അമേരിക്കയില്‍ പുതിയ 'പെണ്‍' രാഷ്ട്രീയം

ഡോ. യാസീന്‍ അശ്‌റഫ് No image

'ട്വിറ്ററി'ലിട്ട ഒരു കുഞ്ഞുവാചകം. അത്രയേ വേണ്ടിവന്നുള്ളൂ. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ ഭരണ-പ്രതിപക്ഷ നേതൃത്വങ്ങള്‍ ഇളകി. 'ലിബറല്‍' ജനായത്തത്തിന്റെ ആണ്‍സിംഹങ്ങള്‍ ആ യുവ രാഷ്ട്രീയക്കാരിയെ ഉന്നമിട്ട് സമൂഹമാധ്യമങ്ങളില്‍ അട്ടഹാസം മുഴക്കിക്കൊണ്ടിരുന്നു. സയണിസ്റ്റ് വംശക്കോയ്മക്കു മുമ്പാകെ നീതിബോധം പണയം വെച്ച പണച്ചാക്കുകള്‍ അവരെ വേട്ടയാടാന്‍ ചീറിയടുത്തു. അമേരിക്കയിലായതുകൊണ്ട് ഈ വംശീയതയും അനീതിയും സ്വതന്ത്ര ലോകം തിരിച്ചറിഞ്ഞില്ല. സംഭവം ഇങ്ങനെ:
2019 ഫെബ്രുവരി. മാധ്യമങ്ങളില്‍ ഇതിനകം തന്നെ രണ്ട് വനിതാ രാഷ്ട്രീയക്കാര്‍ കൂട്ട ആക്രമണത്തിനിരയായിക്കഴിഞ്ഞിരിക്കുന്നു. അവര്‍ ഇസ്രയേലിനെ വിമര്‍ശിച്ചുകളഞ്ഞതാണ് കുറ്റം - റാശിദയും ഇല്‍ഹാനും.
യു.എസ് നിയമനിര്‍മാണ സഭയില്‍ കഴിഞ്ഞ വര്‍ഷമൊടുവില്‍ വന്നെത്തിയ രണ്ട് പുതുക്കക്കാരികള്‍ ഇസ്രയേലിനോടുള്ള യു.എസ് വിധേയത്വത്തെയും അധിക്ഷേപിച്ചുകളഞ്ഞു. അതിനാണ് അവരെ വട്ടമിട്ടുള്ള ആക്രമണം. ഇത് വല്ലാതെ കൂടിയപ്പോള്‍ ഗ്ലെന്‍ ഗ്രീന്‍വള്‍ഡ് എന്ന ജേണലിസ്റ്റ് ആ യുവ രാഷ്ട്രീയക്കാരികളെ പിന്തുണക്കാനെത്തി.
ഇല്‍ഹാനും റാശിദയും അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം അങ്ങനെ ഒരു സംഭവമാക്കി.
ഒരത്ഭുതമായിട്ടാണ് അന്ന് അതിനെ പലരും കണ്ടത്. അമേരിക്കയില്‍-കുടിയേറ്റവിരോധവും ഇസ്‌ലാംവിദ്വേഷവും ഉച്ചസ്ഥായിയിലെത്തിയ, ഒരു വനിതയെയും പ്രസിഡന്റാക്കിയിട്ടില്ലാത്ത അമേരിക്കയില്‍- ആദ്യമായി റെക്കോര്‍ഡ് എണ്ണം വനിതകള്‍ കോണ്‍ഗ്രസിലെത്തിയെന്നു മാത്രമല്ല, അതില്‍ രണ്ടു പേര്‍ മുസ്‌ലിംകളുമാണ് - ഇല്‍ഹാന്‍ ഉമറും റാശിദ തുലൈബും.
ഇല്‍ഹാന്‍ സോമാലി അഭയാര്‍ഥിയാണ്. റാശിദ ഫലസ്ത്വീന്‍ വംശജയും. അമേരിക്കയുടെ ഇസ്രയേല്‍ ദാസ്യത്തെ എതിര്‍ത്തപ്പോള്‍ അവരുടെ മനസ്സില്‍ അമേരിക്കയുടെ തന്നെ ഉത്തമതാല്‍പര്യമായിരുന്നു. പക്ഷേ, അവിടത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടിക്കാരില്‍ ഒരു പാടുപേര്‍ ആ ദാസ്യപ്പണി എടുക്കുന്നവരാണെന്ന് പ്രതികരണങ്ങള്‍ തെളിയിച്ചു.
അങ്ങനെയാണ് ഗ്ലെന്‍ ഗ്രീന്‍വള്‍ഡ് അവരെ പിന്തുണക്കാനെത്തുന്നത്.


