വെന്റിലേറ്റര്‍

തോട്ടത്തില്‍ മുഹമ്മദലി, വര: ശബീബ മലപ്പുറം No image

കുറ്റവാളി

 

സുഹൃത്തുക്കളും ആശുപത്രി ജീവനക്കാരുമൊക്കെ ഒത്തുകൂടി സുബൈറിനെ യാത്രയാക്കാനിരിക്കുകയാണ്.
അബ്ബാസ് സാധനങ്ങളൊക്കെ പേക്ക് ചെയ്തു.
''നമുക്ക് എട്ടുമണിക്ക് തന്നെ ഇറങ്ങണം.''
വന്നവര്‍ക്കൊക്കെ അഷ്‌റഫ് ചായ ഉണ്ടാക്കിക്കൊടുത്തു.
''അഷ്‌റഫേ, ആസിഫിനെ കാണാനില്ലല്ലോ..?''
''കാസിം വേറെ വല്ല  ജോലിയും ഏല്‍പ്പിച്ചു കാണും.''
സുബൈറിന്റെ ചോദ്യത്തിന് ഇബ്രാഹീമായിരുന്നു മറുപടി പറഞ്ഞത്.
''അപ്പോള്‍ ഞാന്‍ എങ്ങനെ എയര്‍പോര്‍ട്ടില്‍ പോകും?''
''സാര്‍, അത് ബഷീര്‍ കൊണ്ടുവിടാമെന്ന് പറഞ്ഞിരുന്നു..... ദാ.... ബഷീര്‍ എത്തിയല്ലോ....'''
''അല്ല സുബൈറേ, ഇന്നലെ ഏ എസ്ച്ചാന്റെ ഖബറടക്ക സമയത്ത് കാസിമിനെ കണ്ടില്ലല്ലോ?''
''ഇല്ല, കാസിംച്ചാക്ക് രണ്ട് മണിക്കായിരുന്നു ഫ്‌ളൈറ്റ്. ഇസ്താംബൂളില്‍ പോയി.''
കാസിമിന്റെ മകളുണ്ടായിരുന്നെങ്കില്‍ നിന്നെ വിടില്ലായിരുന്നു.... പിന്നെ അബൂജാസിമും ഇല്ലല്ലോ.
ബഷീര്‍ ബ്രീഫ്‌കെയ്‌സുമായി വരുമ്പോള്‍ പോലീസ് എന്നെഴുതിയ ഒരു ജീപ്പ് അവന്റെ കാറിന്റെ അരികില്‍ നിര്‍ത്തി. മൂന്ന് പോലീസുകാര്‍ ജീപ്പില്‍ നിന്നിറങ്ങി
സുബൈര്‍ ആരാണ്?
ഞാന്‍ ഇവിടെയുണ്ട്.
സുബൈര്‍ കാറില്‍ നിന്നിറങ്ങി പോലീസുകാരന്റെ അടുത്ത് പോയി. സുബൈറിന്റെ കീശയില്‍ നിന്ന് പാസ്‌പോര്‍ട്ടും ടിക്കറ്റും പോലീസ് വലിച്ചെടുത്തു. പാസ്‌പോര്‍ട്ടിലെ ഓരോ പേജും മറിച്ചു നോക്കി. പോലീസ് സുബൈറിനെ നോക്കി.
''അത് ശരി..... നീ ഇവിടുന്ന് രക്ഷപ്പെടാനുള്ള പരിപാടിയിലാണല്ലേ...?''
പോലീസിന്റെ ശബ്ദം കൂടി.
''ജീപ്പില്‍ കയറൂ...''
സുബൈറും അവിടെ കൂടി നിന്നവരൊക്കെയും ഇടിവെട്ടേറ്റവരെപ്പോലെ അത്ഭുതസ്തബ്ധരായി നിന്നു. സുബൈര്‍ ആകെ ഭയന്നു.
''എന്താണിത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.''
''അതൊക്കെ മനസ്സിലാക്കിത്തരാം. കേറെടാ ജീപ്പില്‍.''
''ഞാന്‍ നാട്ടില്‍ പോവുകയാണ്.''
