ചങ്ങനാശ്ശേരിയിലെ എന്റെ പെങ്ങള്‍.....

പി.എ.എം ഹനീഫ് No image

എനിക്ക് നേര്‍ പെങ്ങള്‍ ഉണ്ടായില്ല. ഉമ്മ അഞ്ച് ആണ്‍മക്കളെ പ്രസവിച്ചു. പക്ഷേ, നാലു പേരും ശിശുപ്രായത്തില്‍ മരിച്ചു.
''അല്ലാഹു അഞ്ചെണ്ണത്തിനെ തന്നു.... ഒന്നേ ശേഷിച്ചുള്ളൂ....''
ഉമ്മ അവസാന കാലത്തും ഇത് ആവര്‍ത്തിക്കുമായിരുന്നു. പക്ഷേ, എനിക്കൊരു പെങ്ങളുണ്ടായി, അന്ന് തന്റെ പഠനവും ബാല്യവും ചങ്ങനാശ്ശേരിയില്‍ ആയിരുന്നു. അഞ്ചില്‍ പഠിക്കുമ്പോള്‍ ആണ് ഈ പെങ്ങളുടെ നിറസാന്നിധ്യം ഞാന്‍ അനുഭവിച്ചത്.
കുമാരി എന്ന് അവളെ വീട്ടില്‍ ചെല്ലപ്പേരു വിളിച്ചു. അഖല്യാ ബീവി എന്നായിരുന്നു യഥാര്‍ഥ നാമം. ഞാന്‍ കണ്ട ആദ്യത്തെ ഡാന്‍സര്‍ അവളായിരുന്നു. നൃത്താധ്യാപകന്‍ വീട്ടില്‍ വന്ന് പഠിപ്പിക്കുകയായിരുന്നു. അവളുടെ സമ്പന്ന ഗൃഹത്തില്‍ ധാരാളം പൂച്ചെടികളുണ്ടായിരുന്നു. ഉമ്മയും ഞാനും ആ വീട്ടില്‍ പോകുമ്പോഴൊക്കെ അവള്‍ വീട്ടുവളപ്പിലെ അരിനെല്ലി പറിച്ചു തരുമായിരുന്നു; ഇലയില്‍ പൊതിഞ്ഞ്. എനിക്ക് പൂക്കള്‍, പ്രത്യേകിച്ച് മുല്ലപ്പൂവ് വളരെ ഇഷ്ടമായിരുന്നു. മുല്ലപ്പൂവ് കോര്‍ത്ത് കുമാരി എനിക്ക് പൊതിഞ്ഞു തരുമായിരുന്നു. അവള്‍ ചിലപ്പോള്‍ എന്നെ ചെറുക്കാ എന്ന് വിളിക്കും. സുന്ദരി ആയിരുന്നതിനാല്‍ ആ വിളി ഞാന്‍ സഹിച്ചു. തീര്‍ച്ചയായും ഒരു സ്വസഹോദരിയുടെ സ്‌നേഹം കുമാരിയില്‍നിന്ന് എനിക്കാവോളം കിട്ടി.
അവളുടെ സഹോദരന്‍ നൗഷാദ് എന്നെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചു. അവളത് ഒളിച്ചുനിന്നു കണ്ടു. എന്റെ ഉമ്മയോട് അവള്‍ അതൊറ്റിക്കൊടുത്തു. അതിന് കിട്ടിയ അടി ഇന്നും ഞാന്‍ ഓര്‍ക്കും. അടികൊണ്ട് തിണിര്‍ത്ത എന്റെ ദേഹത്ത് കുമാരി വെളിച്ചെണ്ണ പുരട്ടിത്തന്നത് നല്ല ഓര്‍മ.
അവളുടെ വീട്ടില്‍ കാരംബോര്‍ഡുണ്ടായിരുന്നു. കാരംസ് കളിക്കാന്‍ എന്നെ സഹായിച്ചത് കുമാരി ആയിരുന്നു. അബ്ദുര്‍റഹ്മാന്‍ എന്ന ഒരു ബാല്യകാല സുഹൃത്ത് ആ വീട്ടില്‍ ഉണ്ടായിരുന്നു. ഞാനും കുമാരിയും കളിക്കുന്നത്, അവള്‍ എന്നെ പത്രം വായിച്ചു കേള്‍പ്പിക്കുന്നത് ഒക്കെയും അബ്ദുര്‍റ്ഹമാനെ അസൂയപ്പെടുത്തി (2015-ലാണ് കുമാരിയെ ഞാന്‍ അവസാനമായി കണ്ടത്. അവള്‍ വീട്ടമ്മയും മൂന്നാണ്‍മക്കളുടെ ഉമ്മച്ചിയും ആയിരിക്കുന്നു. 'അബ്ദുര്‍റഹ്മാന്‍ മരിച്ചു.' ആ വിശേഷം പറയുമ്പോള്‍ കുമാരി നിസ്സംഗ ആയിരുന്നു).
