വന്ധ്യതയനുഭവിക്കുന്ന ദമ്പതികള്‍ക്കും വേണം ഒരു കൂട്ടായ്മ

റംസിയ റഹ്മത്ത് No image

'വന്ധ്യത' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ റംസിയ വിഷയം തെരഞ്ഞെടുക്കാനുള്ള കാരണവും 
പഠനകാല അനുഭവങ്ങളും പങ്കുവെക്കുന്നു.

ഡോ. റംസിയ റഹ്മത്ത് കുണ്ടുങ്ങല്‍ സ്വദേശി സി. അബ്ദുര്‍ഹ്മാന്റെയും സൈനബിയുടെയും രണ്ടാമത്തെ മകളാണ്. പരേതനായ റഹ്മാന്‍ മൂന്നൂര് (എഴുത്തുകാരന്‍)-ഹഫ്‌സ ദമ്പതികളുടെ മൂത്ത മകന്‍ കാമില്‍ നസീഫാണ് ഭര്‍ത്താവ്. സഈം അബ്ദുല്ല, സെഹ്ക്കി അബ്ദുല്ല എന്നിവര്‍ മക്കളാണ്.

----------------------------------------------------------------------------------------------

പി.എച്ച്.ഡിക്ക് ചേരുന്നതുവരെ ഏത് വിഷയത്തില്‍ ഊന്നിയാണ് റിസര്‍ച്ച് ചെയ്യേണ്ടതെന്ന് ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരുന്നില്ല. ആളുകള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്ന വിധം സമൂഹത്തിന് പ്രയോജനം ചെയ്യാന്‍ പറ്റുന്ന വിഷയം ആവണം എന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. 'ഏതെങ്കിലും വിഷയത്തില്‍ കൂടുതല്‍ പഠിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് വിശദമായി വായിച്ച് ഒരു സിനോപ്സിസ് തയാറാക്കി നോക്കൂ' എന്ന എന്റെ റിസര്‍ച്ച് ഗൈഡിന്റെ വാക്കുകളാണ് വന്ധ്യത എന്ന വിഷയത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത്.
അങ്ങനെ വന്ധ്യതയെപ്പറ്റി ഏറ്റവും പുതിയതായി ലോകത്താകമാനം നടന്നിട്ടുള്ള ഗവേഷണ പഠനങ്ങളും ഡോക്ടര്‍മാരുടെ അവലോകനങ്ങളും തെരഞ്ഞ് വായിച്ചു. അതോടൊപ്പം വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയിട്ടുള്ള സര്‍വേകളും മറ്റും വായിച്ച് പ്രാഥമിക ധാരണ ഉണ്ടാക്കി. അങ്ങനെയാണ് ഇന്ത്യയില്‍, വിശേഷിച്ച് കേരളത്തില്‍ വന്ധ്യതയെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ഇനിയും സാധ്യതകള്‍ ഉണ്ടെന്നു മനസ്സിലാക്കുന്നതും എന്റെ പി.എച്ച്.ഡി പ്രബന്ധം ഈ വിഷയം തന്നെ മതി എന്ന് തീരുമാനിച്ചതും.
ഇന്ന് നമ്മുടെ നാട്ടില്‍ നടന്ന ഒട്ടുമിക്ക വന്ധ്യതാ പഠനങ്ങളും സ്ത്രീകളില്‍ മാത്രം ഊന്നിയിട്ടുള്ളതാണ്. ഏതൊരു അപകടകരമായ രോഗാവസ്ഥകളിലും ബന്ധപ്പെട്ട രോഗി മാത്രമാണ് അതിന്റെ ശാരീരികവും മാനസികവുമായ വേദനകളും പ്രയാസങ്ങളും ചികിത്സ മൂലമുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നത്. എന്നാല്‍ വന്ധ്യതയില്‍ ദമ്പതികള്‍ രണ്ട് പേരും തുല്യ ദുഃഖിതരാണ്. ജീവിതകാലം മുഴുവനുള്ള പ്രയാസങ്ങളും ഒന്നിച്ചനുഭവിക്കേണ്ടി വരുന്നു. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് സ്ത്രീകളെ മാത്രം കേന്ദ്രീകരിക്കാതെ ദമ്പതികള്‍ രണ്ട് പേരെയും പഠനവിധേയരാക്കണം എന്ന് തീരുമാനിച്ചതും ആ ധാരണയോടെ മുന്നോട്ടു പോയതും. ഒരു സ്ത്രീയായ ഞാന്‍ ഇത്രക്ക് സെന്‍സിറ്റീവ് ആയ ഒരു വിഷയവുമായി പുരുഷന്മാരെ സമീപിച്ചാല്‍ എത്രത്തോളം സഹകരണം ഉണ്ടാവുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ, എന്റെ ഗവേഷണ പഠനം പൂര്‍ത്തിയാവണമെങ്കില്‍ രണ്ടു പേരുടെയും തുല്യ പങ്കാളിത്തം വേണമെന്ന അതിയായ ആഗ്രഹമാണ് ഈയൊരു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനും ഒന്നു ശ്രമിച്ചു നോക്കാനും പ്രേരിപ്പിച്ചത്.