സുബൈര്‍ അറബിയില്‍ സംസാരിച്ചപ്പോള്‍ പോലീസുകാര്‍ അറബിയിലും ഇംഗ്ലീഷിലുമായി സംസാരിച്ചു.
''നീ രക്ഷപ്പെടേണ്ട, ജീപ്പില്‍ കേറുന്നോ? അല്ല പിടിച്ചു കേറ്റണോ?''
പോലീസ് സുബൈറിന്റെ ദേഹത്ത് കൈവെക്കാന്‍ തുനിഞ്ഞപ്പോള്‍ സുബൈര്‍ ജീപ്പില്‍ കയറി. ജീപ്പ് വളരെ വേഗത്തില്‍ വളഞ്ഞുതിരിഞ്ഞു വിവിധ വഴികളിലൂടെ ഓടി. ബഷീറും കൂട്ടുകാരും പിറകെ പോയെങ്കിലും പിന്തുടരാന്‍ പറ്റിയില്ല. നിരാശയോടെ അവര്‍ മടങ്ങി.
പോലീസ് ജീപ്പ് നേരെ പോയത് ദസ്മ പോലീസ് സ്റ്റേഷനിലായിരുന്നു. സ്റ്റേഷനില്‍വെച്ച് പല പേപ്പറിലും അവനെക്കൊണ്ട് ഒപ്പിടുവിച്ചു. പാസ്‌പോര്‍ട്ടും ടിക്കറ്റും അവന് തിരിച്ചു നല്‍കിയില്ല. സ്റ്റേഷന്‍ ഇന്‍ചാര്‍ജിനെ ഏല്‍പിച്ചു.
ബഷീര്‍, ഇബ്രാഹീം, പ്രഭാകരന്‍, യൂസുഫ്, റഷീദ് ഇവരെല്ലാവരും കുവൈത്തിലെ ഒട്ടുമിക്ക പോലീസ്‌സ്റ്റേഷനുകളിലും കയറിയിറങ്ങി. അവസാനം ദസ്മ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ സുബൈര്‍ അവിടെയുണ്ടെന്ന് മനസ്സിലായി. ഇബ്രാഹീം നന്നായി അറബി സംസാരിക്കുന്നതുകൊണ്ട് സുബൈറിന്റെ ജോലിയെക്കുറിച്ചും അവന്റെ സല്‍സ്വഭാവത്തെക്കുറിച്ചുമൊക്കെ അവിടുത്തെ പോലീസുകാരോട് സംസാരിച്ചു നോക്കിയെങ്കിലും പോലീസുകാര്‍ അവനെ എന്ത് കാരണത്താലാണ് പിടിച്ചുകൊണ്ടു പോയത് എന്ന് പോലും പറഞ്ഞില്ല. അവസാനം അവരെല്ലാവരും കരഞ്ഞ് അപേക്ഷിച്ചതുകൊണ്ടാണ് അവനെ കാണാനനുവദിച്ചത്. സുബൈര്‍ അവരെല്ലാവരേയും കണ്ടയുടനെ പൊട്ടിക്കരഞ്ഞു.
''ഞാനെന്ത് തെറ്റാണ് ചെയ്തത്?''
''ധൈര്യമായിരിക്ക് സുബൈറേ...''
ഇബ്രാഹീം അവനെ ആശ്വസിപ്പിച്ചു. അയാള്‍ സുബൈറിനെ പിടിച്ചുകൊണ്ട് പറഞ്ഞു.
''സുബൈറേ... ധൈര്യം കൈവിടരുത്. നിരപരാധിയായ നീ എന്തിന് പേടിക്കണം. നിന്നെ ആരെങ്കിലും ചതിച്ചതായിരിക്കും വേദനിക്കരുത്. അല്ലാഹു നിന്നെ രക്ഷിക്കും... എല്ലാം നല്ലതിനു വേണ്ടിയാണ്''
സുബൈര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
''ഇബ്രാഹിംച്ച അബൂജാസിമിനെ കാണണം. അദ്ദേഹം അമേരിക്കയില്‍നിന്ന് ഇന്നലെ രാത്രി എത്തിക്കാണും.''