**** 

ഫെബ്രുവരി 10-നാണ് ഗ്രീന്‍വള്‍ഡിന്റെ ഇടപെടല്‍. ഇസ്രയേല്‍വിരുദ്ധ അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ റാശിദക്കും ഇല്‍ഹാനും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയ റിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ മക്കാര്‍ത്തിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഗ്രീന്‍വള്‍ഡിന്റെ ട്വിറ്റര്‍ കുറിപ്പ് ഇല്‍ഹാന്‍ ഉമര്‍ 'റീ ട്വീറ്റ്' ചെയ്തു. ഒപ്പം ഒരു കമന്റും ചേര്‍ത്തു. അതാണ് കോലാഹലത്തിലേക്ക് നയിച്ചത്.
'ബെഞ്ചമിന്‍ കുഞ്ഞാണല്ലോ കാര്യം' (It's all about the Benjamin's Baby) എന്നായിരുന്നു ആ കുറിപ്പ്.
ബെഞ്ചമിന്‍ എന്നാല്‍ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍. അമേരിക്കയുടെ ആദ്യകാല പ്രസിഡന്റ്. നമുക്ക് ഗാന്ധിജി എന്ന പോലെ അവിടെ നൂറു ഡോളര്‍ നോട്ടില്‍ ബെഞ്ചമിന്റെ പടമുണ്ട്. അപ്പോള്‍ ബെഞ്ചമിന്‍ സമം പണം.
ബെഞ്ചമിനാണ് കാര്യമെന്നു പറഞ്ഞാല്‍, ഇസ്രയേല്‍ അനുകൂല നിലപാടിന് ആരോ ഒക്കെ പണമൊഴുക്കുന്നുണ്ട് എന്ന്.
ആരെയാവും ഇല്‍ഹാന്‍ ഉദ്ദേശിച്ചത്? അംഗര്‍ സാര്‍ഗോണ്‍ എന്ന മറ്റൊരു ജേണലിസ്റ്റ് ആ ചോദ്യം ട്വിറ്ററിലിട്ടു. 'എനിക്ക് ഊഹിക്കാന്‍ പറ്റുന്നുണ്ട്' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
അതിനുള്ള മറുപടിയായി ഇല്‍ഹാന്‍ ഒരേയൊരു പേര് എഴുതി: 'എ.ഐ.പി.എ.സി.'
എ.ഐ.പി.എ.സി (അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി) യു.എസ് രാഷ്ട്രീയത്തിലെ ശക്തമായ പിന്നണി സ്വാധീനമാണ്. ഇസ്രയേലിനുവേണ്ടി യു.എസ് ഭരണകൂടത്തിലും രാഷ്ട്രീയത്തിലും ഇടപെടുന്ന ലോബി.
ആ പേര് ഇല്‍ഹാന്‍ എഴുതിയതോടെ കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞ പോലെയായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല, ഇല്‍ഹാന്റെ (ഡെമോക്രാറ്റിക്) പാര്‍ട്ടിക്കാരും ശകാരം തുടങ്ങി. ഒടുവില്‍ ഇല്‍ഹാന്‍ ക്ഷമ ചോദിച്ചു.
പറഞ്ഞത് തെറ്റായതുകൊണ്ടല്ല ഇത്ര ബഹളം. അങ്ങനെയൊക്കെ പറയാമോ എന്നു മാത്രം. അമേരിക്കന്‍ സര്‍ക്കാറില്‍ സ്വാധീനം ചെലുത്താന്‍ (രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് 'സംഭാവന' നല്‍കുന്നതടക്കം) 2018-ല്‍ മാത്രം എ.ഐ.പി.എ.സി ചെലവിട്ടത് 35 ലക്ഷം ഡോളറാണ്. എന്നാല്‍ അത് പറയുന്നതും 'ബെഞ്ചമിന്‍ കുഞ്ഞെ'ന്ന് പരിഹസിക്കുന്നതും ശരിയല്ല എന്നത്രെ വിമര്‍ശകരുടെ നിലപാട്.
മാത്രമല്ല എ.ഐ.പി.എ.സിയേക്കാള്‍ കൂടുതല്‍ പണം ചെലവാക്കുന്ന വേറെ ചിലരുമുണ്ട്. ഉദാഹരണത്തിന് ഇസ്രയേലിനു വേണ്ടി പാര്‍ട്ടികള്‍ക്ക് ലോബിയിംഗ് പണം (കോഴ തന്നെ!) നല്‍കുന്നതില്‍ അവരെ തോല്‍പ്പിക്കുന്നവരാണ് ഏഡല്‍സണ്‍ കുടുംബം. കഴിഞ്ഞ യു.എസ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മാത്രം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ആ കുടുംബം 12 കോടി ഡോളര്‍ കൊടുത്തു. യു.എസിന്റെ ഇസ്രയേല്‍ എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയത് ഇവരുടെ പ്രേരണ മൂലമാണത്രെ.

