ഇദ്ദ: വിധികളും വിലക്കുകളും

ഇല്‍യാസ് മൗലവി No image

മരണമോ വിവാഹമോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടിവരുമ്പോള്‍ പുനര്‍വിവാഹം നടത്താതെ ഒരു സ്ത്രീ കാത്തിരിക്കേണ്ട നിശ്ചിത കാലമാണ് ദീക്ഷാകാലം (ഇദ്ദ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരോ സ്ത്രീയും നിര്‍ബന്ധമായും ഇദ്ദഃ അനുഷ്ഠിക്കണമെന്ന് വിശുദ്ധ ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്. ബോധപൂര്‍വം ഇദ്ദ ഉപേക്ഷിച്ചാല്‍ തെറ്റുകാരിയാണ്, പാപമോചനം നടത്തല്‍ നിര്‍ബന്ധവുമാണ്.
വിധവകളുടെ സാഹചര്യം വ്യത്യാസപ്പെടുന്നതിനനുസൃതമായി ഇദ്ദയുടെ കാലയളവിലും മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. സാധാരണ നാലു മാസവും പത്തു ദിവസവുമാണ് വിധവകള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടത്.
''നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്''(ഖുര്‍ആന്‍ 2:234).
ഭര്‍ത്താവ് മരണപ്പെടുന്ന സമയത്ത് ആര്‍ത്തവാവസ്ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍ അല്ലാത്തവര്‍, ആര്‍ത്തവം നിലച്ചവര്‍, വിവാഹശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് തന്നെ ഭര്‍ത്താവ് മരണപ്പെട്ടവര്‍ എന്നിവര്‍ ഈ വിധിയുടെ പരിധിയില്‍ വരുന്നവരാണ്.
ഭര്‍ത്താവുമായി നിലവില്‍ ബന്ധമില്ലെങ്കിലും വിവാഹമോചനം നടന്നിട്ടില്ലെങ്കില്‍ വിധവയായാല്‍ നാലു മാസവും പത്തു ദിവസവും ഇദ്ദ അനുഷ്ഠിക്കേണ്ടാണ്. 
ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നതുവരെയാണ് ഇദ്ദ.  ഭര്‍ത്താവ് മരണപ്പെട്ട അടുത്ത സമയത്ത് തന്നെ അവള്‍ പ്രസവിച്ചാല്‍ ഇദ്ദ പ്രസവത്തോടെ അവസാനിക്കുന്നതാണ്. ഇത് സഅദുബ്നു ഖൗല(റ)യുടെ ഭാര്യയായിരുന്ന സുബൈഅത്തുല്‍ അസ്ലമിയ്യയുടെ സംഭവത്തില്‍നിന്ന് വ്യക്തമാണ്. 
സഅദ്(റ) മരണപ്പെട്ട് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന സുബൈഅ(റ) പ്രസവിച്ചു. അതിനുശേഷം സുബൈഅ(റ) പുനര്‍വിവാഹത്തിന് തയാറായി. നാലു മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കാത്ത കാരണത്താല്‍ ബനുദ്ദാര്‍ ഗോത്രത്തില്‍പെട്ട ബഅകകിന്റെ മകന്‍ അബൂസനാബില്‍ സുബൈഅ(റ)യെ കുറ്റപ്പെടുത്തി സംസാരിച്ചു. തദവസരത്തില്‍ സുബൈഅ(റ) നബി(സ) യുടെ അടുക്കല്‍ ചെല്ലുകയും പ്രസ്തുത വിഷയത്തിലുള്ള മതവിധി തേടുകയും ചെയ്തു. അപ്പോള്‍ നബി(സ) തന്നോട് പറഞ്ഞത് തന്റെ വാക്കിലൂടെ സുബൈഅ(റ) വ്യക്തമാക്കുന്നു: ''ഞാന്‍ പ്രസവിച്ചതോടെ എന്റെ ഇദ്ദ അവസാനിച്ചു. എന്നോട് നബി(സ) വിവാഹം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു''(ബുഖാരി).