''തീര്‍ച്ചയായും സുബൈറേ, നീ അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ തരൂ. ഞാന്‍ വിളിച്ചു സംസാരിക്കാം.
''അല്ലാഹു റബ്ബീ...''
''ഇബ്രാഹിംച്ച, നമ്പര്‍ എന്റെ മൊബൈലിലാണ്... മൊബൈല്‍ പോലീസിന്റെ കൈയിലും.''
''സാരമില്ല സുബൈര്‍, എങ്ങനെയെങ്കിലും ഞാന്‍ അബൂജാസിമിനെ കണ്ടുപിടിക്കും. അബുജാസിം നിന്നെ ഇറക്കിക്കൊണ്ടുവരും. പടച്ചവന്‍ സഹായിക്കും.''
അതിനിടെ പോലീസുകാരന്‍ ശബ്ദമുണ്ടാക്കാന്‍ തുടങ്ങി.... സമയമായി എന്നറിയിച്ചു.
''എല്ലാവരും പുറത്തേക്ക് പോവുക.''
സുബൈറിനോട് സലാം പറഞ്ഞും പ്രാര്‍ഥിച്ചും എല്ലാവരും തിരിച്ചുപോയി. സുബൈര്‍ വീണ്ടും ഏകാന്തനായി. സുബൈറിന്റെ ചിന്തകള്‍ എവിടേക്കോ സഞ്ചരിച്ചു. കാസിംച്ച അന്ന് പറഞ്ഞ പ്രകാരം ചെയ്യിപ്പിച്ചതാണോ? ഒന്നുമറിയാതെ അവന്‍ കരഞ്ഞുകൊണ്ടേയിരുന്നു. ഈ സംഭവങ്ങളൊക്കെ വീട്ടുകാര്‍ അറിഞ്ഞാലോ എന്നവന്‍ ഭയപ്പെട്ടു. സമയം ഒരുപാട് കഴിഞ്ഞെന്ന് അവന് തോന്നി.
രണ്ട് പോലീസുകാര്‍ സുബൈറിന്റെ അരികില്‍വന്ന് അവന്റെ ഇരുകണ്ണുകളും കറുത്ത തുണികൊണ്ട് മുറുക്കികെട്ടി. അവര്‍ സുബൈറിനെ ജീപ്പില്‍ കയറ്റി എവിടെയോ കൊണ്ടുപോയി. എവിടെയാണ് കൊണ്ടുപോകുന്നത്? എന്തിനാണ് കൊണ്ടുപോകുന്നത് എന്നൊന്നും അറിയാതെ അവന്‍ ഭയന്നു. ഇത്രക്കും വലിയ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? കുറേ സഞ്ചരിച്ച ശേഷം പെട്ടെന്ന് വണ്ടി നിര്‍ത്തി. സുബൈറിനെ അവന്‍ രണ്ട് പേരും പിടിച്ചിറക്കി കെട്ടിടത്തിന്റെ താഴ്ഭാഗത്തേക്ക് കൂടിയുള്ള പടിയിറങ്ങുന്നതായി അവന് അനുഭവപ്പെട്ടു.
സുബൈറിന്റെ കണ്ണിലെ കെട്ടഴിച്ചു. വിശാലമായ ഹാള്‍, മൂന്ന് പോലീസുകാര്‍ അവരല്ലാതെ സാധാരണ വസ്ത്രം ധരിച്ച വേറെയും മൂന്ന് പേര്‍.
