ഒറ്റജാലകം തുറക്കുമ്പോള്‍

സീനത്ത് ചെറുകോട് വര : ശബീബ മലപ്പുറം No image

ചുട്ടുപൊള്ളുന്ന നട്ടുച്ചകളില്‍ ഉമ്മയുടെ നെല്ലുകുത്തിന്റെ താളം മുറുകും. വലിയ കുന്താണിയില്‍ ചുവന്ന അരിയും നെല്ലും കൂടിക്കുഴയുമ്പോള്‍ ഉമ്മയുടെ മേലാകെ തവിടായിരിക്കും. വിയര്‍പ്പും തവിടും ഉമിയും തീര്‍ത്ത ഒറ്റയടിപ്പാതകള്‍ ഉമ്മയുടെ മുഖത്തു നിന്നും ഉടലിലേക്ക് നീണ്ടിറങ്ങി.

ഉമി നീങ്ങിയാല്‍ അരി ഉരലിലേക്കുമാറ്റും. ഉലക്കയുടെ തലപ്പ് കാളംചിറ്റിന്റെ ഭാഗത്തേക്ക് മാറും. ആഞ്ഞുപതിക്കുന്ന ഉലക്കയുടെ വേഗത്തിനൊപ്പം ഉമ്മയുടെ കിതപ്പിന്റെ ശബ്ദവും മുറുകും.

ഉമ്മ വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല. തറവാട്ടിലെ ചെറ്യേമുറിയിലെ അരിക്കലം ഒരിക്കലും ഒഴിഞ്ഞില്ല. പത്തുപതിനെഞ്ചെണ്ണത്തിന് തിന്നാനുള്ളത് നെല്ലുകുത്തിയുണ്ടാക്കണം. ചേറിലും വെയിലിലും ഉമിയിലും ഉരുകിത്തീരുന്ന നോവായി ഉമ്മ മനസ്സില്‍ പടര്‍ന്നു. സ്‌നേഹമെന്നത് ഉരുകിത്തീരലാണോ? ഓര്‍മവെച്ച നാള്‍ മുതല്‍ ഉമ്മയെന്ന ഉരുക്കമായിരുന്നു ലോകം.

അപ്പോഴൊക്കെ ബാപ്പയെ ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ട് ഞാന്‍. രണ്ടു വയസ്സിന്റെ മനസ്സില്‍ പതിഞ്ഞ മുഖം എന്നോ മങ്ങിപ്പോയിരുന്നു. ഞാന്‍ സങ്കല്‍പിച്ചു നോക്കിയിട്ടുണ്ട്. കറുത്തു മെലിഞ്ഞ് എപ്പോഴും തമാശ പറയുന്ന രൂപം. പക്ഷെ എന്റെ സങ്കല്‍പങ്ങള്‍ക്കൊന്നും മുഖമേയുണ്ടായിരുന്നില്ല. ഞാന്‍ വളരുന്തോറും മുഖമില്ലാത്ത ബാപ്പ എന്റെ മനസ്സില്‍ നിറഞ്ഞുകൊണ്ടേയിരുന്നു. 

ഒരു നഷ്ടത്തിനും പകരങ്ങള്‍ ഈ ലോകത്തിലില്ല. ഉണ്ടെന്നു തോന്നുമ്പോഴും നഷ്ടങ്ങളുടെ വിടവ് നികത്തപ്പെടുന്നില്ല. ചിലപ്പോള്‍ പകരമായി വരുന്നത് കൂടുതല്‍ നഷ്ടബോധം മനസ്സിലുണ്ടാക്കുന്ന എന്തോ ആവാം. ഈ സത്യം ആദ്യം മനസ്സിലാക്കിയത് ഉമ്മയില്‍ നിന്നുതന്നെയാണ്. ആരൊക്കെ നിര്‍ബന്ധിച്ചിട്ടും ബാപ്പയുടെ മരണത്തിനു ശേഷം ഉമ്മ മറ്റൊരാളെപ്പറ്റിയും ചിന്തിച്ചില്ല. നഷ്ടങ്ങള്‍ തീരുന്നില്ല. അതാരായാലും; കൂട്ടുകാരനോ, ഇണയോ ആരാവട്ടെ.

