മുസ്‌ലിംസ്ത്രീ ഒരു പുനര്‍വായന

മുഫീദ No image

'മുസ്‌ലിം സ്ത്രീ' എന്നത് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്; എന്നാല്‍ കുറച്ചധികം സങ്കീര്‍ണവുമാണ്. വിഷയത്തെ സൂക്ഷ്മമായി അപഗ്രഥിച്ചും അതിന്റെ വൈരുധ്യങ്ങളെയും സങ്കീര്‍ണതകളെയും പരിഗണിച്ചു കൊണ്ടുമുള്ള പഠനങ്ങളും ചര്‍ച്ചകളും വളരെ ചുരുക്കമാണ്.

രണ്ടു രീതിയിലുള്ള സാമൂഹിക പ്രതികരണങ്ങളാണ് പ്രധാനമായും മുസ്‌ലിംസ്ത്രീയുടെ കാര്യത്തില്‍ ഉണ്ടാവുന്നത്. മുസ്‌ലിംസ്ത്രീയെ ഇരയുടെ സ്ഥാനത്തു നിര്‍ത്തി, ഖുര്‍ആനും ശരീഅത്തുമടക്കമുള്ള മുഴുവന്‍ ഇസ്‌ലാമിക അംശങ്ങള്‍ക്കുമെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന ലിബറല്‍ സെക്കുലര്‍ വാദികളുടെ ഇസ്‌ലാമിനെ കീഴടക്കി തോല്‍പ്പിച്ചു കളയാനുള്ള ശ്രമമാണ് അവയിലൊന്ന്. പാരമ്പര്യ യാഥാര്‍ഥ്യങ്ങളെയും ഇസ്‌ലാമിക യാഥാര്‍ഥ്യങ്ങളെയും കൂട്ടിക്കലര്‍ത്തി തെറ്റിദ്ധാരണ സൃഷ്ടിച്ച് മുസ്‌ലിംസ്ത്രീയുടെ കര്‍തൃത്വത്തെയും അവകാശങ്ങളെയും നിഷേധിക്കുന്ന വികല വ്യാഖ്യാതാക്കളുടെ നിലപാടാണ് മറ്റൊന്ന്.  

ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതിന് വേണ്ടി ആഗോള തലത്തില്‍ ഉല്‍പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഓറിയെന്റലിസ്റ്റ് സെക്കുലര്‍ സാഹിത്യങ്ങളും വ്യവഹാരങ്ങളും തന്നെയാണ് ഇന്ത്യയടക്കമുള്ള ദക്ഷിണ ഭൂഭാഗത്തും (ഗ്ലോബല്‍ സൗത്ത്) ലിബറല്‍ വക്താക്കള്‍ പുനര്‍നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. തവിട്ടു നിറമുള്ള മുസ്ലിം ആണിന്റെ മത സങ്കുചിതത്വത്തില്‍ നിന്നും തവിട്ടു നിറമുള്ള  മുസ്ലിം പെണ്ണിനെ രക്ഷിച്ചെടുക്കാനുള്ള വെള്ളക്കാരന്റെ 'നിഷ്‌കളങ്ക' ശ്രമങ്ങള്‍ (White man's Burden‑)  അവരുടെ സാമ്രാജ്യത്ത താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഒരുപാധിയാണെങ്കിലും ഇസ്ലാമിനോടുള്ള ഭയമാണ് അതിനാധാരമായി പ്രവര്‍ത്തിക്കുന്നത്. ഇതേ ഭാഷ തന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തിലും മുസ്ലിം സ്ത്രീയുടെ രക്ഷകഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിനകത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം, കര്‍തൃത്വം, സുരക്ഷിതത്വം എന്നിവയെക്കുറിച്ചൊന്നും വേണ്ടത്ര ബോധവാന്മാരല്ലാത്തവര്‍ ഇവരെ രക്ഷകരായി അംഗീകരിക്കുകയും അവരുടെ വിമര്‍ശനങ്ങളിലെ ബാഹ്യയുക്തിയെ പരിഗണിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നിന്ന് തന്നെയുള്ള ഖുര്‍ആന്‍ ഹദീസ് വിമര്‍ശനങ്ങളായി വരെ അവ പ്രത്യക്ഷപ്പെടുന്നു.

മറുവശത്ത്, ഇസ്‌ലാമിക പ്രമാണങ്ങളുടെ തെറ്റായ വായനയിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും  ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളെയും പരിഗണനകളെയും പാടെ തള്ളിക്കളഞ്ഞ് മതത്തിനകത്ത് തളക്കപ്പെട്ടവളാണ് മുസ്‌ലിംസ്ത്രീ എന്ന് സ്ഥാപിക്കാനുള്ള മത പൗരോഹിത്യത്തിന്റെ നിരന്തര ശ്രമങ്ങളാണ് നടക്കുന്നത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ വിഭാവനം ചെയ്യുന്ന സാധ്യതകളെ നിരാകരിച്ച് തീര്‍ത്തും അനിസ്‌ലാമികമായ പാരമ്പര്യ മൂല്യങ്ങളിലേക്ക് ഇസ്‌ലാമിക അധ്യാപനങ്ങളെ ചേര്‍ത്തുകൊണ്ട് സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കുള്ള സ്ത്രീയുടെ കടന്നുവരവ് തന്നെ അസാധ്യമാക്കുകയാണ് ഇക്കൂട്ടര്‍. ഇത്തരം നിലപാടുകള്‍ ഇസ്‌ലാമിനെ 'പരിഷ്‌കരിച്ചെടുക്കാന്‍'ശ്രമിക്കുന്നവരുടെ വാദങ്ങളെ സാധൂകരിക്കുകയും ചെയ്യുന്നു.