വന്ധ്യത അനുഭവിക്കുന്ന ദമ്പതികളുടെ സ്വകാര്യ ജീവിതത്തിലും പങ്കാളിയുമായുള്ള ബന്ധത്തിലും മറ്റു കുടുംബാംഗങ്ങളുമായുള്ള ഇടപഴകലിലും എല്ലാ തലങ്ങളിലും സമ്മര്‍ദവും അതിന്റെ ആകുലതകളും പ്രതിഫലിക്കും. അതുകൊണ്ടുതന്നെ വളരെ കുറച്ച് ദമ്പതികളെ മാത്രം തെരഞ്ഞെടുത്ത് അവരുടെ ലൈഫ് ഹിസ്റ്ററി പഠിക്കാന്‍ കഴിയുന്ന ഒരു ക്വാളിറ്റേറ്റീവ് കേസ് സ്റ്റഡി ആണ് ഞാന്‍ തെരഞ്ഞെടുത്തത്.
1. വന്ധ്യത മൂലം സമൂഹത്തില്‍നിന്നു അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍.
2. ചികിത്സ കൊണ്ടുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങള്‍.
3. നിരന്തരമായ ചികിത്സ മൂലം ദമ്പതികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രയാസങ്ങള്‍.
4. പങ്കാളിയില്‍നിന്നും കുടുംബത്തില്‍നിന്നും കിട്ടുന്ന പിന്തുണ.
5. ദമ്പതികള്‍ നേരിടേണ്ടിവരുന്ന മതപരമായ വെല്ലുവിളികള്‍.
6. ദമ്പതികള്‍ എങ്ങനെ വന്ധ്യതയുമായി സമരസപ്പെട്ടുപോകുന്നു തുടങ്ങിയവയില്‍ ഊന്നിയായിരുന്നു പഠനം.
കല്യാണവും പ്രസവവും നൂലുകെട്ടും മറ്റു അനുബന്ധ ചടങ്ങുകളും വളരെയധികം ആഘോഷിക്കപ്പെടുന്ന നമ്മുടെ ചുറ്റുപാടില്‍, വന്ധ്യ ദമ്പതികള്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളാണ് ആദ്യമായി ഞാന്‍ അന്വേഷിച്ചറിഞ്ഞത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും നിരന്തര ചോദ്യങ്ങളും അന്വേഷണങ്ങളും നൂറുകൂട്ടം ഉപദേശങ്ങളും ദമ്പതികളെ എങ്ങനെ നെഗറ്റീവായി സ്വാധീനിക്കുന്നു എന്നതാണ് ഇതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. ഒട്ടുമിക്ക ചോദ്യങ്ങളും ഒരു തരത്തിലുള്ള പീഡനം തന്നെയാണ് എന്നാണ് ദമ്പതികള്‍ തുറന്നു പറഞ്ഞത്.
വന്ധ്യതാ ചികിത്സ മറ്റേതൊരു ചികിത്സയും പോലെ തന്നെ ഒരുപാട് ചെലവേറിയതും അനുകൂലമായ റിസല്‍റ്റ് ഉണ്ടാവും എന്ന് ഒരു ഉറപ്പുമില്ലാത്തതുമാണ്. സ്വാഭാവികമായും മിക്ക ദമ്പതികളും ഒരു കുഞ്ഞുണ്ടാവുന്നതു വരെ ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദമ്പതികളെ സംബന്ധിച്ചേടത്തോളം അര മുറുക്കി സമ്പാദിക്കുന്നതു മുഴുവന്‍ ചികിത്സക്കു വേണ്ടി ചെലവാക്കേണ്ടി വരുന്നു. വര്‍ഷങ്ങളോളം കടം വാങ്ങി ചികിത്സ നടത്തിയിട്ടും ഒരു കുഞ്ഞിനെ കിട്ടാതാവുന്ന അവരുടെ അവസ്ഥ നമുക്ക് ഊഹിക്കാന്‍ കഴിയും. മറ്റു രോഗചികിത്സ പോലെ മെഡിക്കല്‍ ലോണും നാട്ടുകാരുടെ സഹായവും ഒന്നും തന്നെ ഇവര്‍ക്ക് പ്രതീക്ഷിക്കാനുമില്ല. കുഞ്ഞുണ്ടാവുന്നതിനു വേണ്ടി വീട്ടുകാരോടും നാട്ടുകാരോടും സാമ്പത്തിക സഹായം ചോദിക്കുന്നത് നാണക്കേടാണ് എന്ന ചിന്തയാണ് പുരുഷന്മാരെ കൂടുതലായി അലട്ടുന്നത്.