ഓരോ നഷ്ടങ്ങളും ഓരോരുത്തരിലും എന്തെല്ലാം മാറ്റങ്ങളാണുണ്ടാക്കുക എന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചേര്‍ത്തുപിടിക്കാന്‍ കൈകളില്ലാതാവുമ്പോള്‍ ചിലതെങ്കിലും ചിതറിത്തെറിച്ചു പോകുന്നത് കണ്ടിട്ടുണ്ട്. യതീംഖാനയിലും, ജീവിതത്തിന്റെ മറ്റുവഴികളിലും. എന്റെ കാഴ്ച എന്നില്‍ തന്നെ തുടങ്ങുന്നു. ചെറുപ്പം തൊട്ടെ എല്ലാം പിഴച്ചു പിഴച്ചു പോയ എന്നില്‍ നിന്നു തന്നെ. ഒരിക്കലും ഞാന്‍ ചെയ്യുന്നതൊന്നും ശരിയായില്ല. ഒരുപാട് ശരികള്‍ക്കിടയിലെ എന്നത്തേയും പൊട്ടത്തെറ്റായിരുന്നു ഞാന്‍. അല്ലെങ്കില്‍ അങ്ങനെയായിരുന്നു എല്ലാവരും എന്നെ കണ്ടത്. 

ഉച്ചമയങ്ങുന്ന ഇടവേളകളില്‍ റബ്ബര്‍ തോട്ടത്തില്‍ വിറകു പെറുക്കാന്‍ പോകുമ്പോള്‍, പൊറത്തക്കുളത്തിലെ കലക്കവെള്ളത്തില്‍ കണ്ണു ചുവക്കുന്നത് വരെ ചാടിത്തിമര്‍ക്കുമ്പോള്‍, കുയ്ക്കലെ കൊയ്‌തൊഴിഞ്ഞ പാടത്ത് ഒളിച്ചു കളിക്കുമ്പോള്‍, എല്ലാവര്‍ക്കുമിടയില്‍ നിന്ന് എപ്പോഴും എന്തിനെങ്കിലും ആരെങ്കിലും വഴക്കു പറയാന്‍ എന്തോ ഒന്ന് ഒപ്പിക്കുന്നത് ഞാന്‍ മാത്രമായത് എങ്ങനെയാണ്?

മുഴുവന്‍ ചീത്തയും പ്‌രാക്കും കേട്ട് അപമാനിതയായി തലകുനിച്ചു നില്‍ക്കുന്ന ഞാനെന്ന കുട്ടിക്ക് പിഴക്കാതെ പിന്നെങ്ങനെ? നെഞ്ചു കലങ്ങി, ചങ്കു പറിഞ്ഞ് ചുട്ടുനീറുന്ന ഉപ്പുവെള്ളം തൊണ്ടയില്‍ തടഞ്ഞു നില്‍ക്കുമ്പോള്‍ വെറുപ്പാണ് തോന്നിയത് എല്ലാറ്റിനോടും.

ബാപ്പ മരിച്ച് പതിനഞ്ചു ദിവസം കഴിഞ്ഞ് നിറവയറുമായ് നെല്ലുകുത്താനിറങ്ങുന്ന ഉമ്മയുടെ മുഖം എനിക്കോര്‍മയില്ല. മൂന്നു പെണ്‍കുട്ടികള്‍ക്ക് ശേഷം ഒരാണ്‍കുട്ടിക്കു വേണ്ടി ആരെല്ലാം നേര്‍ച്ച നേര്‍ന്നിട്ടുണ്ടാകും? ഒസ്സാത്തിക്കുഞ്ഞി വാതിലിനപ്പുറത്തേക്ക് 'ആണ്‍കുട്ട്യാ' എന്നു വിളിച്ചു പറഞ്ഞപ്പോള്‍ ആരൊക്കെ കണ്ണുതുടച്ചിട്ടുണ്ടാവും? എനിക്കറിയില്ല.

ബാപ്പ മരിച്ച് രണ്ടുമാസമായപ്പോള്‍ മൂത്തപെണ്‍കുട്ടികളെ രണ്ടറ്റവും നിറഞ്ഞു നില്‍ക്കുന്ന പുഴക്കക്കരെയുള്ള യതീംഖാനയിലേക്ക് പറിച്ചു നട്ടപ്പോള്‍ ഉമ്മ കരഞ്ഞതും എനിക്കോര്‍മയില്ല.

