ദാഹിക്കാതെ മുന്നോട്ടുപോകാന്‍

മജീദ് കുട്ടമ്പൂര്‍ No image

പ്രളയാനന്തരം എത്തുന്ന ഈ വേനലിന്റെ മുമ്പ് തന്നെ ജലക്ഷാമത്തിനും വരള്‍ച്ചക്കും സാധ്യതയുണ്ടെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
ലോകാടിസ്ഥാനത്തില്‍ രണ്ടായിരമാണ്ടിന് ശേഷം ഏറ്റവും ചൂടേറിയ വര്‍ഷം എന്ന വിശേഷണം പേറിയാണ് ഓരോ വര്‍ഷവും കടന്നുപോകുന്നത്. ആഗോള താപനില രേഖപ്പെടുത്താന്‍ തുടങ്ങിയ 1850-ന് ശേഷം ഏറ്റവും ചൂടേറിയ നാലാമത്തെ വര്‍ഷമാണ് 2018. കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായത്തില്‍ 2019 പല കാരണങ്ങളാലും ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും ചൂടേറിയ വര്‍ഷമായിരിക്കും. കാലാവസ്ഥാ മാറ്റത്തിന്റെയും ആഗോള താപനത്തിന്റെയും മഹാദുരന്തങ്ങളിലേക്കാണ് ലോകം പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും അടിയന്തിര ശ്രദ്ധയോടെ മുന്നോട്ട് പോയിട്ടില്ലെങ്കില്‍ ഒരു ഭാഗത്ത് വരള്‍ച്ചയും കടുത്ത ചൂടും ജലദൗര്‍ലഭ്യവും മറുഭാഗത്ത് പ്രളയവും ചുഴലിക്കാറ്റുമൊക്കെ ഭൂമിയിലെ പല പ്രദേശത്തെയും പിടികൂടുമെന്നും ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് (കജഇഇ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂമുഖത്ത് ജീവന്റെ ഉദ്ഭവത്തിനും വളര്‍ച്ചക്കും നിലനില്‍പിനും അടിസ്ഥാനമായ സംസ്‌കാരവും നാഗരികതയും നനച്ചു വളര്‍ത്തിയ ജലം വറ്റിപ്പോകുന്നതും, വരള്‍ച്ചയെയും ജലദൗര്‍ലഭ്യത്തെയും അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നത് നാഗരികതകളുടെ തിരോധാനത്തിനും ജീവനാശത്തിനും ഇടവരുത്താമെന്ന വലിയ പാടം നമ്മുടെ മുമ്പിലുണ്ട്. മൂവായിരം വര്‍ഷത്തോളം ലോകത്ത് അജയ്യമായി നിലനില്‍ക്കുന്ന മായന്‍ സംസ്‌കാരം തകര്‍ന്നടിഞ്ഞതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം ആയിരം വര്‍ഷം മുമ്പ് അവര്‍ക്കനുഭവപ്പെട്ട വരള്‍ച്ചയും ജലദൗര്‍ലഭ്യവും മൂലമുണ്ടായ ക്ഷാമവും വറുതിയുമായിരുന്നുവെന്ന് ഗവേഷകന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു കാലത്ത് സോമാലിയയുടെ ചില ഭാഗങ്ങളും കേരളം പോലെ ഹരിതാഭമായിരുന്നുവെന്നും വികസനത്തിന്റെ പേരില്‍ പാടവും ചതുപ്പും നിരത്തി വനം വെട്ടി നശിപ്പിച്ച് കെട്ടിടങ്ങളും കളിസ്ഥലങ്ങളും പണിത് മുന്നോട്ട് പോയപ്പോള്‍ ദുരിതങ്ങളുടെ തലസ്ഥാനമാകുന്നതിന് കാരണമാവുകയുമായിരുന്നുവെന്നതിലെ പാഠം നമുക്ക് മുന്നിലുണ്ടാവേണ്ടതുണ്ട്.
കേരളത്തെ മുക്കിയ മഹാപ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലമാണെന്നും 2019-ല്‍ ഇവിടെ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അഭിപ്രായപ്പെട്ടിട്ടുണ്ട്.