ഒമ്പതാം ക്ലാസുമുതല്‍ ഞാന്‍ ഉമ്മയോടൊപ്പം അവളുടെ വീട്ടില്‍ പാര്‍ക്കാന്‍ ആരംഭിച്ചു. അഖില കേരള ബാലജനസഖ്യം കോട്ടയത്ത് നടത്തിയ ജില്ലാ നാടകോത്സവത്തില്‍ രണ്ടിലധികം സമ്മാനങ്ങളായ ട്രോഫികളുമായി വന്നപ്പോള്‍ കുമാരി എന്റെ കൈയില്‍ നിന്നത് വാങ്ങി. അവളത് തലോടുന്നുണ്ടായിരുന്നു (ഞങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചങ്ങനാശ്ശേരി മുഹമ്മദന്‍ എല്‍.പി.എസില്‍ ശതാബ്ദി ആഘോഷങ്ങളുണ്ടായപ്പോള്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. കുമാരിയുടെ ജ്യേഷ്ഠന്‍ ഡോ. ബി. ഇഖ്ബാല്‍ ആ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു. സ്വാഗതപ്രസംഗം കഴിഞ്ഞ് ഒരു പെണ്‍കുട്ടി എനിക്ക് റോസാപ്പൂക്കള്‍ തിരുകിയ ബൊക്കെ സമ്മാനിച്ചത് സ്റ്റേജില്‍നിന്നിറങ്ങി ഞാന്‍ കുമാരിക്ക് സമര്‍പ്പിച്ചു. അന്നും, ഞാന്‍ ശ്രദ്ധിച്ചു. അവളത് തലോടി.
ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാന്‍ ചങ്ങനാശ്ശേരി അജന്ത സ്റ്റുഡിയോയിലെടുത്ത ഫോട്ടോ നോക്കിയിട്ട് കുമാരി കമന്റ് പാസ്സാക്കി. അന്നവളുടെ നാത്തൂന്‍ റംലയും അടുത്തുണ്ടായിരുന്നു;
'ഒരു രസവുമില്ല, ഈ ചെറുക്കനെ കാണാന്‍...'
ഇന്ത്യ ഒട്ടുക്ക് ഞാന്‍ സഞ്ചരിക്കുന്ന നാളുകള്‍. ഒരു നാള്‍ ദില്ലിയില്‍ ഉമ്മ സ്വന്തം കൈപ്പടയിലെഴുതിയ ഇന്‍ലന്റില്‍ എന്നെ അറിയിച്ചു:
''മോനേ, കുമാരി ചന്തയിലെ നിസ്താറിനെ കല്യാണം കഴിച്ചു. അവരിപ്പം വേറെയാ താമസം..''
ആ പ്രേമവിവാഹം രണ്ടു കുടുംബങ്ങളിലും വിയോജിപ്പുകളുണ്ടാക്കി. നിസ്താര്‍ സുഹൃത്തല്ലെങ്കിലും പരിചയമുണ്ടായിരുന്നു.
കേരളത്തില്‍ എത്തി ഞാന്‍ സുഹൃത്ത് ഇര്‍ഷാദിനൊപ്പം കുമാരിയെ കാണാന്‍ എത്തി. കുറച്ച് പണം ഞാന്‍ കരുതിയിരുന്നു. അന്ന് ഞാന്‍ സമ്പന്നന്‍ ആയിരുന്നു.
'ഭയപ്പെടേണ്ട... ഞാന്‍ നിന്റെ കൂടെ ഉണ്ട്... എന്താ വേണ്ടത്...''
ഞാന്‍ പെങ്ങളോടു ചോദിച്ചു. അവള്‍ കണ്‍നിറയെ എന്നെ നോക്കി ചിരിച്ചു. ഒരു നേര്‍ പെങ്ങളുടെ ഹൃദയം തുറന്ന ചിരിയും സൗമ്യതയില്‍ ചാലിച്ച വാക്കുകളും.
എന്റെ മകന്‍ അബ്ദുല്ലയുമായി അടുത്ത കാലത്ത് ചങ്ങനാശ്ശേരിയില്‍ എത്തിയപ്പോള്‍ കുമാരിയുടെ വീട്ടിലും പോയി. അന്ന് അവന്‍ 'സമ്മാനം' ഷോര്‍ട് ഫിലിമില്‍ അഭിനയിച്ച സമയം. കുമാരി എന്റെ മകന്റെ ശിരസ്സില്‍ തലോടുന്നത് ഞാന്‍ കണ്ടു. എന്റെ ഹൃദയം കുളിര്‍ത്തു.
'ആരാമ'ത്തില്‍ പെങ്ങള്‍ പംക്തിയില്‍ എഴുതുന്നു എന്നു സൂചിപ്പിച്ച് നിസ്താറിന് ഞാന്‍ സന്ദേശം അയച്ചു. ഒന്നിച്ചുള്ള ഫോട്ടോ എന്റെ ഗ്യാലറി ഫയലുകള്‍ തിരഞ്ഞപ്പോള്‍ യാദൃഛികം കിട്ടി.
ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ എന്താവശ്യത്തിനു പോയാലും കുമാരിയുടെ വീട്ടില്‍ ഞാന്‍ തങ്ങും, ഭക്ഷണം കഴിക്കും. മിടുമിടുക്കന്മാരായ മൂന്ന് ആണ്‍മക്കള്‍. അവര്‍ക്കും എന്നെ കാര്യമാണ്.
എനിക്കിപ്പോള്‍ മൂന്നു മക്കള്‍ കൂടെയുണ്ട്. അസ്മ, അബ്ദുല്ല, അഹ്മദ്... അവര്‍ കൊത്തിപ്പിണങ്ങുന്നത് കാണുമ്പോള്‍ ഞാന്‍ കുമാരിയെ ഓര്‍ക്കും...
'അമ്മ ഞങ്ങളെ നെഞ്ചത്തമര്‍ത്തി
ഉമ്മവെച്ച് വളര്‍ത്തി എന്നാലും
കൊത്തി മാറ്റി ഒരിക്കലതില്‍ പിന്നെ
നോവിന്റെ രാത്രികളെത്ര കഴിഞ്ഞു.'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top