ചരിത്രാഖ്യായിക

നജീബ് കീലാനി, വിവ: അഷ്‌റഫ് കീഴുപറമ്പ് വര: നൗഷാദ് വെള്ളലശ്ശേരി No image

വിരുന്ന്

സൈനബിന്റെ മനസ്സില്‍ അസ്വസ്ഥപ്പെടുത്തുന്ന ചിന്തകള്‍ ഇരമ്പി: 'എന്തൊരു നാണംകെട്ട ജീവിതം! എന്റെ തലക്ക് മീതെ അപമാനം വട്ടമിട്ട് പറക്കുന്നു. എന്റെ കണ്ണുകളില്‍ നിന്ദ്യത നൃത്തം ചവിട്ടുന്നു. ഇന്നലെ ഞാന്‍ ആരായിരുന്നു? ഹാരിസിന്റെ മകള്‍ സൈനബ്. ഖൈബറിന്റെ പടനായകന്‍ സല്ലാമുബ്നു മശ്കമിന്റെ ഭാര്യ. നബിയുടെ ഭാര്യ ആഇശ, മറ്റു ഭാര്യമാര്‍ തന്റെ കാല്‍ക്കീഴിലിരുന്ന് അടിമകളും ഭൃത്യകളുമായി ജോലി ചെയ്യുന്നത് സ്വപ്നം കണ്ടവള്‍. അവര്‍ എന്റെ മുടി മെടഞ്ഞ് തരുന്നു, സുഗന്ധം പൂശിത്തരുന്നു, വിശറി വീശിത്തരുന്നു, പലതരം വിഭവങ്ങള്‍ വെച്ചുണ്ടാക്കി കൊണ്ടുതരുന്നു... എന്തെല്ലാം സ്വപ്നങ്ങളായിരുന്നു! ഇപ്പോള്‍ എന്താ കഥ. ഹാരിസിന്റെ മകള്‍ മുഹമ്മദിന്റെ ഭാര്യമാരെ സേവിക്കാനായി, അവര്‍ക്ക് വെച്ച് വിളമ്പാനായി അവരുടെ വീട്ടിലേക്ക് പോകുന്നു- അടിമയായി, ഭൃത്യയായി... ഒരാളുടെ അഭിമാനവും അന്തസ്സും ഇങ്ങനെ കശക്കപ്പെടുമോ? എന്തൊരു ദുരന്തമാണിത്.
ആ വൃത്തികേടിന്റെ ആശാനില്ലേ, ഫഹദ്, എന്റെ അടിമ, ഞാന്‍ സ്വാതന്ത്ര്യം കൊടുത്ത ആ ദ്രോഹി. ഞാന്‍ അവന് എന്റെ ഹൃദയം കൊടുത്തു, ശരീരം കൊടുത്തു. ഇപ്പോള്‍ അവന്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അവന്‍ ഇസ്ലാമായി പോലും. ഇനി മുസ്ലിംകളുടെ രീതിയില്‍ ജീവിക്കാന്‍ പോവുകയാണത്രെ. അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യം കൊടുത്തപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞതാണ്. നമുക്ക് ഒളിച്ചോടാം. എന്നിട്ട് ദൂരെ എവിടെയെങ്കിലും പോയി താമസിക്കാം. അവന്‍ കേട്ടില്ല. അവന്‍ പറഞ്ഞത് എന്താണെന്നറിയ്വോ... ദുന്‍യാവിന് വേണ്ടി താന്‍ പരലോകത്തെ വില്‍ക്കുകയില്ലെന്ന്. എല്ലാം അല്ലാഹുവില്‍ സമര്‍പ്പിക്കുകയാണെന്ന്. പോയി തുലയട്ടെ എല്ലാം...