എന്നാല്‍, ഈ രണ്ടു സമീപനങ്ങള്‍ക്കുമിടയില്‍ ഇസ്‌ലാമിക ദൈവശാസ്ത്രത്തില്‍ സ്ത്രീ എവിടെയാണ് ഇടം പിടിക്കുന്നത് എന്ന ഒരന്വേഷണത്തിലേക്കുള്ള തുടക്കം എന്ന രൂപത്തിലാണ് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി. ഐ. ഒ) കേരള ഒരു കോണ്‍ഫറന്‍സിനെ കുറിച്ച് ആലോചിക്കുന്നത്. കാലിക പ്രസക്തമായ മുസ്‌ലിംസ്ത്രീ വ്യവഹാരങ്ങളെ ഇസ്‌ലാമിക പ്രമാണങ്ങളുടെയും ചിന്തകളുടെയും അടിസ്ഥാനത്തില്‍ പഠന വിധേയമാക്കുകയാണ് ഈ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.

മുസ്‌ലിം സ്ത്രീയെ കുറിച്ച്  നിലനില്‍ക്കുന്ന വ്യവഹാരങ്ങള്‍, ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍, ആലോചനകള്‍, വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുമായി മുസ്‌ലിംസ്ത്രീയുടെ ഇടപെടലുകള്‍,  ചെയ്യുന്ന രീതി, മുസ്‌ലിംസ്ത്രീ കൂട്ടായ്മകള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയെയെല്ലാം ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനുള്ള ഒരു വേദിയാണ് ജി. ഐ. ഒ ഈ കോണ്‍ഫറന്‍സിലൂടെ വിഭാവനം ചെയ്യുന്നത്. മുസ്‌ലിംസ്ത്രീയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഭാവികമായും മുസ്‌ലിം ആണിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടിയാണ്. മുസ്‌ലിംസ്ത്രീയുടെ സാമൂഹ്യ പദവി, ലൈംഗികത, ബൗദ്ധിക മതപര വിഷയങ്ങളിലെ ഇടപെടലുകള്‍, അടയാളപ്പെടുത്തലുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആഖ്യാനങ്ങളിലെല്ലാം മുസ്‌ലിം പുരുഷന്‍ ഒരു അവിഭാജ്യ സാന്നിധ്യമായി നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ മുസ്‌ലിം ആണിനെക്കുറിച്ചുള്ള പഠനങ്ങളും കോണ്‍ഫറന്‍സിനെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. സ്ത്രീകളുടെ ലിംഗ പദവിയെ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന പൊതു ചര്‍ച്ചകളെ കുറിച്ചുള്ള ഒരു അപഗ്രഥനവും കോണ്‍ഫറന്‍സ് അജണ്ടയുടെ ഭാഗമാണ്.

കോണ്‍ഫറന്‍സിനു മുന്നോടിയായി നിലനില്‍ക്കുന്ന വിവിധ സ്ത്രീ വ്യവഹാരങ്ങളെ പഠന വിധേയമാക്കി കൊണ്ട് 'ഇസ്തിഖ്‌റാഅ്' എന്ന തലക്കെട്ടില്‍ മെയ് 27, 28 29, 30 തീയതികളില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ വെച്ചും ഓഗസ്റ്റ് 13, 14, 15 തിയ്യതികളില്‍ ഫാറൂഖ് ഇര്‍ഷാദിയാ കോളേജില്‍ വെച്ചുമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനി പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് രണ്ടു വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഏരിയ, ജില്ലാ ഘടകങ്ങളെ കേന്ദ്രീകരിച്ച് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും ടേബിള്‍ ടോക്കുകളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

 ഇത്തരം വ്യവഹാരങ്ങളില്‍ തല്‍പരരായ അക്കാദമിക അക്കാദമികേതര മേഖലയിലുള്ള ആര്‍ക്കും സ്ത്രീപുരുഷ ഭേദമന്യേ ഈ വിജ്ഞാന സദസ്സിന്റെ ഭാഗമാകാവുന്നതാണ്. 2016 ഡിസംബര്‍ 28, 29 തിയ്യതികളില്‍ കോഴിക്കോട് വെച്ചാണ് കോണ്‍ഫറന്‍സ് നടത്താനുദ്ദേശിക്കുന്നത്. ഒക്ടോബര്‍ 25 ആണ് അബ്‌സ്ട്രാക്ട് സ്വീകരിക്കുന്ന അവസാന തിയ്യതി. അബ്‌സ്ട്രാക്ട് മുന്നൂറു വാക്കില്‍ കവിയരുത്. നവംബര്‍ 25-നു മുന്‍പായി അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രബന്ധത്തിന്റെ പൂര്‍ണ രൂപം സബ്മിറ്റ് ചെയ്യേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.  

പ്രബന്ധങ്ങളും ബന്ധപ്പെട്ട സംശയങ്ങളും muslimwomensconference2016@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യേണ്ടതാണ്.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top