****


ഇസ്രയേലിനെതിരെയോ ഫലസ്ത്വീന് അനുകൂലമായോ മിണ്ടുന്നതു പോലും കുറ്റമായി കാണുന്ന ചുറ്റുപാടിലാണ് ഒരു സോമാലി അഭയാര്‍ഥി കുടുംബത്തില്‍നിന്നു വന്ന പുത്തന്‍ കോണ്‍ഗ്രസംഗം ഒരു മറയുമില്ലാതെ അക്കാര്യം വിളിച്ചു പറഞ്ഞു കളഞ്ഞത്.
അസാമാന്യമാണ് ആ ധൈര്യം. യഥാര്‍ഥ വിഷയത്തില്‍നിന്ന് വിവാദത്തിലേക്ക് പൊതുശ്രദ്ധ മാറ്റാന്‍ തല്‍പരകക്ഷികള്‍ ശ്രമിച്ചപ്പോള്‍ ക്ഷമാപണം ചെയ്ത് തര്‍ക്കം അവസാനിപ്പിക്കുകയാണ് ഇല്‍ഹാന്‍ ചെയ്തത്. അതേസമയം യു.എസ് കോണ്‍ഗ്രസില്‍ അവര്‍ നടത്തിയ പ്രകടനം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടി.
വെനസ്വേലയില്‍ അമേരിക്ക രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന സമയത്ത് അവിടത്തെ യു.എസ് പ്രത്യേക പ്രതിനിധി എലിയട്ട് അബ്രാംസിനെ ഇല്‍ഹാന്‍ കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യുന്ന രംഗമാണ് സാമ്രാജ്യത്വവിരുദ്ധരെ ആവേശം കൊള്ളിക്കുന്ന വൈറല്‍ വീഡിയോ ആയത്.