എനിക്കാണെങ്കിലോ? ഇനിയെന്താണ് പ്രതീക്ഷ. നിരാശ എന്റെ കഴുത്തില്‍ ചുറ്റിപ്പിടിക്കുന്നു, എന്റെ ചിന്തകളെ തളക്കുന്നു. സങ്കടത്തിന്റെ തീ ചാട്ടകള്‍ എന്നെ പൊള്ളിക്കുന്നു.... ഇനി ജീവിതത്തിന് എന്ത് അര്‍ഥമാണുള്ളത്? പോരാളികളെല്ലാം മരിച്ചുകഴിഞ്ഞു. അവര്‍ക്ക് സ്വസ്ഥത കിട്ടി. ദുഃഖവും സങ്കടവും വേദനയും ഒന്നും അറിയേണ്ടല്ലോ. മരണം എന്നെയും വല്ലാതെ കൊതിപ്പിക്കുന്നു. പക്ഷേ, ജീവിതത്തിന് വില കിട്ടാതെ വെറുതെയങ്ങ് പോകാന്‍ പറ്റുമോ? ഞാന്‍ ചെയ്ത പ്രതിജ്ഞ എന്താവും? സല്ലാമുബ് നു മശ്കമിന് വേണ്ടി പ്രതികാരം ചെയ്യുമെന്ന് സത്യം ചെയ്തതല്ലേ? എന്നെപ്പോലുള്ള ദുര്‍ബലരായ പെണ്ണുങ്ങള്‍ ഏകഛത്രാധിപകള്‍ക്കു പോലും സാധിക്കാത്ത എന്തെല്ലാം ധീരകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു...
പോരാളികള്‍ക്കൊന്നും നേടിത്തരാനാവാത്തത്. അത്തരം കൊച്ചുകൊച്ചു സംഭവങ്ങള്‍ ചരിത്ര ഗതിയെ തന്നെ മാറ്റിമറിച്ചിട്ടില്ലേ? ഖൈബറിന്റെ ആവനാഴിയിലെ ഒടുവിലത്തെ, ദുര്‍ബലമായ അമ്പാകുന്നു ഞാന്‍... ഖൈബറിന് വേണ്ടി പ്രതികാരം ചെയ്യാതെ ഇരിക്കപ്പൊറുതി കിട്ടുമോ?''
തൊട്ടപ്പുറത്ത് സ്വഫിയ്യ ഇരിക്കുന്നുണ്ട്. സ്വഫിയ്യക്ക് ചുറ്റും തടവുകാരാക്കപ്പെട്ട മറ്റു പെണ്ണുങ്ങളും. അവര്‍ ഭയന്നിരിക്കുകയാണ്. കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. കീഴടക്കപ്പെട്ട പുരുഷന്മാര്‍, അവര്‍ക്ക് മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവര്‍ വിധി കാക്കുകയാണ്. അപ്പോഴാണ് സൈനബ് ഉച്ചത്തില്‍ വിളിച്ചു പറയുന്നത്:
'ഓ, മുഹമ്മദ്... താങ്കള്‍ നബിയാണെന്ന്, അല്ലാഹു രക്ഷിതാവാണെന്ന്, ഇസ്ലാമാണ് രക്ഷാസരണിയെന്ന് ഞാനിതാ വിശ്വസിച്ചിരിക്കുന്നു.''