പക്ഷേ, കാറ്റും മഴയും വരുമ്പോള്‍ പൊളിയില്ലാത്ത, ചിതലുകള്‍ ചുവന്ന ചിത്രങ്ങള്‍ തീര്‍ത്ത ജനലിനപ്പുറത്തേക്ക് നോക്കി കരയുന്ന ഉമ്മയെ എനിക്കോര്‍മയുണ്ട്. 'പടച്ചോനെ ഞ്ചെ കുട്ട്യാള്' എന്ന് ഉമ്മയുടെ നെഞ്ച് പിടയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഉമ്മ അനിയനെ ചേര്‍ത്തു പിടിച്ചിട്ടുണ്ടാവും. ഞാനതും നോക്കി ചപ്രച്ച എന്റെ മുടിയില്‍ രണ്ട് കൈകൊണ്ടും പേന്‍ തെരഞ്ഞു.

ജനിച്ചു വീഴുംമുമ്പേ ബാപ്പ മരിച്ച കുട്ടികള്‍ക്ക് നേര്‍ച്ച നേരുന്ന പതിവ് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. ദണ്ണം മാറാനും കാര്യങ്ങള്‍ സാധിക്കാനും ആളുകള്‍ അനിയന്റെ കൈയില്‍ മുഷിഞ്ഞ നോട്ടുകള്‍ വെച്ചുകൊടുത്തു. അവന്റെ അളുക്കില്‍ രണ്ടിന്റെയും അഞ്ചിന്റെയും നോട്ടുകള്‍ കിടക്കുന്നത് ഞാന്‍ അസൂയയോടെ നോക്കി.

ഞാന്‍, ബാപ്പ മരിച്ചതിനു ശേഷം പെറ്റുവീണ കുട്ടിയല്ല. രണ്ടുമക്കളുടെ മരണശേഷം നേര്‍ച്ച നേര്‍ന്നുണ്ടായ സല്‍മതാത്തയും സൈഫുതാത്തയും എന്നെപ്പോലെയല്ല. ഒന്നിലുംപെടാതെ ഇടയില്‍ പെട്ടുപോയ ഞാന്‍, വാഴന്റണിയിലെ ചേറിലെ പരല്‍മീനുകളോട് വെറുതെ ദേഷ്യപ്പെട്ടു. പാടത്ത്, തുറന്നുവിട്ട അറ്റംകലായ അടച്ചും അടച്ചത് തുറന്നുവിട്ടും പ്‌രാക്കുകള്‍ വാങ്ങി.

സല്‍മതാത്തയും സൈഫുതാത്തയും യതീംഖാനയില്‍ നിന്ന് അവധിക്കുവരുന്നത് ഞാന്‍ കാത്തിരുന്നു. കാരണം അവരെനിക്ക് ഉരുണ്ട്മിനുത്ത പുഴങ്കല്ലുകള്‍ കൊണ്ടുത്തന്നു. വരുന്ന വഴിക്ക് കാട്ടില്‍ നിന്നും പെറുക്കിയ ഉറൂഞ്ചിക്കായ കല്ലിമ്മലിട്ട് ഒരതിയാല്‍ പതവരുന്നത് കാണിച്ചുതന്നു.

രാത്രി, ഉരുണ്ടുമിനുത്ത പലനിറത്തിലുള്ള പുഴങ്കല്ലുകള്‍ മൂട്ടയുടെ മുട്ടകള്‍ നിറഞ്ഞ തലയണക്കു താഴെ വെച്ച് ഞാന്‍ കിടന്നുറങ്ങി. എന്റെ സ്വപ്നത്തില്‍ പുഴയില്‍ കല്ലുകള്‍ക്കു പകരം ഉറൂഞ്ചിക്കായകള്‍ നിറഞ്ഞു. പതകള്‍ നിറഞ്ഞ് പരന്നൊഴുകുന്ന പുഴ. പര്‍വ്വതം പോലെ പത പൊന്തിപ്പൊന്തി കുമിഞ്ഞു മറിയുമ്പോള്‍ അതിനിടയില്‍ ശ്വാസം കിട്ടാതെ ഞാന്‍ പുഴങ്കല്ലുകള്‍ തെരഞ്ഞു.

