വി ആര്‍ അഥവാ സാങ്കേതികവിദ്യയുടെ മായാലോകം

സുഹൈറലി തിരുവിഴാംകുന്ന് No image

സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മായികലോകമാണ് വെര്‍ച്വല്‍ റിയാലിറ്റി അഥവാ വി.ആര്‍. യഥാര്‍ഥ ലോകത്തിനപ്പുറത്തേക്ക് യാത്രയാവാന്‍ ഈ ടെക്‌നോളജിയിലൂടെ സാധ്യമാവുന്നു. സോഫ്ട്‌വെയറുകളുടെയും ഗ്രാഫിക്‌സ് - ത്രീഡി ഇഫക്ടുകളുടെയും സഹായത്താല്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലൂടെ ദൃശ്യ-ശ്രാവ്യ അകമ്പടിയോടെ കമ്പ്യൂട്ടറിലൂടെയോ പ്രൊജക്ടര്‍ സ്‌ക്രീന്‍ മുഖേനയോ വി.ആര്‍ ഹെഡ്‌സെറ്റ് വഴി സൃഷ്ടിച്ചെടുക്കുന്ന അത്ഭുത ലോകം. അതിലൂടെ കാണുന്ന ലോകത്തെ നേരിട്ട് അനുഭവിച്ചറിയാനും ഇടപഴകാനും സംവദിക്കാനും കഴിയുന്നു. സാധാരണയായി വീഡിയോ ഗെയിം, മെഡിക്കല്‍ രംഗം, സൈനികാവശ്യങ്ങള്‍, വിനോദം എന്നിവക്കാണ് കാര്യമായി ഈ സാങ്കേതികത ഉപയോഗിക്കുന്നത്. ഇതിനുമപ്പുറം ഇവയുടെ സാധ്യതകള്‍ എന്തെല്ലാമാണ്? ഒരു സാങ്കേതികവിദ്യയായി നിലനില്‍ക്കുന്ന ഇത്തരം സാധ്യതകളെ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം.

നാം കാണുന്ന യഥാര്‍ഥ കാഴ്ചകള്‍ക്കപ്പുറമുള്ളതെല്ലാം ഭാവനയിലും സ്വപ്‌നങ്ങളിലൂടെയും മാത്രം കണ്ടറിയാനേ മനുഷ്യരാശിയില്‍ ഇത്രയും കാലം ജീവിച്ചവര്‍ക്കെല്ലാം സാധിച്ചിരുന്നുള്ളൂ. എന്നാല്‍ പുതിയ കാലം മറ്റൊരു സാധ്യത കൂടി അതിനായി തുറന്നിരിക്കുന്നു. 'ഇതിലും നല്ല പട്ട് സ്വപ്‌നങ്ങളില്‍ മാത്രം' എന്ന പരസ്യവാചകം അപ്പോഴവിടെ അപ്രസക്തമായിത്തീരും. കാരണം ലോകത്തെ ഏറ്റവും മനോഹരമായ പട്ടിനേക്കാള്‍ നല്ല പട്ട് വെര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതികവിദ്യയില്‍ നെയ്‌തെടുക്കാനാവും. കേവലം കാഴ്ചകള്‍ക്കും ചിത്രങ്ങള്‍ക്കുമപ്പുറം യാഥാര്‍ഥ്യമെന്ന് നമ്മുടെ മനസ്സിനെ സമ്മതിപ്പിച്ചു നിര്‍ത്തുന്നതിലാണ് വെര്‍ച്വല്‍ റിയാലിറ്റി വിജയിക്കുന്നത്. 