''എന്ത് പരീക്ഷണമാണ് എന്റെ റബ്ബേ!'' നിരപരാധിയായ ഒരാളെ എന്തിനിങ്ങനെ പരീക്ഷിക്കണം. അവിടേക്ക് ഒരു കുവൈത്തി വന്നിരുന്നു. അദ്ദേഹം സുബൈറിനെ തുറിച്ചു നോക്കി. അവനെ കൊണ്ടുവന്ന പോലീസുകാര്‍ കൈയിലുണ്ടായിരുന്ന പേപ്പറുകളൊക്കെ കുവൈത്തിയുടെ കൈയില്‍കൊടുത്ത ശേഷം പോയി. ആകെ ഭയാനകമായ അന്തരീക്ഷമായിരുന്നു. പോലീസുകാരില്‍ ഒരാള്‍ സുബൈറിന്റെ അരികില്‍ചെന്ന് ചോദ്യം ചെയ്യാന്‍ തുടങ്ങി. ആദ്യംതന്നെ പേരും നാടുമാണ് ചോദിച്ചത്. അപ്പോഴേക്കും സാധാരണ രീതിയില്‍ വസ്ത്രധാരണം നടത്തിയയാള്‍ കുറേ പേപ്പറുമായി വന്ന് സുബൈറിനോട് ചോദിക്കുന്നതൊക്കെ എഴുതാന്‍ തുടങ്ങി.
''സുബൈറേ, ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറയണം, എന്നാല്‍ ഞങ്ങള്‍ ഒന്നും ചെയ്യുകയില്ല, മറിച്ചാണെങ്കില്‍ ഞങ്ങളുടെ സ്വഭാവം മാറും.''
''എങ്ങനെയാണ് നിന്റെ ഡ്യൂട്ടി സമയം?''
''ഞാന്‍ ആശുപത്രിയില്‍ അഡ്മിനായി പ്രവര്‍ത്തിക്കുകയാണ്. എനിക്കങ്ങനെ പ്രത്യേകമായ സമയമൊന്നുമില്ല. എന്നാലും സാധാരണ ഒമ്പത് മണിക്ക് വന്നാല്‍ ഉച്ചക്ക് ഒരു മണിവരെ. രാത്രി പത്ത് മണിക്ക് വീണ്ടും വരും.''
പോലീസുകാരന്‍ അടുത്തുള്ള കസേര വലിച്ച് അതിലിരുന്നു. സുബൈര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ താഴ്മയോടെ നിന്നു. എഴുതിക്കൊണ്ടിരിക്കുന്നയാള്‍ പോലീസുകാരന് എന്തോ ആംഗ്യം കാണിച്ചു. പോലീസുകാരന്‍ ചോദ്യം തുടര്‍ന്നു:
''നീ എന്തിനാണ് ഐ.സി.യുവില്‍ പോകുന്നത്? അസമയത്തും അവിടെ പോകുന്നതായി കണ്ടിരുന്നു, അതെന്തിനാണ്?''
''ഞാന്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും പോകും, അതെന്റെ കര്‍ത്തവ്യമാണ്.''
''അതിന് അസമയത്ത് പോകണോ?''
''ശരിയാണ്, ഞാന്‍ പോകാറുണ്ടായിരുന്നു. എന്റെ നാട്ടുകാരനും, എനിക്ക് വേണ്ടപ്പെട്ടയാളും, കൂടാതെ എന്നെ ഒരുപാട് സഹായിച്ചവരുമായ ഏ.എസ്ച്ച അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ വേണ്ടിയായിരുന്നു പോയത്.''
സുബൈറിന്റെ കണ്ണു നിറഞ്ഞു. പോലീസുകാരന്റെ ശബ്ദം കുറച്ച് കൂടി.
''അതുകൊണ്ടാണോടോ... നീ അദ്ദേഹത്തെ കൊലപ്പെടുത്തിയത്?''
ഇതുകേട്ട സുബൈര്‍ അന്ധാളിച്ചു നിന്നു. അവന്‍ സങ്കടം നിയന്ത്രിക്കാന്‍ വയ്യാതെ പൊട്ടിക്കരഞ്ഞു.
''എന്റെ ഏ.എസ്ച്ചാനെ ഞാന്‍ കൊലപ്പെടുത്തിയെന്നോ?''
''അതെ... നീ കൊന്നു.''
''ഞാന്‍ ആരെയും കൊന്നിട്ടില്ല.''
''നീ കൊന്നു... എന്തിനാണ് കൊന്നതെന്ന് തെളിച്ചു പറ?''