എന്താണിത്! ഖൈബറിലെ പെണ്ണുങ്ങള്‍ അത്ഭുതത്തോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. തടവുകാരാക്കപ്പെട്ട അവരുടെ പുരുഷന്മാര്‍ക്കും അത് വിശ്വസിക്കാനായില്ല. സൈനബ് ഇസ്ലാം സ്വീകരിക്കുകയോ? ആര്‍ക്കൊക്കെ അല്ലാഹു വിശ്വാസ വെളിച്ചത്തിലേക്ക് അയാളുടെ ഹൃദയ കവാടങ്ങള്‍ തുറന്നുകൊടുക്കുമെന്ന് പറയാനാവില്ലല്ലോ എന്ന ആഹ്ലാദത്തില്‍ മുസ്ലിംകളും നില്‍ക്കുന്നു. ഇങ്ങനെ ജീവിച്ച ഒരു പെണ്ണ് സത്യവഴിയില്‍ എത്തുന്നത് അപൂര്‍വമൊന്നുമല്ലല്ലോ; അത് സല്ലാമുബ്നു മശ്കമിന്റെ ഭാര്യയായിരുന്നാലും. കൊടും ശത്രുത പുലര്‍ത്തിയവരാണല്ലോ പിന്നീട് സത്യത്തെ അത്യാവേശത്തോടെ വാരിപ്പുണര്‍ന്നിട്ടുള്ളത്. മുഹമ്മദ് നബിയെ കൊല്ലാന്‍ വാളുയര്‍ത്തി ചെന്ന ഉമറുബ് നുല്‍ ഖത്താബിന്റെ ഹൃദയമല്ലേ സത്യത്തെ പുണരാന്‍ പ്രപഞ്ചത്തോളം വിശാലമായത്.
ഒരു ജൂത സ്ത്രീ സൈനബിന്റെ ചെവിട്ടില്‍ ഈര്‍ഷ്യത്തോടെ മന്ത്രിച്ചു:
''നിന്റെ ഭര്‍ത്താവിനെയും കൂട്ടുകുടുംബക്കാരെയും കൊന്നവരാണിവര്‍...''
ഉറച്ചതായിരുന്നു സൈനബിന്റെ മറുപടി.
''എന്റെ അര്‍പ്പണവും കണ്ണീരും അവര്‍ക്കൊപ്പമുണ്ട്. പക്ഷേ, അവരുടെ ചിന്താ, വിശ്വാസ വൈകല്യങ്ങള്‍ എന്നെ ഉടമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കില്ല.''
''സൈനബ്, നീ എത്ര മാറിപ്പോയി...!''
''വന്‍ സംഭവങ്ങള്‍ പലതിനെയും തകര്‍ക്കും, പുതുതായി പലതും ഉണ്ടാക്കും.''
''ഇത് അപമാനമാണ്. ദൗര്‍ബല്യമാണ്. അതിനെ ന്യായീകരിക്കല്ലേ.''
''സഹോദരീ, ഓരോരുത്തര്‍ക്കും അവരവരുടെ വഴി....''
സൈനബ് ചടുലമായി അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. പെരുമാറ്റത്തില്‍ വലിയ മാറ്റം. ചലനങ്ങളില്‍ ശക്തിത്തുടിപ്പ്, ആവേശം. തന്റെ ആള്‍ക്കാരുടെ അടുത്ത് ചെന്ന് ഇസ്ലാമാണ് സത്യമാര്‍ഗം എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് അവള്‍. തന്റെ പൂര്‍വികരുടെ പിഴച്ച മാര്‍ഗം താന്‍ എന്തിന് പിന്തുടരണം എന്ന് അവരോട് തര്‍ക്കിക്കുന്നു. ഓരോ മനുഷ്യനും സ്വതന്ത്രമായി ചിന്തിക്കണം. തെരഞ്ഞെടുപ്പും സ്വതന്ത്രമായിരിക്കണം. താന്‍ തെരഞ്ഞെടുക്കേണ്ടത് തെരഞ്ഞെടുത്തിരിക്കുന്നു. നമ്മിലെ യുദ്ധക്കുറ്റവാളികള്‍ക്ക് മുഹമ്മദ് മാപ്പ് നല്‍കിയില്ലേ? അവരോട് കരുണ കാണിച്ചില്ലേ? മരുഭൂമിയുടെ കൊടും ചൂടിലേക്കും ദാഹത്തിലേക്കും വിശപ്പിലേക്കും അലഞ്ഞു തിരിയാനായി അവരെ ഇറക്കി വിട്ടില്ലല്ലോ.