ഒരാള്‍ വിദേശത്തോ മറ്റോ വെച്ച് മരണപ്പെടുകയും ആ വിവരം ഏറെ കാലത്തിനു ശേഷമാണ് അറിഞ്ഞതെങ്കില്‍ അത്തരം സാഹചര്യത്തില്‍ ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല. ഇദ്ദയുടെ കാലയളവ് തീരുന്നതിന് മുമ്പ് അറിയുകയാണെങ്കില്‍ അതില്‍നിന്നും അവശേഷിക്കുന്ന ദിവസം അവള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്. നഷ്ടപ്പെട്ട ദിവസങ്ങള്‍ പിന്നീട് വീണ്ടെടുക്കേണ്ടതുമില്ല.
മുലയൂട്ടല്‍, രോഗം മുതലായ കാരണങ്ങളാല്‍ താല്‍ക്കാലികമായി ആര്‍ത്തവം നിലച്ച അവസ്ഥയിലാണ് വിധവയാകുന്നതെങ്കില്‍ നാലു മാസവും പത്ത് ദിവസവും തന്നെയാണ് ഇദ്ദ. 

ഇദ്ദയും അന്ധവിശ്വാസങ്ങളും
ഇദ്ദ ഒരു ആരാധനയായതുകൊണ്ടുതന്നെ ഇസ്ലാം പഠിപ്പിക്കാത്ത ഒരു കാര്യവും ഇദ്ദയുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടുള്ളതല്ല. അത് ബിദ്അത്തായി (പുത്തനാചാരം) ഗണിക്കപ്പെടുന്നതായിരിക്കും. തല്‍ഫലമായി പ്രതിഫലത്തിനു പകരം ശിക്ഷയായിരിക്കും നല്‍കപ്പെടുക. 
ഭര്‍ത്താവിന്റെ മരണം സംഭവിക്കുന്നതോടെയാണ് വിധവയുടെ ഇദ്ദ ആരംഭിക്കുന്നത്. പലപ്പോഴും നമ്മുടെ നാടുകളില്‍ മയ്യിത്ത് വീട്ടില്‍നിന്ന് ഇറക്കിയതിനുശേഷമോ മറമാടപ്പെട്ടതിനുശേഷമോ ആണ് ഇദ്ദ തുടങ്ങാറുള്ളത്. ഇത് ശരിയായ നിലപാടല്ല.
ഇദ്ദക്കുവേണ്ടി പ്രത്യേകം കുളിക്കുന്നതും പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതായും കാണാം. ഇതൊന്നും പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടതല്ല. സാധാരണ തങ്ങളുടെ വീടുകളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ ഇദ്ദാകാലയളവില്‍ ധരിക്കാവുന്നതാണ്. എന്നാല്‍ ഭംഗിയുള്ളതും തന്റെ ശരീരഭംഗിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന വസ്ത്രമോ മറ്റു വസ്തുക്കളോ ഉപയോഗിക്കരുതെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. 
ഉമ്മുസലമ(റ)യില്‍നിന്നും നിവേദനം: നബി(സ) പറഞ്ഞു: ''ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ (ഇദ്ദയുടെ കാലയളവില്‍) മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള (ഭംഗിയുള്ള) വസ്ത്രങ്ങള്‍ അണിയുകയോ ആഭരണങ്ങള്‍ ധരിക്കുകയോ മൈലാഞ്ചി ഉപയോഗിക്കുകയോ സുറുമ ഉപയോഗിക്കുകയോ (കണ്ണെഴുതുക) ചെയ്യരുത്'' (അബൂദാവൂദ്).    
ഇദ്ദ അനുഷ്ഠിക്കേണ്ടത് ഭര്‍തൃഗൃഹങ്ങളിലാണ്. മതപരവും ശാരീരികവുമായ നിര്‍ഭയത്വം നഷ്ടപ്പെടുന്നതുവരെ ഭര്‍തൃഗൃഹം ഉപേക്ഷിച്ച് മറ്റു ഭവനങ്ങളില്‍ ഇദ്ദ അനുഷ്ഠിക്കുന്നത് ഇസ്ലാമികമായി തെറ്റാകുന്നു. 
