മനസ്സിന്റെ വാതിലടക്കാതെ തിരുദൂതര്‍

ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ No image

വിസ്മയകരമാണ് അന്ത്യദൂതരുടെ ജീവിതം. എണ്ണമറ്റ പ്രതികൂലാവസ്ഥകളെ എത്ര സുന്ദരമായാണ് തിരുഹൃദയം ഏറ്റുവാങ്ങിയത്. ജനിക്കും മുമ്പ് പിതാവ് മരണപ്പെട്ടു. ചെറുപ്പത്തില്‍ തന്നെ മാതാവും ഇഹലോകവാസം വെടിഞ്ഞു. അക്ഷരം പഠിക്കാന്‍ അവസരം ലഭിച്ചില്ല.
 ആടുമേക്കലാണ് ആദ്യം ലഭിച്ച തൊഴില്‍. പിന്നീടാണ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. അതിനിടയില്‍ വിവാഹം. മൂന്ന് ആണ്‍മക്കള്‍ പിറന്നുവെങ്കിലും മൂവരെയും നാഥന്‍ നേരത്തെ തിരിച്ചുവിളിച്ചു. ആദര്‍ശ പ്രബോധനത്തില്‍ ഏറെ തടസ്സം സൃഷ്ടിച്ചത് സ്വന്തം കുടുംബത്തിലുള്ളവര്‍. ആള്‍ക്കൂട്ടത്തില്‍ വെച്ച് ഉറക്കെ ശപിച്ചു. ആവുന്നത്ര ദ്രോഹിച്ചു. എന്നിട്ടും മനസ്സിന്റെ വാതിലടക്കാതെ തിരുദൂതര്‍ അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. അറിവില്ലാത്തവരോട് സഹതപിച്ചു. അവര്‍ സന്മാര്‍ഗം പ്രാപിച്ചില്ലെങ്കില്‍ അവരുടെ മക്കളെങ്കിലും നേര്‍വഴിയില്‍ വരുമെന്ന് പ്രതീക്ഷിച്ചു.
വധിക്കാന്‍ വീട് വളഞ്ഞ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് ഉറ്റ സുഹൃത്ത് അബൂബക്കറി (റ)ന്റെ കൂടെ മദീനയിലേക്ക് പോകുന്നതിനു മുമ്പ്, മക്കക്കാര്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച മുഴുവന്‍ സ്വത്തുക്കളും അവകാശികള്‍ക്ക് വിതരണം ചെയ്യാന്‍ അലി(റ)യെ ചുമതലപ്പെടുത്തിയ വിശ്വസ്തതയുടെ ആള്‍രൂപമാണ് തിരുനബി. വിശ്വാസികള്‍ക്ക് കനത്ത തിരിച്ചടിയേറ്റ സന്ദര്‍ഭമാണ് ഉഹുദ്. തിരുദൂതര്‍ക്ക് പരിക്കേറ്റു. പല പ്രമുഖ സ്വഹാബികളും രക്തസാക്ഷികളായി. പ്രവാചകന്‍ വധിക്കപ്പെട്ടു എന്നുവരെ കിംവദന്തി പരന്നു. വല്ലാതെ പ്രയാസപ്പെട്ട വിശ്വാസികളില്‍ ചിലര്‍ തിരുദൂതരെ സമീപിച്ചു പറഞ്ഞു: 'എതിരാളികള്‍ക്കെതിരെ ശാപപ്രാര്‍ഥന നടത്തൂ, നബിയേ' 'ശപിക്കുന്നവനായിട്ടല്ല, കാരുണ്യവുമായിട്ടാണ് ഞാന്‍ നിയോഗിതനായത്' എന്നാണ് അതിനോട് അവിടുന്ന് പ്രതികരിച്ചത്. ദ്രോഹിക്കാന്‍ വന്നവരും വധിക്കാന്‍ വന്നവരും ആത്മബന്ധുക്കളായി പരിവര്‍ത്തിതമായ വിസ്മയകരമായ ധാരാളം അനുഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. ഒരിക്കല്‍ ഫദാല എന്നയാള്‍ നബിയെ വധിക്കാന്‍ പദ്ധതിയിട്ടു. ത്വവാഫ് ചെയ്യുമ്പോള്‍ കൊല്ലാന്‍ നിശ്ചയിച്ച് നബിയോടൊപ്പം പറ്റിക്കൂടി നടന്നു. ഉദ്ദേശം ഉള്ളില്‍ ഒളിപ്പിച്ച് അടുത്തുകൂടിയ ഫദാലയെ നബി വിളിച്ചു: 'എന്താണ് താങ്കള്‍ പിറുപിറുക്കുന്നത്?'