പുരാതന കാലത്ത് ആളുകള്‍ മൃഗങ്ങളെയും പക്ഷികളെയും കല്ലില്‍ വരച്ചിരുന്നു. അക്കാലം മുതല്‍ തന്നെ വെര്‍ച്വല്‍ റിയാലിറ്റിയിലേക്കുള്ള പ്രയാണമാരംഭിച്ചിരുന്നു എന്നു വേണം പറയാന്‍. അച്ചടിവിദ്യയിലേക്ക് കടന്നപ്പോള്‍ കൂടുതല്‍ മികവുറ്റ ചിത്രങ്ങളെ താളുകളില്‍ പകര്‍ത്താനായി. ആദ്യമത് ഏകവര്‍ണവും പിന്നെ അത് ബഹുവര്‍ണവുമായി. കുറച്ചു കൂടി റിയാലിറ്റിയിലേക്ക് അടുത്തത് റേഡിയോ, സൗണ്ട് റെക്കോര്‍ഡിങ് വന്നതോടെയാണ്. പിന്നെ ടെലിവിഷന്‍-വീഡിയോ ഘട്ടത്തിലെത്തിയതോടെ ഏകമാനത്തില്‍ നിന്നും ദ്വിമാന ചിത്രങ്ങളിലേക്ക് ടെക്‌നോളജി ചേക്കേറി. തുടര്‍ന്ന് ത്രീഡിയിലെത്തിയതോടെ ആളുകള്‍ ശരിക്കും അമ്പരന്നു. കുട്ടികള്‍ ആര്‍ത്തു വിളിച്ചു. സത്രീകള്‍ പേടിച്ചരണ്ടു. അവിടുന്നങ്ങോട്ട് 5 ഡിയും 7 ഡിയും 12 ഡിയും അടക്കമുള്ള മള്‍ട്ടി ഡയമന്‍ഷന്‍സ് ഷോകളും വ്യാപകമായതോടെ പറഞ്ഞറിയിക്കാനാവാത്ത മായിക അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു നമുക്ക് മുന്നിലെത്തിയത്. വെര്‍ച്വല്‍ റിയാലിറ്റി അതുക്കും മേലെയാണെന്ന് പറയാം.

പണ്ട് ഗള്‍ഫുകാരുടെ വീട്ടില്‍ പ്രത്യേകമൊരു ചുവന്ന ഉപകരണം കാണും. 'മക്കമ്മദീന' എന്നാണതിന് പറഞ്ഞിരുന്നത്. കുറെ ഫിലിമുകളുള്ള വട്ടത്തിലുള്ള പേപ്പര്‍ ഡിസ്‌ക് ഇട്ട് വലതു ഭാഗത്തുള്ള ബട്ടണില്‍ ക്ലിക്ക് കൊടുത്താല്‍ തെളിയുന്ന കാഴ്ചകളെ വലിയ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് നാം കണ്ടിരുന്നത്. കുട്ടികള്‍ക്കൊരു കൗതുകവും മുതിര്‍ന്നവര്‍ക്ക് കണ്ണുനിറയുന്ന കാഴ്ചകളുമായിരുന്നു ആ 'മക്കമ്മദീന'. വ്യൂ മാസ്റ്റര്‍ എന്ന പേരിലുള്ള ഈ ഉപകരണം വി. ആറിന്റെ പ്രാരംഭ രൂപമായി പറയാം. 1939 -ല്‍ കണ്ടു പിടിച്ച ഒരു സ്റ്റീരിയോ സ്‌കോപിക് വിഷ്വല്‍ സ്റ്റിമുലേറ്റര്‍ ആയിരുന്നു അത്. പിന്നീട് ചാനലിലും ഇപ്പോള്‍ കൈവെള്ളയിലിരിക്കുന്ന ഫേസ് ബുക്കില്‍ വരെ ഹജ്ജ് ലൈവ് കാണാം. ഹജ്ജും ഉംറയും മക്കയില്‍ ചെന്ന് കാണുന്ന യഥാര്‍ഥ പ്രതീതി, ഒരുവേള അതിലൊരാളായി കഅ്ബയും ഹജറുല്‍ അസ്‌വദും മിനയും അറഫയുമെല്ലാം നേരില്‍ കാണുന്ന തരത്തില്‍ ഒരു വെര്‍ച്വല്‍ റിയാലിറ്റി സൃഷ്ടിക്കാനായാലോ? അതുമല്ലെങ്കില്‍ നമ്മള്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്ന ലോകാത്ഭുതങ്ങള്‍ നമ്മുടെ മുന്നിലേക്ക് വന്നാല്‍ എങ്ങനെയിരിക്കും. അതാണ് വെര്‍ച്വല്‍ റിയാലിറ്റി അഥവാ വി.ആര്‍ തീര്‍ക്കുന്ന മായിക ലോകം. അതിലൂടെ ചൈനയിലെ വന്‍ മതിലിലൂടെയും ഈജിപ്തിലെ പിരമിഡുകള്‍ക്കിടയിലൂടെയും 360 ഡിഗ്രി 3 ഡി അനുഭവത്തില്‍ നമുക്ക് സഞ്ചരിക്കാനാവും. 