ഫരീഅ ബിന്‍ത് മാലികി(റ)ന്റെ ഭര്‍ത്താവ് നബി(സ)യുടെ കാലത്ത് കൊല്ലപ്പെടുകയുണ്ടായി. തന്റെ സഹോദരന്മാരുടെ വീട്ടില്‍ ഇദ്ദ അനുഷ്ഠിക്കാനുള്ള അനുവാദം നബിയോട് മഹതി ചോദിച്ചു. ആദ്യം നബി(സ) അനുവാദം നല്‍കി. മഹതി തിരിച്ചുപോകുമ്പോള്‍ നബി(സ) അവരെ വിളിക്കുകയും ഇദ്ദയുടെ കാലം അവസാനിക്കുന്നതുവരെ തന്റെ (ഭര്‍ത്താവിന്റെ) വീട്ടില്‍ തന്നെ താമസിക്കാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം നാലുമാസവും പത്തുദിവസവും മഹതി അവരുടെ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ ഇദ്ദയനുഷ്ഠിക്കുകയുണ്ടായി (അബൂദാവൂദ്).
ഇദ്ദയാചരിക്കുന്ന വിധവകള്‍ അടച്ചിട്ട മുറിയില്‍ ഇരിക്കണമെന്നോ  ആരുമായും സംസാരിക്കരുതെന്നോ ഒരു കാര്യത്തിനും പുറത്തിറങ്ങരുതെന്നോ അല്ലാഹുവും റസുലും നാലു മദ്ഹബിന്റെ ഇമാമുകളും ഫുഖഹാക്കളും പഠിപ്പിച്ചിട്ടില്ല.
ഉപാധികളോടെ പുറത്തിറങ്ങാമെന്നും വ്യക്തമായ ഭാഷയിലല്ലാതെ വ്യംഗ്യമായ ഭാഷയില്‍ വിവാഹാലോചന പോലും നടത്താമെന്നുമാണ് അല്ലാഹു പഠിപ്പിക്കുന്നത്. 
''വിധവകളായ സ്ത്രീകളോട് ഇദ്ദാവേളയില്‍ നിങ്ങള്‍ വിവാഹാഭിലാഷം സൂചിപ്പിക്കുകയോ മനസ്സില്‍ മറച്ചുവെക്കുകയോ ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല. നിങ്ങളുടെ മനസ്സില്‍ തീര്‍ച്ചയായും അവരെക്കുറിച്ച് വിചാരമുണ്ടാവുമെന്ന് അല്ലാഹുവിനറിയാം. പക്ഷേ, അവരോട് രഹസ്യമായി പ്രതിജ്ഞ ചെയ്യാതിരിക്കുക. വല്ലതും സംസാരിക്കുകയാണെങ്കില്‍ മാന്യമായ രീതിയില്‍ സംസാരിക്കുക'' (അല്‍ബഖറ: 235).
സ്ത്രീയോട് നേരിട്ടുതന്നെ സൂചനാരൂപത്തില്‍ വിവാഹാലോചന നടത്താമെന്നാണ് ഖുര്‍ആന്‍ പറയുന്നത്.  ഇദ്ദയുടെ സന്ദര്‍ഭത്തില്‍ അന്യപുരുഷനെ കാണാനും സംസാരിക്കാനും പാടില്ലെന്ന ധാരണയെ ഖുര്‍ആന്‍ ഇവിടെ തകര്‍ക്കുന്നു.

ഫിഖ്ഹ് എന്തു പറയുന്നു?
ശാഫിഈ മദ്ഹബിലെ അവലംബ കൃതികളിലൊന്നായ ഫത്ഹുല്‍ മുഈനില്‍ പറയുന്നു: ''ഭര്‍ത്താവ് മരിച്ചതുമൂലമോ മൂന്ന് ത്വലാഖ് മൂലമോ ഫസ്ഖ് മൂലമോ ഇദ്ദഃ ആചരിക്കുന്നവള്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനോ നൂല്‍ വില്‍ക്കാനോ വിറക് ശേഖരിക്കാനോ അത്തരം ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ വേണ്ടി പകല്‍സമയത്ത് പുറത്തു പോവുന്നത് അനുവദനീയമാകുന്നു. കൂട്ടിന് സംസാരിക്കാനും മറ്റും കൂടെ ആരും ഇല്ലാതിരിക്കുമ്പോള്‍ തൊട്ടടുത്ത അയല്‍വാസിയുടെ വീട്ടിലേക്ക് നൂലിനോ സംസാരിക്കാനോ രാത്രിയില്‍ പോലും പുറത്തിറങ്ങാവുന്നതാണ്. പക്ഷേ, നാട്ടുനടപ്പനുസരിച്ചുളള അളവിലും തോതിലും ആയിരിക്കണമെന്ന ഉപാധിയുണ്ട്. അതുപോലെ, തിരിച്ചു വന്ന് സ്വന്തം വീട്ടില്‍ തന്നെ അന്തിയുറങ്ങേണ്ടതുമാണ്'' (ഫത്ഹുല്‍ മുഈന്‍ 4:45).