''ഇല്ല സാര്‍, ഞാന്‍ കൊന്നിട്ടില്ല... എനിക്കൊരു ജീവിയെയും കൊല്ലാന്‍ പറ്റില്ല.''
''നിങ്ങള്‍ രാത്രി ഏ.എസ്ച്ചാന്റെ റൂമില്‍ പ്രവേശിക്കുകയും വെന്റിലേറ്റര്‍ ഓഫാക്കുകയും ചെയ്തു. ഇങ്ങനെ എന്തിന് കൊലപ്പെടുത്തി. അറിയില്ലെന്ന് കരുതിയോ?''
അവരുടെ ചോദ്യം കേട്ടപ്പോള്‍ സുബൈറിന് സഹിക്കാന്‍ പറ്റിയില്ല. അവന്‍ പൊട്ടിത്തെറിച്ചു.
''നിങ്ങളെന്ത് ഭ്രാന്താണ് പറയുന്നത്? എന്റെ ഏ.എസ്ച്ചാനെ ഞാന്‍ വധിച്ചുവെന്നോ?
 പോലീസിന്റെ ഗര്‍ജനം മുഴങ്ങി.
''ഏ.എസ് മൊയ്തീന്‍ ഹാജിയെ നിങ്ങള്‍ വീര്‍പ്പുമുട്ടിച്ച് കൊലപ്പെടുത്തി.''
''ഞാന്‍ കൊന്നിട്ടില്ല, എനിക്കതിന് പറ്റില്ല. ഞാന്‍ ആരെയും കൊന്നിട്ടില്ല.''
അവന്‍ നിലവിളിച്ചു കരഞ്ഞു.
''ഞാന്‍ എന്റെ സ്വന്തം പിതാവിനെ പോലെ സ്‌നേഹിക്കുന്ന എന്റെ ഏ.എസ്ച്ചാനെ ഞാന്‍ കൊന്നെന്നോ?''
അവന്‍ വിങ്ങിവിങ്ങി കരഞ്ഞു.
''ഞാനെന്തിന് അദ്ദേഹത്തെ കൊല ചെയ്യണം?''
സുബൈര്‍ ഉച്ചത്തില്‍ നിലവിളിച്ചു.  
''ഞാന്‍ കൊന്നിട്ടില്ലാ... കൊന്നിട്ടില്ലാ..''
ഇത് പറഞ്ഞ് സുബൈര്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് അറിയാതെ നിലത്തിരുന്നു പോയി. ഇതൊക്കെ വീക്ഷിക്കുകയായിരുന്നു പീഠത്തില്‍ ഇരിക്കുന്നയാള്‍.
''നീയ്യല്ലാതെ പിന്നെ ആരാടാ വെന്റിലേറ്റര്‍ ഓഫ് ചെയ്ത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്?''
ഇത് പറഞ്ഞുകൊണ്ട് പോലീസുകാര്‍ നിലത്തിരുന്ന സുബൈറിനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് കുനിച്ചു നിര്‍ത്തി കൈമുട്ട് കൊണ്ട് ആഞ്ഞടിച്ചു. അവന്‍ വേദന കൊണ്ട് നിലവിളിച്ചു.
''ഇല്ലാ.... ഞാന്‍ ആരേയും കൊന്നിട്ടില്ല, എനിക്കാരേയും കൊല്ലാന്‍ പറ്റില്ല.''
അവന്റെ നിലവിളി ശ്രദ്ധിക്കാതെ സമ്മതിക്കാന്‍ വേണ്ടി അടി തുടര്‍ന്നു. അവന്‍ നിലവിളിച്ചു. നിരപരാധിയായ സുബൈര്‍ വേദനകൊണ്ട് നിലവിളിക്കുന്നത് ആര് കേള്‍ക്കാനാണ്. പീഠത്തിലിരിക്കുന്നയാള്‍ ഒന്നും മിണ്ടാതെ സാകൂതം വീക്ഷിക്കുകയാണ്, പോലീസിന്റെ ചോദ്യങ്ങളും സുബൈറിന്റെ ഉത്തരവും.
''കൊല ചെയ്തത് നീയാണ്. നീ എന്തിനു വേണ്ടി അയാളെ കൊന്നു?''