ഭൂമിയിലൂടെ മാത്രമല്ല സമുദ്രാന്തര്‍ഭാഗങ്ങളിലൂടെയും ബഹിരാകാശത്തു കൂടെയുമുള്ള അത്തരമൊരു സഞ്ചാരത്തെകുറിച്ച് സങ്കല്‍പിച്ചു നോക്കൂ. കടലിലെ വര്‍ണ വിസ്മയങ്ങളിലൂടെയും പവിഴപ്പുറ്റുകളിലൂടെയും ഷാര്‍കിന്റെയും വെയിലിന്റെയും വായയിലൂടെയും ഒക്കെ നമുക്ക് സഞ്ചരിക്കാവുന്ന ലോകമായിരിക്കും അത്. ഭൗമോപരിതലത്തില്‍ ഞൊടിയിടയില്‍ ചന്ദ്രോപരിതലത്തിലേക്കും അവിടുന്ന് സൗരയൂഥത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലൂടെയും ആകാശഗംഗയിലൂടെയും ഒഴുകി നടക്കാം. ആവശ്യമായ ഗാലക്‌സിയെ നമ്മുടെ അടുത്തേക്ക് പിടിച്ച് വലിക്കാനും തള്ളിമാറ്റാനും പിടിച്ചു കുലുക്കാനും വേണമെങ്കില്‍ ചുരുട്ടിക്കൂട്ടാനും വലിയ പണിയൊന്നുമുണ്ടാവില്ല. 

കൊച്ചു കുട്ടികള്‍ക്ക് മൊബൈല്‍ ഗെയിമും വിഡിയോ ഗെയിമും ഇപ്പോ പോക്കിമോന്‍ ഗോയും ഒക്കെയായി എത്തി നില്‍ക്കുകയാണല്ലോ. വെര്‍ച്വല്‍ റിയാലിറ്റിയില്‍ ശരിക്കും ഗെയിമില്‍ ഒരു കഥാപാത്രമായി നമുക്കും ഇറങ്ങിക്കളിക്കാം. ലോകകപ്പിന്റെ 3ഡി പ്രക്ഷേപണം നടക്കുന്നപോലെ ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ലോകകപ്പുകള്‍ ലോകത്തിന്റെ ഏതോ മൂലയിലിരുന്ന് കാണുന്നതിന് പകരം ഗ്രൗണ്ടിലിറങ്ങി തന്നെ വേണമെങ്കില്‍ വീക്ഷിക്കാം.  

വിനോദങ്ങള്‍ക്കും കൗതുകങ്ങള്‍ക്കുമപ്പുറം ഗൗരവമായ കാര്യങ്ങള്‍ക്കും ക്രിയാത്മകമായി വി.ആര്‍ പ്രയോജനപ്പെടുത്തുന്നു. മെഡിക്കല്‍ രംഗമാണ് അതില്‍ സുപ്രധാനമായത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് വേണമെങ്കില്‍ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് നില്‍ക്കുന്ന ഓപ്പറേഷന്‍ തീയേറ്ററിന് മേല്‍നോട്ടം വഹിക്കാം. ചാനല്‍ രംഗത്ത് ഒരുവേള യുദ്ധഭൂമിയിലേക്ക് റിപ്പോര്‍ട്ടര്‍ അങ്ങോട്ട് പോയി ഹീറോയിസം തെളിയിക്കുന്നതിന് പകരം യുദ്ധഭൂമിയെ ന്യൂസ് റൂമിലേക്ക് 'ആവാഹിച്ച്' കൊണ്ടുവന്ന് പ്രേക്ഷകരെ ഞെട്ടിക്കാനാവും. ക്ലാസ് റൂമുകളിലും യൂണിവേഴ്‌സിറ്റികളിലുമെല്ലാം വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യത വളരെ വലുതാണ്. 