ഇതേ കാര്യം തന്നെ ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളായ തുഹ്ഫ, നിഹായ തുടങ്ങിയവയിലും കാണാം.
ഭര്‍ത്താവിന്റെ മരണത്തില്‍ ഇദ്ദയാചരിക്കുന്ന ഭാര്യമാര്‍ അടച്ചുപൂട്ടി മുറിയില്‍ ഇരിക്കണമെന്നോ, പ്രത്യേക രൂപത്തിലും വര്‍ണത്തിലുമുള്ള വസ്ത്രം ധരിക്കണമെന്നോ യാതോരു നിര്‍ദേശവും ഇസ്‌ലാം നല്‍കിയിട്ടില്ല. അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അതുപക്ഷെ  ഇദ്ദയിരിക്കുന്നവര്‍ക്ക് മാത്രമുളളതല്ല.

'ഹിദാദ്' അഥവാ ദുഃഖാചരണം
ഒന്ന്: ''ഭര്‍ത്താവിന്റെ മരണം നിമിത്തമല്ലാതെ, മൂന്ന് ദിവസത്തിലേറെ ഹിദാദ് (ദുഃഖാചരണം) സ്വീകരിക്കുന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും അനുവദനീയമല്ല. ഭര്‍ത്താവ് മരിച്ചാല്‍ അത് നാല് മാസവും പത്ത് ദിവസവും വേണം''  (ബുഖാരി: 1280, മുസ്‌ലിം: 3798).
രണ്ട്: ഒരു സ്ത്രീ തിരുദൂതരോട്   ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്റെ പുത്രിയുടെ ഭര്‍ത്താവ് മരിച്ചു. അവള്‍ക്കാണെങ്കില്‍ കണ്ണിന് അസുഖം. അവള്‍ക്ക് സുറുമയിട്ടുകൂടേ?' 'ഇല്ല' - തിരുദൂതര്‍ പറഞ്ഞു. സ്ത്രീ മൂന്നു പ്രാവശ്യം ചോദിച്ചപ്പോഴും അതു തന്നെയായിരുന്നു മറുപടി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: 'അതു നാലു മാസവും പത്തു ദിവസവുമാണ്. ജാഹിലിയ്യാ കാലത്ത് നിങ്ങള്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടിവന്നിരുന്നില്ലേ?' (ബുഖാരി: 5338, മുസ്‌ലിം: 3800). 
മൂന്ന്: 'സുഗന്ധം പുരട്ടി മുടി ചീകരുത്. മൈലാഞ്ചിയും അരുത്. കാരണം അതൊരു ചായമിടലാണ്.' ഞാന്‍ ചോദിച്ചു: 'പിന്നെന്തുപയോഗിച്ചാണ് മുടി ചീകേണ്ടത്?' അദ്ദേഹം പറഞ്ഞു: 'സിദ്ര്‍ കൊണ്ട് തലമുടി ചീകുക' (അബൂദാവൂദ്: 2305)  
നാല്: ഭര്‍ത്താവ് മരണപ്പെട്ട ഒരു സ്ത്രീയോട് തിരുദൂതര്‍ ഇപ്രകാരം പറയുകയുണ്ടായി: 'ചുവന്ന നിറമുള്ളതും ചിത്രപ്പണിയുള്ളതുമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്. മൈലാഞ്ചി അണിയരുത്. സുറുമയിടരുത്' (അബൂദാവൂദ്: 2304).
