തീവ്രവാദം

സി. താഹിറ No image

നീ പറയുന്നതൊക്കെ ശരിതന്നെ, പക്ഷേ, നീ ബന്ധപ്പെടുന്നവര്‍ 'ഈ ഗ്രൂപ്പ്' ആണെന്നാണല്ലോ ഞാന്‍ അറിഞ്ഞത്. അവര്‍ തീവ്രവാദികളല്ലേ? സ്വന്തം സഹോദരന്‍ എന്നോട് ഉന്നയിച്ച ഒരു ചോദ്യമായിരുന്നു ഇത്.
ഈ ഗ്രൂപ്പിലെ ഏതെങ്കിലും വ്യക്തിത്വവുമായി നിനക്ക് പരിചയമുണ്ടോ? അവരുടേതെന്ന് പറയുന്ന ഏതെങ്കിലും പുസ്തകം ഏട്ടന്‍ വായിച്ചിട്ടുണ്ടോ? എന്നായിരുന്നു എന്റെ മറുചോദ്യം. ഇല്ല എന്നെനിക്കുറപ്പായിരുന്നു. ആര്‍ക്കാണിതിനൊക്കെ നേരം. എങ്കില്‍ പോലും പൊതുബോധത്തിന്റെ കൂടെ സഞ്ചരിക്കണം എന്ന സാമാന്യ മര്യാദ എല്ലാവരും കാട്ടുകയും ചെയ്യും.
ഇക്കണ്ട പുസ്തകങ്ങളൊക്കെ വായിച്ചു കൂട്ടിയിട്ടും എന്നില്‍ തീവ്രവാദം നിറഞ്ഞില്ല. മറിച്ച് ഭൂമുഖത്തെ സര്‍വ മനുഷ്യനും എന്റെ ഉറ്റവരും സഹോദരരും ആണെന്ന സ്‌നേഹം എന്നില്‍ നിറഞ്ഞുകൊണ്ടേയിരുന്നു. പിന്നെങ്ങനെയാണ് ബുക്കുകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നത് എന്നത് എന്റെ വലിയൊരു അന്വേഷണമായിരുന്നു.
മൗദൂദിയുടെ പുസ്തകങ്ങളൊക്കെ വായിച്ചാല്‍ തീവ്രവാദിയായി പോവും എന്ന നിലവിളിക്കിടയില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാത്ത അദ്ദേഹത്തിന്റെ പുസ്തകം പോലും തപ്പിപ്പിടിച്ചു വായിച്ചിട്ടും എനിക്കീ തീവ്രവാദം ഉണരുന്നില്ല. അതിനേക്കാളൊക്കെ ആവേശം ഖുര്‍ആന്‍ വായിക്കുമ്പോഴാണുണ്ടാവുക:
''ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്നും ഞങ്ങളെ നീ മോചിപ്പിക്കുകയും നിന്റെ വകയായി ഒരു രക്ഷാധികാരിയെയും ഒരു സഹായിയെയും ഞങ്ങള്‍ക്ക് നിശ്ചയിച്ചു തരികയും ചെയ്യേണമേ എന്നു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന മര്‍ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല'' (അന്നിസാഅ്).
ഇതിനേക്കാള്‍ വലിയ വിപ്ലവാഹ്വാനം വേറെ വേണോ? ഇതൊക്കെ വായിച്ചു തീവ്രവാദിയായ ഒരാളെ കണ്ടെത്തുക എന്നത് എന്റെ ആഗ്രഹമായിരുന്നു. ഗാന്ധിജിയെ തൊടാന്‍ കഴിഞ്ഞ ബഷീര്‍ ഉമ്മയോട് 'ഉമ്മാ ഞാന്‍ ഗാന്ധീനെ തോട്ടു' എന്നു പറഞ്ഞപോലെ ഒരു തീവ്രവാദിയെ തൊടാനുള്ള കൗതുകം. അതുകൊണ്ടുതന്നെ തീവ്രവാദം പറയുന്നു എന്നൊക്കെ തോന്നുന്നവരുമായി സംവദിച്ചു.
എവിടെ? വലിയ വായില്‍ ചില തത്ത്വങ്ങള്‍ പറയുന്നതല്ലാതെ റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വെക്കുക, പച്ച മനുഷ്യരെ കൊല്ലുക എന്ന മതത്തിന്റെ പേരിലുള്ള ഭ്രാന്ത് തലയിലേറ്റിയ ഒറ്റയെണ്ണത്തിനെ എനിക്ക് കിട്ടിയില്ല.
ഇടക്കെപ്പഴോ ദേശീയതയെ കുറിച്ച് ഉപന്യാസം രചിക്കാനുള്ള ചോദ്യത്തിന് അല്ലാഹുവിന്റെ ഭൂമിയില്‍ അതിര്‍ത്തി ഉണ്ടാക്കിയതിന്റെ പേരില്‍ അതി ദേശീയതാ വാദമുയര്‍ത്തി അതിര്‍ത്തിക്കപ്പുറത്തെല്ലാം ശത്രുക്കളാവുന്ന ദേശീയതയെ ചോദ്യം ചെയ്തതിന് പരീക്ഷയില്‍നിന്ന് ഡീബാര്‍ ചെയ്യപ്പെട്ട ഒരു സുഹൃത്തും ഉണ്ടായിരുന്നു.