തുടര്‍ച്ചയായുള്ള ചികിത്സ ദമ്പതികള്‍ക്ക് ഏല്‍പിച്ചിട്ടുള്ള മാനസിക പ്രയാസങ്ങളാണ് മൂന്നാമതായി ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. ജോലിചെയ്യുന്ന സ്ത്രീകളെ ചികിത്സ വളരെ വിഷമകരമായ അവസ്ഥകളില്‍ കൊണ്ടെത്തിക്കാറുണ്ട്. ഹോസ്പിറ്റലില്‍ പോകാന്‍ വേണ്ടിയുള്ള അവധിക്ക് അപേക്ഷിക്കുന്നത് മുതല്‍ തുടങ്ങുന്നു അവരുടെ തലവേദന. മരുന്ന് കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സൈഡ് എഫക്ട് വളരെ പ്രതികൂലമായാണ് അവരെ ബാധിക്കുന്നത്. വന്ധ്യത പുരുഷന് ആണെങ്കിലും സ്ത്രീക്കാണെങ്കിലും ചികിത്സക്കു വേണ്ടി ശാരീരികമായും മാനസികമായും കൂടുതല്‍ പിരിമുറുക്കവും ടെന്‍ഷനും ഉണ്ടാവുന്നത് സ്ത്രീകള്‍ക്കാണ്. ഭാര്യയുടെ പ്രയാസങ്ങള്‍ നേരിട്ട് കാണുന്ന ഭര്‍ത്താക്കന്മാര്‍ മിക്ക പേരും ഒരുപാട് മാനസിക വിഷമങ്ങള്‍ അനുഭവിച്ച് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുന്നു എന്നും തുറന്നു പറഞ്ഞു.
ദമ്പതികള്‍ കൈമാറുന്ന പരസ്പര സഹകരണവും സ്നേഹവും ഒരു പരിധി വരെയുള്ള വിഷമങ്ങളില്‍നിന്ന് കരകയറാന്‍ സഹായിക്കുന്നുണ്ട്. പക്ഷേ, ഒട്ടുമിക്ക കുടുംബങ്ങളിലും മിക്കപ്പോഴും സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ വീട്ടുകാരില്‍നിന്നും മറ്റും മാനസിക പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നുണ്ട്.
വന്ധ്യതാ ചികിത്സയില്‍ ഒരുപാട് നൂതന മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. അഞഠ അഥവാ അശൈേെലറ ഞലുൃീറൗരശേ്‌ല ഠലരവിീഹീഴശല െഎന്ന പേരിലറിയപ്പെടുന്ന ഇതില്‍ കഢഎ, ദകഎഠ, ഏകഎഠ എന്നിവയൊക്കെ ഉള്‍പ്പെടും. പക്ഷേ, സ്ത്രീയുടെ അണ്ഡവും പുരുഷ ബീജവും ശരീരത്തില്‍നിന്നും പുറത്തെടുത്ത് നടത്തേണ്ടി വരുന്ന ഇത്തരം ചികിത്സാരീതികള്‍ മതപരമായി അനുവദനീയമല്ലെന്നാണ് ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നത്. ഒരു കുഞ്ഞു വേണം എന്ന അതിയായ ആഗ്രഹം ഇങ്ങനെയൊരു വിശ്വാസം പേറുന്ന ദമ്പതികളെപ്പോലും പലപ്പോഴും അഞഠയുമായി മുന്നോട്ടു പോവാന്‍ പ്രേരിപ്പിക്കുന്നു.
ചികിത്സ നിര്‍ത്തി ഇനി തങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് എന്ന് തീരുമാനിക്കുന്നതു മുതല്‍ ദമ്പതികള്‍ എങ്ങനെ അവരുടെ ജീവിതം മുന്നോട്ടു പോവുന്നു എന്നതിനെ കുറിച്ചാണ് അവസാനമായി ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്. പത്തും ഇരുപതും വര്‍ഷം തുടര്‍ച്ചയായി ചികിത്സ നടത്തി മനസ്സ് മടുത്താണ് മിക്ക പേരും ചികിത്സയോട് വിട പറയുന്നത്. അപ്പോഴേക്കും കുട്ടികളില്ലാത്ത അവസ്ഥയുമായി അവര്‍ പൊരുത്തപ്പെട്ടുപോവുമെന്നാണ് അറുപത് കഴിഞ്ഞ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ പറഞ്ഞത്. വാര്‍ധക്യത്തില്‍ തങ്ങളെ നോക്കാന്‍ ആരുമുണ്ടാവില്ല എന്ന വേവലാതി വല്ലാതെ അലട്ടുമെങ്കിലും മിക്കവരും അത് വിധിക്ക് വിട്ട് കഴിയുന്നതായാണ് കണ്ടിട്ടുള്ളത്.
