റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

ഉമ്മു അഫ്ദല്‍ No image

ചില പുസ്തകങ്ങള്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തുപോവും; അതിന്റെ കാരണം പലതാവാം, ഒരുപക്ഷേ രചയിതാവാവാം, അല്ലെങ്കില്‍ അതിന്റെ പ്രതിപാദ്യ വിഷയമാവാം.
ഇന്നത്തെ ലോകത്തെ ഭരണാധികാരികളില്‍ ഇഛാശക്തിയും പ്രായോഗിക ബോധവും കൈമുതലായുള്ള കരുത്തനായ ഒരു മുസ്‌ലിം നേതാവ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെപ്പോലെ വേറെയില്ല. ഖുലഫാഉര്‍റാശിദീങ്ങളുടെയും ഉമര്‍ രണ്ടാമന്റെയും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെയുമൊക്കെ ചരിത്രം വായിക്കുമ്പോള്‍ കിട്ടുന്ന രോമാഞ്ചവും ആവേശവും റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന അശ്‌റഫ് കീഴുപറമ്പ് രചിച്ച പുസ്തകത്തിന്റെ താളുകളിലൂടെ കടന്നുപോകുമ്പോഴും അതേ പടി ലഭിക്കുന്നുണ്ട്.
ഉസ്മാനിയ കാലഘട്ടത്തിനു ശേഷം ഇസ്‌ലാമില്‍നിന്നും മോചനം തേടി യൂറോപ്യന്‍ സംസ്‌കാരത്തെയും സാങ്കേതികതയെയും പിന്തുടരാന്‍ ശ്രമിച്ച തുര്‍ക്കി ഒടുവില്‍ ചെന്നു പെട്ടത് 'യൂറോപ്പിലെ രോഗി' എന്ന വിശേഷണത്തിലേക്കായിരുന്നു. 'അത്താതുര്‍ക്കിസ'ത്തിന്റെ ഫലമായി ഇസ്‌ലാമിക ചിഹ്നങ്ങളും അറബി ഭാഷ പോലും അകറ്റിനിര്‍ത്തപ്പെട്ട് തീവ്ര സെക്യൂലരിസത്തിലേക്ക് സഞ്ചരിച്ച തുര്‍ക്കിയെ പതിറ്റാണ്ടുകള്‍ക്കിപ്പുറത്ത് ഇസ്‌ലാമിന്റെ മനോഹാരിതയിലേക്ക് എങ്ങനെ തിരിച്ചുകൊണ്ടു വന്നു എന്ന് അനാവരണം ചെയ്യുന്നു ഈ ഗ്രന്ഥം.
പരന്ന വായനയും ബൃഹത്തായ പുസ്തകശേഖരവും ചെറുപ്രായത്തിലേ കൈമുതലായുണ്ടായിരുന്ന ഉര്‍ദുഗാന്റെ ആഗ്രഹം ഒരു പ്രഫഷണല്‍ ഫുട്‌ബോളര്‍  ആയിത്തീരുകയെന്നതായിരുന്നു. എന്നാല്‍ പിതാവിന്റെ നിര്‍ബന്ധം കാരണം ആ യുവാവ് പഠനത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. അത് പില്‍ക്കാലത്ത് തുര്‍ക്കി എന്ന മഹാ രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതിന് നിമിത്തമായിത്തീര്‍ന്നു. നേതൃപാടവവും ആര്‍ജവമാര്‍ന്ന നിലപാടുകളും വ്യക്തതയാര്‍ന്ന ആദര്‍ശവും കൈമുതലായുള്ള ഒരു 'ലീഡര്‍' ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ല.
കമാലിസം അവശേഷിപ്പിച്ചുപോയ ഇസ്‌ലാംവിരുദ്ധത കത്തിനില്‍ക്കുന്ന കാലത്തും പൊതുവേദികളില്‍ ഇസ്‌ലാമിക ആദര്‍ശത്തെ അടയാളപ്പെടുത്തിക്കൊണ്ടു തന്നെയാണ് അദ്ദേഹം ജനപ്രീതി വര്‍ധിപ്പിച്ചത്. ഗന്നൂശിയന്‍ രാഷ്ട്രതന്ത്രമെന്ന ഞാണിന്മേല്‍കളി ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ട് തുര്‍ക്കിയെ സാമ്പത്തികമായും സാങ്കേതികമായും ഉന്നതിയില്‍ എത്തിക്കാന്‍ നിപുണനായ ഈ ഭരണാധികാരിക്ക് സാധിച്ചു. ഇസ്രായേലിനും ഐ.സി.സിനുമെതിരെയും ഉപരോധത്താല്‍ ഒറ്റപ്പെട്ട ഖത്തറിന് അനുകൂലമായും  രാജ്യാന്തരരംഗത്ത് അതതു സമയങ്ങളില്‍ ആവശ്യമായ നിലപാടുകള്‍ വ്യക്തമാക്കിയും രാജ്യം ഭീതിയോടെ നോക്കിക്കണ്ട പട്ടാള അട്ടിമറിയെ ജനാധിപത്യപരമായി ധീരതയോടെ നേരിട്ടും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉര്‍ദുഗാന്‍ ഹീറോയിസത്തിന്റെ പര്യായമായി മാറി. തുര്‍ക്കി റിപ്പബ്ലിക്കിനെ മാറ്റിപ്പണിത സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഉര്‍ദുഗാന്‍  ഒരു സ്വേഛാധിപതിയാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പടച്ചുവിടുമ്പോഴും, താന്‍ വിചാരിച്ചത് നടത്തും എന്നുറച്ചുകൊണ്ട് മുന്നോട്ടു പോകുന്ന നട്ടെല്ലുള്ള ഒരു നേതാവിനെയാണ് നാം അദ്ദേഹത്തില്‍ കാണുന്നത്. മുസ്‌ലിം ലോകത്തിന് ഇന്നാവശ്യം ഇത്തരം കരുത്താര്‍ന്ന ഭരണാധികാരികളെയാണെന്ന് നിസ്സംശയം പറയാം. ഫുട്‌ബോളറാകാന്‍ കൊതിച്ച് ഭരണചക്രം കൈയിലേന്തേണ്ടിവന്ന ഈ ലീഡര്‍ പന്തുകളിയുടെ ടീം വര്‍ക്ക് എന്ന മാന്ത്രികത തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രയോഗിച്ചുകൊണ്ട് മുന്നേറുകയാണ്.
ചുരുക്കത്തില്‍, റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന കാലം കണ്ട പ്രതിഭാസത്തെ, ഖിലാഫത്തിനു ശേഷം മുസ്‌ലിം ലോകത്തിന് ലഭിച്ച ഏറ്റവും ശക്തനായ നേതാവിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകും അശ്‌റഫ് കീഴുപറമ്പ് രചിച്ച ഐ.പി.എച്ച്  പ്രസിദ്ധീകരിച്ച ഈ കൃതി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top