സുബൈര്‍ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ തന്റെ കൈകൊണ്ട് തുടച്ചു. അവന്‍ കേണപേക്ഷിച്ചു.
''ഞാന്‍ ആരേയും കൊലപ്പെടുത്തിയിട്ടില്ല.''
''വല്ലാഹി വല്ലാഹി ഞാന്‍ ചെയ്തിട്ടില്ല, ഞാന്‍ സത്യം ചെയ്യാം. വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവരൂ, ഞാന്‍ സത്യം ചെയ്ത് പറയാം.''
പോലീസ് ചവിട്ടാന്‍ വേണ്ടി വീണ്ടും കാല്‍ പൊക്കിയപ്പോള്‍
''നിര്‍ത്തൂ...''
വലിയൊരാക്രോശം. ഉയര്‍ന്ന പീഠത്തിലിരിക്കുന്നയാള്‍ അട്ടഹസിച്ചു.
''സ്റ്റോപ്പ് ഇറ്റ്.''
പോലീസുകാര്‍ അടി നിര്‍ത്തി.
സുബൈര്‍ കുഴഞ്ഞ് തറയിലേക്ക് വീണു. പീഠത്തിലിരുന്നയാള്‍ എഴുന്നേറ്റ് സുബൈറിനരികില്‍ വന്നു പോലീസുകാരനോട് സുബൈറിന് വെള്ളം കൊടുക്കാന്‍ പറഞ്ഞു. അദ്ദേഹം തന്നെ ഒരു കസേരയില്‍ സുബൈറിനെയിരുത്തി. അദ്ദേഹം സുബൈറിനോട് ചോദിച്ചു.
''നിന്റെ പേരന്താ?''
സംസാരിക്കാന്‍ വിഷമം തോന്നിയ സുബൈര്‍ ഒരുവിധം പറഞ്ഞു.
''സുബൈര്‍.''
'മുസ്ലീമാണോ?'
''അതെ...''
''അങ്ങനെയാണെങ്കില്‍ ശഹാദത്ത് കലിമയൊന്ന് പറഞ്ഞേ...''
സുബൈര്‍ ശഹാദത്ത് കലിമ അറബിയില്‍ പറയുകയും അതിന്റെ അര്‍ഥം വിശദീകരിച്ചുകൊടുക്കുകയും ചെയ്തു.
''ഖുര്‍ആന്‍ അറിയുമോ?''
''പഠിക്കുന്നു.''
അദ്ദേഹം ഖുര്‍ആനില്‍ നിന്നുള്ള ഒരു വാചകം ഉരുവിട്ടുകൊണ്ട് അതിന്റെ അര്‍ഥമെന്താണെന്ന് സുബൈറിനോട് ചോദിച്ചു.
''ശരിക്കും അര്‍ഥം അറിയില്ല, അതിന്റെ ആശയം പറയാം.''
''എന്താണത് പറയൂ...''
''അതായത് ജീവികളില്‍വെച്ച് ഏറ്റവും മോശപ്പെട്ടയാളുകള്‍ ചിന്തിക്കാത്ത മനുഷ്യരാണ്, അവരാണ് ദൈവത്തിന്റെയടുത്ത് ഏറ്റവും നികൃഷ്ട ജീവി.''
''മാര്‍വലസ്, സുബൈര്‍.''
അദ്ദേഹം ചിരിച്ചുകൊണ്ട് തുടര്‍ന്നു:
''ഇസ്ലാമിലെ ദൈവസങ്കല്‍പം എന്താണ്?''
വിശുദ്ധ ഖുര്‍ആനിലെ നൂറ്റിപന്ത്രണ്ടാമത്തെ അധ്യായം പാരായണം ചെയ്തതിനു ശേഷം അതിന്റെ വിവര്‍ത്തനം പറഞ്ഞു:
''പറയുക, അവനാണ് അല്ലാഹു, അവന്‍ ഏകനാണ്, അല്ലാഹു ആരേയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ പിതാവോ പുത്രനോ അല്ല. അവന് തുല്യനായി ആരുമില്ല.''