കേരളീയര്‍ക്ക് അപരിചിതമായ സംഭവങ്ങളും പദങ്ങളുമൊക്കെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത് കാലത്ത് കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നത്. സൂര്യതാപം, സൂര്യാഘാതം, ഉഷ്ണ തരംഗം, മേഘവിസ്‌ഫോടനം എന്നിവയൊക്കെ ഉദാഹരണം. വെള്ളമെന്ന ദൈവാനുഗ്രഹം സമൃദ്ധമായി ഉപയോഗിച്ചുവന്ന കേരളീയന്‍ ഇനി അതില്ലെന്ന യാഥാര്‍ഥ്യം വേദനയോടെ തിരിച്ചറിയണം. നിലവിലുള്ള വികസന രീതികളും നിലപാടുകളുമായി നാം മുന്നോട്ട് പോകുകയാണെങ്കില്‍ 2025 ഓട് കൂടി തന്നെ കേരളം കടുത്ത ജല പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കപ്പെട്ടതാണ്. ഒരു ഭാഗത്ത് എല്ലാ അര്‍ഥത്തിലും ശുദ്ധ ജലത്തിന്റെ ലഭ്യത കുറയുംതോറും മറുഭാഗത്ത് അതിന്റെ ആവശ്യം അനുദിനം കൂടി കൊണ്ടിരിക്കുന്നു. ഒരു നൂറ്റാണ്ടിനിടെ ജനസംഖ്യ വര്‍ധിച്ചത് മൂന്ന് മടങ്ങാണെങ്കില്‍ ജലവിനിയോഗം വര്‍ധിച്ചത് ആറ് മടങ്ങാണ്.
മഹാ പ്രളയത്തിന് ശേഷം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ശരിയായിരിക്കുമോ എന്ന് സാധാരണക്കാരന്‍ വരെ ചോദിക്കാന്‍ തുടങ്ങിയിരുന്നു. കായലുകളും തണ്ണീര്‍ തടങ്ങളും പാടങ്ങളും മണ്ണിട്ട് നികത്തുകയും കുന്നിടിച്ച് നിരത്തുകയും ചെയ്യുന്നത് എങ്ങനെ ദുരന്തമാവുമെന്ന് നേര്‍ക്കുനേരെ അനുഭവിച്ചിട്ടും അവ സംരക്ഷിക്കുന്നതിനോ നമ്മുടെ വികസന ആര്‍ഭാടങ്ങള്‍ക്കോ കെട്ടിട നിര്‍മാണ രീതിക്കോ വലിയ മാറ്റമൊന്നും വരുത്താന്‍ നാം തയാറായിട്ടില്ല. പുനര്‍നിര്‍മാണ ത്വരയിലും രാഷ്ട്രീയ ലാഭനഷ്ട കണക്കുകൂട്ടലുകളിലും വീണ്ടും നടക്കുന്നത് തനിയാവര്‍ത്തനങ്ങള്‍ തന്നെയാണ്. തെറ്റായ ഭൂവിനിയോഗ ക്രമത്തിലൂടെ സംസ്ഥാനത്തെ സ്വാഭാവിക ജലസംഭരണികളെല്ലാം ഘട്ടം ഘട്ടമായി ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നത് അതേ രീതിയില്‍ തുടരുകയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന് സുഗമമായി ഒഴുകിപ്പോകാനുള്ള മാര്‍ഗം ഇല്ലാതാക്കിയതാണ് കഴിഞ്ഞ പ്രളയത്തിന് ഒരു കാരണമെങ്കില്‍ അവയ്ക്ക് ഭൂമിയില്‍ ആഴ്ന്നിറങ്ങാനും പ്രകൃതി സ്രോതസ്സുകളില്‍ സംഭരിക്കപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയതാണ് വരള്‍ച്ചക്കും ജലപ്രതിസന്ധിക്കും മുഖ്യകാരണം.
പ്രകൃതിയുടെ ജലസംഭരണികളായ തണ്ണീര്‍ തടങ്ങളുടെയും നെല്‍വയലുകളുടെയും വിസ്തൃതി കുറഞ്ഞുവരുന്നത് ഭൂഗര്‍ഭ ജലപോഷണത്തെയും ജലലഭ്യതയെയും കാര്യമായി ബാധിക്കുന്നു. 