എന്റെ ഉണര്‍ച്ചകള്‍ മുഴുവന്‍ സങ്കടങ്ങളുടെ നടുവിലേക്കായിരുന്നു. മഞ്ഞു മൂടിയ കല്ലുമലയില്‍ വെയിലിന്റെ സപ്തവര്‍ണങ്ങള്‍ വിരിയുമ്പോള്‍ ഞാനവിടേക്കു നോക്കി വെറുതെ ഇരുന്നു. വെയിലും മഞ്ഞും തീര്‍ക്കുന്ന അഭൗമമായ വെളിച്ചത്തിന്റെ അലകളിലേക്കു നോക്കി എന്റെ ചപ്രച്ച മുടി ഞാന്‍ മാന്തിക്കൊണ്ടേയിരുന്നു.

'കാളിയെന്താ ഇണ്ണൂലിന്റെ മാതിരി നുള്ളി വലിച്ചിരിക്ക്ണ്'? 

ഇത്താത്തയുടെ പരിഹാസത്തിന്റെ മുള്ളുകള്‍ ഏല്‍ക്കാതിരിക്കാന്‍ ഞാനെന്റെ ഹൃദയത്തിന് പുറന്തോടുകള്‍ നിര്‍മിക്കുകയായിരുന്നു അപ്പോള്‍.

കാളി എന്നായിരുന്നു എന്നെയവര്‍ വിളിച്ചിരുന്നത്. വെളുത്തവര്‍ക്കിടയിലെ കറുത്തകാളി. വലിയതലയും നന്നെ ചെറിയ ഉടലുമുള്ള കുഞ്ഞിനെ കുളിപ്പിക്കാന്‍ കാലുനീട്ടിയിരുന്ന നൊട്ടിയമ്മയുടെ കാലിനിടയിലൂടെ കുട്ടി നിലത്തേക്ക് ഊര്‍ന്നു പോയത്രേ. 

'ഉമ്മക്കുട്ട്യേ ഇനിപ്പൊ പാളയില് കെടത്തി കുളിപ്പിക്ക്യന്നെ' 

നൊട്ടിയമ്മ ഉമ്മയെ നോക്കി പരിഹാരം പറഞ്ഞു. എഴുപതു കഴിഞ്ഞ നൊട്ടിയമ്മ ഞങ്ങളുടെ നാട്ടിലെ പേരുകേട്ട മണ്ണാത്തിയായിരുന്നു. മുസ്‌ലിം വീടുകളില്‍ ഉമ്മക്കുട്ടികള്‍ പെറ്റാല്‍ കുട്ടിയെ കുളിപ്പിക്കാന്‍ മണ്ണാത്തിമാരാണു വരിക.

പതിനാലിനും നാല്‍പതിനും അവര്‍ക്ക് പൈസ കൊടുത്ത് കണക്ക് തീര്‍ക്കണം. കടിഞ്ഞിപ്പേറാണെങ്കില്‍ പുള്ളിത്തുണിയും കുപ്പായശീലയും കൊടുക്കണം. പെരുന്നാളുകള്‍ക്ക് അരിയും പപ്പടവും വെളിച്ചെണ്ണയും എടുത്ത് വച്ച് മുസ്‌ലിം വീട്ടിലെ പെണ്ണുങ്ങള്‍ മണ്ണാത്തിമാരെ വരവേല്‍ക്കും. അതവരുടെ അവകാശമായിരുന്നു.

നൊട്ടിയമ്മക്ക് വലിയചാക്കിലെ അരി ഏറ്റാന്‍ വയ്യ. അവര്‍ മരുമകളെ പറഞ്ഞയക്കും. മൂര്‍ധാവില്‍ എണ്ണയിട്ട് നെല്ലിക്ക വലിപ്പത്തില്‍ മുടി ഉച്ചിയില്‍ കെട്ടി നൊട്ടിയമ്മ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നത് എന്റെ ഓര്‍മയിലുണ്ട്. എത്രയോ കുഞ്ഞുടലുകളെ അവരുടെ പരുപരുത്ത വിരലുകള്‍ ഉഴിഞ്ഞു കുളിപ്പിച്ചിട്ടുണ്ട്. 