അവിടുത്തെ പോലീസുകാരനോടായി ഒരു ഖുര്‍ആന്റെ പ്രതി കൊണ്ടുവരാനായി പറഞ്ഞു. കുറച്ച് സമയത്തിനകത്ത് പരിശുദ്ധ വേദഗ്രന്ഥം കൊണ്ടുവരികയുംചെയ്തു. ഉയര്‍ന്ന പീഠത്തിലിരുന്നയാള്‍ പോലീസുകാരനോട് ആജ്ഞാപിച്ചു. സുബൈറിനോട് ഖുര്‍ആന്‍ കൈയില്‍ പിടിച്ച് സത്യം ചെയ്യാന്‍ ആവശ്യപ്പെടുകയും സുബൈര്‍ സത്യം ചെയ്യുകയും ചെയ്തു. കരഞ്ഞുകൊണ്ട് ദൈവത്തോട് പ്രാര്‍ഥിച്ചതിന് ശേഷമായിരുന്നു അവന്‍ ഞാന്‍ കുറ്റക്കാരനല്ലെന്നും ഞാന്‍ ആരെയും കൊല ചെയ്തിട്ടില്ലെന്നും സത്യം ചെയ്തത്. ഈ രംഗം കണ്ട എല്ലാവരും കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാതെ സുബൈറിനെ തന്നെ നോക്കി നിന്നു.
''സുബൈറിനെ കുറ്റവിമുക്തനാക്കി വിട്ടേക്കുക.''
പീഠത്തിലിരുന്നയാള്‍ ഉത്തരവില്‍ ഒപ്പുവെച്ച് മുദ്രണം ചെയ്ത് പോലീസിന് കൈമാറി. അദ്ദേഹം അവിടെനിന്ന് പുറപ്പെടാന്‍ നേരത്ത് പറഞ്ഞു:
''അവന്‍ ദൈവവിശ്വാസിയാണ്, നിരപരാധിയാണ്. എല്ലാ ഭാവുകങ്ങളും''
അദ്ദേഹം നടന്നു നീങ്ങിയപ്പോഴേക്കും പോലീസുകാര്‍ വേറെ രണ്ടുപേരെ കണ്ണുകെട്ടി അവിടെ കൊണ്ടുവന്നു. അവരുടെ കണ്ണിന്റെ കെട്ടഴിച്ചപ്പോഴേക്കും സുബൈര്‍ ആശ്ചര്യഭരിതനായി. അബൂജാസിമും അശോകനും.
അബുജാസിമിനെ കണ്ട സുബൈര്‍ സന്തോഷവാനായി. കൂടെയുള്ള പോലീസ് പോകാന്‍ തുടങ്ങുന്ന പീഠത്തിലിരുന്നയാള്‍ക്ക് അശോകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു:
''ഇവനാണ് കൊലയാളി.''
''ഞാനല്ല.''
അശോകന്‍ അത് പറഞ്ഞപ്പോള്‍ അബൂജാസിം വിട്ടില്ല.
''സുബൈറിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇവനാണ് വെന്റിലേറ്റര്‍ ഓഫ് ചെയ്തത്.''
''ഞാനല്ല ചെയ്തത്.''
അശോകന്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അബുജാസിമിന്റെയും സുബൈറിന്റെയും കണ്ണുകള്‍ കറുത്ത തുണികൊണ്ട് മുറുക്കിക്കെട്ടി ജീപ്പില്‍ അവരെ കയറ്റി ഗവണ്‍മെന്റ് ആശുപത്രിയില്‍ കൊണ്ടുപോയി. അവിടന്ന് അവരുടെ രണ്ട് പേരുടേയും കണ്ണുകളുടെ കെട്ടഴിച്ചു. സുബൈറിനെ പരിശോധിച്ചു വേദനക്കുള്ള മരുന്നു നല്‍കി അവരെ വിട്ടയച്ചു. അബൂജാസിമും സുബൈറും അവരുടെ ആശുപത്രിയിലേക്ക് പോയി.
