ഒരേ വഴിയിലൂടെ,
ഒപ്പംതന്നെ
നടന്നുകൊണ്ടിരിക്കെ
നമ്മള്‍ കണ്ടറിയുന്നതൊ-
ക്കെയുമിത്രമേല്‍
വിരുദ്ധങ്ങളാവുന്നതെന്താവാം.
ഒരൊറ്റ ഉദാഹരണം മാത്രം...
റോഡുപണി നടക്കുന്ന
ഒരിടത്തുകൂടെ,
പുക പൊടിപടലങ്ങള്‍ക്കിടയില്‍,
'ഏീ ഹെീം' ബോര്‍ഡിനെ നോക്കി
മുരണ്ടുനീങ്ങുന്ന
വാഹനവ്യൂഹങ്ങള്‍ക്കിടയിലൂടെ...
നടന്നുനീങ്ങുന്നതിനിടയില്‍...
ജില്ലിവട്ടി തലയിലേന്തി
നടന്നുവരുന്നൊരുവളെ
കാണുന്നു നമ്മള്‍.
അവളുടെ...
നിറംമങ്ങിപ്പിന്നിയ
ചേലയിലെ,
മാഞ്ഞുതുടങ്ങിയ
വസന്ത ചിത്രത്തിലെയൊരു-
പനിനീര്‍ പൂവിനെ ഞാന്‍
കണ്ടെടുക്കുമ്പോഴേക്കും...
സിമന്റ്‌പൊടിനിറമാര്‍ന്ന
അവളുടെ...
കണങ്കാല്‍ വഴി,
പാഞ്ഞുകേറി
പലയിടങ്ങളിലുരസി,
ബ്ലൗസിന്റെ...
കുടുക്കുപൊട്ടിയ
വിടവിലേക്കു
ചെന്നിടിച്ചു നില്‍ക്കയാവും
നിന്റെ കണ്ണുകള്‍...!
എന്നാല്‍ ഞാനോ...
നേരമിരുണ്ടുകൊണ്ടിരിക്കെയവളുടെ
ക്ഷീണിച്ച കണ്‍കളിലുരുണ്ടുകൂടുന്ന
ആധിയെ വായിച്ചു
പൊള്ളിപ്പിടയുകയാണ്..
അടുപ്പുണരാത്ത
അടച്ചുറപ്പില്ലാ കുടിലില്‍,
അരക്ഷിതബോധം-
പുതച്ചുറങ്ങും പൈതല്‍...
ഇരപിടിയന്മാരാരെങ്കിലും...!
അല്ലെങ്കില്‍,
അന്തിക്കള്ളിന്റെയുന്മാദ-
കണ്ണാടിയില്‍
തലയും മുലയും തഴച്ചുനില്‍ക്കുന്ന
പഴയ 'ഇടപാടാ'യ് കണ്ട്
അച്ഛനൊരാള്‍ തന്നയോ-
അവളെ...
അങ്ങനെയേതൊക്കെയോ
കൊടുംകാഴ്ചകളുള്‍ക്കണ്ണില്‍
കണ്ടാകെ തളര്‍ന്ന്
ഉയര്‍ന്നു താഴുന്ന
ഇടത്തെ നെഞ്ചുമാത്രം
കാണുന്നു ഞാന്‍
നിരത്തിലങ്ങിങ്ങ്
നടന്നലഞ്ഞ്,
'നേരമ്പോക്കു'കള്‍ നുണഞ്ഞ്,
'ചരക്കുകളു'ടെ
ആക്കവും തൂക്കവുമളന്ന്...
കാറ്റു കൊണ്ട്,
കടല് കണ്ട്,
കടലയുണ്ടങ്ങനെ
കഴിയുന്നതും വൈകി
വീടണയാന്‍ പാടുപെടുന്നു നീ...
എന്നാല്‍
ഞാനോ....!