'നല്ലോണം  ഉഴിഞ്ഞിട് നൊട്ട്യേ' 

വല്ലിമ്മമാര്‍ നൊട്ടിയമ്മക്ക് നിര്‍ദേശം കൊടുക്കും. ആ നൊട്ടിയമ്മയെപ്പോലും അമ്പരപ്പിച്ച വിത്തായിരുന്നു ഞാന്‍.

കുറച്ചു വലുതായപ്പോള്‍ തറവാട്ടിലെ കുട്ടികളെനിക്ക് കാജാബീഡി എന്നു പേരിട്ടു. കാജാബീഡിയുടെ പരസ്യബോര്‍ഡിലെ ചെറിയ ഉടലും വലിയ തലയുമുള്ള മനുഷ്യനുമായുള്ള എന്റെ സാമ്യമാണ് കാരണം. ഇത്താത്തമാര്‍ കാളി എന്ന പേരും.

കാജാബീഡിയും കാളിയും ആയിരം കൂര്‍ത്ത പല്ലുകളുമായി എന്റെയുള്ളില്‍ നിറഞ്ഞു. അതെന്നെ കടിച്ചുകീറിക്കൊണ്ടേയിരുന്നു. മഞ്ഞപ്പറക്കുന്നില്‍ തെച്ചിപ്പഴം പറിക്കുമ്പോഴും സജ്‌നക്കും സുഹറക്കും പിന്നെ ഒരുപാട് കുട്ടികള്‍ക്കുമൊപ്പം ഒളിച്ചു കളിക്കുമ്പോഴുമൊക്കെ ഞാന്‍ ചെയ്യുന്നതെല്ലാം പിഴച്ചു. 

നിറയെ കശുമാവുകള്‍ പൂത്തു നില്‍ക്കുന്ന മഞ്ഞപ്പറക്കുന്ന് എനിക്കിഷ്ടായിരുന്നു., കാറ്റ് കശുമാവിന്‍ ചില്ലകളില്‍ ഊഞ്ഞാലാടുന്ന വൈകുന്നേരങ്ങളില്‍ ആച്ചുട്ടിയുടെ ആടുകളും ഞങ്ങള്‍ കുട്ടികളും, രാത്രിയായാല്‍ അമ്മായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എസ്ബതിനായിരം കുറുക്കന്‍മാരും മഞ്ഞപ്പറക്കുന്ന് നെരങ്ങി.

ഇപ്പോള്‍ ഓര്‍മകളുടെ കാശാവിന്‍ ചെടിയുടെ നീലപ്പൂക്കള്‍ ഉതിര്‍ന്ന കറുത്ത മണ്ണില്‍ ആച്ചുട്ടിയുടെ നീണ്ടുമെലിഞ്ഞ കാലടികളുണ്ട്.

കാലം തെറ്റിയ കാലം പോലെ ആച്ചുട്ടി. ചിരിക്കേണ്ടിടത്ത് കരഞ്ഞും കരയേണ്ടിടത്ത് ചിരിച്ചും അവര്‍ നടന്നു. തുണിയുടെ കോന്തലയില്‍ തെച്ചിപ്പഴം പറിച്ചുകൂട്ടി ആച്ചുട്ടി എന്നെ വിളിക്കും. 'ഇന്നാ ന്റെ കുട്ടിക്ക് പറിച്ചതാ'. ന്റെ കുട്ടി എന്നായിരുന്നു ആച്ചുട്ടി എന്നെ വിളിച്ചിരുന്നത്.

'പിരാന്താ, ആച്ചുട്ടിന്റെ അടുത്ത്ക്ക് പോണ്ട'.

 ഒരുപാട് ശബ്ദങ്ങള്‍ക്കിടയില്‍ നിന്ന് ഇഴപിരിച്ചെടുക്കാന്‍ കഴിയാത്ത ശബ്ദത്തിന്റെ ഇഴകള്‍. പ്‌രാന്തായതുകൊണ്ടാണോ ആച്ചുട്ടി എന്നെ സ്‌നേഹിച്ചത്?

കാരമുള്ളും കോമുള്ളും നിറഞ്ഞ മഞ്ഞപ്പറക്കുന്നിന്റെ ചരിവില്‍ ആച്ചുട്ടിയുടെ പുള്ളിത്തട്ടത്തിന്റെ ചോപ്പ് കാറ്റിലാടി.