****

നിക്കരാഗ്വയിലെ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട് മൂന്നു പേരെ യു.എസ് കോണ്‍ഗ്രസിന്റെ വിദേശകാര്യസമിതി വിളിച്ചുവരുത്തി. ആ മൂന്നില്‍ ഒരാളാണ് എലിയട്ട് അബ്രാംസ്.
അബ്രാംസ് ചില്ലറക്കാരനല്ല. രണ്ടു പ്രസിഡന്റുമാര്‍ക്കു കീഴില്‍ വിദേശകാര്യ വകുപ്പില്‍ ജോലി ചെയ്തു. വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയവും സൈനികവുമായി ഇടപെടുന്നതിന് നേതൃത്വം നല്‍കി. നിക്കരാഗ്വയിലും എല്‍സാല്‍വദോറിലും ഗ്വാട്ടമാലയിലും 1980-കളില്‍ അമേരിക്ക കൂട്ടക്കൊലകളും മനുഷ്യാവകാശലംഘനങ്ങളും നടത്തിയതും അബ്രാംസിന്റെ നേതൃത്വത്തില്‍.
ഇത്തരമൊരാള്‍ ഇനി വെനസ്വേലയിലും കളിക്കാനിറങ്ങുമ്പോഴാണ് കോണ്‍ഗ്രസ് സമിതിയുടെ മൊഴിയെടുക്കല്‍.
ഇല്‍ഹാന്‍ തുടങ്ങിയത് ഒരു സംശയം ഉന്നയിച്ചാണ്: 1991-ല്‍ യു.എസ് കോണ്‍ഗ്രസിനോട് രണ്ട് കള്ളം പറഞ്ഞു എന്ന് സമ്മതിക്കേണ്ടിവന്നിട്ടുണ്ട് താങ്കള്‍ക്ക്. അത്തരമൊരാള്‍ ഇനിയും ഇവിടെ നല്‍കുന്ന മൊഴി രാജ്യം വിശ്വസിക്കണമോ എന്ന് എനിക്കറിയില്ല.
അബ്രാംസ് ഇടപെട്ടു. ഞാന്‍ പറയട്ടെ....
ഇല്‍ഹാന്‍: എന്റേത് ചോദ്യമല്ല.
(നിക്കരാഗ്വയിലെ വലതുപക്ഷ വിമതര്‍ക്ക് യു.എസ് നിയമം ലംഘിച്ചുകൊണ്ട് ആയുധമെത്തിച്ച ഇറാന്‍-കോണ്‍ട്ര ഇടപാടില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ ആളാണ് അബ്രാംസ്).
മുമ്പ് കോണ്‍ഗ്രസിനെ അബ്രാംസ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞുവെച്ചശേഷം ഇല്‍ഹാന്‍, എല്‍സാല്‍വദോറില്‍ യു.എസ് പട്ടാളം കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയതിനെ പരാമര്‍ശിച്ചു. എന്നിട്ട് ചോദിച്ചു: എല്‍സാല്‍വദോറില്‍ അമേരിക്കയുടേത് ഗംഭീര നേട്ടമാണെന്ന് താങ്കള്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. പറയൂ, യെസ് അല്ലെങ്കില്‍ നോ- താങ്കള്‍ ഇപ്പോഴും അങ്ങനെ കരുതുന്നുണ്ടോ?
അബ്രാംസിന് കലികയറി. അദ്ദേഹം പറഞ്ഞു: എല്‍സാല്‍വദോര്‍ അന്നുമുതല്‍ ഇന്നുവരെ ജനായത്ത രാജ്യമായി നിലനില്‍ക്കുന്നത് ഗംഭീരനേട്ടം തന്നെ.
ഇല്‍ഹാന്‍ വിട്ടില്ല: യെസ്, അല്ലെങ്കില്‍ നോ പറയൂ - ആ കൂട്ടക്കൊല ഗംഭീര നേട്ടം തന്നെയോ?
അബ്രാംസ്: വിഡ്ഡിച്ചോദ്യമാണിത്...
ഇല്‍ഹാന്‍: യെസ് അല്ലെങ്കില്‍ നോ?
അബ്രാംസ്: നോ, ഞാന്‍ മറുപടി പറയില്ല....
അടുത്ത ചോദ്യം: പറയൂ, യെസ് അല്ലെങ്കില്‍ നോ- വെനസ്വേലയില്‍ യുദ്ധക്കുറ്റം ചെയ്യുന്ന സായുധ കലാപകാരികള്‍ക്ക് പിന്തുണ നല്‍കുമോ? ഗ്വാട്ടമാല, എല്‍സാല്‍വദോര്‍, നിക്കരാഗ്വ എന്നീ രാജ്യങ്ങളില്‍ ചെയ്തതു തന്നെ ഇവിടെയും ചെയ്യുമോ?
അബ്രാംസ്: ഞാന്‍ ഉത്തരം പറയില്ല. ഇതൊന്നും ശരിയായ ചോദ്യങ്ങളല്ല.
ഇല്‍ഹാന്‍: താങ്കളുടെ മേല്‍നോട്ടത്തില്‍ കൂട്ടക്കൊല നടന്നാല്‍ കണ്ടില്ലെന്നു നടിക്കുമോ എന്നത് ശരിയായ ചോദ്യം തന്നെയാണ്. മനുഷ്യാവകാശങ്ങള്‍ പാലിക്കുമോ താങ്കള്‍?

****

ഇല്‍ഹാന്‍ ഉമറിന്റെ ഈ 'വിചാരണ' വൈറലാവുക മാത്രമല്ല ചെയ്തത്. അത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കാതലായ ചില സംവാദങ്ങള്‍ക്കും സ്വയംവിചാരണക്കും തിരികൊളുത്തി. ഇല്‍ഹാന് അനുകൂലമായും അവരെ എതിര്‍ത്തും വാദമുഖങ്ങള്‍ നിരന്നു.
ഒടുവില്‍ ഇതും വ്യര്‍ഥമായിത്തീരാം. എന്നാല്‍ യു.എസ് കോണ്‍ഗ്രസിലെ പുതുക്കക്കാരി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിഷ്ഠുരതകളിലേക്ക് ചര്‍ച്ച എത്തിച്ചത് ചെറിയ കാര്യമല്ല. ജനാധിപത്യത്തിന്റെ കരുത്ത് കൂടിയാണത്. ഇത്രകാലവും പുരുഷന്മാര്‍ക്ക് കഴിയാതിരുന്ന ചങ്കൂറ്റം. ശരിയായ രാഷ്ട്രീയം.
പക്ഷേ, ഈ ആത്മവിചാരണ ഫലപ്രാപ്തിയിലെത്താന്‍ കുറേയധികം സംവാദങ്ങള്‍ ഇനിയും നടക്കേണ്ടിവരും. ട

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top