എന്റെ ഖൈബറുകാരേ! തെറ്റുകളുടെ കൂമ്പാരമുണ്ട് നമുക്ക് പിറകില്‍. അതെങ്ങനെ മറക്കും? ഒന്നാമത്തെ തെറ്റുകാരന്‍ എന്റെ ഭര്‍ത്താവ് സല്ലാം തന്നെയാണ്. ശരിയാണ്, ചിന്തപ്പെട്ട അദ്ദേഹത്തിന്റെ രക്തം വറ്റിയിട്ടു പോലുമില്ല. പക്ഷേ, സത്യം നമുക്ക് പറയാതിരിക്കാനാവുമോ? ബാക്കിവന്ന ആളുകളെയും പാരമ്പര്യത്തെയും നമുക്ക് രക്ഷിക്കണം.... നമ്മള്‍ ചെയ്തത് വെച്ചുനോക്കുമ്പോള്‍, മുഹമ്മദ് നമ്മുടെയെല്ലാം കഴുത്ത് വെട്ടിയാലും ഒരാളും ആക്ഷേപിക്കില്ല. പിന്നെ മുഹമ്മദ് ക്ഷണിക്കുന്നത് ഏകദൈവത്വത്തിലേക്കല്ലേ? എല്ലാ ദൈവദൂതന്മാരെയും വേദഗ്രന്ഥങ്ങളെയും അംഗീകരിക്കണമെന്നല്ലേ പറയുന്നത്? തരിമ്പും വിദ്വേഷമില്ല, വംശീയതയില്ല. അദ്ദേഹം കൊണ്ടുവന്ന ഖുര്‍ആനില്‍ മാര്‍ഗഭ്രംശമോ വഴിതെറ്റലോ ഒന്നും ഇല്ലല്ലോ...
ഖൈബറിലെ പെണ്ണുങ്ങള്‍ പരസ്പരം അടക്കം പറഞ്ഞു. എന്താണ് സൈനബിന് സംഭവിക്കുന്നത്? ഇത്ര പെട്ടെന്ന്, ഇത്ര വലിയ മാറ്റമോ? ങാ, പടച്ചവന്‍ എല്ലാറ്റിനും കഴിവുള്ളവനാണല്ലോ. സ്വന്തം വീട്ടില്‍ ഗൂഢാലോചനകള്‍ക്ക് നേതൃത്വം കൊടുത്തവള്‍, യുദ്ധത്തിന് വേണ്ടി എരിവ് കേറ്റിക്കൊണ്ടിരുന്നവള്‍, സ്വന്തം ശരീരത്തെ പിശാചിന് വിറ്റവള്‍... ഇപ്പോഴിതാ പറയുന്നു, മുഹമ്മദില്‍ വിശ്വസിച്ചുവെന്ന്!
എന്നു മാത്രമല്ല, മുഹമ്മദിന് വേണ്ടി വലിയൊരു വിരുന്നൊരുക്കാന്‍ ഓടിനടക്കുകയുമാണ് സൈനബ്. തിരുദൂതന്‍ വിരുന്ന് വേണ്ടെന്ന് പറഞ്ഞില്ല. ഖൈബറിലെ ജൂതസമൂഹം യുദ്ധക്കെടുതികളില്‍ പ്രയാസപ്പെടുകയാണല്ലോ. അവരോട് ഏറ്റവും നല്ല നിലയിലേ പെരുമാറാവൂ. അവര്‍ക്കൊരു ആശ്വാസമാവട്ടെ. അവരുടെ മനസ്സുകളില്‍ വേരുറച്ചുപോയ പകയും വിദ്വേഷവും കഴുകിക്കളയാന്‍ ഈ കാരുണ്യ പ്രകടനത്തിന് കഴിഞ്ഞേക്കും. അതവര്‍ക്ക് സത്യപാതയിലേക്ക് വഴി കാണിച്ചെങ്കിലോ!