പ്രളയാനന്തരമുണ്ടായ വരള്‍ച്ചയെക്കുറിച്ച് സി.ഡബ്ല്യു.ആര്‍.സി നടത്തിയ പഠനത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് രണ്ട് മീറ്റര്‍ വരെ താഴ്ന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മലനാട്ടിലെ ഇടനാട്ടിലെയും കിണറുകളിലും വെള്ളത്തിന്റെ അളവ് ഇങ്ങനെ കുറഞ്ഞിട്ടുണ്ട്. പ്രളയം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ സമീപ കാലത്തൊന്നും അനുഭവപ്പെടാത്തത്ര നീര്‍ത്താഴ്ച പുഴകളിലും ഇതര ജലസ്രോതസ്സുകളിലുമുണ്ടായത് വലിയ കുടിവെള്ള ക്ഷാമത്തിലേക്കും വരള്‍ച്ചയിലേക്കും വഴിവെച്ചേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
കേരളം പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂപ്രദേശമാണ്. നമ്മുടെ കാലാവസ്ഥയും മഴയും പുഴയും സ്വാസ്ഥ്യവുമെല്ലാം ഈ മലനിരകളുമായി ബന്ധപ്പെട്ടതാണ്. അത് നമ്മുടെ ജലസംഭരണി കൂടിയാണ്. 
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഗാഡിഗില്‍ വിരുദ്ധ സമരം നടന്നത്. നമ്മുടെ പശ്ചിമഘട്ട മേഖലയില്‍ അനിയന്ത്രിതമായ കൈയേറ്റങ്ങളും ഖനനവും പ്രോത്സാഹിപ്പിക്കുന്നവരെ അസ്വസ്ഥരാക്കുന്നതായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍. കേരളത്തില്‍ പിന്നീടുണ്ടായ പ്രളയത്തെ മനുഷ്യനിര്‍മിതി ദുരന്തമെന്നാണ് ഗാഡ്ഗില്‍ വിശേഷിപ്പിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവുമധികം സമരങ്ങള്‍ നടന്ന പ്രദേശങ്ങളാണ് കേരളത്തിലെ ഏറ്റവും ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ എന്നതാണ് മറ്റൊരു സത്യം. പശ്ചിമഘട്ട സംരക്ഷണത്തിനായാലും തീരപ്രദേശ സംരക്ഷണത്തിനുള്ളതായാലും വനസംരക്ഷണത്തിനുള്ളതായിരുന്നാലും ശരി സംരക്ഷണ നിയമങ്ങള്‍ പലതും നമ്മുടെ നാട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അവയൊന്നും നമ്മുടെ നാട്ടില്‍ ശരിയായി നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല അവയെ അട്ടിമറിക്കുന്ന നിലപാടാണ് അതാത് ഭരണകൂടങ്ങള്‍ ചെയ്തു വന്നിട്ടുള്ളത്. വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും വറചട്ടിയിലേക്ക് നാം തന്നെ നമ്മെ തള്ളിവിട്ടതിന്റെ വിചാരണ ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും വേണ്ടത്രയില്ല. 
പരിസ്ഥിതി കൈയേറ്റങ്ങള്‍ തടയാനും ജലസ്രോതസ്സുകളെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് 2008-ല്‍ കൊണ്ട് വന്നതാണ് നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം. പില്‍ക്കാലത്ത് ആ നിയമവും കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയില്ലെന്ന് മാത്രമല്ല ഈ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് ആ കൈയേറ്റങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുംവിധം ഭേദഗതികള്‍ കൊണ്ടുവന്നു. പൊതു ആവശ്യങ്ങള്‍ക്കെന്ന പേരില്‍ നിബന്ധനകളോടെ തണ്ണീര്‍ തടങ്ങളും വയലുകളും ചതുപ്പുകളും നികത്താമെന്ന ഒരു ഭേദഗതി ബില്‍ ഒരു ഓഡിനന്‍സിലൂടെ കൊണ്ടുവരികയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു എന്ന