'ദിക് റ് ചൊല്ലുകയാണ് നബിയേ' ഫദാല പറഞ്ഞു. തിരുദൂതര്‍ പുഞ്ചിരിച്ചുകൊണ്ട് ഫദാലയോട് 'അല്ലാഹുവിനോട് മാപ്പിന് അപേക്ഷിച്ചു കൊള്ളുക' എന്ന് പറഞ്ഞു. ശേഷം തിരുനബി തന്റെ കൈ ഫദാലയുടെ നെഞ്ചില്‍ വെച്ചു. ലോക നേതാവിന്റെ വിശാല ഹൃദയത്തില്‍നിന്ന് ശാന്തിയുടെ തരംഗം ഫദാലയുടെ നെഞ്ചിനെ തഴുകി.
വ്യക്തികള്‍ക്ക് മാത്രമല്ല ഒരു സമൂഹത്തിന് ഒന്നാകെ അദ്ദേഹം മാപ്പു നല്‍കി. അപമാനിക്കുകയും പീഡിപ്പിക്കുകയും പിന്തുടര്‍ന്നുവന്ന് യുദ്ധം ചെയ്യുകയും ചെയ്ത മക്കക്കാര്‍, കാലങ്ങള്‍ക്ക് ശേഷം മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണ്. സൈന്യവും ശക്തിയും അധികാരവും തിരുദൂതരുടെ കൈയില്‍. പ്രവാചകന്‍ (സ) അവരോട് പറഞ്ഞു: 'ഇന്ന് നിങ്ങളോട് ഒരു പ്രതികാരവുമില്ല, നിങ്ങളെല്ലാം സ്വതന്ത്രരാണ്.' തിരുദൂതരുടെ ഹൃദയ വിശാലത ഉള്‍ക്കൊള്ളാന്‍ പോലും ഖുറൈശികള്‍ക്ക് ആകുമായിരുന്നില്ല. ഖുറൈശികളുടെ നേതാവായിരുന്ന സഫ്‌വാനുബ്‌നു ഉമയ്യ മക്കാ വിജയസമയത്ത് നാടുവിടാന്‍ തീരുമാനിച്ചു. ജിദ്ദയില്‍ നിന്നു കപ്പല്‍ കയറി രക്ഷപ്പെടാനായിരുന്നു പരിപാടി. വിവരമറിഞ്ഞ നബി (സ) അയാള്‍ സുരക്ഷിതനാണെന്ന് ഉറപ്പ് നല്‍കി. തെളിവായി സ്വന്തം തലപ്പാവ് അഴിച്ച് അയാളുടെ ബന്ധു ഉമൈറിന് നല്‍കി.
സഫ്‌വാനുബ്‌നു ഉമയ്യയെ കണ്ടെത്തി ഉമൈര്‍ വിവരം പറഞ്ഞു. പെട്ടെന്ന് അയാളത് വിശ്വസിച്ചില്ല. അധികാരം കിട്ടിയാല്‍ സകലതും നശിപ്പിക്കുകയും എതിരാളികളെ വകവരുത്തുകയും ചെയ്യുന്നവരെ മാത്രമേ സഫ്‌വാന് കണ്ടു പരിചയമുള്ളൂ. ഉമൈര്‍ പക്ഷേ വിട്ടില്ല. 'അഭയം വാഗ്ദാനം ചെയ്തത് മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠനും ഏറ്റവും സല്‍ക്കര്‍മകാരിയും ഏറ്റവും പൊറുക്കുന്നവനുമായ നിങ്ങളുടെ പിതൃവ്യനാണ്' എന്ന് പറഞ്ഞു. വീണ്ടും വീണ്ടും സംസാരിച്ചപ്പോള്‍ തിരിച്ചു വരാമെന്നായി സഫ്‌വാന്‍. ഭയപ്പാടോടെ നബിയുടെ അടുത്തെത്തി. 'താങ്കള്‍ എനിക്ക് അഭയം തരുമെന്ന് ഇയാള്‍ പറയുന്നു, ശരിയാണോ?' ഉമൈറിനെ ചൂണ്ടി സഫ്‌വാന്‍ നബിയോട് ചോദിച്ചു. 'ശരിയാണ്.' തിരുദൂതരുടെ നാവില്‍നിന്ന് കേട്ടപ്പോഴാണ് സഫ്‌വാന് ആശ്വാസമായത്.
റസൂല്‍ പഠിപ്പിച്ച അടിസ്ഥാന ദര്‍ശനമാണ് സാഹോദര്യം. അത് സ്ഥാപിക്കാനും നിലനിര്‍ത്താനും ആവശ്യമായതെല്ലാം പഠിപ്പിച്ചു. വ്യത്യസ്ത ചിന്താഗതിക്കാരെയും വീക്ഷണ വ്യത്യാസമുള്ളവരെയും ഉള്‍ക്കൊള്ളുക എന്നത് അതില്‍ പ്രധാനമാണ്.
മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട അനുഗ്രഹമായി ഖുര്‍ആന്‍ എടുത്തു പറഞ്ഞ ഒന്നാണ് ഹൃദയ വിശാലത. ഹൃദയ വിശാലതയില്‍ തിരുനബി എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി. ഗുണകാംക്ഷയുണ്ടായിരുന്നതിനാല്‍ പകയും ശത്രുതയും മനസ്സിനെ മലിനമാക്കിയില്ല. സഹജീവി സ്‌നേഹം സമ്പന്നമായിരുന്നതിനാല്‍ ലോകത്തിന് വേണ്ടി പ്രാര്‍ഥിച്ചു.
തിരുനബിയുടെ വ്യക്തിത്വം പഠിക്കാന്‍ ഇറങ്ങിയവരെല്ലാം വിസ്മയത്തോടെ ആ ജീവിതത്തെ നോക്കിക്കണ്ടിട്ടുണ്ട്. ഡോക്ടര്‍ കെ.എസ് രാമകൃഷ്ണറാവു പറയുന്നു. 'മറ്റേത് പ്രവാചകനെയും മത നേതാവിനെയും അപേക്ഷിച്ചു വിജയം വരിച്ച പ്രവാചകനാണ് മുഹമ്മദ് എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഈ വിജയം യാദൃഛികമായിരുന്നില്ല. മുഹമ്മദ് നബിയുടെ വ്യക്തിത്വം, അത് പൂര്‍ണമായി കണ്ടെത്തുക പ്രയാസമാണ.് അതിന്റെ ചെറിയൊരംശം മാത്രമേ എനിക്ക് കണ്ടെത്താനായുള്ളൂ.'
വിവേകമില്ലാത്തവര്‍ ദൈവദൂതരോട് പുച്ഛത്തോടെയും അവജ്ഞയോടെയും പെരുമാറിയതിനെക്കുറിച്ച് ഖുര്‍ആനില്‍ ധാരാളമായി പറയുന്നുണ്ട്. നിന്ദയും ശകാരങ്ങളും ഗുണകാംക്ഷയോടെ ശാന്തമായി നേരിടുകയാണ് തിരുനബി ചെയ്തത്. നബിയെ നിന്ദിച്ച് ധാരാളം കവിതകയെഴുതിയിരുന്ന കഅ്ബുബ്‌നു സുഹൈര്‍. രാഷ്ട്രവ്രും ഭരണകൂടവും നബിയുടെ കൈയ്യില്‍ വന്നപ്പോള്‍ താന്‍ കഠിനമായി ശിക്ഷിക്കപ്പെടും എന്ന് കഅ്ബ് ഭയപ്പെട്ടു. അവിവേകികളുടെ കൂടെ മാത്രം ജീവിച്ച് ശീലിച്ച കഅ്ബുബ്‌നു സുഹൈറുണ്ടോ കാരുണ്യത്തിന്റെ തിരുദൂതര്‍ പഠിപ്പിച്ച ജീവിത വീക്ഷണത്തിന്റെ വിശാലത അറിയുന്നു! എന്നാല്‍, സഹോദരനും പ്രവാചകാനുയായിയുമായ ബുജൈര്‍ നബിയുടെ കാരുണ്യത്തെക്കുറിച്ചും വിട്ടുവീഴ്ചയെക്കുറിച്ചും കഅ്ബിന് എഴുതി. കഅ്ബ്, ആരുമറിയാതെ പ്രവാചക നഗരിയില്‍ എത്തി ഒരു പരിചയക്കാരന്റെ വീട്ടില്‍ രാത്രി താമസിച്ച് പുലര്‍ച്ചെ പള്ളിയിലേക്ക് പോയി. പ്രഭാത പ്രാര്‍ഥന കഴിഞ്ഞ് തിരുദൂതരുടെ അടുത്തു ചെന്ന് തന്റെ കൈ നബിയുടെ കൈയ്യില്‍ വെച്ച് 'അങ്ങയുടെ അഭയം ആവശ്യപ്പെട്ടു വന്ന കഅ്ബുബ്‌നു സുഹൈര്‍ ആണ് ഞാന്‍' എന്നു പറഞ്ഞു. 