വിരുന്നൊരുങ്ങി. നന്നായി പാചകം ചെയ്ത ഒരാടിനെയാണ് കൊണ്ടുവെച്ചിരിക്കുന്നത്. റസൂല്‍ അങ്ങോട്ടേക്ക് ചെന്നു. അപ്പോഴേക്കും റസൂലിന്റെ ഒരു അനുചരന്‍, അയാളുടെ പേര് ബിശ്റുബ് നുല്‍ ബര്‍റാഅ്, പൊരിച്ചുവെച്ച ആടിന് മുമ്പില്‍ ഇരിപ്പുറപ്പിച്ച് കഴിഞ്ഞിരുന്നു. അയാള്‍ ഉത്സാഹത്തോടെ പറഞ്ഞു: 'കുടല് കരിയുന്ന വിശപ്പ്. എനിക്ക് ക്ഷമിച്ചിരിക്കാന്‍ പറ്റില്ല. ഇങ്ങനെ സമൃദ്ധമായ ഭക്ഷണം കണ്ടിട്ട് എത്ര കാലമായിരിക്കുന്നു..... ഞാന്‍ തുടങ്ങുകയാണ്.''
ആടിന്റെ ഒരു കൊറുക് മുറിച്ചെടുത്ത് അയാള്‍ കൊതിയോടെ വായിലേക്ക് വെച്ചു. കണ്ണുചിമ്മി തുറക്കുമ്പോഴേക്കും അത് അയാളുടെ അകത്തായി. പറയുകയും ചെയ്തു. ''എന്ത് രുചിയുള്ള ആട്ടിറച്ചി.''
റസൂല്‍ മറ്റേ കൊറുകില്‍നിന്ന് ഒരു ഭാഗം പറിച്ചെടുത്ത് ബിസ്മി ചൊല്ലി വായിലേക്ക് വെച്ചതേയുള്ളൂ. അവിടുത്തെ മുഖം വിളറി, വിവര്‍ണമായി. ഉടനെ വായിലേക്ക് വെച്ചത് തുപ്പിക്കളഞ്ഞു. എന്നിട്ട് അനുയായികളോടായി പറഞ്ഞു. 'ഈ ആടിന്റെ എല്ല് കണ്ടിട്ട് വിഷം പുരട്ടിയതാണെന്ന് തോന്നുന്നു.''
പൊരിച്ച ആടിലേക്ക് നീട്ടിയ കൈ എല്ലാവരും പിന്‍വലിച്ചു. അനുയായികളില്‍ ഒരാള്‍ പോയി സൈനബിനെ കൂട്ടിക്കൊണ്ടുവന്നു. അവള്‍ വിറക്കുന്നുണ്ടായിരുന്നു. കാലുകള്‍ പതറുന്നുണ്ടായിരുന്നു. മുഖം വിളറിയിട്ടുണ്ടായിരുന്നു.
ഒരാള്‍ വിളിച്ചു ചോദിച്ചു:
'ഭക്ഷണത്തില്‍ വിഷം കലര്‍ത്തി താന്‍, അല്ലേ?''
മറ്റൊരാള്‍:
''റസൂലിനെ കൊല്ലാനാണ് പദ്ധതി.''
സൈനബ് കണ്ണീരൊഴുക്കി കേണു.
''ഇല്ല, ഒരിക്കലുമില്ല...''
പെട്ടെന്നാണ് നേരത്തെ ആട്ടിറച്ചി തിന്ന ബിശ്റുബ് നുല്‍ ബര്‍റാഅ് ഇരുന്നിടത്തുനിന്ന് ചാടിയെണീറ്റത്. അയാളുടെ മുഖം വിയര്‍പ്പില്‍ മുങ്ങിയിരുന്നു. കുടല്‍ വരെ പുറത്ത് വരും മട്ടില്‍ അയാള്‍ ഊക്കില്‍ ഛര്‍ദിച്ചു.
അപ്പോള്‍ ഒരു അനുചരന്‍:
''കടുംകൈ ചെയ്തവളേ, നോക്ക് ബിശ്റിന്റെ അവസ്ഥ.''