ഇവയുടെ വെളിച്ചത്തില്‍ മഹാന്മാരായ ഇമാമുകള്‍ ഭര്‍ത്താവ് മരണപ്പെട്ട ഭാര്യയുടെ ഇദ്ദയുമായി ബന്ധപ്പെട്ട  വിധികള്‍ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു:
ഒന്ന്: വീട്ടില്‍നിന്ന് ആവശ്യമില്ലാതെ പുറത്തിറങ്ങല്‍. രോഗസന്ദര്‍ശനം, മരണവീട് സന്ദര്‍ശനം, ജുമുഅക്കും ജമാഅത്തിനും കല്യാണച്ചടങ്ങുകള്‍ തുടങ്ങിയവക്കൊന്നും പുറത്തു പോകാന്‍ പാടില്ല.
രണ്ട്: വര്‍ണപ്പകിട്ടാര്‍ന്ന ഉടയാടകള്‍ വര്‍ജിക്കേണ്ടതാണ്. എന്നാല്‍ കറുപ്പോ വെളുപ്പോ തന്നെ വേണമെന്നില്ല. സൗന്ദര്യം പൊലിപ്പിച്ചുകാട്ടുന്ന വസ്ത്രമാകരുതെന്നേയുള്ളൂ.
മൂന്ന്: ആഭരണങ്ങള്‍ അണിയാന്‍ പാടില്ല.
നാല്: സുഗന്ധങ്ങളും വര്‍ജിക്കേണ്ടതാണ്. സോപ്പും ഷാംപൂവും ഉപയോഗിക്കാവുന്നതാണ്.
അഞ്ച്: സുറുമ, കണ്‍മഷി, മൈലാഞ്ചി തുടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളും വര്‍ജിക്കേണ്ടതാണ്.   

ഇദ്ദ ആചരിക്കുന്നവര്‍ക്ക് വീടുവിട്ട് വെളിയില്‍ പോകാമോ?
ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയോട് അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ താമസിക്കണം എന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. ഇദ്ദയുടെ കാലാവധി തീരുവോളം അവള്‍ വീടുവിട്ടു പോകരുത്. ഇമാം തിര്‍മിദിയുള്‍പ്പെടെയുളളവര്‍ അബൂ സഈദില്‍ ഖുദ്‌രിയുടെ സഹോദരി, ഫരീഅയില്‍നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു:  അവര്‍ തിരുദൂതരെ സമീപിച്ച് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ട വിവരം അറിയിക്കുകയും സ്വഭവനത്തിലേക്ക് തിരിച്ചുപോകാന്‍ അനുമതി ചോദിക്കുകയുമുണ്ടായി. അവരുടെ ഭര്‍ത്താവ് ഓടിപ്പോയ അടിമകളെയും തേടിപ്പുറപ്പട്ടതായിരുന്നു.
'എന്റെ ഭര്‍ത്താവ് ജീവിതച്ചെലവോ മറ്റോ എനിക്കുവേണ്ടി വിട്ടേച്ചുപോയിട്ടില്ല' - അവര്‍ ബോധിപ്പിച്ചു. പക്ഷേ, തിരുദൂതര്‍ അനുവദിച്ചില്ല. അദ്ദേഹം പറഞ്ഞു: 'ഇദ്ദയുടെ കാലാവധി എത്തുന്നതുവരെ നീ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുക.' അങ്ങനെ അവര്‍ നാലു മാസവും പത്തു ദിവസവും ഭര്‍തൃഗൃഹത്തില്‍ തന്നെ താമസിച്ചു (സ്വഹീഹുത്തിര്‍മിദി: 1204)

പുറത്തു പോകാവുന്നത് എപ്പോള്‍? 
ചികിത്സ സ്വീകരിക്കുക, അത്യാവശ്യ സാധനങ്ങള്‍ വാങ്ങുക - വാങ്ങിക്കൊടുക്കാന്‍ മറ്റാരുമില്ലെങ്കില്‍ - അധ്യാപിക, ഡോക്ടര്‍, നഴ്‌സ് തുടങ്ങിയ ജോലിക്കാരായ സ്ത്രീകള്‍ ജോലിക്ക് ഹാജരാകാന്‍ നിര്‍ബന്ധിതരാവുക തുടങ്ങിയവ ഉദാഹരണം. ആവശ്യത്തിന് പകല്‍സമയത്ത് പുറത്തുപോകാമെങ്കിലും രാത്രി വീടുവിട്ടു പോകാന്‍ പാടുളളതല്ല. 