''വളരെ നന്ദിയുണ്ട് അബൂജാസിം. ഇത്രയും കാലം നിങ്ങള്‍ തന്ന പ്രോത്സാഹനവും സഹായവും ഒരിക്കലും മറക്കാന്‍ പറ്റില്ല.''
''സുബൈര്‍, എപ്പോഴാണ് യാത്ര?''
''ഞാന്‍ എല്ലാം റെഡിയായിരിക്കയാണ്. നാളെ തന്നെ പുറപ്പെടും. ഇപ്പോള്‍ ദസ്മാ പോലീസ് സ്റ്റേഷനില്‍ പോയി, എന്റെ പാസ്‌പോര്‍ട്ടും ടിക്കറ്റും മൊബൈല്‍ ഫോണും വാങ്ങണം.''
വളരെ വൈകിയായിരുന്നു സുബൈര്‍ തന്റെ ഫ്‌ളാറ്റിലെത്തിയത്. അവന്‍ വരാന്തയില്‍ പോയി കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് ആലോചിച്ചു. കോളിംഗ്‌ബെല്‍ ശബ്ദം കേട്ട് സുബൈര്‍ വാതില്‍ തുറന്നു. ഡ്രൈവര്‍ ബഷീറായിരുന്നു.
''സാറിന് തരാന്‍ ആസിഫ് ഒരു കത്ത് കൊടുത്തയച്ചിരുന്നു.''
ബഷീര്‍ സ്ഥലംവിട്ടു. ആസിഫിന്റെ എഴുത്ത് സുബൈര്‍ പൊട്ടിച്ചു വായിച്ചു.  
''പ്രിയപ്പെട്ട സാര്‍,
ഞാന്‍ അദ്ദേഹത്തെ കൊന്നു. എന്റെ ഉപ്പാനെ അടിച്ച് അവശനാക്കി കല്ലുകെട്ടി ജീവനോടെ പുഴയില്‍ താഴ്ത്തി. ഇതുവരെ അതു പൊങ്ങിയിട്ടില്ല. ഇയാളെയും ഞാന്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്ത് വീര്‍പ്പുമുട്ടിച്ചു കൊന്നു. നിങ്ങള്‍ എന്നെ വെറുക്കരുത്. നിങ്ങളെ പോലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിരുന്നു എന്നറിഞ്ഞിരുന്നു. പക്ഷേ, കൃത്യനിര്‍വഹണത്തിനുശേഷം ഞാന്‍ ജുലൈബി ശുയൂഖില്‍ മൈമൂനായുടെ മെസ്സ് വിറ്റ കാശ് വാങ്ങാന്‍ വേണ്ടി പോയിരുന്നു. അത് വാങ്ങി അവര്‍ക്ക് ഡി.ഡിയെടുത്ത് അയച്ചുകൊടുത്തു. അതുകൊണ്ടാണ് പോലീസില്‍ കീഴടങ്ങാന്‍ താമസിച്ചത്. ഈ കത്ത് നിങ്ങള്‍ക്ക് ലഭിക്കുമ്പോഴേക്കും ഞാന്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ടാവും. ഞാന്‍ സന്തോഷത്തോടെ കൊലക്കയര്‍ എന്റെ കഴുത്തില്‍ അണിയും. രാജ്യദ്രോഹിയെ കൊന്നതുകൊണ്ട് ദൈവം എന്നെ ശിഷിക്കുകയില്ല. സുബൈര്‍ച്ചാ എന്നോട് പൊറുക്കണം. എനിക്ക് പ്രാര്‍ഥിക്കാന്‍ ആരുമില്ല. നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം.
സ്വന്തം
ആസിഫ്.''
കത്ത് വായിച്ച സുബൈര്‍ പൊട്ടിക്കരഞ്ഞു. പിതാവിനെപോലെ കരുതിയ എന്റെ ഏ.എസ്ച്ചാനെ എന്റെ സഹോദരന്‍ തന്നെ കൊലപ്പെടുത്തി.  സുബൈറിന്റെ കണ്ണുനീര്‍ വീണ് കത്ത് നനഞ്ഞു കുതിര്‍ന്നു.

(തുടരും)
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top