സൈനബ് തലതാഴ്ത്തി. അവള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഇനി നിഷേധിച്ചിട്ട് കാര്യമില്ല. എല്ലാം വെളിപ്പെട്ടു കഴിഞ്ഞല്ലോ. എന്നാലും തന്റെ കൂടപ്പിറപ്പായ കുരുട്ട് ബുദ്ധി ഒന്ന് പ്രയോഗിച്ചു നോക്കാം. സൈനബ് റസൂലിന്റെ നേരെ തിരിഞ്ഞു:
''നിങ്ങളെക്കുറിച്ച വിവരങ്ങള്‍ കേട്ടപ്പോള്‍ എനിക്കൊന്ന് പരീക്ഷിക്കണമെന്ന് തോന്നി. ഞാന്‍ ചിന്തിച്ചത് ഇങ്ങനെയാണ്; ഇയാള്‍ ഒരു രാജാവാണെങ്കില്‍ ഈ വിഷം കഴിച്ച് അങ്ങ് ഒടുങ്ങിക്കൊള്ളും. പിന്നെ നമുക്ക് പ്രശ്നമുണ്ടാവില്ല. ഇനി അഥവാ നബിയാണെങ്കില്‍, വിഷം വെച്ച കാര്യം പടച്ചവന്‍ തന്നെ പറഞ്ഞു കൊടുക്കുമല്ലോ.''
അപ്പോള്‍ അപ്പുറത്തുനിന്ന് ഒരലര്‍ച്ച കേട്ടു.
''ബിശ്റ്ബ് നുൽബര്‍റാഅ്..... മരിച്ചു... വിഷം തീണ്ടിയതാണ്.'
റസൂലും അനുചരന്മാരും ബിശ്റിന്റെ ജീവനറ്റ ശരീരത്തിന് ചുറ്റും നിന്നു. ആ മുഖത്ത് വെള്ളം തളിച്ചു. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിന് വേണ്ടി ഉള്ളുരുകി പ്രാര്‍ഥിച്ചു. ദുഃഖഭാരത്താല്‍ അവിടുത്തെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു. ഏതാനും പ്രാര്‍ഥനാ ശകലങ്ങള്‍ പറയാനേ കഴിഞ്ഞുള്ളൂ.
ഉമറുബ് നുല്‍ ഖത്താബിന്റെ ശബ്ദം ഉയര്‍ന്നു കേട്ടു:
''ബുദ്ധിശാലികളേ, നിങ്ങള്‍ക്ക് പ്രതിക്രിയയില്‍ ജീവിതമുണ്ട്. അല്ലാഹുവിന്റെ കലാം, വാക്യം ആണിത്. ബിശ്റുബ് നുല്‍ ബര്‍റാഇനെ കൊലപ്പടുത്തിയതിന് സൈനബിന് വധശിക്ഷ നല്‍കണം.''
അവിടെ കൂട്ടംകൂടി നിന്ന ജൂതന്മാരെല്ലാം ചകിതരായി. ഇങ്ങനെയൊന്ന് അവര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. പലരും ഈര്‍ഷ്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം മന്ത്രിച്ചു: 'മുഹമ്മദെങ്ങാന്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ നമ്മുടെ അവസാനത്തെയാളുടെയും കഥ കഴിഞ്ഞേനെ....'
'എന്തൊരു കഷ്ടമാണ്! ആര് നന്മ ചെയ്താലും തിന്മ തിരിച്ചു കൊടുക്കാനേ നമുക്ക് കഴിയൂ. പിന്നെ മുസ് ലിംകള്‍ നമ്മെ എങ്ങനെ വിശ്വസിക്കും?'
'ചതി സംഘത്തിലെ ഒടുക്കത്തെയാളാണ് സൈനബ്... ഇതില്‍പരം മാനക്കേട് എന്തുണ്ട്?'