മുജാഹിദ് റിപ്പോര്‍ട്ട് ചെയ്യുന്നു: ഉഹുദില്‍ കുറേ യോദ്ധാക്കള്‍ രക്തസാക്ഷികളായി. അവരുടെ ഭാര്യമാര്‍ തിരുദൂതരെ സമീപിച്ച് പറഞ്ഞു: 'ഞങ്ങള്‍ക്ക് രാത്രി ഏകാന്തത അനുഭവപ്പെടുന്നു. ഞങ്ങളെല്ലാവരും ഞങ്ങളില്‍ ഒരാളുടെ വീട്ടില്‍ അന്തിയുറങ്ങിക്കൊള്ളട്ടെയോ? നേരം പുലര്‍ന്നാല്‍ ഞങ്ങള്‍ വേഗം സ്വഭവനങ്ങളിലേക്ക് പോയ്‌ക്കൊള്ളാം.' തിരുദൂതര്‍ പറഞ്ഞു: 'നിങ്ങളെല്ലാവരും ഒരാളുടെ വീട്ടില്‍ വേണ്ടുവോളം സംസാരിച്ചിരുന്നുകൊള്ളുക. ഉറങ്ങാറായാല്‍ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയിക്കൊള്ളണം' (അല്‍ മുഗ്‌നി : 8/130).
രാത്രികാലത്ത് പുറത്തുപോകുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയുള്ളതിനാല്‍ നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ അത് അനുവദിക്കപ്പെട്ടിട്ടില്ല. നമസ്‌കാരത്തിനായി പള്ളിയില്‍ പോകാനോ, ഹജ്ജിനോ ഉംറക്കോ മറ്റു വല്ല കാര്യങ്ങള്‍ക്കോ വേണ്ടി യാത്രചെയ്യാനോ പാടുള്ളതല്ല. കാരണം ഹജ്ജ് നഷ്ടപ്പെട്ടു പോവുകയില്ല, ഇദ്ദാകാലം നഷ്ടപ്പെട്ടുപോകുന്നതാണ്. അത് സമയബന്ധിതമാണ്. എന്നാല്‍ വീട്ടില്‍നിന്നും അകലെ വഴിയില്‍വെച്ചാണ് മരണപ്പെടുന്നതെങ്കില്‍ ഹജ്ജ് നിര്‍വഹിച്ച് തിരിച്ചുവരാവുന്നതാണ്. 
ഇദ്ദയാചരിക്കുന്ന വിധവകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്ക് പുറത്തുപോകല്‍ അനുവദനീയമാണ്. അങ്ങനെ തന്നെ തലക്കെട്ടുള്ള  ഒരധ്യായം തന്നെ സ്വഹീഹ് മുസ്‌ലിമില്‍ കാണാം. ജാബിറി(റ)ന്റെ ഹദീസിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതി:
 'പരിപൂര്‍ണമായി വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തുപോകാം എന്നതിന് ഈ ഹദീസ് രേഖയാണ്. ഇതാണ് ഇമാം മാലിക്, സൗരി, ലൈസ്, ശാഫിഈ, അഹ്മദ് മുതലായവരുടെ അഭിപ്രായം. അതുപോലെ ഭര്‍ത്താവിന്റെ വിയോഗം മൂലം ഇദ്ദയിരിക്കുന്ന അവസരത്തിലും സ്ത്രീകള്‍ക്ക് പകല്‍വേളയില്‍ പുറത്തുപോകാമെന്ന് ഇവര്‍ പറയുന്നു. അബൂഹനീഫയും ഇവരോട് ഈ കാര്യത്തില്‍ യോജിക്കുന്നു' (ശറഹു മുസ്ലിം 5/366).