ഒരു കാലത്ത് കേവലം സയന്‍സ് ഫിക്ഷന്‍ ആയിരുന്ന പലതും പില്‍ക്കാലത്ത് റിയല്‍ സയന്‍സ് ആയി മാറിയിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റിയും ഒരു കാലത്തെ സയന്‍സ് ഫിക്ഷന്‍ ആയിരുന്നു. സറ്റാന്‍ലി ജി വീന്‍ബോം 1935 -ല്‍ എഴുതിയ പിഗ്മല്ലിയന്‍ സ്‌പെക്റ്റാക്ള്‍സ് എന്ന നോവല്‍ സ്പര്‍ശനവും ഗന്ധവും അനുഭവിച്ചറിയാന്‍ കഴിയുന്ന സാങ്കല്‍പിക ലോകത്തെ കുറിച്ച് അവതരിപ്പിക്കുന്ന നോവലാണ്. 1950 -ല്‍ മോര്‍ട്ടന്‍ ഹീലിങ് 'എക്‌സ്പീരിയന്‍സ് തീയേറ്റര്‍' എന്ന പുസ്തകമെഴുതുകയും 1962 -ല്‍ സെന്‍സോറാമ എന്ന ഉപകരണം വികസിപ്പിക്കുകയും ചെയ്തു. ശബ്ദം, ദ്യശ്യം, ഗന്ധം, സ്പര്‍ശം എന്നീ നാല് അനുഭൂതികളും ആവിഷ്‌കരിക്കുന്ന തരത്തിലുള്ള അഞ്ച് ഹ്രസ്വ ചിത്രങ്ങളാണ് അതിനായി നിര്‍മിച്ചത്. 1968 -ല്‍ ഇവാന്‍ സതര്‍ലാന്റും ശിഷ്യനായ ബോബ് സ്പ്രൗളും ചേര്‍ന്ന് തലയില്‍ പിടിപ്പിക്കാവുന്ന ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ഡിസ്‌പ്ലേ സിസ്റ്റം ആവിഷ്‌കരിച്ചു. 1980 -കളില്‍ ജാറോന്‍ ലാനിയര്‍ ആണ് പുതിയ സാങ്കേതികാര്‍ഥത്തില്‍ ആദ്യമായി ഈ വാക്ക് ഉപയോഗിക്കുകയും പുതിയ ഭാവത്തില്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ആദ്യമായി ഉപകരണങ്ങള്‍ ആവിഷകരിക്കാനായി 1985 -ല്‍ വി.പി.എല്‍ റിസര്‍ച്ച് എന്ന കമ്പനി ആരംഭിക്കുകയും ചെയ്തത്.

വെര്‍ച്വല്‍ റിയാലിറ്റി എന്ന ആശയം ജനകീയമായ ബ്രൈയിന്‍ സ്റ്റോം (1983), ദ ലോണ്‍ മൂവര്‍ മാന്‍ ( 1992) എന്നീ സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രങ്ങളിലൂടെയായിരുന്നു. 1991 -ല്‍  ഹോവാഡ് റീന്‍ഗോള്‍സിന്റെ 'വെര്‍ച്വല്‍ റിയാലിറ്റി' എന്ന നോണ്‍ഫിക്ഷന്‍ പുറത്തിറങ്ങിയതോടെ ഈ മേഖലയിലെ പുതിയ പഠനങ്ങള്‍ സജീവമാകുന്നത്. 90 -കളില്‍ തന്നെ സൈബര്‍ എഡ്ജ്, പി.വി.സി.ആര്‍ എന്നീ വി.ആര്‍. സയന്‍സ് മാഗസിനുകളും പുറത്തിറങ്ങി. 

വെര്‍ച്വല്‍ റിയാലിറ്റി, സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഭാവനാലോകം മാത്രമല്ല തീര്‍ക്കുന്നത്. യാഥാര്‍ഥ ലോകവുമായി പരസ്പരം ബന്ധപ്പെടുത്തുന്നതിലും വിജയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ ലയനത്തെ 'മെര്‍ജ്ഡ് റിയാലിറ്റി' എന്നാണ് വിളിക്കുന്നത്. കമ്പ്യൂട്ടര്‍ ഇമേജിംഗ്, ഇന്‍ഫോഗ്രാഫി എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ മനുഷ്യശരീരത്തില്‍ സ്ഥാപിച്ച് ത്രിമാനതലത്തില്‍ അയഥാര്‍ഥ ലോകത്തിനെ പുന:സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രവര്‍ത്തനതത്വം. വെര്‍ച്വല്‍ റിയാലിറ്റി ധരിച്ചിരിക്കുന്ന ഉപകരണത്തില്‍ എത്തുന്നു. യഥാര്‍ഥലോകത്തിന് സമാനമായ ലോകത്തിലൂടെ അതോടെ യാത്ര ചെയ്യാനാവുന്നു. ഇന്ത്യയില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സിന് കീഴിലുള്ള VELNIC(വെര്‍ച്വല്‍ എന്‍വയോണ്‍മെന്റ് ലബോറട്ടറി ഓഫ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍) ഇത്തരം സാധ്യതകളെ കുറിച്ച് പഠിക്കുന്ന സ്ഥാപനമാണ്.

