായവും ഉപയോഗപ്പെടുത്താമെന്നാണത്. റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച ക്രി: 622 സെറ്റംബര്‍ 23-ന് നബി (സ) മദീനക്കടുത്ത് ഖുബായിലെത്തി. ഇവിടെയാണ് ഇസ്‌ലാമിലെ പ്രഥമമസ്ജിദ് നിര്‍മിക്കപ്പെട്ടത്. പിന്നെ ഖുബായില്‍നിന്ന് വീണ്ടും യാത്ര തുടര്‍ന്നു. വഴിമദ്ധ്യെ ബനൂ സാലിം ഇബ്‌നു ഔഫിന്റെ സ്ഥലത്ത് ഇറങ്ങുകയും അവിടെവെച്ച് ആദ്യത്തെ ജുമുഅ നടത്തുകയും ചെയ്തു. വീണ്ടും യാത്ര തുടര്‍ന്ന പ്രവാചകന്‍ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് ഇറങ്ങി. അവിടെയാണ് പിന്നീട് മസ്ജിദുന്നബവി പണിതത്. 

തികച്ചും നിസ്സഹായരായ ഒരു സമൂഹം ഒരന്യ ദേശത്ത് കുടിയേറുമ്പോഴുണ്ടാകുന്ന പ്രശ്‌നസങ്കീര്‍ണതകള്‍ നിരവധിയാണ്. ഇന്നും ലോകത്തിന്റെ നാനാഭാഗത്തുള്ള വംശീയ പ്രശ്‌നങ്ങളില്‍ പലതും തദ്ദേശിയരും കുടിയേറ്റക്കാരും തമ്മിലുള്ളതാണ്. നൂറ്റാണ്ടുകള്‍ നീങ്ങിയാലും പരിഹരിക്കപ്പെടാതെ നില്‍ക്കാവുന്ന ഈ പ്രശ്‌നം ദിവസങ്ങള്‍ക്കകം പൂര്‍ണമായും പരിഹൃതമായ അത്ഭുത ദൃശ്യമാണ് പതിനാല് ദശകങ്ങള്‍ക്കുമുമ്പ് മദീനയില്‍ ദര്‍ശിച്ചത്. പിന്നീടത് ഒരിക്കലും പ്രശ്‌നമായതേയില്ല. നബിയുടെ നേതൃത്വത്തിന്റെയും ശിക്ഷണത്തിന്റെയും അനിതരണസാധാരണമായ അത്ഭുതഫലങ്ങളിലൊന്നാണിത്. മക്കയില്‍ നിന്നു വന്ന മുഹാജിറുകള്‍ക്ക് മദീനക്കാര്‍ സഹായികളായി മാറി.

ഹിജ്‌റയെ കാലഗണനയുടെ കലണ്ടറിന്റെ തുടക്കമായി ഉമര്‍(റ) നിശ്ചയിച്ചപ്പോള്‍ ഉദ്ദേശിച്ച നന്മകള്‍ പുലരണമെങ്കില്‍ ഈ കലണ്ടറിനെ കൂടുതല്‍ പ്രായോഗികമായ രീതിയില്‍ വികസിപ്പിച്ച് ജനകീയമാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഈ കലണ്ടറിനെ ഫലപ്രദമായി പരിഷ്‌കരിച്ചാല്‍ മുസ്‌ലിം സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിന് അത് വളരെ സഹായകമാകും. ഇക്കഴിഞ്ഞ മെയ് അന്ത്യത്തില്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്ന ' ആഗോള ഹിജ്‌രീ കലണ്ടര്‍ കോണ്‍ഗ്രസ്' ഈ ദിശയിലെ രചനാത്മകമായ ഒരു നല്ല നീക്കമാണ്. തുര്‍ക്കിയിലെ മതകാര്യ വകുപ്പാണ് ഇതിന് വേദിയൊരുക്കിയത്. സൗദി പണ്ഡിതരും ഖത്തറില്‍ നിന്നുള്ള യൂസുഫുല്‍ ഖര്‍ദാവി ഉള്‍പ്പെടെ 121 പ്രതിനിധികള്‍ അതില്‍ പങ്കെടുക്കുകയും ആഗോള മുസ്‌ലിം കലണ്ടര്‍ സാധ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. 

വിശ്വ പൗരന്മാരെയാണ് ഇസ്‌ലാം വാര്‍ത്തെടുക്കുന്നത്. വിശ്വാസി സമൂഹത്തെ ലോകാടിസ്ഥാനത്തില്‍ ഏകീകരിക്കുന്ന ഇസ്‌ലാമിലെ ആദര്‍ശ സൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കു്‌നന ഒന്നായി ഹിജ്‌റ കലണ്ടര്‍ കാലതാമസം കൂടാതെ വികസിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top