ജൂത കച്ചവടക്കാരന്‍ ഹജ്ജാജുബ് നു ഇലാത്വിന്റെ ശബ്ദമാണ് പിന്നീട് ഉയര്‍ന്നുകേട്ടത്. ''എന്റെ ഉടപ്പിറപ്പുകളേ! നിങ്ങള്‍ മാപ്പിനും നല്ല പെരുമാറ്റത്തിനും അര്‍ഹരാണെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും തെളിയിക്കൂ. നിങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും മുസ്ലിമാകാം; തന്റെ മതത്തില്‍ തന്നെ നില്‍ക്കണമെന്നുണ്ടെങ്കില്‍ അതും ചെയ്യാം. ആ നില്‍പ്പ് മാന്യതയോടെയും അന്തസ്സോടെയും ആയിക്കൂടേ. ഇതുപോലുള്ള മണ്ടത്തരങ്ങള്‍ നിങ്ങളെ സര്‍വനാശങ്ങളിലാണ് കൊണ്ടെത്തിക്കുക.''
സൈനബിന്റെ കാര്യത്തില്‍ തീരുമാനമായി;
വധശിക്ഷ തന്നെ. സൈനബിനെ നടത്തിക്കൊണ്ട് പോകുമ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം:
'നരകത്തില്‍ പോയി തുലയ്.''
സൈനബ് തിരിഞ്ഞു നോക്കി. ഫഹദ്! തന്റെ അടിമയായിരുന്നവന്‍.
'എത്ര വൃത്തികെട്ട വിടപറച്ചിലാണ്, ഫഹദേ''
''നിന്റെ ആ കറുത്ത ഹൃദയത്തില്‍ വെളിച്ചത്തിലേക്ക് എത്തിനോക്കുന്ന ഒരു കണിക പോലുമില്ല.''
''എനിക്ക് വല്ലാത്ത ദുഃഖമുണ്ട്.''
''അത്തരം വാക്കുകളൊന്നും ഇനിയാരും വിശ്വസിക്കാന്‍ പോകുന്നില്ല.'
'ഫഹദേ, മധുരിക്കുന്ന ആ ഓര്‍മകള്‍''
''അല്ല, അതൊക്കെ കയ്പേറിയ കറുത്ത ദിനങ്ങളായിരുന്നു.'
'എന്ത് ചെയ്യാന്‍... എനിക്ക് എല്ലാ പ്രതീക്ഷയും നഷ്ടമായി.... എന്റെ ആഴങ്ങളില്‍നിന്ന് പിശാച് അട്ടഹസിക്കാന്‍ തുടങ്ങി.'
'നീ എപ്പോഴും അന്വേഷിച്ചത് നാശമാണ്.''
'നാശമല്ല, ജീവിതം.''
''എന്ത് ജീവിതമാണത്?''
''നിനക്കറിയില്ലേ ഫഹദ്, ഭൂതകാല പ്രൗഢിയുടെ, പ്രതികാരത്തിന്റെ ജീവിതം.'
'സ്വയം രക്തസാക്ഷിയാകാനാണ് നീ ശ്രമിച്ചത്.'
സൈനബ് പിന്നെയൊന്നും കേള്‍ക്കാന്‍  നിന്നില്ല. ചെവിയില്‍ വിരലുകള്‍ തിരുകി. പിന്നെ വേഗത്തില്‍ മുന്നോട്ട് നടന്നു. 'എനിക്കൊന്നും കാണണ്ട, കേള്‍ക്കണ്ട. ശപിക്കപ്പെട്ട മരണത്തിന്റെ മടിത്തട്ടില്‍ ഒളിച്ചിരുന്ന് വിസ്മൃതയാവുക... എത്ര മനോഹരം!'
ഹജ്ജാജുബ് നു ഇലാത്വ് ശബ്ദമുയര്‍ത്തി പറഞ്ഞു:
'ഇതാണ് വഞ്ചനയുടെ പ്രതിഫലം. '
പ്രായം ചെന്ന ഒരു യഹൂദന്‍ പ്രതികരിച്ചു:
'ഒരു ജൂതന്‍ തന്നെയല്ലേ അത് പറഞ്ഞത്... സത്യമാണ്.''

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top