നിലിവല്‍ വി.ആര്‍ ഹെഡ്‌സെറ്റുകള്‍ മൊബൈല്‍ കമ്പനികള്‍ തന്നെ നല്‍കി തുടങ്ങി. വി.ആര്‍ തീയേറ്ററുകളും വിദേശ നഗരങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. 360 ഡിഗ്രിയില്‍ ഈ തീയേറ്ററില്‍ ചലച്ചിത്രം ആസ്വദിക്കാനാവും എന്നാണ് പ്രത്യകത. അഥവാ എങ്ങോട്ട് തിരിഞ്ഞാലും നമ്മള്‍ സിനിമാ ലോകത്ത് തന്നെയായിരിക്കും. തലയുടെ ചലനങ്ങളെ പോലും തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ഇവക്കാവുമെന്ന് ചുരുക്കം. സാംസങ് ഗിയര്‍ വി.ആര്‍, ഗൂഗിള്‍ കാഡ്‌ബോഡ്, എച്ച്.ടി.സി വൈവ്, എല്‍.ജി 360 വി.ആര്‍, ഓക്കുലസ് റിഫ്റ്റ്, സോണി പ്ലേ സ്റ്റേഷന്‍ വി.ആര്‍, സെബ്‌വിആര്‍, മൈക്രോസോഫ്ട് ഹോളോലെന്‍സ്, എം.ഐ. വി.ആര്‍ പ്ലേ തുടങ്ങിയ അനേകം കമ്പനികള്‍ ഇപ്പോള്‍ വി.ആര്‍. ഹെഡ്‌സെറ്റുകള്‍ പുറത്തിറക്കിക്കഴിഞ്ഞു. 

വിദ്യാഭ്യാസരംഗം, തൊഴില്‍ പരീശീലനം, വീഡിയോ ഗെയിം, ചിത്ര രചന, എഞ്ചിനീയറിങ്, വാസ്തു ശില്‍പകല, അര്‍ബന്‍ ഡിസൈനിങ്, തെറാപ്പി, തീം പാര്‍ക്ക്, ബിസിനസ്, ജനസേവനം, മീഡിയ, സിനിമ എന്നു തുടങ്ങി അനേകം മേഖലയില്‍ നിലവില്‍ വി.ആര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അതേസമയം ഈ ടെക്‌നോളജി മറ്റേതൊരു വിവര സാങ്കേതിക ടെക്‌നോളജിയേക്കാളെല്ലാം അപകടത്തിലേക്കു നയിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും ഭൗതിക ചുറ്റുപാടുകളുമായും മാനുഷിക-സാമൂഹിക ബന്ധങ്ങളെ തീര്‍ത്തും വിച്ഛേദിച്ചുകൊണ്ടുമുള്ള ഒരു ലോകത്തേക്ക് നയിക്കുന്നത് കൊണ്ട് തന്നെ അതിന്റെ അടിമയായി മാറുന്നത് വലിയ മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജിം ബോള്‍ഷെവിക്, ജെറമി ബെയിലെന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച 'ഇന്‍ഫിനിറ്റ് റിയാലിറ്റി' എന്ന കൃതിയില്‍ വെര്‍ച്വല്‍ റിയാലിറ്റിയുടെ സാമൂഹിക - മാനസിക പ്രത്യാഘാതങ്ങളെ ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട്. ഏതൊരു സാങ്കേതികവിദ്യയും ദൈവം മനുഷ്യനിലൂടെ മാനവ സമൂഹത്തിന് തുറന്ന് തരുന്ന അപാരമായ സാധ്യതകളാണ്. അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലാണ് നമ്മുടെ വിജയം.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top