നിന്ന നില്‍പില്‍ വെറുതെ ചിരിക്കുന്ന ആച്ചുട്ടിയെ എല്ലാവരും പേടിച്ചു. കാളന്‍കുന്നിന്റെ ഇറക്കിലെ ഒറ്റമുറി വീട്ടില്‍ കിളികൊത്തിയ മാങ്ങയും ചക്കക്കണ്ടവും പുര്‍ക്കയാര്‍ത്തു കിടക്കുമ്പോള്‍ ആച്ചുട്ടിയെത്തേടി ഞാന്‍ ഉരുളന്‍ കല്ലുകള്‍ ചവിട്ടിയിറങ്ങി.

ആച്ചുട്ടിക്ക് ആടിന്റെ മണമായിരുന്നു. കിളികൊത്തിയ മാങ്ങ എന്റെ കയ്യില്‍ തന്ന് 'ന്റെ കുട്ടി തിന്നോ' ആച്ചുട്ടി പറയും. പിന്നെ എന്റെ പാറിയ മുടിയില്‍ പതുക്കെ വിരലോടിക്കും. ചിരിച്ചുകൊണ്ട് കരയും.

എനിക്കൊരിക്കലും ആച്ചുട്ടിയെ പേടിതോന്നിയിട്ടില്ല. ആട് മണക്കുന്ന കരിമ്പന്‍ കുത്തിയ അവരുടെ കുപ്പായത്തില്‍ ചാരി നില്‍ക്കുമ്പോള്‍ അറപ്പു തോന്നിയിട്ടില്ല.

സുന്ദരിയായിരുന്നത്രെ ആച്ചുട്ടി. വല്ല്യമ്മായി എപ്പഴോ അവരെപ്പറ്റി പറഞ്ഞു തന്നിട്ടുണ്ട്. വെറ്റിലയും അടക്കയും പല്ലില്ലാത്ത മോണകൊണ്ട് ചവച്ചിരിക്കുകയായിരുന്നു അമ്മായി അപ്പോള്‍.

വെളുത്തുമെലിഞ്ഞ ആച്ചുട്ടിയുടെ കല്ല്യാണം വല്യപെരുന്നാള് പോലെ ആയിരുന്നത്രെ. കാച്ചിത്തുണിയും പുള്ളിക്കുപ്പായവുമിട്ട് ആച്ചുട്ടി ഒരുങ്ങിയപ്പോള്‍ കാതിലെ സ്വര്‍ണച്ചിറ്റുകള്‍ കിലുകിലെ ചിരിച്ചു. ഒപ്പനപ്പാട്ടിന്റെ താളത്തില്‍ രാവലിഞ്ഞു. വെള്ളത്തുണിയും വെള്ളക്കുപ്പായവുമിട്ട പുതിയാപ്ലനെ കാണാന്‍ പെണ്ണുങ്ങള്‍ തിരക്കു കൂട്ടി.

'ഓനേതായാലും നെസീബുള്ളോനാ'

വെറ്റിലക്കറ പുരണ്ട പല്ലില്‍ പുകയില തിരുമ്മി ആരോ ഉറക്കെ ചിരിച്ചു. 

ആ ഒപ്പനപ്പാട്ടിന്റെ ഈണം പിന്നെ എപ്പോഴാണാവോ നിലച്ചത്. ഭര്‍ത്താവിന്റെ മനസ്സും ശരീരവും മറ്റെവിടേക്കോ തിരിഞ്ഞപ്പോള്‍ ആച്ചുട്ടി തളര്‍ന്നു. കണ്ണുകളില്‍ നീര്‍കുമിളകള്‍ അമര്‍ന്നു. ശരീരം മെലിഞ്ഞൊട്ടി. പല്ലുകള്‍ പൊങ്ങി. സ്‌നേഹം തിരസ്‌കരിക്കപ്പെടുമ്പോള്‍ ആച്ചുട്ടിയാണാവുക എന്നിപ്പോള്‍ തോന്നുന്നു.