അല്ലാഹുവിന്റെ ഭൂമിയില്‍ നികുതി പിരിക്കാന്‍ നിനക്കെന്തവകാശം എന്ന് ബ്രിട്ടീഷുകാരോട് ചോദിച്ച ഉമര്‍ ഖാദിമാരുടെ വിപ്ലവമൊക്കെ തീവ്രവാദത്തിന്റെ ചെലവില്‍ വരവു വെക്കുമ്പോള്‍ ഒറിജിനല്‍ തീവ്രവാദികള്‍ വേട്ടക്കാരെന്നു പറയുന്നവരുടെ അന്തഃപുരങ്ങളില്‍ അന്തിയുറങ്ങുന്നുണ്ടാവാം.
എന്തായാലും ഞാനറിഞ്ഞ, അനുഭവിച്ച മതത്തിന് അത്തരം ക്രൂരതകളുമായി ബന്ധപ്പെടുത്താവുന്ന ഒന്നും എന്റെ കാഴ്ചകളില്‍ ഉണ്ടായില്ല എന്ന് സന്തോഷപൂര്‍വം അറിയിക്കട്ടെ.
ഇസ്‌ലാം സ്വീകരിച്ച ഒരു സുഹൃത്ത്, വായനക്കും അറിവിനുമായി പലരോടും ബന്ധപ്പെടുന്നു. ഒരിക്കല്‍ അദ്ദേഹത്തെ ഒരു പരിചയക്കാരന്‍ വിളിച്ചു ആശ്വസിപ്പിച്ചു: 'അടുത്ത റിപ്പബ്ലിക് ദിനത്തിലെ ബോംബ് സ്‌ഫോടനം നടന്നേക്കും, അത് നടത്താന്‍ സാധ്യതയുള്ളവരില്‍ താങ്കളുടെ പേരും ഉണ്ട്. ഒന്ന് ശ്രദ്ധിച്ചോളൂ.' ഇന്റലിജന്‍സുമായിട്ടൊക്കെ നല്ല ബന്ധമുള്ള ആളാണ് വിളിച്ചയാള്‍. അവര്‍ക്ക് കേസും കാര്യവുമൊന്നും പുത്തരിയല്ല താനും. പക്ഷേ, സുഹൃത്ത് ശരിക്കും ഭയന്നു.
ഇന്റലിജന്‍സിന്റെ ലിസ്റ്റില്‍ പേരു വന്നാല്‍ ആകാശത്ത് അല്ലാഹുവിന്റെ ലിസ്റ്റില്‍ പേര് വന്നതും കൂടിയാണെന്നു പറഞ്ഞു വിളിച്ചയാള്‍ കുറച്ചാവേശവും കയറ്റിയതോടെ കാര്യം പിടിവിടുമോ എന്നാശങ്കയിലായി സുഹൃത്ത്.
ആരോട് എപ്പോള്‍ സംസാരിച്ചതാണ് ഇത്തരം ഗുരുതരമായ ആരോപണത്തിലേക്ക് എത്തിച്ചതെന്ന് പാവത്തിനു മനസ്സിലായതേ ഇല്ല. ഈ പേരില്‍ പിടിച്ച് അകത്തിട്ടാല്‍ അതൊക്കെ വിശ്വസിക്കാന്‍ കുറേ ആളുകള്‍ കാണുമെന്നും നഷ്ടം തന്റെ കുടുംബത്തിനു മാത്രമായിരിക്കുമെന്നും മനസ്സിലാക്കിയ കക്ഷി നാട് വിട്ടോടി എന്നതാണു സംഭവം.
തനിക്കൊന്നും വേണ്ടി സംസാരിക്കാന്‍ ആരും കാണില്ല എന്ന തിരിച്ചറിവ് കൂടി ആ ഒളിച്ചോട്ടത്തില്‍ ഉണ്ടായിരുന്നു. പല നിര്‍ണായക ഘട്ടങ്ങളിലും ഇത്തരം ആളുകള്‍ ഒറ്റപ്പെട്ടുതന്നെയാണിരിക്കുന്നത്. പിന്നീട് കണ്ടപ്പോള്‍ അദ്ദേഹം പങ്കുവെച്ച സംശയം ഇത്രയേറെ ശക്തമായ ഒരു ഇന്റലിജന്‍സ് ഉണ്ടായിരിക്കെ എങ്ങനെയാണ് നമ്മുടെ നാട്ടില്‍ തീവ്രവാദം വളരുന്നത് എന്നായിരുന്നു. വേട്ടക്കാര്‍ തന്നെയാണ് ഇതൊക്കെ വളര്‍ത്തുന്നതെങ്കില്‍ എങ്ങനെ തീവ്രവാദം തളരാനാണ് എന്നതാണ് അയാള്‍ സ്വയം കണ്ടെത്തിയ ഉത്തരം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top