നബിയുടെ കൈ പിടിച്ചത് കഅ്ബുബ്‌നു സുഹൈര്‍ ആണെന്ന് കണ്ട ഒരു സ്വഹാബി ചാടി എണീറ്റു. കഅ്ബ് പ്രവാചകനെതിരെ രചിച്ച കവിതകളിലെ പരിഹാസത്തിന്റെ മൂര്‍ച്ച അറിഞ്ഞ മദീനക്കാരനായിരുന്നു ആ സ്വഹാബി. അദ്ദേഹത്തെ തടഞ്ഞുകൊണ്ട് തിരുദൂതര്‍ പറഞ്ഞു: 'അയാളെ വിട്ടേക്കൂ' തുടര്‍ന്ന് പ്രവാചക സ്തുതി വിഷയമാക്കി ഒരു കവിത ആലപിക്കാന്‍ കഅ്ബ് അനുമതി ചോദിച്ചു. തിരുനബി അനുമതി നല്‍കി. അറബി സാഹിത്യത്തില്‍ നിത്യ വിസ്മയമായി മാറിയ കവിതയാണത്. 'ഖസീദത്തുല്‍ ബുര്‍ദ' എന്നാണത് അറിയപ്പെടുന്നത്. നിന്ദകനെ നന്ദിയുള്ള ദൈവദാസനാക്കുന്ന ഹൃദയസാനിധ്യമാണ് തിരുനബി. ആയുധ പ്രയോഗത്തിലൂടെയല്ല, സ്‌നേഹത്തോടെ ശാന്തമായി എതിരാളിയുടെ ബുദ്ധിയോട് സംവദിക്കുകയാണ് വേണ്ടത്. നിഷേധിച്ചവരെ കൈയിലുള്ള അധികാരംകൊണ്ട് അമര്‍ച്ച ചെയ്യാനല്ല, 'ഇതുപോലൊന്ന് കൊണ്ടുവരൂ' എന്ന് വെല്ലുവിളിച്ചാണ് ഖുര്‍ആന്‍ നേരിട്ടത്. ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഹംസ കാണുന്നത് സഹോദരപുത്രനായ മുഹമ്മദ് (സ)യെ കുറെ പേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതാണ്. ഹംസ കാര്യം തിരക്കി. 'പുതിയൊരു ദീന്‍ കൊണ്ടുവന്നിരിക്കയാണ് മുഹമ്മദ്' എന്ന് ആരോ മറുപടി പറഞ്ഞു.  ഉടന്‍ അക്രമികളില്‍നിന്ന് പ്രവാചകനെ രക്ഷിച്ച ഹംസ, ഞാനിതാ മുഹമ്മദിന്റെ ദീനില്‍ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിച്ചു. അന്നുമുതല്‍ നബിക്ക് ശക്തമായ പിന്തുണ നല്‍കി ഹംസ (റ) നിലയുറപ്പിച്ചു. ഉഹുദിന്റെ സന്ദര്‍ഭത്തില്‍ ചതിപ്രയോഗത്തിലൂടെ ചാട്ടുളിയെറിഞ്ഞ് വഹ്ശി എന്ന അടിമയാണ് ഹംസ(റ) യെ വധിച്ചത്. കൊന്നിട്ടരിശം തിരാഞ്ഞ് നെഞ്ചുപിളര്‍ത്തി ഹിന്ദിനു നല്‍കി. ഹിന്ദ് അത് കടിച്ചു തുപ്പി നൃത്തം വെച്ചു. ദൈവദൂതരുടെ പിതൃവ്യന്റെ  കാതും കൈയ്യും മുറിച്ചെടുത്തു മരക്കമ്പുകളില്‍ തൂക്കിയിട്ടു.
കാലം കടന്നുപോയി, മക്കാ വിജയസുദിനമെത്തി. തെറ്റില്‍ പശ്ചാത്തപിച്ച ഹിന്ദും അടിമ വഹ്ശിയും മുമ്പില്‍. ഇവരെ കണ്ടപാടെ ഹംസയുടെ വിയോഗം ഓര്‍മയില്‍ വന്ന തിരുനബി, പെട്ടെന്നു മുഖം തിരിച്ചു. അല്‍പനേരത്തിന് ശേഷം ദുഃഖം കടിച്ചമര്‍ത്തി, പ്രകോപനത്തെ പരാജയപ്പെടുത്തി ദയാ നിധിയായ ദൈവദൂതര്‍ മുഴുലോകത്തിന്റെയും അന്ധകാരത്തെ ഭേദിച്ച് വിട്ടുവീഴ്ചയുടെ മഹാവിളക്കിന് തിരികൊളുത്തി. ഹിന്ദിനും വഹ്ശിനും മാപ്പ് നല്‍കി. അവര്‍ക്കു മുമ്പില്‍ ദൈവിക സന്മാര്‍ഗത്തിന്റെ ശാന്തി സദനത്തിലേക്കുള്ള വാതില്‍ തുറന്നുവെച്ചു.
ഹൃദയം ആകാശത്തോളം വിശാലമാക്കി വെച്ച് നന്മയുടെ മാര്‍ഗത്തില്‍ മുന്നോട്ട് പോവുകയെന്നതാണ് പ്രവാചകനില്‍നിന്ന് നാം പഠിച്ചെടുക്കേണ്ട പാഠം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top