കുട്ടികളില്ലാത്ത ആച്ചുട്ടി എന്നെ സ്‌നേഹിച്ചത് മകളായിട്ടുതന്നെയായിരുന്നു. അവര്‍ അണച്ചുപിടിക്കുമ്പോള്‍ വയറിന്റെ ഇളംചൂട് ശരീരത്തിലേക്ക് പടരും. ഭ്രാന്തിന്റെ ഏതോ ദിനങ്ങളില്‍ മുഷിഞ്ഞ തട്ടം വയറ്റിലേക്ക് താഴ്ത്തിയിട്ട്  'ഇച്ച് പള്ളേല്ണ്ട്' എന്ന് പറഞ്ഞ് നടന്നു നീങ്ങുന്ന ആച്ചുട്ടി ഓര്‍മയിലുണ്ട്. വഴിയില്‍ കണ്ട എന്നെപ്പോലും നോക്കാതെ, പാതിയടഞ്ഞ കണ്ണില്‍ കിനാവിന്റെ മയക്കവുമായി പോകുന്ന അവരെ നോക്കി ഒരു പുല്‍തണ്ടും കടിച്ച് ഞാന്‍ നിന്നു.

പാടത്തേക്കുള്ള ഇറക്കത്തില്‍, വയറുപിടിച്ച്, പതിയെ തന്റെ കുഞ്ഞിന് നോവാതെ ഇറങ്ങുന്ന അവരെ നോക്കി, കുയ്ക്കലെ കുളത്തില്‍ നിന്ന് കുളിച്ച് വരുന്ന ഉമ്മ നെടുവീര്‍പ്പിട്ടു. പിന്നെ 'പടച്ചോനെ' എന്ന് ഉമ്മ കണ്ണ് തുടക്കുമ്പോള്‍ എന്തോ അരുതായ്കയുണ്ടെന്ന് തോന്നിയത്, ആച്ചുട്ടിയുടെ ഭ്രാന്ത് കണ്ടാവാം എന്ന സമാധാനത്തില്‍ ഞാന്‍ വാഴന്റണിയിലെ പരല്‍മീനിനെ തെരഞ്ഞുപോയി. ഇല്ലാത്ത ഗര്‍ഭവും പേറി, വയറുപിടിച്ച്, തന്റെ കുഞ്ഞിന് നോവാതെ ആച്ചുട്ടി എത്രകാലം നടന്നു എന്നെനിക്ക് ഓര്‍മയില്ല.

അവസാനം അവര്‍ ആര്‍ക്കും ഭാരമായില്ല. പനിച്ച് വിറച്ച് ആസ്പത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ 

'ഒന്നു കാണായ്‌നിം'

ആച്ചുട്ടി നാത്തൂനോട് പറഞ്ഞത്രെ. അത്തറിന്റെ മണത്തില്‍ നിന്ന് ആടിന്റെ മണത്തിലേക്ക് കൂടുമാറിയ ആച്ചുട്ടി ചിരിയും കരച്ചിലുമില്ലാതെ അയാളെ നോക്കി നിന്നു. ജീവിതത്തില്‍ എന്നോ താളമായ അവരുടെ ഭര്‍ത്താവിനെ. ഒരു ജീവിതം ഭ്രാന്തായ് കാണിക്കവെച്ച് കാത്തിരുന്നവനെ. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. യാത്ര പറയാതെ ഓട്ടോറിക്ഷയില്‍ കയറിയ ആച്ചുട്ടിയെ നോക്കി അയാളുടെ ഹൃദയം കരഞ്ഞു. 

അന്നു രാത്രി ആച്ചുട്ടി മരിച്ചു. കഫന്‍പുടയില്‍ പൊതിഞ്ഞ എല്ലിന്‍കൂട് മയ്യിത്തു കട്ടിലില്‍ വെക്കുമ്പോള്‍ ഞാന്‍, എന്റെ കരച്ചില്‍ വറ്റിപ്പോകുന്നത് അറിഞ്ഞു. എന്നോ ഒഴിഞ്ഞ ആട്ടിന്‍ കൂടിന്റെ ചിതല്‍തിന്ന അഴിയിലേക്ക് നോക്കി നില്‍ക്കെ ആകാശത്തിന്റെ കണ്ണുനീര്‍ ഭൂമിയില്‍ പതിക്കുന്നത് കണ്ടു.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top