നാലു മദ്ഹബിന്റെ ഇമാമുകളും ഭര്‍ത്താവ് മരണപ്പെട്ട കാരണത്താല്‍ ഇദ്ദയിലിരിക്കുന്ന സ്ത്രീകള്‍ക്ക് പകല്‍സമയത്ത് അവളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തുപോകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം നവവി(റ) മിന്‍ഹാജില്‍ എഴുതുന്നു: 'ഭര്‍ത്താവ് മരിച്ച കാരണം ഇദ്ദയിലിരിക്കുന്ന സ്ത്രീകള്‍ക്ക് പകല്‍സമയത്ത് ഭക്ഷണം വാങ്ങാനും നൂല്‍ നൂല്‍ക്കാനും തുടങ്ങിയ കാര്യങ്ങള്‍ക്ക് പുറത്തുപോകാം' (മിന്‍ഹാജ്).

അന്യപുരുഷന്മാരുമായുള്ള സംസാരം
ഇദ്ദയും ഹിദാദും ആചരിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരോട് മര്യാദപ്രകാരം സംസാരിക്കാം. പുരുഷന്മാര്‍ക്ക് അങ്ങോട്ടുമാകാം. വിവാഹം നിഷിദ്ധമായവരും അല്ലാത്തവരുമായ വിശ്വസ്തരായ പുരുഷന്മാര്‍ക്ക് അവളെ സന്ദര്‍ശിക്കാം. തനിച്ചാവുന്ന അവസ്ഥ ഉണ്ടാവരുത്. ഇരുട്ടുമുറിയില്‍ ഏകാന്ത തടവറയിലെന്നപോലെ കഴിയണം, അമുസ്‌ലിം സ്ത്രീകളുമായി സംസാരിക്കരുത്, മറയ്ക്കു പിന്നിലായിക്കൊണ്ടല്ലാതെ പുരുഷന്മാരുമായി സംസാരിക്കരുത് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ക്ക് ഖുര്‍ആനിലോ സുന്നത്തിലോ യാതൊരടിസ്ഥാനവുമില്ല. ഇത്തരം വിധികള്‍ വിശദീകരിക്കുന്ന മദ്ഹബിന്റെ ഇമാമുകള്‍ രചിച്ച ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ഇല്ല. ഇതര മതസ്ഥരില്‍നിന്ന് പകര്‍ന്നതാവാനേ തരമുള്ളൂ. തന്നിമിത്തം ഒരു മുസ്‌ലിം നാട്ടിലും ഇതൊന്നും പരിചിതമല്ല. അവര്‍ അതൊന്നും കേട്ടിട്ടുപോലുമില്ല. 'നമ്മുടെ നിര്‍ദേശമില്ലാത്ത ഒരു കൃത്യം ഒരാള്‍ ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്' (ബുഖാരി: 2697) എന്നത്രെ തിരുമൊഴി.
ജാഹിലിയ്യാ കാലത്ത് ഇത്തരം സാഹചര്യങ്ങളില്‍ പലതരം അത്യാചാരങ്ങളും ഉണ്ടായിരുന്നു.  അക്കാലത്തെ ഇദ്ദയെക്കുറിച്ച് മഹാനായ ഇമാം ഖാളി (റ) പറയുന്നത് കാണുക. 
ജാഹിലിയ്യത്തില്‍ വിധവ ആചരിച്ചിരുന്ന ഇദ്ദ ഇപ്രകാരമാണ്. അവള്‍ ഇടുങ്ങിയ ഒരു കുടിലില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്ത്രം ധരിക്കും. സുഗന്ധമോ അലങ്കാരമുള്ള വസ്തുക്കളോ സ്പര്‍ശിക്കുകയില്ല. ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞ ശേഷം കഴുത, ആട് എന്നിവയോ പക്ഷിയോ അവളുടെ നഗ്നത സ്പര്‍ശിച്ച് ഇദ്ദ അവസാനിപ്പിക്കും. ശേഷം ആ കുടിലില്‍നിന്ന് പുറത്തു വരുമ്പോള്‍ അവള്‍ക്ക് അല്‍പം ഉണങ്ങിയ കാഷ്ഠം കൊടുക്കും. അവളത് തല ചുഴറ്റിയെറിയും. അതോടെ ഇദ്ദ അവസാനിക്കും (മിര്‍ഖാത്ത്: 5/513, ഫത്ഹുല്‍ ബാരി: 9/489). 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top