എത്രയൊക്കെ പുരോഗതി കൈവരിച്ചാലും കുഞ്ഞുങ്ങള്‍ വേണം, ജീവിതം പൂര്‍ണമാകണമെങ്കില്‍ എന്ന ചിന്ത പഴയ കാലത്തേതു പോലെ ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. അതുപോലെ തന്നെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളോട്, പ്രത്യേകിച്ച് സ്ത്രീകളോട് നമ്മുടെ സമൂഹത്തിനുള്ള മനോഭാവം ഒരു കോട്ടവും സംഭവിക്കാതെ നിലനില്‍ക്കുന്നു. വീട്ടുകാരും ബന്ധുക്കളും, നിരന്തര ചോദ്യശരങ്ങളുമായി നടക്കുന്ന നാട്ടുകാരും ദമ്പതികളുടെ മാനസിക പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറിയാല്‍ അവര്‍ അനുഭവിക്കേണ്ടിവരുന്ന വിഷമത്തിന് ഒരിത്തിരി ശമനം കിട്ടും.
ചികിത്സയുടെ തുടക്കത്തില്‍ തന്നെ ദമ്പതികളോടൊപ്പം മറ്റു അടുത്ത കുടുംബാംഗങ്ങള്‍ക്കും വിശദമായ കൗണ്‍സലിംഗ് കൊടുത്താല്‍ കുടുംബത്തില്‍നിന്നും നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ കഴിയും. വിഷമങ്ങളും പ്രയാസങ്ങളും മറ്റൊരാളോട് തുറന്നു പറയാന്‍ കഴിയാതെ നീറിപ്പുകയുന്നവരാണ് മിക്ക ഭര്‍ത്താക്കന്മാരും. സമാന പ്രശ്നം അനുഭവിക്കുന്ന ദമ്പതികളുടെ കൂട്ടായ്മകള്‍ ആരംഭിക്കുന്നതു വഴി ഈ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിയും. കൂടാതെ മറ്റു ഗുരുതര രോഗാവസ്ഥകളോടൊപ്പം വന്ധ്യതക്കും ലോണും ഇന്‍ഷുറന്‍സും മറ്റും അനുവദിക്കാന്‍ കഴിഞ്ഞാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സ നിര്‍ത്തേണ്ടിവരുന്നവര്‍ക്ക് വളരെയധികം ആശ്വാസമേകും.
ഗവേഷണത്തിന്റെ തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ടുപോയെങ്കിലും മൂന്നു വയസ്സുള്ള മോനെയും വെച്ച് ഒരു പരിചയവുമില്ലാത്ത നാട്ടില്‍ പോയി താമസിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഉപ്പയെ കോഴിക്കോട്ട് തനിച്ചാക്കി ഉമ്മ എന്റെ കൂടെ വന്ന് നിന്നെങ്കിലും അധികം വൈകാതെ ഉമ്മക്ക് മടങ്ങേണ്ടിവന്നു. ഒരു ദിവസം പോലും പിരിഞ്ഞു നിന്നിട്ടില്ലാത്ത എന്റെ മോനെ ഉമ്മയെയും ഉപ്പയെയും ഏല്‍പിച്ചാണ് പിന്നീടുള്ള കാര്യങ്ങളുമായി മുന്നോട്ടു പോയത്. അവന്റെ നഴ്സറി പഠനവും മറ്റും വായിച്ചിയും (റഹ്മാന്‍ മുന്നൂര്) ഉമ്മച്ചിയും ഏറ്റെടുത്തു. എന്റെ രണ്ട് ഉമ്മമാരുടെയും ഉപ്പമാരുടെയും പ്രാര്‍ഥനയും പിന്തുണയുമാണ് ഈ ഗവേഷണം പൂര്‍ത്തിയാക്കാന്‍ എനിക്ക് ധൈര്യം തന്നത്. ഡോക്ടറേറ്റ് പദവി നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ മനസ്സ് വിഷമിച്ചതും കാണാന്‍ വായിച്ചി(റഹ്മാന്‍ മുന്നൂര്)യില്ലല്ലോ എന്നാലോചിച്ചാണ്. കൂടെയില്ലെങ്കിലും മതിയാവോളം സ്നേഹവും കരുതലുമായി കൂടെ നിന്ന എന്റെ പ്രിയ കാമിലിനും അവകാശപ്പെട്ടതാണ് ഈ ഡോക്ടര്‍ പദവി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top