കാരണം പറഞ്ഞ് ഇവ ദുരുപയോഗം ചെയ്യപ്പെടുന്നു. അനധികൃതമായി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയത് പിഴയടച്ച് സാധൂകരിക്കപ്പെടുകയാണ്. മുപ്പത് വര്‍ഷത്തിനിടെ ആറു ലക്ഷം ഹെക്ടര്‍ നെല്‍വയലുകളാണ് ഇല്ലാതായത് എന്ന കൃഷി വകുപ്പിന്റെ മുന്നറിയിപ്പുകളൊന്നും ആരുമിവിടെ ഗൗരവത്തില്‍ കാണുന്നില്ല. പശ്ചിമ ഘട്ടത്തിന്റെ നെഞ്ചിടിക്കുന്ന കാര്യം പ്രളയ മാപിനിയില്‍ നിന്നുപോലും ആരും തിരിച്ചറിയുന്നില്ല. വികസനത്തെ സംബന്ധിച്ചുള്ള ശാസ്ത്രീയ സമീപനത്തിന്റെ കാര്യത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നും റോഡുകളും പാലങ്ങളും റിസോര്‍ട്ടുകളും വന്‍ കെട്ടിടങ്ങളും നിര്‍മിതികളും ഉള്‍പ്പെടുന്ന ഒരു വികസന സങ്കല്‍പം ജനങ്ങളുടെ മനസ്സില്‍ അടിച്ചേല്‍പിക്കപ്പെട്ടിട്ടുണ്ടൈന്നും ബന്ധപ്പെട്ടവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പുനര്‍ നിര്‍മാണ വികസന ത്വരയ്ക്കിടയിലും രാഷ്ട്രീയ ലക്ഷ്യങ്ങളൊക്കെ വെറും വാക്കുകളായി മാറി. പ്രളയാനന്തരം ജലാശയങ്ങളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നത്, ഭൂഗര്‍ഭ ജലവിതാനത്തിലെ താഴ്ച, കാലാവസ്ഥാ മാറ്റങ്ങല്‍ എന്നിവ പഠിക്കാനും തദടിസ്ഥാനത്തില്‍ നടപടി ക്രമങ്ങളും പരിഹാരങ്ങളും തിരുത്തലുകളും വരുത്താനുമുള്ള ശ്രമം എങ്ങുമെത്തിയില്ല. സംയോജിത ജലവിഭവ മാനേജ്‌മെന്റ്, പ്രകൃതി സൗഹൃദ ഭൂവിനിയോഗം, പ്രകൃതി സൗഹൃദ ജനകേന്ദ്രീകൃത വികസനം നൂതന സാങ്കേതി വിദ്യ ഉപയോഗിക്കല്‍ ഇവയൊന്നും സമഗ്രമായ പ്രയോഗവല്‍ക്കരണത്തില്‍ തെളിഞ്ഞു കാണുന്നില്ല. കേരളത്തിന്റെ തനതായ സാമൂഹിക പാരിസ്ഥിതിക ഭൗതിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ക്ക് ഇരയാകാനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നതോടൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട വിപത്തുകളുമായി പൊരുത്തപ്പെടുന്നതിനുള്ള കഴിവുകള്‍ പരിമിതപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കേരളത്തിന്റെ സവിശേഷമായ പാരിസ്ഥിതികതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു വികസന സമീപനം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇവിടെ അധികാരത്തിലേറുന്ന ഒരു സര്‍ക്കാറും ഭാവനാ സമ്പന്നവും സന്തുലിതവുമായ ഒരു വികസന രീതിയെക്കുറിച്ചാലോചിക്കുയോ ജല പ്രകൃതി വിഭവ സംരക്ഷണം ജനകീയാസൂത്രണം പോലെ ഒരു വലിയ ജനകീയ സംരംഭമായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് മുന്‍കൈ എടുക്കുകയോ ചെയ്തിട്ടില്ല.
ആഗോള താപനവും കാലാവസ്ഥാ മാറ്റവും ലോക വ്യാപകമായ പ്രതിഭാസങ്ങളാണ്. അതിനെ തടഞ്ഞു നിര്‍ത്താനോ ഇല്ലാതാക്കാനോ നമുക്ക് മാത്രം അസാധ്യമായ കാര്യങ്ങളാണ്. എന്നാല്‍ അവയെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള കേരളത്തിന്റെ പ്രകൃതിപരമായ ശേഷിയെ നാമെല്ലാവരും ചേര്‍ന്നില്ലാതാക്കുകയായിരുന്നു. വിദഗ്ധമായ ഒരു ജലമാനേജ്‌മെന്റ് രൂപപ്പെടുത്തിയാലേ ഇനിയെങ്കിലും ദാഹിക്കാതെ മുന്നോട്ട് പോവാനാവൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top